സൂര്യസേനൻ [Novel]

സൂര്യസേനൻ | Suryasenan
Author : വിശ്വനാഥൻ ഷൊർണ്ണൂർ

ധളവാപുരി രാജ്യത്തെ കൊട്ടാരം വൈദ്യർ രാജകോശി അമൂല്യമായ ഒരു മരുന്ന് തയ്യാറാക്കുന്നതിനു വേണ്ടിയാണ് കുണ്ഡലദേശത്തേ ആ കൊടുങ്കാട്ടിലെത്തിയത്.
ഘോര വനത്തിനുള്ളിൽ മാത്രം കാണുന്ന സൂര്യ പ്രകാശം ഏൽക്കാതെ വളരുന്ന സനൈത്യസ് എന്ന ഒരുതരം ചെടിയുടെ ഇലകള്‍ തേടി നടക്കാന്‍ തുടങ്ങിയിട്ട് അര നാഴിക പിന്നിട്ടിരിക്കുന്നു .

ഒരുപാട് നേരത്തെ അലച്ചിലിനൊടുവിൽ വനത്തിനു നടുവില്‍ പടർന്നു പന്തലിച്ചു നിൽകുന്ന ഒരു വലിയ വൃക്ഷത്തിന്റെ ചുവട്ടില്‍ നിന്നും സനൈത്യസ് കണ്ടെത്തി . അതിന്റെ ഇലകള്‍ പറിച്ച് സൂര്യപ്രകാശം കൊള്ളിക്കാതെ തന്റെ ഭാണ്ഡത്തിൽ നിക്ഷേപിച്ചു .

ഭാണ്ഡം താഴെ വെച്ച് ആ മരച്ചുവട്ടിൽ ഇരുന്നു . സനൈത്യസ് തേടിയുള്ള നടത്തവും വിശപ്പും ദാഹവും ക്ഷീണവും കാരണം രാജകോശിയുടെ കണ്ണുകള്‍ അറിയാതെ അടഞ്ഞു പോയി ഭാണ്ഡം തലക്ക് വെച്ച് അയാള്‍ ഉറക്കിലേക്ക് വഴുതി വീണു .

നരഭോജിയായ ഒരു മൃഗത്തിന്റെ അലർച്ച കേട്ടാണ് വൈദ്യർ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണർന്നത് . ഉറക്കത്തില്‍ നിന്നും ഉണർന്ന വൈദ്യർ നോക്കുമ്പോള്‍ പിൻകാലിലേക്ക് ശക്തി ആർജിച്ച് തനിക്ക് നേരെ കുതിക്കാൻ തയ്യാറായി നിൽക്കുന്ന ഒരു കടുവ .

ഒന്നലറി വിളിച്ചാല്‍ പോലും തന്റെ രക്ഷക്ക് വരാന്‍ ഈ കൊടു കാട്ടിൽ ആരുമില്ലാ എന്നത് രാജ കോശിയെ തളർത്തി .താന്‍ നിമിഷങ്ങള്‍ക്കം ഈ കടുവയുടെ ഭക്ഷണമാകാൻ പോകുകയാണെന്ന് മനസ്സിലാക്കിയ അയാള്‍ കണ്ണുകള്‍ അടച്ച് തന്റെ ഇഷ്ടദൈവത്തെ മനസ്സില്‍ ധ്യാനിച്ചു .

കടുവ വാ പിളർത്തി അയാള്‍ക്ക്‌ നേരെ
നേരെ കുതിച്ചു ചാടി . പെട്ടെന്ന് ഒന്നിന് പിറകേ ഒന്നായി പാഞ്ഞു വന്ന മൂന്ന് അസ്ത്രങ്ങൾ കൃത്യമായി കടുവയുടെ വായില്‍ തന്നെ തറച്ചു .

കടുവയുടെ ധീനരോധനം കേട്ട് കണ്ണു തുറന്ന് നോക്കിയ വൈദ്യർക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല .

“ആരാണ് തന്നെ രക്ഷിക്കാന്‍ ഈ വനത്തിനുള്ളിൽ ” ആകാംക്ഷയോടെ വൈദ്യർ ചുറ്റും നോക്കി . ആ സമയം ഒരു ഒരു യുവവാവ് അങ്ങോട്ട് നടന്നടത്തു.

വിരിഞ്ഞ മാറിടം പുറകിലോട്ട് നീട്ടിയ മുടി ഭംഗിയുള്ള താടി മുകളിലേക്ക് പിരിച്ചു വെച്ച കൊച്ചു മീശ . ചുമലിൽ തൂക്കിയ അമ്പൊഴിയാത്ത ആവനായി . ഉരുക്കു പോലേയുള്ള കൈത്തണ്ടകൾ ഒറ്റ നോട്ടത്തിൽ ഒരു ശക്തനായ യോദ്ധാവിനേ പോലെ തോന്നിച്ച യുവാവിനെ നോക്കി രാജകോശി പറഞ്ഞു .

“പ്രണാമം , എന്നെ രക്ഷിച്ച അങ്ങ് ആരാണ് കുമാരാ “

“നോം ശുക്രാത്മജൻ കുണ്ഡല ദേശത്തെ യുവരാജാവാണ് “

“നിങ്ങൾ ആരാണ് എങ്ങനെ ഈ കാടിനുള്ളിൽ എത്തി “

“കുമാരാ ഞാന്‍ ധവള പുരി രാജ്യത്തെ കൊട്ടാരം വൈദ്യരാണ് അതിവിശിഷ്ടമായ ഒരു മരുന്ന് ചെടി തേടിയാണ് ഞാന്‍ ഇവിടെ എത്തിയത് . പുരാതന വൈദ്യ ഗ്രന്ഥങ്ങളിൽ പറയുന്ന ആ അത്ഭുത മരുന്ന് ഈ കാട്ടിൽ മാത്രമേ കാണൂ എന്ന് ആ ഗ്രന്ഥത്തിൽ പ്രത്യേകം പറയുന്നുണ്ട് അത് ശേഖരിക്കാനാണ് ഒന്നര ദിവസത്തെ യാത്രാ ദൂരം താണ്ടി അടിയൻ ഇവിടെ എത്തിയത് . യാത്രയുടെ ക്ഷീണവും വിശപ്പും കാരണം മരച്ചുവട്ടിൽ വിശ്രമിക്കാം എന്ന് കരുതി അല്പ സമയം ഒന്ന് ഇരുന്നതാണ് അറിയാതെ മയങ്ങിപ്പോയി . അങ്ങ് വന്നില്ലായിരുന്നെങ്കിൽ അടിയൻ ആ കടുവയുടെ ഇരയായേനേ “

