Psycho killer

psycho killer
Author : Honey Shivarajan

ആകാശത്ത് കാര്‍മേഘങ്ങള്‍ മൂടിക്കെട്ടിയ ഒരു രാത്രി…

രാത്രി 10 മണി…

സോണിയ മെല്ലെ ലാപ് ടോപ്പ് ഓണ്‍ ചെയ്ത ഒരു ഹോളിവുഡ് സിനിമ പ്ലേ ചെയ്തു…

ഹോറര്‍ ത്രില്ലര്‍ ആണ്…

”മമ്മി…” സോണിയയുടെ മൂത്ത മകള്‍ എട്ട് വയസ്സുകാരി സാന്ദ്ര അവളെ കെട്ടിപ്പിടിച്ചു…

”നീയിതുവരെ ഉറങ്ങിയില്ലേടീ കളളീ…”
സോണിയ അവളുടെ കവിളില്‍ ഉമ്മ വച്ചു..

”മമ്മിയും ഉറങ്ങീല്ലല്ലോ… എനിക്കും കാണണം സിനിമ…”

”എന്നെ ഉറക്കിയട്ടേ നീ ഉറങ്ങുകയുളേളാടീ കൊച്ചു കാന്താരി…”

”എനിക്കും സിനിമ കാണണം… പ്രേതത്തിന്‍റെയൊണോ മമ്മി…”
അവള്‍ ചിണുങ്ങിക്കൊണ്ട് സിനിമയുടെ ശബ്ദം കൂട്ടാന്‍ നോക്കി…

”ശ്ശ്…” സോണിയ ചൂണ്ട് വിരല്‍ ചുണ്ടില്‍ വച്ചു…
”മോനൂട്ടന്‍ ഉറക്കത്തിലാ…”

അരികില്‍ കിടന്നുറങ്ങുന്ന സോണിയയുടെ ഇളയ മകന്‍ ആറ് വയസ്സുകാരന്‍ സന്ദീപിനെ ഒന്ന് നോക്കിയിട്ട് സാന്ദ്ര സോണിയ ചുണ്ടില്‍ കൈവച്ചത് പോലെ ആംഗ്യം കാണിച്ചു..

പെട്ടെന്ന് മൊബൈല്‍ റിംഗ് ചെയ്തു…

”റോണി ഇസ് കോളിംഗ്…”

അത് കണ്ടതും സോണിയ വേഗം കോള്‍ അറ്റന്‍റ് ചെയ്ത് ചെവിയോട് ചേര്‍ത്തു കൊണ്ട് ജന്നലിന് നേര്‍ക്ക് നീങ്ങി…

”ഹായ് ഡാര്‍ലിംഗ്…”

”ഹായ് റോണി…”
വര്‍ദ്ധിച്ച സന്തോഷത്തോടെ അവള്‍ പ്രതികരിച്ചു

”ഞാനില്ലാത്ത രാത്രി എങ്ങനുണ്ട് എന്‍റെ ഭാര്യേ…”

”തീര്‍ത്തും ബോര്‍…”

”അപ്പോള്‍ എന്‍റെ വില മനസ്സിലായോടീ കുരങ്ങേ…”

”ച്ഛേ… പറഞ്ഞു തീര്‍ന്നതിന് മുന്‍പ് ഹെഡ് ചെയ്യുന്നോടാ ചിമ്പാന്‍സി… തീര്‍ത്തും ബോറാണെന്ന് ഞാന്‍ പറയുമെന്നല്ലേ നീ കരുതന്നത്… പക്ഷെ എന്ത് സ്വസ്ഥം…”

”ഞാനങ്ങ് വരട്ടെ… നിന്‍റെ എല്ലാ സ്വസ്ഥതയും ഞാന്‍ കളയുമെടീ…”
അത് കേട്ട് സോണിയ കുലുങ്ങി ചിരിച്ചു…
ഫോണ്‍ സംഭാഷണം നീണ്ട് പോയിക്കൊണ്ടിരുന്നു…

”ദേ മോളെ പപ്പയാ…”
സോണിയ സ്പീക്കര്‍ ഓണ്‍ ചെയ്ത് മൊബൈല്‍ സാന്ദ്രയ്ക്ക് കൈമാറി…

”ഹായ് പപ്പാ…”

”ഹായ് മോളൂ… മോളൂട്ടി ഉറങ്ങീല്ലേടാ…”

”ഇല്ല പപ്പാ… ഞാനും മമ്മീം ഗോസ്റ്റിന്‍റെ സിനിമ കാണുകയാ… പപ്പാ എപ്പഴാ വരുന്നേ…”

”പപ്പ നാളെ വരൂട്ടോ… അത് വരെ മോളൂട്ടി വേണം മമ്മിയെയും മോനൂട്ടനെയും നല്ലോണം നോക്കാന്‍…”

”ഞാനെപ്പഴും മമ്മീനെയും മോനൂട്ടനെയും നോക്കിക്കൊണ്ടിരിക്കയാ പപ്പ… ദാ ഇപ്പഴും നോക്കീതെയുളളൂ…”
റോണിയുടെ ചിരി സ്പീക്കറിലൂടെ ഉയര്‍ന്നു കേട്ടു…

സോണിയയും ചിരിച്ചു പോയി…

”ഞാനൂണ്ടേ പപ്പാ നോക്കാന്‍…” ഉറങ്ങിക്കിടന്നിരുന്ന സന്ദീപ് ഉണര്‍ന്ന് അവര്‍ക്കിടയില്‍ കൂടി…

”ആഹ്… പപ്പായുടെ സൂപ്പര്‍ മാന്‍ ഉണര്‍ന്നോ…”

”സൂപ്പറ് മാനല്ല പപ്പാ…. സ്പൈഡര്‍ മാന്‍…”

”ഇന്ന് സ്പൈഡര്‍ മാന്‍ മൂവീ കണ്ട ശേഷം അവന്‍ പേര് മാറ്റി റോണി… ഇന്ന് മൊത്തം സ്പൈഡര്‍ മാനിനെ പോലെ ഇഴഞ്ഞും ചാടിയുമാ അവന്‍ നടന്നത്..”
വീണ്ടും റോണിയുടെ ചിരി ഉയര്‍ന്നു കേട്ടു…

പെട്ടെന്ന് ഫോണില്‍ നിന്നും ഒരു ബീപ്പ് ശബ്ദം കേട്ടു…

”റോണി… ഫോണിന്‍റെ ബാറ്ററിചാര്‍ജ്ജ് തീര്‍ന്നു…”

”ഓ.കെ ഡിയര്‍… ഉമ്മ… ഉമ്മാ… ഗുഡ് നൈറ്റ്… സ്വീറ്റ് ഡ്രീംസ്… ടേക്ക് കെയര്‍… ടൂ ആള്‍… സീ..യൂ..”

”സേം ടൂ ഡിയര്‍…. ഉമ്മ…”

അതോടെ അവശേഷിരുന്ന ബാറ്ററി ചാര്‍ജ്ജും തീര്‍ന്ന് ഫോണ്‍ ഓഫായി…

”ശ്ശെ… ഇതിന്‍റെ ചാര്‍ജ്ജ് നില്‍ക്കുന്നില്ലല്ലോ… ഫുള്‍ ചാര്‍ജ്ജുണ്ടായിരുന്നതാണല്ലോ… ”
സോണിയ ഫോണ്‍ ചാര്‍ജ്ജറുമായി കണക്ട് ചെയ്തു…

”മമ്മി ലാപ്പിനും ചാര്‍ജ്ജില്ല…” സാന്ദ്ര വിളിച്ച് പറഞ്ഞു..

