സംശയക്കാരി

“ഗോപുവേട്ടാ..ഉടുപ്പിട്..ഇങ്ങനെ ശരീരോം കാണിച്ചോണ്ട് വെളിയില്‍ ഇരിക്കണ്ട”

ചൂട് സമയത്ത് അല്‍പ്പം കാറ്റ് കൊള്ളാന്‍ വരാന്തയില്‍ ഇരിക്കുകയായിരുന്ന ഗള്‍ഫന്‍ ഗോപുവിന്റെ കൈയിലേക്ക് ഒരു ടീ ഷര്‍ട്ട് നീട്ടിക്കൊണ്ട് പ്രിയതമ മഞ്ജു പരിഭവത്തോടെ പറഞ്ഞു.

“ഒന്ന് പോടീ..ഈ ചൂടത്ത് ഉടുപ്പിടാന്‍..വിയര്‍ത്തിട്ടു വയ്യ”

“നിങ്ങളൊക്കെ എസിയില്‍ ഇരുന്നങ്ങു ശീലിച്ചു പോയതുകൊണ്ടാ ഈ ചെറിയ ചൂട് പോലും താങ്ങാന്‍ വയ്യാത്തെ..ഉള്ളില്‍ ഫാന്‍ ഉണ്ടല്ലോ..അങ്ങോട്ട്‌ പോയി ഇരുന്നാലെന്താ..”

“ഇപ്പോള്‍ ഇവിടെ എന്റെ വീടിന്റെ വരാന്തയില്‍ അല്ലെ ഞാന്‍ ഇരിക്കുന്നത്..അതിലിപ്പം എന്ത് കുഴപ്പമാണ് നീ കണ്ടത്?”

“ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ..ഈ ഉടുപ്പിടാന്‍ അല്ലെ പറഞ്ഞുള്ളൂ..” അവള്‍ മുഖം വീര്‍പ്പിച്ചു.

“ഞാന്‍ ഇടുന്നില്ല..നീ ഒന്ന് പോയെ..”

“ഗോപുവേട്ടാ..എനിക്കറിയാം നിങ്ങളുടെ ഉള്ളിലിരിപ്പ്..ഞാന്‍ പൊട്ടി ഒന്നുമല്ല…”

“എന്തോന്ന് ഉള്ളിലിരിപ്പ്..?’

ഗേറ്റിന്റെ അരികില്‍ ആരോ വന്നത് കണ്ടപ്പോള്‍ അവള്‍ മറുപടി നല്‍കാതെ അങ്ങോട്ട്‌ നോക്കി. അതോടെ അവളുടെ മുഖം കൂടുതല്‍ കറുത്തു. രണ്ടു വീടുകള്‍ക്ക് അപ്പുറത്തുള്ള ഗിരീശന്റെ ഭാര്യ രാധികയാണ് കക്ഷി. കാണാന്‍ അതിസുന്ദരി. പോരാത്തതിന് എല്‍ ഐ സി ഏജന്റും. ചേട്ടന്‍ വന്നെന്നറിഞ്ഞു പോളിസി എടുപ്പിക്കാനുള്ള വരവാണ്. അവളുടെ ചന്തത്തില്‍ മയങ്ങി ഇങ്ങേര്‍ എടുക്കുകയും ചെയ്യും. മഞ്ജു അനിഷ്ടത്തോടെ ഉള്ളില്‍ പിറുപിറുത്തു.

“യ്യോ ചേട്ടാ ഈ ഉടുപ്പിട്..ആ രാധിക ഇങ്ങോട്ട് വരുന്നു” മഞ്ജു ശബ്ദം തീരെ താഴ്ത്തി അവനോട് പറഞ്ഞു.

“സൌകര്യമില്ല..അവള് വരുന്നതിന് ഞാന്‍ എന്തിനാ ഉടുപ്പിടുന്നത്”

“ഹും..കണ്ട പെണ്ണുങ്ങളെ ഒക്കെ കാണിക്കാന്‍..നാണമില്ലാത്ത മനുഷ്യന്‍..” അവള്‍ ചാടിത്തുള്ളി ഉള്ളിലേക്ക് പോയപ്പോള്‍ അന്നനടയായി വരുന്ന രാധികയെ ഗോപു നോക്കി.

“മഞ്ജു എന്നെ കണ്ടതുകൊണ്ടാണോ ഗോപുവേട്ടാ ഉള്ളിലേക്ക് പോയത്?” വിടര്‍ന്ന ചിരിയോടെ രാധിക ചോദിച്ചു.

‘യ്യോ..അവള്‍ടെ ഒരു ഒലിപ്പീര്..പഞ്ചാര കലക്കിയല്ലേ ഗോപുവേട്ടാ എന്ന് വിളിക്കുന്നത്’ കതകിന്റെ മറവില്‍ നിന്നുകൊണ്ട് മഞ്ജു കോപത്തോടെ ആത്മഗതം ചെയ്തു.