“ഉം…. വെയില്‍ ചായാൻ അധിക നാഴികയില്ല രാത്രി യാത്ര ഒഴിവാക്കൂ ..എന്റെ കൂടെ നമ്മുടെ കൊട്ടാരത്തിലേക്ക് പോരൂ ഇന്ന് അവിടെ തങ്ങിയിട്ട് നാളെ ഏഴര വെളുപ്പിന് യാത്ര തുടരാം”

“അടിയൻ “

ശുക്രാത്മജന്റെ കൂടെ രാജകോശി കുണ്ഡല രാജകൊട്ടാരത്തിലേക്ക് പുറപ്പെട്ടു . യാത്രയില്‍ പരസ്പരം അവര്‍ ഒന്നും സംസാരിച്ചില്ല ഏകദേശം അരനാഴിക പിന്നിട്ട അവര്‍ കൊട്ടാരത്തിൽ പ്രവേശിച്ചു

“ആരാണ് കുമാരാ ഇന്ന് നമ്മുടെ അതിഥി “

കുമാരന്റെ കൂടെയുള്ള ആളെ നോക്കി കുണ്ഡല മഹാരാജൻ ചന്ദ്രസേനൻ ചോദിച്ചു

“ധവളാപുരി കൊട്ടാരത്തിലെ കൊട്ടാരം വൈദ്യരാണ് തിരുമനസ്സേ , മരുന്ന് ശേഖരിക്കാൻ കാട്ടിൽ അലയുന്നതിനിടെ കടുവയുടെ മുന്നില്‍ പെട്ടു നോമാണ് രക്ഷിച്ചത് “

അപ്പോഴാണ്‌ രാജകോശി കുമാരന്റെ വലതു കൈത്തണ്ടയിലേക്ക് നോക്കിയത് . കുമാരന്റെ കയ്യിലെ പച്ച കുത്തിയ മുദ്ര കണ്ടതും രാജ കോശിയുടെ ചുണ്ടുകള്‍ അറിയാതെ മന്ത്രിച്ചു

ശുക്രാത്മജന്റെ വലതു കൈത്തണ്ടയിലെ പച്ച കുത്തിയ മുദ്ര കണ്ടതും രാജകോശിയുടെ ചുണ്ടുകള്‍ സൂര്യസേനൻ എന്ന് അറിയാതെ മന്ത്രിച്ചു . ശേഷം കുണ്ഡല രാജൻ ചന്ദ്രസേനനോട് പറഞ്ഞു .

“അടിയന് തിരുമനസ്സിനോട് ഒരു രഹസ്യം ഉണർത്തിക്കാനുണ്ട് , അവിവേകമാണെങ്കിൽ മാപ്പാക്കണം”

“താങ്കള്‍ നമ്മുടെ അഥിതിയാണ് .കുണ്ഡല രാജവംശ പരമ്പര അഥിതികളേ ദൈവ തുല്ല്യരായാണ് കാണാറുള്ളത് ധൈര്യമായി താങ്കള്‍ക്ക് നമ്മോട് പറയാം “

ചന്ദ്രസേനൻ അത് പറഞ്ഞതും ദർബാറിലുണ്ടായിരുന്ന ശുക്രാത്മജനടക്കമുള്ളവര്‍ പുറത്തേക്ക് പോയി .

“ഹും … പറയൂ , എന്താണ് നമ്മോട് പറയാനുള്ള രഹസ്യം ? നാം എന്തെങ്കിലും സഹായം താങ്കള്‍ക്കായി ചെയ്തു തരേണ്ടതുണ്ടോ ?
മടിക്കാതെ ചോദിച്ചോളൂ”

“അത് ..തിരുമനസ്സേ…..

രാജകോശി ഒരു നിമിഷം ചോദിക്കണോ വേണ്ടയോ എന്നു ചിന്തിച്ചു .

“ചോദിച്ചോളൂ “

ചന്ദ്രസേനൻ പറഞ്ഞതും രാജകോശി ചോദിച്ചു

“ശുക്രാത്മജ കുമാരന്റെ ജനനം അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട് അടിയന് . അവിവേകമാണെങ്കിൽ പൊറുക്കണം “

തൊഴുകൈയ്യോടെ രാജകോശി ചോദിച്ചപ്പോള്‍ ചന്ദ്രസേനൻ തിരുമനസ്സ് പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു .

“ഇതാണോ താങ്കള്‍ ഭയത്തോടെ നമ്മോട് ചോദിക്കുന്നത് . നമ്മുടെ രാജ്യത്തെ പ്രജകളോട് ചോദിച്ചാല്‍ അതിന്റെ ഉത്തരം താങ്കള്‍ക്ക് കിട്ടുമായിരുന്നു എങ്കിലും നാം താങ്കളോട് ആ കഥ പറയാം ..

* * ** ** ** ** **

കുണ്ഡല ദേശത്തെ രാജാവായ ചന്ദ്രസേനന് സന്താന സൗഭാഗ്യം ഉണ്ടായിരുന്നില്ല . ഈ ഒരു ദുഃഖം രാജാവിനെ സദാ അലട്ടിക്കൊണ്ടിരുന്നു . രാജ്യകാര്യങ്ങളിൽ പോലും ശ്രദ്ധ കുറഞ്ഞത് പോലെയായി . രാജാവിന്റെ ഈ ദുഃഖം രാജ്യത്തെ പ്രജകളിലും ആ കാലങ്ങളില്‍ കാണപ്പെട്ടിരുന്നു .

പുത്രകാമേഷ്ടി യാഗം വരെ നടത്തി നോക്കി നിരാശയായിരുന്നു ഫലം . ശിവനേയും ബ്രഹ്മാവിനേയും പൂജിച്ചു ദൈവങ്ങളും ചന്ദ്രസേനൻ രാജനെ കൈവിട്ട പോലെയായായി
ഈ ദുഃഖത്തിൽ നിന്നും മുക്തി നേടാനെന്നോണം ചന്ദ്രസേനൻ ഇടക്കിടെ നായാട്ടിന് പോകുക പതിവായിരുന്നു.

ഒരിക്കല്‍ വിശേഷാൽ യാഗം കഴിഞ്ഞ് യാഗാഗ്നി അണയ്ക്കുന്ന സമയത്ത് എങ്ങു നിന്നോ ഒരു ഋഷി വര്യൻ കൊട്ടാരത്തിലെത്തി . യാഗ സ്ഥലം നോക്കി ആ ഋഷി ചന്ദ്രസേനനോട് പറഞ്ഞു

“ദിസങ്ങൾ കഴിയുമ്പോള്‍ രാജന് പുത്ര യോഗം വന്ന് ചേരും . അത് സൂര്യ ഭഗവാന്റെ സമ്മാനമായി കാണണം “

പിന്നീട് ഒന്നും പറയാതെ ഋഷി കൊട്ടാരത്തിൽ നിന്നും പോയി .

