ശവക്കല്ലറയിലെ കൊലയാളി 13

ശവക്കല്ലറയിലെ കൊലയാളി 13
Story : Shavakkallarayile Kolayaali 13 Author : വിശ്വനാഥൻ ഷൊർണ്ണൂർ | Previous Parts

ഫാദർ ഗ്രിഗോറിയോസ് ഗെയ്റ്റിനടുത്തെത്തിയതും ശക്തമായ ഒരു മിന്നൽപ്പിണർ ഗെയ്റ്റിൽ വന്നുപതിച്ചു ആ ഗെയ്റ്റിന്റെ സ്ഥാനത്ത് ഒരു കൂറ്റന്‍മതിൽ ഉയര്‍ന്നു വന്നു .

പുഞ്ചിരിച്ചു കൊണ്ട് ഫാദർ ക്രൂശിതരൂപം കൊത്തിയ തന്റെ ഊന്നു വടി ഉയർന്നുവന്ന മതിലില്‍ തട്ടിയതും മതില്‍ അപ്രത്യക്ഷമായി . താന്‍ കാണുന്നത് സ്വപ്നമാണോ എന്നറിയാന്‍ എസ് ഐ ജോണ്‍ സക്കറിയ തന്റെ കവിളുകളിൽ പതിയെ മൃദുവായി അടിച്ചു നോക്കി .

ഫാദർ തിരിഞ്ഞ് ജോണിനെ കൈകാട്ടി അടുത്തേക്ക് വിളിച്ചു . ജോണ്‍ പേടിയോടെയാണ് ഫാദറിനടുത്തേക്ക് ചെന്നത്.
ഫാദര്‍ തന്റെ കയ്യിലെ പഞ്ചലോഹ കുരിശ് ജോണിന് നേരെ നീട്ടിയതിന് ശേഷം ജോണിനോട് പറഞ്ഞു…

“ഇത് കയ്യില്‍ വെച്ചോളൂ , പ്രതിബന്ധങ്ങൾ ഒരുപാട് കാണും,ഭയപ്പെടരുത് . നമ്മുടെ വരവ് ആത്മാവ് അറിഞ്ഞിരിക്കുന്നു. എന്ത് സംഭവിച്ചാലും ഈ രൂപം കൈവിടരുത്.”

ജോണ്‍ സക്കറിയ ആ പഞ്ചലോഹ നിർമ്മിതമായ ക്രൂശിതരൂപം വാങ്ങി തന്റെ വലതുകയ്യില്‍ മുറുകെപ്പിടിച്ചു .

വരൂ എന്ന് പറഞ്ഞ് ഫാദർ മുന്നേ നടന്നു . പേടിച്ച് പേടിച്ച് ജോണ്‍ സക്കറിയ പിറകേയും .

ഫാദർ ഗെയ്റ്റ് അകത്തേക്ക് തള്ളിയതും ഞെരക്കത്തോടെ അവ രണ്ട് ഭാഗത്തേക്കായി മാറി . ഫാദർ തന്റെ വലതു കാൽ പള്ളിയുടെ മുറ്റത്തേക്ക് വെച്ചതും ഭയാനകമായ ശബ്ദത്തില്‍ ഒരിടി ഭൂമിയില്‍ ഇറങ്ങി വെട്ടി .

ഫാദർ ഗ്രിഗോറിയോസിന്റെ മുന്നില്‍ ഭൂമി വിണ്ട്മാറി ഒരു കിടങ്ങ് രൂപംകൊണ്ടു . അതില്‍നിന്നും ശക്തിയായി അഗ്നി ജ്വാലകൾ പുറത്തേക്ക് പ്രവഹിച്ചുകൊണ്ടിരുന്നു .

