ചട്ടമ്പിപ്പെങ്ങൾ

ചട്ടമ്പിപ്പെങ്ങൾ
Chattambi Pengal bY ആദർശ് മോഹന്‍

കത്തിച്ചു വെച്ച നിലവിളക്കിനു മുൻപിൽ മുദ്ദേവി മോന്തായം പിടിച്ചു നിന്ന എന്റെ ചട്ടമ്പിപ്പെങ്ങളുടെ മുഖം കണ്ടപ്പോൾത്തന്നെ എനിക്ക് മനസ്സിലായി അവളെല്ലാം മനസ്സിലാക്കിയിട്ടുണ്ടാകും എന്ന്

അമ്മയേക്കാൾ ഘ്രാണ ശേഷി ഉള്ള അവൾക്ക് മുഖം കൊടുക്കാതിരിക്കാൻ വേണ്ടിയാണ് ഞാനടുക്കള വഴി മുറിയിലേക്ക് കയറിച്ചെന്നത്, കാരണം അഞ്ച് മീറ്ററകലെ നിന്നാലും ഞാൻ കുടിച്ചിട്ടുണ്ടോ ഇല്ലയോ എന്നെന്റെ മുഖം നോക്കിപ്പറയുമവൾ

ഒളിച്ചും പാത്തും ഞാൻ മുറിയിൽക്കയറിച്ചെന്നതവൾ കണ്ടെങ്കിലും ഒരിക്കലും ഉള്ളിലേക്ക് കടന്നു വരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല

കാരണം ചരിയിട്ട എന്റെ മുറിയിലേക്ക് അച്ഛൻ പോലും കടന്നു വരാറില്ല, അന്നവൾ കയറി വന്നതു രോക്ഷം പൂണ്ടു കൊണ്ട് തന്നെയായിരുന്നു

” നിന്നേക്കാൾ ഇളയതായതുകൊണ്ടാണോ പറയണത് കേൾക്കാൻ ഇത്ര മടി? ഇപ്പൊ എന്തായി എന്റെ പൊന്നുമോൻ ഒറ്റക്ക് അനുഭവിച്ചൊ ഇരുന്ന്, “

” നിനക്ക് നാണമാവില്ലേടാ ഒരു പെണ്ണിന്റെ പേരും പറഞ്ഞ് കളളു കുടിക്കാനും ഒറ്റക്ക് ഇങ്ങനെ വന്നിരുന്ന് മോങ്ങാനും, പണ്ടേ ഞാൻ പറഞ്ഞിട്ടുണ്ട് നിന്നോട് അവളെ വിട്ടു പിടിക്കാൻ, ഒന്നില്ലെങ്കിൽ നീയാ കണ്ണാടിയെങ്കിലും എടുത്ത് നോക്ക് കാര്യം മനസ്സിലാകും നിനക്ക്”

അവളുടെ ശബ്ദം മുറിയിൽ മുഴങ്ങിയപ്പോൾ മോങ്ങാനിരുന്ന പട്ടിയുടെ തലയിൽ മുഴുവൻ തേങ്ങ വീണ പോലെ ഞാൻ നിന്നു, ഇവളെന്റെ അമ്മേടെ വയറ്റിൽ തന്നെയാണോപ്പിറന്നതെന്നൊരു നിമിഷം ഓർത്തു പോയി ഞാൻ .

എല്ലാം അവസാനിപ്പിച്ചെന്നും പറഞ്ഞ് ഞാനവൾക്ക് വാക്കു കൊടുത്തപ്പോഴും അമ്മ ഒന്നും അറിയാതിരിക്കാൻ മുത്തൻ ഡയറി മിൽക്ക് സിൽക്കിന്റെ കരാറിൽ ഞാനൊപ്പിട്ടു കൊടുത്തു.