പതിവ് പോലെ ചന്ദ്രസേനനും പരിവാരങ്ങളും കാട്ടിൽ നായാട്ടിനു പോയി . വേട്ടയാടിക്കൊണ്ടിരിക്കെ ചന്ദ്രസേനന്റെ മുന്നിലൂടെ സ്വർണ്ണ നിറമുള്ള ഒരു മാൻകുഞ്ഞ് പ്രത്യക്ഷപ്പെട്ടു.

അതി മനോഹരമായ അതിന്റെ സ്വർണ്ണ നിറമാർന്ന ശരീരത്തില്‍ വെള്ളി നിറത്തിലുള്ള പുള്ളികൾ അങ്ങിങ്ങായി കാണപ്പെട്ടു . ആ പുള്ളികൾ അതിനെ കൂടുതല്‍ മനോഹരമാക്കി .

മാൻ കുഞ്ഞിനെ കണ്ട മന്ത്രി വേദഗുപ്തൻ ചന്ദ്രസേനനോട് പറഞ്ഞു .

” തിരുമനസ്സ് ആ മാൻ കുഞ്ഞിനെ ശ്രദ്ധിച്ചോ
അതിന്റെ ശരീരത്തിലുള്ള പുള്ളികൾ സർവ്വാഐശ്വര്യ പ്രാധാനിയാണ് . സൂര്യ ഭാഗവാന്റെ കടാക്ഷം ഭവിക്കുന്നവർക്കു മുന്നിലെ ഈ മാൻകുഞ്ഞ് പ്രത്യക്ഷപ്പെടൂ , തിരുമനസ്സ് അതിനെ പിന്തുടർന്നാലും . എന്തോ ഒരു ഭാഗ്യം അങ്ങയേ കാത്തിരിക്കുന്നുണ്ട്”

വേദ ഉപനിശത്തുക്കളും ലക്ഷണ ശാസ്ത്രവും ഹൃദ്യസ്ഥമാക്കിയ പണ്ഡിതനായ തന്റെ മന്ത്രിയുടെ വാക്കുകള്‍ കേട്ട മാത്രയിൽ ചന്ദ്രസേനൻ അതിനെ തന്റെ കുതിരപ്പുറത്ത് പിന്തുടർന്നു . തുള്ളിക്കളിച്ചും വെട്ടിച്ചും മാൻകുഞ്ഞ് ചന്ദ്രസേനനെ കാടിനു നടുവില്‍ ഒഴുകി കൊണ്ടിരിക്കുന്ന നദിക്കരയിലേക്കെത്തിച്ചു .

ചന്ദ്രസേനൻ നദിക്കരയിൽ എത്തിയതും മാൻകുഞ്ഞ് പെട്ടെന്ന് അപ്രത്യക്ഷമായി . ചുറ്റിലും നോക്കിയിട്ടും മാൻകുഞ്ഞിനെ കണ്ടെത്താന്‍ ചന്ദ്രസേനന് കഴിഞ്ഞില്ല .

ഒടുവില്‍ നദിക്കരയിൽ മടങ്ങി എത്തിയ ചന്ദ്രസേനൻ കുതിരപ്പുറത്ത് നിന്നും ചാടി ഇറങ്ങി മുഖം കഴുകാനായി നദിക്കരയിലേക്ക് നീങ്ങി.
എന്തോ ഒരു ശബ്ദം കേട്ട് അങ്ങോട്ട് നോക്കിയ ചന്ദ്രസേനൻ പെട്ടെന്ന് തന്നെ ആവനാഴിയിൽ നിന്നും ഒരസ്ത്രമെടുത്ത് വില്ലിൽ കുലച്ചു…!!!!

പുഴക്കരയിൽ പട്ട് തുണിയിൽ പൊതിഞ്ഞ നിലയില്‍ സുന്ദരനായ ഒരാൺകുട്ടി . കൈകാലുകൾ ഇട്ടടിച്ചും മോണകാട്ടി ചിരിച്ചും കിടന്ന് കളിച്ചു കൊണ്ടിരിക്കുന്നു . ആ കുഞ്ഞിനെ വിഴുങ്ങാനെന്നോണം വാ പിളർത്തി നിൽക്കുന്ന ഒരു വലിയ പെരുമ്പാമ്പ് .

ആ കാഴ്ച്ചകണ്ട ചന്ദ്രസേനൻ ചുമലിൽ കിടന്ന വില്ലെടുത്തു ആവനാഴിയിൽ നിന്നും ഒരു അസ്ത്രമെടുത്ത് കുലച്ച് ഞാൺ വലിച്ചു വിട്ടു . പാഞ്ഞു പോയ അസ്ത്രം കൃത്യമായി തന്നെ പാമ്പിന്റെ പിളർത്തി നിൽക്കുന്ന മേല്‍ മോണയിലൂടെ കയറി പുറത്തേക്ക് വന്നു . വീണ്ടും ഒരു അസ്ത്രം കൂടി പാമ്പിന്റെ കഴുത്ത് ലക്ഷ്യമാക്കി പായിച്ചു ആ അസ്ത്രവും കൃത്യസ്ഥാനത്ത് കൊണ്ടതും പാമ്പ് പിടഞ്ഞു നിശ്ചലമായി .

കുഞ്ഞിനടുത്തേക്ക് നടന്നടുത്ത ചന്ദ്രസേനൻ ഇടതുകാൽ കുത്തി നിറുത്തി വലുത് കാൽമുട്ട് തറയിലൂന്നി കുഞ്ഞിനെ എടുക്കാന്‍ ശ്രമിച്ചതും കുഞ്ഞ് നിശ്കളങ്കമായി പുഞ്ചിരിച്ച് ചന്ദ്രസേനന്റെ വിരല്‍ തന്റെ കുഞ്ഞിക്കൈ കൊണ്ട് പിടിച്ചു . അപ്പോഴാണ്‌ ചന്ദ്രസേനൻ ഋഷിയുടെ വാക്കുകള്‍ ഓർത്തത് . കുഞ്ഞിനെ വാരിയെടുത്ത് കുഞ്ഞിക്കവിളിൽ മുത്തം നൽകി ചന്ദ്രസേനൻ നെഞ്ചോട് ചാർത്തി തന്റെ കുതിരപ്പുറത്തേക്ക് ചാടിക്കയറി കടിഞ്ഞാൺ പിടിച്ചു ഒന്ന് കുലുക്കിയതും അശ്വം ചന്ദ്രസേനനേയും കൊണ്ട് കുതിച്ചു .

