കൊഴിഞ്ഞുപോയ പൂക്കാലം

കൊഴിഞ്ഞുപോയ പൂക്കാലം
Kozhinju Poya pookkalam By. : Faris panchili

ആ സുധി നീ ഇവളെ വീട്ടിൽ കൊണ്ട് വീടുന്നുണ്ടോ. അതോ ഞാൻ കൊണ്ട് വിടണോ.?
അമ്മയുടെ ചോദ്യം കേട്ടാണ് സുധി വീട്ടിലേക്കു കയറിയത്
എന്താണ് അമ്മേ.. ഓഫീസിൽ വേണ്ടുവോളം കഷ്ടപെട്ടിട്ടാ ഇങ്ങോട്ട് വരുന്നേ. അപ്പോൾ ഇവിടെയും സമാധാനം തരില്ല എന്നാണോ. അമ്മക്ക് ദേവി ഇവിടെ നിൽക്കുന്നത് കൊണ്ട് എന്താ പ്രശ്നം.
ഡാ ഈ മൂധേവിയെ വിളിച്ചോണ്ട് വന്ന അന്ന് തുടങ്ങിയ ദുഖം ആണ് എനിക്ക്. എന്റെ ഇഷ്ടത്തിന് എതിരായി നീ ചെയ്ത വലിയ തെറ്റ്. എന്ത് കൈ വിഷമാടാ അവൾ നിനക്ക് തന്നത്.
വീടിന്റെ അന്തസ് നോക്കാതെ പോയി ഒരു തെരുവ് തെണ്ടി പെണ്ണിനെ വിളിച്ചോണ്ട് വന്ന അന്ന് തുടങ്ങിയ വിഷമം. ഇപ്പൊ രണ്ടു വർഷം ആകുന്നു. ഒരു കുഞ്ഞിക്കാൽ കാണാനും ഈ വീട്ടിൽ വിധിയില്ല. നീ മര്യാദക്ക് അവളെ കൊണ്ട് പോയി വീട്ടിൽ ആക്കിക്കോ.
അമ്മ എന്താ ഈ പറയുന്നത്.. അവൾ എന്റെ ഭാര്യ ആണ്. അങ്ങനെ കൊണ്ട് വീട്ടിൽ വിടാൻ അല്ല ഞാൻ അവളെ കെട്ടിയത്. വന്ന അന്ന് മുതൽ അവൾ ഈ വീട്ടിലെ എല്ലാ പണിയും എടുക്കുന്നില്ലേ. ഒരു വേലക്കാരിക്ക് കൊടുക്കുന്ന പരിഗണന പോലും അമ്മ അവൾക്കു കൊടുക്കാറുണ്ടോ. പിന്നെ അമ്മക്ക് മകനായി ഞാൻ ഉണ്ട്. ഞങ്ങൾക്കോ.. ? അപ്പോൾ വിഷമം കൂടേണ്ടത് ഞങ്ങൾക്കല്ലേ.
നീ എന്ത് പറഞ്ഞാലും അവളെ ഞാൻ എന്റെ മരുമകൾ ആക്കില്ല. നീ അവളെ കൊണ്ട് അവളുടെ വീട്ടിൽ വിട്ടോണം.
എങ്ങോട്ട് ? എന്റെ കൂടെ ഇറങ്ങി പോരുന്നതിന്റെ പേരിൽ അവളെ പടിയടച്ചു പിണ്ഡം വച്ച ആ വീട്ടിലേക്കോ. ഞാൻ ഒരിക്കലും അത് ചെയ്യില്ല. ഇന്നു ഞങ്ങൾക്ക് മക്കൾ ഇല്ലായിരിക്കും , ആ ദുഃഖം ഞങ്ങൾ അങ്ങ് സഹിച്ചു. അമ്മ വേറെ വല്ലോം പറയാൻ ഉണ്ടെങ്കിൽ പറ.
സുധി അകത്തെ റൂമിലേക്ക്‌ പോയി. വാതിലിന്റെ പിൻവശത്തു കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവൾ ഉണ്ടായിരുന്നു ദേവി. അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി അവൻ റൂമിൽ കയറി. പിന്നാലെ അവളും. കട്ടിലിൽ തളർന്നിരുന്നു, അവന്റെ തോളിലേക്ക് ചേർന്ന് ഇരുന്നു. അവൻ അവളെ തന്റെ മാറോട് ചേർത്തു.