സോണിയ തലയില്‍ കൈ വച്ചു…
”അതെങ്ങനാ… ഇരുപത്തിനാല് മണിക്കൂറും അതില്‍ കളിയല്ലേ…”

സോണിയ ലാപ്ടോപ്പിന്‍റെ ചാര്‍ജ്ജര്‍ എടുക്കാന്‍ തിരിഞ്ഞതും മൊബൈല്‍ ശബ്ദിച്ചു…

”ഇതാരാണ് ഈ രാത്രിയില്‍…”
സ്വയം ചോദിച്ച് കൊണ്ട് സോണിയ മൊബൈലില്‍ നോക്കി…

‘ശരണ്യയാണ്… സോണിയയുടെ അടുത്ത കൂട്ടുകാരി.. അവര്‍ താമസിക്കുന്ന നഗറില്‍ തന്നെയാണ് ആറ് വീട് അപ്പുറത്താണ് ശരണ്യയുടെ വീട്…

ഭര്‍ത്താവ് പ്രവീണ്‍ ദാസ് സ്ഥലം എസ്.ഐ ആണ്…

ചാര്‍ജ്ജര്‍ ഓഫ് ചെയ്യാതെ ശരണ്യ കോള്‍ അറ്റന്‍റ് ചെയ്തു…

”ഹലോ ശരണ്യാ…”

”ഹലോ സോണിയ… ഒരു വിവരം പറയാന്‍ വിളിച്ചതാ…”

”എന്ത് കാര്യമാണെടീ…”

”ഇന്ന് പത്രത്തിലും ന്യൂസിലുമൊക്കെ കണ്ട് കാണുമല്ലോ… ഇന്ന് ജയില്‍ ചാടിയ ഒരു സൈക്കോ കില്ലറിനെ കുറിച്ച്…”

”യാ…” അതെന്തിനാണ് ശരണ്യ രാത്രിയില്‍ പറയുന്നത് എന്ന് സന്ദേഹത്തോടെ സോണിയ മൂളി..

”പ്രവീണ്‍ ഇപ്പോല്‍ വിളിച്ച് പറഞ്ഞതാണ്… ആ കില്ലര്‍ രാത്രിയില്‍ ഈ നഗറിനുളളില്‍ കയറിപ്പറ്റിയിട്ടുണ്ട് എന്ന് ഒരു ഇന്‍ഫര്‍മേഷന്‍ പോലീസിന് കിട്ടിയിട്ടുണ്ട്…”
ശരണ്യ പറഞ്ഞത് കേട്ട് സോണിയയുടെ മനസ്സില്‍ ഒരാന്തലുണ്ടായി…

”നീ പേടിക്കേണ്ട.. ജസ്റ്റ് ഇന്‍ഫര്‍മേഷന്‍ മാത്രമാണ്.. കണ്ട ആരോ ഒരാള്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ച് പറഞ്ഞതാണ്… ആ ഇന്‍ഫര്‍മേഷന്‍ ശരിയാകണമെന്നില്ല… എന്നാലും ജാഗ്രതയുണ്ടായിരിക്കണമെന്ന് പ്രവീണ്‍ വിളിച്ച് പറഞ്ഞു… ബിക്കോസ് അവന്‍ വളരെ ബലവാനായ സൂത്രശാലിയായ കൊടും ക്രിമിനലാണ്… എ സൈക്കോ കില്ലര്‍…”

സോണിയ ഭയത്തോടെ നെഞ്ചില്‍ കൈ വച്ചു…

”റോണി ഇല്ലാത്തത് കൊണ്ടാ വിളിച്ചത്… എന്തെങ്കിലും സ്ട്രേഞ്ചായിട്ട് തോന്നുകയാണെങ്കില്‍ വിളിക്കണം.. കേട്ടോ…”

”ഉം…” സോണിയ മൂളി…

”നിനക്ക് പേടിയായോടീ…” സോണിയയുടെ ശബ്ദത്തിലെ പതര്‍ച്ച അറിഞ്ഞിട്ടാകാം ശരണ്യ അങ്ങന് ചോദിച്ചത്…

”ഹേയ്… ഇല്ല…”
സോണിയ പതര്‍ച്ച മറച്ചു കൊണ്ട് പറഞ്ഞു…

”ഒാ.കെ ഡാ… ടേക്ക് കെയര്‍…” കോള്‍ കട്ടായി…

ഫോണ്‍ സോണിയ മേശപ്പുറത്തേക്ക് വച്ചു… അവളുടെ കൈവിരലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു…

പെട്ടെന്നാണ് ഒരു വലിയ ഇടിശബ്ദം മുഴങ്ങിയത്… ശരണ്യ ഞെട്ടിപ്പോയി…

ഒപ്പം വൈദ്യുതിയും നിലച്ചു…

കുട്ടികള്‍ പേടിച്ച് അവളെ കെട്ടിപ്പിടിച്ച് കഴിഞ്ഞിരുന്നു…

പുറത്ത് മഴ തിമിര്‍ത്ത് പെയ്യാന്‍ തുടങ്ങിയ ഇരമ്പം കേട്ടു…

”നാശം… ഇന്‍വേര്‍ട്ടര്‍ നന്നാക്കാന്‍ കൊടുത്തിട്ട് അവന്‍മാര്‍ അത് കൊണ്ട് വന്നതുമില്ല…”

പിറുപിറുത്ത് കൊണ്ട് സോണിയ മോബൈല്‍ ടോര്‍ച്ച് പ്രകാശിപ്പിച്ച് കൊണ്ട് എമര്‍ജന്‍സി ലാമ്പ് എടുത്ത് പ്രകാശിപ്പിച്ചു…

കുട്ടികള്‍ പേടിച്ചരണ്ട് അവള്‍ക്കൊപ്പമുണ്ട്…

അതിശക്തമായ ഇടിമിന്നലുകളും മഴയും ഒരു ഭീകരാന്തഃരീക്ഷം സൃഷ്ടിച്ചു…

ശരണ്യ പറഞ്ഞതോര്‍ത്തപ്പോള്‍ അവളുടെ മനസ്സിലേക്ക് അകാരണമായ ഭയം ഇരച്ച് കയറി…

സമൂഹിക വാര്‍ത്താമാധ്യമങ്ങളിലേല്ലാം സൈക്കോ ക്രിമിനല്‍ ജയല്‍ ചാടിയ വിവരങ്ങള്‍ ഫ്ലാഷ് ന്യൂസായി വന്നുകൊണ്ടിരുന്നു…

സൈക്കോ കില്ലര്‍ ഡാനി ഡിക്രൂസ്…!!!

രാത്രികാലങ്ങളില്‍ പുരുഷന്‍മാരില്ലാത്ത വീടുകള്‍ കയറി ഏഴ് സ്ത്രീകളെയും നാല് കൊച്ചു കുട്ടികളെയും ജയില്‍ ചാടുന്നതിനിടയില്‍ രണ്ട് ജയില്‍ വാര്‍ഡന്‍മാരെയും അടക്കം പതിമൂന്ന് പേരെ അതിക്രൂരമായി കൊലപ്പെടുത്തിയ കൊടും ക്രിമിനല്‍…

സ്ത്രീകളെയും കുട്ടികളെയും ക്രൂരമായി പീഢിപ്പിച്ചിതിന് മൃതശരീരം വികൃതമാക്കപ്പെട്ട രീതിയിലാണ് കാണപ്പെട്ടിരുന്നത്…

അതിസാഹസികമായി ഡാനി ഡിക്രൂസിനെ പോലീസ് കീഴടക്കിയപ്പോഴാണ് ജനങ്ങളിലുളള ഭീതി വിട്ടൊഴിഞ്ഞത്…

ഒറ്റപ്പെട്ട സെല്ലില്‍ അതിസുരക്ഷാ സംവിധാനത്തോടെ പാര്‍പ്പിച്ചിരുന്ന ഡാനി ഡിക്രൂസ് ജയില്‍ ചാടുന്നതിനിടയില്‍ കാവല്‍ക്കാരായ രണ്ട് ജയില്‍ വാര്‍ഡന്‍മാരെയും കൊലപ്പെടുത്തി…

