സ്വത്തുവിന്റെ സ്വന്തം – 1

ടാ, ഈ വരുന്ന പെൺകൊച്ചിനെ എനിക്കിഷ്ടമാണ് ….

എതിരെ വരുന്ന നിധിയേട്ടൻ, താൻ കേൾക്കും വിധം കൂട്ടുകാരോടായി അത് പറയുമ്പോൾ , തന്നെ ഒന്ന് പരിഹസിക്കണമെന്നേ ഉദ്ദേശം ഉണ്ടായുള്ളൂ എന്ന് , അവരുടെയൊക്കെ ഉച്ചത്തിലുള്ള ചിരി കേട്ടപ്പോ തന്നെ മനസ്സിലായി …..

ഉള്ളിലെവിടെയോ പറയാതിരുന്ന പ്രണയം, അപമാനിക്കപ്പെട്ട പോലെ തോന്നിയപ്പോൾ, ദേഷ്യവും സങ്കടവും കൊണ്ട് നിറയുന്ന മിഴികളോടെ, തന്നെ കടന്നു പോയവരോടായി തിരിഞ്ഞു നിന്ന് പറഞ്ഞു …..

“ഹലോ , തനിക്ക് മാത്രമല്ല, പലർക്കും എന്നോട് പ്രണയം തോന്ന്നിയിട്ടുണ്ട് …. അതിനിപ്പോ ഞാൻ എന്ത് വേണം …. ഉള്ളിൽ തോന്നുന്നത് ഒക്കെ എന്നോട് പറയാൻ നിൽക്കണ്ട ….”

അത്രയും പറഞ്ഞൊപ്പിച്ചു , വല്ലാത്തൊരു ജയിച്ച ഭാവത്തോടെ,. അവിടെ നിന്ന് പോന്നപ്പോൾ, എന്റെ പിൻവിളി കേട്ട് തിരിഞ്ഞു നിന്ന നിധിയേട്ടന്റെയും, കൂട്ടുകാരുടെയും ചിരി ഒന്നും കേട്ടില്ല എന്നുള്ളത് കൊണ്ട് തന്നെ അത് കൊള്ളേണ്ടിടത്തു തന്നെ കൊണ്ട് എന്ന് തോന്നി ………

കുറച്ചു ദിവസമായി തോന്നിയിരുന്നു … നിധിയേട്ടന് തന്നോട് എന്തോ ഒരിത് ഉണ്ടെന്ന്……

നിധിയേട്ടൻ ഇല്ലാതെ ഒരു സ്കൂൾ ഓർമ പോലും ഉണ്ടാകാതെ ഇരുന്നത് കൊണ്ടും,…. പത്താം ക്ലാസ്സിലെ രാത്രികാല ട്യൂഷൻ കഴിഞ്ഞു, ശ്രീലക്ഷ്മിയെ കൂട്ടാൻ കാത്തുനിൽക്കുന്ന അവളുടെ ഏട്ടനെ, ….

എനിക്ക് മാത്രമല്ല കൂടെയുള്ള മിക്ക പെൺകുട്ടികൾക്കും ഇഷ്ടമാണെന്നു അറിഞ്ഞത് കൊണ്ടുമാവാം,

സ്ട്രീറ്റ് ലൈറ്റ് ന്റെ വെളിച്ചത്തിൽ, നിധിയേട്ടന്റെ കണ്ണുകൾ തന്നിൽ ആണെന്ന് അറിഞ്ഞപ്പോൾ, അച്ഛന്റെ കൈ പിടിച്ചു ഗമയോടെ നടന്നത്……

തെല്ലൊന്നു അഹങ്കരിച്ചോ…? അഹങ്കരിച്ചു കാണണം … അതിപ്പോ ഇങ്ങനെയായല്ലോ എന്റെ ദേവി …..

എന്നാലും എന്തിനാവും, നിധിയേട്ടൻ തന്നെ ഇങ്ങനെ കൂട്ടുകാരുടെ മുന്നിൽ കളിയാക്കിയത് …..

