“ഇതിലെ കഥയും,കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്…മറിച്ച് യാഥാർഥ്യമാണെന്ന് തോന്നിയാൽ കുറ്റം പറയാനാകില്ല…!!
ചെന്താരകം
Author : സജി.കുളത്തൂപ്പുഴ
“അല്ല ആരിത് ഭദ്രേട്ടനോ…ജില്ലാ സെക്രട്ടറി ആയശേഷം ഇങ്ങോട്ടുള്ള വഴിയൊക്കെ ഓർമ്മയുണ്ടോ സഖാവേ…!!
അതിനുള്ള മറുപടി ജാള്യത നിറഞ്ഞൊരു ചെറുചിരി മാത്രമായിരുന്നു.
” അമ്മേ…ദേ, ഭദ്രേട്ടൻ വന്നിരിക്കുന്നു…!
വിശ്വനാഥൻ അകത്തേക്ക് നോക്കി വിളിച്ചു…!
” ടീച്ചറെ വിളിച്ച് ബുദ്ധിമുട്ടിക്കേണ്ട ഭദ്രാ…ഞാനിപ്പോൾ വന്നത് നിന്നെ കാണാൻ വേണ്ടി മാത്രമാണ്…!!
“എന്നെ കാണാനോ…?
വിശ്വൻ അതിശയം കൂറി.
“അതെ…,നിന്നെ കാണാനായി തന്നെ..!
“ഫോണിലൊന്ന് വിളിച്ചിരുന്നെങ്കിൽ ഞാൻ അങ്ങോട്ട് വന്ന് കണ്ടേനേയല്ലോ ഭദ്രേട്ടാ…!
“വിളിച്ചാൽ നീ വരുമെന്നറിയാം…പക്ഷേ എനിക്ക് കാണേണ്ടവരെ അങ്ങോട്ട് പോയി കണ്ടാണ് ശീലം….!
അതിലൊരു താക്കീതിന്റെ ധ്വനിയുണ്ടായിരുന്നോ ?
“ശാരീ….കട്ടനെടുക്ക്…അല്പം ഏലത്തരി കൂടിയിട്ടോ…മധുരവും കുറച്ച് മതി.
“അപ്പോ നീ എന്റെ ശീലങ്ങളൊന്നും മറന്നില്ല അല്ലേ ?
“മറക്കാൻ ഞാൻ ‘സഖാവ് ഭദ്ര’നല്ലല്ലോ ഏട്ടാ…!!
ഭദ്രൻ ആ മറുപടിക്ക് മുന്നിലൊന്ന് ചൂളി.
“വിശ്വാ…വീട്ടിൽ കേറി വന്നവരോട് തറുതല പറയേ….അതും ഏട്ടനോട്…?
അതും പറഞ്ഞുകൊണ്ട് ശാരദ ടീച്ചർ ഉമ്മറത്തേക്ക് വന്നു.
“അവൻ പറഞ്ഞോട്ടെ അമ്മേ… അതിനുള്ള അധികാരമുണ്ടല്ലോ അവന്..എന്റെ ഗുരുനാഥന്റെ മോനല്ലേ…അതിരിക്കട്ടെ, അമ്മയുടെ മുട്ടുവേദന എങ്ങിനെയുണ്ട്…?
“അതിനൊരു മാറ്റവുമില്ല ഭദ്രാ…സർജറിയ്ക്ക് ശേഷവും വലിയ കുറവൊന്നും പറയാനില്ല.അതിനി എന്നെയും കൊണ്ടേ പോവൂ.എന്താ മോനേ വിശേഷിച്ച് ഈ വഴിക്കൊക്കെ…?