നായട്ടിന് പോയ രാജാവും പരിവാരങ്ങളും സന്തോഷത്തോടെയാണ് കൊട്ടാരത്തിൽ തിരിച്ചെത്തിയത് . കൊട്ടാരത്തിലെത്തിയ ചന്ദ്രസേനൻ നേരെ അന്തപുരത്തിലേക്ക് കുഞ്ഞിനേയും എടുത്ത് കൊണ്ട് ചെന്നത് .

കുഞ്ഞുങ്ങളില്ലാത്ത ദുഃഖത്തിൽ സദാ വിഷമിച്ചു കഴിഞ്ഞിരുന്ന ചന്ദ്രസേനന്റെ പട്ടമഹിഷി രുദ്രാണി ദേവി അധിക സമയവും അന്തപുരത്തിൽ തന്നെ കഴിഞ്ഞുകൂടി .

ചന്ദ്രസേനൻ അകത്തേക്ക് പ്രവേശിച്ചതും രാജ്ഞിക്ക് ആലവട്ടം വീശിക്കൊണ്ടിരുന്ന തോഴിമാർ പുറത്തേക്ക് പോയി . പോകുന്ന പോക്കിലും അവര്‍ ചന്ദ്രസേനന്റെ കയ്യിലെ പ്രസന്നനായ കുഞ്ഞിനെ ഒളികണ്ണിട്ട് നോക്കാന്‍ മറന്നില്ല.

ചന്ദ്രസേനനെ കണ്ടതും രുദ്രാണി ദേവി സപ്രമഞ്ചം വിട്ടെഴുന്നേറ്റു . രാജന്റെ കയ്യിലെ കുഞ്ഞിനെ കണ്ടതും പട്ടമഹിഷിയുടെ മുഖം തിളങ്ങി .കണ്ണുകളിൽ വാത്സല്ല്യം കളിയാടി . കുഞ്ഞിനെ അവരുടെ കൈകളിലേക്ക് വെച്ച് കൊടുത്തു കൊണ്ട് ചന്ദ്രസേനൻ കുഞ്ഞിനെ കിട്ടിയ സംഭവം വിവരിച്ചു കൊടുത്തു .

രാജ ദർബാർ വിളിച്ചു കൂട്ടി . മന്ത്രിയും കൊട്ടാരം ജോത്സര്യും പുരോഹിതരും ദർബാറിൽ ഹാജറായി . അല്പസമയം കഴിഞ്ഞപ്പോള്‍ ചന്ദ്രസേനനും പട്ടമഹിഷിയും ദർബാറിലേക്ക് എഴുന്നള്ളി . രുദ്രാണി ദേവി പതിവിലും സുന്ദരിയായിരുന്നു അന്ന് . ചന്ദ്രസേനൻ സിംഹാസനത്തിൽ ഉപവിഷ്ടനായി ഇടതു വശത്തായി രുദ്രാണി ദേവിയും ഇരുന്നു അവരുടെ കയ്യില്‍ കുഞ്ഞും ഉണ്ടായിരുന്നു .

ചന്ദ്രസേനൻ സദസ്സിനെ നോക്കി പറഞ്ഞു

“നോം നടത്തിയ യാഗങ്ങളുടേയും ഹോമങ്ങളുടേയും ഫലമായി മുന്‍പൊരു ഋഷി വര്യൻ രാജസദസ്സിൽ അരുൾ ചെയ്ത പോലെ സൂര്യ ഭഗവാന്റെ വരദാനമായി നമുക്കൊരു പുത്രനെ ലഭിച്ചിരിക്കുന്നു . നമ്മുടെ പിൻഗാമിയായി അവനെ നാം ഇവിടെ വെച്ച് ഇപ്പോള്‍ തന്നെ വാഴിക്കുന്നു “

സദസ്സിലുണ്ടായിരുന്നവരുടെ മുഖങ്ങള്‍ പ്രസന്നഭാവത്തിൽ തിളങ്ങി . കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് മന്ത്രി വേദഗുപ്തനായിരുന്നു . വേദഗുപ്തൻ ചന്ദ്രസേനന്റെ വിശ്വസ്തനായി മന്ത്രി എന്നതിനേക്കാൾ സതീർത്ഥ്യൻ എന്ന് പറയുന്നതാവും ശരി .

രുദ്രാണി ദേവിയിൽ നിന്നും കുഞ്ഞിനെ വാങ്ങി ചന്ദ്രസേനൻ വീണ്ടും തുടർന്നു.

“ഇവന് നാം ശുക്രാത്മജൻ എന്ന് നാമകരണം ചെയ്യുന്നു”

ശേഷം കൊട്ടാരം ജോത്സ്യരോട് അവന്റെ ജാതകം നോക്കാന്‍ പറഞ്ഞു .

അവനെ കിട്ടിയ മുഹൂർത്തം ജനന മുഹൂർത്തമായും ദിവസം ജനിച്ച ദിവസമായും കണക്കാക്കി ജോത്സ്യർ കണ്ണുകളടച്ച് ധ്യാന നിരതനായി .

ഗ്രഹനിലകൾ ജോത്സ്യരുടെ തലയിലൂടെ മിന്നി മറഞ്ഞു ചിന്താധീനനായി ധ്യാനത്തിലും കൈവിരലുകൾ മടങ്ങുകയും നിവരുകയും ചെയ്തു കൊണ്ടിരുന്നു .

ചന്ദ്രസേനനും രുദ്രാണി ദേവിയും മറ്റുള്ളവരു ശ്വാസമടക്കി പിടിച്ച് ജോത്സ്യരുടെ വാക്കുകള്‍ക്കു വേണ്ടി കാതോർത്തു . അപ്പോള്‍ ആ ദർബാറിൽ സൂചി വീണാല്‍ പോലും അതിന്റെ ശബ്ദം അവിടെ മുഴങ്ങുമായിരുന്നു അത്രയും നിശബ്ദമായിരുന്നു ദർബാർ.

ധ്യാനിച്ച് കണ്ണുകള്‍ തുറന്ന കൊട്ടാരം ജോത്സ്യരുടെ കണ്ണുകള്‍ ആ കുഞ്ഞിലേക്കും പിന്നീട് ചന്ദ്രസേനന്റെ മുഖത്തേക്കും നീണ്ടു . മറ്റുള്ളവരുടെ കണ്ണുകള്‍ ജോത്സ്യരുടെ മുഖത്തായിരുന്നു അപ്പോള്‍…..

