പംഗ്വി മരിച്ചവളുടെ കഥ 2

പംഗ്വി മരിച്ചവളുടെ കഥ 2
Pangi Marichavalude kadha Part 2 Author: Sarath Purushan
Previous Part

-അതെന്താ സർ….-

അഭിനവ് അല്പം ആകാംഷ കലർത്തികൊണ്ട് ചോദിച്ചു.

-സർ… മാരിപുരം അത്ര നല്ല സ്ഥലമൊന്നുമല്ല… സന്ധ്യ കഴിഞ്ഞാൽ ആ വഴിയിലൂടെ ആരും പോകാറില്ല..-

അത് പറയുമ്പോഴും അയാളുടെ കണ്ണുകളിൽ ഭയം നിറഞ്ഞിരുന്നു..

-അപ്പൊ അവിടുത്തെ നിവാസികളൊക്കെ..?-

-സാർ വിചാരിക്കും പോലെ അവിടെ ഒത്തിരി പേരൊന്നുമില്ല.. പത്തു നൂറു വീടുകൾ ഉണ്ടെങ്കിലും.. അതിൽ പാതിയിലും ആൾ താമസമില്ല.. എല്ലാവരും പേടിച്ചു മറ്റു ഗ്രാമങ്ങളിലേക്ക് കുടിയേറി..-

അഭിനവ് ചിന്തകളിലേക്ക് മുഴുകി..

-വരൂ സർ.. നമുക്ക് എന്റെ വീട്ടിലേക്കു പോകാം… നാളെ രാവിലെ സാറിന് മാരിപുരത്തേക്കു പോകാം..-

-അയ്യോ.. അത് വേണ്ട ഞാൻ താങ്കൾക്ക് ഒരു ശല്യമാകും…ഞാൻ ഒരു ടാക്സി വിളിച്ചു പൊയ്ക്കോളാം.-

-അങ്ങനെ ഒന്നും ഇല്ല സർ… എനിക്ക് സന്തോഷം മാത്രമേ ഉള്ളൂ….. പിന്നെ ഈ സമയത്തു ടാക്സി പോയിട്ട് ഒരു ഓട്ടോറിക്ഷ പോലും അങ്ങോട്ട്‌ പോകില്ല.-

-എങ്കിൽ എന്നെ ഏതെങ്കിലും ലോഡ്ജിൽ ആക്കിയാൽ മതി..-

-പറ്റില്ല സർ….. സർ നോ പറയരുത് പ്ലീസ്.. ഒരു വായനക്കാരന്റെ ആഗ്രഹമാണ്…-

-ഓക്കേ.. ആദ്യം ഈ സാറ് വിളി ഒന്ന് നിർത്താമോ? എന്നെ അടുത്തറിയുന്നവർ എന്നെ അഭി എന്നാണ് വിളിക്കാറ്.. താങ്കൾക്കും എന്നെ അങ്ങനെ വിളിക്കാം..-

-ശരി സർ.. ഓഹ് സോറി അഭി…-

ഇരുവരിലും ചെറു പുഞ്ചിരി വിടർന്നു..

-ക്ഷമിക്കണം ഇത്രയായിട്ടും ഞാൻ താങ്കളുടെ പേര് ചോദിക്കാൻ മറന്നു..-

-എന്റെ പേര് ശ്രീ റാം..-

-എങ്കിൽ ഞാൻ നിങ്ങളെ റാം എന്നു വിളിക്കാം..-

റാം ചിരിച്ചുകൊണ്ട് തന്റെ വണ്ടിയുടെ അടുത്തേക്ക് നടന്നു.. ഒരു ചേതക് സ്കൂട്ടറായിരുന്നു…

പിന്നീട് ഒട്ടും താമസിക്കാതെ അവർ റാമിന്റെ വീട്ടിലേക്കുള്ള യാത്ര തുടങ്ങി…

-അഭി എന്തിനാ മാരിപുരത്ത് പോകുന്നത്…-

-എന്റെ പുതിയ കഥ അവിടെയാണുള്ളത്.. കഴിഞ്ഞ മാസം എന്റെ ഒരു സ്നേഹിതൻ വഴിയാണ് ഈ ഗ്രാമത്തെ കുറിച്ച് അറിയുന്നത്. മുഴുവനായി ഒന്നും മനസ്സിലായില്ലെങ്കിലും.. എന്തോ.. പിന്നീടുള്ള എന്റെ സ്വപ്‌നങ്ങൾ ഞാൻ കാണാത്ത ആ ഗ്രാമത്തെ കുറിച്ചായിരുന്നു.-

-കൊള്ളാം അഭി… പക്ഷെ വളരെ അപകടം പിടിച്ച സ്ഥലമാണ് മാരിപുരം…-

റാം അത് പറഞ്ഞു നിർത്തിയതും വണ്ടി നിർത്തിയതും ഒരുമിച്ചായിരുന്നു. മെയിൻ റോഡിൽ നിന്നും അല്പം ഉള്ളിലോട്ടു നീണ്ടുകിടക്കുന്ന പോക്കറ്റ് റോഡ് ചൂടികാണിച്ചു കൊണ്ട് റാം പറഞ്ഞു തുടങ്ങി.

-അഭി… ഇതാണ് മാരിപുരത്തേയ്ക്കുള്ള വഴി… ഇവിടന്നു കുറച്ചു ഉള്ളിലേക്ക് പോയാൽ ഒരു കിണർ ഉണ്ട് അവിടെ നിന്നാണ് മാരിപുരം തുടങ്ങുന്നത്.-