മാലിനി

മാലിനി
Malini Author : Ismail Oduparayil

ഇന്നലെ കോളേജിലെ അവസാനത്തെ ദിവസവും പൊഴിഞ്ഞു പോയി… ഇന്നലെയും എനിക്ക് എൻറെ പ്രണയത്തെ തുറന്ന് കാണിക്കാൻ സാധിച്ചില്ല…

സാധിച്ചില്ല എന്നല്ല തുറന്ന് കാണിക്കാൻ അവൻ എന്നിക്ക് ഒരു അവസരം തന്നില്ല എന്ന് പറയുന്നത് ആകും നല്ലത്…

കോളേജ് വരാന്തയിൽ നിന്ന് തോരാത്ത മഴയെ കൺകുളിർക്കെ നോക്കിനിൽക്കെ എന്നിലേക്ക്‌ പ്രണയാർദ്രമായ ആ പഴയ നിമിഷങ്ങൾ ഒന്നുകൂടെ മടങ്ങി വന്നു….

അവനെ കുറിച്ച് പറയാൻ തുടങ്ങിയാൽ ഞാൻ ഈ കലാലയത്തിൽ കാല് കുത്തിയ നിമിഷം മുതൽ പറയേണ്ടി വരും…

കോളേജ് കവാടത്തിൽ നിന്നും ക്ലാസ്സ്‌റൂം കണ്ടുപിടിക്കാൻ ഉള്ള വിഷമം മനസ്സിൽ ഒളിപ്പിച്ചു നടന്നു വരുമ്പോൾ ആയിരുന്നു ഡീ!!! അവിടെ ഒന്ന് നിന്നെ എന്ന അധികാരത്തോടെ ഉള്ള വിളികേട്ടത്, അന്നാണ് ഞാൻ ആദ്യമായി അവനെ കാണുന്നത്…

കണ്ട മാത്രയിലെ അന്തരീക്ഷം എനിക്ക് വേണ്ടി എവിടെ നിന്നോ ഒരു കുളിർ കാറ്റ് സമ്മാനിച്ചു…

ഒരു പൊതുപ്രവർത്തകൻ എന്ന് തോന്നിക്കും വിധം വെള്ള വസ്ത്രം ധരിച്ച ഒരു നീണ്ട മുടിക്കാരൻ, ആ നീണ്ട മുടി അവന്റെ കൺ പുരികങ്ങളെ മറച്ചു പിടിച്ചിരുന്നു… അച്ചടക്കം ഇല്ലാതെ മുഖത്ത് വളരുന്ന താടിയും മീശയും…കടുക്കൻ ഇട്ട ഇടത്തെ കാതും, എല്ലാം ഒറ്റനോട്ടത്തിൽ എൻറെ ശ്രദ്ധ പിടിച്ചു പറ്റി… ഇമ വെട്ടാതെ അവനെ തന്നെ നോക്കി നിൽക്കുമ്പോൾ ആണ്‌ ഒട്ടും പ്രതീക്ഷിക്കാത്ത അടുത്ത ചോദ്യം എൻറെ നേരെ വന്നത്…

നിൻറെ പേര് എന്താടി…?

എല്ലാവരോടും വായാടി ആയിരുന്ന ഞാൻ ഇവന്റെ ചോദ്യത്തിന് മുൻപിൽ മാത്രം ഒന്ന് പതറി…

മ..മ…മാലിനി… എന്ന് ആ പതർച്ചയിൽ ഊളിയിട്ട് പറയുമ്പോൾ ആണ്‌ അവൻ എനിക്ക് അടുത്ത ആളെ പരിജയപെടുത്തിതരുന്നത്…

ഇവൻ എൻറെ കൂട്ടുകാരൻ ഇവന് നിന്നെ പരിചയപ്പെടണംഎന്ന് പറഞ്ഞു… ഇവന് ഒരു ചെറിയ മടി നിന്നോട് സംസാരിക്കാൻ…അതുകൊണ്ടാ ഞാൻ നിന്നോട് നിൽക്കാൻ പറഞ്ഞെ…

അയ്യേ… ഇത്‌ ഏതാ സാധനം ഞാൻ എൻറെ കണ്ണ് അവൻ പരിജയ പെടുത്തിയ കൂട്ടുകാരനിലേക്ക് ഒന്ന് ഓടിച്ചു… കണ്ടാലേ അറിയാം ഒരു പാൽകുപ്പി…

ഹായ് ഞാൻ രാഹുൽ, കുട്ടി ഏത് ഡിപ്പാർട്മെന്റ് ആണ്‌?