“എന്തൊക്കെ ഉണ്ട് രാധികേ? ഗിരീശന്‍ എന്ത് പറയുന്നു? ഈയിടെ എങ്ങാനും അവന്‍ വന്നിരുന്നോ?” ഗോപു കുശലം ചോദിച്ചു.

“ഓ..അങ്ങേര്‍ക്ക് ഗോപുവേട്ടനെപ്പോലെ അവധി കിട്ടുമോ..വന്നാല്‍ വന്നു എന്ന് പറയാം… ഏട്ടന്‍ അവിടെ ഗള്‍ഫില്‍ നല്ല തീറ്റിയും കുടിയും ആണെന്ന് തോന്നുന്നല്ലോ..ആള്‍ അങ്ങ് തടിച്ചു പഴയതിനേക്കാള്‍ സുന്ദരനായി..”

രാധികയുടെ സംസാരം കേട്ടപ്പോള്‍ മഞ്ജുവിന്റെ കോപം ആളിക്കത്തി. ഹോ..അവള് സുഖിപ്പിക്കുകയാണ് അങ്ങേരെ. സ്വര്‍ണമാലയും നെഞ്ചും കാണിച്ച് നാണമില്ലാതെ അങ്ങേരുടെ ഒരു ഇരുപ്പ്. ഇറങ്ങി ചെന്ന് അവളെ ഓടിക്കാനുള്ള കോപം വളരെ പ്രയാസപ്പെട്ട് മഞ്ജു അടക്കി.

“രാധികയും പഴയതിനേക്കാള്‍ മിനുത്തിട്ടുണ്ട്….പക്ഷെ ഇവിടെ ഒരുത്തിയുണ്ട്..നന്നായി ഭക്ഷണം കഴിക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല..കണ്ടില്ലേ അവളുടെ കോലം”

‘അയ്യോ എന്റെ ദൈവമേ എന്റെ പെരുവിരല് മുതല്‍ കേറുന്നു..നാണമുണ്ടോ ഇങ്ങേര്‍ക്ക് മറ്റു സ്ത്രീകളുടെ മുന്‍പില്‍ വച്ച് സ്വന്തം ഭാര്യയെ ഇങ്ങനെ പറയാന്‍’ മഞ്ജു തികട്ടിവന്ന കോപം നിയന്ത്രിക്കാന്‍ പെട്ട പാട് അവള്‍ക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ.

“ഗിരീഷ്‌ ഏട്ടനും മെലിഞ്ഞിട്ടാ..കാണാന്‍ ഗോപുവേട്ടന്റെ പകുതി ഗ്ലാമര്‍ പോലുമില്ല..ഹും..ഓരോരോ വിധി അല്ലാതെന്താ”

രാധിക നെടുവീര്‍പ്പിട്ടുകൊണ്ട് പറയുന്നത് കേട്ടപ്പോള്‍ മഞ്ജു വിറയ്ക്കുകയായിരുന്നു. ‘യ്യോടി പൂതനെ എന്നാ നീ ഇയാളെ അങ്ങ് കൊണ്ടുപോടി..’ അവള്‍ പല്ലുകള്‍ ഞെരിച്ചുകൊണ്ട് ഉള്ളില്‍ മന്ത്രിച്ചു.

“പിന്നെ എന്തൊക്കെ ഉണ്ട് രാധികേ വിശേഷം?”

“ഒന്നുമില്ല ഏട്ടാ..ഏട്ടന്‍ ഒരു പോളിസി എടുക്കാമോ..ചെറുത് മതി..ഗിരീശേട്ടന്റെ ശമ്പളം കൊണ്ട് ജീവിച്ചു പോകാന്‍ പറ്റില്ല..അതിനു വേണ്ടിയാണ് ഞാനിങ്ങനെ ഓരോരോ ഗള്‍ഫുകാര്‍ വരുമ്പോള്‍ വീട് വീടാന്തരം തെണ്ടാന്‍ ഇറങ്ങുന്നത്” രാധിക ചിരിച്ചുകൊണ്ട് പറഞ്ഞു.

“പിന്നെന്താ എടുക്കാം..പേപ്പറുകള്‍ കൊണ്ടുവന്നാല്‍ മതി..ചെറുതേ ആകാവു കേട്ടോ”

“വളരെ നന്ദി ഉണ്ട് ഏട്ടാ..ഞാന്‍ എല്ലാരോടും പറയും ഗോപുവേട്ടന്‍ എനിക്കെന്റെ സ്വന്തം ആങ്ങളയെപ്പോലെ ആണെന്ന്..ഞാന്‍ ആവശ്യപ്പെട്ട ഒരു കാര്യം പോലും ഏട്ടന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടില്ല.ഇന്നേവരെ..പക്ഷെ മഞ്ജുവിന് എന്നോടൊരു സ്നേഹോം ഇല്ല..ഏട്ടന്‍ എല്ലാം നന്നായി നോക്കുന്നത് കൊണ്ട് അവള്‍ക്ക് എന്നെപ്പോലെ ഇങ്ങനെ തെണ്ടി നടക്കേണ്ട ഗതികേട് ഉണ്ടോ..ഹും..എന്ത് ചെയ്യാം”