നീ എന്തിനാടി പെണ്ണെ കരയുന്നെ. ഇത് നീ ഇന്നും ഇന്നലെയും കേൾക്കാൻ തുടങ്ങിയതല്ലല്ലോ. അമ്മയുടെ സ്വഭാവം നിനക്കറിയില്ലേ. പിന്നെ ഞാൻ വേറെ ഒരു വീട് നോക്കുന്നുണ്ട്. കിട്ടിയാൽ നമ്മുക്ക് മാറാം.
എന്തുവാ സുധിയേട്ടാ ഈ പറയുന്നേ. നമ്മൾ പോയാൽ അമ്മ ഒറ്റക്കാകില്ല. അമ്മയുടെ വിഷമം കൊണ്ട് പറയുന്നേ അല്ലേ. എനിക്ക് അതിൽ വിഷമം ഒന്നും ഇല്ല നമ്മുടെ അമ്മ അല്ലേ. സാരമില്ല എനിക്ക് സുധിയേട്ടൻ ഉണ്ടല്ലോ പിന്നെ എന്നാ…
അത് പറയുമ്പോഴും അവളുടെ കണ്ണുകൾ അതിനു വിപരീതമായി കരയുന്നുണ്ടായിരുന്നു.
ഓഹ് ഈ വഴക്കിൽ ഞാൻ ഒരു കാര്യം പറയാൻ മറന്നു. നാളെ ഓഫീസിൽ നിന്നു ഒരു ഫാമിലി ടൂർ പ്ലാൻ ചെയ്യുന്നുണ്ട്. നമ്മുക്കും പോകണം. നമ്മുടെ ആ പഴയ കാലം പോലെ. ആ പഴയ കമിതാക്കൾ ആയി. സുധിയും ദേവിയും ആയി.
അവൻ അതും പറഞ്ഞു അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു. അത് സന്തോഷം ഉള്ള ഒരു കാര്യം ആയിരുന്നു എങ്കിലും അവളുടെ മുഖത്ത് തെളിഞ്ഞില്ല. കാര്യം സുധിക്ക് അറിയാമായിരുന്നു. അമ്മ ഇതിന് സമ്മതിക്കുമോ എന്നുള്ള പേടി. അവൻ അവളെ ഒന്നുകൂടി ചേർത്തു പിടിച്ചു. ആ സ്നേഹത്തിൽ എല്ലാ ദുഖങ്ങളും അവൾക്കു മറക്കാൻ കഴിയുമായിരുന്നു.

നീ എങ്ങോട്ടാ ഇവളെയും കൂട്ടി. വീട്ടിൽ കൊണ്ടാക്കാൻ ആണോ.. ?
ഭാനുമതി അമ്മയുടെ ചുണ്ടിൽ ഒരു വശ്യമായ ചിരിയും മുഖത്ത് സന്തോഷവും നിറഞ്ഞു നിന്നു.
അതെ, അമ്മയുടെ ഇഷ്ടം തന്നെ നടക്കട്ടെ. ഞാൻ ഇവളെ അവിടെ ആക്കി വരാം. പിന്നെ രണ്ടു ദിവസം കഴിഞ്ഞേ ഞാൻ വരൂ . ഓഫീസിൽ നിന്നും ഒരു ആവശ്യമായി പുറത്ത് ഒന്ന് പോകണം.
ഒന്നും മനസിലാകാതെ ദേവി സുധിയെ നോക്കി. അവൻ അവളെ ഒന്ന് കണ്ണിറുക്കി കാണിച്ചു.
ശരി മോനെ. മോൻ വേഗം പോയി വാ…
അവർ ദേവിയെ ഒന്ന് ഇരുത്തി നോക്കി. എല്ലാം ജയിച്ച ഭാവം ആയിരുന്നു അവരുടെ മുഖത്ത്.
ചേട്ടൻ എന്തിനാ അമ്മയോട് കള്ളം പറഞ്ഞത്
ഓട്ടോയിൽ ഓഫീസിലേക്ക് പോകുമ്പോൾ ദേവി ചോദിച്ചു.
ഇല്ലെങ്കിൽ ഇന്നു വഴക്കിട്ടു ഉള്ള മൂഡ് കളയുമായിരുന്നു അമ്മ. പിന്നെ നിന്നെ കൊണ്ട് വിട്ടു എന്ന് കരുതി അമ്മ ഒന്ന് ഹാപ്പി ആവട്ടെ. ഇനി രണ്ടു ദിവസം നമ്മുക്ക് ഒന്ന് ജീവിക്കാം.
അവൻ ചിരിച്ചു…. ! അവൾ അവന്റെ തോളിൽ ചാരി കിടന്നു. ആ പഴയ കാലം ഒന്ന് ഓർത്തു.
