ബാലന്റെ ഗ്രാമം

ബാലന്റെ ഗ്രാമം
BALANTE GRAMAM MALAYALAM STORY BY SUNIL THARAKAN

“ഉണ്ണീ …ഉണ്ണീ … ഈ കുട്ടി ഇതെവിടെപ്പോയി ആവോ ?”

മുത്തശ്ശിയുടെ പരിഭ്രമം നിറഞ്ഞ ശബ്ദം കാതുകളിൽ വീണ്ടും പതിക്കുന്നത് പോലെ ബാലന് തോന്നി .

“ഞാനിവിടുണ്ട് മുത്തശ്ശി….. ഞാനീ മുരിങ്ങയുടെ ചുവട്ടിൽ നിന്നും പൊഴിഞ്ഞുവീണ പൂക്കൾ പെറുക്കിയെടുക്കുകയാ.” തന്നെ ഒരു നിമിഷം കണ്ടില്ലെങ്കിൽ പോലും പരിഭ്രമവും അന്വേഷണത്വരയും നിറഞ്ഞ ഈ ശബ്ദം വർഷങ്ങളത്രയും തന്നെ നിഴൽ പോലെ പിന്തുടരുന്നുണ്ടായിരുന്നു എന്ന് ബാലൻ അത്ഭുതത്തോടെ ഓർത്തു.

തട്ടിന്‍പുറത്തു പണ്ടെങ്ങോ ഉപേക്ഷിക്കപ്പെട്ടുപോയ മുത്തശ്ശന്റെ ചാരുകസേര യാദൃശ്ചികമായാണ് ഇന്നലെ കണ്ടെത്തിയത്. തട്ടിൻപുറത്തെ എലികളുടെ വിളയാട്ടത്തെക്കുറിച്ച് സുമ പരാതി പറഞ്ഞപ്പോൾ ഒന്ന് കയറി നോക്കാമെന്ന് കരുതി. ഉപയോഗമില്ലാത്ത പഴയ വസ്തുക്കളുടെ കൂട്ടത്തിൽ മാറാലയും പൊടിയും പിടിച്ചുകിടന്ന ചാരുകസേര ദൃഷ്ടിയിൽ പെട്ടപ്പോൾ താഴേക്കെടുക്കുകയായിരുന്നു.

മുത്തശ്ശൻ ഇടയ്ക്കിടെ ചെയ്തിരുന്നത് പോലെ തെരകത്തിന്റെ അരമുള്ള ഇല പറിച്ചെടുത്തു വൃത്തിയായി ഉരച്ചു കഴുകി മാറാലകളും പൊടിയും നീക്കി. വീട്ടിൽ നിന്നും ഏറെ അകലെയല്ലാത്ത അച്ചുവേട്ടന്റെ തുണിക്കടയിൽ നിന്നും വിവിധ നിറത്തിലുള്ള നീണ്ട വരകളുള്ള കസേരത്തുണി വാങ്ങി രണ്ടറ്റവും കഴകൾ കയറത്തക്ക വലുപ്പത്തിൽ മടക്കി തയ്പ്പിച്ചു.

പറമ്പിന്റെ കിഴക്കേ മൂലയിൽ കാലം നല്കിയ വാർധക്യത്തിലും തളരാതെ നിൽക്കുന്ന കാപ്പി മരത്തിന്റെ മൂപ്പുള്ള തണ്ടിൽ നിന്നും കഴകൾക്കുള്ള കമ്പുകൾ വെട്ടിയെടുത്തു. പുതിയ തുണിയുടെ പകിട്ടിലും പഴമയുടെ ആഢ്യത്തം വിടാത്ത മുത്തശ്ശന്റെ കസേരയിൽ മുറ്റത്ത് വീടിന്റെ നിഴലിൽ ഇളം കാറ്റേറ്റിരിക്കുമ്പോൾ ബാലൻ വീണ്ടും മുത്തശ്ശിയുടെ ഉണ്ണി ആവുകയായിരുന്നു. തന്നെ തേടിയുള്ള മുത്തശ്ശിയുടെ ഓരോ വിളികൾക്കും മൂകസാക്ഷിയായിരുന്ന വൃദ്ധനായ മുരിങ്ങയുടെ ചില്ലകളിൽ നിന്നും പൊഴിഞ്ഞു വീഴുന്ന വെളുത്ത പൂക്കൾ നോക്കിയിരിക്കുമ്പോൾ സ്മൃതികളിൽ നിറയുന്നത് തേങ്ങ ചിരകിയിട്ടുണ്ടാക്കുന്ന മുത്തശ്ശിയുടെ മുരിങ്ങപ്പൂ തോരന്റെ ഗ്രാമീണ രുചിയായിരുന്നു. കാലം തുടച്ചു നീക്കിയ ഗ്രാമത്തിന്റെ രുചി !.

***************************** **********************************************

കൈതച്ചെടികൾ അതിരുകൾ തീർത്ത കോതത്തോടിന്റെ തെളിനീർ വെള്ളത്തിൽ മത്സ്യങ്ങൾക്കൊപ്പം ഉണ്ണിയും നീന്തി. വെള്ളി നിറത്തിൽ നീല വരകളുള്ള കണിയാട്ടി മത്സ്യങ്ങളും, നെറ്റിയിൽ വെളുത്ത പൊട്ടുകളുള്ള നെറ്റിപ്പൊട്ടനും, ഓറഞ്ച് നിറത്തോടുകൂടിയ വാൽച്ചിറകുകളുള്ള കുറുവ മത്സ്യങ്ങളും ഉണ്ണിക്കൊപ്പം മത്സരിച്ചു നീന്തി. ഇടയ്ക്കിടെ അവ ഉണ്ണിയുടെ നഗ്നമായ കുഞ്ഞുമേനിയിൽ ഇരകൾ തേടി അവനെ ഇക്കിളിപ്പെടുത്തി .

അരക്കൊപ്പം മാത്രമുള്ള വെള്ളത്തിൽ നീന്തലെന്നു പേർ വിളിക്കാൻ കഴിയാത്ത പരാക്രമത്തിൽ ആവശ്യത്തിലധികം വെള്ളം പല തവണകളായി ഉണ്ണി അകത്താക്കുമ്പോൾ, ഉപ്പൻ കാക്കയുടെ കണ്ണുകൾ പോലെ ചുവന്ന കണ്ണുകൾ നോക്കി മുത്തശ്ശി പറയും ,

“ഉണ്ണി, മതി…മതി വെള്ളത്തിൽ കളിച്ചത്. കരക്ക് കയറ്. പനിപിടിക്കും.”

തവിട്ടുനിറമുള്ള കവലപ്പാറയുടെ മിനുസമുള്ള വിശാലതയിൽ തുണിയലക്കുന്ന മുത്തശ്ശിയുടെയും അയൽക്കാരി പെണ്ണുങ്ങളുടെയും വസ്ത്രങ്ങളിൽ നിന്നും ഉതിരുന്ന കാരം കലർന്ന അഴുക്കുവെള്ളത്തിൽ മത്സ്യങ്ങൾ പുളഞ്ഞു മറിയുമ്പോൾ കൊഞ്ചലോടെ ഉണ്ണി പറയും,

“ഇത്തിരി നേരം കൂടി മുത്തശ്ശി,എൻറെ പൊന്നു മുത്തശ്ശിയല്ലേ”.

എങ്ങനെ ദേഷ്യപ്പെടും? പകരം മുത്തശ്ശി സ്വയം പറയും, “ഈശ്വരാ, ഈ കുട്ടി തെല്ലും അനുസരിക്കാൻ കൂട്ടാക്കുന്നില്ലല്ലോ.”

പതംപറച്ചിലിനൊപ്പം വീണ്ടും തുടരുന്ന അലക്ക് കുറച്ചു നേരം കൂടി വെള്ളത്തിൽ തുടരുന്നതിനുള്ള മൗനാനുവാദമാണ്. മുത്തശ്ശിയെ സമ്മതിപ്പിക്കാൻ എളുപ്പമാണെന്ന് ഉണ്ണിക്കു നന്നായറിയാം. മാത്രമല്ല, ഈ നാടകം തോട്ടിൽ കുളിക്കാൻ പോകുമ്പോഴെല്ലാം പതിവാണ് താനും.

ഉണ്ണിയുടെ മുത്തശ്ശി സരസ്വതിയമ്മയുടെ കൂടെ തുണിയലക്കുന്ന പെണ്ണുങ്ങളും അവനെ വാത്സല്യത്തോടെ ഉണ്ണി എന്ന് തന്നെയാണ് വിളിച്ചിരുന്നത്. അലക്കിന്റെയും തിരുമ്മലിന്റെയും ഇടയിൽ അവർ മുത്തശ്ശിയോടു ചോദിക്കുന്നത് അവൻ കേട്ടിട്ടുണ്ട്,

“സരസ്വതിയമ്മേ.. ഈ കുട്ടി ഇപ്പോഴും അച്ഛനെയും അമ്മയെയും ഓർക്കുന്നുണ്ടോ?

ഇതിപ്പോ എത്ര വർഷമായി?.”

ചോദ്യങ്ങൾക്കൊപ്പം ഒരു ആത്മഗതവും അകമ്പടിയായിട്ടുണ്ടായിരിക്കും.

“പാവം കുട്ടി.”

നീണ്ട നെടുവീർപ്പിനും അൽപനേരത്തെ മൗനത്തിനും ശേഷം മുത്തശ്ശി ഉണ്ണിയെ വിഷാദത്തോടെ ഒന്ന് നോക്കും. പിന്നെ തന്നോടെന്നപോലെ തന്നെ പറയും,

“ങാഹ്…! എല്ലാം ഈശ്വരനിശ്ചയം. വരുന്ന കർക്കിടകത്തിൽ അഞ്ച് വർഷം തികയും”. ആദ്യമൊന്നും ആ നോട്ടത്തിന്റെ അർത്ഥവും വിഷാദമായ മുഖഭാവത്തിന്റെ കാരണവും ഉണ്ണിക്ക് മനസ്സിലായിരുന്നില്ല. മുതിർന്നപ്പോൾ എല്ലാം മനസ്സിലായി.

നിറയുന്ന മിഴികൾ മറ്റുള്ളവരിൽ നിന്നും മറയ്ക്കാൻ മുഖത്ത് വെള്ളം കോരിയൊഴിക്കുന്ന മുത്തശ്ശിയുടെ രൂപം ഇന്നും ബാലന്റെ മനസ്സിൽ നിറം മങ്ങാത്ത ചിത്രമാണ്.

“പാവം കുട്ടി”

സത്രീകൾ ആത്മഗതം വീണ്ടും ആവർത്തിക്കുമ്പോഴേക്കും ഉണ്ണി വീണ്ടും മത്സ്യങ്ങൾക്കൊപ്പം വെള്ളത്തിൽ മുങ്ങാംകുഴിയിട്ടിരിക്കും.

വീടിന്റെ താഴെ വിശാലമായ പാടശേഖരങ്ങളാണ്. പാടശേഖരങ്ങൾ അവസാനിക്കുന്നത് ഏകദേശം തോടിന്റെ അതിരിലും. കൈതകൾ നിരന്നുനില്ക്കുന്ന തോടതിരിനും പാടശേഖരങ്ങൾക്കും ഇടയിൽ നാടപോലുള്ള കുറച്ചു സ്ഥലമുണ്ട്. അത് പുറമ്പോക്കാണ്. തോടിറമ്പ് എന്ന് വിളിക്കപ്പെടുന്ന ആ ഭുമിയിൽ കൈതക്കാടുകളുടെയും മറ്റു പാഴ് ച്ചെടികളുടെയും മറവിൽ തോട്ടിൽ കുളിക്കാൻ വരുന്ന ആണുങ്ങൾ മലവിസർജനം നടത്തി. ശേഷം തോട്ടിലെ വെളളത്തിൽ പൃഷ്ഠം കഴുകുകയും, ആ വെളളത്തിൽത്തന്നെ അവർ കുളിച്ചു തോർത്തുകയും ചെയ്തു.

പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ കുളിക്കടവുകൾ അന്നുണ്ടായിരുന്നു. ഇന്ന് കൈതക്കാടുകൾ ചുരുങ്ങിയിരിക്കുന്നു. പുറമ്പോക്കിന്റെ കയ്യേറ്റവും പലയിടങ്ങളിലും കാണാം. ബാല്യത്തിന്റെ ഓർമ്മകൾ തുടിച്ചു നിൽക്കുന്ന കവലപ്പാറയിലേക്കുള്ള പ്രവേശനം ഇപ്പോൾ അപ്രാപ്യമാണ്. അവിടം കരിങ്കല്ലുകൊണ്ട് തോടിന്റെ അതിർത്തി കെട്ടിപ്പൊക്കിയിരിക്കുന്നു.

ഇന്നലെ തോട്ടിറമ്പിലൂടെ വെറുതെ നടക്കാൻ പോയിരുന്നു. ഇടയ്ക്കിടെ വീശുന്ന കാറ്റിന് മനുഷ്യ വിസർജ്യത്തിന്റെ മണമുണ്ടായിരുന്നില്ല. പകരം ഫ്യുരിഡാന്റെയും മറ്റു കീടനാശിനികളുടെയും ഗന്ധം വായുവിൽ തങ്ങിനിന്നു. ആണ്ടിൽ ഇരുപ്പൂകൃഷി ചെയ്തിരുന്ന മാരികണ്ടങ്ങൾ കാലിക കൃഷികൾക്കു വഴിമാറിക്കൊടുത്തിരിക്കുന്നു. മരച്ചീനിയും ഏത്തവാഴയും നെൽച്ചെടികൾക്ക് പകരം എങ്ങും തഴച്ചുനിൽക്കുന്നു.

തന്റെ ഗ്രാമം എത്രയോ മാറിപ്പോയിരിക്കുന്നു. ഓരോ വർഷത്തിലെ വരവിലും അതിന്റെ ഛായ മാറിക്കൊണ്ടേയിരിക്കുന്നു.

