രണ്ടു പനിനീർപൂക്കൾ

രണ്ടു പനിനീർപൂക്കൾ
Randu panineerpookkal | Author : രചന-അബ്ബാസ്.കെ.എം,ഇടമറുക്
പുലർകാലത്തെപ്പോഴോ ആ റോസാപ്പൂമൊട്ടിന് കുളിരുകോരി .പൂവിന്റെ മനസ്സാകെ സന്തോഷത്തിലാറാടി .

മൊട്ടിട്ട അന്നുമുതൽ താൻ സ്വപ്നം കണ്ട ആ ദിനം ഇതാ വന്നെത്തിയിരിക്കുന്നു .എത്രയോ ദിവസങ്ങളായി തന്റെ ഇതളുകളെല്ലാം വിടർന്നു താനൊരു പൂവായിമാറുന്നതിനുവേണ്ടി കാത്തിരുന്നു .ഇന്നിതാ താൻ ഇതളുകളെല്ലാം വിടർത്തി സുഗന്ധം പടർത്തിക്കൊണ്ട് പൂർണമായൊരു സുന്ദരപുഷ്പമായിമാറിയിരിക്കുന്നു .

ഈ സമയം പൂച്ചെടികളുടെ പരിചാരകയായ ഖദീജയും സന്തോഷവതിയായിരുന്നു .

ഇന്നലെ താനൊരു പെണ്ണായിമാറിയിരിക്കുന്നു .തന്റെ പനിനീർപ്പൂവിനെപോലെ എല്ലാം തികഞ്ഞ പ്രായപൂർത്തിയായ ഒരുപെണ്ണ് .ഇന്നലെയാണ് താൻ വയസ്സറിയിച്ചത് .എത്രയോ നാളായി താൻ സ്വപ്നം കണ്ട ദിനം ഇതാ ഇന്നലെതന്നെതേടിയെത്തിയിരിക്കുന്നു .

അവൾ മുറ്റത്തുകൂടി പാറിനടന്നുകൊണ്ട് തന്റെ പൂച്ചെടികളെയെല്ലാം അരുമയോടെ തലോടി .തന്റെ റോസാച്ചെടിയിൽ ആദ്യമായുണ്ടായ പൂവിനെ അവൾ അരുമയോടെ ചുംബിച്ചു .

തന്റെ പരിചാരകയ്ക്കുണ്ടായ മാറ്റവും അവളുടെ സന്തോഷവുമെല്ലാം ആ പൂച്ചെടിയെയും സന്തോഷിപ്പിച്ചു .

എല്ലാം തികഞ്ഞ പൂവായി താൻ മാറിയെങ്കിലും റോസാപ്പൂ പലപ്പോഴും ഭയപ്പെട്ടുകൊണ്ടിരുന്നു .തന്റെ സൗരഭ്യം ആരെങ്കിലും നുകർന്നെടുക്കുമോ ,തന്നെ ആരെങ്കിലും ഞെരിച്ചുടയ്ക്കുമോ .എന്ന ഓർമയിൽ .

അതുകൊണ്ടുതന്നെ ആ പൂവ് പഴയപൂമൊട്ടായി ഒതുങ്ങിക്കൂടാൻ ശ്രമിച്ചുകൊണ്ടിരുന്നു .പക്ഷേ ,കഴിഞ്ഞില്ല ഇതളുകൾ മടക്കാനാവാത്തവിധം വിടർന്നുപോയിരിക്കുന്നു .മനസിന്റെ നിയന്ത്രണത്തിനൊത്ത്‌ ശരീരത്തെ ചലിപ്പിക്കാനാവാത്ത അവസ്ഥ .

ഈ സമയം ഖദീജയും ഇതേ അവസ്ഥയിൽത്തന്നെയായിരുന്നു .പലപ്പോഴും തന്റെ മനസ്സിനെഅടക്കിനിർത്താനാവാത്ത അവസ്ഥ .ശരീരാവയവങ്ങൾക്കൊക്കെ വല്ലാത്തമാറ്റം .മനസ്സിലെങ്ങും വികാരവിചാരങ്ങളുടെ വേലിയേറ്റങ്ങൾ .ഇത്രയും നാൾ ഇല്ലാത്തതുപോലെ ആൺകുട്ടികളെ കാണുമ്പോൾ അകതാരിൽ ഒരു കുളിരുകോരൽ .

ഖദീജയുടെ മനസ്സിൽ ഉമ്മയുടെ വാക്കുകൾ അലയടിച്ചു .”നീ ഇന്ന് എല്ലാം തികഞ്ഞൊരു പെണ്ണായിമാറിയിരിക്കുന്നു .ഇത്രയും നാൾ തുള്ളിക്കളിച്ചുനടന്നതുപോലെയല്ല ഇനിമുതൽ .ഇത്തിരി അടക്കവും ഒതുക്കവും ഒക്കെ വേണം .”ഉമ്മാ അങ്ങനെ പറഞ്ഞപ്പോൾ മനസ്സിലെന്തോ ഒരു ഭയംപോലെ .

തന്റെ ശരീരത്തെ തഴുകിക്കൊണ്ട്‌ ഒരു മന്ദമാരുതൻ കടന്നുപോയപ്പോൾ റോസാപ്പൂ ഒന്നാടിയുലഞ്ഞു .അപ്പോൾ പൂവിന്റെ മനസ്സിൽ ഭയം കൂടി .

ഈ കാറ്റിൽപ്പെട്ടു തന്നിലെ സുഗന്ധം ദൂരേക്ക് പോകും .അതുവഴി പലരും തന്നെക്കുറിച്ചറിയും .അതുമൂലം വണ്ടുകൾ ഒരുപക്ഷേ ,തന്നിലെ സൗന്ദര്യം നുകരാനെത്തിയേക്കാം .പൂവ് ഭീതിയോടെ മനസ്സിലോർത്തു .