തിരുവട്ടൂർ കോവിലകം 12

തിരുവട്ടൂർ കോവിലകം 12
Story Name : Thiruvattoor Kovilakam Part 12
Author : വിശ്വനാഥൻ ഷൊർണ്ണൂർ

Read from beginning

തിരുമേനി തന്റെ കയ്യിലിരുന്ന വടി ആഞ്ഞ് തറയില്‍ കുത്തി ആ കുത്ത് കൊണ്ട മാത്രയിൽ അവിടെ ഒരു ജലധാര രൂപപ്പെട്ടു . അന്തരീക്ഷത്തിലേക്കുയർന്ന ആ ജലധാര അഗ്നിഗോളത്തേ ഞൊടിയിടൊണ്ട് കെടുത്തിക്കളഞ്ഞു.

തന്റെ നേരേക്ക് കുതിച്ചു ചാടാൻ ഒരുങ്ങി നിൽക്കുന്ന കറുത്ത നായക്ക് നേരെ ഊന്നു വടി ഉയര്‍ത്തി മന്ത്രം ജപിച്ചതും അതില്‍ കൊത്തിയ പുലിമുഖത്തിന്റെ കണ്ണുകളുടെ സ്ഥാനത്ത് പതിച്ച രത്നങ്ങളിൽ നിന്നും അഗ്നിച്ചീളുകൾ കറുത്ത നായയുടെ മുഖത്തേക്ക് പതിച്ചു അധികം പിടിച്ചു നിൽക്കാൻ കഴിയാതെ ആ കറുത്ത നായ അപ്രത്യക്ഷമായി .

ഇത് കണ്ട അവളുടെ കണ്ണുകള്‍ കോപം കൊണ്ട് ജ്വലിച്ചു. അവളെ നോക്കി മന്ദഹസിച്ചു കൊണ്ട് മുന്നോട്ടാഞ്ഞ് തിരമേനി ഗെയ്റ്റിൽ കൈവെച്ചതും അവള്‍ ആ ഗെയിറ്റിനുനേരേ കൈയുർത്തി ഉടനെ അത് ചുട്ടു പഴുത്ത ഇരുമ്പായി മാറി . പെട്ടന്നുള്ള ആ മാറ്റത്തിൽ തിരുമേനി അറിയാതെ കൈ പുറകോട്ട് വലിച്ചു . തിരുമേനിയുടെ ഞെട്ടൽ കണ്ടതും അവൾ ഉറക്കെ ചിരിച്ചു .

സമചിത്തത കൈവരിച്ച തിരുമേനി ആ മാന്ത്രിക വടി കൊണ്ട് ഗെയ്റ്റിൽ ഒന്ന് തൊട്ടതും ഗെയ്റ്റ് താനേ രണ്ട് വശത്തേക്കായി തുറന്നു .
തുറന്ന ഗെയ്റ്റിലൂടെ വീശിയടിക്കുന്ന കാറ്റിനെ പ്രതിരോധിച്ചും മുഖത്തേക്ക് പാറി വരുന്ന കരിയിലകളെ കൈകൊണ്ട് തടഞ്ഞു ഉച്ചത്തില്‍ മന്ത്രങ്ങളുരുവിട്ട് തിരുമേനി അവളുടെ അടുത്ത് എത്തി.

തിരുമേനി അടുത്തെത്തിയതും കിതച്ചും മൂളിയും തലവെട്ടിച്ചും അവള്‍ തിരുമേനിയേ നോക്കി അവളുടെ വെള്ളാരം കണ്ണുകള്‍ വജ്രങ്ങൾ പോലെ തിളങ്ങി . മുടിയിഴകൾ കാറ്റില്‍ കിടന്ന് പാറി കളിച്ചു . അവള്‍ ദേഷ്യം സഹിക്കാൻ കഴിയാതെ കാല് കൊണ്ട് ഭൂമിയില്‍ അമർത്തി ചവിട്ടി ഒരോ ചവിട്ടിലും ആകാശത്തു നിന്നാണോ ഭൂമിയില്‍ നിന്നാണോ എന്നറിയാത്ത തരത്തില്‍ ഇടി മുഴങ്ങി കൊണ്ടിരുന്നു .
കാറ്റിന്റെ ശക്തിയില്‍ കോവിലകത്തിന്റെ ഓടുകൾ ഇപ്പോള്‍ പറന്നു പോകും എന്ന് തോന്നിച്ചു.