പുറത്ത് മഴ തിമിര്‍ത്ത് പെയ്യുകയാണ്…

സോണിയയോട് ചേര്‍ന്ന് കെട്ടിപ്പിടിച്ച് പറ്റിച്ചേര്‍ന്ന് കിടക്കുകയാണ് കുട്ടികള്‍ രണ്ട് പേരും…

ശക്തമായ കാറ്റില്‍ മുറിയുടെ വാതില്‍ തുറന്നടയുന്ന ശബ്ദം…

”ശ്ശെ… ജന്നലിന്‍റെ കൊളുത്ത് ഇട്ടിട്ടില്ലായിരുന്നോ…?”
സോണിയ മനസ്സില്‍ ശപിച്ച് കൊണ്ട് കുട്ടികളോട് കട്ടിലില്‍ കിടന്ന് കൊളളാന്‍ നിര്‍ദ്ദേശിച്ച് ജന്നലിന് അടുത്തേക്ക് നടന്നു…

മെല്ലെ ജാലകവിരി മാറ്റി ജന്നല്‍ അടയ്ക്കാന്‍ തുനിയുമ്പോഴാണ് മിന്നല്‍ വെളിച്ചത്തില്‍ സോണിയ അത് കണ്ടത്…

അടുത്ത വീടുമായി വേര്‍തിരിക്കുന്ന തങ്ങളുടെ മതിലിന്‍മേല്‍ ഒരു കറുത്ത രൂപം….!!!

സോണിയ ഭയന്ന് ഞെട്ടി പിന്നോട്ട് മാറി…

അവളുടെ ശരീരം വിറകൊണ്ടു…

ശ്വാസഗതി വര്‍ദ്ധിച്ചു…

വീണ്ടും ജന്നല്‍ ഒരു ശബ്ദത്തോടെ അടഞ്ഞ് തുറന്നു…

സമനില വീണ്ടെടുത്ത് സോണിയ ധൈര്യം സംഭരിച്ച് ജന്നലിന്‌ നേര്‍ക്ക് നീങ്ങി…

ജാലകവിരി മാറ്റി അവള്‍ വീണ്ടും താന്‍ ആ കറുത്ത രൂപം കണ്ട ഭാഗത്തേക്ക് ആകാംശയും ഭീതയും നിറഞ്ഞ കണ്ണുകളോടെ നോക്കി…

വീണ്ടും തെളിഞ്ഞ മിന്നല്‍ പ്രഭയില്‍ താന്‍ രൂപം കണ്ട ഭാഗം ശൂന്യമാണെന്ന് അവള്‍ തിരിച്ചറിഞ്ഞു…

”തനിയ്ക്ക് തോന്നിയതാകും…”
എന്ന് ആശ്വസിച്ച് അവള്‍ കൈകള്‍ പുറത്തേക്ക് നീട്ടി ജന്നല്‍ വലിച്ചടച്ചു കൊളുത്തിട്ടു വേഗം തിരിഞ്ഞു നടന്നു…

അപ്പോള്‍ പുറത്ത് തെളിഞ്ഞ മിന്നല്‍ പ്രഭയില്‍ ജാലകവിരിയിലൂടെ തെളിഞ്ഞ ഒരു കറുത്ത നിഴല്‍ അവള്‍ കണ്ടില്ല…

കട്ടിലിലേക്ക് അവള്‍ കിടന്ന് കുട്ടികളെ ചേര്‍ത്ത് പിടിച്ചു…

ഒരു അകാരണമായ ഭയം അവളെ അലട്ടിക്കൊണ്ടിരുന്നു…

”ഇപ്പോ കറണ്ട് വരുമോ മമ്മി…” പേടിച്ചരണ്ട കണ്ണുകളോടെ സാന്ദ്ര സോണിയയെ നോക്കി…

”മോനൂട്ടന് പേടിയാകുന്നു… പപ്പാ വരാന്‍ പറ മമ്മി…” സന്ദീപിന്‍റെ ഭയപ്പാടോടെയുളള വാക്കുകള്‍ കേട്ട് സോണിയ ഇരുവരുടെയും തലമുടിമിഴകളില്‍ തടവി തന്‍റെ നെഞ്ചോട് ചേര്‍ത്തു…

അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു…

റോണി ഒപ്പമുണ്ടായിരുന്നെങ്കില്‍ എന്ന് അവള്‍ അതിയായി ആഗ്രഹിച്ചു…

അറിയാതെ അവളുടെ നോട്ടം ജാലകഭാഗത്തെക്ക് നീണ്ടു…

വീണ്ടും അവളുടെ കണ്ണുകളില്‍ ഒരു അതിഭയങ്കരമായ നടുക്കമുണ്ടായി…

ഒരു മിന്നല്‍ പോലെ ഒരു രൂപം മിന്നിമറഞ്ഞുവോ….?

അവള്‍ വീണ്ടും വീണ്ടും ആ ഭാഗത്തേക്ക് തറച്ച് നോക്കിക്കൊണ്ടിരുന്നു…

”ഹേയ്… എല്ലാം തന്‍റെ തോന്നലാണ്…” അങ്ങനെ മനസ്സിനെ പറഞ്ഞ് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സോണിയയുടെ മനസ്സ് അസ്വസ്ഥമായിക്കൊണ്ടിരുന്നു…

മെല്ലെയവള്‍ മൊബൈല്‍ കയ്യിലെടുത്തു..

ശരണ്യയെ ഒന്ന് വിളിച്ചാലോ…
പക്ഷെ മൊബൈലിന് ചാര്‍ജ്ജ് വളരെ കുറവാണ്… ഒരു പക്ഷെ ഒന്ന് ”ഹലോ” എന്ന് പറയുമ്പോഴേക്ക് ചാര്‍ജ്ജ് തീരാന്‍ സാധ്യതയുണ്ട്…

ശരണ്യ ലാപ്ടോപ് നോക്കി…

ചാര്‍ജ്ജ് തീര്‍ന്നതിനാല്‍ അത് ഓഫായി പോയിരുന്നു…

പെട്ടെന്ന് സോണിയ എന്തോ ശബ്ദം കേട്ടത് പോലെ ചെവിയോര്‍ത്തു…

മഴയുടെ ഇരമ്പം കാരണം ശബ്ദം എവിടെ നിന്നാണ് വ്യക്തമാകുന്നില്ല…

സോണിയ മക്കള്‍ രണ്ട് പേരുടെയും കൈകള്‍ മാറ്റി…

”ശ്ശ്… ഇവിടെ നിന്ന് എങ്ങും പോകരുത്… മമ്മി ഇപ്പോള്‍ വരാം…”
സോണിയെ മെല്ലെ കട്ടിലില്‍ നിന്നെഴുന്നേറ്റു…

മേശമേലിരുന്ന എമര്‍ജന്‍സി ലാമ്പും കയ്യിലെടുത്തു മെല്ലെ കിടപ്പുമുറിയുടെ വാതില്‍ തുറന്നു…

സോണിയയുടെ ഹൃദയമിടിപ്പിന്‍റെ താളം കൂടി…

എമര്‍ജന്‍സിയുടെ പ്രകാശം പുറത്തേക്ക് പരന്നു…

സോണിയ വാതില്‍ക്കല്‍ നിന്ന് കൊണ്ട് പുറത്തേക്ക് എത്തിനോക്കി….

