ഗർഭിണി

“മാളവികയുടെ ആരാ വന്നിട്ടുള്ളത്? ”

നേഴ്സിന്റെ ചോദ്യം കേട്ടതും സുധി ഇരിപ്പിടത്തിൽ നിന്നും ചാടി എണീറ്റു ചെന്ന് ആവലാതിയോടെ ചോദിച്ചു.

“സിസ്റ്റർ മാളവിക എന്റെ പെങ്ങളാണ്. അവൾക്കെന്തു പറ്റി. ”

ചോദിച്ചു തീർന്നതും സുധിയുടെ കണ്ണുകൾ നിറഞ്ഞു.

തന്നേക്കാൾ ഏഴു വയസ്സിന് ഇളപ്പമാണ് മാളവിക. പെങ്ങളായിട്ടല്ല മകളെ പോലെ ആണ് അവളെ സ്നേഹിക്കുന്നത്.

രാവിലെ തലചുറ്റി വീണ അവളെയും കൊണ്ട് വന്നതാണ് സുധി..

“മാളവികയെ റൂമിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഒന്ന് ചെന്ന് ഡോക്ടറെ കണ്ടേക്കു. ”

“മോനെ…. ”

“അച്ഛൻ എന്തിനാ ഇപ്പൊ അമ്മയെയും കൂട്ടി വന്നത്. അവൾക്ക് കുഴപ്പമൊന്നുമില്ല. റൂമിലേയ്ക്ക് മാറ്റി. ”

മാളുവിനെ എടുത്തു കൊണ്ട് വരുന്നതിനിടയിൽ ആരെയും നോക്കിയില്ല . അച്ഛനും അമ്മയും പിന്നാലെ വരുകയായിരുന്നു.

“അമ്മ വിഷമിക്കണ്ട അവൾക്ക് ഒന്നുമില്ല. കരഞ്ഞു തളർന്നിരിക്കുന്ന സരോജിനി അമ്മയെ സുധി ചേർത്ത് പിടിച്ചു. ഒപ്പം അച്ഛനെയും. മാളവികയെ അത്രയ്ക്ക് ജീവനാണ് എല്ലാവർക്കും.

അവർ റൂമിലേയ്ക്ക് ചെന്നു.

വാടിത്തളർന്ന താമര മൊട്ടു പോലെ അവൾ. മാളവിക. ..

“മോളെ….. ”

“ഉണർത്തണ്ട സെഡേഷന്റെ മയക്കത്തിലാണ്. “കുട്ടി ഉറങ്ങിക്കോട്ടെ. ”

“അച്ഛാ ഞാനൊന്ന് ഡോക്ടറെ കണ്ടിട്ട് വരാം. ”

“ശരി മോനെ ”

“ഡോക്ടർ. ഞാൻ മാളവികയുടെ ബ്രദർ ആണ്. ”

ഡോക്ടറുടെ മുഖത്തേയ്ക്കു അങ്കലാപ്പോടെ സുധി നോക്കി.

“മാളവികയ്ക്കു എത്ര വയസ്സുണ്ട്?

” അവൾക്ക് പതിനേഴു വയസ്സ് ആയി. എന്താ ഡോക്ടർ? ”

“ആ കുട്ടി വിവാഹിതയാണോ? “,

“അല്ല, അവൾ ചെറിയ കുട്ടി അല്ലെ ഡോക്ടർ. ഈ നെഞ്ചത്തിട്ടാ ഞാൻ അവളെ ഇപ്പോഴും ഉറക്കുന്നത് ”

സുധി ഇടർച്ചയോടെ പറഞ്ഞു.

“മിസ്റ്റർ സുധി. താങ്കൾ ഞാൻ പറയുന്നത് സംയമനത്തോടെ കേൾക്കണം…

“””””മാളവിക ഗർഭിണിയാണ് “”””””

സുധി ഇടിവെട്ടേറ്റത് പോലെ ഞെട്ടിത്തരിച്ചു നിന്നു.. ഡോക്ടറിന്റെ ശബ്ദം അഗാധമായ ഏതോ മലയിടുക്കിൽ നിന്നു കേൾക്കുന്നത് പോലെ അവന്റെ ചെവിയിൽ പതിച്ചു..