അവളുടെ അടുത്തെത്തിയ തിരുമേനി ഉറക്കെ അവളോട് ചോദിച്ചു .

“തീർന്നില്ലേ നിന്റെ പക?

തലവെട്ടിച്ചു കൊണ്ട് അവൾ കനത്ത ശബ്ദത്തില്‍ പറഞ്ഞു

“ഇല്ലാ , ഈ കോവിലകം നശിക്കണം ”

” അതിനു ഇവരും ഈ കോവിലകവുമായി എന്ത് ബന്ധം ”

തിരുമേനിയുടെ ചോദ്യം കേട്ടതും അവള്‍ പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു .

“നോക്ക് , എന്റെ മുഖത്തേക്ക് നോക്ക്
ഉമയേ കാണുന്നില്ലേ നീ”

“അങ്ങോട്ട് നോക്ക് എന്റെ ദത്തനല്ലേ അത്”

“ഇനി പറ എന്റെ ദത്തനെ വിട്ട് ഞാന്‍ എങ്ങോട്ട് പോകാനാണ്”

“വിഢിത്വം പറയാതെ അത് ദത്തനല്ല”

“ഹും ….. എന്നെ പറ്റിക്കാൻ നോകണ്ടാ. സ്നേഹിച്ചു കൊതി തീരും മുന്നേ എന്നില്‍ നിന്നും തട്ടിയെടുത്തതല്ലേ”

” ആര് തട്ടിയെടുത്തു , നീ സ്വയം നശിപ്പിച്ചതല്ലേ”

“ദേ കണ്ടോ ഇന്നും അവളുടെ കല്ലറ തേടി പോയിരിക്കുന്നു ”

“നിനക്ക് തെറ്റ് പറ്റി അത് ദത്തനല്ല ഇത് ഉമയുമല്ലാ!

“അവരെ ശല്യം ചെയ്യാതെ ഒഴിഞ്ഞു പോകുന്നതാ നിനക്ക് നല്ലത്. അല്ലെങ്കില്‍ അറിയാലോ എന്നെ”

പെട്ടെന്ന് അവളുടെ ഭാവം മാറി

“അരുത് എന്നെ പറഞ്ഞയക്കരുത് അവന്തികയായി എനിക്ക് എന്റെ ദത്തനെ സ്നേഹിക്കണം”

“ഇല്ല നീ ഈ ശരീരം വിട്ടു പോയേ മതിയാകൂ. ഹും……..ഒഴിഞ്ഞു പോകാന്‍ ”
തിരുമേനിയുടെ ഘനമുള്ള ശബ്ദം മുഴങ്ങിയപ്പോൾ അവള്‍ പ്രത്യേക ശബ്ദത്തില്‍ മുരണ്ടുക്കൊണ്ട് പറഞ്ഞു .

“ശരി ഞാന്‍ പോകുന്നു , പക്ഷേ ഞാന്‍ വരും എന്റെ ദത്തനയും കൊണ്ടേ പോകൂ”

അവന്തികയുടെ ശരീരത്തില്‍ നിന്നും ഒരു ചുഴലിക്കാറ്റ് രൂപം കൊണ്ടു ആ കാറ്റ് തെക്കേ തൊടിയിലേ പാലമരത്തിലേക്ക് പോകുന്ന പോലെ തോന്നി .