ഇത്രെയും റൊമാന്റിക് ആയി എന്നോട് ഇതുവരെ ആരും ഒരു ചോദ്യം ചോദിച്ചിട്ടില്ല അതുകൊണ്ട് തന്നെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അതിന് മറുപടി നൽകി… കോമേഴ്‌സ്…

എന്നാ നീ ക്ലാസിലേക്കു നടന്നോ എന്ന് അവര് പറഞ്ഞത് കൊണ്ട് അവിടെ നിന്നും ഞാൻ മുൻപോട്ടു നടന്നുനീങ്ങി… ഞാൻ എന്ന് പറഞ്ഞാൽ എൻറെ ശരീരം മാത്രം, എൻറെ ഹൃദയം ആ നീണ്ട മുടിക്കാരനിൽ ഉടക്കി നിന്നു…

കുറച്ച് മുൻപോട്ടു നടന്ന് തിരിഞ്ഞുനിന്ന് അവനെ ഒന്ന് കൂടെ കാണാൻ ഞാൻ ശ്രമിച്ചു…

അവർ പരസ്പരം തോളിൽ തട്ടി ചിരിച്ചുകൊണ്ടു നിൽക്കുന്നു…ഞാൻ എന്തിനാ അവൻറെ മുൻപിൽ പതറിയത് എന്ന് ചിന്തിച്ചു നിൽക്കുമ്പോൾ ആണ്‌ അടുത്ത ചോദ്യം കേൾക്കുന്നത് … കുട്ടി ഏതാ ഡിപ്പാർട്മെന്റ്?
ഭാഗ്യത്തിന് അത് ഒരു പെൺകുട്ടി ആയിരുന്നു…
ശ്രുതി, പിന്നീട് അവളായിരുന്നു എനിക്ക് ഈ കോളേജിൽ എല്ലാം…

ഒരെ ക്ലാസ്സിൽ ആണെന്ന് അറിഞ്ഞപ്പോൾ ഒരുമിച്ചു നിന്നു… ഒരെ ബെഞ്ചിൽ അടുത്തടുത്ത് സ്ഥലം പിടിച്ചു…

ക്ലാസ്സിൻറെ അന്തരീക്ഷം മുഴുവൻ കണ്ണോടിച്ചു കണ്ടു കൊണ്ടിരിക്കുമ്പോൾ ആണ്‌ അവർ രണ്ടുപേരും പുഞ്ചിരിക്കുന്ന മുഖവുമായി ക്ലാസ്സിലേക്ക് വരുന്നത്…

അവർ രണ്ട്പേരും ഞങ്ങളും ഇവിടെ പുതിയതാണ് എന്നാ ഭാവത്തിൽ എന്നെ ഒന്ന് നോക്കി…

അവരുടെ അഹങ്കാരം കണ്ടപ്പോൾ ഇവിടെ കുറേ നാളായി പഠിക്കുന്നവര് ആണ്‌ എന്ന് ഞാൻ വെറുതെ തെറ്റുധരിച്ചു… പാവം ഞാൻ എന്ന് എന്നെ തന്നെ പറഞ്ഞ് ആശ്വസിപ്പിക്കുമ്പോൾ ആണ്‌ അടുത്തിരുന്ന ശ്രുതിയുടെ കമെന്റ്… ആ നീണ്ട മുടിയുള്ള പയ്യനെ കാണാൻ നല്ല ഭംഗി ഉണ്ടല്ലേ…?

എൻറെ സെലെക്ഷൻ തെറ്റിയില്ലല്ലോ കൃഷ്ണാ…എന്ന് ചിന്തിച്ചപ്പോൾ ആണ്‌ എനിക്ക് മുൻപിൽ മറ്റൊരു ചോദ്യം ഉയർന്നു വന്നത്…ഇവൾ ഒരു പാരയാകുമോ??

ആദ്യത്തെ ഹവറിൽ ഒരു വയസ്സൻ പ്രൊഫസർ ആണ്‌ വന്നത്, പഴയ കുട്ടികളെ കുറിച്ച് ഞങ്ങളോട് കുറച്ച് അധികം പഴയ വീരകഥകൾ പറഞ്ഞു…

വീരകഥകൾ കഴിഞ്ഞപ്പോൾ ഇനി നമുക്ക് പരിജയപെടാം എന്ന് പറഞ്ഞ് ഓരോടുത്തരോടായി എഴുന്നേറ്റുനിന്നു അവരെ കുറിച്ച് പറയാൻ പറഞ്ഞു … ഞങ്ങളുടെ എല്ലാം ഊഴം കഴിഞ്ഞ് അവസാന ബെഞ്ചിൽ ഇരിക്കുന്ന നീണ്ട മുടിക്കാരന്റെ ഊഴം വന്നെത്തി… എനിക്ക് ഏറ്റവും കൂടുതൽ ആകാംഷ നിറഞ്ഞ നിമിഷം ആയിരുന്നു അത് എന്തായിരിക്കും അവന്റെ പേര്?

