മൂക്കുത്തിയിട്ട കാന്താരി

മൂക്കുത്തിയിട്ട കാന്താരി
Mookkuthiyitta kaanthari Author : നിരഞ്ജൻ എസ് കെ

ഗ്ലാസിൽ ബാക്കിയുള്ള അവസാന തുള്ളിയും വായിലേക്ക് കമഴ്ത്തി കണ്ണൻ പിറകിലേക്ക് ചാഞ്ഞു…

ഫോൺ റിംഗ് ചെയ്തതും ഉറക്കത്തിലെന്ന പോലെ ഞെട്ടി

ഹലോ..

ഡാ കണ്ണാ നീയെവിടെയാ..

ഞാൻ ഇവിടെ….
കണ്ണന്റെ നാക്ക് കുഴഞ്ഞു..

നീ കള്ളുകുടിച്ചു ചാകാൻ നടക്കുകയാണോടാ എവിടെയാ ഉള്ളത് എന്ന് പറയെടാ പന്നി…

ഞാൻ മാഹിയിൽ ഉണ്ട് മച്ചാനെ നീ ഇങ്ങോട്ട് വാ
എനിക്ക് വണ്ടിയെടുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല…

നീ കുടിച്ചു കുടിച്ച് ചാക്
എന്തിന് വേണ്ടിയാണെടാ നീ…. ശരി നീ അവിടെ തന്നെ നിൽക്ക് ഞാൻ ഒരു അരമണിക്കൂർ കൊണ്ട് എത്താം…

അഭി ഫോൺ കട്ട്‌ ചെയ്തതും കണ്ണൻ
ഫോണിലേക്ക് നോക്കി

അഭി തന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ ഒന്നാം ക്ലാസ്സുമുതൽ ഒന്നിച്ചു പഠിച്ചു കളിച്ചു വളർന്നവർ എന്തിനും ഏതിനും തന്നോടൊപ്പം നിൽക്കുന്നവൻ …..

സ്റ്റെപ്പുകളിറങ്ങി വേച്ചു കൊണ്ട് മയ്യഴിപ്പുഴയുടെ തീരങ്ങളിലേക്ക് നടന്നു
കണ്ണൻ

മനസ്സ് പഴയകാലങ്ങളിലേക്ക് ഓടി കണ്ണ് ഈറനണിഞ്ഞു

മൊബൈൽ ശബ്ദിച്ചതും
കണ്ണൻ അറ്റൻഡ് ചെയ്തു

ഡാ ഞാൻ പാർക്കിന്റെ ഇങ്ങേയറ്റത്തുണ്ട് നീ ഇങ്ങോട്ട് വാ…

തലയും താഴ്ത്തി ഇരിക്കുന്ന കണ്ണനെ കണ്ടതും അഭി പൊട്ടിത്തെറിച്ചു

എന്താടാ മൈ @%&*$
നീ കള്ളും കുടിച്ച് നടന്ന്
ജീവിതം നശിപ്പിക്കുകയാണോ
അവന്റെയൊരു കോപ്പിലെ പ്രേമനൈരാശ്യം

നിനക്കറിയില്ലേടാ എന്നെ
രണ്ടീസം കഴിഞ്ഞാൽ അവളുടെ കല്യാണാ….
അവളില്ലാതെ
പറ്റുന്നില്ലെടാ എനിക്ക്..

എന്തിനാടാ ഇങ്ങനെ നീ…
പോട്ടെടാ നീ ഇങ്ങനെ കൊച്ചുപിള്ളേരെ പോലെ
വിട് മച്ചാനെ അത്….

എങ്ങനെയാട എന്റെ ലച്ചൂനെ ഞാൻ മറക്കേണ്ടത്…
9കൊല്ലമായി ഈ നെഞ്ചിൽ കൊണ്ട് നടക്കുന്നെയാ അവളെ…

പോട്ടെടാ അവൾക്ക് തോന്നിയില്ലല്ലോ ഇങ്ങനെ ഒന്നും വീട്ടിൽ നിർബന്ധിച്ചപ്പോ അവള് വേറൊരു കല്യാണത്തിന് സമ്മതിച്ചില്ലേ പിന്നെ നീ മാത്രം എന്തിനാ ഇങ്ങനെ നശിക്കുന്നെ

ഇല്ലെടാ അവളെ ഞാനൊരിക്കലും കുറ്റം പറയില്ല നല്ല കുട്ടിയാ അവള് വളർത്തി വലുതാക്കിയ അവളുടെ അമ്മയെ അവൾക്ക് ധിക്കരിക്കാൻ തോന്നിയിട്ടില്ല പിന്നെ കുറെയൊക്കെ എന്റെ ഭാഗത്തും ഇല്ലേ തെറ്റ്‌…

എന്റെ പൊന്നു മച്ചാനെ നീയത് വിട്ടേ അവൻ സെന്റിയടിച്ചു വിരഹകാമുകനാകാൻ നടക്കുന്നു….

ഡാ അഭി എനിക്കവളെ അവസാനമായി ഒന്ന് കാണണം എന്റേതെന്നു ഞാൻ കരുതിയ അവൾ മറ്റൊരുത്തന് സ്വന്തമാക്കുന്നത്

അത് വേണോടാ…

വേണം പോകണം അവളുടെ കല്യാണത്തിന്

മറ്റന്നാൾ അല്ലേ നമുക്ക് നോക്കാം

വാ നമുക്ക് ഇപ്പൊ വീട്ടിലേക്ക് പോകാം

കണ്ണനെയും കൂട്ടി അഭി ബൈക്കുമെടുത്തു തലശ്ശേരിക്ക് കുതിച്ചു

വീട്ടിൽ നിന്നും അമ്മയുടെ സംസാരം കണ്ണന്റെ കണ്ണു നനച്ചു

എന്തിനാ മോനെ നീയിങ്ങനെ നടക്കുന്നെ
അവളെക്കാൾ നല്ലൊരു കുട്ടിയെ മോന് അമ്മ കാണിച്ചു തരും