ഓരോ നോട്ടങ്ങളിലും, പഴയ സ്കൂളിലെ കാര്യങ്ങൾ ഒക്കെ മനസ്സിൽ വച്ച് തന്നെ പരിഹസിക്കുകയാണെന്നു ഓർക്കുമ്പോൾ …

തൊണ്ടയിൽ കുരുങ്ങുന്ന അലമുറകൾക്കു ഒരു സ്കൂൾ കാലഘട്ടത്തിന്റെ നീളം ഉണ്ടായിരുന്നു…

മഷിത്തണ്ടുകൾക്കും, മണമുള്ള റബ്ബറിനും, ഓടിയാത്ത സ്ലേറ്റ് പെൻസിലിനും ഒക്കെ മുന്നിൽ ഏറ്റവും നിഷ്കളങ്കമായ പുഞ്ചിരി വിരിയുന്ന വയസ്സിൽ … സ്ലേറ്റ് പെന്സില് പൊട്ടിച്ചത് താനാണെന്ന് പറഞ്ഞു ശ്രീലക്ഷ്മി കരഞ്ഞത്, ഇപ്പോഴും കണ്മുന്നിൽ കാണുന്ന പോലെ …..

തന്റെ കയ്യിലെ ഒടിയാത്ത പെൻസിൽ കൊടുക്കണമത്രേ.. ഇല്ലെങ്കിൽ ഉച്ചയ്ക്ക് ഏട്ടന് വിളിച്ചു കൊണ്ട് വരും , ഏട്ടൻ ഇടിക്കും എന്നൊക്കെ പറഞ്ഞിട്ടും പെൻസിൽ കൊടുക്കാതെ ഇരുന്നപ്പോൾ അവളുടെ ദേഷ്യം കൂടി….

അന്ന് ഉച്ചയ്ക്ക് പറഞ്ഞതുപോലെ , അവളുടെ ഏട്ടനും , കൂട്ടുകാരും വന്നു …

“നിധിയേട്ടാ, ഈ കൊച്ചാണ് എന്റെ പെൻസിൽ ഒടിച്ചത്..” എന്നെ ചൂണ്ടിക്കാണിച്ചാണ് ശ്രീലക്ഷ്മി പറഞ്ഞത് …. “ഇവിടെ എന്നെ നല്ലോണം പിച്ചിട്ടും ഉണ്ട്,” കൈ കാണിച്ചു കൊണ്ട് അവൾ കള്ളം പറഞ്ഞപ്പോൾ, കൂട്ടുകാരെല്ലാം അവൾ പറഞ്ഞതുപോലെ തന്നെ മുഷ്ടി ചുരുട്ടി, ഇടി വേണോ നിനക്ക് എന്ന് ചോദിച്ചു കൊണ്ട് എന്റെ നേരെ വന്നപ്പോൾ, പേടിച്ചു കരഞ്ഞ എന്ന്നെ നോക്കി , വേണ്ടടാ വിട്ടേക്കടാ അവരെ തടഞ്ഞു കൊണ്ട് നിധിയേട്ടൻ എന്റെ അടുത്തേക്ക് വന്നു …

“കരയണ്ട, ഇനി എന്റെ അനിയത്തിയെ പിച്ചിയാൽ ഇവരെല്ലാം നല്ല ഇടി തരും, വെള്ളം ഉണ്ടെങ്കിൽ എടുക്കു …”

പേടിച്ചു ഞാൻ നീട്ടിയ വെള്ളം മുഴുവൻ തീർത്തു , അവർ പോയതയോടെ ശ്രീലക്ഷ്മി ഇതൊരു പതിവാക്കി….

പിച്ചി,മാന്തി, തല്ലി, പെൻസിൽ ഒടിച്ചു ഓരോ കാരണം പറഞ്ഞു ശ്രീലക്ഷ്മി ഏട്ടനെ വിളിച്ചോണ്ട് വരാൻ തുടങ്ങിയതോടെ, ഒരു മുഴുവൻ പെൻസിൽ കൊണ്ട് എഴുതണം എന്നുള്ളത് എന്റെ നടക്കാത്ത ആഗ്രഹം മാത്രം ആയി …..

ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ഞങ്ങൾക്ക്, ആറാം ക്‌ളാസിൽ പഠിക്കുന്ന നിധിയും കൂട്ടുകാരും ഒരു പേടി സ്വപ്നം യി മാറാൻ അധിക സമയം വേണ്ടി വന്നില്ല …. അവരെ അകലെ നിന്ന് കാണുമ്പോൾ തന്നെ ശ്രീലക്ഷ്മിക്ക് മുന്നിൽ, പെൻസിലും മഷിത്തണ്ടും ഒക്കെ പലരും അടിയറവു വച്ച് തുടങ്ങി …..