അരുൺ !!!

ഹൃദയത്തിൽ ഒരു ശില കൊത്തി വച്ചപോലെ ആ പേര് ഞാൻ കൊത്തിവച്ചു…

ആദ്യ ദിവസം ആയത് കൊണ്ടു തന്നെ പിന്നീടുള്ള ഹവറിൽ ഞങ്ങൾ എല്ലാവരും വെറുതെ ഇരുന്നു… ശ്രുതിയെ കുറിച്ച് കൂടുതൽ ചോതിച്ചു അറിയുന്നു എന്ന വ്യാജേനെ ഇടയ്ക്കിടെ അവനെ ഞാൻ നോക്കികൊണ്ടേ ഇരുന്നു…

അങ്ങനെ അവനെ നോക്കുന്നതിനു ഇടയിൽ ആണ്‌ ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്… ഞാൻ അവനെ എപ്പോഴൊക്കെ നോക്കുന്നോ അപ്പോഴെല്ലാം അവർ രണ്ടു പേരും എന്നെ നോക്കി എന്തൊക്കെയോ പരസ്പരം സംസാരിക്കുണ്ട്…

ആദ്യം എല്ലാം അത് എൻറെ ഒരു തോന്നൽ മാത്രം ആണ്‌ എന്നാണ് ഞാൻ കരുതിയത്.. പക്ഷേ കുറച്ച് ആഴ്ചകൾക്കു ശേഷം ക്യാന്റീനിൽ തനിച്ചിരിക്കുന്ന എൻറെ അടുത്ത് വന്ന് ഇരുന്ന് കൊണ്ടു നീണ്ട മുടിക്കാരൻ പറഞ്ഞ കാര്യം അറിഞ്ഞപ്പോൾ അത്രയും നാൾ ഞാൻ കെട്ടിപൊക്കിയത് എല്ലാം ഒരു ചീട്ടു കൊട്ടാരം പോലെ തകർന്നു വീണു…

അവന്റെ കൂട്ടുക്കാരൻ രാഹുലിന് എന്നെ ഇഷ്ട്ടം ആണെന്ന്… ഹോ… ൻറെ കൃഷ്ണാ എന്തിനാ എന്നോട് ഈ ചതി എന്ന് ചിന്തിച്ചുഇരിക്കുമ്പോൾ ആണ്‌ തൊട്ടുമുന്പിൽ രാഹുൽ വന്ന് ഇരിപ്പ്ഉറപ്പിച്ചത്…

പിന്നീട് അങ്ങോട്ട്‌ എല്ലാ ദിവസവും ഞാൻ തനിയെ നിൽക്കുന്നത് കണ്ടാൽ അവൻ എൻറെ അരികിൽ വന്ന് സംസാരിക്കാൻ തുടങ്ങും…

ആ സംസാരം അവസാനിക്കണമെങ്കിൽ ഒന്നില്ലങ്കിൽ ക്ലാസ്സ്‌ തുടങ്ങണം അല്ലെങ്കിൽ വിദ്യാർത്ഥി പ്രസ്ഥാനം ശക്തിപ്പെടുത്താൻ അരുൺ വന്ന് ഇവനെ വിളിച്ചുകൊണ്ടു പോണം….

തീരെ സഹിക്കവയ്യാതെ ആയപ്പോൾ ഒരു ദിവസം എനിക്ക് ഈ ബന്ധത്തിന് താൽപ്പര്യം ഇല്ലാ എന്ന് രാഹുലിനോട് മുഖത്തടിച്ച പോലെ പറഞ്ഞു…

അതിന് മറുപടി അന്ന് തന്നെ എനിക്ക് ലഭിച്ചു…
ഉച്ചക്ക് ഊണ് കഴിഞ്ഞ് ക്ലാസ്സിൽ തനിച്ചിരിക്കുന്ന എൻറെ അടുത്ത് അരുൺ വന്ന് പറഞ്ഞു… നീ എന്താ രാഹുലിനോട് അങ്ങനെ പറഞ്ഞത്…