സദസ്സ് മുഴുവന്‍ കൊട്ടാരം ജോത്സ്യരെ ഉറ്റു നോക്കിക്കൊണ്ടിരുന്നു. ധ്യാനത്തിൽ നിന്നും വിരമിച്ച് കണ്ണുകള്‍ തുറന്ന കൊട്ടാരം ജോത്സ്യർ ചന്ദ്രസേനന്റെ മുഖത്തേക്ക് നോക്കി . നിശബ്ദമായ ദർബാറിൽ അവിടെയുള്ളവരുടെ ശ്വാസഗതികൾ ഉയര്‍ന്നു കേട്ടു . രാജാവിനെ നോക്കി കൊണ്ട് ജോത്സ്യർ പറഞ്ഞു .

“രാജൻ ലക്ഷണങ്ങളിൽ ഈ കുഞ്ഞ് സൂര്യ ഭഗവാന്റെ തേജസ്സിന്റെ പ്രതിരൂപമായിട്ടാണ് കാണുന്നത് .ഇവന്‍ വളരുന്നതോടെ രാജ്യത്തിന്റെ ക്ഷേമം അഭിവൃതിപ്പെടും . ആയോധന കലയിലും ബുദ്ധിയിലും ഈ കുഞ്ഞിനെ വെല്ലാൻ ആരുമില്ലാതാവും . സൂര്യതേജസ്സുള്ള ഇവന്‍ കീർത്തിമാനാവും . യുദ്ധ തന്ത്രങ്ങളിൽ ഒരു വലിയ തന്ത്രജ്ഞനും ആയിരിക്കും . അങ്ങയുടെ പിൻഗാമിയാക്കാൻ എന്തുകൊണ്ടും യോഗ്യനാണ് ഈ കുഞ്ഞ്”

ജോത്സ്യരുടെ വാക്കുകള്‍ കേട്ട ദർബാറിലുണ്ടായിരുന്നവരുടെ മുഖങ്ങളിൽ സന്തോഷം അലതല്ലി.

വർഷങ്ങൾക്ക് ശേഷം ചന്ദ്രസേന്റെ പട്ടമഹിഷി രുദ്രാണി ദേവിയുടെ മുഖത്ത് പുഞ്ചിരി വിടർന്നു . ചന്ദ്രസേനനിൽ നിന്നും കുഞ്ഞിനെ തന്റെ കൈകളിലേക്ക് വാങ്ങിയ രുദ്രാണി ദേവി കുഞ്ഞിക്കവിളുകളിൽ മുത്തമിട്ടു.

ദർബാറിൽ നിന്നും എല്ലാവരും പിരിഞ്ഞു പോയി
രാജാവിന്റെ ജീവിതത്തിലെ സന്തോഷകരമായ ഈ സംഭവം അറിയിക്കാന്‍ രാജ്യത്തിന്റെ തെരുവുകളിൽ ഭടൻമാർ പെരുമ്പറ മുഴക്കി .

വാര്‍ത്തയറിഞ്ഞ ജനങ്ങള്‍ കൊട്ടാരത്തിലേക്ക് ഒഴുകിയെത്തി . കൊട്ടാരത്തിന്റെ അങ്കണം രാജ്യത്തെ പ്രജകളാൽ നിറഞ്ഞു . ചന്ദ്രസേനനും പത്നിയും കുഞ്ഞിനെ എടുത്ത് കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ പ്രത്യക്ഷപ്പെട്ടു.

“കുണ്ഡല രാജൻ ചന്ദ്രസേനൻ തിരുമനസ്സ് നീണാൾ വാഴട്ടേ”

“രാജ്ഞി രുദ്രാണി ദേവി നീണാൾ വാഴട്ടേ “

ആയിരം കണ്ഠങ്ങളിൽ നിന്നും ഒരേ ശബ്ദത്തില്‍ ഉയര്‍ന്നു . ചന്ദ്രസേനൻ കുഞ്ഞിനെ പ്രജകൾക്ക് കാണിച്ച് കൊടുത്ത് അവിടെ നിന്നും പോയി .

വർഷങ്ങൾ കഴിഞ്ഞു ശുക്രാത്മജൻ രാജ്യത്തിന്റെ കണ്ണിലുണ്ണിയായി കൊട്ടാരത്തിൽ വളർന്നു.
ആയോധന കലകളും വേദങ്ങളും വളരെ പെട്ടെന്ന് തന്നെ ശുക്രാത്മജൻ സ്വയത്തമാക്കി . ഞൊടിയിട കൊണ്ട് വില്ല് കുലച്ച് അസ്ത്രം ലക്ഷ്യ സ്ഥാനത്തെത്തിക്കാനുള്ള അപാരമായ കഴിവ് ശുക്രാത്മജനുണ്ടായിരുന്നു.അഭ്യാസങ്ങളിൽ അവനെ വെല്ലാൻ ആരുമുണ്ടായിരുന്നില്ല .

** ** ** ** ** ** ** **

ഒരിക്കല്‍ ശുക്രാത്മജൻ തന്റെ ഗുരുവിനെ സന്ദർശിക്കാൻ ഗുരുവിന്റെ പർണ്ണശാലയിലേക്ക് പോയി . ആ സമയം ഗുരു സൂര്യ ഭഗവാനെ പ്രീതിപ്പെടുത്താൻ സൂര്യ നമസ്ക്കാരം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു പെട്ടന്നാണ് ബാലനായ ശുക്രാത്മജൻ മേലോട്ട് നോക്കിയത് . കണ്ണടച്ച് കഴുത്തോളം വെള്ളത്തില്‍ കൈകള്‍ സൂര്യനെ നേരെ കൂപ്പി നിൽക്കുന്ന ഗുരുവിന്റെ തലക്ക് മുകളിലേക്ക് കഴുകന്റെ കാലില്‍ നിന്നും വേർപ്പെട്ട ഒരു നായയുടെ ജഡം വന്ന് കൊണ്ടിരിക്കുന്നത് കണ്ടത് . ഉടന്‍ തന്നെ കുമാരൻ ചുമലിൽ നിന്നും വില്ലെടുത്ത് അസ്ത്രം തൊടുത്ത് ഞാൺ വലിച്ചു വിട്ടു നായയുടെ ജഡം കൊണ്ട് കുതിച്ച ബാണം ഗുരുവിൽ നിന്നും നൂറ് വാര അകലെ ചെന്നു വീണു .