കാരണം അമ്മ അറിഞ്ഞാൽ ഇതൊന്നുമാകില്ല പുകില് അച്ഛനെ വരെ ട്രോളുന്ന ഒരു അഡാറ് ട്രോളത്തിയാണമ്മ, അതു കൊണ്ട് തന്നെയാണ് അവൾക്കെതിരെ ഒന്നും പ്രതികരിക്കാതെ എല്ലാം കേട്ടു നിന്നത്,

പ്രതികരിച്ചെങ്കിൽ ഒരു കട്ടത്തേപ്പു കിട്ടിയവന്റെ കടുത്ത രോധനമായവൾ കണക്കിലെടുത്തേനെ, ഇതാവുമ്പോൾ അവളു പോയാലെനിക്കിപ്പൊ ഇത്രയേ ഉള്ളൂ എന്നവൾ കരുതിക്കോളും

മുറിയിൽ നിന്നും അവളിറങ്ങിപ്പോയപ്പോഴാണ് ഏകാന്തതയുടെ അപാരതീരം എന്താണെന്ന് വ്യക്തമായും മനസ്സിലാക്കിയത്. അവളെന്റെ കുഞ്ഞിപ്പെങ്ങളാണെങ്കിലും അവളുടെ ശകാരവാക്കുകളിലും നിർദ്ദേശങ്ങളിലും ഞാൻ ആശ്വാസം കണ്ടെത്തിയിരുന്നു

അവൾ പറഞ്ഞ പോലെ ഞാൻ കണ്ണാടിയിലേക്ക് നോക്കി ശരിയാണ് ഒരു മരമോറനാണ് ഞാൻ,അവള് പറയാറുള്ള പോലെ ഒരു മരത്തലയൻ

എങ്കിലും ഈ മരമോറ നെയല്ലേ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിലെ ഏറ്റവും സുന്ദരിയായിരുന്ന ഗ്രീന മോൾ പ്രേമ ലേഖനം തന്നത് ?

ഈ മരമോറന്റെ പിന്നാലെയല്ലെ പത്താള് ഒരുമിച്ച് നോക്കിയിട്ടും വളയാത്ത ആഷ്ന മോൾ ഇഷ്ട്ടമാണെന്നു പറഞ്ഞ് നടന്നത്?

ഈ മരമോന്തയിലല്ലേ ക്ലാസ്സ് ടോപ്പറായിരുന്ന സിയ മോൾ ഒന്നു ചുംബിച്ചോട്ടെ എന്നും ചോദിച്ചത്?

മേശയിൽ ചാരി ഞാൻ ചിന്താ മൂകനായിരിക്കുമ്പോഴും പ്രണയിനിയുടെ വാക്കുകൾ കതിൽ മുഴങ്ങിക്കൊണ്ടിരുന്നു

രണ്ടു വർഷം പ്രണയിച്ചതിനു ശേഷമാണത്രേ പ്രണയം ഹോർമോൺ വ്യതിയാനത്തിലുണ്ടായ ഒരു ആകർഷണമാണെന്നവൾക്ക് തോന്നിയത് അവളതെന്റെ മുഖത്തു നോക്കിപ്പറത്തപ്പോൾ എനിക്ക് തരിച്ചു കയറി വന്നതായിരുന്നു.

മേശവലിപ്പിൽ നിന്നും ചിതറിക്കിടക്കുന്ന ഫോട്ടോസ്ഥാറ്റുകൾക്കിടയിൽ നിന്നും ഞാനെന്റെ പത്താം ക്ലാസ്സിലേയും പ്ലസ്സ് ടൂ വിലേയും സർട്ടിഫിക്കറ്റുകൾ മാറി മാറി പരിശോദിച്ചു ബയോളജിക്ക് കിട്ടിയത് A+ തന്നെയല്ലേ എന്ന്

ആ എന്നെയാണവൾ ഉപദേശിക്കാൻ വന്നതും , തല പുകഞ്ഞ് ഞാനെങ്ങോട്ടെന്നില്ലാതെ നോക്കിയിരുന്നു അടിമുടി അരിച്ചു കയറി നിൽക്കുമ്പോളാണ് നടപ്പുരയിൽ ബഹളം കേട്ടത് അച്ഛന്റെ ഗർജ്ജനമായിരുന്നു അത്

കണക്ക് പരീക്ഷയിൽ തോറ്റതിനും ട്യൂഷൻ ക്ലാസ്സിൽ വെച്ച് മറ്റൊരു പെൺകൊച്ചുമായി അടിയുണ്ടാക്കിയതിനും വളഞ്ഞിട്ട് അച്ഛൻ അവളെത്തല്ലിയപ്പോൾ ഓടിച്ചെന്ന് പകുതി അടിയും വാങ്ങി അവളെ ഞാൻ സംരക്ഷിച്ചു.