നീ കാരണം ആണ്‌ അങ്ങനെ പറഞ്ഞത് എൻറെ നീണ്ട മുടിക്കാരാ !!! എന്ന് പറയണം എന്ന് എനിക്ക് ഉണ്ടായിരുന്നു… പക്ഷേ അരുൺ ഒരു ഒറ്റഭുതിക്കാരൻ ആണ്‌ എന്ന് അതിനിടയിൽ ശ്രുതി വഴി ഞാൻ അറിഞ്ഞു… മുന്നും പിന്നും നോക്കാതെ എന്തെങ്കിലും ചെയ്താലോ എന്നുപേടിച്ചു മറുപടി ഒന്നും പറയാതെ ഞാൻ മുഖം തിരിച്ചു ഇരുന്നു…

എന്താ നിൻറെ പ്രശ്നം എന്ന് അവൻ വീണ്ടും കുറച്ച് ദേഷ്യത്തോടെ എന്നോട് ചോതിച്ചു…

എനിക്ക് ഒരു പ്രശ്നവും ഇല്ലാ…
അവനെ ഞാൻ അങ്ങനെ ഒന്നും കണ്ടിട്ടില്ല… ഇനിയും സംസാരം തുടർന്നാൽ അതിര് കടക്കുമോ എന്ന ഭയം കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്…

എന്ത് അതിര് കടന്നാലും വേണ്ടില്ല അവന് നിന്നെ ഇഷ്ട്ടം ആണെങ്കിൽ നീ അവന് ഉള്ളതാണ്… അവനെ ഇനി ഞാൻ എൻറെ മുൻപിൽ വിഷമിച്ചു കണ്ടാൽ സുന്ദരി ആണെന്നുള്ള നിൻറെ ഈ വിചാരം ഉണ്ടല്ലോ അത് ഞാൻ അങ്ങ് മാറ്റി തരും… ഇന്ന്‌ വൈകുന്നേരം വരെ ഞാൻ നിനക്ക് സമയം തരും അതിന് മുൻപ് നീ അവനോട് പഴയ പോലെ സംസാരിക്കണം… പറഞ്ഞത് കേട്ടല്ലോ… എന്ന ഒരു ഭീഷണിയും മുഴക്കി അരുൺ അവിടെനിന്നും നടന്ന് നീങ്ങി…

എൻറെ പട്ടി പേടിക്കും ഈ ഭീഷണിക്കു മുൻപിൽ എന്ന് മനസ്സാൽ ഉറപ്പിച്ചു ഇരിക്കുമ്പോൾ ആണ്‌ ശ്രുതിയുടെ വക ഒരു ഉപദേശം… അരുൺ ഒരു പ്രാന്തൻ ആണ്‌ രാഹുലിന് വേണ്ടി എന്തും ചെയ്യും… രാഹുലിനെ തല്ലിയ SFK യുടെ നേതാവിന്റെ തല തല്ലി പൊട്ടിച്ച കഥ കൂടി കേട്ടപ്പോൾ… എന്നിൽ ഇത്തിരി പേടി വന്നോ എന്ന് ഞാൻ സംശയിച്ചു…

എന്തായാലും ഇനി അവനോട് സംസാരിക്കില്ല എന്ന് ഉറപ്പിച്ചുകൊണ്ട് വൈകുന്നേരം കോളേജിൽ നിന്നും മടങ്ങുമ്പോൾ ആണ്‌ അരുൺ ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുന്നത് ഞാൻ കണ്ടത്… കുറച്ച് നേരം അവൻ അറിയാതെ ഞാൻ അവനെ തന്നെ നോക്കി നിൽക്കുമ്പോൾ ആണ്‌ പിന്നിൽ നിന്നും ഹലോ എന്ന വിളിക്കേട്ടത്…

ആ വിളി കേട്ടപ്പോൾ തന്നെ എനിക്ക് ആളെ മനസിലായി പാൽക്കുപ്പി അല്ലാതെ ആര്… !?

ഫുട്ബോൾ ഇഷ്ട്ടം ആണോ? എന്ന് അവൻ എന്നോട് ചോതിച്ചപ്പോൾ…

ഏയ്യ് വെറുതെ കണ്ട് നിന്നതാണ് എന്ന് ഞാൻ മറുപടി പറഞ്ഞു…

ഹാവൂ സമാധാനം ആയി എന്നോട് ഉള്ള പിണക്കം മാറിയല്ലോ.. !!

ഇവനോട് ഞാൻ മിണ്ടില്ല എന്ന് കരുതിയതാ… ചോദ്യം കേട്ടപ്പോൾ അറിയാതെ ഞാൻ മറുപടി പറഞ്ഞും പോയി… ഈശ്വരാ പെട്ടോ !