ഒരുകാലത്ത് ഇവിടം വിശാലമായ പാടശേഖരങ്ങളായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ തന്നെ പ്രയാസം തോന്നും. വെള്ളം നിറഞ്ഞ പാടങ്ങളിൽ നിന്ന് തവളകളുടെ കരച്ചിലോ വയൽക്കിളികളുടെ സംഗീതമോ കേൾക്കാനില്ല. ഒറ്റക്കാലിൽ തപസിരുന്ന് ഇരതേടുന്ന കൊറ്റികളും പൂതകളും മറ്റെവിടേക്കോ ചേക്കേറിപ്പോയിരിക്കുന്നു. വയൽവരമ്പിലെ കുളിർമയിൽ ഇടതൂർന്നു വളർന്നിരുന്ന ഔഷധസസ്യങ്ങൾ അപ്രത്യക്ഷമായിരിക്കുന്നു. മാറ്റങ്ങളുടെ മലവെള്ളപ്പാച്ചിലിൽ വംശനാശം സംഭവിച്ചത് ഗ്രാമീണതക്കാണ്.

കാളവണ്ടികൾ സഞ്ചരിച്ചുകൊണ്ടിരുന്ന വീതികുറഞ്ഞ മൺപാതകൾ ഇന്ന് വിശാലമായ റോഡുകളാണ്. എല്ലാവിധ വാഹനങ്ങളും അതിലൂടെ പുകതുപ്പി ഇടയ്ക്കിടെ കടന്നുപൊയ്‌ക്കൊണ്ടിരുന്നു.

തന്റെ കുട്ടിക്കാലത്ത് വീടിന്റെ മുൻപിലെ മൺപാതയിലൂടെ വൈക്കോലോ വിറകോ ആയി കടന്നു പോകുന്ന കാളവണ്ടികളുടെ പിന്നിൽ കുട്ടികൾ തൂങ്ങിയാടി വികൃതി കാട്ടി രസിച്ചിരുന്നത് ബാലൻ ഓർത്തുപോയി. യാദൃശ്ചികമായി വണ്ടിക്കാരന്റെ കണ്ണിൽപ്പെട്ടാൽ കണ്ണ് പൊട്ടുന്ന ചീത്തവിളി ഉറപ്പാണ്. ”ബ്ഭ.. കഴുവേർടെ മക്കളെ. നിന്റെയൊക്കെ തന്തേടെ മുതുകത്തു തൂങ്ങി ആടട”. കുട്ടികളോടുള്ള കലിപ്പ് കാളകളുടെ മേൽ ചാട്ടവാറടിയായി രൂപം പ്രാപിക്കുമ്പോൾ പ്രാണവേദനകൊണ്ട് പുളയുന്ന കാളകൾ ചെമ്മൺപാതയിൽ തരംഗാകൃതിയിൽ മൂത്രം കൊണ്ട് ചിത്രമെഴുതി ലക്ഷ്യത്തിലേക്ക് ശരവേഗത്തിൽ പായും.

ഒരിക്കൽ മുത്തശ്ശനോട് ഉണ്ണി ചോദിച്ചു, “മുത്തശ്ശാ, കാളവണ്ടിക്കാർ എല്ലാവരും അടുത്ത ജന്മത്തിൽ കാളകളായിട്ടായിരിക്കും ജനിക്കുക അല്ലെ?”

മുത്തശ്ശന്റെ ഉറക്കെയുള്ള ചിരിയും ഒപ്പമുള്ള ചോദ്യവും ഉണ്ണിയെ കുറച്ചു കുഴപ്പത്തിലാക്കി.

“അതെന്താ ഉണ്ണി അവർക്ക് മറ്റെന്തെങ്കിലും ആയി ജനിച്ചു കൂടെ ?”

“മുത്തശ്ശി പറഞ്ഞല്ലോ, ചീത്ത മനുഷ്യർ പുനർജന്മത്തിൽ മൃഗങ്ങളായിട്ടായിരിക്കും ജനിക്കുക എന്ന്. വണ്ടിക്കാർ കാളകളെ വെറുതെ തല്ലുന്നത് മുത്തശ്ശൻ കാണാറില്ലേ?”

“ഓ അതുശരി. മുത്തശ്ശി അങ്ങനെ പറഞ്ഞോ? എങ്കീ, മുത്തശ്ശൻ ഒന്ന് ആലോചിച്ചു നോക്കട്ടെ . അപ്പോഴേക്കും കുട്ടി പോയീ ആ മുറുക്കാൻചെല്ലം ഇങ്ങെടുത്തുകൊണ്ടുവാ.’

തന്റെയൊരു കണ്ടുപിടുത്തത്തോട് മുത്തശ്ശൻ യോജിച്ചത് ഉണ്ണിക്ക് അഭിമാനമായി തോന്നി. തുള്ളിച്ചാടി മുറുക്കാൻ ചെല്ലം എടുക്കാൻ പോകുന്ന ഉണ്ണിയെ നോക്കി മുത്തശ്ശൻ വാത്സല്യത്തോടെ ചിരിക്കുന്നത് പക്ഷെ ഉണ്ണി കാണുന്നുണ്ടായിരുന്നില്ല.

അല്പസമയത്തിനുള്ളിൽ മുറുക്കാൻചെല്ലവുമായി ഉണ്ണി മുത്തശ്ശന്റെ മുൻപിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു.

“മുത്തശ്ശാ… മുറുക്കാൻ”.

“ആഹാ, കുട്ടിയിങ് എത്തിയോ?”

വിളഞ്ഞ നെൽപ്പാടങ്ങളിൽ നിന്നും വീശുന്ന കാറ്റിന്റെ സുഗന്ധം നിറഞ്ഞ കുളിർമ്മ ആസ്വദിച്ചു കൊണ്ടിരുന്ന മുത്തശ്ശൻ ഉണ്ണി അരികിൽ വന്നുനിന്നത് ഒരു നിമിഷം കണ്ടില്ലായിരുന്നു. മുത്തശ്ശൻ പിന്നെയും ചോദിച്ചു, “കുടത്തിൽ നിന്നും അടക്ക എടുത്തോ കുട്ടീ ?”

മൂത്ത് പഴുത്ത അടക്കകൾ മൺകുടത്തിലെ വെളളത്തിൽ കേടാകാതെ സൂക്ഷിക്കുന്ന മുത്തശ്ശന്റെ സൂത്രവിദ്യ പക്ഷെ ഉണ്ണിക്ക് അറപ്പായിരുന്നു. അടക്കയുടെ തൊണ്ടുകൾ ചീഞ്ഞഴുകിയ വെളളത്തിൽ നിന്നും അടക്ക എടുക്കുന്ന ജോലി മിക്കവാറും മുത്തശ്ശൻ പക്ഷെ ഉണ്ണിയെത്തന്നെയാണ് ഏൽപ്പിക്കാറ് പതിവ്.

ഉണ്ണി മൊഴിഞ്ഞു, “ഇല്ല” .

“എങ്കിൽ ഒരു അടക്ക കൂടി എടുത്തോളൂ”.

മനസില്ലാമനസ്സോടെ ഉണ്ണി അടക്ക സൂക്ഷിച്ചിരിക്കുന്ന കുടത്തിനരികിലേക്ക് നീങ്ങി .

അടക്കയുമയി മുത്തശ്ശന്റെ മുൻപിൽ വന്നു നിൽക്കുന്ന ഉണ്ണിയെ മുത്തശ്ശൻ അനുമോദിച്ചു.

“മിടുക്കൻ”.

അത് ഉണ്ണിക്ക് ഇഷ്ടമായി.

പക്ഷെ മറ്റൊരു കാര്യം കേൾക്കുവാനായിരുന്നു ഉണ്ണിക്കു കൂടുതൽ ധൃതി. അടക്കാത്തൊണ്ടിൽനിന്നുള്ള ദുർഗന്ധം വമിക്കുന്ന വിരലുകൾ നാസികക്ക് മുൻപിൽ മണപ്പിച്ച്‌ മൂക്ക് ചുളുക്കിക്കൊണ്ട് ഉണ്ണി ചോദിച്ചു.

“ആലോചിച്ചോ മുത്തശ്ശാ” ?

ഞെട്ടുകളഞ്ഞ വെറ്റിലയിൽ നൂറു നന്നായി പുരട്ടി പുകലസഹിതം വായിലേക്ക് വെയ്ക്കുന്ന തിരക്കിലായിരുന്നു അപ്പോൾ മുത്തശ്ശൻ.

“എന്ത് ആലോചിച്ചുവോന്ന്” ?

മുത്തശ്ശൻ ഉണ്ണിയുടെ ചോദ്യം തന്നെ മറന്നുപോയിരുന്നു. “ശ്ശോ ഈ മുത്തശ്ശന് ഒരു കാര്യവും ഓർമ്മയില്ല. ഞാൻ ചോദിച്ചില്ലേ, കാളവണ്ടിക്കാർ അടുത്ത ജന്മത്തിൽ കാളകളായി ജനിക്കുമോ എന്ന് ?”

ഒരു നിമിഷം വിരലുകൾ കൊണ്ട് തലചൊറിഞ്ഞു മുത്തശ്ശൻ ആലോചനയിലാണ്ടു.

“ഉവ്വ്…. ഉവ്വ്. മുത്തശ്ശൻ ആലോചിച്ചൂട്ടോ ഉണ്ണി…ന്റെ കുട്ടി പറഞ്ഞത് ശരിതന്നെയാ. അങ്ങനെയല്ലാണ്ടാവാൻ തരമില്ലല്ലോ. കാളയെ തല്ലുന്ന വണ്ടിക്കാർ അടുത്ത ജന്മം കാളകളായിത്തന്നെ ജനിക്കണം. അതിലൊരു നീതിയുണ്ട്.”

തൊണ്ട് കളഞ്ഞ അടക്ക പിച്ചാത്തി കൊണ്ട് രണ്ടായി പിളർന്ന് ഒരു പാതിയുടെ ചെറിയ കഷണം മുത്തശ്ശൻ തേഞ്ഞുതുടങ്ങിയതെങ്കിലും ബലമുള്ള പല്ലുകൾ ഉപയോഗിച്ച് അടർത്തിയെടുത്തു. പിന്നെ എല്ലാ ചേരുവകളുടെയും സമ്മിശ്രരുചി കണ്ണുകൾ പൂട്ടിയടച്ച് ചവച്ച് ആസ്വദിക്കുവാൻ തുടങ്ങി. വായിൽ നിറയുന്ന ഉമിനീർ ഇടയ്ക്കിടെ നടുവിരലിന്റെയും ചൂണ്ടാണി വിരലിന്റെയും മധ്യത്തിലൂടെ മുറ്റത്തെ പൂഴിയിലേക്ക് പറന്നിറങ്ങി ചുവന്ന ചിത്രങ്ങൾ വരക്കുമ്പോൾ എല്ലാം കൗതുകത്തോടെ നോക്കിനിന്ന ഉണ്ണി വിളിച്ചു, “മുത്തശ്ശാ..”

“എന്താ ഉണ്ണി?”

“മുത്തശ്ശാ ..”

സങ്കോചം നിറഞ്ഞ പതിഞ്ഞ ശബ്ദത്തോടെ ഉണ്ണി പിന്നെയും നീട്ടിവിളിച്ചു.

ആ സ്വരത്തിന്റെ അർത്ഥം മുത്തശ്ശന് നന്നായി മനസ്സിലാകും. ഉണ്ണിക്ക് എന്തോ കാര്യം സാധിക്കാനുണ്ട്.

“പറഞ്ഞോളൂ കുട്ടീ, മുത്തശ്ശൻ പറഞ്ഞല്ലോ ഉണ്ണി പറഞ്ഞത് ശരിതന്നെയാണെന്ന്. പിന്നേം എന്താണ് സംശയം”.

“അതല്ല മുത്തശ്ശാ”. ഉണ്ണി തിടുക്കത്തോടെ പറഞ്ഞു.

“പിന്നെന്താണ്?”

“എനിക്കും മുറുക്കണം.”

ഹ ഹ ഹ…. മുത്തശ്ശൻ ഉറക്കെ ചിരിച്ചു.

“ഇത് കുട്ടികൾ ചെയ്യാൻ പാടില്ല ഉണ്ണി”.

കടവായിലൂടെ ഒഴുകി വരുന്ന ചുവന്ന ദ്രാവകം കൈ വെള്ള കൊണ്ട് തുടച്ചു നീക്കിക്കൊണ്ട് മുത്തശ്ശൻ പറഞ്ഞു.

“വലുതാകുമ്പോൾ മുത്തശ്ശനെ പോലെ ഉണ്ണിക്കും മുറുക്കാം കേട്ടോ.”

മുത്തശ്ശൻ ഉണ്ണിയെ ആശ്വസിപ്പിച്ചു.

മുത്തശ്ശന്റെ യുക്തി ഉണ്ണിക്കു പക്ഷെ ബോധ്യപ്പെട്ടില്ല.

“അതെന്താ ഞാൻ ഇപ്പോൾ മുറുക്കിയാൽ?”

അരികിലിരുന്ന നൂറ്റുവടത്തിൽ നിന്നും അല്പം കൂടി ചുണ്ണാമ്പ് നുള്ളാൻ തുനിഞ്ഞ മുത്തശ്ശൻ തലയുയർത്തി ഉണ്ണിയെ നോക്കി.

“അയ്യയ്യോ ! എന്താ ഈ കുട്ടി പറേണത്. കൊച്ചുകുട്ടികൾ വെറ്റില മുറുക്ക്വേ? ഈശ്വരന്മാർക്ക് അതിഷ്ടമല്ല ഉണ്ണി”.

“മുത്തശ്ശൻ കള്ളം പറയുകയാ. എനിക്കും മുത്തശ്ശനെപ്പോലെ ചുവന്ന തുപ്പല് നീട്ടിത്തുപ്പണം.”

ഉണ്ണി വാശി പിടിച്ചു.