മെല്ലെ അവള്‍ ചെവി കൂര്‍പ്പിച്ചു…

പ്രത്യേകിച്ച് ശബ്ദമൊന്നും കേള്‍ക്കുന്നില്ല…

കുറച്ചുനേരം അങ്ങനെ നിന്ന ശേഷം സോണിയ വാതില്‍ അടച്ചു തിരികെ മക്കളുടെ അരികിലെത്തി…

”എന്താ മമ്മി…?” സാന്ദ്ര പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു…

ഒന്നുമില്ലെന്ന് അവള്‍ കണ്ണ് അടച്ച് ആംഗ്യം കാണിച്ചു…

”ശരണ്യയെ വിളിക്കുക തന്നെ…” പെട്ടെന്നവള്‍ രണ്ടും കല്‍പ്പിച്ച് മൊബൈല്‍ കയ്യിലെടുത്തു…

അവള്‍ ശരണ്യയുടെ മൊബൈലിലേക്ക് റിംഗ് ചെയ്യാന്‍ ഒരുങ്ങിയതും മൊബൈല്‍ തീര്‍ത്തും ഓഫായി….

സോണിയയ്ക്ക് കരച്ചില്‍ വന്നു…

”എന്താ മമ്മി കരയുന്നത്…?” സോണിയയുടെ ഭാവം ശ്രദ്ധിച്ചിട്ട് സാന്ദ്ര ചോദിച്ചു…

”ഹേയ് മമ്മി കരയുന്നതൊന്നുമില്ല…” പെട്ടെന്ന് സോണിയ കണ്ണുനീര്‍ തുടച്ചു…

”കണ്ണീര് വന്നതോ…?” സാന്ദ്രയുടെ ചോദ്യം കേട്ട് സോണിയ ചിരിക്കാന്‍ ശ്രമിച്ചു…

”അതേയ് മമ്മിയുടെ വിരല്‍ കണ്ണില്‍ കൊണ്ടു… വല്ലാത്ത നീറ്റല്‍…” സോണിയ ഒരു കളളം പറഞ്ഞു…

”അയ്യോ പപ്പായെ വിളിക്കാം മമ്മി…” സാന്ദ്ര സോണിയയെ കെട്ടിപ്പിടിച്ച് അവളുടെ കണ്ണിന്‍റെ ഇമയില്‍ തലോടി…

”മമ്മിയ്ക്ക് വേദനിക്കുന്നുണ്ടോ…?”
ഒപ്പം സന്ദീപും ചേര്‍ന്നു…

”അതിന് മമ്മിയ്ക്ക് ഇപ്പോള്‍ ഒന്നൂല്ല്യ കേട്ടോ…” സോണിയ ഇരുവരുടെയും കവിളുകളില്‍ മാറി മാറി ചുംബിച്ചു…

കുട്ടികളുടെ മനസ്സില്‍ ഭയം നിറയ്ക്കാന്‍ സോണിയ്ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല…

ശരണ്യയയുമായി ബന്ധപ്പെടാന്‍ എന്താ ഒരു വഴി…?

സോണിയ തലപുകഞ്ഞ് ആലോചിച്ചു…

താഴെ ലാന്‍റ് ഫോണുണ്ട്…

പക്ഷെ താഴേക്ക് ഇറങ്ങാന്‍ എന്തോ സോണിയായ്ക്ക് ഒരു ഭയം തോന്നി…

ക്രമേണ സോണിയ ചോര്‍ന്ന് പോയ ധൈര്യം വീണ്ടെടുത്തു…

പുറത്തേക്കുളള വാതിലുകളെല്ലാം താന്‍ ഭദ്രമായി കുറ്റിയിട്ടതാണെന്ന് ഉറപ്പുണ്ട്…
ആരും അകത്ത് കയറാന്‍ സാധ്യതയില്ല…

ആ ധൈര്യത്തില്‍ സോണിയ കട്ടിലില്‍ നിന്നെഴുന്നേറ്റു…

”ശരണ്യ ആന്‍റിയെ താഴത്തെ ഫോണില്‍ നിന്ന് വിളിച്ചിട്ട് മമ്മി ഇപ്പോള്‍ വരാം… രണ്ടുപേരും ഇവിടെ തന്നെയിരിക്കണേ…” അത് പറഞ്ഞ് ഇരുവരുടെയും നെറ്റിയ്ക്ക് ചുംബനങ്ങള്‍ നല്‍കി സോണിയ തിരിഞ്ഞു നടക്കുമ്പോള്‍ എന്തെന്നറിയാതെ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി…

മേശവലിപ്പില്‍ നിന്നും അവള്‍ കിടപ്പ് മുറിയുടെ താക്കോലെടുത്തു…

അവള്‍ കുട്ടികളെ ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കി…

ഭയന്ന കണ്ണുകളോടെ നിശ്ശബ്ദരായിരിക്കുന്ന കുട്ടികളുടെ നിഷ്കളങ്കമായ മുഖം കണ്ടപ്പോള്‍ അവളുടെ ഹൃദയത്തില്‍ നിന്നും ഒരഃ തേങ്ങലുണ്ടായി…

മെല്ലെയവള്‍ കവിളിലൂടെ ഒഴുകിയ കണ്ണുനീര്‍ തുടച്ച് എമര്‍ജന്‍സി ലാമ്പുമായി മുറി തുറന്ന് പുറത്തിറങ്ങി…

പുറത്തേക്ക് വീണ്ടും എമര്‍ജന്‍സി ലാമ്പിന്‍റെ പ്രകാശം പരന്നു…

അവള്‍ കിടപ്പുമുറിയുടെ വാതില്‍ അടച്ച് ലോക്ക് ചെയ്തു…

മെല്ലെ വിറയാര്‍ന്ന പാദങ്ങളോടെ സോണിയ പടിക്കെട്ടുകള്‍ ഇറങ്ങി…

പുറത്ത് മഴയുടെ ഇരമ്പം പൂര്‍വ്വാധികം ശക്തമായി… വീശിയടിക്കുന്ന കാറ്റും ഇടയ്ക്കിടയ്ക്ക് മുഴങ്ങുന്ന ശക്തമായ ഇടിനാദവും അതിന്‍റെ ആക്കം കൂട്ടി…

പടിക്കെട്ടിറങ്ങി അവള്‍ താഴെയെത്തി…

എമര്‍ജന്‍സി ലാമ്പ് അവള്‍ ചുറ്റും പ്രകാശിപ്പിച്ച് നോക്കി…

മുറികളെ മറച്ചിരുന്ന കര്‍ട്ടനുകള്‍ കാറ്റില്‍ ചലിക്കുന്നുണ്ട്….

ഒരു ആശ്വാസത്തോടെ അവള്‍ ഫോണിനടുത്തേക്ക് നീങ്ങി…

എമര്‍ജന്‍സി ലാമ്പ് മേശപ്പുറത്ത് വച്ചു…

വിറയാര്‍ന്ന കൈകളോടെ അവള്‍ ഫോണില്‍ ശരണ്യയുടെ നമ്പര്‍ ഓരോന്നായി ഡയല്‍ ചെയ്യാന്‍ തുടങ്ങി…

പെട്ടെന്ന് പിറകില്‍ എന്തോ തട്ടി വീണ ശബ്ദം കേട്ട് അവള്‍ നടുങ്ങി വിറച്ചു…

മൊബൈല്‍ നമ്പരിന്‍റെ അവസാനത്തെ അക്കം അമര്‍ത്തുന്നതിന് മുന്‍പ് അവളുടെ കൈകളില്‍ നിന്ന് റിസീവര്‍ ഊര്‍ന്ന് നിലത്ത് വീണു…

അവള്‍ ഞെട്ടി തിരിഞ്ഞു നോക്കി…

സ്റ്റെയര്‍കെയ്സിന് താഴെയുളള ഇരുട്ടിലേക്ക് ഒരു രൂപം മറയുന്നത് ഒരു മിന്നായം പോലെ അവള്‍ കണ്ടു…

അവളുടെ ശ്വാസം നിലച്ച് പോയി…

മുകളിലേക്ക് കയറാന്‍ പറ്റില്ലെന്ന് അവള്‍ക്ക് മനസ്സിലായി…

അതിന് ശ്രമിക്കുന്നത് അപകടമാണ്..!!!

