ശിക്ഷ
Shikhsa Part 1 by Hashir Khan
പാതിയെരിഞ്ഞ സിഗററ്റ് തമ്പാന്റെ നെറ്റിത്തടത്തില്‍ അമര്‍ത്തി..
ഒന്നുറക്കെ കരയാന്‍ പോലുമാകാതെ അവന്‍ കണ്ണുകള്‍ പുറത്തേക്കു ചാടിച്ച് പിടയുന്നത് ഞാന്‍ കണ്ടു…ഒരിറ്റു ദാഹജലത്തിനായി അവനിപ്പോള്‍ കൊതിക്കുന്നുണ്ടാകാം…
ഒരുതരത്തിലുള്ള ദയയും അവനര്‍ഹിക്കുന്നില്ല…
വായില്‍ തിരുകിയ തുണി എടുത്തു മാറ്റിയാല്‍ ഒരുപക്ഷേ അവനൊന്നുറക്കെ കരയാം…പക്ഷേ ഈ വേണു അതു ചെയ്യില്ല…
തമ്പാന്‍ തന്നെയാണ് നീലുവിനെ ഇല്ലാതാക്കിയത് എന്നെനിക്കറിയാം.
ആ ഒരുത്തരം മാത്രമാണ് എനിക്കു നിന്റെ നാവില്‍ നിന്നും കിട്ടേണ്ടിയിരുന്നത്
അതെനിക്ക് കിട്ടിക്കഴിഞ്ഞു…
ഇനി നിന്റെ ശബ്ദം പുറത്തേക്ക് വരില്ല….നിന്റെ കണ്ണുകളില്‍ മരണഭയം നിറയുന്നത് എനിക്കു കാണണം.
ഞാന്‍ ചൂഴ്ന്നെടുക്കുന്നതിനു മുന്‍പ് ആ ഭയം നിന്റെ കണ്ണുകളില്‍ ഇങ്ങനെ നിറഞ്ഞു നില്‍ക്കണം…
മരണത്തിനും നിന്നെ ഞാനെളുപ്പം വിട്ടു കൊടുക്കില്ല..
ഒന്നും ചെയ്യാനാകാതെ ഒന്നുറക്കെ കരയാന്‍ പോലുമാകാതെ ചെറുത്തുനില്‍ക്കാന്‍ കഴിയാതെ നിസഹായരായി പോകുന്നവരുടെ ഗതികേട് നീ അറിയണം…
ഒരു കാരാഗൃഹവാസത്തിനും നിന്നെ ഞാന്‍ വിട്ടു കൊടുക്കില്ല..
ശിക്ഷിക്കാനുള്ള വകുപ്പുകളേക്കാള്‍ രക്ഷിക്കാനുള്ള പഴുതുകള്‍ നിറയെയുള്ള നമ്മുടെ നിയമത്തില്‍ എനിക്കെന്നേ വിശ്വാസം നഷ്ടമായി….
ഒരുപക്ഷേ ആ പഴുതുകളൊന്നില്‍ കൂടി നീ പുറത്തെത്തിയാല്‍ ഇനിയും കുരുന്നെന്നോ പ്രായമായവരെന്നോ വ്യത്യാസമില്ലാതെ ഒരുപാടു പെണ്ണുടലുകള്‍ നിന്റെ ചെയ്തികള്‍ക്ക് ഇരയായേക്കാം….!!
വായപൊത്തിപ്പിടിച്ച് നീ നീലുവിനെ നിഷ്കരുണം പിച്ചിച്ചീന്തിയപ്പോ അവളും ഇതേ വേദന തന്നെ അനുഭവിച്ചിട്ടുണ്ടാകില്ലേ..??
എന്നെ ഒന്നും ചെയ്യല്ലേ അച്ഛാ എന്നു പറയാന്‍..അമ്മേ എന്നു വിളിച്ച് ഒന്നുറക്കെ കരയാന്‍ ആ പത്തു വയസ്സുകാരി ശ്രമിച്ചിട്ടുണ്ടാകില്ലേ..???
സ്വന്തം ചോരയാണെന്ന ബോധമില്ലാതെ ക്രൂരമായി അവളെ നീ ഇല്ലാതാക്കിയില്ലേ..???
നിന്റെ അടങ്ങാത്ത കാമം അവളിലേക്ക് തീമഴയായി പെയ്തിറങ്ങിയപ്പൊ ആ കുഞ്ഞിക്കണ്ണുകള്‍ നിറഞ്ഞ് ചോരയൊലിച്ചിട്ടുണ്ടാകില്ലേ..???