ഇതിനാണോ ഇനി മിണ്ടില്ല എന്നൊക്കെ പറഞ്ഞെ എന്ന് ഞങ്ങളുടെ സംസാരത്തിനു ഇടയിൽ അരുൺ വന്ന് പറഞ്ഞപ്പോൾ ആണ് അവൻ ഞങ്ങളെ കണ്ടു എന്ന് എനിക്ക് മനസ്സിലായത്…

ഇന്നത്തെ പാർട്ടി എൻറെ വക എന്ന് അരുൺ വന്ന് പറഞ്ഞപ്പോൾ എന്നാ മാലിനി വരൂ എന്ന് പറഞ്ഞ് രാഹുൽ എന്നെ ക്യാന്റീനിലേക്കു ആനയിച്ചു…

ഭക്ഷണത്തോട് പണ്ടേ വിരക്തി ഉള്ള ഞാൻ വളരെ ലൈറ്റ് ആയി ഒരു ചില്ലി ചിക്കനും 3 പറോട്ടയും കഴിച്ചു…

ദിവസങ്ങൾ കഴിഞ്ഞ് കൊണ്ടേ ഇരുന്നു… അകറ്റാൻ ശ്രമിക്കും തോറും രാഹുൽ എന്നിലേക്ക്‌ കൂടുതൽ അടുത്തു…

ഒരു ദിവസം രാഹുലിൽ നിന്നും രക്ഷക്ക് വേണ്ടി ലൈബ്രറിയിൽ ഒളിച്ച എന്നെ അവിടെനിന്നും കണ്ടെത്തി രാഹുൽ സംസാരിക്കാൻ തുടങ്ങി…

സംസാരത്തിനിടയിൽ കുറേ നാളായിട്ടുള്ള എൻറെ സംശയം അപ്പോൾ ഞാൻ അവനോട് ചോതിച്ചു…
ഈ അരുൺ എന്തിനാ നിനക്ക് വേണ്ടി ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കുന്നെ…??

രാഹുൽ ആദ്യം ഒന്ന് പറയണോ എന്ന് ചിന്തിച്ചു…എന്നിട്ട് എന്നോടല്ലേ എന്ന മട്ടിൽ പറയാൻ തുടങ്ങി…

ഞങ്ങളുടെ ചെറുപ്പത്തിൽ ഞങ്ങൾ വലിയ ശത്രുക്കൾ ആയിരുന്നു എന്ത് കളി കളിക്കുമ്പോഴും ഞാൻ അവന്റെ എതിർ ടീമിൽ ആയിരുന്നു… ഞാൻ കള്ളൻ ആണെങ്കിൽ അവൻ പോലീസ്… ഞാൻ ബാറ്റ് ചെയ്യാണെങ്കിൽ അവൻ ബൗളർ അങ്ങനെ നീളും ആ പട്ടിക…

അങ്ങനെ ഒരു മഴ കാലത്ത് പാടത്ത് നിറഞ്ഞ് നിൽക്കുന്ന വെള്ളത്തിൽ ഞങ്ങൾ കുട്ടികൾ കളിച്ചു കൊണ്ട്ഇരിക്കുക ആയിരുന്നു… പെട്ടന്ന് അയ്യോ എന്ന വിളികേട്ടു ഓടിച്ചെന്ന ഞാൻ കാണുന്നത് ഒരു പെൺകുട്ടി പാടത്തെ പൊട്ടകിണറ്റിൽ മുങ്ങി താഴുന്നത് ആണ്‌…

കിണറ്റിലേക്ക് എടുത്ത് ചാടി അവളെ ഞാൻ രക്ഷിച്ചു…അതിന് ശേഷം ആണ്‌ എനിക്ക് മനസ്സിലായത് അത് അരുണിന് ഏറ്റവും പ്രിയപ്പെട്ട അവന്റെ അനിയത്തി ശ്രീകുട്ടി ആണെന്ന്…

അന്ന് കരഞ്ഞുകൊണ്ട് എന്നെ കെട്ടിപിടിച്ച് അവൻ പറഞ്ഞതാണ് ഇനി മുതൽ നീയാണ് എൻറെ ജീവൻ.. നിനക്ക് വേണ്ടി ഞാൻ എന്തും ചെയ്യും എന്ന്…

അതിന് ശേഷം ഇത്രയും നാൾ അവൻ എൻറെ നിഴൽ പോലെ കൂടെ ഉണ്ട്…

ഇടക്ക് എനിക്ക് തന്നെ ദേഷ്യം വരും അവൻ എനിക്ക് വേണ്ടി ചെയ്യുന്ന അടിപിടികൾ കണ്ടാൽ… എൻറെ പ്രൈവസിയിൽ പോലും ഒന്നും നോക്കാതെ ഇടിച്ചു കേറി വരും… ഇന്നാള് നീ കണ്ടില്ലേ നമ്മൾ സംസാരിക്കുന്നതിനു ഇടയിൽ കേറി വന്നത് അതൊന്നും എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല…ഇടക്ക് എനിക്ക് തോന്നും അവന് ഭ്രാന്തു ആണെന്ന്… !!!