ദിവസവും ഉള്ള കേട്ടെഴുത്തു കലാപരിപാടിയിൽ, ടീച്ചറോടൊപ്പം തന്നെ സ്ലേറ്റ് നോക്കുന്ന ലീഡർ, ശ്രീലെക്ഷ്മിക്ക് പതിവായി പത്തിൽ പത്തു കൊടുത്തു തുടങ്ങിയതോടെ, എല്ലാവരും അവളെ അസൂയയോടെ നോക്കി …

സ്വന്തമായി ഒരു ഏട്ടൻ ഉള്ളത് ഒരു സ്വകാര്യ അഹങ്കാരം തന്നെയാണ് …ഏട്ടനില്ലാത്തതിന്റെ വേദന ഒരു ഒന്നാം ക്ലാസുകാരിയുടെ മനസ്സിൽ ഇത്ര ആഴത്തിൽ പതിയണം എങ്കിൽ, എത്രത്തോളം ആയിരിക്കും ശ്രീലക്ഷ്മി വിലസിയതെന്നു മനസ്സിലാക്കാവുന്നതേ ഉള്ളു ….

ഒരിക്കൽ പോലും ഇടി ഒന്നും തന്നില്ലെങ്കിലും, വാട്ടർബോട്ടിലിലെ വെള്ളം മുഴുവൻ തീർത്തിട്ടേ അവർ പോകൂ …. അന്നൊക്കെ തിളപ്പിച്ച് ആറിയ വെള്ളം അല്ലാതെ മറ്റൊന്നും കുടിക്കാൻ പാടില്ലെന്ന് പറഞ്ഞു ‘അമ്മ തന്നു വിടുന്ന വെള്ളം അമുല്യമായിരുന്നു …. ആ വെള്ളം തീർന്നാൽ വൈകിട്ട് വീട്ടിൽ എത്തുന്നത് വരെ ദാഹിച്ചു വലഞ്ഞു ഇരിക്കുമ്പോൾ ശ്രീലക്ഷ്മിയോടും, അവളുടെ നിധിയേട്ടനോടും, തീർത്താൽ തീരാത്ത ദേഷ്യം ആയിരുന്നു …..

നാലാം ക്ലാസ്സിൽ ആയപ്പോൾ, ശ്രീലക്ഷ്മി സ്കൂൾ മാറി പോയി … ടിസി വാങ്ങി അവൾ പോകുന്നു എന്ന് അറിഞ്ഞ ദിവസം എത്ര സന്തോഷത്തോടെയാണ് വീട്ടിൽ എത്തിയത് …..

ഒച്ചയിട്ടു ഓരിയിട്ടു മുറ്റം മുഴുവൻ ഓടി നടന്നിട്ടും മതിവരാതെ, പറമ്പിലെ ചേമ്പും തണ്ടുകൾക്കൊക്കെ നല്ല ഇഞ്ചക്ഷനും കൊടുത്തു … കുറെ സിറിഞ്ചുകൾ ഉണ്ടായിരുന്നു ആ കാലത്തു വീട്ടിൽ … അതിലൊക്കെ വെള്ളം നിറച്ചു ചേമ്പിൻ തണ്ടിൽ ഇൻജെക്ഷൻ എടുക്കുന്നത് , കളിയ്ക്കാൻ ആരും ഇല്ലാത്ത വൈകുന്നേരങ്ങളിൽ പ്രധാന നേരമ്പോക്കായിരുന്നു…..

അവൾ സ്കൂൾ മാറിയപോയതിനേക്കാൾ കൂടുതൽ തന്നെ സന്തോഷിപ്പിക്കാൻ ആ പ്രായത്തിൽ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നത് തന്നെയാണ് സത്യം ….
*************************

പിന്നെയും വർഷങ്ങൾ കടന്നു പോയി ………. ഹാഫ് പാവാടയിൽ നിന്നും , ഫുൾ പാവാടക്കയിലേക്കുള്ള മാറ്റമായിരുന്നു എട്ടാം ക്‌ളാസ്സിലെ ഏറ്റവും വലിയ സന്തോഷം ………..

എത്ര മറവിയുടെ ആഴങ്ങളിലേക്ക് തള്ളിയിട്ടാലും , ഇടയ്ക്കിടെ തെളിഞ്ഞു വരുന്ന രണ്ടു മുഖങ്ങൾ ശ്രീലക്ഷ്മിയും അവളുടെ നിധിയേട്ടനും …

ഒന്നും ചെയ്യാനില്ലാതെ വെറുതെ ഇരിക്കുന്ന ഉച്ചനേരങ്ങളും, ഒരുപാടു ദാഹം തോന്നി കുടിക്കുന്ന ഓരോ ഗ്ലാസ് വെള്ളവും പോലും ശ്രീലക്ഷ്മിയേയും, അവളുടെ നിധിയേട്ടനെയും, ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു ….

