പാത്രം നിലത്തു വീഴുന്ന ശബ്ദം കേട്ടാണ് അഭി കണ്ണു തുറന്നത്. മുറിയിലാകെ സാംബ്രാണിയുടെ പുകയും ഗന്ധവും. കിടന്നിരുന്ന മുറിയിൽ നിന്നും അഭി സ്വീകരണ മുറിയിലേക്ക് നടന്നു.
മുറി ആകെ മാറിയിരിക്കുന്നു.. ഇന്നലെ അലസമായ് കിടന്നിരുന്ന മേശയും കസേരയുമെല്ലാം വൃത്തിയിലും ഭംഗിയിലും അടുക്കി വെച്ചിരുന്നു. വ്യത്യസ്താമായ ചില പുസ്തകങ്ങൾ കണ്ടു അഭി മേശയുടെ അടുത്തേക്ക് നടന്നു..
അത് താൻ മലയാളവാണിയിൽ എഴുതിയിരുന്ന നോവലുകളായിരുന്നു. ഓരോ വാരത്തിലേയും ഭാഗങ്ങൾ വെട്ടി ഒട്ടിച്ചു, നോവലിന്റെ സമ്പൂർണ്ണമായ പതിപ്പുകൾ. അതിന്റെ പുറംചട്ടകൾ അതിമാഹാരമായി തന്നെ രൂപകല്പന ചെയ്തിരുന്നു.
-അഭി ഉണർന്നോ… വരൂ നമുക്ക് ചായ കുടിക്കാം..-
റാമിന്റെ ശബ്ദം കേട്ട് അഭി തിരിഞ്ഞു നോക്കി..
-ഇതൊക്കെ…-
ആശ്ചര്യത്തോടുകൂടി അഭി റാമിനോട് ചോദിച്ചു..
-അതൊക്കെ എന്റെ ശ്രീമതിയുടെ കരവിരുതാണ്.. ഞാൻ പറഞ്ഞില്ലേ അവൾ താങ്കളുടെ ഒരു വലിയ ആരാധികയാണെന്നു..-
-ആഹ്… എന്നിട്ട് ഭവതിയെ ഇതുവരെ കണ്ടില്ല..-
-ശോഭേ… അഭി ഉണർന്നു… ചായ കൊണ്ടുവരൂ..-
കേൾക്കേണ്ട താമസം.. ശോഭ അടുക്കളയിൽ നിന്നും ചായയുമായി വന്നു.. അവളുടെ മുഖം പുഞ്ചിരിയാൽ സുന്ദരമായിരുന്നു.
-അഭി ഇതാണ് ഞാൻ പറഞ്ഞ കക്ഷി…-
റാം ഭാര്യയെ ഒരു നർമ്മത്തോടുകൂടി അഭിക്ക് പരിചയപെടുത്തി..
-കൊള്ളാം കേട്ടോ… ഈ പുസ്തകങ്ങളുടെ പുറം ചിത്രങ്ങൾ.. ഇത് നിങ്ങൾ വരച്ചതാണോ…-
-അതെ.. അത് മാത്രമല്ല… –
അവൾ ഉത്സാഹത്തോടെ മേശയുടെ വലിപ്പ് തുറന്നു ചുരുട്ടി വച്ചിരുന്ന ഒരു ചാർട്ട് ഷീറ്റ് എടുത്തു.. അത് തുറക്കുമ്പോൾ അവളുടെ മുഖം സന്തോഷം കൊണ്ടും ആകാംഷ കൊണ്ടും പ്രകാശിച്ചിരുന്നു.
അത് അവൾ വരച്ച അഭിനവിന്റെ പെൻസിൽ ഡ്രോയിങ് ആയിരുന്നു..
അഭിയുടെ കണ്ണുകൾ കൗതുകത്താൽ വിടർന്നു…
-നിങ്ങൾക്ക് വിരോധമില്ലെങ്കിൽ ഈ ചിത്രം ഞാൻ എടുത്തോട്ടെ..-
ശോഭ സന്തോഷത്തോടെ സമ്മതം മൂളി…
അഭി താൻ കിടന്നിരുന്ന മുറിയിൽ നിന്നും അവന്റെ തോൾസഞ്ചി എടുത്തുകൊണ്ടുവന്നു.. അതിൽ നിന്നും ക്യാമറ പുറത്തെടുത്തുകൊണ്ട്.. ശോഭ തയ്യാറാക്കിയ പുസ്തകങ്ങളുടെ പുറം ചിത്രം ക്യാമറയിൽ പകർത്തി…
-എന്റെ നോവലുകൾ ഞാൻ പുസ്തകരൂപത്തിലേക്ക് മാറ്റുവാൻ തീരുമാനിച്ചു.. അതിന്റെ പുറം ചട്ടകൾക്ക് ഇതിലും മികച്ച ചിത്രങ്ങൾ ലഭിക്കുമെന്ന് എനിക്ക് തോന്നുന്നില്ല…-
അവർ പിന്നെയും ഒരുപാട് സംസാരിച്ചു… ശോഭയുടേയും റാമിന്റെയും പ്രണയവിവാഹത്തെക്കുറിച്ചും അവരുടെ നാടായ പാലക്കാടിനെക്കുറിച്ചും ശോഭ വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു… തമിഴ് നാട്ടിൽ മലയാളവാണി എന്ന വാരിക വിതരണം ചെയ്യുന്നില്ലെങ്കിലും.. എല്ലാ മാസവും മുടങ്ങാതെ നാട്ടിൽ നിന്നും തപാൽ മുഖേന ശോഭ വാരിക സ്വന്തമാക്കിയിരുന്നു.
തന്റെ മകളായ രേവതിയെ കുറിച്ചും..
അവൾക്കു എഴുത്തിനോടുള്ള താല്പര്യത്തെക്കുറിച്ചും അങ്ങനെ ഒരുപാട് കാര്യങ്ങൾ നിമിഷ നേരം കൊണ്ട് ശോഭ പറഞ്ഞു തീർത്തു… ശോഭയുടെ സംഭാഷണം നീണ്ടു പോകുന്നത് മനസ്സിലാക്കിയ റാം തന്ത്ര പൂർവ്വം അവളെ അടുക്കളയിലേക്ക് കുടിയേറ്റി…
-അഭി കുളിച്ചിട്ടു വരൂ.. അപ്പോഴേക്കും പ്രാതൽ തയ്യാറാകും..-
റാം കുളിമുറി കാണിച്ചുകൊടുത്തുകൊണ്ട് പുറത്തേക്കിറങ്ങി….
വിശാലമായ കുളിക്കു ശേഷം മാരിപുരത്തേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു അഭി..
-അഭി മാരിപുറത്തേക്കാണോ പോകുന്നത്…-