അതിന് മറുപടി എന്നോണം ഹ്മ്മ് എന്ന് ഞാൻ ഒന്ന് നീട്ടി മൂളി… ഇവന് വേണ്ടി ജീവൻ പോലും കളയാൻ നിൽക്കുന്ന അരുണിനെ ഇവൻ ഇങ്ങനെ ഒക്കെയാണോ കാണുന്നെ എന്ന് ഞാൻ ചിന്തിച്ചു..ഇത്‌ കേട്ടപ്പോൾ അരുണിനോട് ഉള്ള ഇഷ്ട്ടം എനിക്ക് കൂടി കൂടി വന്നു…

മൂന്ന് വർഷത്തെ കലാലയ ജീവിതത്തിലേ എല്ലാം ഞാൻ ആസ്വദിച്ചു… സൗഹൃദങ്ങൾ…ക്ലാസുകൾ…. പരീക്ഷകൾ… അങ്ങനെ എല്ലാം എല്ലാം … ഒന്നൊഴികെ…

താൻ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി കണ്ണും മെയ്യും മറന്നു പ്രാണൻ പോലും നൽകാൻ നടക്കുന്ന അരുണിനെ… എന്തേ ഇത്രയും നാളായി അവന് എന്നെ മാത്രം മനസ്സിലാക്കാൻ
സാധിക്കാതെ പോയത് എന്ന് ചിന്തിച്ചു നിൽക്കുമ്പോൾ ആണ്‌ പെട്ടന്ന് ഇടി പൊട്ടുന്നത്…

അപ്പോഴാണ് ഞാൻ പരിസരം മുഴുവൻ ശ്രദ്ധിക്കുന്നത്… മഴ തോർന്നിരിക്കുന്നു… പക്ഷേ ഓർമ്മകൾ എന്നും തോരാതെ മനസ്സിൽ ഉണ്ട്…

കോളേജിന്റെ വരാന്തയിലൂടെ ഞാൻ നടന്ന് എൻറെ പഴയ ഓർമ്മകൾ ഓരോന്നായി ഓർത്തെടുത്തു…

പെട്ടന്നാണ് ഡീ എന്ന വിളികേട്ടത് അരുണിന്റെ ശബ്ദം ആണല്ലോ എന്ന് ചിന്തിച്ചു നോക്കിയപ്പോൾ കോളേജ് മുറ്റത്തെ വാഗ മരച്ചോട്ടിലെ തറയിൽ പകുതി മഴ നനഞ്ഞ വെള്ള വസ്ത്രം ധരിച്ചു അരുൺ നിൽക്കുന്നു…

മഴയിൽ വീണ വാഗ പൂക്കൾ ആ മരത്തിന്റെ ചുവട്ടിൽ പൊഴിഞ്ഞു കിടക്കുന്നു… അതിനിടയിലൂടെ അരുണിനെ കാണാൻ ഒരു പ്രത്യേക ആകർഷണം ആയിരുന്നു…

ഡീ നീ എന്താ ആലോചിക്കുന്നേ…
എന്ന അവന്റെ ചോദ്യം കേട്ടാണ് ഞാൻ ചിന്തയിൽ നിന്നും ഉണരുന്നത്…

ഹെയ് ഒന്നും ഇല്ലാ… എന്ന് ഞാൻ മറുപടി പറഞ്ഞു..

നീ എന്താ ഇവിടെ രാഹുൽ വരാൻ പറഞ്ഞതാണോ…?