മറക്കാതെയിരുന്നത് കൊണ്ടാണോ, മാറ്റം ഒന്നും ഇല്ലാതെയിരുന്നത് കൊണ്ടാണോ, ഒൻപതാം ക്ലാസ്സിലെ ട്യൂഷൻ ക്ലാസ്സിൽ പുതിയതായി വന്ന കുട്ടി ശ്രീലക്ഷ്മി ആണെന്ന് മനസ്സിലാക്കാൻ ഒരു സെക്കന്റ് പോലും വേണ്ടി വന്നില്ല …..

അന്ന് അവളുടെ കൂടെ വന്ന പൊടിമീശക്കാരനെ, അവൾ കൂടെ ഇല്ലെങ്കിലും, എവിടെ വച്ച് കണ്ടാലും താൻ തിരിച്ചറിയുമെന്ന് തോന്നി ….

അന്നത്തെ ആറാം ക്ലാസ്സുകാരനിൽ നിന്നും എഞ്ചിനീയറിംഗ് സെക്കന്റ് ഇയർ കാരനിലേക്കുള്ള മാറ്റത്തിൽ മാറാതെ നിന്നൂ പഴയ നിഷ്കളങ്കത, അതെ നുണക്കുഴി …..

എന്നെ കണ്ടപാടെ വെള്ളം ഉണ്ടെങ്കിൽ എടുക്കൂ എന്ന് കളിയായി പറഞ്ഞു ചിരിച്ചപ്പോൾ, ഇതുവരെ തന്നെ മറക്കാത്തതിൽ അത്ഭുതം തോന്നി …

എന്തുകൊണ്ടോ അവൾ സ്കൂൾ മാറിപോയതിനേക്കാൾ നൂറിരട്ടി സന്തോഷം തോന്നി അന്ന് …. പിന്നീട് അങ്ങനെ ഒന്നും കണ്ടിട്ടില്ല നിധിയേട്ടനെ …

ഇപ്പൊ പിന്നെ പത്താം ക്ലാസ്സിലെ സ്പെഷ്യൽ ട്യൂഷൻ തുടങ്ങിയതോടെ,എല്ലാവരെയും കൂട്ടാൻ വീട്ടിൽ നിന്ന്‌ ആരെങ്കിലും വരാൻ തുടങ്ങി … ശ്രീലക്ഷ്മിയെ കൂട്ടാൻ നിധിയേട്ടനും, എന്നെ കൂട്ടാൻ അച്ഛനും,… നിധിയേട്ടനെ ദൂരെ കാണുമ്പോൾ തന്നെ മനസ്സ് കാരണം ഇല്ലാത്ത ഒരു സന്തോഷത്തിനു തിരി കൊളുത്തിയിട്ടുണ്ടാവും…..
**************************************

സ്വത്തു …. ഈ പെണ്ണ് ഇവിടെ എന്തെടുക്കുവാ ….? പത്താം ക്ലാസ്സ് ആണെന്ന് ഒരു വിചാരവും ഇല്ല …. ട്യൂഷന് പോകാനുള്ള ഇന്ററെസ്റ് പഠിക്കാൻ കാണിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ …… ഓരോന്ന് പറഞ്ഞു കൊണ്ട് ‘അമ്മ മുറിയിലേക്ക് വന്നു ……

അമ്പലത്തിൽ പോയി വന്നിട്ട് എത്ര നേരമായി ഇതുവരെ ഡ്രസ്സ്‌ പോലും ചേഞ്ച് ചെയ്യാതെ ഇവിടെ നിന്ന്‌ എന്താണിത്ര സ്വപ്നം കാണാൻ ….?

ദൂരെ കാണുന്ന പാടത്തിനപ്പുറത്തെ, കുന്നിൻ ചെരുവിൽ എന്തോ നീല നിറം വ്യാപിച്ചിരിക്കുന്ന പോലെ തോന്നും ഇവിടെ നിന്ന്‌ നോക്കുമ്പോൾ, … നോക്കി നോക്കി നിൽക്കുമ്പോൾ അത് മാഞ്ഞു പോകൂന്ന പോലെയും തോന്നും ….