അച്ഛൻ മാറിയ തക്കത്തിൽ എന്താ സംഭവം എന്നു കൂടെ അന്വേഷിക്കാതെ തിരിഞ്ഞു നടന്ന എന്റെ മുഖത്തു നോക്കി അത്ര നേരം കാറി വിളിച്ച് കരഞ്ഞവൾ ഉളുപ്പില്ലാതെ ഇരുന്നു ചിരിക്കുകയായിരുന്നു എന്റെ ചട്ടമ്പി.

കിടക്കപ്പായയിൽ തിരിഞ്ഞും മറിഞ്ഞും ഞാൻ സമയം തള്ളി നീക്കി. മനസ്സിലാ പ്രണയ ദിനങ്ങളുടെ സ്മരണയുടെ വേലിയേറ്റമായിരുന്നു, അശ്വതി മോൾ തേച്ചെന്നു പറഞ്ഞു വട്ടമിട്ടു ഞങ്ങൾ കളിയാക്കിയ അമ്പുട്ടന്റെ മുഖമാണ് മനസ്സിൽ ഓടി വന്നത് .

അന്നവനെ ഞങ്ങൾ പരമാവധി ചൂഷണം ചെയ്തിരുന്നു അതും പറഞ്ഞ് . നാളെയിനി എന്റെ ഊഴമാണല്ലോ എന്നോർത്തപ്പോൾ എന്റെ ഹൃദയതാളത്തിന്റെ എണ്ണം കൂടിക്കൂടി വന്നു. അവനന്ന് അനുഭവിച്ച വേദന ഇന്നാണെനിക്ക് മനസ്സിലാകുന്നത് .

എന്നും രാവിലെ കെട്ടിയൊരുങ്ങി അവളെക്കാണാൻ അമ്പലത്തിൽ പോകാറുള്ള ഞാൻ കിടക്കപ്പായയിൽ നിന്നും എണീക്കാതെ കിടന്നപ്പോൾ എന്റെ ചട്ടമ്പിപ്പെങ്ങൾ വന്നെന്നെ എണീപ്പിച്ചു. പതിവില്ലാതെ അവൾക്കൊരു പൂതി അമ്പലത്തിൽ പോകണമെന്ന്, അതും ഇന്നുതന്നെ.

മനസ്സില്ലാ മനസ്സോടെ അവളെയും കൂട്ടി ഞാനമ്പലത്തിലേക്ക് പോയി, അവൾ വരാറുള്ള അതേ സമയത്ത് തന്നെ, എന്റെ പ്രണയിനി. പ്രതീക്ഷിച്ചതു പോലെ അവളും ഉണ്ടായിരുന്നു അമ്പലത്തിൽ

അന്നവൾ പതിവിലേറെ സുന്ദരിയായിട്ടുണ്ടായിരുന്നു മഞ്ഞൾക്കുറി ചാർത്തി എന്നേ എതിരേറ്റു വരുന്ന അവളുടെ മുഖത്തു നിന്നും കണ്ണെടുക്കാനെനിക്ക് കഴിഞ്ഞില്ല

എങ്കിലും അവളുടെ മുഖത്തൊരു വിഷാദ മൂകത ഞാൻ ദർശിച്ചിരുന്നു. അടുത്തെത്തും തോറും അവളുടെ തൂവെള്ള വെണ്ണക്കവിളുകൾ ചുവന്നു നീരിച്ചിട്ടുള്ള പോലെയെ നിക്ക് തോന്നി. മുഖത്തേ ആ പാട് പരിചയമുള്ള ആരുടെയോ കൈയ്യുടെ ഫോട്ടോസ്റ്റാറ്റ് പതിച്ചു വെച്ച പോലെ.