എല്ലാം അമ്മയ്ക്ക് അറിയാവുന്നത് അല്ലേ അമ്മേ …

പോട്ടെടാ നീയിങ്ങനെ നടക്കുന്നത് കണ്ട് അച്ഛനൊക്കെ എത്ര സങ്കടം ഉണ്ടെന്നോ

മറുപടി ഇല്ലായിരുന്നു കണ്ണന്

എന്തിനാ ഏട്ടാ ഇങ്ങനെ
സ്വയം നശിക്കുന്നെ അവള് പോട്ടെ
അച്ഛൻ പോയി ചോദിച്ചതല്ലേ
അവര് കെട്ടിച്ചു തരില്ല എന്ന് പറഞോണ്ടല്ലേ
ഏട്ടനെ കെട്ടാൻ ഉള്ള യോഗം അവൾക്കില്ല
ഏട്ടൻ എല്ലാം മറന്നേക്ക്
ഏട്ടൻ ഇങ്ങനെ കുടിച്ച് നശിക്കരുത്

അമ്മയുടെയും അനിയത്തിയുടെയും
മുന്നിൽ മൗനം വരിക്കാനേ
കണ്ണന് കഴിഞ്ഞുള്ളു
വിഷാദഭാവത്തിലിരിക്കുന്ന
അച്ഛന്റെ മുഖത്തേക്ക് നോക്കി
കണ്ണൻ തന്റെ മുറിയിലേക്ക് കേറി
ഉറങ്ങാൻ കിടക്കുമ്പോഴും

ലക്ഷ്മിയുടെ കണ്ണ് കലങ്ങിയ മുഖമായിരുന്നു
കണ്ണന്റെ മനസ്സിലേക്ക് ഓടിയെത്തിയത്
തന്റെ സ്വന്തമെന്നപോലെ
കൊണ്ട് നടന്നവൾ മറ്റൊരുത്തന്
സ്വന്തമാകാൻ പോകുന്നു
എന്നറിഞ്ഞപ്പോൾ മുതൽ ആണ് എല്ലാം മറക്കാൻ മദ്യത്തിൽ അഭയം തേടിയത്…

8 ക്ലാസ്സിൽ പുതിയ സ്കൂളിലേക്ക്
ചേർന്നപ്പോളാണ്
ലക്ഷ്മിയെ ആദ്യമായി കണ്ടത്

*****

പുതിയ സ്കൂളും
അപരിചിതരായ ആൾക്കാരും
നന്നേ മുഷിഞ്ഞു ഇരിക്കുന്നതിന്
ഇടയിൽ
കണക്ക് ടീച്ചർ ക്ലാസ്സെടുത്തു
കൊണ്ടിരിക്കുമ്പോഴാണ് കണ്ണൻ ആദ്യമായി അവളെ
ശ്രദ്ധിച്ചത്….

രണ്ടാമത്തെ ബെഞ്ചിൽ അടങ്ങിയൊതുങ്ങി ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കുന്ന ഒരു പാവം കുട്ടി അതിലേറെ അവനിൽ കൗതുകമുണർത്തിയത് വെള്ളക്കല്ലു പതിച്ച ആ
മൂക്കുത്തി ആയിരുന്നു

കണ്ണാ….
ടീച്ചറുടെ വിളികേട്ടാണ് കണ്ണൻ ഞെട്ടിയത്

എവിടെയാ കണ്ണാ ക്ലാസ്സെടുക്കുമ്പോൾ ശ്രദ്ധിക്കുന്നത്

അത് ടീച്ചർ മൂക്കുത്തി…

ഒരു കൂട്ടച്ചിരിയായിരുന്നു ക്ലാസ്സിൽ

എല്ലാരുടെയും മുഖം അവളിലേക്ക് തിരിഞ്ഞതും കണ്ണനെ അവൾ രൂക്ഷമായൊന്ന് നോക്കി

സൈലെൻസ്…
ക്ലാസ്സ്‌ നിശബ്ദമായി

ഞാനിവിടെ തൊണ്ടകീറി ക്ലാസ്സെടുത്തു കൊണ്ടിരിക്കുമ്പോൾ നീയവിടെ മൂക്കുത്തി നോക്കിയിരിക്കുകയാണോ……

അത് ടീച്ചർ ഞാൻ……

മ്മ്മ് ഇരിക്കവിടെ…

ഇന്റർവെല്ലിനുള്ള
ബെല്ലടിച്ചതും
എല്ലാരും പുറത്തേക്ക് പോയി

തിരിച്ചു വരുന്ന വഴിയിൽ രൗദ്ര ഭാവത്തിൽ നിൽക്കുന്ന അവളെ കണ്ടതും കണ്ണന്റെ മനസ്സ് ഒന്ന് പിടച്ചു

കണ്ണൻ അടുത്തെത്തിയതും അവൾ ചോദിച്ചു

താനെന്തിനാ എന്നെ തന്നെ നോക്കിയിരിക്കുന്നത്

അത് പിന്നെ ഞാൻ മൂക്കുത്തി കണ്ടിട്ട് നോക്കിയതാ….

മ്മ്മ് ഇനി അങ്ങനെ നോക്കണ്ടാട്ടൊ….

തിരിഞ്ഞു നടക്കാനൊരുങ്ങിയ അവളെ അവൻ വിളിച്ചു

അതേയ്….

എന്താ…..

ഞാനാ മൂക്കുത്തിയിൽ ഒന്ന് തൊട്ടോട്ടെ….

ലക്ഷ്മിയുടെ ദഹിപ്പിക്കുന്ന നോട്ടത്തിൽ
കണ്ണൻ ഒന്ന് പകച്ചു

ദേ കണ്ണാ എന്നെ ശല്യം ചെയ്യാൻ വന്നാൽ ഞാൻ ടീച്ചറോട് പറയും കേട്ടോ…

ലക്ഷ്മി നീ വന്നേ..
കൂട്ടുകാരി അവളെ വിളിച്ചു

എന്തിനാടാ നീ അവളോട്‌ അങ്ങനെ ചോദിക്കാൻ പോയെ
അഭിയുടെത് ആയിരുന്നു ചോദ്യം..

അഭി അവള് ടീച്ചറോട് പറയുമോ ഞാൻ എനിക്ക് തോന്നിയത് പറഞ്ഞതാടാ…

പറഞ്ഞാൽ നിന്റെ കാര്യം പോക്കാപ്പാ..