അല്ല ഞാൻ വെറുതെ ഇത്‌ വഴി പോയപ്പോൾ ഇവിടെ കയറി പഴയ കാര്യങ്ങൾ ഓരോന്ന് ഓർക്കുക ആയിരുന്നു…

രാഹുൽ അല്ലാതെ അതിന് മാത്രം നിനക്കെന്താ ഇത്ര ഓർക്കാൻ?? എന്ന കളിയാക്കി കൊണ്ടുള്ള അവന്റെ ചോദ്യത്തിന് കണ്ണുകളിലേക്കു നോക്കി ഞാൻ മറുപടി പറഞ്ഞു…

എനിക്ക് ഈ കലാലയം സമ്മാനിച്ച മറക്കാൻ പറ്റാത്ത ഒരുപാട് ഓർമ്മകൾ ഉണ്ട് ….ആദ്യമായി ഈ കോളേജിൽ കാല് കുത്തിയത് മുതൽ ഇതാ ഇന്ന്‌ വരെ… എപ്പോഴും വെള്ള വസ്ത്രം മാത്രം ധരിച്ചു നടക്കുന്ന ഒരു ഒരു നീണ്ട മുടിക്കാരൻ, തൻറെകൂടെ ഉള്ളവർക്ക് വേണ്ടി തിരുച്ചു പ്രതീക്ഷിക്കാതെ സ്നേഹം വാരി കോരി കൊടുക്കുന്നവൻ…പക്ഷേ അവൻ ഒന്ന്മാത്രം ഇത്രയും നാളിനിടയിൽ ശ്രദ്ധിച്ചില്ല ആദ്യം കണ്ടത് മുതൽ അവനെ മാത്രം നെഞ്ചിലേറ്റി നടക്കുന്ന ഒരു പെണ്ണിനെപറ്റി.. അവളുടെ ലോകം അവനായിരുന്നു… അവളുടെ ശ്വാസം അവനായിരുന്നു…
അവളുടെ പ്രാണൻ അവനായിരുന്നു…

പക്ഷേ ഇതൊന്നും കാണാൻ തൻറെ കൂട്ടുകാരന് അപ്പുറം ഒരു ലോകം ഇല്ലാത്തവന് കഴിഞ്ഞില്ല…അവൻ എപ്പോഴും തിരക്കിലായിരുന്നു അവന്റെ കൂട്ടുകാരന്റെ ആഗ്രഹങ്ങൾ നിറവേറ്റാൻ വേണ്ടി… എന്തിനേറെ അവനെ സ്നേഹിക്കുന്ന പെണ്ണിനെ തൻറെ കൂട്ടുകാരൻ ഇഷ്ടപെടുന്നു എന്ന് പറഞ്ഞപ്പോൾ അവന് വേണ്ടി അവളുടെ സമ്മതം പോലും ചോദിക്കാതെ അവളെ വെട്ടിപിടിച്ചു കൊടുത്തവൻ….

മാലിനി…. !!! നീ ഇത്‌ എന്താണ് പറയുന്നേ…

ഇനിയും പറഞ്ഞില്ലെങ്കിൽ മനസമാധാനത്തോടെ എനിക്ക് എൻറെ ഭാവി ജീവിച്ച് തീർക്കാൻ സാധിക്കില്ല…

നീ ഇത്രയും പറഞ്ഞില്ലേ… എന്നാൽ എനിക്ക് പറയാൻ ഉള്ളത് കൂടി നീ കേൾക്കണം…

ആദ്യ ദിവസം എൻറെ കൂട്ടുകാരന് ഒപ്പം കോളേജിൽ എത്തിയ ഞാൻ കാണുന്നത് ഒറ്റയ്ക്ക് നടന്ന് വരുന്ന ഒരു പെൺകുട്ടിയെ ആണ്‌.. ആ നോട്ടത്തിൽ തന്നെ അവൾ എൻറെ ആണ്‌ എന്ന് തീരുമാനിച്ചതും ആണ്‌… അന്ന് കൂടെ ഉള്ള കൂട്ടുകാരനെ ഡാ അവളെ കണ്ടോ എന്ന് വിളിച്ചു കാണിച്ചു കൊടുത്തപ്പോൾ ഞാൻ ഒരിക്കലും കരുതിയില്ല എൻറെ കൂട്ടുകാരന് അവളെ ഇഷ്ടംആകും എന്ന്… കൂട്ടുകാരൻ പറയാതെ അവന് വേണ്ടി എന്ന് തോന്നിക്കും വിധം ഞാൻ അവളുടെ പേര് ചോതിച്ചുഅറിഞ്ഞു… അന്ന് മുതൽ തൻറെ കൂട്ടുകാരൻ വാ തോരാതെ അവളെ കുറിച്ച് സംസാരിക്കുന്നത് കേട്ടപ്പോൾ അവന് വേണ്ടി ഞാൻ സ്വയം വഴി മാറി കൊടുക്കേണ്ടി വന്നു…