“ഇല്ല ഡോക്ടർ. ഞാൻ ഇത് വിശ്വസിക്കില്ല. ഞാൻ അങ്ങനെ അല്ല എന്റെ മാളൂട്ടിയെ വളർത്തിയത് . ഞാൻ അറിയാത്ത ഒരു രഹസ്യവും അവൾക്കില്ല.. ഇല്ല ഞാൻ ഇത് വിശ്വസിക്കില്ല. ”

സുധി മനോനില തെറ്റിയവനെ പോലെ പിറുപിറുത്തു.

“സുധി. താങ്കളുടെ അവസ്ഥ എനിക്ക് മനസ്സിലാവും..എന്താണ് സംഭവിച്ചതെന്ന് സമാധാനത്തോടെ ആ കുട്ടിയോട് ഒന്ന് ചോദിച്ചു മനസ്സിലാക്കൂ.”

സുധി ഇടറിയ കാലുകളോടെ റൂമിലേയ്ക്ക് നടന്നു. അവൻ ചെല്ലുമ്പോൾ മാളവിക ഉറക്കത്തിൽ നിന്നും ഉണർന്നിരുന്നു.

അച്ഛന്റെ തോളിലേക്ക് തല ചായ്ച്ചു ഇരിക്കുകയാണ് അവൾ..

“എന്താ മോനെ. ഡോക്ടർ എന്ത് പറഞ്ഞു? ”

“എന്താ സംഭവിച്ചതെന്ന് അവളോട്‌ ചോദിക്ക് “സുധി വെറുപ്പോടെ മാളവികയെ നോക്കി.

മാളവിക അമ്പരപ്പോടെ സുധിയുടെ മുഖത്തേയ്ക്ക് നോക്കി.അവൾ ആദ്യമായാണ് ഏട്ടന്റെ ഈ ഭാവം കാണുന്നത്…

എന്നും വാത്സല്യം മാത്രം നിറഞ്ഞു നിന്ന കണ്ണുകളിൽ വെറുപ്പ് നിറച്ചുള്ള ഏട്ടന്റെ നോട്ടം അവളെ തളർത്തി .

“എന്താ മോനെ, എന്ത് പറ്റി ടാ.? ”

മകന്റെ ആ ഭാവമാറ്റം അവരിലും നടുക്കo സൃഷ്ട്ടിച്ചു.

“ഇവൾ നമ്മളെ എല്ലാവരെയും ചതിക്കുകയായിരുന്നു അമ്മേ ”

പറഞ്ഞു തീർന്നതും സുധി പൊട്ടിക്കരഞ്ഞു.

മാളവികയുടെ മിഴികൾ നിറഞ്ഞൊഴുകി.

“ഏട്ടാ… അവൾ ഇടർച്ചയോടെ വിളിച്ചു.

“വിളിക്കരുത് . ഇനി നീ എന്നെ അങ്ങനെ വിളിക്കരുത്. നിന്റെ ഏട്ടൻ മരിച്ചു. ”

“കാര്യം പറയടാ”. അമ്മ സുധിയുടെ കോളറിൽ പിടിച്ചു ഉലച്ചു കൊണ്ട് ചോദിച്ചു.

” അമ്മേ.. ഇവള് ഗർഭിണി ആണെന്ന് ”

മാളവിക ഞെട്ടിത്തരിച്ചു.

“എന്താ മോളെ ഞങ്ങൾ ഈ കേട്ടത്, സത്യം പറ മോളെ ”

ആകെ തകർന്നു നില്ക്കുന്ന അമ്മയെ ചേർത്ത് പിടിച്ചു കൊണ്ട് അച്ഛൻ ചോദിച്ചു.