ഒരു നിമിഷം ഫാദർ തന്റെ കാല്‍ പിൻവലിച്ചു .
പുരികങ്ങൾ പിടഞ്ഞുണർന്നു. നെറ്റിയിലെ ഞെരമ്പുകൾ തടിച്ചുവീർത്തു . കണ്ണുകള്‍ തീക്ഷണതയോടെ തിളങ്ങി . കയ്യിലെ വിരലുകള്‍ കൊന്തമണികളിൽ ഓടി നടന്നു . കണ്ണുകളടച്ച് ഫാദർ ധ്യാനനിരതനായി . ഉന്നുവടി ആകാശത്തേക്കുയർത്തി തിരുവചനങ്ങൾ ഉരുവിട്ട ശേഷം ഉന്നുവടി ശക്തമായി ഭൂമിയില്‍ അടിച്ചു. പെട്ടെന്ന് ഭൂമി പൂർവസ്ഥിതിയിലേക്ക് മടങ്ങി .

ഫാദർ ഗ്രിഗോറിയോസ് സെമിത്തേരിയിലേക്ക് പ്രവേശിച്ചു അപ്പോഴും പ്രകൃതിയുടെ ക്ഷോഭം മാറ്റമില്ലാതെ തുടർന്നു കൊണ്ടിരുന്നു . ഫാദറിന്റെ പിറകിലായി പേടിച്ചരണ്ട് വന്നിരുന്ന ജോണ്‍ സക്കറിയ ഫാദറിന് ഡോക്ടര്‍ നാൻസി വട്ടേകാടൻ മരിച്ചു കിടന്നിരുന്ന ശവക്കല്ലറ ചൂണ്ടി കാണിച്ചു കൊടുത്തു .

ഫാദർ കല്ലറ ലക്ഷ്യമാക്കി നടന്നു ജോണ്‍ സക്കറിയ പേടികാരണം അവിടെത്തന്നെ നിന്നു .

ഫാദർ തന്റെ ഊന്നുവടി മുന്നോട്ട് നീട്ടി ഉയര്‍ത്തിപ്പിടിച്ചാണ് നടന്നിരുന്നത് . ഫാദറിന്റെ മുന്നില്‍ വഴി മുടക്കാനെന്നോണം കരി നാഗങ്ങൾ ഫണം ഉയര്‍ത്തി ശീൽക്കാരം മുഴക്കി നിന്നു . ഊന്നുവടിയിലെ ക്രൂശിത രൂപത്തില്‍ നിന്നും പുറത്തേക്ക് വമിച്ച ദിവ്യശക്തിയില്‍ അവ തലതാഴ്ത്തി എങ്ങോട്ടോ ഇഴഞ്ഞു പോയി.

ഫാദർ ഗ്രിഗോറിയോസ് ശവക്കല്ലറയുടെ അടുത്തേക്കെത്തിയതും ഒരു വലിയമൂങ്ങ മൂളിക്കൊണ്ട് അവിടെ നിന്നും പറന്നകന്നു.
പെട്ടെന്ന് ഒരിടിമുഴക്കത്തോടെ ആ കല്ലറയുടെ മുകളിലെ പാളി രണ്ടായി പിളർന്നു . ആ പിളർപ്പിലൂടെ ചോരയൊലിക്കുന്ന കൂർത്ത നീണ്ട നഖങ്ങളുള്ള ചതഞ്ഞരഞ്ഞ ഒരു കൈ പുറത്തേക്ക് വന്ന് പെട്ടെന്ന് അപ്രതീക്ഷിതമായി .

ഫാദർ ഗ്രിഗോറിയോസ് കല്ലറയിലേക്കൊന്ന് സൂക്ഷിച്ച് നോക്കി . കല്ലറയിൽ നിന്നും എട്ടു ദിക്കുകളും നടുങ്ങുമാറുറക്കെ പൊട്ടിച്ചിരികൾ ഉയർന്നു. ഫാദർ തന്റെ ഊന്ന് വടി കൊണ്ട് പതിയെ കല്ലറയിൽ ഒന്ന്തൊട്ടതും അകത്ത്നിന്നും കേട്ട പൊട്ടിച്ചിരിയുടെ ശബ്ദം നിലച്ചു. പ്രകൃതി പൂർവ്വ സ്ഥിതിയിലേക്ക് മടങ്ങി . സൂര്യന്‍ ഉച്ഛസ്ഥായിയിൽ നിന്ന് ജ്വലിച്ചു. ജോണിൽ നിന്നും ഒരു നിശ്വാസം ഉയര്‍ന്നു .