“ഇതിപ്പോ പണ്ടാരാണ്ട് പറഞ്ഞത് പോലായല്ലോ ഈശ്വരാ…ഈ കുട്ടിയെ എങ്ങനെയാ പറഞ്ഞു മനസിലാക്കുക”.

മുത്തശ്ശനിൽ നിന്നും അനുകൂലമായ ഒരു നടപടി ഉണ്ടാവില്ലെന്നുറപ്പായപ്പോൾ ഉണ്ണി പറഞ്ഞു.

“മുത്തശ്ശൻ നുണ പറയുകയാണോന്ന് ഞാൻ മുത്തശ്ശിയോടു ചോദിച്ചു നോക്കട്ടെ.”

തന്റെ എപ്പോഴത്തെയും ആശ്രയവും ഉപദേശകയുമായ മുത്തശ്ശിയുടെ അടുക്കലേക്ക് ഉണ്ണി ഓടുമ്പോൾ മുത്തശ്ശൻ പിന്നെയും അവനെ നോക്കി ചിരിച്ചു.

*************** *************************** ************

മുഖത്ത് അറിയാതെ വിടർന്ന ചെറുചിരിയോടെ ബാലൻ ചുറ്റും നോക്കി, മുറ്റത്തെ പൊടിമണ്ണിൽ ഇപ്പോഴും മുത്തശ്ശന്റെ മുറുക്കാൻ തുപ്പലിന്റെ ചുവന്ന പാടുകൾ അവശേഷിക്കുന്നുണ്ടോ എന്ന് ! ഭൂതകാലത്തിന്റെ പടികളിറങ്ങി വരുന്ന ഓർമ്മകൾ ഇവിടേക്കുള്ള വരവിലെല്ലാം ഗൃഹാതുരത്വത്തിന്റെ ആലസ്യമാണ് മനസ്സിൽ നിറയ്ക്കുന്നത്.

ഇവിടെ വന്നിട്ട് ഇതുവരെയും മഴപെയ്തിട്ടില്ല. ഇന്ന് ആകാശം മൂടിക്കെട്ടി മഴക്കുള്ള പുറപ്പാടുണ്ട്. പുതുമണ്ണിന്റെ നറുമണത്തെക്കുറിച്ചോർത്തപ്പോൾ നാസാരന്ധ്രങ്ങൾ പുതുമഴയുടെ ആ മണം തേടി. ഉപബോധമനസ്സിലെ ആഗ്രഹങ്ങൾ ശരീരത്തിലെ അവയവങ്ങൾ പോലും അറിയാതെ ആഗ്രഹിച്ചു പോകുന്നുവോയെന്നു ബാലൻ സംശയിച്ചു.

വെക്കേഷന് കുടുംബസമേതമുള്ള ഒരു യാത്ര നാട്ടിലേക്ക് എല്ലാവർഷവും പതിവുള്ളതാണ്. ജനിച്ചുവളർന്ന മണ്ണിന്റെ മടിത്തട്ടിൽ ഇരുന്നും നടന്നും കിടന്നും, ചിലപ്പോൾ ഓർമ്മകളെ സ്വപ്നങ്ങളായി കണ്ടുറങ്ങിയും ആ ദിനങ്ങൾ പെട്ടെന്ന് കടന്നുപോകും.

മടക്കയാത്രയിൽ ഒരു നഷ്ടബോധം മനസ്സിന്റയുള്ളിൽ എപ്പോഴും തങ്ങിനിൽക്കും. പ്രിയപ്പെട്ടതെന്തോ ഉപേക്ഷിച്ച് ദൂരേക്ക് പോകുമ്പോഴുള്ള അതേ മൗനഭാരം.

ഒരിക്കൽ സുമ തമാശയായി പറഞ്ഞു,

“ബാലേട്ടാ, ആദ്യഭാര്യയെ പിരിയുന്ന ദുഖം തീരുമ്പോൾ പറയണേ…”

സുമയുടെ തമാശയിൽ മുനകളൊന്നുമില്ല. തന്റെ നാടും വീടും വൈകാരികമായി തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് അവൾക്കറിയാം .

“നിനക്കെന്തറിയാം സുമേ? നിന്റെ ഭർത്താവും മക്കളും ജീവിക്കുന്നിടമാണല്ലോ നിന്റെ ലോകം. അത് നരകമായാലും നിനക്ക് സ്വർഗം പോലെതന്നെ”.

തന്റെ മറുപടിയിൽ അല്പം മനമലിഞ്ഞവൾ പറഞ്ഞു,

“ഞാൻ തമാശ പറഞ്ഞതല്ലേ ബാലേട്ടാ. പിന്നെ എന്റെ ഭർത്താവും കുട്ടികളും ജീവിക്കുന്നിടം നരകമയാലും എനിക്ക് സ്വർഗം തന്നെയാണ് കേട്ടോ”.

വിവേകമതിയാണ് സുമ. ഭർത്താവിന്റെ ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞു പ്രവർത്തിക്കുന്ന കുലീനയായ ഗ്രാമീണ ഭാര്യ. മറ്റുള്ളവരുടെ മനസ്സ് വായിച്ചറിയുവാനുള്ള അവളുടെ കഴിവ് അഭിനന്ദനാർഹമാണ്. കുട്ടികളുടെ മുൻപിൽ അവൾ സ്നേഹവതിയായ അമ്മയും അതേസമയം കർക്കശക്കാരിയായ അദ്ധ്യാപികയുമാണ്. അവളുടെ സന്തോഷങ്ങൾ കുടുംബമെന്ന കൊച്ചു വൃത്തത്തിനുള്ളിൽ എപ്പോഴും ഒതുങ്ങിനിന്നു. ഏറെ നഷ്ടങ്ങൾക്കു നടുവിലും തന്റെ ജീവിതത്തിന്റെ സൗഭാഗ്യമാണ് അവളെന്ന് പലപ്പോഴും ആശ്വസിച്ചു പോയിട്ടുണ്ട് .

ഇത്തവണ നാട്ടിലേക്കുള്ള യാത്രക്ക് മുൻപേ സുമയോടു പറഞ്ഞു, “സുമേ നാട്ടിലെ സ്ഥലം പറ്റിയാൽ ഇത്തവണ വിൽക്കണം”.

അവൾ ആശ്ചര്യത്തോടെ മുഖത്തേക്ക് നോക്കി. അവിശ്വസനീയത അവളുടെ മുഖത്ത് നിഴലിച്ചു നിന്നിരുന്നു. പിന്നെ സാവധാനം സ്വരം താഴ്ത്തി ചോദിച്ചു,

“വിൽക്കുകയോ? അത് പറ്റ്വോ?’.

“എന്താ പറ്റാത്തത്. അടുത്ത ബന്ധുക്കളാരും തന്നെ നമുക്കവിടില്ലല്ലോ.

പിന്നെ കുട്ടികൾക്കാണെങ്കിലും താല്പര്യം അവിടെത്തന്നെയാണ്. ഒരു തരത്തിൽ വീടും പറമ്പും സൂക്ഷിക്കുവാൻ മുടക്കുന്ന പണം പാഴാണ്. പറമ്പിൽ നിന്നും കിട്ടുന്ന ഏക ആദായം കുറച്ചു നാളികേരം മാത്രമാണ്. അതിനാണെങ്കിൽ വിലയുമില്ല”.

പറമ്പിലെ കള നീക്കുവാനും വീട് ചിതലരിക്കാതെ സൂക്ഷിക്കുവാനും അകന്ന ബന്ധുവായ കേശുമാമക്ക് പണം അയച്ചു കൊടുക്കുകയാണല്ലോ പതിവ്.

സുമ പറഞ്ഞു, “ബാലേട്ടന്റെ ഇഷ്ടം പോലെ ചെയ്യൂ ..”

അവളുടെ മറുപടിയിൽ അഭിപ്രായമില്ലായിരുന്നു. എങ്കിലും തനിക്കതിനു കഴിയുമോ എന്നൊരു സന്ദേഹം അവളുടെ സ്വരത്തിൽ നിഴലിച്ചിരുന്നു.

നാട്ടിൽ ചെല്ലുന്ന വിവരത്തിന് കേശുമാമക്ക് കത്തയച്ചിരുന്ന കാര്യമോർത്തു. സ്ഥലം വില്ക്കുന്ന കാര്യവും കത്തിൽ സൂചിപ്പിച്ചിരുന്നു. പക്ഷെ യാത്ര പുറപ്പെടുന്നതിനു മുൻപേ ഇത്തവണ മറുപടിയൊന്നും കിട്ടിയില്ല. അങ്ങനെയല്ല പതിവ്. കത്തയച്ചാൽ മറുപടി രണ്ടുമൂന്നാഴ്ചക്കുള്ളിൽ നിശ്ചയമായും കിട്ടേണ്ടതാണ്.

ഒരുപക്ഷെ പോസ്റൽ വകുപ്പിന്റെ അനാസ്ഥയിൽ ഇടക്കെവിടെയെങ്കിലും കത്ത്

നഷ്ടപ്പെട്ടുപോയിരിക്കാം. എന്തായാലും ഒരാഴ്ചക്കുള്ളിൽ നാട്ടിൽ

എത്തുമല്ലോ. അപ്പോൾ കേശുമാമയോടു കാര്യങ്ങൾ നേരിട്ട് സംസാരിക്കാം.

ട്രെയിനിന്റെ രണ്ടാം ക്ലാസ്സ് കമ്പാർട്ടുമെന്റിൽ സുമയോടും കുട്ടികളോടുമൊപ്പം യാത്ര ചെയ്യുമ്പോഴും മനസ്സ് പലതും ചിക്കിപ്പെറുക്കുകയായിരുന്നു. മൃതിയടഞ്ഞ ഭൂതകാലത്തെ ഒർമ്മകളിലൂടെ പെറുക്കിക്കൂട്ടുന്ന കൊച്ചുകുട്ടിയാണ് താനിപ്പോഴും എന്ന് ബാലന് തോന്നി. വികരാധീനനാണ് താൻ. അത് പക്ഷെ മനോദൗർബല്യമല്ല. എളുപ്പത്തിൽ മനസലിയുന്നത് ഹൃദയ നൈർമ്മല്യത്തിന്റെ ഗുണമാണ്. അതിനെ ബലഹീനതയായി കണക്കാക്കേണ്ട കാര്യമില്ല. പെട്ടെന്ന് നിറയുന്ന മിഴികൾ മനുഷ്യത്വത്തിന്റെ പ്രതിഫലനത്തെയാണ് പ്രതിനിധീകരിക്കുന്നത്. അതിൽ അപാകത കണ്ടെത്തേണ്ട കാര്യവുമില്ല. അടിസ്ഥാനപരമായി താൻ നല്ല മനോബലമുള്ളയാളാണ്. സാഹചര്യങ്ങൾക്ക് അത്രയെളുപ്പത്തിൽ ഒന്നും തന്നെ കീഴ്‌പ്പെടുത്താൻ കഴിയുകയില്ല.

“എന്താ ബാലേട്ടാ ഇത്ര അഗാധമായ ചിന്ത?”

സുമയുടെ ചോദ്യം ചിന്തകൾക്ക് വിരാമമിട്ടു .

“ഒന്നുമില്ല സുമേ, കേശുമാമക്ക് വീട് വിൽക്കുന്ന കാര്യം പറഞ്ഞു കത്തയച്ചിരുന്നല്ലൊ. മറുപടിയൊന്നും കിട്ടാത്തതുകൊണ്ട് അതിനെക്കുറിച്ചൊക്കെ ഓർത്തുപോയി.”

“ഒരുപക്ഷെ അതെവിടെയെങ്കിലും മിസ്സായതായിരിക്കും ബാലേട്ടാ. കേശുമാമ മറുപടി അയക്കാതിരിക്കാൻ തരമില്ല. എന്തായാലും രണ്ടു ദിവസത്തിനുള്ളിൽ നമ്മൾ അങ്ങ് എത്തുമല്ലോ.”

“അത് തന്നെയാണ് സുമേ ഞാനും ചിന്തിച്ചു കൊണ്ടിരുന്നത്. ഇത്തവണ തിരികെ പോരുന്നതിനു മുൻപ് വില്പനയുടെ കാര്യത്തിൽ ഒരു തീരുമാനം കണ്ടെത്തണം.”

സുമയെ ഉദ്ദേശിച്ചാണ് പറഞ്ഞതെങ്കിലും വാക്കുകൾക്ക് ആത്മഗതത്തിന്റെ ഛായയായിരുന്നു.

കുട്ടികളോട് എന്തോ പറയുകയായിരുന്ന സുമ വീണ്ടും ഒരു നിമിഷം പ്രത്യേകഭാവത്തിൽ ബാലനെ നോക്കി. ‘അത് പറ്റ്വൊ ബാലേട്ടാ…’ എന്നൊരു ചോദ്യം ചോദിക്കാതെ തന്നെ സുമ ചോദിച്ചതായി ബാലന് തോന്നി.

“പറ്റണം”.

നിശ്ചയദാർഢ്യമായിരുന്നു സ്വരത്തിന്. അപ്പോഴാണ് ഓർത്തത് അതിനു സുമ ഒന്നും പറഞ്ഞില്ലാലോ എന്ന്. ജാള്യം തോന്നി. അത് മറക്കുവാനുള്ള ശ്രമത്തിൽ വീണ്ടും പറഞ്ഞു,

“അല്ല ഞാൻ അത് തന്നെ ഓർക്കുകയായിരുന്നു സുമേ.”

മൗനം ഭഞ്ജിക്കാതെയുള്ള സുമയുടെ അർത്ഥവത്തായ ചിരി നിറഞ്ഞ മുഖത്തുനിന്നും കുട്ടികളുടെ കുസൃതികളിലേക്ക് കണ്ണുകൾ പറിച്ചുനട്ടപ്പോൾ ബാലന് ആശ്വാസം തോന്നി.