നീ വെറുതെ പേടിപ്പിക്കല്ലേ എന്നെ…

അന്നത്തെ സംഭവം ടീച്ചറോട് പറയാത്തതും വഴക്കിൽ കൂടെയുള്ള സൗഹൃദം അവരെ മറ്റുള്ളവരെക്കാൾ കൂടുതൽ അടുപ്പിച്ചു

വർഷം ഒന്ന് കടന്നു പോയത്‌ അറിഞ്ഞതേയില്ല ഇടയ്ക്ക് വച്ചുള്ള യുവജനോത്സവത്തിൽ ശല്യം ചെയ്യാൻ വന്നവരെ കണ്ണൻ ഇടപെട്ട് ഒഴിവാക്കിയതോടെ അവർക്കിടയിലുള്ള ബന്ധം ദൃഢമായി കോളുകളും മെസ്സേജുകളും നീണ്ടു
അധ്യായന വര്ഷത്തിന്റെ അവസാന നാളുകളിലേക്ക് നീങ്ങി..

ലെച്ചു ഇനിയെങ്ങനെയാ
നമ്മൾ കാണുക…

രണ്ടുമാസം അല്ലേ കണ്ണാ അത് പെട്ടന്ന് പോകില്ലേ…

മ്മ്
കണ്ണൻ അവളെ നോക്കി ഒന്ന് നെടുവീർപ്പിട്ടു..

ലെച്ചു എനിക്ക് ഒരു കാര്യം പറയാനുണ്ട്….

എന്താ..

അത് പിന്നെ….

കണ്ണൻ അപ്പുറത്ത് നിന്നും ഒളിഞ്ഞു നോക്കുന്ന അഭിയെ ഒളികണ്ണിട്ട് ഒന്ന് നോക്കി

എന്താ കണ്ണാ…

അത് പിന്നെ..
ലച്ചു എനിക്ക് നിന്നെ ഇഷ്ടാണ് ഞാൻ കുറെയായി പറയണം എന്ന് കരുതിയതാണ്….
ഒറ്റ ശ്വാസത്തിൽ പറഞ്ഞു കണ്ണൻ ലച്ചുവിന്റെ മുഖത്തേക്ക് നോക്കി…

ഭാവവ്യത്യാസം ഒന്നുമില്ലാതെ നിൽക്കുന്ന ലച്ചുവിന്റെ മുഖത്ത് നോക്കാൻ കണ്ണൻ മടിച്ചു

എനിക്ക് അറിയായിരുന്നു കണ്ണാ നിനക്ക് എന്നെ ഇഷ്ടമാണ് എന്ന് നിന്റെ വായിൽ നിന്നും കേൾക്കാൻ കാത്തിരിക്കുകയായിരുന്നു ഞാൻ…

അത്ഭുതത്തോടെ ലച്ചുവിനെ നോക്കിയ കണ്ണൻ ചോദിച്ചു…

സത്യാണോ ലച്ചു…

അതെ….

പിന്നീടങ്ങോട്ടുള്ള നാളുകൾ ട്യൂഷൻ ക്‌ളാസുകളിലും തലശ്ശേരി ബസ് സ്റ്റാന്റുകളിലും ഉള്ള പ്രണയ നാളുകൾ 2മാസം കടന്ന് പോയത്‌ നിമിഷങ്ങൾ പോലെ

************

അവസാന വർഷത്തിലെ സ്കൂളിലെ യുവജനോത്സവത്തിനു കണ്ണൻ തനിക്കു നൽകിയ മാലയുമിട്ട് പോകാൻ ഒരുങ്ങുമ്പോഴായിരുന്നു അമ്മയുടെ ചോദ്യം

ലക്ഷ്മി.
ഏതാ ഈ മാല…

അത് അമ്മേ ഞാൻ വാങ്ങിയതാണ്…..

ഇത്രേം നല്ല മാല വാങ്ങാൻ
നിനക്ക് എവിടെ നിന്നാണ് പൈസ …

അത് അമ്മ തരുന്ന പൈസയിൽ നിന്നും ഞാൻ കുറച്ചു കുറച്ചു മാറ്റി വച്ച് ഞാൻ വാങ്ങിയതാണ്…

മ്മ്

അമ്മയുടെ സംശയ ദൃഷ്ടിയിൽ നിന്നും ഒഴിവായ ലച്ചു വീട്ടിൽ നിന്നും സ്കൂളിലേക്ക് ഇറങ്ങി

സ്കൂളിന് മുന്നിലെത്തിയതും തന്നെ കാത്തു നിൽക്കുന്ന കണ്ണനെ കണ്ടു..

ഞാൻ വിചാരിച്ചു നീയിത് ഇട്ടിട്ടു വരില്ല എന്ന്….

കണ്ണന്റെ ചോദ്യം കേട്ടതും ലക്ഷ്മി തുടർന്നു…

അമ്മയുടെ മുന്നിൽ നിന്നും ഞാൻ എങ്ങിനെയാ തടിയൂരിയത് എന്ന് എനിക്കേ അറിയുള്ളു…

എന്ത് പറ്റി ലച്ചു…

അമ്മ സംശയത്തോടെ ആണ് ചോദിച്ചത് ഈ മാല എവിടെ നിന്നാണെന്ന് ഞാൻ ഒന്ന് പകച്ചു തരുന്ന പൈസ മാറ്റിവച്ചു വാങ്ങിയതാണെന്ന് ഒരുവിധം പറഞ്ഞൊപ്പിച്ചു…

നന്നായി…..

കണ്ണനോടുള്ള ഇഷ്ടക്കൂടുതലോ
എന്തോ അന്നത്തെ ദിവസം മുഴുവൻ കണ്ണന്റെ കൂടെ ചിലവഴിച്ചു ..

കണ്ണന്റെ കൈപിടിച്ചു കൊണ്ട് ബസ് സ്റ്റാന്റിലെത്തി സ്റ്റാൻഡിൽ നിന്നും ബസ് കേറാൻ നോക്കുന്നേരം തന്നെ മാത്രം ശ്രദിച്ചിരിക്കുന്ന ആ കണ്ണുകൾ അവളിൽ ഉടക്കി

അത് കണ്ടതും ലക്ഷ്മി ഒന്ന് ഞെട്ടി…

കണ്ണാ കൈ വിട്…

എന്താ ലച്ചു…

തന്റടുത്തേക്ക് നടന്നു വരുന്ന
വല്യച്ഛന്റെ മോൻ കുട്ടേട്ടനെ കണ്ട്
ലക്ഷ്മിയുടെ കാലുകൾ വിറച്ചു

അടുത്തെത്തിയതും കുട്ടൻ പറഞ്ഞു..