പെട്ടെന്നവള്‍ സര്‍വ്വധൈര്യവും സംഭരിച്ച് ഹാളിനോട് ചേര്‍ന്നുളള അടുത്ത മുറിയിലേക്ക് ചാടിക്കയറി കതകടച്ച് കുറ്റിയിട്ടു… എല്ലാം നിമിഷം നേരം കൊണ്ട് കഴിഞ്ഞു…

ശ്വാസമെടുക്കാന്‍ അവള്‍ പാടുപെട്ടു… അവളുടെ മാറിടം പൂര്‍വ്വാധികം ഉയര്‍ന്നു താഴ്ന്നു…

തണുത്ത രാത്രിയായിട്ട് പോലും അവള്‍ വിയര്‍ത്ത് കുളിച്ചു…

എമര്‍ജന്‍സി ലാമ്പ് താന്‍ എടുത്തില്ലല്ലോയെന്ന് അവള്‍ ഒരു ഉള്‍ക്കിടിലത്തോടെയോര്‍ത്തു…

കുട്ടികളെ കുറിച്ച് ആലോചിച്ചപ്പോള്‍ അവളുടെ ആധി വര്‍ദ്ധിച്ചു… ഒന്നുമറിയാതെ അവര്‍ മുകളിലെ മുറിയില്‍… ഒറ്റയ്ക്ക്…

ആരോ വീടിനുളളില്‍ കയറിപ്പറ്റിയിട്ടുണ്ട്…

ശരണ്യ പറഞ്ഞതനുസരിച്ചാണെങ്കില്‍…

അതോര്‍ത്തതും അവളുടെ ശ്വാസഗതി വീണ്ടും നിലച്ചു…

ആ കൊടുംക്രിമിനലാണ് ഇതിനുളളില്‍ കയറിയിരിക്കുന്നതെങ്കില്‍…

”ഓ ജീസസ്…” അവള്‍ നെഞ്ചില്‍ കൈവച്ചു കണ്ണടച്ച് ധ്യാനിച്ചു… അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി..

കതകിന്‍റെ അടിയിലെ വിടവിലൂടെ എമര്‍ജന്‍സി വിളക്കിന്‍റെ നേര്‍ത്ത വെട്ടം അവള്‍ കണ്ടു…

ആ പ്രകാശം ചലിക്കുന്നുണ്ടോ…?

അവള്‍ സൂക്ഷ്മമായി നോക്കി…

അത് മെല്ലെ മെല്ലെ അടുത്ത് വരുന്നത് പോലെ…

അവള്‍ കാത് വാതിലിനോട് ചേര്‍ത്തു…

മഴയുടെ ഇരമ്പത്തിനിടയിലും ഒരു ചെറിയ കാല്‍പ്പതന ശബ്ദം അവള്‍ കേട്ടു…

അത് അടുത്ത് അടുത്ത് വരുന്നത് പോലെ…

അടുത്ത് വന്നെന്ന പോലെ എമര്‍ജന്‍സി പ്രകാശം വാതിലിന് വിടവിലൂടെ പൂര്‍വ്വാധികം പ്രകാശിച്ചു…

അവള്‍ മെല്ലെ താക്കോല്‍ ദ്വാരത്തിലൂടെ പുറത്തെക്ക് നോക്കി…

ആരോ കതകിനോട് ചേര്‍ന്ന് അപ്പുറത്ത് നില്‍ക്കുന്നത് അവള്‍ കണ്ടു…

പെട്ടെന്ന് അവളുടെ മുന്നില്‍ വാതിലിന്‍റെ ഹാന്‍റില്‍ തിരിഞ്ഞു…

അവള്‍ ഞെട്ടി പിന്നോട്ട് മാറി…

പെട്ടെന്ന് കതകില്‍ ആരോ ആഞ്ഞ് തളളുന്ന ശബ്ദം കേട്ട് അവള്‍ വിറച്ചു..

കതകില്‍ ശക്തമായി ഇടിക്കാന്‍ ശ്രമിക്കുന്നു…

അവള്‍ കണ്ണടച്ച് ദൈവത്തെ വിളിച്ചു…

കതകില്‍ ഇടിക്കുന്ന ശബ്ദം നിലച്ചു…

ഇപ്പോള്‍ മഴയുടെ ഇരമ്പം മാത്രം കേള്‍ക്കാം…

വാതിലിന്‍റെ അടിയിലൂടെ വരുന്ന പ്രകാശം അകന്ന് പോകുന്നത് പോലെ അവള്‍ക്ക് തോന്നി…

അവള്‍ ഓടിച്ചെന്ന് ജന്നല്‍ തുറന്നു….

പുറത്ത് കുറ്റാകൂരിരുട്ടും കനത്ത മഴയും….

ജന്നല്‍ തുറന്നതോടെ ഇരച്ച് പെയ്യുന്ന മഴയുടെ ഇരമ്പം അതിശക്തമായി അകത്തേക്ക് ഇരച്ച് കയറി…

ഉറക്കെ വിളിച്ചാല്‍ മഴയുടെ ഇരമ്പം കൊണ്ട് ആരും കേള്‍ക്കില്ലായെന്നവള്‍ക്ക് തോന്നി..

എങ്കിലും അവള്‍ ഉറക്കെ ഒന്ന് വിളിച്ചു നോക്കി.. പക്ഷെ അവളുടെ ശബ്ദം മഴയുടെ ഇരമ്പലിനോടൊപ്പം അലിഞ്ഞ് ചേര്‍ന്നു…

അവള്‍ പൊട്ടിക്കരഞ്ഞ് പോയി…

അവള്‍ വേഗം ഓടിച്ചെന്ന് കതകിന്‍റെ താക്കോല്‍പ്പഴുതിലൂടെ നോക്കി…

ഹാളില്‍ എമര്‍ജന്‍സി വിളക്കിന്‍റെ പ്രകാശമില്ല…

നല്ല ഇരുട്ട്…

അവള്‍ കാതോര്‍ത്തു….

എവിടെയോ തട്ടുന്നതും ഇടിക്കുന്നതും പോലുളള ശബ്ദം അവള്‍ കേട്ടു…

അവളുടെ മനസ്സിലൊരു ആന്തലുണ്ടായി…

വിറയാര്‍ന്ന കൈകളോടെ അവള്‍ വാതിലിന്‍റെ കുറ്റിയെടുത്തു…

ശബ്ദമുണ്ടാക്കാതെ അവള്‍ കതക് മെല്ലെ മെല്ലെ തുറന്നു…

അവള്‍ തലമാത്രം പുറത്തേക്കിട്ട് പുറത്തേക്ക് നോക്കി…

അപ്സ്റ്റെയറില്‍ എമര്‍ജന്‍സിയുടെ പ്രകാശം കണ്ടു… അവളുടെ ഹൃദയത്തില്‍ ഒരു കൊല്ലിയാന്‍ മിന്നി…

”ജീസസ്…. എന്‍റെ കുട്ടികള്‍….” അവള്‍ നെഞ്ചില്‍ കൈവച്ചു പോയി…

”മമ്മീ…” കുട്ടികളുടെ പേടിച്ചരണ്ട നേര്‍ത്ത ശബ്ദം അവളുടെ കാതുകളില്‍ പതിച്ചു…

കതക് തുറന്ന് മുന്‍ വാതില്‍ തുറന്ന് പുറത്തിറങ്ങി ഉറക്കെ നിലവിളിച്ചാലോ…

മെല്ലെയവള്‍ മുറിക്ക് പുറത്ത് കാലെടുത്ത് വച്ചു…

അവള്‍ തലയുയര്‍ത്തി മുകളിലേക്ക് നോക്കി…

ഇപ്പോള്‍ എമര്‍ജന്‍സിയുടെ പ്രകാശമില്ല… കുറ്റാ കൂരിരുട്ട്…

അവളുടെ ശ്വാസഗതി വര്‍ദ്ധിച്ചു…

മുന്നോട്ട് പോകണോ വേണ്ടയോ എന്ന് ചിന്തിച്ച് അവള്‍ നിന്നപ്പോള്‍ പെട്ടെന്നാണ് അവളുടെ മുന്നില്‍ എമര്‍ജന്‍സി പ്രകാശിച്ചത്…

തന്നെ തുറിച്ച് നോക്കുന്ന രണ്ട് ചോരക്കണ്ണുകളുളള നനഞ്ഞു കുളിച്ച് രൂപം….!!!