മാനം കറുത്തിരുണ്ട് കഴിഞ്ഞു. വേനൽമഴക്കുള്ള പുറപ്പാടാണ്. മരച്ചില്ലകളെ ഉലച്ചു കൊണ്ട് ശക്തമായി ഒരു കാറ്റു കടന്നു പോയി. ചാരുകസേരയിൽ നിന്നും എഴുന്നേൽക്കുമ്പോൾ ഉമ്മറത്ത് നിന്നും സുമയുടെ വിളി കേട്ടു.

“ബാലേട്ടാ, മഴ വരുന്നത് കണ്ടില്ലേ. ഇനിയും അവിടെത്തന്നെ കുത്തിയിരിക്ക്വ?.”

“ദാ വന്നു കഴിഞ്ഞു സുമേ.”

ഉമ്മറത്തേക്ക് കയറുമ്പോൾ പിന്നിൽ വീടിന്റെ മേച്ചിൽപ്പുറത്തു മഴത്തുള്ളികൾ പതിയുന്ന ശബ്ദം ബാല്യത്തിൽ കേട്ടുമറന്ന ചെണ്ടമേളത്തിന്റെ സ്മൃതിയുണർത്തി.

അന്തരീക്ഷത്തിൽ അലിഞ്ഞുചേരുന്ന പുതുമണ്ണിന്റെ സുഗന്ധം മനസ്സിൽ ഉന്മാദം ഉണർത്താൻ പോന്നതായിരുന്നു. കസേര ഉമ്മറത്ത് മുറിയുടെ ഭിത്തിയോട് ചേർത്ത് നിവർത്തിയിട്ടു.

“സുമേ ഞാൻ ഇത്തിരിനേരം ഇവിടെയിരുന്നീ മഴയൊന്നാസ്വദിക്കട്ടെ…എത്രയോ നാളുകൾക്ക് ശേഷമാണ് പുതുമണ്ണിന്റെ സുഗന്ധം നിറഞ്ഞ ഒരു മഴ നേരിട്ട് കാണുന്നത്”.

“ആയിക്കോട്ടെ ബാലേട്ടാ, ഇത്തിരി നേരം ആക്കണ്ട… മഴ കഴിയുന്നിടം വരെ ഇവിടെയിരുന്നോളു. ചായ തയ്യാറാക്കി ഞാൻ ഇങ്ങോട്ട് കൊണ്ടുവരാം.”

നിർദോഷമായ ഒരു കളിയാക്കലിന്റെ മുനയുണ്ടായിരുന്നു സുമയുടെ തമാശക്ക് .

“ഓ പോത്തിനുണ്ടോ വാഴക്കയുടെ ഗുണം അറിയാവൂ”. ബാലൻ തിരിച്ചടിച്ചു.

“വല്ലതും പറഞ്ഞോ ബാലേട്ടാ….”

അടുക്കളയുടെ വാതിൽക്കൽ നിന്നും ഇടതുചെവി കൈപ്പത്തി കൊണ്ട് പാതിമറച്ച് കുസൃതിയോടെ സുമ ചോദിച്ചു.

“ഉവ്വ്. എന്തെങ്കിലും തിന്നാൻ കൂടി എടുത്തോളൂ എന്ന് പറയുകയായിരുന്നു”.

“അതെ….അതെ വാഴക്ക വറുത്ത ഉപ്പേരി തന്നെ എടുത്തേക്കാം.”

ഉരുളക്കുപ്പേരി പോലുള്ള സുമയുടെ നർമം കലർന്ന മറുപടികളിൽ പലപ്പോഴും പൊട്ടിച്ചിരിച്ചുപോയിട്ടുണ്ട്. എങ്ങനെയാണവൾക്കു മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്താതെ ഇത്ര നർമമധുരമായി സംസാരിക്കാൻ കഴിയുന്നതെന്ന് അദ്ഭുതപ്പെട്ടിട്ടുണ്ട്.

ചിരിമായാത്ത മുഖത്ത് ചിന്തകളുമായി മഴയെ നോക്കിയിരിക്കുന്ന ഭർത്താവിന്റെ മുൻപിൽ ചെറിയൊരു ട്രേയിൽ കുറച്ചു വാഴക്ക ഉപ്പേരിയും ഒരു കപ്പു ചായയുമായി സുമയെത്തി.

“ഇതെന്താ ബാലേട്ടാ, ചിരിച്ചു കൊണ്ട് സ്വപ്നം കാണുകയാ?”

അടുത്തു കിടന്ന വൃത്താകൃതിയിലുള്ള ചെറിയ ടീപോയ് ബാലന്റെ മുൻപിലേക്കു നിരക്കിനീക്കി ട്രേ അതിന്മേൽ വെക്കുമ്പോൾ സുമയുടെ വായിൽ നിന്നും വീണ്ടും ശരം പാഞ്ഞു.

“പോടീ അവിടുന്ന്.”

സമാധാനത്തിന്റെ കൊടിക്കൂറ കീഴടങ്ങലിന്റെ രൂപത്തിൽ ബാലൻ ഉയർത്തിക്കാട്ടി.

“തോറ്റോ?”

എളിയിൽ കൈകൾ കുത്തി കുട്ടികളുടെ കുറുമ്പോടെ സുമ വീണ്ടും ചോദിച്ചു.

“അല്ലെങ്കിലും ഞാൻ ജയിക്കാറില്ലലോ, എപ്പോഴും നിരുപാധികം കീഴടങ്ങാറല്ലേ പതിവ്.”

“അതുപോട്ടെ, നാളെ കേശുമാമയുടെ വീടുവരെ ഒന്ന് പോകണം. ദിവസങ്ങൾ നോക്കി നിൽക്കുമ്പോൾ ദാ..ന്ന് കടന്നു പോകും. നീയും കുട്ടികളും കൂടെ പോരുന്നോ, അതോ മറ്റൊരു ദിവസം പോകുന്നോ?”

“ഞങ്ങൾ പിന്നെ വരാം ബാലേട്ടാ, നാളെ ബലേട്ടൻ മാത്രം പോയാൽ മതി”.

“ശരി. പിന്നെ സുമേ, ഞാൻ നിന്റെയഭിപ്രായം ഇതുവരെ ചോദിച്ചില്ലല്ലോ. നിനക്ക് മറിച്ചൊരു വിചാരം ഇല്ലെന്നാണ് ഞാൻ കരുതുന്നത്.”

ബാലന്റെ ചോദ്യത്തിന് ഹൃദ്യമായ ഒരു പുഞ്ചിരിയായിരുന്നു ആദ്യം മറുപടി.

“ബാലേട്ടന്റെ ഇഷ്ടമല്ലേ എന്റെയും ഇഷ്ടം”.

സുമയുടെ ശബ്ദത്തിന് തലോടലിന്റെയും പിന്താങ്ങലിന്റെയും കുളിർമയുണ്ടായിരുന്നു.

തുള്ളിക്കൊരു കുടംപോലെ പെയ്തുകൊണ്ടിരുന്ന മഴ പെട്ടെന്നുതന്നെ പെയ്തൊഴിഞ്ഞു. കരിമേഘങ്ങളുടെ കരിമ്പടം നീക്കി ആകാശം വീണ്ടും നീലിമയാർന്നു. സുമ അകത്തേക്ക് പോയിക്കഴിഞ്ഞിരുന്നു. ഇലത്തുമ്പുകളിൽ നിന്നും ഇറ്റു വീഴുന്ന വെള്ളത്തുള്ളികളുടെ ശബ്ദം ബാലന്റെ മനസ്സിൽ നിശബ്ദമായ ഒരു ചോദ്യം ഉയർത്തി. ഈ മണ്ണ് തനിക്കു തീർത്തും കയ്യൊഴിയുവൻ കഴിയുമോ?

രാത്രിയിൽ എപ്പോഴോ പോക്രം തവളകളുടെ കരച്ചിൽ കേട്ടു.

ചിന്തകളുടെ ആധിക്യം ഉറക്കത്തെ അകറ്റിനിർത്തിയിരുന്നു.

ജനൽ കർട്ടൻ നീക്കി പുറത്തേക്കു നോക്കുമ്പോൾ പകൽ പോലെ നിലാവെളിച്ചം കണ്ടു.

അടുത്ത് കിടന്ന സുമയെയും കുട്ടികളെയും ഉണർത്താതെ കട്ടിലിൽ നിന്നും സാവധാനം എഴുന്നേറ്റു.

അഴിഞ്ഞു പോയ മുണ്ടിന്റെ അറ്റം എളിയിൽ മുറുക്കിക്കുത്തി.

നടുത്തളത്തിലേക്കും അവിടുന്ന് വരാന്തയിലേക്കും പ്രവേശിച്ചു.

ഇലക്ട്രിക് ബൾബിന്റെ സ്വിച്ചിൽ വിരലമരുമ്പോൾ, പെട്ടെന്നുള്ള പ്രഭാപൂരത്തിൽ പകച്ചുപോയ ഗൗളികൾ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന അച്ഛന്റെയും അമ്മയുടെയും ഛായാചിത്രത്തിനു പിന്നിലേക്ക് ഓടിമറഞ്ഞു.

ഒരു നിമിഷം കണ്ണുകൾ ആ ചിത്രത്തിൽ ഉടക്കി നിന്നു.

ഇല്ല…..നേരിയ ഓർമ്മ പോലും അവശേഷിക്കുന്നില്ല.

ചിത്രത്തിലെ അച്ഛന്റെ രൂപമാണ് തനിക്കിപ്പോൾ എന്ന് ബാലൻ യാദൃശ്ചികമായി തിരിച്ചറിഞ്ഞു.

അച്ഛന്റെയും അമ്മയുടെയും അപകടമരണത്തിന്റെ കഥ പലതവണ മുത്തശ്ശിയിൽ നിന്നും കേട്ടറിഞ്ഞിരുന്നു.

തങ്ങൾ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമയി കൂട്ടിയിടിക്കുകയായിരുന്നത്രേ.

വാതിൽ തുറന്നു പുറത്തേക്കു തെറിച്ചു പോയ താൻ ഒരു പോറൽ പോലും ഏൽക്കാതെയാണ് രക്ഷപെട്ടതെന്നു മുത്തശ്ശി പറയുമ്പോൾ കുട്ടിയായിരുന്ന താൻ അത് എത്ര അത്ഭുതത്തോടെയാണ് കേട്ടിരുന്നത് എന്ന് ബാലൻ ഓർത്തു.

ഏക മകന്റെയും മരുമകളുടെയും വേർപാടിന്റെ ദുഖത്തിലും നിധികാക്കുന്ന ഭൂതത്തിന്റെ കരുതലോടെ തന്നെ വളർത്തി വലുതാക്കി യാത്ര പറഞ്ഞുപോയ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും സാന്നിധ്യം ഇപ്പോഴും തന്റെയൊപ്പമുണ്ടെന്നു ബാലൻ വിശ്വസിച്ചു.

അനാഥനാണെന്നുള്ള തോന്നൽ തന്നെ ഒരിക്കൽപ്പോലും അലട്ടിയില്ല.

ജീവിതത്തിന്റെ നല്ല പാഠങ്ങൾ പഠിപ്പിച്ചു പടികടന്നു പോകുമ്പോഴും, മുത്തശ്ശിയുടെ വാത്സല്യം നിറഞ്ഞു തുളുമ്പുന്ന സ്വരത്തിന്റെ പ്രതിധ്വനി തൊടിയിലാകെ പിന്നെയും നിറഞ്ഞു നില്ക്കുന്നതുപോലെയാണ് ബാലന് ഇപ്പോഴും തോന്നാറ്.

പ്ലാവിലക്കുമ്പിളിൽ പെറുക്കിക്കൂട്ടുന്ന മുരിങ്ങപ്പൂക്കൾ കൈനീട്ടി വാങ്ങുമ്പോൾ “ഇത് കുറെയേറെയുണ്ടല്ലോ ഉണ്ണി..” എന്നു പറയുന്ന ശബ്ദത്തിന്റെ അതേ പ്രതിധ്വനി.

വരാന്തയിൽ നിന്നും പടികൾ ചവിട്ടി മുറ്റത്തേക്കിറങ്ങി ബാലൻ.

തൊടിയിലാകെ നല്ല നിലാവെളിച്ചം ഉണ്ടായിരുന്നു. കൊഴുത്തുരുണ്ട മഞ്ഞത്തവളകളുടെ സംഘ ഗാനത്തിനൊപ്പം അന്തരീക്ഷമാകെ ചീവീടുകളുടെ പാശ്ചാത്യസംഗീതവും നിറഞ്ഞു നിന്നു.

പുതുമഴയുടെ ആർഭാടം പ്രകൃതിയാകെ ഉത്സവമാക്കി മാറ്റിയിരിക്കുന്നു.

പക്ഷെ എവിടെയോ ഒരു ശൂന്യത ബാലന്റെ മനസ്സിൽ തിക്കും തിരക്കും കൂട്ടി.

മുൻവശത്തെ മുറ്റത്തുകൂടെ ബാലൻ വെറുതെ അങ്ങോട്ടുമിങ്ങോട്ടും നടന്നു .

മുരിങ്ങ നിന്നിടത്തേക്ക് മിഴികൾ എപ്പോഴോ എത്തിനോക്കി.

അവിടം ശൂന്യമായിരുന്നു. നിലംപറ്റെ മറിഞ്ഞു കിടക്കുന്ന മുരിങ്ങമരം കാഴ്ചയിൽപ്പെട്ടപ്പോൾ മനസ്സിൽ പിടയുന്ന വേദന തോന്നി.

മഴ നന്നായി പെയ്തെങ്കിലും കാറ്റു ശക്തമായിട്ടുണ്ടായിരുന്നില്ല. ഇതിനുമുൻപും പലവട്ടം ശാഖകൾ കാറ്റത്ത് ഒടിഞ്ഞുവീണിട്ടുണ്ടെങ്കിലും മരം എന്നും കാലത്തെ അതിജീവിച്ചിരുന്നു.