പെട്ടെന്നായിരുന്നു അത് സംഭവിച്ചത് എന്നെ തള്ളി മാറ്റിക്കൊണ്ട് എന്റെ ചട്ടമ്പിപ്പെങ്ങൾ ചടുല നൃത്തമാടി ഉറഞ്ഞു തുള്ളി ഭദ്രകാളിയേപ്പോൽ.

“ടി ചൂലെ നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഈ സമയത്ത് ഇവിടെ കണ്ടു പോകരുതെന്ന് ”

അതും പറഞ്ഞവൾക്ക് നേരെ കുതിച്ച അവളുടെ കണ്ണുകളിൽ ഞാൻ കണ്ടിരുന്നു കുട്ടിക്കാലത്ത് മണ്ണപ്പം ചുട്ടുകളിച്ചപ്പോൾ എന്റെ പള്ളക്കുകുത്തിയ ഉണ്ട ഹരിയുടെ മൂക്കിടിച്ചു പരത്തിയ അതേ രൗദ്ര ഭാവം കളിയാടുന്നത്.

രണ്ടാമതൊരു ഡയറിമിൽക്ക് സിൽക്കിൽ ഞാനവളെ വരിഞ്ഞു കെട്ടി സമാധാനിപ്പിച്ചു കൊണ്ട് പേടിച്ചിരണ്ട എന്റെ പ്രണയിനിയുടെ അരികിൽച്ചെന്ന് ഞാൻ വിവരം തിരക്കി

അച്ഛനിന്നലെയവളെ തലങ്ങും വിലങ്ങും തല്ലിയതിന്റെ പൊരുൾ അപ്പോഴാണെനിക്ക് പിടി കിട്ടിയത്

ഹീറോ പെൻ കുടഞ്ഞപ്പോ മേലിത്തിരി മഷിയായി എന്നു പറഞ്ഞാണത്രേ കക്ഷി ഇതിനും മാത്രം ഇവൾക്കിട്ട് താങ്ങിയത്. അവൾക്കു വേണ്ടി ഞാൻ ക്ഷമ ചോദിച്ചിറങ്ങിയപ്പോൾ അവളെന്റെ കൈകളിൽ മുറുക്കിപ്പിടിച്ചു

ഇന്നലെ പറഞ്ഞത് ചുമ്മാതായിരുന്നെന്നും എന്നെ പരീക്ഷിക്കാൻ വേണ്ടിയും എനിക്കവളോട് എത്രക്ക് സ്നേഹമുണ്ടെന്നറിയാനും വേണ്ടിയായിരുന്നെന്നുമവൾ പറഞ്ഞപ്പോൾ ഉളളിൽ ഉളവായ ആനന്ദത്തിന് അതിരില്ലായിരുന്നു

രംഗം ശാന്തമാക്കി ഞങ്ങൾ തിരിച്ചു പോകും വഴി എന്റെ ചട്ടമ്പി എന്റെ പ്രണയിനിക്കൊപ്പമുണ്ടായിരുന്ന അവളുടെ സുഹൃത്തിനോട് ആoഗ്യ വിധേനേ എന്തൊക്കെയോ ആശയങ്ങൾ കൈമാറുന്നുണ്ടായിരുന്നു. മറുവശത്തു നിന്നുമവൾ ചിരിക്കുന്നുമുണ്ട്

എന്റെ മനസ്സിൽ ആയിരം ചോദ്യങ്ങൾ ഉത്ഭവിച്ചു . മേല് ഇത്തിരി മഷിയായെന്ന് പറഞ്ഞ് ആരേലും ഇങ്ങനെ ചെയ്യുമോ എന്നുള്ള എന്റെ ചോദ്യത്തിന് ജീവിതത്തിൽ ഇനിയൊരിക്കലും നിന്നെ അവൾ മറക്കുന്നതിനെപ്പറ്റി ചിന്തിക്കില്ല എന്ന അവളുടെ മറുപടിയിൽ ഉണ്ടായിരുന്നു എന്റെ എല്ലാ ചോദ്യത്തിന്റെയും ഉത്തരം.

ആദർശ് മോഹന്‍