അവിടേക്കു തന്നെ മിഴി നട്ടു നിൽക്കുന്ന തൻെറ ചുമലിൽ പിടിച്ചു അമ്മയ്ക്ക് അഭിമുഖമായി തിരിച്ചപ്പോൾ ആണ് തന്റെ കലങ്ങിയ കരിമഷിക്കണ്ണുകൾ കണ്ടത് ….

“എന്തെ ആരെങ്കിലും കമന്റ് അടിച്ചോ അമ്പലത്തിൽ പോകുമ്പോൾ …?” ഇല്ലമ്മേ ഒന്ന്നുമില്ല … വെയിലത്തേക്കു നോക്കുമ്പോൾ കണ്ണിൽ നിന്നും വെള്ളം വരുന്നു അതാ അല്ലാതെ ഒന്നുമല്ല …

“ഹും, എന്നോട് പറയാതെ വച്ചോ …. ഈ പ്രായം കഴിഞ്ഞു തന്നെയാ ഞാനും ഇവിടെ വരെ എത്തിയത് ….. ഒറ്റയ്ക്ക് അമ്പലത്തിൽ പോകണ്ട എന്ന് എത്ര പറഞ്ഞാലും കേൾക്കൂല … എന്നിട്ടു ആരെങ്കിലും പറയുന്നത് കേട്ട് സങ്കടപ്പെട്ടു ഇരിക്കും …. ചോദിക്കുമ്പോൾ ഓരോ മുടന്തൻ ന്യായങ്ങളും … ഇനി ഒറ്റയ്ക്ക് വിടില്ല നോക്കിക്കോ ….”

മനസ്സ് വായിക്കാനും, കള്ളത്തരം കണ്ടു പിടിക്കാനും ‘അമ്മ കഴിഞ്ഞേ വേറെ ആളുള്ളൂ ….

” ദിയ നിന്നെ അന്വേഷിക്കുന്നുണ്ടായിരുന്നു … ആ കൊച്ചിന് എന്തെങ്കിലും രണ്ടു വരി കവിത എഴുതി കൊടുക്കണം ന്നു ”

“ആ ഞാൻ അവളെ കണ്ടോളാം അമ്മെ …”

ദിയയെ കണ്ടിട്ട് വന്നു ഇനി ഡ്രെസ്സൊക്കെ ചേഞ്ച് ചെയ്യാം….. അത്ര വലിയ സുന്ദരി ഒന്ന്നുമല്ലെങ്കിലും, തന്റെ സൗന്ദര്യത്തെ ഇത്ര മനോഹരമായി വർണ്ണിക്കാനും, തന്റെ പൊട്ടത്തരങ്ങളെ കവിത എന്ന് പറഞ്ഞു സൂക്ഷിച്ചു വയ്ക്കാനും, ചെറിയ വിഷമങ്ങൾ പോലും, എന്തെങ്കിലും പറഞ്ഞു മായ്ച്ചു കളയാനും, അവൾക്കു ഒരു പ്രത്യേക കഴിവ് ആണേ …

ആ ഏഴാം ക്ലാസ്സുകാരിടെ പക്വത പോലും ഇല്ലെന്നു പറഞ്ഞു ‘അമ്മ വഴക്കു പറയുന്നത് പതിവാണ് ….
നിധിയേട്ടൻ കളിയാക്കിയ കാര്യം അവളോട് പറയാം …. മനസ്സിനൊരു സമാധാനം കിട്ടും …. അവൾക്കു അറിയാത്തതായി തന്റെ ജീവിതത്തിൽ ഒന്നുമില്ല ….

ഗേറ്റ് തുറന്നപ്പോൾ തന്നെ “സ്വത്തു ചേച്ചി …. എന്ത് ഭംഗിയാ ഈ പട്ടുപാവാടയിൽ കാണാൻ …. അമ്പലത്തിൽ പോയപ്പോൾ എന്നെയും വിളിക്കായിരുന്നില്ലെ….”

ഒന്നും മിണ്ടാതെ താൻ ആ സിറ്റൗട്ടിലെ പടിമേൽ ഇരുന്നു ….

“സ്വത്തെച്ചിക്കു അറിയോ …? ആ വരമ്പിനടുത്തു കുന്നിലേക്ക് ഉള്ള കയറ്റം തുടങ്ങുമ്പോൾ തന്നെ കാണുന്ന വീടില്ലേ….”