ലക്ഷ്മി ബസിന് പോകേണ്ട..
എന്റടുത്തു വണ്ടിയുണ്ട് അതിൽ പോര് …

വേണ്ട ഏട്ടാ ഞാൻ ബസിന് വന്നോളാം…

ഞാൻ വീട്ടിലേക്ക് ആണെടി ഇവിടെ ഒരു കൂട്ടുകാരനെ കാണാൻ കേറിയതാ …

ഏട്ടനൊപ്പം വണ്ടിയിലേക്ക് കേറുമ്പോൾ മനസ്സിൽ മുഴുവൻ കണ്ണനും താനും കയ്യിൽ പിടിച്ചു കൊണ്ട് വരുന്നത് ഏട്ടൻ കണ്ടുകാണുമോ എന്ന ഭയമായിരുന്നു മനസ്സ് മുഴുവനും..

ടൗൺ വിട്ടതും
ഏട്ടന്റെ ചോദ്യം കേട്ടതും ലക്ഷ്മി ഞെട്ടി

റേഡിയോ തുറന്നു വച്ചത് പോലെ സംസാരിക്കുന്നതാണല്ലോ ലക്ഷ്മിയെ നീ എന്താ മിണ്ടാതിരുക്കുന്നെ….

ഒന്നുല്ല ഏട്ടാ…
സ്കൂളിൽ യുവജനോത്സവം അല്ലേ ഒച്ചയെടുത്തിട്ട് തലവേദനയാകുന്നു…

മ്മ്മ്
എന്തിനാ ഇങ്ങനെ ഒച്ചയെടുക്കാൻ പോയത്‌

അത് വെറുതെ ഒരു രസത്തിനാണപ്പാ…. .

ആയിക്കോട്ടപ്പാ….
ആട്ടെ ഏതാ നിന്റെ കയ്യിൽ പിടിച്ചത് കണ്ട ആ ചെക്കൻ….

ലക്ഷ്മി ഒന്ന് പകച്ചു പ്രതീക്ഷിച്ചതു പോലെ തന്നെയുള്ള ചോദ്യം ഏട്ടനിൽ നിന്നും വന്നപ്പോൾ മറുപടിക്കായി അവൾ പരതി

അത് ഏട്ടാ….

അത് … ഏട്ടാ
അവൻ എന്റെ കൂടെ പഠിക്കുന്ന
കുട്ടിയാ ഏട്ടാ

ലക്ഷ്മി..
കൂടെ പഠിക്കുന്നത് ആണെങ്കിലും
ഇങ്ങനെ കയ്യിലൊക്കെ കേറി പിടിക്കാൻ
സമ്മതിക്കരുത്

അത് ഏട്ടാ അവനെന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്
ഞങ്ങൾ ഓരോ തമാശയൊക്കെ
പറഞ്ഞു വന്നപ്പോൾ…..

ലക്ഷ്മി നീ പഴയത് പോലെ
കൊച്ചു കുട്ടിയൊന്നുമല്ല
നിന്റെ ഫ്രണ്ട് ആയിരിക്കാം അവൻ
പക്ഷേ ആരെങ്കിലും കണ്ടാൽ പിന്നെ അത് മതി
ഓരോന്ന് പറഞ്ഞുണ്ടാക്കാൻ

ഇല്ലപ്പാ ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല….

പറഞ്ഞ കാര്യം ഏട്ടൻ വിശ്വസിച്ചു
എന്ന് തോന്നിയ ലക്ഷ്മി
ഒന്ന് നെടുവീർപ്പിട്ടു

വീട്ടിലെത്തിയതും കുട്ടൻ
ലക്ഷ്മിയുടെ അമ്മയെ വിളിച്ചു…

ആ കുട്ടനോ…
നീ എത്രയായപ്പാ ഇങ്ങോട്ട് വന്നിട്ട്
നീ ഇരിക്ക് ഞാൻ ചായ എടുക്കാം

ചായ ഒന്നും വേണ്ടപ്പാ…..
ലക്ഷ്മിയെ സ്റ്റാൻഡിൽ വച്ചു കണ്ടപ്പോ
അവളെ വണ്ടിയിൽ ഇങ്ങ് കൂട്ടി
പോകുന്ന വഴിക്ക് കേറിയതാ
പിന്നെ ഒരു കാര്യം പറയാനും ഉണ്ട്..

എന്താ .. കുട്ടാ…

ചെറിയമ്മ ലക്ഷ്മിയെ വഴക്കൊന്നും പറയേണ്ട
ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുത്താൽ മതി

നീ കാര്യം എന്താണെന്നു പറയപ്പാ…

സ്റ്റാൻഡിൽ വച്ച് അവളെ കണ്ടപ്പോൾ
അവളുടെ കൂടെ ഒരു പയ്യൻ ഉണ്ടായിരുന്നു
കയ്യ് പിടിച്ചു നടന്നു വരുന്നതാണ് കണ്ടത്
അവളുടെ ഫ്രണ്ട് ആണെന്നാണ്
അവൾ പറഞ്ഞത് ഫ്രണ്ട് ഒന്നുമല്ല
എന്നെനിക്ക് മനസ്സിലായി ച
െറിയമ്മ അവളെ ഒന്ന് പറഞ്ഞു
മനസ്സിലാക്കി കൊടുത്തേക്കു..

കുട്ടൻ പോയതും ലക്ഷ്മിയുടെ അമ്മ ആലോചനയിൽ മുഴുകി..
രാത്രി ഉറങ്ങാൻ പോകുന്ന ലക്ഷ്മിയെ വിളിച്ചു…

ലക്ഷ്മി ഇങ്ങോട്ട് വന്നേ…

എന്താ അമ്മേ….