ഒടുവില്‍ നിന്റെ ഭ്രാന്തിന്റെ പൂര്‍ത്തീകരണത്തിനു ശേഷം അവളെ പുഴയുടെ ആഴങ്ങളിലേക്കു വലിച്ചെറിയുമ്പൊ നിനക്കൊട്ടും കുറ്റബോധം തോന്നിയില്ലേ…???
ഒരച്ഛന്റെ തലോടലും പരിചരണവും കിട്ടേണ്ട പ്രായത്തില്‍ അവളുടെ കണ്ണുകളില്‍ തെളിഞ്ഞിരുന്നത് നിന്നെക്കുറിച്ചുള്ള ഭയമായിരുന്നു…
ആ കുഞ്ഞിനോട് വാത്സല്യം കാണിക്കേണ്ട നിന്റെ കണ്ണുകളില്‍ തെളിഞ്ഞിരുന്നത് മാംസക്കൊതിയനായ ഒരു നീചന്റെ ഭാവമായിരുന്നു…
അവസാനമായി ഞാനവളെ കാണുമ്പോ ആ കുഞ്ഞു ശരീരം ചേറുകൊണ്ട് നിറഞ്ഞിരുന്നു..
ആ കുഞ്ഞിക്കണ്ണുകളിലൊന്ന് മീന്‍ കൊത്തിയെടുത്തിരുന്നു…
നിനക്കറിയുമോ തമ്പാനേ നിന്നെ ഞാനെന്തിനിങ്ങനെ ചെയ്യുന്നുവെന്ന്..????
അതിനു മുന്‍പ് നീ എന്നെക്കുറിച്ചറിയണം…നീലുവെനിക്കാരായിരുന്നുവെന്നറിയണം…!!
നീലു എനിക്കും എന്റെ ഓര്‍മനഷ്ടപ്പെട്ട അമ്മക്കും ആരായിരുന്നു എന്നറിയണം…!!
വേണു…
പതിനൊന്നാം വയസ്സില്‍ അച്ഛന്‍ നഷ്ടപ്പെട്ടവന്‍..!!
ആ നഷ്ടത്തിന്റെ വേദനയില്‍ നിന്നും കരകയറുന്നതിനു മുന്നേ ഞാന്‍ നെഞ്ചോട് ചേര്‍ത്തു കൊണ്ടു നടന്ന കുഞ്ഞനിയത്തിയെ ഒരു മഴക്കാലത്ത് പുഴയുടെ ആഴങ്ങളില്‍ നഷ്ടപ്പെട്ടവന്‍..!!
.ഒടുവില്‍ അവളുടെ മീനുകള്‍ കൊത്തിയ ശരീരം പുഴയില്‍ നിന്നും എടുക്കുമ്പൊ പലപ്പോഴും പറിച്ചു കൊടുക്കാന്‍ അവള്‍ വാശിപിടിച്ചു കരഞ്ഞിരുന്ന ആമ്പല്‍ പൂക്കള്‍ അവളുടെ ശരീരത്തോട് പറ്റിച്ചേര്‍ന്നിരുന്നു..!!
ഒരുപക്ഷേ അവളത് ഏറെ ഇഷ്ടപ്പെട്ടിരുന്നതിനാലാകാം..!!!
അന്നു പുഴക്കരയില്‍ ബോധം നഷ്ടപ്പെട്ട് തളര്‍ന്നു വീണ അമ്മ പിന്നെ ഓര്‍മയുടെ ലോകത്തേക്ക് ഇന്നും പൂര്‍ണമായി തിരികെ വന്നിട്ടില്ല…!!!
ഇന്നും വീട്ടു പടിക്കല്‍ ആ അമ്മ പുഴയുടെ ആഴങ്ങളില്‍ നഷ്ടപ്പെട്ട ആ എട്ടു വയസ്സുകാരിയെ കാത്തിരിക്കാറുണ്ട്..
കാണാതാകുമ്പോള്‍…പുഴയുടെ ഓര്‍മകള്‍ കൊത്തി വലിക്കുമ്പോള്‍ അലറിക്കരയാറുണ്ട്…!!
വിധിയുടെ ക്രൂരതകള്‍ക്കു മുന്നില്‍ പകച്ചുനിന്ന ആ പതിനൊന്നു വയസ്സുകാരന്‍….
ഇന്നവന്‍ വളര്‍ന്നു വലുതായി…ഇന്നവനൊരാളെ കൊല്ലാന്‍ പോകുന്നു…
അതും വ്യക്തമായ ആസൂത്രണത്തോടെ..അതിക്രൂരമായി….!!