ഒന്നും ശാശ്വതമല്ല !

വെറുമൊരു ദുർബല വൃക്ഷം. പക്ഷെ തനിക്കത് ജീവിതത്തിൻറെ ഭാഗമായിരുന്നു. ഇനിയൊരിക്കലും ചെളിപുരണ്ട വെള്ള നിറത്തിലുള്ള പൂക്കൾ ഇളം കാറ്റിൽ പൊഴിഞ്ഞു വീഴുകയില്ല.

വരാന്തയിലെ വെളിച്ചത്തിലേയ്ക്കു വീണ്ടും കയറുമ്പോൾ നിലതെറ്റി താഴേക്ക് വീഴുന്ന ഗൗളിയെ കണ്ടു.

ഒരു നിമിഷം അത് നിശ്ചലമായി. പിന്നെ പ്രാണഭയത്തോടെ ദിശയറിയാതെ ഝടുതിയിൽ ഭിത്തിയിലേക്ക് ഇഴഞ്ഞു കയറി.

കിടപ്പുമുറിയിൽ ലൈറ്റിടുന്ന ശബ്ദവും തുടർന്ന് സുമയുടെ പരിഭ്രാന്തി നിറഞ്ഞ വിളിയും കേട്ടു.

“ബാലേട്ടാ…”

“ഞാനിവിടുണ്ട് സുമേ”.

വരാന്തയിൽ നിന്നും ബാലൻ വിളികേട്ടു. ഉറക്കത്തിനിടയിൽ തന്നെ കാണാതായതിന്റെ ആകുലതയാണ് സുമയുടെ ശബ്ദത്തിലെന്ന് ബാലൻ തിരിച്ചറിഞ്ഞു.

അഴിഞ്ഞ മുടിച്ചുരുളുകൾ വാരിയൊതുക്കി സുമ വരാന്തയിലെ വെളിച്ചത്തിലേയ്ക്കു വന്നു

“ഇതെന്താ ബാലേട്ടാ….ഈ പാതിരാത്രിയിൽ”.

അവളുടെ ശബ്ദത്തിൽ പരിഭവവും സങ്കടവും കലർന്നിരുന്നു. “ഞാൻ ശരിക്കും പേടിച്ചുപോയി” .

ബാലന് കുറ്റബോധം തോന്നി. ക്ഷമാപണത്തിന്റെ സ്വരത്തിൽ പറഞ്ഞു ,”നല്ല ഉറക്കം കിട്ടിയില്ല സുമേ. എന്നാലിത്തിരി നേരം ഈ വരാന്തയിൽ നിലാവെളിച്ചം കണ്ടിരിക്കാം എന്ന് വിചാരിച്ചു. നീ ഉണരുമെന്ന് വിചാരിച്ചില്ല.”

“ബാലേട്ടന് എല്ലാം കുട്ടിക്കളിയാ…കൂടെക്കിടന്ന ആളെ രാത്രിയുടെ മധ്യത്തിൽ കാണാതായാൽ…” സുമയുടെ സ്വരം ഇടറിപോയി.

“മതി നിലാവ് കണ്ടത്. വാ പോയി കിടക്കാം”.

“ശരി നീയെന്റെ ഭാര്യ മാത്രമല്ലല്ലോ. അമ്മായിയമ്മ കൂടിയാണല്ലോ. അനുസരിച്ചേക്കാം.”

ബാലൻ തമാശ മട്ടിൽ പറഞ്ഞു.

“ബാലേട്ടന് എല്ലാം തമാശയാ”.

ഉറക്കം അകന്നുനിന്ന അടുത്ത ചില യാമങ്ങളിൽ സുമയും ബാലനും ഇരുട്ടിന്റെ ശൂന്യതയിലൂടെ മച്ചിലേക്ക് നോക്കിക്കിടന്നു.

എപ്പോഴോ നേർത്ത ശബ്ദത്തിൽ സുമ വിളിച്ചു. “ബാലേട്ടാ…?”

“ എന്താ സുമേ ? “

മച്ചിൽ നിന്നും ദൃക്ഷ്ടികൾ പറിച്ച്‌ സുമ ബാലന് അഭിമുഖമായി കിടന്നു.

അവളുടെ കൈവിരലുകൾ ബാലന്റെ മാറിലെ ഇടതൂർന്ന രോമങ്ങളിലൂടെ മൃദുവായി ഇഴഞ്ഞുനീങ്ങി.

“ഞാനൊരു കാര്യം പറയട്ടെ?”

“പറയൂ സുമേ..”

“നമുക്കീ വീട് വിൽക്കണ്ട ബാലേട്ടാ.”

“അതെന്താ പെട്ടെന്നൊരു മനംമാറ്റം?”.

സുമയുടെ നേരെ നോക്കാതെ തന്നെ ബാലൻ ചോദിച്ചു.

“മനം മാറ്റമല്ല ബാലേട്ടാ. ബാലേട്ടൻ ജനിച്ചുവളർന്ന വീടല്ലേ ഇത് ? അച്ഛനും അമ്മയും മുത്തശ്ശനും മുത്തശ്ശിയും എല്ലാവരും ജീവിച്ചു മരിച്ചത് ഇവിടെത്തന്നെയല്ലേ? അവരുടെ ആത്മാക്കൾ വസിക്കുന്നത് ഇവിടെയല്ലേ? ജീവിച്ചനുഭവിച്ച ഈ അന്തരീക്ഷത്തിൽ നിന്നും എന്നെന്നേക്കുമായുള്ള ഒരു വേർപാട് ബാലേട്ടന് താങ്ങുവാൻ കഴിയുകയില്ല. കേശുമാമൻ തന്നെ വീടും പുരയിടവും ഇനിയും നോക്കി നടത്തട്ടെ. നമ്മൾ വലിയൊരു തുകയൊന്നും അതിനു വേണ്ടി കേശുമാമനു കൊടുക്കിന്നില്ലല്ലോ?”.

“ഉം ..” ബാലൻ മൂളി .

“എന്താ വെറുതെ മൂളുന്നത് ? ഞാൻ പറഞ്ഞത് ശരിയല്ലേ?”

സുമ വീണ്ടും വിരലുകൾകൊണ്ട് ബാലന്റെ നെഞ്ചിൽ ചിത്രങ്ങൾ വരച്ചു.

“ആലോചിക്കാം സുമേ. ഇനിയും സമയമുണ്ടല്ലോ.”

എപ്പോഴോ അവർ പരസ്പരം പുണർന്ന് ഗാഢനിദ്രയിൽ ആണ്ടു .

പിറ്റേന്ന് ബാലൻ ഉണരുമ്പോൾ പ്രഭാതം ശരിക്കും വിടർന്നു കഴിഞ്ഞിരുന്നു.

സുമയെ അരികിൽ കാണാനുണ്ടായിരുന്നില്ല. അവൾ പുലരും മുൻപേ അടുക്കളയിൽ കയറിക്കാണും.

കുട്ടികൾ രണ്ടുപേരും ഇപ്പോഴും ഉറക്കത്തിലാണ്. മുറിയിൽ രണ്ടു കട്ടിലുകൾ ചേർത്തിട്ടിരിക്കുന്നതിനാൽ എല്ലാവർക്കും കിടക്കാൻ സൗകര്യം ധാരാളമുണ്ട്.

നിഷ്കളങ്കതയുടെ നൈർമല്ല്യം നിറഞ്ഞ അവരുടെ മുഖത്തേക്ക് ബാലൻ അഭിമാനം നിറഞ്ഞ വാത്സല്യത്തോടെ നോക്കി. തണുപ്പില്ലെങ്കിലും കട്ടിലിൽ നിന്നും എഴുന്നേൽക്കുന്നതിനു മുൻപേ കുട്ടികളുടെ കഴുത്തറ്റം വരെ പുതപ്പു വലിച്ചിട്ടു. പിന്നെ ഇരുവരുടെയും മൂർധാവിൽ അരുമയോടെ ചുംബിച്ചു.

കട്ടിലിൽ നിന്നും എഴുന്നേൽക്കുമ്പോൾ വാതിൽപ്പടിയിൽ സുമയുടെ ശബ്ദം കേട്ടു.

“അല്ല, ബാലേട്ടൻ ഉണർന്നിരുന്നോ?”

അവൾ രാവിലെ തന്നെ കുളിച്ച്‌ ഈറൻ തുവർത്തിയിരുന്നു. തുമ്പുകെട്ടിയ മുടിയുടെ ഇഴകളിൽ നിന്നും ഒരു തുളസിക്കതിർ പുറത്തേക്കു തലനീട്ടി ബാലനെ ഒളിഞ്ഞു നോക്കി.

മുണ്ടും വേഷ്ടിയുമായിരുന്നു വേഷം. നെറ്റിയിൽ ചന്ദനം ചാർത്തിയിട്ടുണ്ട്.

ചുണ്ടിൽ പൂർണ ചന്ദ്രൻ നറുനിലാവ് തൂകി പുഞ്ചിരിയോടെ നിൽക്കുന്നു.

ഇത് നിത്യേനെയുള്ള കണികാഴ്ചയാണ്.

ബാലൻ പറഞ്ഞു, “ഇപ്പോൾ ഉണർന്നതേയുള്ളൂ. നേരം പുലർന്നത് അറിഞ്ഞതേയില്ല”.

സുമയുടെ മുഖത്ത് അർത്ഥവത്തായ ഒരു ചിരി വിരിഞ്ഞു.

“ബാലേട്ടൻ മുഖം കഴുകി വരൂ, കാപ്പി തയ്യാറാണ്.”

പത്തു മണിയായപ്പോൾ ബാലൻ വേഷം മാറി പുറത്തിറങ്ങി. കേശുമാമയെ കാണുകയായിരുന്നു ലക്ഷ്യം. ഒരു കിലോമീറ്ററോളം ദൂരമുണ്ട് കേശുമാമയുടെ വീട്ടിലേക്ക്.

നാട്ടുവഴിയിലൂടെയുള്ള നടപ്പിനിടയിൽ തലേ രാത്രിയിൽ സുമ പറഞ്ഞ കാര്യം ബാലനോർത്തു,

“അച്ഛനും അമ്മയും മുത്തശ്ശനും മുത്തശ്ശിയും എല്ലാം ജീവിച്ച വീടല്ലേ ബാലേട്ടാ ഇത് .”

വീടും പരിസരങ്ങളുമായി തനിക്കുള്ള ബന്ധം അഭേദ്യമാണെന്ന് ബാലന് തോന്നി. വിൽക്കാൻ ഒരു ശതമാനം പോലും ഇഷ്ടമില്ല. പക്ഷെ ജോലിയും പ്രാരാബ്ധങ്ങളുമായി വിദൂരമായ മറ്റൊരു നഗരത്തിൽ സ്ഥിരതാമസമാക്കിയ തനിക്ക് ഇതൊരു അവധിക്കാലവസതി പോലെയായിക്കഴിഞ്ഞു. മാത്രമല്ല ഓർമകളല്ലാതെ തനിക്കിവിടെ ബന്ധുക്കളെന്ന് പറയുവാൻ ആരുമില്ല. പേരിനു പറയാൻ അകന്ന ബന്ധത്തിൽ ഒരു കേശുമാമ മാത്രം.

ചിന്തകളിൽ മുഴുകി കേശുമാമയുടെ വീട്ടുപടിക്കൽ എത്തിയ കാര്യം ബാലൻ അറിഞ്ഞില്ല.

വീണ്ടും മുന്നോട്ടു കുറച്ചു ചുവടുകൾ കൂടി വെച്ചുകാണും. പിന്നിൽ നിന്നും ഒരു വിളി കേട്ടു,

“ബാലാ നീയിതെങ്ങോട്ടാ?”.

തിരിഞ്ഞുനോക്കി. മരച്ചീനിക്ക് മൂട് വെട്ടിക്കൊണ്ടിരുന്ന കേശുമാമ പണിനിർത്തി തൂമ്പാക്കൈയ്യിൽ കയ്യൂന്നി തന്നെത്തന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ ബാലന്റെ മുഖം ഒന്ന് വിളറി. ഒരു ഇളിഭ്യച്ചിരിയോടെ ബാലൻ പറഞ്ഞു.

“ഞാൻ വീട്ടിലേക്കു തന്നെയാ അമ്മാവാ”, ഇവിടെ വന്ന മാറ്റങ്ങൾ കണ്ടപ്പോൾ കുറച്ചുകൂടി മുന്നോട്ടു നടന്നുനോക്കിയെന്നേയുള്ളൂ.

യുക്തിക്ക് ഉചിതമെന്ന് തോന്നിയ ചെറിയൊരു കള്ളം പറഞ്ഞു.

“ഇപ്പൊ എല്ലായിടത്തും പരിഷ്ക്കാരമല്ലേ ബാലാ. നാട്ടിൻപുറം എന്നൊക്കെ പറയുമ്പോൾ അതെന്താണെന്ന് കൂടി വിശദീകരിച്ചു കൊടുക്കേണ്ടി വരും അടുത്ത തലമുറകൾക്ക്.

അത് പോട്ടെ വരുന്ന വിവരത്തിനു നീ കത്തൊന്നും അയച്ചു കണ്ടില്ലലോ?”

കേശുമാമ മറുപടി അയക്കാത്തതിന്റെ കാരണം ബാലന് മനസ്സിലായീ. താനയച്ച കത്ത് എവിടെയോ നഷ്ട്ടപ്പെട്ടിരിക്കുന്നു.

എങ്കിലും ചോദിച്ചു,”ഞാൻ കത്തയച്ചിരുന്നു മാമ, അതിവിടെ കിട്ടിയില്ലേ?”

“അത് കൊള്ളാം …കത്ത് കിട്ടീരുന്നെങ്കിൽ നീ എപ്പോ വന്നു എന്ന് ഞാൻ ചോദിക്കുവോ ബാലാ. അതുപോട്ടെ, സുമയും കുട്ടികളും എവിടെ?”