ഏതു…? യക്ഷിയും ഗന്ധർവനും, സർപ്പകാവും ഒക്കെ ഉള്ള … നട്ടുച്ചയ്ക്ക് പോലും പാല പൂക്കുമെന്നു പറയുന്ന ആരും താമസിക്കാതെ ആ വീടോ …?

അത് തന്നെ ചേച്ചി …. ഇന്നലെ അവിടത്തെ ചേട്ടൻ തേങ്ങാ പെറുക്കാൻ വന്നു ന്നു രശ്മി പറഞ്ഞു … ഞാനും സനൂജയും, നീതുവേച്ചിയും ഒക്കെ അപ്പൊ തന്നെ പോയി കാണാൻ …. കേട്ടത് നേരാണ് ചേച്ചി … അതിന്റെ ഉള്ളിൽ എന്തൊക്കെയാ ഉണ്ട് …. പാലപ്പൂവിന്റെ മണം തന്നെയായിരിന്നു … പിന്നെ ഒരു പ്രത്യേകത ഉള്ള കാറ്റ് … കുളത്തിൽ നിറയെ താമര …. കാവിന്റെ അങ്ങോട്ട് ഒന്നും ആരും പോകണ്ട ന്ന് പറഞ്ഞു … അവിടെ മാത്രം കാണാൻ പറ്റിയില്ല … എന്തുമാത്രം മഞ്ചാടി മരങ്ങൾ ആണെന്നോ അവിടെ …. നിറയെ കിട്ടിയിട്ടുണ്ട് മഞ്ചാടിമണികൾ ….

ചേച്ചി ട്യൂഷന് പോയത് കൊണ്ടാ… ചേച്ചിയെ വിളിക്കാൻ ഞാൻ വന്നിരുന്നു ….

അവൾ ഒരു ഹോർലിക്‌സ് ബോട്ടിലിന്റെ , പകുതിയോളം വരുന്ന മഞ്ചാടി മണികൾ, ചേച്ചി എടുത്തോ എന്ന് പറഞ്ഞു കൊണ്ട് തന്റെ നേരെ നീട്ടി ….

തന്റെ മുഖം വാടിയിരിക്കുന്നതു കൊണ്ട് തന്നെയാ അവളിതു മുഴുവൻ തനിക്ക് തരുന്നത് ….

ഒരു പിടി മാത്രം വാരിയെടുത്തു,…..” ബാക്കി നീ വച്ചോ … ഇനി അവിടത്തെ ചേട്ടൻ തേങ്ങാ പെറുക്കാൻ വരുമ്പോൾ എന്നെയും വിളിച്ചാൽ മതി … എനിക്കും വരണം … ആ മതിൽ കെട്ടിനുള്ളിൽ ഒന്ന് കാണാൻ എത്ര കൊതിച്ചിട്ടുണ്ടെന്നു അറിയോ കുട്ടിക്കാലം മുതൽ ….. അവിടത്തെ കുളത്തിൽ ഗന്ധർവ്വൻ നീന്തി കുളിക്കും, അപ്പൊ അവിടേ പൊരിവെയിലിലും മഞ്ഞു പെയ്യും അത്രേ…. അമ്മുമ്മ പറഞ്ഞിട്ടുള്ളതാ …”

സ്വത്തെച്ചി , പക്ഷെ അവിടെ നിറയെ പാമ്പു ഉണ്ട് …. ഇന്നലെ ഞങ്ങൾ കണ്ടു …. ഒരു അണലി കുഞ്ഞിനെ ….

“പിന്നെ അണലി … വല്ല ചേരയും ആയിരിക്കും ….” അണലി തന്നെയാ ചേച്ചി … ആരാ അതിനെ തല്ലി കൊന്നത് എന്നറിയോ …? ചേച്ചി പറയാറില്ലേ ….? ശ്രീലക്ഷ്മി ചേച്ചിടെ ഏട്ടൻ …. ആ ഏട്ടനാണ് അതിനെ തല്ലി കൊന്നത് ….

എന്റെ ദേവി … നിധിയേട്ടൻ എന്തിനാ സർപ്പക്കാവും, യക്ഷിയും, ഗന്ധർവനും ഒക്കെ ഉണ്ടെന്ന് പറയപ്പെടുന്ന ആ വീട്ടിൽ, കാലങ്ങളായി ആർക്കും താമസിക്കാൻ പോലും ആകാത്ത ആ വീട്ടിലെ മതിൽക്കകത്തു കയറി പാമ്പിനെ കൊല്ലാൻ പോയത് …..?