അവളെ കണ്ട നിമിഷം മുതല്‍ കോപം കൊണ്ട് വിറയ്ക്കുകയായിരുന്ന മഞ്ജുവിന് അവസാനം നടന്ന സംഭാഷണങ്ങള്‍ നല്ലൊരു കുളിര്‍മ്മ തന്നെ സമ്മാനിച്ചു. അവള്‍ മെല്ലെ വെളിയിലേക്ക് ചെന്നു.

“അടുപ്പില്‍ അരി ഇട്ടിട്ടുണ്ടായിരുന്നു രാധികേ..അതാ ഞാന്‍ വേഗം അങ്ങോട്ട്‌ പോയത്..ചായ എടുക്കട്ടെ” ചിരിച്ചുകൊണ്ട് അവള്‍ ചോദിച്ചു.

“ഒന്നും വേണ്ട മഞ്ജു..ഏട്ടനെ കണ്ട് ഒരു പോളിസിയുടെ കാര്യം പറയാന്‍ വന്നതാ…ഞാന്‍ പോട്ടെ..കുറെപ്പേരുടെ പൈസ അടയ്ക്കാനുണ്ട്..പോട്ടെ ഗോപുവേട്ടാ”
അവന്‍ തലയാട്ടി. അവള്‍ പോയിക്കഴിഞ്ഞപ്പോള്‍ ഗോപു ഭാര്യയെ നോക്കി.

“എടി സംശയരോഗി..രാധിക പറഞ്ഞത് നീ കേട്ടല്ലോ? നിന്നെപ്പോലെ മനോരോഗികള്‍ അല്ല ബാക്കി എല്ലാ പെണ്ണുങ്ങളും..മിനിമം സ്വന്തം ഭര്‍ത്താവിനെ എങ്കിലും ഒന്ന് വിശ്വസിക്കടി…”
അയാള്‍ അങ്ങനെ പറഞ്ഞപ്പോള്‍ മഞ്ജു മിണ്ടാതെ മുഖം കുനിച്ചു.

“എടി അവനവനില്‍ വിശ്വാസം ഇല്ലാത്തവര്‍ ആണ് മറ്റുള്ളവരെ സംശയിക്കുന്നത്..നീ ആദ്യം നിന്നെത്തന്നെ ഒന്ന് വിശ്വസിക്കാന്‍ ശീലിക്ക്..അവള്‍ടെ ഒരു ഉടുപ്പും മണ്ണാങ്കട്ടയും..നീ ചെയ്യുന്നത് പോലെ ഞാന്‍ നിന്നെ സംശയിച്ചാല്‍ അത് എങ്ങനെ ഉണ്ടാകും എന്ന് ഓര്‍ത്തിട്ടുണ്ടോ? ഉം പോ പോ..വല്ലതും ഉണ്ടാക്ക്..എനിക്ക് വിശക്കുന്നു..”

“സോറി ഗോപുവേട്ടാ..ഇനി ഞാന്‍ അങ്ങനെ പെരുമാറില്ല”

മഞ്ജു ചെറിയ കുറ്റബോധത്തോടെ അങ്ങനെ പറഞ്ഞ ശേഷം ഉള്ളിലേക്ക് പോയി.

“ഹായ് ഗോപുവേട്ടോ..എന്ന് വന്നു”

മറ്റൊരു കിളിനാദം കേട്ടു മഞ്ജു വേഗം ജനലിലൂടെ നോക്കി. അവളുടെ മനസ്സില്‍ ഇടിത്തീ വീഴിച്ചുകൊണ്ട് ഉള്ളിലേക്ക് വന്നത് ഈ അടുത്തിടെ ഭര്‍ത്താവുമായി പിണങ്ങിപ്പിരിഞ്ഞു വന്നു നില്‍ക്കുന്ന തൊട്ടയലത്തെ ആമിന ആയിരുന്നു. ഗോപുവേട്ടന്‍ എപ്പോഴും മൊഞ്ചത്തി എന്ന് മാത്രം വിളിക്കുന്ന തലതിരിഞ്ഞ തെറിച്ച സ്വഭാവമുള്ള പെണ്ണ്..മഞ്ജു ദേഷ്യവും നിസ്സഹായതയും കലര്‍ന്ന കണ്ണുകളോടെ അവളെ നോക്കി മനസ്സില്‍ പ്രാകി..

“ഹും..അവളുടെ ഒരു കോണുവേട്ടന്‍..വൃത്തികെട്ടവള്‍..