നീ ആ മാല എവിടുന്നാ വാങ്ങിച്ചത് എന്ന് പറഞ്ഞത്…

അത്…. സ്കൂളിനടുത് നിന്നും…

മ്മ്മ് നിന്റെ കൂടെ ഇന്ന് ഉണ്ടായിരുന്ന ആ ചെക്കൻ ഏതാ

അത് അമ്മേ…

മോളെ മനസ്സിൽ വേണ്ടാത്തത്
എന്തെങ്കിലും ഉണ്ടെങ്കിൽ
ഇപ്പൊ തന്നെ എടുത്ത് കളഞ്ഞേക്ക്
നിന്നെയും നന്ദുവിനെയും
വളർത്താൻ അമ്മ എത്രത്തോളം കഷ്ടപ്പെടുന്നുണ്ട് എന്ന്
നിനക്ക് അറിയാലോ…M

ഒരു ചീത്തപ്പേര് പോലും
ഉണ്ടാക്കരുത് മോള്

ലക്ഷ്മി തലയും താഴ്ത്തി ഇരുന്നു

ഈ പ്രായത്തിൽ ഇങ്ങനെ
ഒക്കെ തോന്നും
അങ്ങനെ ഒന്നും നമുക്ക്
വേണ്ട മോളെ….
ആ മാല അത് അവൻ തന്നതാണ്
എന്നെനിക്ക് മനസ്സിലായി
ഏതൊരു മക്കളുടെയും മാറ്റം
ഏതൊരു അമ്മയ്ക്കും
പെട്ടന്ന് മനസ്സിലാകും
വഴക്ക് ഒന്നും ഞാൻ പറയുന്നില്ല
നാളെത്തന്നെ മോള്
അവൻ തന്ന ആ മാലയും ഒക്കെയും
തിരിച്ചു കൊടുത്തേക്ക്
എല്ലാം മനസ്സിൽ നിന്ന് എടുത്ത്‌ കളഞ്ഞേക്ക് …

ഉറങ്ങാൻ കിടക്കുമ്പോൾ
ചിരിച്ചു നിൽക്കുന്ന കണ്ണന്റെ മുഖവും കണ്ണു കലങ്ങിയ അമ്മയുടെ മുഖവും ലക്ഷ്മിയുടെ മനസ്സിലേക്ക് മാറി മാറി വന്നു…

********

കണ്ണാ…
നീ എനിക്ക് തന്ന എല്ലാം ഇതിലുണ്ട്
നമുക്ക് എല്ലാം ഇവിടെ വച്ച് അവസാനിപ്പിക്കാം

ലച്ചു നീ എന്താ ഈ പറയുന്നേ….

വേണ്ട കണ്ണാ എന്റെ അമ്മയെ
സങ്കടപെടുത്താൻ എനിക്ക് പറ്റില്ല
കഴിഞ്ഞ ദിവസം നടന്ന കാര്യങ്ങൾ മുഴുവൻ അവനോട് വിവരിച്ചു

കണ്ണന് എന്നും ലച്ചൂനെ ഇഷ്ടായിരിക്കും പ്രായത്തിന്റെ ആണെന്നല്ലേ നിന്റെ അമ്മ പറഞ്ഞത് നിന്റെ കല്യാണപ്രായം ആവുമ്പോഴേക്ക് കണ്ണൻ നിന്റെ വീട്ടിൽ വരും…

വേണ്ട കണ്ണാ ഞാൻ എല്ലാം ഇന്നത്തോടെ ഇവിടെ അവസാനിപ്പിക്കുകയാണ്

നടന്നകലുന്ന ലക്ഷ്മിയെ കണ്ണൻ നിറകണ്ണുകളോടെ നോക്കി
സ്കൂൾ ജീവിതം അവസാനിച്ചതും
ലക്ഷ്മിക്ക് അഡ്മിഷൻ കിട്ടിയ
അതെ കോളേജിൽ തന്നെ കണ്ണൻ
അഡ്മിഷൻ വാങ്ങിപ്പിച്ചതും
ലച്ചുവിനെ കാണണം എന്നുള്ള
ലക്ഷ്യത്തോടെ ആയിരുന്നു

ഒന്നര വർഷത്തോളം പരസ്പരം
ഒന്ന് മിണ്ടുകയും കൂടെ ചെയ്തില്ലെങ്കിലും
കണ്ണൻ തന്നോട് കാണിക്കുന്ന സ്നേഹം കണ്ടില്ലെന്നു നടിക്കാൻ ലച്ചുവിന് സാധ്യമായിരുന്നില്ല…
പ്ലസ്‌ ടു അധ്യയനവര്ഷത്തിലെ
ഇടയ്ക്ക് വച്ച് തന്റടുത്തു മോശമായി പെരുമാറാൻ ശ്രമിച്ചവനെ
കണ്ണൻ തല്ലി എന്നറിഞ്ഞപ്പോൾ
മിണ്ടാതിരിക്കാൻ കഴിഞ്ഞില്ല അവൾക്കു

എന്തിനാപ്പാ എനിക്ക് വേണ്ടി വെറുതെ
പ്രശ്നം ഉണ്ടാക്കുന്നത്…..

പിന്നെ ഇന്റടുത്തു മോശമായി
പെരുമാറാൻ നോക്കിയവനെ ഞാൻ ഒന്നും ചെയ്യേണ്ടതായിരുന്നു
എന്നാണോ പറയുന്നത്

എന്തിനാ കണ്ണാ നീ എന്നെ ഇങ്ങനെ സ്നേഹിക്കുന്നെ..
വെറുതെ എന്തിനാ

വെറുതെയാവില്ല എന്നെനിക്ക്
ഉറപ്പുണ്ട് ലെച്ചു…

വേണ്ട കണ്ണാ…
കണ്ണനെ എനിക്ക് ഇഷ്ടം ഒക്കെ തന്നെയാണ് പക്ഷെ ഒരു പ്രതീക്ഷ തരാൻ ഞാനില്ല ഒരിക്കലും നടക്കില്ല നമ്മുടെ കാര്യം….

ലച്ചു എനിക്ക് അത് കേട്ടാൽ മതി
ഇഷ്ടമാണല്ലോ എന്നെ അത് മതി എനിക്ക്

പകുതിയിൽ വച്ചു ഉപേക്ഷിച്ച പ്രണയം വീണ്ടും പൂത്തുലയാൻ അധികം സമയം വേണ്ടി വന്നില്ല മാസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു

ക്ലാസ്സ്‌ കഴിഞ്ഞു സ്റ്റാൻഡിലേക്ക് നടക്കുന്നതിനിടയിൽ ലച്ചു ചോദിച്ചു

എങ്ങനെയാ കണ്ണാ എന്നെ നിനക്ക് ഇഷ്ടായെ…

അതോ നിന്റെ മൂക്കുത്തിയിട്ട ഈ മുഖം കണ്ടാൽ ആരാടി നിന്നെ ഇഷ്ടപ്പെടാത്തത് കാന്താരി…..