“അവരെ പിന്നെയൊരു ദിവസം കൂട്ടാമെന്ന് വിചാരിച്ചു മാമാ.” ബാലൻ പറഞ്ഞു.

“അവരെക്കൂടി കൂട്ടാമായിരുന്നു നിനക്ക്. അത് പോട്ടെ നീ വീട്ടിലേക്കു വാ”. മിക്കവാറും എല്ലാ സംഭാഷണത്തിന്റെയും തുടക്കത്തിൽ ‘അത് പോട്ടെ’ എന്ന് പറയുക കേശുമാമയുടെ ഒരു ശീലമായിരുന്നു. അവസരത്തിലും അനവസരത്തിലും ആ വാക്കുകൾ ഗ്രാമീണ ശുദ്ധത നിറഞ്ഞു നിന്ന ആ വൃദ്ധന്റെ വായിൽ നിന്നും അറിയാതെ വഴുതിവീണു.

മണ്ണിന്റെ കറപുരണ്ട തവിട്ടു നിറത്തിലുള്ള ഈരെഴ തോർത്തായിരുന്നു കേശുമാമയുടെ വേഷം. വാർദ്ധക്യത്തിന്റെ ചുളിവുകൾ നിറഞ്ഞ തവിട്ടു നിറത്തിലുള്ള തൊലിക്കുള്ളിലിപ്പോഴും ഊർജ്ജസ്വലനായ ഒരു കേശുമാമൻ ഒളിഞ്ഞിരിപ്പുണ്ടെന്ന് ചടുലമായ ആ നടത്തം ബാലനോട് വിളിച്ചു പറഞ്ഞു.

ഓടിട്ട പഴയ വീടിന്റെ വരാന്തയിലേക്ക് കയറുന്ന പടിയിൽ വെച്ചിരുന്ന ഓട്ടുകിണ്ടി ചൂണ്ടിക്കാണിച്ചുകൊണ്ട് കേശു മാമൻ പറഞ്ഞു,

“ആ വെള്ളമെടുത്തു കാൽ കഴുകിക്കോളൂ ബാലാ, ഞാൻ കിണറ്റിൻകരയിൽ പോയി ഈ ചെളിയൊക്കെ ഒന്ന് കഴുകി വരാം”.

ഒപ്പം അകത്തേക്ക് നോക്കി നീട്ടി ഒരറിയിപ്പും,

“ലക്ഷ്മീ, ഇതാരാണ് വന്നേക്കണതെന്ന് നോക്കിക്കേ”

കിണ്ടിയിൽ നിന്നും വെള്ളമൊഴിച്ച് കാൽ കഴുകുമ്പോൾ ആകാംക്ഷ നിറഞ്ഞ മുഖവുമായി ലക്ഷ്മിക്കുട്ടിയമ്മ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു. അവരുടെ മുഖത്ത് ആദ്യം വിരിഞ്ഞ ഭാവം അത്ഭുതമായിരുന്നു.

“ഇതാര് ബാലനോ? സുമയും കുട്ടികളും എവിടെ? വരുന്ന വിവരത്തിനു നീ എഴുതിയതേയില്ലല്ലോ.?”

ഒറ്റശ്വാസത്തിൽ പല ചോദ്യങ്ങൾ ലക്ഷ്മിക്കുട്ടിയമ്മയുടെ വായിൽ നിന്നും ഉതിർന്നുവീണു.

“വരുന്ന വിവരത്തിനു ഞാൻ കത്തയച്ചിരുന്നൂ അമ്മായീ, പക്ഷെ അതെവിടെയോ ന്ഷ്ടപ്പെട്ടൂന്നു തോന്നണൂ. അമ്മാവനും ഇത് തന്നെ ചോദിച്ചു.”

“നമ്മുടെ തപാൽ വകുപ്പിന്റെ കാര്യല്ലേ…ഒന്നും പറയാണ്ടിരിക്കുവാ ഭേദം.” കത്ത് ലഭിക്കാത്തത് തപാൽ വകുപ്പിന്റെ അനാസ്ഥയായി അവർ പഴിചാരി.

“നീ ഇരിക്കൂ ബാലാ വന്നകാലിൽ തന്നെ നില്ക്കാണ്ട് “. പഴയ ചൂരൽക്കസേരകളിൽ ഒന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ലക്ഷ്മിക്കുട്ടിയമ്മ ആതിഥ്യമര്യാദ പറഞ്ഞു.

കസേരയിൽ അമർന്നിരിക്കുമ്പോൾ പഴക്കത്തിന്റെ മൂളലും ഞരക്കവും അതിന്റെ ഏതൊക്കെയോ ഭാഗങ്ങളിൽ നിന്നും അരോചകമായ ശബ്ദമുണ്ടാക്കി.

“രാവിലെ തന്നെ നല്ല പുഴുക്കം. കുറച്ചു നടക്കുക കൂടി ചെയ്തപ്പോൾ പറയാനുമില്ല”. വരാന്തയുടെ അരഭിത്തിയിൽ കിടന്നിരുന്ന പഴയ ഒരു വാരിക കൈയെത്തിച്ചെടുത്തു വീശിക്കൊണ്ട് ബാലൻ പറഞ്ഞു.

“അതെയതെ…. ഇപ്പോൾ വെയിലിനു പണ്ടത്തേക്കാൾ ചൂട് കൂടുതലാണ്.

ഞാൻ കുടിക്കാൻ കുറച്ചു സംഭാരം എടുക്കാം ബാലാ.”

അകത്തേക്ക് പോകുവാൻ തുനിഞ്ഞ ലക്ഷ്മിക്കുട്ടിയമ്മയെ കൈയുയർത്തി തടഞ്ഞുകൊണ്ട് ബാലൻ പറഞ്ഞു.

“ഒന്നും വേണ്ട ലക്ഷ്മി അമ്മായി, ഞാനിപ്പോൾ പ്രാതൽ കഴിച്ചിറങ്ങിയതേയുള്ളൂ”.

“ആവി കുറച്ചു കുറയും ബാലാ, മാമ പറമ്പിൽ എന്തെങ്കിലും പണി ചെയ്യുമ്പോൾ സംഭാരം നിർബന്ധമാണ്. അതുകൊണ്ട് രാവിലെ തന്നെ ഞാനത് ഉണ്ടാക്കി വെച്ചിട്ടുണ്ട്”.

“എന്നാൽ എടുത്തോ, പക്ഷെ ചെറിയൊരു ഗ്ലാസ്സിലേ എടുക്കാവൂ”. ബാലൻ ഒരു വ്യവസ്ഥ വെച്ചു.

മുത്തശ്ശിയോടും മുത്തശ്ശനോടും ഉണ്ടായിരുന്ന അതേ സ്വാതന്ത്ര്യം തന്നെയാണ് കേശുമാമയോടും ലക്ഷ്മിഅമമ്മായിയോടും ബാലനുണ്ടായിരുന്നത്. മക്കളില്ലാത്ത ആ ദമ്പതികൾക്ക് ബാലൻ ഒരു മകനെപ്പോലെ തന്നെയായിരുന്നു.

കൈയ്യിൽ ചെറിയൊരു ഓട്ടുമൊന്തയിൽ നിറയെ സംഭാരവുമായി ലക്ഷ്മിക്കുട്ടിയമ്മ വീണ്ടും വരാന്തയിലേക്ക് കടന്നുവന്നു. മൊന്ത കൈനീട്ടി വാങ്ങുമ്പോൾ ബാലൻ ചിരിച്ചുകൊണ്ട് പറഞ്ഞു, “എനിക്കറിയാമായിരുന്നു അമ്മായി ഇങ്ങനെയേ ചെയ്യൂ എന്ന്.”

“അത് കുറച്ചേയുള്ളൂ ബാലാ. ഇഞ്ചിയും, പച്ചമുളകും, കറിവേപ്പിലയുമെല്ലം നന്നായി ചേർത്തുണ്ടാക്കിയതാണ്. പിന്നെ നിനക്ക് സംഭാരം പണ്ടേ ഇഷ്ടമാണല്ലോ.”

ലക്ഷ്മിക്കുട്ടിയമ്മ ന്യായീകരിച്ചു.

ബാലൻ മൊന്തയിൽ നിന്നും കുറച്ചു സംഭാരം രുചിച്ചുനോക്കി. മോരിന്റെ പുളിയോടൊപ്പം ഇഞ്ചിയുടെയും പച്ചമുളകിന്റെയും സമ്മിശ്രരുചി നാവിന്റെ രസമുകുളങ്ങളിൽ കുളിർമയുടെ സുഖം പകർന്നു.

“നന്നായിട്ടുണ്ട് അമ്മായി. എല്ലാ ചേരുവകൾക്കുമൊപ്പം ഉപ്പും പാകത്തിന് തന്നെ”.

“അത് നീയെന്നെ വെറുതെ പുകഴ്ത്തുന്നതല്ലേ ബാലാ. അത്രക്കൊന്നുമില്ല”.

ലക്ഷ്മിക്കുട്ടിയമ്മ വിനയാന്വിതയായി.

മുറ്റത്തെ അയയിൽ കിടന്നിരുന്ന തോർത്തുമുണ്ടിൽ കൈകളും മുഖവും തുടച്ചുകൊണ്ട് കേശുമാമ വരാന്തയിലേക്ക് കയറിവന്നു. കസേരയിൽ നിന്നും ബഹുമാനപൂർവം എഴുന്നേൽക്കാൻ തുടങ്ങിയ ബാലനെ കൈയുയർത്തി തടഞ്ഞുകൊണ്ട് മാമ പറഞ്ഞു,

“നീ അവിടെയിരിക്കൂ ബാലാ.”

പിന്നെ ഭാര്യയോടായി പറഞ്ഞു,

“കുറച്ചു സംഭാരം എനിക്ക് കൂടി എടുത്തോള് ലക്ഷ്മി”.

വിശേഷങ്ങളുടെ കൈമാറ്റങ്ങൾക്കിടയിൽ വീടും പറമ്പും വില്ക്കുന്ന കാര്യം ബാലൻ കേശുമാമയോടു സൂചിപ്പിച്ചു.

ആദ്യം ഒരു അവിശ്വസനീയതയായിരുന്നു വൃദ്ധന്റെ മുഖത്ത് നിഴലിച്ചുകണ്ടത്. നിമിഷനേരം നീണ്ട അർത്ഥവത്തായ മൗനത്തിനുശേഷം ഒരു ചോദ്യം ഉയർന്നു,

“പറിച്ചെറിഞ്ഞു പോവുകയാണല്ലേ?”

നൊമ്പരത്തിന്റെ തീവ്രതയുണ്ടായിരുന്നു സ്വരത്തിന്.

വീണ്ടും ചോദ്യം,

“തീരുമാനിച്ചുറച്ചോ?”

മാമയുടെ ഭാവമാറ്റം ബാലൻ ശ്രദ്ധിക്കുകയായിരുന്നു.

സംഭാരത്തിന്റെ എരിവും പുളിയും ചുണ്ടുകളിൽ നിന്നും നാവുകൊണ്ട് തുവർത്തി മാറ്റി ബാലൻ പറഞ്ഞു.

“കഴിഞ്ഞ ചില മാസങ്ങളായി ഇക്കാര്യത്തെക്കുറിച്ചുള്ള ആലോചനയിലായിരുന്നു കേശുമാമാ….പെൻഷൻ ആകുന്നിടം വരെ ഇവിടെയൊരു താമസം സാധ്യമല്ല. കുട്ടികളുടെ വിദ്യാഭ്യാസവും ഭാവിയും നോക്കണമല്ലോ? വീടും പറമ്പും വിറ്റാൽ കിട്ടുന്ന പണവും കുറച്ചു ലോണും കൂട്ടി അവിടെത്തന്നെ ഒരു ഫ്ലാറ്റു വാങ്ങിക്കാമെന്ന് വിചാരിക്കുകയാണ് ഞാൻ.”

“പക്ഷെ അങ്ങനെ വിട്ടെറിഞ്ഞ് പോകാൻ പറ്റ്വോ ഉണ്ണി നിനക്ക്? എത്ര തലമുറകൾ ഉറങ്ങുന്ന മണ്ണാണത്.”

കേശുമാമയുടെ ശബ്ദം നന്നേ താണിരുന്നു അത് പറയുമ്പോൾ.

തന്റെ മുൻപിൽ ഇരിക്കുന്നത് കേശുമാമയല്ല മുത്തശ്ശനാണെന്ന് ബാലന് തോന്നി.

‘ഉണ്ണി’ എന്നുള്ള വിളി അപൂർവമായി മാത്രമേ കേശുമാമയിൽ നിന്നും പുറപ്പെടാറുള്ളൂ.

ബാലന് ആകെ അസ്വസ്തത തോന്നി.

സുമയുടെ ശബ്ദം കേശുമാമയുടെ ശബ്ദത്തിലൂടെ പ്രതിഫലിക്കുകയാണെന്ന് അയാൾ ഭയപ്പെട്ടു.

“ഞാനൊരു കാര്യം പറയട്ടെ? നമുക്കീ വീട് വിൽക്കണ്ട……ജീവിച്ചനുഭവിച്ച ഈ അന്തരീക്ഷത്തിൽനിന്ന് എന്നെന്നേക്കുമായി ഒരു വേർപാട് ബാലേട്ടന് താങ്ങുവാൻ കഴിയുകയില്ല….”

ജീവിതത്തിന്റെ പ്രായോഗികതയും ആത്മബന്ധങ്ങളുയർത്തുന്ന ഗൃഹാതുരചിന്തകളും ബാലന്റെയുള്ളിൽ ശക്തമായ വടംവലി നടത്തി.

പൊക്കിൾക്കൊടി ബന്ധം പോലെ പിരിഞ്ഞാലും പിരിയാത്ത ബന്ധമാണ് തനിക്കീ നാടിനോടുള്ളത്. ഈ മണ്ണിൽ കാലുകുത്തുമ്പോൾ തന്നെ ഹൃദയത്തിൽ വികാരങ്ങളുടെ കവിഞ്ഞൊഴുക്കാണ്.