വാര്‍ത്താമാധ്യമങ്ങളില്‍ കണ്ട ആ മുഖം…

സൈക്കോ ക്രിമിനല്‍ ഡാനി ഡിക്രൂസ്….!!!

ഭയന്ന് ഞെട്ടിവിറച്ച് അവളുടെ കണ്ണുകള്‍ പുറത്തേക്ക് തളളി…

ശരീരമാകെ തളര്‍ച്ച ബാധിച്ചത് പോലെ….

മരണഭയം ശരീരമാകെ ഗ്രസിക്കുന്നു…

പെട്ടെന്ന് സമനില വീണ്ടെടുത്ത് പാഞ്ഞ് അവള്‍ മുറിയിലേക്ക് കയറി വാതില്‍ അടയ്ക്കാന്‍ ശ്രമിച്ചു…

പക്ഷെ കതകില്‍ ആ രൂപം ശക്തിയായി പിടിത്തമിട്ടു…

അവള്‍ ബലം പിടിച്ച് വാതില്‍ അടയ്ക്കാന്‍ ശ്രമിച്ചു…

കൈകാലുകള്‍ തളരുന്നു…

അയാള്‍ പൂര്‍ണ്ണമായും അടയാത്ത കതകിനിടയിലൂടെ കൈകള്‍ അകത്തിട്ട് അവളെ പിടിക്കാന്‍ നോക്കി…

അവള്‍ ഉറക്കെ കരഞ്ഞുപോയി…

ദൈവത്തെ മനസ്സില്‍ ധ്യാനിച്ച് അവള്‍ സര്‍വ്വശക്തിയുമെടുത്ത് വാതില്‍ ആഞ്ഞ് തളളി…

അയാളുടെ കൈവിരലുകള്‍ കതകിനിടയില്‍ അമര്‍ന്നു ഞെരിഞ്ഞു…

വേദനയാല്‍ അയാള്‍ അലറി കൈകള്‍ വലിച്ചു…

ഒറ്റ നിമിഷം….!!
അവള്‍ വാതില്‍ അടച്ച് കുറ്റിയിട്ടു…

അവള്‍ കതകില്‍ ചാരി നിന്ന് ശ്വാസം വലിച്ച് വിട്ടു….

അവളുടെ കണ്ണുനീര്‍ നീര്‍ച്ചാലുകളായി കവിളില്‍ കൂടിയൊഴുകി…

മുകളില്‍ ഭയന്ന് വിറച്ചിരിക്കുന്ന മക്കളുടെ രൂപം ഒരിക്കല്‍ കൂടി അവളുടെ കണ്ണുകളില്‍ തെളിഞ്ഞു…

തുറന്നിട്ട ജന്നാലയ്ക്കരികില്‍ അവള്‍ വീണ്ടുമെത്തി…

”നാശം…” കനത്ത മഴയുടെ ഇരമ്പം കേട്ട് അവള്‍ മഴയെ പ്രാകി…

എങ്കിലും അവള്‍ പുറത്തേക്ക് നോക്കി സര്‍വ്വശക്തിയുമെടുത്ത് അലറി….

പക്ഷെ അവളുടെ അലര്‍ച്ച കോരിച്ചൊരിയുന്ന മഴയുടെ ഇരമ്പത്തിലും ശക്തമായ കാറ്റിലും അലിഞ്ഞ് ചേര്‍ന്നു…

നിരാശയോടെ വീണ്ടും അവള്‍ വാതിലിനരികിലെത്തി…

പുറത്ത് ശബ്ദമൊന്നും കേള്‍ക്കുന്നില്ല…

പെട്ടെന്ന് ലാന്‍റ് ഫോണ്‍ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടു…

”ശരണ്യയാകുമോ…?” അവളുടെ ഹൃദയമിടിച്ചു…

കതക് തുറന്ന് ഫോണെടുക്കാന്‍ അവളുടെ മനസ്സ് വെമ്പി…

ലാന്‍റ് ഫോണ്‍ റിംഗ് ചെയ്തുകൊണ്ടേയിരുന്നു…

മെല്ലെയത് നിശ്ചലമായി…

രക്ഷപെടാന്‍ ഒരു പഴുത് തേടി അവളുടെ മനസ്സ് അലഞ്ഞു…

അവള്‍ വീണ്ടും ചെവിയോര്‍ത്തു…

ഒരു ശബ്ദവും കേള്‍ക്കുന്നില്ല…

“അയാള്‍ പോയോ…?”
അവള്‍ക്ക് സംശയം തോന്നി….

അവള്‍ താക്കോല്‍ ദ്വാരത്തിലൂടെ
പുറത്തേക്ക് നോക്കി…

കുറ്റാകൂരിരുട്ട്….!!!

വീണ്ടും ലാന്‍റ് ഫോണ്‍ റിംഗ് ചെയ്യുന്നു…

”ശരണ്യ തന്നെയായിരിക്കും… എങ്ങനെയും കോള്‍ അറ്റന്‍റ് ചെയ്തേ പറ്റൂ… എന്ത് വില കൊടുത്തും… തന്‍റെ കുട്ടികളെങ്കിലും രക്ഷപെടണം…”
അവളുടെ മനസ്സ് മന്ത്രിച്ചു…

മനസ്സ് ദൃഢമാക്കി അവള്‍ അടുത്ത മേശമേലിരുന്ന ഒരു ഫ്ലവര്‍ വെയിസുമെടുത്ത് മെല്ലെ കതകിന്‍റെ കുറ്റി ശബ്ദമുണ്ടാക്കാത എടുത്തു…

മെല്ലെ വാതില്‍ ശബ്ദമുണ്ടാക്കാതെ തുറന്നു…

പെട്ടെന്ന് അവളുടെ മുന്നില്‍ എമര്‍ജന്‍സി ലാമ്പ് പ്രകാശിച്ചു..

അവള്‍ ഞെട്ടിത്തരിച്ചു പോയി…

മുന്നില്‍ ചോരക്കണ്ണുകളുമായി അയാള്‍…

ഡാനി ഡിക്രൂസ്…!!!

അയാളുടെ ചുണ്ടില്‍ ഒരു വൃത്തികെട്ട ചിരിയുണ്ടായിരുന്നു…

ഇരയെ കണ്ട കടുവയെപ്പോലെ അയാളുടെ കണ്ണുകള്‍ തിളങ്ങി…

ലാന്‍റ് ഫോണിന്‍റെ റിംഗ് നിലച്ചത് അവള്‍ അറിഞ്ഞു…

അവള്‍ ധൈര്യം വീണ്ടെടുത്ത് ഫ്ലവര്‍ വെയിസ് അയാളുടെ തലയ്ക്ക് നേരെ ഉയര്‍ത്തി..

