“ഓരോരുത്തരുടെ കൂടെ ചെന്ന് കിടന്നിട്ട് വരും തള്ളയും തന്തയും എന്തിനാണാവോ ഇതിനെയൊക്കെ ഉണ്ടാക്കി വിടുന്നത്”
പതിവുപോലെ ഉറക്കെയുള്ള സംസാരം കേട്ടിട്ടാണ് മിഴി തീയറ്ററിലേക്ക് കയറിയത്
” എന്താ നീലൂ മിനി സിസ്റ്റർ ഇന്നും ബഹളത്തിലാണല്ലോ”
ഗ്ലൗസ് ഇടുന്നതിനിടയിൽ മിഴി ജൂനിയർ സിസ്റ്ററോട് ചോദിച്ചു
” എങ്ങനെ പറയാതിരിക്കും ഡോക്ടർജി ഒരു അൺ മാരീഡ് കേസാ ഇന്ന് ”
“ഹോ 2 മാസം അല്ലേ ഞാൻ കേസ് കണ്ടിരുന്നു”
“ഒരു അഹങ്കാരി പെണ്ണാ ആരും പറ്റിച്ചതൊന്നുമല്ല അഴിഞ്ഞാടാൻ പണത്തിനു വേണ്ടി നടക്കുന്നതാ കുട്ടി”
മിനി സിസ്റ്റർ മിഴിയോടായി പറഞ്ഞു
” പ്രിപ്പറേഷൻ എല്ലാം ആയോ സിസ്റ്റർജി നമുക്ക് സ്റ്റാർട്ട് ചെയ്യാം ”
അവൾ മാസ്ക് ധരിച്ച് തീയറ്ററിലേക്ക് കയറി
ബാംഗ്ലൂരിന്റെ പ്രാന്ത പ്രദേശത്തുള്ള ഒരു ഹോസ്പിറ്റലായിരുന്നു അത് . കാശിന്റെ സ്വാധീനത്തിൻ നിയമവിരുദ്ധമായ ഒന്നിനും ഒരു മുടക്കവുമില്ലാത്ത ആശുപത്രി മിഴി തീയറ്ററിൽ നിന്നിറങ്ങിയപ്പോഴും അവളുടെ കണ്ണുകളിൽ രക്തം പുരണ്ട ഗ്ലൗസിനിടയിലൂടെ കണ്ട രണ്ടു മാസം പ്രായമുള്ള ഭ്രൂണത്തിൽ മുളച്ചു വന്നിരുന്ന കുഞ്ഞു വിരലുകളായിരുന്നു
സ്റ്റെത്ത് മാറ്റി വച്ച് അവൾ ചെയറിലേക്ക് ചാഞ്ഞ് കണ്ണടച്ചിരുന്നു.
” ഡോക്ടർജി കേസ് ഷീറ്റ് ”
നീലുവിന്റെ ശബ്ദം കേട്ട് മിഴി കണ്ണു തുറന്നു
” എന്തു പറ്റി സുഖമില്ലേ ”
നീലു മിഴിയോട് ചോദിച്ചു
” മടുത്തു നീലൂ ദിവസവും ഇപ്പോ അബോർഷൻ ആണല്ലോ ഒരു കുഞ്ഞിന് ഭൂമിയിലേക്ക് വരാൻ സഹായിക്കുന്നതാണ് ഏറ്റവും വലിയ പുണ്യമെന്ന് കരുതിയാ ഗൈനക്കോളജി തന്നെ പിജി ചെയ്തത് എന്നിട്ടിപ്പോ……….
ഒരു ഭ്രൂണം വയറ്റിൽ വരുമ്പോൾ തന്നെ അത് ഒരു ജീവനല്ലേ ഇതിന്റെ ഒക്കെ ശാപം ആണെന്ന് തോന്നുന്നു എനിക്കും..”
“ശരിയാ ഡോക്ടർജി ഇവിടെ പിന്നെ കാശും കൊടുത്ത് വരുന്നതെല്ലാം ഇതിനാണല്ലോ. ഒരു ഗുളികയിൽ തീരാനുള്ളതാ അല്ലെങ്കിൽ ഇതിനൊക്കെ ഒരു കോണ്ടം ഉപയോഗിച്ചൂടെ ഇത്രയും ആകുന്ന വരെ ”
നീലു പകുതിയിൽ നിർത്തി
” മിനി സിസ്റ്റർ ചീത്ത പറയുമ്പോൾ ഞാൻ തിരുത്താത്തതും ഇതാ ”
അവൾ കേസ് ഷീറ്റ് ഒപ്പിട്ടു കൊണ്ട് പറഞ്ഞു
” പേഷ്യൻറിന് ബോധം വന്നല്ലോ നീലു എനിക്ക് ഒന്ന് കാണണം.
