പൊന്നൂന്റെ ഇച്ചൻ

“എട്യേ നീയെന്നാത്തിനാ എന്നെ ഇത്രയ്ക്കങ്ങ് സ്നേഹിക്കണേ” പതിവ് പോലെ ഇന്നും എന്റെ താന്തോന്നിക്ക് സംശയം തുടങ്ങി….

“ഓ…അതിനീപ്പം അറിഞ്ഞിട്ടെന്നാ വേണം..ഞാൻ പെട്ട് പോയില്ലേ..ന്തോരം നല്ല ചെക്കമ്മാര് പിന്നാലെ നടന്നതാ.”

“അതെന്നാടീ ഞാൻ അത്രയ്ക്ക് കൊള്ളാത്തില്ലേ..”രണ്ടും കൽപ്പിച്ചു എന്റെ താന്തോന്നി നേരേ അടുക്കളയിലേക്കൊരു ചാട്ടം

“നീ ഞാൻ ചോദിച്ചതിന് ഉത്തരം താ…എന്നാത്തിനാന്നേ ഇത്രയ്ക്കങ്ങ്…പറയെടീ പൊന്നുവേ”.

വിടാനുള്ള ഭാവമില്ലെന്നായപ്പൊ ഞാൻ പതിയെ എന്റെ താന്തോന്നിയെ ഒന്നു കെട്ടിപ്പിടിച്ചു.ശരിയാണ് എന്തേ ഇത്രയധികം ഞാൻ സ്നേഹിക്കണത്.ഉത്തരമില്ലെനിക്ക്.എന്റെ താന്തോന്നീടെ ചുണ്ടിലൊരുമ്മ കൊടുത്തു കൊണ്ട് ഞാൻ പറഞ്ഞു

“ഡാ ഇച്ചായാ… എനിക്ക് നിങ്ങളെയങ്ങ് സ്നേഹിക്കാൻ അങ്ങനെ പ്രത്യേകിച്ചൊരു കാരണവും വേണ്ട…”
“വേണ്ടേ”
“വേണ്ടന്നേ…ദേ നോക്ക്യേ
നീ കരഞ്ഞാല് എന്റെ ആയുസാടീ പെണ്ണേ കുറയുന്നേ എന്നെന്നോട് പറയണതാരാ..

നീയില്ലേടീ എന്റെ ചങ്കെന്നെന്നോട് പറയണതാരാ..

ഞാൻ എഴുതണ കഥയും കവിതകളും വായിച്ചു ഓരോ ചെക്കമ്മാര് കമന്റ് പറയുമ്പൊ അവന്മാരോടൊന്നും കൂട്ട് വേണ്ട…നിനക്ക് ഞാൻ ഉണ്ടല്ലോ ,എന്നെ മാത്രം നോക്യാ മതീന്ന് പറഞ്ഞു കുശുമ്പ് കാട്ടണതാരാ..

എന്നെ ശാസിച്ചും സ്നേഹിച്ചും അടി കൂടീം പഞ്ചാരയടിച്ചും ഉവ്വാവ് വരുമ്പൊ കൊച്ചിനൊന്നൂല്ല്യാട്ടോ എന്ന് പറഞ്ഞ് എന്നെത്തന്നെ നോക്കീരിക്കണതാരാ…

എന്റെ അക്ഷരങ്ങളെ പ്രോൽസാഹിപ്പിച്ചും വിമർശിച്ചും നെഞ്ചിലെ വല്യേ ആകാശത്തില് ന്നെ താലോലിച്ച് കൊണ്ട് നടക്കണതാരാ…
അതൊക്കെ എന്റെയീ തെമ്മാടിയല്ലേ..ഈ നെഞ്ചിലെ ശ്വാസത്തിലല്ലെ എന്റെ ജീവൻ..”

പറഞ്ഞു നിർത്തുമ്പൊ എന്റെ താന്തോന്നീടെ കണ്ണുകളിലൊരു തിളക്കം ഞാൻ കണ്ടു.ആ തിളക്കം ആ കണ്ണുകളിലെന്നും ഉണ്ടാവണം.ഒരു താലിച്ചരടിനുമപ്പുറത്ത് ദൈവത്തോട് ഞാൻ ചോദിച്ചു വാങ്ങിയ വരമാണ് എന്റെയീ താന്തോന്നിച്ചെക്കൻ..
ഓരോ ഹൃദയമിടിപ്പും നിന്നെയോർത്തിട്ടാണ് പെണ്ണേയെന്ന് പറഞ്ഞു എന്റെ ജീവാത്മവിൽ നിറഞ്ഞങ്ങനെ നിൽക്കുമ്പോൾ എന്റെ ഇച്ചായനോളം ഇച്ചായൻ മാത്രമേയുള്ളു.പകരം വയ്ക്കാനില്ലാത്ത പ്രണയം കൊണ്ട് എന്നെ തോൽപ്പിച്ചവൻ.