മറ്റൊരിക്കൽ കുമാരൻ വനപാതയിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു പറ്റം കൊള്ള സംഘം കുമാരനു നേരെ ഊരി പിടിച്ച വാളുമായി ചാടി വീണു . ശുക്രാത്മജൻ തന്റെ വലതു കൈ വാൾപിടിയിലൊതുക്കി കുതിരപ്പുറത്ത് നിന്നും ഉയര്‍ന്നു പൊങ്ങി കൊള്ളക്കാർക്ക് നടുവിലേക്ക് പറന്നിറങ്ങി തറയില്‍ വട്ടം കറങ്ങി തിരിഞ്ഞും മറിഞ്ഞും ഉയര്‍ന്നു പൊങ്ങിയും ചുറ്റും നിന്ന് അക്രമിക്കാൻ വന്ന കൊള്ള സംഘത്തെ ഞൊടിയിട കൊണ്ട് നിലം പരിശാക്കി .

ഇതോടെ ശുക്രാത്മജന്റെ കീർത്തി രാജ്യത്ത് പരന്നു . ചന്ദ്രസേനൻ തന്റെ പുത്രനേയോർത്ത് അഭിമാനം കൊണ്ടു.

ചന്ദ്രസേനൻ ശുക്രാത്മജനെ ലഭിച്ചത് മുതല്‍ അവന്റെ കൗമാരം വരെ പറഞ്ഞു നിറുത്തി രാജകോശിയേ നോക്കി അയാളുടെ മുഖത്ത് ഒരു ഭാവ വെത്യാസവും ചന്ദ്രസേനന് കാണാന്‍ കഴിഞ്ഞില്ല .

ശേഷം ചന്ദ്രസേനൻ തുടര്‍ന്നു

ഇതായിരുന്നു ബാല്യത്തിൽ ശുക്രാത്മജൻ എങ്കില്‍ പിന്നീട് തന്ത്രപരമായി യുദ്ധം നയിക്കാൻ കഴിവുള്ള ഒന്നാന്തരം യോദ്ധാവും ആയിമാറി

ആ കഥ കേൾക്കാനിരുന്ന രാജകോശിയുടെ മനസ്സ് കാലങ്ങള്‍ പിറകിലേക്ക് സഞ്ചരിച്ചു…..

ശുക്രാത്മജന് പതിനെട്ട് തികയുന്നതിന് നാളുകള്‍ക്ക് മുന്‍പ് ചന്ദ്രസേനൻ രാജസദസ്സ് വിളിച്ചു കൂട്ടി . യുവരാജാവായി പട്ടാഭിഷേകം നടത്തുന്നതിനു വേണ്ടി മുഹൂർത്തം നോക്കാൻ വേണ്ടിയായിരുന്നു അത് .

കൊട്ടാരം ജോത്സ്യർ രാശിപ്പലകക്കു മുന്നില്‍ ഉപവിഷ്ടനായി . സർവ്വ ഗ്രഹങ്ങളേയും മനസ്സില്‍ ധ്യാനിച്ചു കണ്ണുകളടച്ചു. മന്ത്രോച്ചാരണത്തോടെ കവടി മണികൾക്കു മുകളില്‍ തന്റെ ഉള്ളം കൈ പാഞ്ഞു നടന്നു . കണ്ണുകള്‍ തുറന്ന് ഗ്രഹനിലകളിലേക്ക് കവടികൾ നീക്കി ചിന്താധീനനായി അല്പസമയം കഴിഞ്ഞു ചന്ദ്രസേനനോട് പറഞ്ഞു .

“രാജൻ , പട്ടാഭിഷേകത്തിന് മുന്‍പ് കുമാരന്റെ ജന്മദിവസം ചില വിശേഷാൽ പൂജയും ഹോമങ്ങളും നടത്തണം . കുമാരന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടിയാണത് . അതിനു ശേഷം ഒരു അശ്വമേധ യാഗം നടത്തണം ശേഷം മാത്രമേ പട്ടാഭിഷേകം നടത്താവൂ എന്നാണ് ഗൃഹ നില പറയുന്നത് “

“ശരി , ജോത്സ്യർ പറയുന്നത് പോലെയാവട്ടേ”

ശേഷം മന്ത്രി വേദഗുപ്തനോടായി ചോദിച്ചു

“എന്തു പറയുന്നു വേദഗുപ്തൻ “

“എല്ലാം അങ്ങയുടെ തീരുമാനം പോലേയാവട്ടേ തിരുമനസ്സേ “

“ശരി , എങ്കില്‍ അതിനു വേണ്ട ഒരുക്കങ്ങൾ നടക്കട്ടേ “

ഭൃത്യൻ കൊണ്ടു വന്ന സ്വർണ്ണത്താലത്തിൽ നിന്നും നൂറു പൊൻപണം അടങ്ങിയ ഒരു കിഴി ജോത്സ്യനു നേരെ നീട്ടിക്കൊണ്ട് ചന്ദ്രസേനൻ പറഞ്ഞു

“ജോത്സ്യരേ , നമ്മുടെ സന്തോഷത്തിനു വേണ്ടി ഇതു വെച്ചോളൂ “

ജോത്സ്യർ രണ്ട് കൈകളും ചേര്‍ത്ത് രാജാവിൽ നിന്നും പൊൻപണം അടങ്ങിയ കിഴി വാങ്ങി കണ്ണില്‍ വെച്ചു . ചന്ദ്രസേനൻ അന്തപുരത്തിലേക്കും മറ്റുള്ളവര്‍ ദർബാറിനു പുറത്തേക്കും പോയി .

ദിവസങ്ങള്‍ കൊഴിഞ്ഞു വീണു . രാജ കൊട്ടാരവും രാജവീഥികളും രാജ്യത്തിന്റെ തെരുവുകളും ശുക്രാത്മജന്റെ ജന്മദിനം ആഘോഷിക്കാൻ തയ്യാറായി . കൊടിതോരണങ്ങൾ നാടിനെ വർണ്ണപ്പകിട്ടാക്കി മാറ്റി .

കൊട്ടാരമുറ്റത്ത് ഹോമകുണ്ഡം ഒരുങ്ങി . മുനിമാരും പുരോഹിതൻമാരും ഹോമകുണ്ഡത്തിനും ചുറ്റും നിരന്നു. ദ്രവ്യങ്ങൾ അഗ്നിയിലേക്ക് പകർന്നു ധൂമ പടലങ്ങൾ ആകാശത്തേക്കുയർന്നു . അന്തരീക്ഷം മന്ത്രമുകരിതമായി .