പരസ്പരം ഓരോ കാര്യങ്ങൾ പറഞ്ഞു സ്റ്റാന്റിലെത്തി ലച്ചുവിനെ ബസ് കേറ്റി വിട്ടതും തന്റെ തോളിൽ ഒരു കയ്യ് പതിച്ചതും കണ്ണൻ തിരിഞ്ഞു നോക്കി

ആരാ….

ആരാന്നോക്കെ പിന്നെ പറയാം നീയും ആ പെങ്കൊച്ചും തമ്മിൽ എന്താടാ ബന്ധം…

അത് ചോദിക്കാൻ താനാരാടോ….

ഷർട്ടിന്റെ കോളറിൽ കുത്തി പിടിച്ചു കണ്ണനോട് അവൻ പറഞ്ഞു മേലാൽ അവളെ ഇനി ശല്യം ചെയ്തേക്കരുത്…

ഇതൊക്കെ പറയാൻ താനാരാ …
ലച്ചു എന്റെ പെണ്ണാ
ഞാൻ ഇനിയും അവളോട്‌ സംസാരിക്കും….

കണ്ണനെ കൂട്ടി പിടിച്ചത് കണ്ടതും
കൂടെ പഠിക്കുന്ന കൂട്ടുകാർ അങ്ങോട്ട്‌ ഓടിയെത്തി
കണ്ണന്റെ മറുപടിയിൽ രോഷാകുലനായ
അയാൾ കണ്ണന് നേർക്ക് കയ്യോങ്ങിയതും
ടപ്പേ എന്നൊരു ശബ്ദം കേട്ടു
കണ്ണന്റെ അടുത്ത കൂട്ടുകാരനായ
അഭിയുടെ കയ്യ് അയാളിൽ പതിച്ചതായിരുന്നു അത്
കണ്ണനെ തല്ലാൻ നോക്കിയ ആളെ കൂട്ടുകാർ ചേർന്ന് ശരിക്കും പെരുമാറി

പതിവുപോലെയുള്ള രാത്രിയിലെ ഫോൺ വിളിക്കായി കണ്ണൻ ലച്ചുവിന്റെ no ഡയൽ ചെയ്തു…

ഹലോ….

അപ്പുറത്ത് നിന്നും ലച്ചുവിന്റെ ശബ്ദം ഉയർന്നു….

എവിടെയായിരുന്നു ലച്ചു ഞാൻ എത്ര നേരായി ട്രൈ ചെയ്യുന്നു എന്താ ഫോൺ സ്വിച്ച് ഓഫാക്കി വച്ചത്….

ചോദിച്ചതിനുള്ള മറുപടി ആയിരുന്നില്ല അവളിൽ നിന്നും കിട്ടിയത്

എന്ത് പണിയാ കണ്ണാ നിങ്ങളെല്ലാരും കൂടെ കാണിച്ചത്..

എന്താ ലച്ചു….

നിങ്ങളെല്ലാരും കൂടെ ഇന്ന് ആരെയാ അടിച്ചത് എന്നറിയാമോ….

ഇല്ല എന്തേ…
ആരാ അത്…

എന്റെ ഏട്ടനാണ് അത്….

ലച്ചു എനിക്ക് അറിയില്ലായിരുന്നു….

ഒന്നും പറയേണ്ട …..
ആരും കാണാതെയാണ് ഞാൻ ഫോൺ വിളിക്കുന്നെ
എന്നോടിനി പഠിക്കാൻ പോകേണ്ടെന്ന് പറഞ്ഞു ചിലപ്പോൾ ഇത് നമ്മുടെ അവസാനത്തെ കോൾ ആയിരിക്കും….

എന്താ ലച്ചു നീയീ പറയണേ സത്യായിട്ടും അത് നിന്റെ ഏട്ടനാണെന്ന് എനിക്ക് അറിയില്ലായിരുന്നു…..

എന്നെ ഇവിടെ ഇത്രേം സമയം എല്ലാരും കൂടെ ചോദ്യം ചെയ്യുകയായിരുന്നു
എനിക്ക് എല്ലാം പറയേണ്ടി വന്നു..
കണ്ണാ നീ സൂക്ഷിക്കണം രണ്ടു മൂന്ന് ദിവസത്തേക്ക് കോളേജിൽ പോകേണ്ട ഏട്ടന് അവിടെയുള്ള പിടിപാട് നിനക്കറിയില്ല….

ഇല്ല ലച്ചു ഒന്നും ഉണ്ടാവില്ല
ഞാൻ നിന്റെ ഏട്ടനെ കണ്ടു സോറി പറഞ്ഞോളാം…..

വേണ്ട ഏട്ടന്റെ മുന്നിൽ ഇനി നീ കുറച്ചു ദിവസം പോകേണ്ട ഏട്ടനെ നിനക്ക് അറിയാഞ്ഞിട്ടാണ്…..

ശരി എങ്കിൽ ഞാൻ പോകുന്നില്ല….

ഓക്കേ ഞാൻ ഫോൺ വയ്ക്കുകയാണ് ഇനിയെനിക്ക് ഫോൺ കിട്ടുമോ എന്നൊന്നും അറിയില്ല എന്നെ ഇങ്ങോട്ടേക്കു വിളിക്കേണ്ട പറ്റുവാണേൽ ഞാൻ അങ്ങോട്ട്‌ വിളിക്കാം…

രണ്ടു ദിവസങ്ങൾ കടന്നു പോയതും കണ്ണൻ കോളേജിലേക്ക് തിരിച്ചു.
കോളേജിന് മുന്നിൽ എത്തിയതും പിന്നിൽ നിന്നുള്ള വിളി കേട്ട് കണ്ണൻ തിരിഞ്ഞു നോക്കി.

കണ്ണനല്ലേ….