തിരികെ ജോണിനടുത്തെത്തിയ ഫാദർ അയാളോട് പറഞ്ഞു .

“നമുക്ക് പള്ളിവികാരിയേ കൂടി കണ്ടിട്ട് മടങ്ങാം ഇവിടെ കണ്ട മായക്കാഴ്ചകളൊന്നും അദ്ദേഹം അറിയണ്ട”

ഫാദർ ഗ്രിഗോറിയോസ് സ്റ്റെപ്പുകൾ കയറി മുകളിലെത്തി . സെന്റ് ആന്റണീസ് പുണ്യാളന്റെ പ്രതിമയ്ക്ക് മുന്നില്‍ അല്പസമയം കണ്ണുകള്‍ അടച്ച്നിന്നു . ശേഷം ഫാദർ റൊസാരിയോയുടെ മുറിയിലേക്ക് നടന്നു .

ഫാദർ റൊസാരിയോ പുറത്ത് നടന്ന സംഭവങ്ങള്‍ ഒന്നും അറിയാതെ തന്റെ മുറിയില്‍ അപ്പോഴും വായനയിൽ മുഴുകിയിരിക്കുകയായിരുന്നു.

ഡോറിൽ ആരോ തട്ടുന്നത് കേട്ട് വായിച്ചു കൊണ്ടിരുന്ന പുസ്തകം മടക്കി ഫാദർ റൊസാരിയോ വാതില്‍ തുറന്നു . തന്റെ മുന്നില്‍ നിൽക്കുന്ന ഫാദർ ഗ്രിഗോറിയോസിനെ കണ്ടതും അദ്ദേഹം ഒന്ന് ഞെട്ടി .

“ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ… “

“ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ…”

ഫാദർ ഗ്രിഗോറിയോസ് പ്രതിവന്ദനം ചെയ്തു .

“വരൂ ഫാദര്‍ , പതിവില്ലാതെ എന്താണ് ഈ വഴി ?”

“വെറുതെ ഇതുവഴി ഒന്ന് വരണമെന്ന് തോന്നി “

എസ് ഐ ജോണിനെ നോക്കി ഫാദർ റൊസാരിയോ ചോദിച്ചു .

“ആ മരണത്തേപ്പറ്റി വല്ല വിവരവും കിട്ടിയോ?”

എസ് ഐ ജോണ്‍ ആരാണ് മരിച്ചത് എന്ന്
ഫാദര്‍ റൊസാരിയയോട് പറഞ്ഞു കൊടുത്തു .

ഈ സമയം ഫാദര്‍ ഗ്രിഗോറിയോസ് ചോദിച്ചു,

“ഫാദർ ആ ശവക്കല്ലറ ആരുടേതാണെന്നറിയുമോ ?”

“ഇല്ല ഫാദര്‍ , ഞാന്‍ ഇവിടെ ചാർജെടുത്തിട്ട് അധികം ആയിട്ടില്ല . എന്താണ് ഫാദർ കാര്യം? “

“ഒന്നൂല്ല ഫാദർ, വെറുതെ അറിയാന്‍ വേണ്ടി ചോദിച്ചതാ… “

അല്പസമയത്തിന് ശേഷം എസ് ഐ ജോണും ഫാദർ ഗ്രിഗോറിയോസും രാജകുമാരി കുന്നിറങ്ങി പോലീസ് സ്റ്റേഷനില്‍ എത്തി .

സ്റ്റേഷനില്‍ എത്തിയ ഫാദർ ഗ്രിഗോറിയോസ് പറഞ്ഞ കാര്യങ്ങള്‍ കേട്ട് എസ് ഐ ജോണ്‍ സക്കറിയ ഞെട്ടിത്തരിച്ചിരുന്നു പോയി ….!!!!

(തുടരും…….)