“ഇല്ല ”

“അമ്മേ… അച്ഛാ നിങ്ങൾ എന്നെ വിശ്വസിക്കണം. അച്ഛന്റെ മാളു ചീത്തയല്ല… നിക്ക് അറിയില്ല എന്ത് പറ്റിയെന്നു…അച്ഛന്റെ മാളു ചീത്തയല്ല “”

അവൾ വീണ്ടും ഇടർച്ചയോടെ പറഞ്ഞുകൊണ്ടിരുന്നു.

“എന്നാലും മോളെ നിന്നെ ഞങ്ങൾ പൊന്ന് പോലെയല്ലേ നോക്കിയത്. എന്നിട്ടും എന്തിനാ നീ ഞങ്ങളോട് ഈ ചതി ചെയ്തത്. “???

അമ്മയുടെ വാക്കുകൾ അവിശ്വസനീയതയോടെ അവൾ കേട്ടിരുന്നു.

“സത്യം പറയെടി ആരാ ഇതിന്റെ ഉത്തരവാദി? “””

സുധി ആക്രോശിച്ചു..

സുധിയുടെ ആക്രോശവും, അച്ഛന്റെയും, അമ്മയുടെയും കണ്ണുനീരും മാളവികയെ തകർത്തു കളഞ്ഞു…

“ഏട്ടാ,… മനസ്സ് കൊണ്ടും, ശരീരം കൊണ്ടും ഏട്ടന്റെ മാളു ചീത്തയായിട്ടില്ലാ ”

അവൾ പൊട്ടിക്കരഞ്ഞു.

“ഡോക്ടർ വിളിക്കുന്നു ”

നേഴ്സ് പറഞ്ഞത് കേട്ട് പുറത്തേയ്ക്കു നടക്കുമ്പോൾ സുധി തിരിഞ്ഞു നിന്നു മാളവികയേ നോക്കി.

“ഇല്ല ടി നിന്റെ ഏട്ടൻ മരിച്ചു. എനിക്ക് ഇനി ഇങ്ങനെ ഒരു പെങ്ങളില്ല ”

മാളവിക കണ്ണീർപാടയിലൂടെ സുധി നടന്നു നീങ്ങുന്നത് അവ്യക്തമായി കണ്ടു.

“സുധി.. ഇരിക്കൂ”. ഡോക്ടറിന്റെ മുന്നിൽ സുധി മനസ്സ് മരവിച്ച അവസ്ഥയിൽ തളർന്നിരുന്നു.

“മിസ്റ്റർ സുധി. താങ്കൾ ഞങ്ങളോട് ക്ഷമിക്കണം . താങ്കളുടെ അനിയത്തിയുടെ ബ്ലഡ്‌ റിസൾട്ട്‌ മറ്റൊരു പേഷ്യന്റിനെതുമായി മാറിപ്പോയതാണ്.

മാളവിക ഗർഭിണിയല്ല

സുധി ഞെട്ടിപ്പോയി…

അവൻ ചാടിയെഴുന്നേറ്റു.. ഡോക്ടറുടെ ചെവിടടച്ചു ഒറ്റയടിയായിരുന്നു .

“ടാ കോപ്പേ .. ഒരു വാക്ക് കൊണ്ട് പോലും നോവിക്കാതെ വളർത്തിയ എന്റെ പെങ്ങളെ ഞാൻ……….. ”

“”””””””””””””””ഏട്ടാ “””””””””””””””
സുധി പറഞ്ഞു തീരുന്നതിനു മുൻപ് ആ അലർച്ച അവന്റെ കാതിൽ പതിച്ചു.

അവൻ പുറത്തേയ്ക്ക് പാഞ്ഞു…

അവിടെ. ആശുപത്രിയുടെ മുൻപിലേക്ക് മുകളിൽ നിന്നും വന്ന് വീഴുന്ന മാളവികയെ അവൻ ഒന്നേ കണ്ടുള്ളു..

ചോരപ്പൂക്കൾക്കു നടുവിൽ കിടക്കുന്ന തന്റെ പൊന്നനിയത്തിയെ കണ്ണുകൾ അവസാനമായി അടയുന്നതിനു മുൻപ് അവൻ കണ്ടു..