യാന്ത്രികമായ ജീവിതത്തിന്റെ സൗകര്യമുള്ള പാരതന്ത്ര്യത്തിൽ നിന്നും അസൗകര്യങ്ങളുടെ അയാന്ത്രികമായ സ്വാതന്ത്ര്യത്തിലേക്കാണ് കാല് കുത്തുന്നതെന്നാണ് ഇവിടെ വന്നിറങ്ങുന്ന ഓരോ നിമിഷവും തോന്നാറുള്ളത്.

ഈ മണ്ണും, വെള്ളവും, ബാല്യം മുതൽ കണ്ടുപഴകിയ മുഖങ്ങളും മനസ്സിന്റെ ഗൂഢഭാഗങ്ങളിൽ ചേക്കേറി സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞിരിക്കുന്നു.

പെട്ടെന്നുള്ള പറിച്ചുനടീൽ ഒരു പക്ഷെ ആത്മഹത്യാപരമായിരിക്കും.

ശരിയും തെറ്റും തിരിച്ചറിയാൻ കഴിയാത്ത മുത്തശ്ശിയുടെ ഉണ്ണിയാണ് താനിപ്പോൾ എന്ന് ബാലന് തോന്നി.

നീല ഞരമ്പുകൾ എഴുന്നുനില്ക്കുന്ന വെളുത്ത് ദുർബലമായ ആ കരങ്ങൾ ബാല്യത്തിലെന്ന പോലെ തന്നെയൊന്ന് ആലിംഗനം ചെയ്തു മൂർധാവിൽ ചുംബിച്ചിരുന്നെങ്കിൽ എന്ന് ബാലൻ ആഗ്രഹിച്ചു.

കോതത്തോടിന്റെ തെളിനീർ വെള്ളത്തിൽ പരൽമീനുകൾക്കൊപ്പം ഒരിക്കൽക്കൂടി നീന്തിത്തുടിച്ചു മുങ്ങി നിവർന്നാൽ തന്റെ സന്ദേഹങ്ങൾക്ക് മറുപടി ലഭിക്കും എന്ന് മനസ്സ് വെറുതെ പിറുപിറുത്തു .

“നമുക്കാലോചിക്കാം മാമാ….ഞാനിപ്പോൾ ഇറങ്ങട്ടെ”.

കസേരയിൽ നിന്നും എഴുന്നേൽക്കുമ്പോൾ, എന്തോ ആവശ്യത്തിനായി ഉമ്മറത്തേക്ക് വന്ന ലക്ഷ്മിക്കുട്ടിയമ്മ ചോദിച്ചു,

“അല്ല ബാലൻ ഇറങ്ങുവാ? ഊണ് കഴിഞ്ഞിട്ടേ പോകുള്ളൂന്നു ഞാൻ വിചാരിച്ചു. വർത്താനം കൂടി ചോദിച്ചില്ലല്ലോ.”

“ഇന്നിപ്പോൾ ധൃതിയുണ്ട് അമ്മായി. ഇനിയും ദിവസങ്ങൾ ധാരാളമുണ്ടല്ലോ. മറ്റൊരു ദിവസം ഞങ്ങൾ എല്ലാവരും കൂടി വരുന്നുണ്ട്”.

രണ്ടുപേരോടും യാത്രപറഞ്ഞ് മുറ്റത്തേക്കുള്ള പടവുകളിറങ്ങുമ്പോൾ എങ്ങനെയും വീടെത്തുവാനുള്ള ധൃതിയായിരുന്നു ബാലന്.

മനസ്സിൽ നടന്ന ഒരുപാട് തർക്കങ്ങൾക്കും വാഗ്വാദങ്ങൾക്കും ഒടുവിൽ ബാലൻ തീരുമാനിക്കുകയായിരുന്നു, വീട് വില്ക്കാമെന്ന് തന്നെ.

കേശുമാമയോട് വിവരം പറയുമ്പോൾ, വിഷാദം നിറഞ്ഞ ചിരിയോടെ മാമ പറഞ്ഞു,

“നീ പറയുന്നതിലും കാര്യമുണ്ട് ബാലാ, വില്ക്കരുത് എന്ന് പറഞ്ഞതിൽ ഈ വൃദ്ധന്റെ സ്വാർത്ഥതയുമുണ്ട് എന്ന് കൂട്ടിക്കോളൂ….ഇനിയിപ്പോ എത്ര കാലം എനിക്കും ഇതൊക്കെ നോക്കി നടത്താനാവും.”

“മാമ എന്നോട് ക്ഷമിക്കണം. ഇവിടം വിട്ടുപോകാൻ നൊമ്പരമുണ്ട്. പക്ഷെ മറ്റൊരു മാർഗ്ഗവും ഞാൻ മുൻപിൽ കാണുന്നില്ല.”

“എനിക്കറിയാം ബാലാ. നീ വിഷമിക്കാതിരിക്കു. എല്ലാം നല്ലതിനാണെന്ന് നിരൂവിക്കാം. പീടികക്കലെ ബാപ്പുട്ടീടെ മോൻ അന്ത്രുവിനോട് ഞാൻ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അവനിപ്പോൾ കച്ചവടമൊക്കെ നിർത്തി ബ്രോക്കറ് പണിയാ.”

യാഥാർത്ഥ്യത്തെ ഉൾക്കൊണ്ടുകഴിഞ്ഞ അനുഭവജ്ഞാനത്തിന്റെ സ്വഛതയായിരുന്നു കേശുമാമയുടെ സ്വരത്തിന്.

സുമക്ക് പക്ഷെ അത്ഭുതമായിരുന്നു .

വിൽക്കണമെന്ന് പറഞ്ഞെങ്കിലും കാര്യത്തോടടുക്കുമ്പോൾ താൻ പിന്മാറുമെന്നൊരു വിശ്വാസം അവളുടെ ഉള്ളിലുണ്ടായിരുന്നത് പോലെയാണ് ബാലന് തോന്നിയത്.

ചിലരൊക്കെ വീടും പുരയിടവും കാണുവാൻ വന്നപ്പോൾ അവൾ പറഞ്ഞു.

“ഞാൻ ബാലേട്ടനെ അത്രക്കങ്ങു വിശ്വസിച്ചിരുന്നില്ല, വീട് വിൽക്കണമെന്ന് പറഞ്ഞപ്പോൾ.

ഇപ്പോൾ എന്തോ പ്രിയപ്പെട്ടത് നക്ഷ്ടപ്പെടുവാൻ പോകുന്നത് പോലൊരു തോന്നൽ”.

“നിനക്കും അങ്ങനൊരു തോന്നലുണ്ടോ?

ആരുണ്ട് സുമേ നമുക്കിവിടെ? എന്നെ സംബന്ധിച്ച് കണ്മുൻപിൽ കാണുന്നതെന്തും ഓർമ്മകളുടെ ശവപ്പറമ്പ് മാത്രയായിരിക്കുന്നു.

അച്ഛനെയും അമ്മയെയും ഓർമ്മ പോലുമില്ല. ആകെയുണ്ടായിരുന്നത് മുത്തശ്ശനും മുത്തശ്ശിയും മാത്രമാണ്. അവർ കൂടി പോയിക്കഴിഞ്ഞപ്പോൾ തീർത്തും അനാഥരായില്ലേ നമ്മൾ ?

നൽകിയതിനേക്കാൾ കൂടുതൽ ഈ നാട് എന്നിൽ നിന്നും പറിച്ചെടുത്തു. എന്നിട്ടും എനിക്ക് കുടഞ്ഞെറിയുവാൻ കഴിയുന്നില്ലലോ എന്ന് ഞാൻ സങ്കടപ്പെടുന്നു. കഴിയുന്നു എന്ന് ഞാൻ വെറുതെ ഭാവിക്കുകയാണ്.”

ഒരുവശത്ത് ജീവിതം കെട്ടിപ്പടുക്കാനുള്ള നിതാന്ത പരിശ്രമം, മറുവശത്ത് എല്ലാ നഷ്ടങ്ങൾക്ക് നടുവിലും ഓടിച്ചാടി വളർന്ന മണ്ണിനെ മറക്കാൻ വയ്യാത്ത ആത്മനൊമ്പരം .

“എനിക്ക് ഒരു തീരുമാനത്തിലെത്താൻ പറ്റാതായിരിക്കുന്നു. നീയും കൂടി ഇങ്ങനെ പറഞ്ഞാൽ..”

“ബാലേട്ടാ ഞാൻ..”

സുമ പൂർത്തിയാക്കുന്നതിനു മുൻപേ ബാലൻ പറഞ്ഞു,

“ഇന്ന് അന്ത്രു ഒരാളെ കൊണ്ടുവരാമെന്നേറ്റിട്ടുണ്ട്. ഗൾഫിൽ കുറെ വർഷങ്ങൾ പണിയെടുത്ത പണം കൈയ്യിലുണ്ടെന്നാണ് പറഞ്ഞത്. അയാൾക്കിഷ്ടപ്പെട്ടാൽ ഒരു പക്ഷെ ഇന്നുതന്നെ എഗ്രിമെന്റ് എഴുതിയേക്കും. ഇനിയും ഒരു ചാഞ്ചാട്ടം പറ്റില്ല സുമേ. അവധി തീരുവാൻ രണ്ടാഴ്ച്ച കൂടിയേ ഇനി മുൻപിലുള്ളൂ.”

ബാലൻ ഇത്രകണ്ട് വൈകാരികമായി സംസാരിക്കുന്നത് സുമ മുൻപ് കണ്ടിട്ടേ ഉണ്ടായിരുന്നില്ല. നീണ്ട ഒരു നെടുവീർപ്പ് സുമയിൽ നിന്നും ഉയർന്നു.

എല്ലാം ഈശ്വരനിശ്ചയം പോലെ. സ്വയം പിറുപിറുത്തുകൊണ്ട് ഇറയം തൂക്കാനെടുത്ത ചൂല് കൊണ്ട് മച്ചിന്റെ മൂലയിൽ കണ്ട മാറാല തുടച്ചു നീക്കുവാൻ തുടങ്ങി സുമ.

*******************************************************************************************************

ഉച്ചതിരിഞ്ഞ് പറഞ്ഞ ആളെയും കൊണ്ട് അന്ത്രു വന്നു. അയാൾക്ക് വീടും പറമ്പും ഇഷ്ടമായി. വിലയെ സംബന്ധിച്ച് പേശലുകളൊന്നും തന്നെ ഉണ്ടായില്ല. ചെറിയൊരു തുക വാക്കിന്റെ ഉറപ്പിനായി അയാൾ ബാലന് കൈമാറി. മൂന്നാം ദിവസം തീറാധാരം ചെയ്യുവാൻ തീരുമാനമായതുകൊണ്ട് ഇടയിലൊരു കരാർ ആവശ്യമില്ലെന്ന് ഇരുകൂട്ടരും പരസ്പരം സമ്മതിച്ചു.

വൈകുന്നേരം കേശുമാമയുടെ അടുക്കലോളം പോയി വിവരങ്ങൾ കൈമാറി. കേശുമാമ എല്ലാം മൂളിക്കേട്ടതല്ലാതെ പ്രത്യേകമായി ഒന്നും തന്നെ പ്രതിവചിച്ചില്ല.

മടങ്ങുവാൻ നേരം പറഞ്ഞു.

“നീ തിരികെ പോകും മുൻപേ ഇത്രടം വരെ ഒരിക്കൽക്കൂടി വരണം”.

എന്തിനാണെന്ന് ചോദിച്ചില്ല. പകരം പറഞ്ഞു,

“വരാം..”

************************************************************************

എല്ലാം തീരുമാനമായി. മനസ്സിൽ ആശ്വാസമാണ് തോന്നേണ്ടത്.

പക്ഷേ, ദേശാടനക്കിളികളെപ്പോലെ എന്തൊക്കെയോ കൂട്ടത്തോടെ മനസ്സിൽ പറന്നിറങ്ങുവാൻ തുടങ്ങിയിരുന്നു.

പെയ്യുവാൻ വെമ്പിനില്ക്കുന്ന തുലാമേഘങ്ങളെപ്പോലെ ഘനം തൂങ്ങി നില്ക്കുന്ന മനോമണ്ഡലത്തിന്റെ അസ്വസ്ഥതയിൽ നിന്നും രക്ഷനേടുന്നതിനു വേണ്ടി തൊടിയിലേക്കിറങ്ങി.

മുറ്റത്തിന്റെ ഓരത്തായി കടപുഴുകി കിടക്കുന്ന വയസ്സൻ മുരിങ്ങയുടെ മുൻപിൽ ബാലൻ നിന്നു.

മിഴികൾക്ക് മുൻപിൽ കാഴ്ചകൾ അവ്യക്തങ്ങളാകുന്നത് ബാലൻ തിരിച്ചറിഞ്ഞു.

“ഉണ്ണീ…. ഉണ്ണീ, ഈ കുട്ടി ഇതെവിടെ പോയി ആവോ” എന്ന ശബ്ദത്തിനായി ബാലൻ വെറുതെ കാതോർത്തു.

ഇളം കാറ്റിൽ ഉലയുന്ന ചെറുചില്ലകളിലെ ഇലകളുടെ മർമ്മരമല്ലതെ മറ്റു ശബ്ദങ്ങളൊന്നും കർണപുടത്തിൽ പതിഞ്ഞില്ല.

പിതൃക്കളുടെ ഭൗതികാവിശിഷ്ടങ്ങൾ വിശ്രമം കൊള്ളുന്ന പറമ്പിന്റെ മൂലയിലേക്ക് ദൃഷ്ടികൾ കുറ്റബോധത്തോടെ ഇഴഞ്ഞു ചെല്ലുമ്പോൾ വൈകാരിക വിക്ഷോഭം തൊണ്ടയിൽ അണകെട്ടി വിതുമ്പി നിന്നു.