നീലു..
അവളൊരു കുഞ്ഞുപൂവായിരുന്നു….
ചുറ്റുമുള്ളവര്‍ക്ക് സ്നേഹത്തിന്റെ പുഞ്ചിരിയാല്‍ സുഗന്ധം മാത്രം പരത്താന്‍ മാത്രം കഴിഞ്ഞിരുന്ന ഒരു കുഞ്ഞു പൂവ്…
ഒരിക്കല്‍ നിന്റെ ക്രൂരതയില്‍ നിന്നും രക്ഷതേടി ഒരു മഴയുള്ള രാത്രിയില്‍ എന്റെ വീട്ടിലേക്ക് ഓടിക്കയറി വന്നതാണ് നീലുവും അവളുടെ അമ്മയും….
നിന്നെ തല്ലാന്‍ പിടിച്ചപ്പൊ കുഞ്ഞിക്കണ്ണുകള്‍ നിറച്ച് “എന്റച്ഛനെയൊന്നും ചെയ്യല്ലെയെന്ന് പറഞ്ഞു കരഞ്ഞ ആ മുഖം…ഓര്‍ക്കുന്നുണ്ടോ തമ്പാനേ നീ….????
അതൊരു തുടക്കമായിരുന്നു….
പുഴയുടെ ആഴങ്ങളില്‍ നഷ്ടമായ അനിയത്തിക്കുട്ടിയെ തിരികെ കിട്ടിയ സന്തോഷമായിരുന്നു എനിക്ക്..
അതിലേറെ ഗുണമുണ്ടായത് അമ്മയുടെ കാര്യത്തിലാണ്….അവള്‍ ഇടക്കു വീട്ടിലേക്ക് വരുമ്പോള്‍ അമ്മക്കുണ്ടാകുന്ന മാറ്റം.
അടുത്തിരുത്തി ചോറു വാരി കൊടുത്തും..പുന്നരിച്ചും….എന്തൊക്കെയോ വിശേഷങ്ങള്‍ പറഞ്ഞും..എന്റെ പഴയ അമ്മ തിരിച്ചു വരികയാണെന്ന് ഞാന്‍ കരുതി…സന്തോഷിച്ചു…
അവളിലൂടെ വീട്ടില്‍ സന്തോഷം നിറയുകയായിരുന്നു..!!
ഈ കഴിഞ്ഞ കാവിലെ ഉത്സവത്തിന് ഞങ്ങളുടെ കണ്ണൊന്നു തെറ്റിയപ്പൊ..നിന്നിലെ അച്ഛനിലെ കാമഭ്രാന്തനായ കഴുകന്‍ ഉണര്‍ന്നപ്പൊ, നീ തട്ടിയെടുത്തത് ഞങ്ങളുടെ സന്തോഷത്തെയാണ്…പ്രതീക്ഷകളെയാണ്…
തമ്പാനേ….ഒരുപക്ഷേ ഇവിടുത്തെ നിയമത്തിനു നല്‍കാന്‍ കഴിയുന്ന ശിക്ഷ കൊലക്കയറാകാം..പക്ഷേ..എന്നു നല്‍കും..???
അതിനാല്‍ ഞാന്‍ തന്നെ നിനക്കുള്ള ശിക്ഷ വിധിക്കുന്നു…
വേണുവിന്റെ കയ്യിലെ കത്തി ഒന്നുയര്‍ന്നു താണപ്പൊ ചിതറി തെറിച്ച ചോരക്കൊപ്പം തമ്പാന്റെ പൌരുഷവുമുണ്ടായിരുന്നു….
ഞരമ്പുകള്‍ വലിഞ്ഞു മുറുകി..കരയാനാകാതെ അനങ്ങാനാകാതെ പ്രാണന്‍പോകുന്ന വേദന പ്രകടമാകുന്ന തമ്പാന്റെ കണ്ണുകളില്‍ നിന്നും പുറത്തേക്കൊഴുകിയത് കണ്ണീരല്ല ചോരയായിരുന്നു…!!
ആ നിമിഷം വേണു മുനയുള്ള കത്തി തമ്പാന്റെ രണ്ടു കണ്ണുകളിലും മാറിമാറി കുത്തിയിറക്കി…
പ്രാണവേദനയാല്‍ പിടയുന്ന…ശ്വാസത്തിനായി പിടയുന്ന തമ്പാനെ എരിയുന്ന കണ്ണുകളാല്‍ വേണു നോക്കി നിന്നു…
ഒടുവില്‍ അവസാനം തമ്പാന്റെ കഴുത്തില്‍ കത്തി ചേര്‍ത്തു വെച്ച് ഒരു കോഴിയെ അറുക്കുന്നതു പോലെ ഞരമ്പറുക്കുമ്പൊ വേണു പറഞ്ഞു….