അതെ… ആരാണ്…

അതൊക്കെ പറയാം ഒന്ന് ഇങ്ങോട്ട് വന്നേ
തിരക്കി വന്നയാൾ കണ്ണന്റെ ഷോൾഡറിൽ കയ്യ് വച്ചു…

ആരാ നിങ്ങള്….
കണ്ണൻ കുതറാൻ ശ്രമിച്ചു.
അടുത്ത കടകളിലായി നിന്നിരുന്ന കുറച്ചു പേർ അവർക്കരുകിലേക്ക് വന്നു…

നീ ഞങ്ങടെ കൂട്ടുകാരന്റെ മേൽ കൈ വയ്ക്കും അല്ലേടാ..
ചോദ്യവും അടിയും ഒന്നിച്ചായിരുന്നു…
പതിനഞ്ചോളം വരുന്ന ചെറുപ്പക്കാരുടെ കരങ്ങൾ കണ്ണനിൽ പതിഞ്ഞു…
പിടിച്ചു വയ്ക്കാനെന്ന പോലെ വന്നവർ അവരുടെ ആക്രോശങ്ങൾക്ക് മുന്നിൽ പാവയെ പോലെ നിന്നു..

കണ്ണനെ പൊതിരെ തല്ലി
പിൻവാങ്ങിയപ്പോൾ അല്ലാതെ
ഒരാൾക്കും അങ്ങോട്ട്‌ അടുക്കാൻ തോന്നിയില്ല

തുടരെയുള്ള റിങ്ങിങ് കേട്ടാണ് കണ്ണൻ ഫോൺ എടുത്തത്..

കണ്ണാ…

ലച്ചുവോ…

അടുത്ത വീട്ടിലെ കുട്ടി പറഞ്ഞാണ് ഞാൻ അറിഞ്ഞത്..
ഞാൻ പറഞ്ഞതല്ലേ നിന്നോട് കുറച്ചു ദിവസം അങ്ങോട്ട്‌ പോകേണ്ട എന്ന്…

എന്റെ ലച്ചു എനിക്ക് അതിന് മാത്രം ഒന്നും പറ്റിയില്ല…

കള്ളം പറയല്ലേ ഇവരൊക്കെ പറഞ്ഞത്
എല്ലാരും നിന്നെ നന്നായി അടിച്ചു എന്നാണല്ലോ…

ആരാ ഇതൊക്കെ നിന്നോട് പറഞ്ഞേ
അവര് എന്റടുത്തു വന്നു രണ്ടടി എന്നെ അടിച്ചു എന്നിട്ട് നിന്നെ ഇനി ശല്യം ചെയ്യരുത് എന്ന് പറഞ്ഞു
അത്രയേ ഉള്ളൂ എനിക്ക് വേറെ കുഴപ്പം ഒന്നുമില്ല…
പിന്നെ ഞാൻ ശല്യം ചെയ്യാൻ ഒന്നും വരില്ല എന്ന് പറഞ്ഞത് കൊണ്ട്
നാളെ മുതൽ നിന്നെ കോളേജിൽ അയക്കും എന്നും പറഞ്ഞു….

സത്യാണോ കണ്ണാ ഈ പറയുന്നതൊക്കെ…

സത്യാ…

രണ്ടു ദിവസത്തിന് ശേഷം
പതിവിൽ നിന്നുള്ള വീട്ടുകാരുടെ മാറ്റവും
കോളേജിൽ പോകാൻ സമ്മതവും കിട്ടിയ ലച്ചു
കോളേജിൽ എത്തിയതും ആദ്യം തിരഞ്ഞത് കണ്ണനെ ആയിരുന്നു
രണ്ടു ദിവസം കഴിഞ്ഞിട്ടും കണ്ണന്റെ ഒരു വിവരവും ഇല്ലാഞ്ഞിട്ട് കണ്ണന്റെ കൂട്ടുകാരനായ അഭിയുടെ ക്ലാസ്സിലേക്ക് നീങ്ങി…

അഭി…

എന്താ ലക്ഷ്മി…

കണ്ണൻ എവിടെ രണ്ടു ദിവസം ആയല്ലോ കോളേജിൽ വരാത്തത് വിളിച്ചിട്ടും കിട്ടുന്നില്ലല്ലോ….

ഓ അപ്പൊ നീ ഒന്നും അറിഞ്ഞില്ലേ…

എന്താ…
എന്നോട് ആരും ഒന്നും പറഞ്ഞിട്ടില്ല

എന്തിനാടീ അവനോട് ഇങ്ങനെ ചെയ്തത്
നിന്നെ ഇഷ്ടപ്പെട്ടതാണോ അവൻ ചെയ്ത തെറ്റ്

ഏന്തൊക്കയാ അഭി നീ പറയുന്നേ ഞാൻ എന്ത് ചെയ്തു എന്നാ
ഏട്ടനെ അടിച്ചത് നിങ്ങളല്ലേ അതിനല്ലേ ഏട്ടൻ അവനെ അടിക്കാൻ വന്നത്….

ഒന്നും അറിയാത്തത് പോലെ നടിക്കുകയാണോ നീ….

ഇല്ല അഭി എനിക്കൊന്നും അറിയില്ല കണ്ണനെ വിളിച്ചപ്പോൾ അന്ന് ഏട്ടൻ അവനെ അടിക്കാൻ നോക്കി എല്ലാം അവര് പറഞ്ഞു തീർത്തു എന്നാണല്ലോ പറഞ്ഞത്…

എന്നാൽ അറിഞ്ഞോ നീ
നിന്റെ ചേട്ടനും ചങ്ങായിമാരും വന്ന് അവനെ അടിച്ചു കയ്ക്ക് പൊട്ടലുണ്ട് വീട്ടിലിരിപ്പാണ്
അവൻ അവന്റെ അച്ഛൻ വന്നു ഇവിടെ
അവനിനി ഇവിടെ പഠിക്കാൻ വരില്ല…

അഭിയുടെ സംസാരം കേട്ടതും ലക്ഷ്മി ഒന്ന് സ്തംഭിച്ചു
ഒന്നും പറയാതെ അവൾ ക്ലാസ്സിൽ നിന്നും പുറത്തേക്കിറങ്ങി
പിന്നിൽ നിന്നും അഭി പറയുന്നത് ഒന്നും അവൾ
കേൾക്കുന്നുണ്ടായിരുന്നില്ല….
താൻ കാരണം കണ്ണന് ഇങ്ങനെ വന്നല്ലോ
എന്ന ചിന്ത മാത്രമായിരുന്നു….