രണ്ട് ദിവസം നീണ്ടു നിന്ന ഹോമത്തിന്റെ അവസാന ദിവസം ശുക്രാത്മജൻ ഈറനോടെ ഹോമകുണ്ഡത്തിനു എതിരായി പീഠത്തിൽ ഉപവിഷ്ടനായി . കൈകൾ കൂപ്പി കണ്ണുകളടച്ച് അഗ്നി ദേവനേ പൂജിച്ചു . ഈ സമയം കുമാരന്റെ തലയിലൂടെ ഏഴ് കുഭം പാലും ഏഴ് കുംഭം ചന്ദനത്തൈലവും കൊണ്ട് അഭിഷേകം നടത്തി മുനിമാരും പുരോഹിതരും ഹോമത്തിൽ നിന്നും വിരമിച്ചു .

ഹോമാഗ്നി തീർത്ഥം തളിച്ച് അണച്ച ശേഷം കൊട്ടാരത്തിലേക്ക് പ്രവേശിച്ച കുമാരനെ ചന്ദ്രസേനനും പട്ടാമഹിഷി രുദ്രാണി ദേവിയും ചേര്‍ന്ന് പൂർണ്ണകുംഭം നൽകി സ്വീകരിച്ചു .

** ** ** ** ** ** ** ** ** **

ഈ സമയം മറ്റൊരിടത്ത്

കാർകോടൻ ചന്ദ്രസേനന് കപ്പം നൽകുന്ന കാട്ടുരാജാവാണ് . കാർകോടന്റെ സീമന്ത പുത്രിയാണ് സ്യാമന്തനി .
കലമാൻ മിഴികൾ പോലെ സൗന്ദര്യമാർന്ന മിഴികൾ തൊണ്ടിപ്പഴം പോലെ ചുവന്നു തുടുത്ത അധരങ്ങൾ കട്ടിക്കറുപ്പാർന്ന പുരികക്കൊടികൾ ഒതുങ്ങിയ അരക്കെട്ട് ആലില വയർ ആരും കണ്ടാല്‍ കൊതിച്ചു പോകുന്ന അപ്സര സുന്ദരിയാണ് സ്യാമന്തനി.

പതിവുപോലെ സ്യാമന്തനിയും തോഴിമാരും കാട്ടു ചോലയിലെ നീരാട്ട് കഴിഞ്ഞു കാട്ടു പാതയിലൂടെ നടന്നു പോകുകയായിരുന്നു . പെട്ടന്നാണ് അവരുടെ മുന്നിലേക്ക് കുതിരപ്പുറത്ത് ഒരാള്‍ പ്രത്യക്ഷപ്പെട്ടത് . ശൂരക പുരിയിലെ ദുഷ്ടനായ രാജാവ് ധൂമധ്വജനായിരുന്നു അത്

സ്യാമന്തിനിയെ കണ്ടതും ധൂമധ്വജന്റെ കണ്ണുകള്‍ തിളങ്ങി . ചുണ്ടുകള്‍ ശൃങ്കാര ഭാവത്തില്‍ കോട്ടി വഴിതടഞ്ഞുകൊണ്ട് ചോദിച്ചു .

“അല്ലയോ അപ്സര സുന്ദരി ധൂമധ്വജന്റെ മിഴികൾ കുളിരേകിയ നീ ആരാണ് ?

“ഞാൻ ഈ കാടിന്റെ അധിപൻ കാർകോടന്റെ പുത്രിയാണ് , വഴിമാറ്. അല്ലെങ്കില്‍ കാർകോടകന്റെ പോരാളികളുടെ ധീരത നീയറിയും “

ധൂമധ്വജന്റെ നേരെ വിരല്‍ ചൂണ്ടി കൊണ്ട് സ്യാമന്തനി ദേഷ്യത്തോടെ പറഞ്ഞു .

“ഹ.ഹ.ഹ. നാം ആരാണെന്നറിയോ ?? ശൂരകപുരിയുടെ അധിപൻ ധൂമധ്വജനെ വെല്ലുവിളിക്കാൻ മാത്രം കാനന പുത്രിക്ക് ധൈര്യമോ ” എന്ന് ചോദിച്ചു കൊണ്ട് കുതിരയുടെ പുറത്ത് നിന്നും ചാടിയിറങ്ങിയ ധൂമധ്വജൻ സ്യാമന്തനിയുടെ കയ്യില്‍ കയറി പിടിച്ചു .

ധൂമധ്വജന്റെ കൈവിടുവിക്കാൻ ശ്രമിച്ച കാർകോടക പുത്രി പരാജിതയായി . തോഴിമാർ കൂട്ടത്തോടെ നിലവിളിക്കാൻ തുടങ്ങിയതും ധൂമധ്വജൻ സ്യാമന്തിനിയെ പൊക്കി തന്റെ കുതിരപ്പുറത്തേക്ക് കിടത്തി ചാടികയറി കടിഞ്ഞാൺ വലിച്ചതും കുതിര ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് പിൻകാലിൽ ഉയര്‍ന്നു ശേഷം ശരവേഗത്തിൽ അവരേയും കൊണ്ട് മുന്നോട്ട് കുതിച്ചു …..

സ്യാമന്തിനിയുടെ തോഴിമാരുടെ നിലവിളികേട്ട് അടുത്തുണ്ടായിരുന്ന കാർകോടന്റെ സൈന്യത്തിലെ രണ്ട് സൈനികർ പാഞ്ഞെത്തി തോഴിമാരിൽ നിന്നും വിവരം അറിഞ്ഞ ഭടൻമാർ ധൂമധ്വജൻ പോയ വഴി തങ്ങളുടെ കുതിരകളെ ഓടിച്ചു പോയി .

അവിടെ നിന്നും കരഞ്ഞു വിളിച്ചു കൊണ്ട് തോഴിമാർ കാർകോടന്നരികിലേക്ക് ചെന്നു . തോഴിമാരുടെ വരവിൽ എന്തോ പന്തികേട് തോന്നിയ കാർകോടൻ തോഴിമാരോട് കാര്യം തിരക്കി . കരഞ്ഞു കൊണ്ട് തന്നെ തോഴിമാർ സംഭവിച്ചതത്രയും കാർകോടനോടുണർത്തിച്ചു
അതു കേട്ടതും കാർകോടന്റെ കണ്ണുകള്‍ ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു .

“എന്ത് നമ്മുടെ പുത്രിയേ കടത്തി കൊണ്ട് പോയെന്നോ?
“ആരവിടെ???