അയാളുടെ കയ്യിലിരുന്ന എമര്‍ജന്‍സി ലാമ്പ് നിലത്ത് വീണു…

ഒരു ഇരുമ്പ് ദണ്ഡ് കയ്യില്‍ വന്ന് പതിച്ചത് പോലെ അവള്‍ക്ക് തോന്നി…

അവളുടെ കയ്യിലെ ഫ്ലവര്‍ വെയിസ് തെറിച്ചുപോയി…

അവള്‍ അലറി വിളിച്ചുപോയി…

നിലത്ത് വീണ് കിടന്ന എമര്‍ജന്‍സി വിളക്കിന്‍റെ നേരിയപ്രകാശത്തില്‍ അയാളുടെ കയ്യിലിരിക്കുന്ന ഇരിമ്പ് ദണ്ഡ് അവള്‍ ഒരു മിന്നായം പോലെ കണ്ടു…

അവളുടെ കൈ ഒടിഞ്ഞ് തൂങ്ങി..

അയാള്‍ അവളെ കടന്ന് പിടിച്ചു…

അവള്‍ നിലവിളിച്ച് കൊണ്ട് ഒറ്റക്കൈ വച്ച് കുതറി രക്ഷപെടാന്‍ ശ്രമിച്ചു…

മുകളില്‍ സോണിയയുടെ നിലവിളി കേട്ടിട്ടാകാം കുട്ടികള്‍ കതകില്‍ തട്ടിവിളിച്ച് കരയാന്‍ തുടങ്ങി…

സോണിയയുടെ മേലുടുപ്പ് അയാള്‍ വലിച്ച് കീറി…

അവളെ നിലത്തേക്ക് തളളിയിട്ട് അയാള്‍ അവളുടെ മേലേക്ക് ചാടി കയറി…

അവള്‍ക്ക് കുതറാന്‍ പോലും ആകാത്ത രീതിയില്‍ അയാള്‍ അതിക്രൂരമായി അവളെ ചുറ്റിപ്പിടിച്ചിരുന്നു…

എല്ല് നുറുങ്ങുന്ന വേദന അവളെ കാര്‍ന്ന് തിന്നു…

വീണ്ടും ലാന്‍റ് ഫോണ്‍ റിംഗ് ചെയ്യുന്ന ശബ്ദം വീണ്ടും ഉയര്‍ന്നു കേട്ടു…

വീണ്ടും അവളുടെ മനസ്സില്‍ എങ്ങനെയും ഫോണ്‍ അറ്റന്‍റ് ചെയ്യണമെന്ന ത്വരയുണ്ടായി…

പക്ഷെ ഒന്ന് അനങ്ങാന്‍ പോലും കഴിയാത്ത അവസ്ഥ…

പെട്ടെന്ന് തോന്നിയ ഒരു ആവേശത്തില്‍ അവള്‍ തന്‍റെ മുഖത്തോട് അമര്‍ന്നിരുന്ന അയാളുടെ കവിളില്‍ ആഞ്ഞ് കടിച്ചു…

വേദന കൊണ്ട് അലറി വിളിച്ച അയാളുടെ പിടി അല്‍പ്പം അഴിഞ്ഞ നിമിഷം ദൈവത്തെ വിളിച്ച് സര്‍വ്വശക്തിയുമെടുത്ത് അവള്‍ അയാളെ തളളി….

അവളില്‍ നിന്നും അയാളുടെ ശരീരം അകന്നതും അവള്‍ മുകളിലേക്ക് ഉയരാന്‍ ശ്രമിച്ചു…

പക്ഷെ കഴിയുന്നില്ല… അവള്‍ കിടന്നു കൊണ്ട് വേഗത്തില്‍ ഇഴഞ്ഞു…

അവളുടെ കാലില്‍ അയാള്‍ കിടന്നു കൊണ്ട് ബലമായി പിടിച്ചു…

അടുത്ത് കണ്ട ഒരു മേശമേല്‍ അമര്‍ത്തിപ്പിടിച്ച് അവള്‍ ബലമായി മുന്നോട്ട് ഇഴഞ്ഞു…

”ജീസസ് ലാന്‍റ് ഫോണ്‍ റിംഗ് ഇപ്പോള്‍ നില്‍ക്കും…”
അവള്‍ ധൃതിയില്‍ അയാളുടെ കാലിലെ പിടുത്തം പ്രതിരോധിച്ച് മുന്നോട്ടിഴഞ്ഞു…

ലാന്‍റ് ഫോണിടുത്തെത്തിയതും അയാള്‍ അവളുടെ മേലേക്ക് ചാടി വീണതും ഒപ്പം…

അവള്‍ കൈനീട്ടി ഫോണ്‍ എടുക്കാന്‍ തുനിഞ്ഞതും റിസീവര്‍ അവളുടെ കയ്യില്‍ നിന്നും നിലത്ത് വീണും…

അവള്‍ അലറി വിളിച്ചു…

അവളുടെ കവിളടക്കം അടി വീണു…

അവളുടെ മൂക്കില്‍ നിന്നും ചോര ഒഴുകി…

കുട്ടികള്‍ മുകളില്‍ അലറി വിളിക്കുന്നു…

അടിയേറ്റ് സോണിയയുടെ തല മരവിച്ചു പോയി…

അവന്‍റെ മുഖം തന്നിലേക്ക് അടുക്കുന്നു…

അവന്‍റെ ചോരമയമുളള ചുണ്ടുകള്‍ അവളുടെ അധരത്തിലേക്ക് അമര്‍ന്നതും അവള്‍ അവന്‍റെ ആധരങ്ങള്‍ കടിച്ചു മുറിച്ചു…

അവന്‍ അലറി വിളിച്ചു….
ഒരു പുഴുത്ത തെറി വിളിച്ച് അവന്‍ അവളുടെ കവിളും കഴുത്തും കൂടി കുത്തിപ്പിടിച്ചു അമര്‍ത്തി…

അവളുടെ ശ്വാസം വിലങ്ങി…!!!

മരണമണി മുഴങ്ങുന്നു…

കുട്ടികളുടെ നിലവിളികള്‍ അവളുടെ കാതില്‍ മുഴങ്ങി…

”ജീസസ് എന്‍റെ കുട്ടികളെ കാത്തുകൊളളണേ…” മരണവെപ്രാളത്തിനിടയിലും അവളുടെ മാതൃഹൃദയം പ്രാര്‍ത്ഥിച്ചു…

അവളുടെ കാലുകള്‍ മരണവെപ്രാളത്തില്‍ പിടച്ചു…

അവളുടെ കവിളിലൂടെ കണ്ണുനീര്‍ ഒലിച്ചിറങ്ങി…

”റോണി ഞാന്‍ പോകുന്നു…” അവളുടെ മനസ്സില്‍ റോണിയുടെയും മക്കളുടെയും ചിരിക്കുന്ന മുഖം തെളിഞ്ഞു….

റോണിയുടെ ഇരുകൈകളിലും പിടിച്ച് തനിക്കരികിലേക്ക് പൂമ്പാറ്റകളെപ്പോലെ പാറി ഓടി വരുന്ന സാന്ദ്രയും സന്ദീപും..

അവര്‍ തനിക്ക് അടുത്തെത്തി തന്‍റെ മാറിലേക്ക് അമര്‍ന്ന് ചേരുന്നു… തന്‍റെ കവിളുകളില്‍ മുത്തം തരുന്നു…

തന്നെയും മക്കളെയും ചേര്‍ത്ത് പിടിച്ച് റോണി തന്‍റെ മൂര്‍ദ്ധാവില്‍ സ്നേഹപൂര്‍വ്വം ചുംബിക്കുന്നു…

അവളുടെ കണ്ണുകളില്‍ ഇരുട്ട് വന്ന് മൂടി…

മരണത്തിന്‍റെ കാലൊച്ച അടുത്തത്തടുത്ത് വരുന്നു…

ഒരുഃ വെടിമുഴക്കം… ഒപ്പം ഒരു അലര്‍ച്ചയും….!!!