മൂന്നു മാസം കടന്ന് പോയതും ശേഷം പരീക്ഷയ്ക്കായ് കോളേജിലേക്ക് പോയ ലക്ഷ്മി
തന്റെ അടുത്തേക്ക് നടന്നു വരുന്ന കണ്ണനെ കണ്ട്
അവന്റടുത്തേക്ക് നടന്നു

ലച്ചൂ….

എവിടെ ആയിരുന്നു കണ്ണാ നീ
മറന്നോ എന്നെ ഞാൻ എത്ര തവണ വിളിച്ചു
എന്നറിയാമോ ഒരു തരത്തിലും
നിന്നെ പറ്റി അന്വേഷിച്ചിട്ടു ഒന്നും അറിയാൻ കഴിഞ്ഞില്ല
എന്താ നിനക്ക് പറ്റിയെ…
ഒറ്റ വായിൽ കണ്ണനോട് ചോദിച്ചു…

ഞാൻ കോൺടാക്ട് ചെയ്യാഞ്ഞിട്ട്
തന്നെയാണ് ലച്ചൂ…
പരീക്ഷയ്ക്ക് വരുമ്പോൾ നിന്നെ കാണും എന്നെനിക്കു ഉറപ്പായിരുന്നു
അതിന് മുൻപ് ഞാൻ നിന്നെ കണ്ടതോ കോൺടാക്ട് ചെയ്തതോ
നിന്റെ വീട്ടിൽ അറിഞ്ഞാൽ നിന്റെ പഠിത്തം മുടങ്ങും
എന്നെനിക്കു അറിയാമായിരുന്നു
മനഃപൂർവം ഞാൻ തല്കാലം ഒഴിഞ്ഞു മാറിയതാണ്…..

എന്നാലും എന്നോട് ഒന്ന്
പറയാമായിരുന്നില്ലേ ഞാൻ എത്ര സങ്കടപ്പെട്ടു എന്നറിയാമോ…..

ലച്ചൂ നിന്റെ കാര്യം ഒക്കെ ഞാൻ
അഭിയോട് ചോദിച്ചു അറിയുന്നുണ്ടായിരുന്നു….

അഭിയോട് ഒക്കെ ഞാൻ എത്ര ചോദിച്ചു എന്നോ
നിന്നെപ്പറ്റി അവൻ ഒന്നും പറയുന്നില്ലായിരുന്നു….

ഞാനാ അവനോട് പറഞ്ഞത്
ഒന്നും പറയേണ്ട എന്ന്
ഇങ്ങനെ എങ്കിലും നിന്റെ കാര്യം എല്ലാം അറിയാമല്ലോ എന്ന് കരുതി അതാ ഞാൻ…..

വേണ്ട ഒന്നും പറയണ്ട….

ലച്ചൂ ഞാൻ പറയുന്നത് നീയൊന്ന് കേൾക്കു
എന്റെ സിറ്റുവേഷൻ അതായിരുന്നു
വീട്ടിൽ നിന്നും അച്ഛൻ പറഞ്ഞു ഇവിടെ ഇനി പഠിക്കേണ്ട എന്ന്
ധിക്കരിച്ചു ഞാൻ വന്നാൽ പിന്നെ നിന്നെ ഇങ്ങോട്ട് അയക്കുകയും ഇല്ല
അത് കൊണ്ട് ഞാൻ തന്നെ മാറി നിന്നതാണ്
അല്ലാതെ ഞാൻ നിന്നെ മറന്നതൊന്നുമല്ല
എനിക്കങ്ങനെ നിന്നെ മറക്കാനും പറ്റില്ല…

കണ്ണന്റെ സംസാരം കേട്ടതും ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു….

അവസാന പരീക്ഷയും കഴിഞ്ഞു കോളേജിന്
പുറത്തു ലച്ചുവിനെയും കാത്തു കണ്ണൻ
നില്പുണ്ടായിരുന്നു….
ലക്ഷ്മി വന്നതും അവർ ഒന്നിച്ചു
ഒരു ഭാഗത്തേക്ക്‌ നടന്നു

ലച്ചൂ എന്താ നിന്റെ അടുത്ത പ്ലാൻ…..

റിസൾട്ട്‌ ഒക്കെ വരട്ടെ എന്നിട്ട് നോക്കാം…

മ്മ്മ്….
പിന്നെ എന്നെ കോൺടാക്ട് ചെയ്യണം
എന്ന് തോന്നുമ്പോൾ
ആരും കാണാതെ ഈ നമ്പറിൽ വിളിച്ചാൽ മതി
ഒരു പേപ്പർ അവൻ അവൾക് നേരെ നീട്ടി

കണ്ണാ ഇനിയെപ്പോഴാ നമ്മള് കാണുന്നെ…

നീ വിളിച്ചാൽ മതി ഞാൻ എപ്പോൾ വേണേലും വരും….

ശരി നീ പൊയ്ക്കോ ലച്ചൂ എന്നാൽ
ആരെങ്കിലും നമ്മളെ കണ്ടു നിന്റെ വീട്ടിൽ അറിഞ്ഞാൽ പിന്നെ അത് മതിയാകും

അവസാനമായി കണ്ണനോട് യാത്ര പറയുമ്പോൾ ലച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു…

ഉറക്കത്തിൽ നിന്നും ഫോണിന്റെ ശബ്ദം കേട്ട് കണ്ണൻ ഫോണെടുത്തു…

അപ്പുറത്ത് അടക്കിപ്പിടിച്ച സംസാരം…

കണ്ണാ ഞാനാ ലച്ചുവാ….

ഇതെന്താ ഇപ്പൊ ആരുടെയാ ഈ ഫോൺ…

അതൊക്കെ ഞാൻ പിന്നെ പറയാം നാളെ റിസൾട്ട് അല്ലേ ഞാൻ തലശ്ശേരി വരുന്നുണ്ട് നീ വരുമോ….

ആണോ എങ്കിൽ രാവിലെ ഞാൻ അവിടെ ഉണ്ടാകും…