പിന്നെ ചുടുനീരുറവയായി ഇരു കവിളുകളിലൂടെയും നിശബ്ദമായി ഒലിച്ചിറങ്ങി.

മൗനമായി മനം മന്ത്രിച്ചു,

മാപ്പ്….

രാത്രിയായപ്പോൾ ചെറിയ തലവേദനയുണ്ടായിരുന്നു.

സുമ വിക്സ് നെറ്റിയിൽ പുരട്ടി പതിയെ തടവി.

കുട്ടിയായിരിക്കുമ്പോൾ തലവേദന വന്നപ്പോൾ മുത്തശ്ശി നെറ്റിയിൽ പുരട്ടിത്തന്ന മച്ചിങ്ങ കുഴമ്പിന്റെ കുളിർമ മനസ്സിൽ ഓടിയെത്തി.

സുമ നിർബന്ധിച്ചെങ്കിലും അത്താഴം കഴിച്ചില്ല.

വിശപ്പ് തീരെ ഇല്ലായിരുന്നു. ശരീരമാസകലം കുളിര് അനുഭവപ്പെട്ടു. നേരെത്തെ തന്നെ ഉറങ്ങാൻ കിടന്നു.

രാത്രിയുടെ ഏതോ യാമത്തിൽ ഉപബോധമനസ്സ് സ്വപ്നങ്ങളുടെ തേരിലേറി യാത്ര ആരംഭിച്ചു. ഇരുട്ടിന്റെ ഇടവഴികളിലൂടെ ബാലൻ ഒഴുകിനടന്നു.

കൈതക്കാടുകളും പരൽ മീനുകൾ നീന്തിക്കളിക്കുന്ന കോതത്തോടും ബാലൻ വായുവിലൂടെ നടന്നു കണ്ടു.

മീനുകൾ ജലോപരിതലത്തിലേക്ക് ഉയർന്നുവന്ന് ചോദിക്കുന്നതുപോലെ ബാലന് തോന്നി.

“ആരാത്.. ഉണ്ണിയല്ലേ?”

ചെമ്മൺപാതയിലൂടെ പോകുന്ന കാളവണ്ടികളെ ബാലൻ ആകാശത്ത് നിന്നും കൗതുകത്തോടെ നോക്കി.

കാളവണ്ടിക്കാരുടെ ചാട്ടവാർ അന്തരീക്ഷത്തിൽ സീൽക്കാരങ്ങൾ ഉതിർത്തില്ല.

ഒരു വണ്ടിക്കാരൻ ചോദിച്ചു, “ബാലൻ പീടികയിലേക്കാ? പിറകിൽ കയറിക്കോ, ഞാനും ആ വഴിക്കു തന്നെയാ”.

ഉമ്മറത്തെ ചാരുകസേരയിൽ നിവർന്നിരുന്ന് വെറ്റിലയിൽ നൂറു തേക്കുകയാണ് മുത്തശ്ശൻ.

“ഉണ്ണി ആ കോളാമ്പി ഇത്തിരികൂടി ഇങ്ങു നീക്കിവെച്ചോളൂ.” മുത്തശ്ശൻ പറഞ്ഞു.

“കുട്ടീ, ഇനിയും വെള്ളത്തിൽ നിന്ന് കയറാറായില്ലേ നിനക്ക്?”

മുത്തശ്ശിയുടെ പരിഭവം നിറഞ്ഞ ശകാരം അശരീരി പോലെ അന്തരീക്ഷത്തിൽ മുഴങ്ങുന്നു.

“ഇത്തിരി നേരം കൂടി മുത്തശ്ശി”. തന്റെ തന്നെ ചിണുങ്ങലിന്റെ സ്വരം.

“ഇശ്വരാ ഈ കുട്ടി പറഞ്ഞാൽ അനുസരിക്കുന്നില്ലലോ”. വീണ്ടും മുത്തശ്ശിയുടെ പരിഭവത്തിന്റെ ശബ്ദം.

പെട്ടെന്നൊരു നിമിഷം ബാലൻ ഞെട്ടലോടെ കണ്ടു, ഇരുട്ടിന്റെ മറവിൽ നിന്നും തന്റെയടുക്കലേക്ക് നടന്നടുക്കുന്ന ദംഷ്ട്രകളുള്ള ജീവിയെ.

ബാലൻ വായുവിലൂടെ അതിവേഗത്തിൽ പറക്കുവാൻ ശ്രമിച്ചു.

കൈകാലുകൾക്കു വേഗം പോര. രോമാവൃതമായ കരങ്ങൾ പിന്നിൽ നിന്നും ബാലന്റെ കഴുത്തിൽ പിടിച്ചു. ദംഷ്ട്രകൾ കഴുത്തിൽ ആഴ്ന്നിറങ്ങുന്ന വേദന.

തൊണ്ടയിൽ നിന്നും ആർത്തനാദം ദിക്കുകൾ നടുങ്ങുമാറ്‌ മുഴങ്ങി.

“മുത്തശ്ശീ ….”

“ബാലേട്ടാ… ബാലേട്ടാ…”

ബാലന്റെ ആർത്തനാദം കേട്ട സുമ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന് ബാലനെ കുലുക്കി വിളിച്ചു.

സുമയുടെ ശബ്ദം ഭയം കൊണ്ട് വിറച്ചിരുന്നു.

സുമയുടെ വിളികേട്ട്l കണ്ണുകൾ തുറന്ന ബാലന് എന്താണ് സംഭവിക്കുന്നതെന്ന് പെട്ടെന്ന് മനസ്സിലായില്ല.

ചുറ്റും ഇരുട്ട്, സുമയുടെ വിറപൂണ്ട ശബ്ദം.

നിമിഷങ്ങൾ എടുത്തു മനസ്, കാര്യങ്ങൾ വായിച്ചെടുക്കുവാൻ.

സ്വപ്നത്തേക്കാളുപരി യഥാര്‍ത്ഥ അനുഭവം പോലെയായിരുന്നു അത്.

പിൻകഴുത്തിൽ അറിയാതെ ഒന്നു തടവിനോക്കി.

ഇല്ല, കൂർത്ത പല്ലുകൾ ആഴ്ന്നിറങ്ങിയ പാടുകൾ ഒന്നുമില്ല. കൈകളിൽ രക്തത്തിന്റെ ചുവന്ന കറ പതിഞ്ഞിട്ടില്ല.

എന്തുപറ്റി ബാലേട്ടാ, ?

അവളുടെ സ്വരത്തിൽ പരിഭ്രമം പിന്നെയും നിറഞ്ഞു നിന്നിരുന്നു.

“ഒന്നുമില്ല സുമേ. ഒരു വല്ലാത്ത സ്വപ്നം കണ്ടു”.

“ആവശ്യമില്ലാത്ത ഒരുപാട് കാര്യങ്ങൾ മനസ്സിൽ ചുമന്നു കൊണ്ടുനടന്നിട്ടല്ലേ ബാലേട്ടാ ഇങ്ങനെയൊക്കെ? ഞാൻ കുടിക്കാൻ കുറച്ചു വെള്ളം എടുത്തുകൊണ്ടു വരട്ടെ?”

“ഉം”. ബാലൻ മൂളി.

അല്പനേരത്തിനുള്ളിൽ ഒരു ഗ്ലാസ് വെള്ളവും ഉണങ്ങിയ ഒരു തോർത്തുമായി സുമ വന്നു.

കട്ടിലിൽ ഇരുന്നുകൊണ്ട് തന്നെ ബാലൻ വെള്ളം ഒറ്റവലിക്ക് കുടിച്ചു.

മുഖത്തെയും ശരീരത്തിലെയും വിയർപ്പ് സുമ തോർത്ത് കൊണ്ട് തുടച്ചുനീക്കി.

നെറ്റിയിൽ കൈവെച്ചു കൊണ്ടു സുമ പറഞ്ഞു, “നല്ല മേക്കായമുണ്ടല്ലോ ബാലേട്ടാ?”

ബാലൻ വീണ്ടും മൂളി.

“ബാലേട്ടാ “, സുമ പതിഞ്ഞ സ്വരത്തിൽ ബാലനെ വിളിച്ചു.

“ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?”

ബാലൻ ചോദ്യ ഭാവത്തോടെ സുമയുടെ നേരെ നോക്കി.

“ബാലേട്ടന്റെ ഇഷ്ടങ്ങൾക്ക് ഞാനൊരിക്കലും എതിര് നിന്നിട്ടില്ല.

എപ്പോഴും ബാലേട്ടന്റെ ഇഷ്ടങ്ങൾ എന്റെയും ഇഷ്ടങ്ങളായി കരുതുന്നതായിരുന്നു എനിക്ക് സന്തോഷം. ഇപ്പോഴും അങ്ങനെ തന്നെ”.

പക്ഷെ അന്ത്രുവും ആ മനുഷ്യനും വന്നുപോയതിൽ പിന്നെ ബാലേട്ടനിൽ വന്ന മാറ്റം ഞാൻ ശ്രദ്ധിക്കുകയായിരുന്നു.

മൗനവും നെടുവീർപ്പുകളും ഇപ്പൊ ദാ ദുസ്വപ്നങ്ങളും കൂടി.

എന്തിനാണിങ്ങനെ സ്വയം ശിക്ഷിക്കുന്നത്?

നമ്മുടെ നാട്ടിൽ ഒരു പിടി മണ്ണുള്ളത് മതി നമുക്ക്.

വേരുകളില്ലാത്ത മറ്റൊരു ദേശത്ത് എന്തിനാണ് നമ്മൾ നമ്മുടെ തലമുറകളെ പറിച്ചു നടുന്നത്. എനിക്കും ഇവിടമാണ് ഇഷ്ടം ബാലേട്ടാ. ഇവിടേയ്ക്ക് മടങ്ങി വരുന്നിടം വരെ ഈ ഭുമി ഇങ്ങനെ തന്നെ കിടക്കട്ടെ.

അന്ത്രുവിനോട് പറയാം, വാങ്ങിച്ച പണം അയാൾക്ക് മടക്കി കൊടുത്തേക്കാമെന്ന്. തല്ക്കാലം വീട് വില്ക്കുന്നില്ലെന്ന്”

സുമ ബാലന്റെ മനസ്സ് വായിച്ചു സംസാരിക്കുകയായിരുന്നു.

അതേ ചിന്തകൾ തന്നെയായിരുന്നു ബാലന്റെ മനസ്സിലൂടെയും കടന്നുപൊയ്ക്കൊണ്ടിരുന്നത്.

കാരണവന്മാർ അവരുടെ മണ്ണിൽ സ്വസ്ഥമായിവിശ്രമിക്കട്ടെ. എപ്പോഴെങ്കിലും സ്ഥിരമായ ഒരു തിരിച്ചുവരവ് ഈ നാട്ടിലേക്കുണ്ടാവും.

തീർത്തും ഒരു ഒഴിവാക്കൽ താങ്ങാൻ എനിക്ക് കരുത്തില്ല. ഈ മണ്ണിന്റെ മണമാണ് എനിക്കേറ്റവും ഇഷ്ടം. ഇവിടുത്തെ വെള്ളത്തിന്റെ കുളിർമയാണ് പനിനീരിനെക്കാളും സുഖം പകരുന്നത്.

ഈ ഹ്രസ്വസന്ദർശനങ്ങൾ പോലും എത്രമാത്രം ഊർജ്ജദായകമാണ്. ജീവിതത്തിലെ ഏറ്റവും മിഴിവാർന്ന ചിത്രങ്ങൾ മനസ്സിൽ കോറിയിട്ടിരിക്കുന്നത് ഈ ഗ്രാമാന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിലാണ്.

എന്റെ വേരുകൾ ഇവിടെയാണ്. അനാഥത്വം നല്കിയത് നാടല്ല. അത് ഇശ്വരൻ തന്ന വിധി. പക്ഷെ താൻ അനാഥനല്ലല്ലോ.

സുമയില്ലേ തനിക്ക്, കുട്ടികളില്ലേ. പിന്നെയും കൂട്ടിന് ഒരുപാട് ഓർമ്മകളും.

ബാലൻ സുമയെ ചേർത്ത് പിടിച്ചു പറഞ്ഞു, “ഇല്ല നീയെന്റെ ഇഷ്ടങ്ങൾക്ക് ഒരിക്കലും എതിരുനിന്നിട്ടില്ല, ഇപ്പോഴും. അഡ്വാൻസ് വാങ്ങിച്ച പണം തിരിച്ചു കൊടുക്കുവാൻ ഞാൻ തീരുമാനിച്ചു.”

സുമ ബാലന്റെ നേരെ ഹൃദയം നിറഞ്ഞു ചിരിച്ചു. ബാലനും. അവരുടെ മിഴികൾ നിറഞ്ഞു തുളുമ്പിയിരുന്നു.

തലയ്ക്കു മുകളിൽ ഗൗളി ചിലച്ചതു കേട്ട് സുമ പറഞ്ഞു, “കേട്ടോ ബാലേട്ടാ, പല്ലി ചിലക്കുന്നു. ഇതെല്ലം ഈശ്വരനിശ്ചയം തന്നെയാണ്”.

ബാലൻ പിന്നെയും ചിരിച്ചു. അയാളുടെ മനസ്സ് സ്വതന്ത്രമായിരുന്നു.

ഭാരമില്ലാത്ത എരുക്കിൻ പൂവുപോലെ !

കാവിൽ നിന്നും ഒഴുകിവന്ന പ്രഭാത കീർത്തനത്തിന്റെ പ്രാർത്ഥനാനിർഭരമായ ഈണം അവരുടെ കാതുകളിൽ പ്രഭാതവന്ദനം നേർന്നു.

സുമ പറഞ്ഞു, “നേരം പുലർന്നു ബാലേട്ടാ, ഞാൻ അടുക്കളയിലേക്കു ചെല്ലട്ടെ”.

“കുറച്ചുകൂടി കഴിഞ്ഞിട്ട്..”

ബാലൻ അവളെ അരുമയോടെ തന്നിലേക്ക് അടുപ്പിച്ചു..