തമ്പാനേ….നിന്നെ പെട്ടെന്നു കൊല്ലണമെന്ന് ആഗ്രഹമില്ലായിരുന്നു എനിക്ക്…നീ കിടന്നു നരകിക്കുന്നത് കാണണമായിരുന്നു എനിക്ക്..
പക്ഷേ…ഒരുറുമ്പിനെ പോലും നോവിച്ചിട്ടില്ലാത്ത വേണുവിന് നിന്നോരൊടല്‍പം ദയ തോന്നിപ്പോയാല്‍ നിന്നെ ഇനിയും ജീവിക്കാന്‍ വിട്ടാല്‍ എന്റെ നീലുവിനോട് ഞാന്‍ ചെയ്യുന്ന ചതിയായി പോകും അത്…
അതിനാല്‍ മരണത്തിനു ഞാന്‍ നിന്നെ വിട്ടു കൊടുക്കുകയാണ്….പോ….!!!
ആ നീചനില്‍ നിന്നും പ്രാണന്‍ ഒഴിയുന്നത് കനലെരിയുന്ന കണ്ണുകളോടെ വേണു നോക്കി നിന്നു…
പിടച്ചിലുകള്‍ക്കൊടുവില്‍ തമ്പാന്റെ ശരീരം നിശ്ചലമായി..
നീലുവിന്റെ ശരീരം വിഴുങ്ങിയ,തന്റെ അനിയത്തിക്കുട്ടിയെ തട്ടിയെടുത്ത അതേ പുഴയുടെ ആഴങ്ങളിലേക്ക് വേണു തമ്പാന്റെ ശവം വലിച്ചെറിഞ്ഞു…
തിരികെ നടക്കുമ്പോള്‍ വേണു കണ്ടു..പുഴയോരത്തിരുന്ന് തന്നെ നോക്കി ചിരിക്കുന്ന രണ്ട് അനിയത്തിക്കുട്ടികളെ….!!!
നാളെയൊരിക്കല്‍ നിയമപാലകര്‍ വേണുവിനെ തേടിയെത്തും..
നീതിപീഠം ശിക്ഷ വിധിക്കും…
അന്ന് ആരൊക്കെ വേണുവിനെ തള്ളിപ്പറഞ്ഞാലും….
അമ്മയെയും പെങ്ങളെയും തിരിച്ചറിയുന്ന,പെണ്ണെന്നാല്‍ കാമപൂര്‍ത്തീകരണം നടത്താനുള്ള ഉപഭോഗ വസ്തുവല്ലെന്നു തിരിച്ചറിവുള്ള,ഇന്നത്തെ നീതിന്യായ വ്യവ്സ്ഥയില്‍ ഒരു പരിധിവരെ വിശ്വാസം നഷ്ടപ്പെട്ട ഒരു വിഭാഗം,അവര്‍ വേണു ചെയ്തത് ശരിയായിരുന്നുവെന്ന് പറയും…സമൂഹത്തില്‍ കപടസ്നേഹം കാട്ടി നടക്കുന്ന അനേകം തമ്പാന്‍മാരുടെ അന്തകരാകാന്‍ വേണുവിനെ പോലെ അനേകം പേര്‍ മുന്നോട്ടു വരട്ടെ എന്നു ആഗ്രഹിക്കും…പ്രാര്‍ത്ഥിക്കും..!!!
( ഭയമാണ്…
ദിവസവും പുറത്തു വരുന്ന പുതിയപുതിയ വാര്‍ത്തകള്‍..
ചോരക്കുഞ്ഞിനെ മുതല്‍ വൃദ്ധകളെ വരെ വെറുതേ വിടാത്തവരുടെ ചെയ്തികളില്‍ ഭയമാണ്…
അതില്‍ പ്രതിസ്ഥാനത്തു വരുന്നവരില്‍ മാതാപിതാക്കളും സഹോദരങ്ങളുമൊക്കെ ഉള്‍പ്പെടുന്നുവെന്നതാണ് അതീവ ദുഖകരമായ സത്യം….
ഇത്തരക്കാര്‍ക്കു നല്‍കേണ്ട ശിക്ഷാ രീതികളില്‍ ഒരു പൊളിച്ചെഴുത്ത് അത്യാവശ്യമല്ലേ…??)
———————————ഹാഷിര്‍ഖാന്‍——