പോകുന്ന വഴിയിലുള്ള മരങ്ങളുടെ ശിഖരങ്ങൾ തകര്‍ന്നു വീണു . അന്തരീക്ഷം ശാന്തമായി .
തളർന്നു വീഴാന്‍ തുടങ്ങിയ അവന്തികയേ തിരുമേനി താങ്ങി .

സ്വന്തം കണ്ണുകളേ വിശ്വസിക്കാനാകാതെ പൂമുഖത്ത് ഭയചിക്തരായിരുന്ന മേനോനേയും ശ്യാമിനേയും നോക്കി തിരുമേനി കൈകൊണ്ട് മാടിവിളിച്ചു .

ഓടി അടുത്തെത്തിയ ശ്യാമിനെ കണ്ട തിരുമേനി ഒന്ന് ഞെട്ടി .

“അങ്ങോട്ട് കിടത്തിക്കോളൂ ,ഇവിടെ കണ്ടതൊന്നും കുട്ടിയോട് പറയണ്ട”

“ഉവ്വ്”

ശ്യാം അവന്തികയേ കൈകളില്‍ കോരിയെടുത്ത് ആട്ടു കട്ടിലില്‍ കിടത്തി .

തിരുമേനി കാറിന്റെ നേരെ കൈയുർത്തി പരികർമിയേ വിളിച്ചു .
തിരുമേനിയും അവരുടെ കൂടെ പൂമുഖത്തേക്ക് കയറി .

തിരുമേനി അവന്തികയുടെ നെറ്റിത്തടത്തിൽ കൈകവെച്ചതും ഉറക്കത്തില്‍ നിന്നെന്നപോലെ അവള്‍ ഞെട്ടി എഴുന്നേറ്റു .

“എനിക്കെന്താ പറ്റിയത് ശ്യാമേട്ടാ”

അവള്‍ ശ്യാമിനോട് ചോദിച്ചു

“ഒന്നും പറ്റിയില്ല നീ ഈ ആട്ടു കട്ടിലില്‍ കിടന്ന് സുഖായി ഒന്ന് ഉറങ്ങി ”

ശ്യാം മറുപടി പറഞ്ഞു

“ഇതാരാ?

മുത്തേടം തിരുമേനിയേ ചൂണ്ടി അവള്‍ ചോദിച്ചു .

“ഇവിടത്തെ പ്രശ്നങ്ങള്‍ തീർക്കാൻ വന്ന തിരുമേനിയാ”

മേനോനാണ് മറുപടി പറഞ്ഞത്

“കുട്ടി അകത്തേക്ക് പൊയ്ക്കോളൂ”

തിരുമേനി അവളോട് പറഞ്ഞു

“ചെല്ല് , നീ അകത്ത് പോയി കിടന്നോ”

ശ്യാം അവളെ അകത്തേക്ക് വിട്ടു

മേനോന്‍ ഭവ്യതയോടെ തിരുമേനിയോട് ചോദിച്ചു

“എന്താ തിരുമേനി ഒന്നും മനസ്സിലായില്ല , എന്താണ് ഇവിടെ സംഭവിക്കുന്നത് ”

തിരുമേനി മേനോനെ നോക്കി ഒന്നു പുഞ്ചിരിച്ചു എന്നിട്ട് പറഞ്ഞു

“നോം പറയാം ….. അതൊരു കഥയാണ് ”
“ഉമ തമ്പുരാട്ടിയുടേയും ദേവ ദത്തന്റേയും കഥ”

തിരുമേനി പറയുന്ന കഥകേൾക്കാൻ ശ്യാം സുന്ദറും കൃഷ്ണന്‍ മേനോനും ചെവിയോർത്തിരുന്നു.

പരികർമി കൊണ്ട് വന്ന വെറ്റില ചെല്ലത്തിൽ നിന്നും എടുത്ത വെറ്റിലയിൽ ചുണ്ണാമ്പു തേച്ചു കൊണ്ട് തിരുമേനി പറഞ്ഞു തുടങ്ങി…..!

(തുടരും………)