സാറിന് കേസ് എടുത്താൽ മതിയല്ലോ പണി എനിക്കാ”
അവൾ പുറത്തേക്കിറങ്ങി
ഒന്നും സംഭവിക്കാത്ത മട്ടിൽ കിടക്കുന്ന രോഗിയുടെ അടുത്തേക്ക് അവൾ ചെന്നു
കാൽ പെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കിയ രോഗിയുടെ മുഖം കണ്ട് മിഴി ചെറുതായി
ഞെട്ടി
“അപ്പൂ നീയോ ”
“മിഴീ നീയായിരുന്നോ സർജറി ടൈമിൽ മുഖം കവർ ചെയ്തത് കൊണ്ട് ഞാൻ കണ്ടില്ല ഡോക്ടർ ജോസഫിന്റെ ജൂനിയർ നീയല്ലേ ”
” നിന്റെ പേര് അപൂർവന്നല്ലേ പിന്നെ ഹോസ്പിറ്റൽ റെക്കോഡ്സിലെ സാനിയ എന്ന പേര് ”
മിഴി സംശയത്തോടെ ചോദിച്ചു
“കമോൺ മാൻ ഇറ്റ്സ് ഫേക്ക് ഒരു പേര് മാറ്റാനാണോ പാട് കാശുണ്ടെങ്കിൽ ”
മിഴി ഒന്നും മനസിലാകാതെ നിന്നു
“ok അപ്പൂ നാളെ പോകുന്നതിനു മുൻപ് എന്നെ കാണണം”
അപൂർവയെ നോക്കി പറഞ്ഞ് മിഴി പുറത്തേക്കിറങ്ങി നടന്നു.
രാവിലെ സിസ്റ്റർ പറഞ്ഞ വാക്കുകൾ അവളുടെ ചെവിയിൽ മുഴങ്ങി
“കാശിനു വേണ്ടി അഴിഞ്ഞാടി…….. ഇല്ല അപ്പു അങ്ങനല്ല’”
അവൾ സ്വയം പറഞ്ഞു
” കുങ്കുമപ്പൊട്ടിനെയും കുപ്പിവളകളെയും സ്നേഹിച്ച പെണ്ണായിരുന്നു ദേവേട്ടാ അവൾ ”
ദേവനാരായണന്റെ നെഞ്ചിൽ തല വച്ച് കിടന്ന് മിഴി പറഞ്ഞു
“അപ്പൂന് എന്താ പറ്റിയെന്ന് എനിക്ക് അറിയില്ല പിജി ചെയ്ത ആദ്യ ഒരു വർഷത്തോളം ഞാനും അവളും ഒരേ റൂമിൽ ആയിരുന്നു.
എനിക്ക് ഹോസ്പിറ്റലിന്റെ ഹോസ്റ്റൽ ശരിയാകുന്ന വരെ.
നമ്മൾ നല്ല സുഹൃത്തുക്കളായിരുന്നു കാശിനു വേണ്ടി ഒരിക്കലുമവൾ ഇങ്ങനെ ചെയ്യില്ല അല്ലാതെ തന്നെ ഇട്ടു മൂടാൻ കാശുണ്ട് അവൾക്ക് ”
“പ്രണയം ഉണ്ടായിരുന്നോ ”
ദേവൻ ചോദിച്ചു
” ഉണ്ടായിരുന്നു ജിത്തു എന്നവൾ വിളിക്കാറുണ്ടായിരുന്ന ഒരാൾ ഞാൻ കണ്ടിട്ടില്ല”
“അവർ തമ്മിൽ പ്രണയം മാത്രമല്ലായിരുന്നു അല്ലേ മിഴീ”
ദേവൻ ചോദിച്ചു
” ആയിരുന്നില്ല ഒരിക്കൽ ഞാനവളോട് കുങ്കുമപ്പൊട്ടിനെ പറ്റി ചോദിച്ചപ്പോൾ അവൾ പറഞ്ഞു ജിത്തുവിന് കുങ്കുമപ്പൊട്ടാണിഷ്ടം നമ്മൾ ഒന്നാകുന്ന സമയത്ത് നെറ്റിയിലെ മാഞ്ഞ കുങ്കുമം കാണുന്നത് അവന് ലഹരിയാണെന്ന്
എന്തുകൊണ്ടോ ഞാൻ പിന്നീടതിനെക്കുറിച്ച് ചോദിച്ചില്ല പക്ഷേ പിന്നീട് പലപ്പോഴും വൈകി റൂമിലേക്ക് വരുന്ന അവളുടെ നെറ്റിയിലെ മാഞ്ഞ കുങ്കുമത്തിന് അർഥങ്ങളുള്ളത് പോലെ ”
അവൾ പറഞ്ഞു നിർത്തി
” അപ്പോ ഇത് ഒരു അബദ്ധത്തിൽ പറ്റിയതാകുമെടോ അവർക്ക് ഇപ്പോ വിവാഹം കഴിക്കാൻ പറ്റാത്ത സാഹചര്യം ആകും ”
“എനിക്ക് മടുത്തു ദേവേട്ടാ ഇതിപ്പോ എന്നും അബോർഷൻ മാത്രാ ഇന്ന് അപ്പൂനെ കൂടി കണ്ടപ്പോ ”
ദേവന്റെ നെഞ്ചിൻ കണ്ണീരിന്റ നനവ് പടരുന്നുണ്ടായിരുന്നു