ഉച്ചത്തിലുള്ള വിളി കേട്ട് ഒരു ഭൃത്യൻ അങ്ങോട്ടു വന്നു . താണു വണങ്ങി തൊഴുതുകൊണ്ട് പറഞ്ഞു

“അടിയൻ”

“പോയി മന്ത്രി മുഖ്യനേയും സേനാപതിയേയും നമ്മേ വന്ന് മുഖം കാണിക്കാന്‍ പറയൂ…

കാർകോടൻ ദേഷ്യം മാറാത്ത മുഖത്തോടെ ഭൃത്യനോട് ഉത്തരവിട്ടു .

“ഉത്തരവ് ” കാർകോടനെ വണങ്ങി ഭൃത്യൻ അവിടെ നിന്നും പിൻവാങ്ങി .

കോപം കൊണ്ട് അടിമുടി വിറച്ച കാർകോടൻ കൈകള്‍ കൂട്ടിത്തിരുമ്മുകയും വാൾ ഉറയിൽ നിന്നും വലിച്ചൂരുകയും വീണ്ടും ഉറയിലേക്ക് തന്നെ ഇടുകയും ചെയ്തു കൊണ്ട് കൊട്ടാരമുറ്റത്ത് ഉലാത്തിക്കൊണ്ടിരുന്നു .

അല്പ സമയത്തിന് ശേഷം മന്ത്രി മുഖ്യനും സേനാപതിയും അങ്ങോട്ട് വന്നു

“വനാധിപൻ കാർകോടൻ തിരുമനസ്സ് നീണാൾ വാഴട്ടേ”

“എന്താണ് തിരുമനസ്സേ മുഖംകാണിക്കാൻ പറഞ്ഞത് “

“ശൂരക പുരിയിലെ ധൂമധ്വജൻ നമ്മുടെ പുത്രി സ്യാമന്തിനിയേ കടത്തിക്കൊണ്ടു പോയിരിക്കുന്നു . എത്രയും വേഗം കുമാരിയേ ധൂമധ്വജനിൽ നിന്ന് രക്ഷിക്കണം “

“ധൂമധ്വജന്റെ സൈന്യത്തേ ആക്രമിച്ചു കീഴ്പ്പെടുത്താനുള്ള സൈനിക ശേഷി നമുക്കില്ല തിരുമനസ്സേ”

കാർകോടന്റെ വാക്കുകള്‍ കേട്ട സേനാപതി മറുപടി പറഞ്ഞു .

“മന്ത്രിമുഖ്യാ എന്താണൊരു മാർഗം?

“തിരുമനസ്സേ നമുക്ക് കുണ്ഡല രാജാവ് ചന്ദ്രസേനന്റെ സഹായം തേടാം . കപ്പം കൊടുക്കുന്ന രാജാവിനെ സൈനികമായി സഹായിക്കേണ്ടതുണ്ടല്ലോ”

മന്ത്രിയുടെ വാക്കുകള്‍ കാർകോടന് തെല്ലൊരാശ്വാസം നൽകി . അപ്പോഴാണ്‌ ധൂമധ്വജന്റെ പിറകേ പോയ രണ്ട് ഭടൻമാരും അങ്ങോട്ട് വന്നത് . കുതിരപ്പുറത്ത് നിന്നും ചാടിയിറങ്ങിയ അവര്‍ ശിരസ്സ് കുനിച്ച് വണങ്ങി ശേഷം പറഞ്ഞു .

“തിരുമനസ്സ് ക്ഷമിക്കണം , ഞങ്ങള്‍ക്ക് ധൂമധ്വജനെ കണ്ടെത്താന്‍ കഴിഞ്ഞില്ല “

കാർകോടൻ കോപത്തോടെ മൂളിക്കൊണ്ട് അവരെ ഒന്ന് നോക്കിയതും ആ രണ്ട് ഭടൻമാരും അവിടെ നിന്നും പോയി .

“മന്ത്രിമുഖ്യാ കുണ്ഡല രാജനേ മുഖംകാണിക്കാൻ നാം പുറപ്പെടുകയാണ് . രാജാവിന് സമർപ്പിക്കാൻ കാണിക്കയും നമുക്ക് യാത്രയ്ക്കുള്ള ഒരുക്കങ്ങളും ചെയ്യൂ.താങ്കളും നമ്മേ അനുഗമിക്കൂ “

“ഉത്തരവ് , തിരുമനസ്സേ “

മന്ത്രിയും സേനാപതിയും അവിടെ നിന്നും പിൻവാങ്ങി .

** ** ** ** ** ** **

ചന്ദ്രസേനൻ അന്തപുരത്തിൽ പട്ടമഹിഷി രുദ്രാണിദേവിയുമായി ശുക്രാത്മജനെ യുവരാജാവായി വാഴിക്കാൻ നടത്താന്‍ പോകുന്ന അശ്വമേധ യാഗത്തേ പറ്റി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ്‌ കാനനാധിപൻ കാർകോടൻ മുഖംകാണിക്കാൻ വേണ്ടി എഴുന്നള്ളിയ കാര്യം ഭൃത്യൻ അറിയിച്ചത് .

ഉത്തരിയം എടുത്ത് മേല്‍ പുതച്ചുകൊണ്ട് ചന്ദ്രസേനൻ ദർബാറിലേക്ക് വന്നു .

“ചന്ദ്രസേനൻ തിരുമനസ്സിന് പ്രണാമം”

“പ്രണാമം വനാധിപതി , പറയൂ എന്താണ് അംഗരാജ്യത്തേ വിശേഷങ്ങള്‍ “

സിംഹാസനത്തിൽ ഉപവിഷ്ടനായിക്കൊണ്ട് ചന്ദ്രസേനൻ ചോദിച്ചു .

കാർകോടൻ നടന്ന സംഭവങ്ങള്‍ ചന്ദ്രസേനനെ പറഞ്ഞു കേൾപ്പിച്ചതും അദ്ദേഹത്തിന്റെ കണ്ണുകളില്‍ നിന്നും കോപാഗ്നി ചിതറി.

“ആരവിടെ ? ചന്ദ്രസേനന്റെ ശബ്ദം ദർബാറിന്റെ ചുമരുകളിൽ തട്ടി പ്രതിധ്വനിച്ചു . ദർബാറിന്റെ മുന്നില്‍ കാവല്‍ നിന്നിരുന്ന ഒരു ഭടൻ അടിയൻ എന്ന് പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി വണങ്ങി ഉത്തരവിനായി കാത്തു നിന്നു.

“ഉടൻ വേദഗുപ്തനോട് വരാന്‍ പറയൂ”

“ഉത്തരവ് തിരുമനസ്സേ ” ഭടൻ അവിടെ നിന്നും പിൻവാങ്ങി .