പിന്നെ എപ്പോഴോ അവനും അവളും അകൽച്ചയിൽ ആണ്‌ എന്ന് അറിഞ്ഞപ്പോൾ അതിന്റെ ആഴം അറിയാൻ ശ്രമിച്ചു പക്ഷേ അന്ന് വൈകുന്നേരം ഞാൻ ഫുട്ബോൾ കളിക്കുമ്പോൾ അവർ വീണ്ടും ഒരുമിച്ചു നിന്ന് സംസാരിക്കുന്നത് കണ്ടു… അന്ന് എൻറെ കൂട്ടുകാരന് വേണ്ടി ഞാൻ എൻറെ മോഹങ്ങൾ എല്ലാം കുഴിച്ചു മൂടി…

അത്രയും കേട്ടപ്പോൾ കണ്ണിൽ നിന്നും വരുന്ന കണ്ണുനീർ തുടച്ചുകൊണ്ട് ഞാൻ അവനെ വിളിച്ചു അരുണേ!!!… എനിക്ക് നീ പറയുന്നത് വിശ്വസിക്കാൻ സാധിക്കുന്നില്ല…
ഞാൻ പോലും അറിയാതെ അവന്റെ ചാരത്തേക്കു എൻറെ നെറ്റി വച്ചു….. തടഞ്ഞിട്ടും നിറഞ്ഞൊഴുകുന്ന കണ്ണ് നീര് അവന്റെ നനഞ്ഞ വസ്ത്രത്തിൽ ഒഴുകിയിരുന്നു…

കൂട്ടുകാരന് വേണ്ടി മറച്ചുവച്ച സ്നേഹം അവനിൽ നിന്നും പുറത്തേക്ക് വരുന്നത് എൻറെ തല മുടിയിൽ അവന്റെ കൈ കൊണ്ട് സ്പർശിച്ചപ്പോൾ ഞാൻ അറിഞ്ഞു…

കുറച്ച് നിമിഷങ്ങൾക്ക് ശേഷം പെട്ടന്ന് അവൻ എന്നെ തള്ളി മാറ്റിയപ്പോൾ ആണ്‌ ഞാൻ അവന്റെ ചാരത്തു നിന്നും പിൻവലിയുന്നത്…

അവന്റെ കണ്ണ് പിറകിലേക്ക് പോകുന്നത് കണ്ടപ്പോൾ ആണ്‌ ഞാൻ തിരിഞ്ഞു നോക്കിയത്…

രാഹുൽ…. !! ഞാൻ പോലും അറിയാതെ ഞാൻ അവന്റെ പേര് വിളിച്ചു പോയി…

ഹ്മ്മ് എന്ന ഒരു മൂളലിന് ശേഷം ഡാ അരുണേ എന്ന് അവൻ നീട്ടി വിളിച്ചു…

അവൻ ഓടി വന്ന് അരുണിനെ കെട്ടി പിടിച്ചു…

എന്നിട്ട് പറഞ്ഞു… നിങ്ങൾ പറഞ്ഞത് മുഴുവൻ ഞാൻ കേട്ടു എന്തിനായിരുന്നെടാ നീ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്… എനിക്ക് ഒരിക്കൽ പോലും നിന്നെ മനസിലാക്കാൻ സാധിക്കാതെ പോയല്ലോ… നിൻറെ ഉള്ളിലേ ഇവളോടുള്ള പ്രണയം എനിക്ക് വേണ്ടി നീ മറച്ചു വച്ചില്ലേ… ഇതൊന്നും മനസിലാക്കാൻ പറ്റാതെ പോയല്ലോ എനിക്ക്…

എനിക്ക് അറിയാം ആയിരുന്നു ഇവൾക്ക് എന്നോടുള്ള പ്രണയം ഞാൻ നിർബന്ധിക്കുമ്പോൾ മാത്രം മുഖത്ത് വരുന്നത് ആയിരുന്നു എന്ന്… പക്ഷേ എല്ലാം ഒരു ദിവസം ശരിയാകും എന്ന് ഞാനും പ്രതീക്ഷിച്ചിരുന്നു…
പക്ഷേ ഇപ്പോൾ എനിക്ക് എല്ലാം മനസ്സിലായി…

പെട്ടന്ന് രാഹുൽ എൻറെ കൈ പിടിച്ചു അരുണിന്റെ കൈകളിൽ വച്ച് പറഞ്ഞു…

പൊന്നുപോലെ നോക്കിക്കോളേണെടാ… ഇവളെ പോലെ ഇവൾ മാത്രമേ കാണൂ..

അത് കേട്ടപ്പോൾ എന്റെയും അരുണിന്റേയും കണ്ണുകൾ നിറഞ്ഞ് ഒഴുകുക ആയിരുന്നു…