പണം കൊണ്ട് സുധിയുടെ കുടുംബം മെച്ചപ്പെട്ടതാണ്. കോളേജ് കാലം അവൻ ഒരുപാട് പിറകെ നടന്നു. ഭയം ആയിരുന്നു പ്രണയിക്കാൻ. ആദ്യം കരുതിയത് എന്ത് കാര്യങ്ങളിലും എടുത്തു ചാടുന്ന ഒരു ദേഷ്യക്കാരൻ ആയിട്ടാണ്. അന്ന് തന്നോടുള്ള ഇഷ്ടം പറയാൻ വന്ന ദിവസം. അന്ന് കോളേജ് ഡേ ആയിരുന്നു. തന്റെ വക മോഹിനിയാട്ടം ഉണ്ട്. അത് കാണാൻ സുധിയേട്ടൻ മുന്നിൽ തന്നെ ഇരുന്നു. ഡാൻസ് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ മുൻപിൽ ഇരുന്നു സുധിയേട്ടൻ വഴക്ക് ഉണ്ടാക്കാൻ തുടങ്ങി , വഴക്ക് അടിയിൽ ആണ് കലാശിച്ചത്. കുട്ടികൾ എല്ലാം ചിതറി ഓടി. വല്ലാത്ത ദേഷ്യം തോന്നി സുധിയോട്ടനോട്. അന്ന് സുധിയേട്ടനെ പ്രിൻസിപ്പൽ വിളിപ്പിച്ചു കോളേജിൽ അടി ഉണ്ടാക്കിയതിന്. അന്ന് സുധിയേട്ടൻ പറഞ്ഞു ഞാൻ ദേവിക്ക് വേണ്ടിയാ അടിയുണ്ടാക്കിയത് എന്ന്. പ്രിൻസിപ്പൽ എന്നെയും വിളിപ്പിച്ചു. വിറച്ചു വിറച്ച് ആണ് ഞാൻ അവിടെ നിന്നത്. അപ്പോഴും സുധിയേട്ടൻ അത് തന്നെ പറഞ്ഞു.
ഞാൻ ഇവളെ സ്നേഹിക്കുന്നു.. ഇവളെ ആരു നോക്കിയാലും ഞാൻ വെറുതെ ഇരിക്കില്ല. അടിക്കുക ആകില്ല , ഇനി കൊല്ലും ഞാൻ.
സുധിയേട്ടന്റെ വാക്കുകൾ ദൃഢമുളളതായിരുന്നു. ഒരു വാണിങ്ങ് നൽകി അന്ന് പ്രിൻസിപ്പൽ സുധിയേട്ടനെ വിട്ടു. റൂമിന് പുറത്തിറങ്ങിയപ്പോൾ സുധിയേട്ടൻ വിളിച്ചു.
ടീ അവിടെ നിന്നേയ്..…! ഞാൻ നിന്നെ സ്നേഹിക്കുന്നു.. നീ നിന്റെ മോഹിനിയാട്ടത്തെ സ്നേഹിക്കുന്നതിലും കൂടുതൽ. കേട്ടല്ലോ..
ഒന്നും പറയാതെ വീട്ടിലേക്കു പോന്നു. രണ്ടു ദിവസം കോളേജിൽ പോയില്ല. എന്നെ കാണാഞ്ഞത് കൊണ്ട് തന്നെ സുധിയേട്ടൻ എന്റെ വീട്ടിൽ വന്നു. അന്ന് അവിടെ ആരും ഇല്ലായിരുന്നു. എന്തൊക്കെയോ പറഞ്ഞു. കുറേ നേരം അവിടെ ഇരുന്നു. ഇറങ്ങാൻ സമയം ആയപ്പോൾ എല്ലാം തകിടം മറിച്ചു കൊണ്ട് അച്ഛനും അമ്മയും വീട്ടിൽ തിരിച്ച് വന്നത്. പിന്നെ അച്ഛനും സുധിയേട്ടനും കൂടി വഴക്കായി. ആളുകൾ കൂടി. അന്ന് അവിടെ നിന്ന് എന്റെ കയ്യും പിടിച്ച് ഇറങ്ങിയതാണ്. സുധിയേട്ടന്റെ വീട്ടിലും മറിച്ചു ആയിരുന്നില്ല അനുഭവം. അവിടെയും എനിക്ക് വേണ്ടി ചേട്ടൻ വാദിച്ചു. അത് ഇന്നും തുടരുന്നു.
ഹേയ് ഉറങ്ങുവാണോ..