വീണ്ടും ഒരു കൂടി വെടിയൊച്ച കൂടി മുഴങ്ങി…

സോണിയയുടെ കഴുത്തില്‍ ചുറ്റിപ്പിടിച്ചിരുന്ന ഡാനിയുടെ കൈകള്‍ അഴിഞ്ഞു…

അയാള്‍ പിന്നിലേക്ക് മലച്ചു വീണു…

ചൂണ്ടിപ്പിടിച്ചിരുന്ന എസ്.ഐ പ്രവീണ്‍ ദാസിന്‍റ കൈകള്‍ താഴ്ന്നു…

പോലീസുകാര്‍ ഇരുതോളിലും വെടിയേറ്റ് നിലത്ത് വീണ് കിടന്ന് പിടയുന്ന ഡാനിയ്ക്ക് ചുറ്റും റിവോള്‍വറും ചൂണ്ടി വളഞ്ഞു…

നിമിഷനേരം കൊണ്ട് ഡാനിയെ പോലീസുകാര്‍ ബന്ധിച്ചു…

എസ്.ഐ പ്രവീണ്‍ ദാസ് നിലത്ത് നിശ്ചലയായി കിടക്കുന്ന സോണിയയെ നോക്കി…

മെല്ലെ മഴ നനയാതിരിക്കാന്‍ ധരിച്ചിരുന്ന റെയിന്‍ കോട്ട് അവളുടെ മേലേക്ക് ഊരി എസ്.ഐ പ്രവീണ്‍ ദാസ് അവളുടെ അര്‍ദ്ധനഗ്നത മറച്ചു…

അപ്പോഴേക്ക് ശരണ്യ ഓടിയെത്തിയിരുന്നു…

”ശരണ്യ സോണിയയെ മൊബൈലില്‍ വിളിച്ചു നോക്കി… പക്ഷെ സ്വിച്ച് ഓഫായിരുന്നു… അവള്‍ ലാന്‍റ് ഫോണിലേക്ക് ട്രൈ ചെയ്തു… പക്ഷെ ആരും എടുക്കുന്നില്ല… അപ്പോഴേക്ക് അവളുടെ മനസ്സില്‍ ആശങ്ക തോന്നി തുടങ്ങിയിരുന്നു… അതു കൊണ്ടാകാം എന്നെ വിളിച്ചിട്ട് പെട്ടെന്ന് സോണിയയുടെ വീടിന്‍റെ മുന്നിലെത്തണമെന്ന് അവള്‍ അറിയിച്ചത്… ഡാനി ഡിക്രൂസ് ഞങ്ങള്‍ താമസിക്കുന്ന നഗറില്‍ കണ്ടിരുന്നു എന്ന ഫോണ്‍കോളിന്‍റെ അടിസ്ഥാനത്തില്‍ കൊടും മഴയത്തും പോലീസ് ആ പരിസരത്ത് ഉണ്ടായിരുന്നു സര്‍… ശരണ്യ പിന്നീട് തുടര്‍ച്ചയായി രണ്ട് തവണ വിളിച്ചപ്പോള്‍ പെട്ടെന്ന് ഫോണ്‍ ആരോ അറ്റന്‍റ് ചെയ്തു… പിന്നെ അവള്‍ ഫോണിലൂടെ കേട്ടത് സോണിയയുടെ അലര്‍ച്ചയും ആരുടെയോ ആക്രോശ ശബ്ദവുമാണ്… അപ്പോള്‍ തന്നെ അവള്‍ എന്നെ വിളിച്ചു.. അപ്പോഴേക്ക് ഞങ്ങള്‍ വീടിന്‍റെ മുന്‍വശത്ത് എത്തിയിരുന്നു… മുന്‍വാതില്‍ അകത്ത് നിന്നും കുറ്റിയിട്ടിരിക്കുകയായിരുന്നു… പിറകിലെ വാതില്‍ തകര്‍ത്താണ് അവന്‍ കയറിയത്.. അതിലൂടെ ഞങ്ങള്‍ അകത്ത് കടന്നു…”
എസ്.ഐ പ്രവീണ്‍ ദാസ് സി.ഐ പ്രകാശ് ചന്ദ്രനോട് നടന്ന സംഭവങ്ങളെല്ലാം വിവരിച്ചു…

”ഒ.കെ വെല്‍ഡണ്‍ മിസ്റ്റര്‍ പ്രവീണ്‍ ദാസ്…” സി.ഐ പ്രകാശ് ചന്ദ്രന്‍ പ്രവീണ്‍ദാസിനെ അഭിനന്ദിച്ചു..

”ബട്ട്… അവന്‍ അപകടകാരിയാണ്.. അവനെ ചികിത്സിക്കുന്ന ഹോസ്പിറ്റലില്‍ അതിശക്തമായ സുരക്ഷ വേണം… അതിന് വേണ്ടി എത്ര പോലീസ് ഫോഴ്സിനെ വേണമെങ്കിലും ഉപയോഗിക്കാം….”

”തീര്‍ച്ചയായും സര്‍…”

സി.ഐ പ്രകാശ് ചന്ദ്രന് സല്യൂട്ട് നല്‍കി പ്രവീണ്‍ ദാസ് തന്‍റെ കര്‍ത്തവ്യത്തിലേക്ക് മടങ്ങി…

***************

”മമ്മീ….”
ആ വിളിയൊച്ചയില്‍ സോണിയയുടെ കണ്ണുകള്‍ ചിമ്മി..

”സോണിയ… മോളൂ…”
റോണിയുടെ വേദന നിറഞ്ഞ ശബ്ദം കേട്ടതും സോണിയ കണ്ണുകള്‍ വലിച്ച് മെല്ലെ മെല്ലെ തുറന്നു…

കണ്ണുകളിലെ പുകമറ മാറിയതും മുന്നില്‍ കണ്ണീരണിഞ്ഞ കണ്ണുകള്‍ സോണിയ കണ്ടു…

റോണിയും സാന്ദ്രമോളും സന്ദീപ് മോനും..

ഒപ്പം പുഞ്ചിരിയോടെ നില്‍ക്കുന്ന ഡോക്ടര്‍മാരും നേഴ്സുകളും…

ദേഹമാസകലം ശരീരം നുറുങ്ങുന്ന വേദന സോണിയയ്ക്ക് അനുഭവപ്പെട്ടു…

സന്ദീപ് അവളുടെ കവിളുകള്‍ തടവി..

ആ മൃദുസ്പര്‍ശം അവളുടെ ശരീരമാകെ കുളിര്‍തെന്നലെന്ന പോലെ തഴുകന്നതായി അവള്‍ക്ക് തോന്നി…

മെല്ലെയവള്‍ കണ്ണുകളടച്ചു…

അവളുടെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ പുറത്തേക്ക് ഉതിര്‍ന്നു വീണു..

റോണി മെല്ലെ അത് ഒപ്പിയെടുത്തു അവളുടെ കാതില്‍ മന്ത്രിച്ചു:
“എല്ലാം ഒരു പേടി സ്വപ്നം പോലെ മറന്ന് കളയൂ മോളെ.. അല്ലെങ്കില്‍ ഒരു ഹോറര്‍ ഫിലിം കണ്ട് പേടിച്ചൂന്ന് കരുതിയാല്‍ മതി…”

ആ മന്ത്രണം കേട്ടാകാം അവളുടെ ചുണ്ടുകളില്‍ മനോഹരമായ പുഞ്ചിരി വിടര്‍ന്നു…

മെല്ലെ റോണി അവളുടെ മൂര്‍ദ്ധാവില്‍ ചുണ്ടുകള്‍ അമര്‍ത്തി..
ഒരു നനുത്ത സ്പര്‍ശമെന്ന പോലെ…

(ഹണി ശിവരാജന്‍)