ഓഫര്‍

ഓഫര്‍
Story Name : Offer | രചന: കൃഷ്ണനുണ്ണി കിള്ളിക്കുറുശ്ശിമംഗലം

നേരം രാത്രി 9 മണിയായിട്ടും അവൻ പുലർച്ചെ 5 മണിക്ക് മൊബൈലിൽ വന്ന ആ സന്ദേശം നോക്കിയിരിക്കുകയാണ്.
” പുതുമയുള്ളതും വളരെ വ്യത്യസ്തമായതും ആകാംഷയാർന്നതുമായ ഒരു ലൈംഗികാനുഭവത്തിന് ഈ നമ്പറിൽ സമീപിക്കുക “.ശെടാ ഇതൊരു വല്ലാത്ത ഒരു ഓഫറായിപ്പോയല്ലോ . പക്ഷേ തിരിച്ച് വിളിച്ചപ്പോ നമ്പറാണെങ്കിൽ സ്വിച്ച് ഓഫ്..! ഓ പറ്റിക്കാൻ വേണ്ടി ആരെങ്കിലും അയച്ചതായിരിക്കും. അല്ലെങ്കിൽ കൊച്ചിയിലൊക്കെ സ്ത്രീവേശ്യകളേ പോലെ കൂത്താടികൾ എന്നറിയപ്പെടുന്ന ആൺവേശ്യകളേക്കുറിച്ച് മുൻപ് വായിച്ചിട്ടുണ്ട് .കാശുള്ള വീട്ടിലെ കൊച്ചമ്മമാര് ആരെങ്കിലും നമ്പറ് തെറ്റി എനിക്കയച്ചതാവോ? എന്തായാലും ചുമ്മാ ഒരു രസം തിരിച്ചു അയച്ചു നോക്കാം,
Am interested….”.!
തിരിച്ചങ്ങിനെ അയക്കാൻ അവനേ പ്രേരിപ്പിച്ചത് ഓഫറിലേ ആ വാചകങ്ങൾ തന്നെയായിരുന്നു. ഒരു ദീർഘനിശ്വാസത്തോടെ എഴുന്നേൽക്കാൻ തുടങ്ങിയ നേരത്ത് ദെ വരുന്നു അടുത്ത മെസേജ്
“നാളെ രാവിലെ 10 മണിക്ക് റെയിൽവേ സ്റ്റേഷന്റെ മുന്നിൽ. മുണ്ടും ഷർട്ടും വേഷം. ഉച്ചക്കുള്ള 2 പൊതി ഭക്ഷണം .കുറച്ച് എണ്ണ.”

മെസേജ് തുറന്നവൻ ആകെ ഞട്ടി…
ഇത് മറ്റേ സംഭവം തന്നെ. മെനു കണ്ടാ അറിഞ്ഞൂടെ ഫുള്ള് സെറ്റ് അപ്പ് ആണെയ്…!!!!!!

” fees?” ഒറ്റവാക്കിൽ ഒരു മറുപടി..
ഉള്ളിൽ അവൻ വിചാരിച്ചു കാണും ആറ്റിൽ കളഞ്ഞാലും അളന്ന് കളയണമെന്നാണല്ലോ ..

” ആദ്യത്തെ ആളായതുകൊണ്ട് താങ്കൾക്ക് സൗജന്യം. ഇനി വിളിക്കരുത് നാളെ നേരിൽ കാണും വരെ.”

വല്ലാത്തൊരു ആശയക്കുഴപ്പമായല്ലോ. ഏയ് ഇതാരോ പറ്റിക്കുന്നതാ…

ഒന്നും ആലോചിക്കാതെ അവൻ തിരിച്ച് വിളിച്ചു.
“താങ്കൾ വിളിക്കുന്ന നമ്പർ ഇപ്പോ സ്വിച്ച് ഓഫ് ആണ്… ദയവായി.. “

” ഷിറ്റ് …. രണ്ടും കൽപ്പിച്ച് നാളെ ഒന്ന് പോയി നോക്കാം. ലൈംഗിക ദാരിദ്ര്യം ഉളള ഒരു പാവം മലയാളിക്ക് ഇതിലും നല്ല ഓഫർ മറ്റെന്ത് കിട്ടാനാ..?

“നോക്കൂ കിടക്കാൻ വരുന്നില്ലേ?

എന്തോന്ന് കിടത്തം മോളേ… നാളെയൊന്ന് ആയി കിട്ടിയാ മതി… അവൻ മനസ്സിൽ പറഞ്ഞു ..

രാത്രി ഏറെ വൈകിയിട്ടും ഉറക്കം വന്നില്ല അവന്…. ആരായിരിക്കും… വയസ്സെന്തിരിക്കും? ലോഡ്ജ് ? സേഫ്റ്റി…?ആരെങ്കിലും കണ്ടാൽ?ചിന്തകൾക്കിടയിൽ എപ്പോഴാ നിദ്രയിലേക്ക് വഴുതിവീണത് അവനറിഞ്ഞില്ല…!
***** *****

“ഇതെന്താ പതിവില്ലാതെ മുണ്ടൊക്കെ ഉടുത്ത്? ഇന്നെന്താ ഓഫീസില്ലേ? “

അവളുടെ ചോദ്യം കേട്ടാണ് അവൻ ഞെട്ടി തിരിഞ്ഞു നോക്കിയത്

“ഏയ് ഇന്ന് ഒന്ന് പത്മനാഭസ്വാമി ക്ഷേത്രത്തിൽ പോകണം… അപ്പൊ മുണ്ടാ നല്ലത്…”

“എന്നാ ഒന്ന് നിക്ക് ഞാനും വരട്ടെ? കുളിവേഗം കഴിക്കാം…. “

“വേണ്ട… എനിക്കൊരു ഫ്രണ്ടിനെ കൂട്ടാൻ റെയിൽവേ സ്റ്റേഷനിൽ പോണം… !”

” എന്നാലും ഞാൻ കൂടി?

“നീ ഒന്ന് പൊയ്ക്കെ…. ഞാൻ ഇറങ്ങുന്നു.. “

ഇനി ഇവിടെ നിന്നാൽ പ്ലാനിംഗ് ഒക്കെ തെറ്റും… അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു…
അല്ല… ബൈക്ക് വേണ്ട ശരിയാവില്ല.. പുറത്തിറങ്ങി ഓട്ടോ കിട്ടിയാ മതിയാരുന്നു..

ദെ വരുന്നു വണ്ടി… ആരെടെ ആയാലും നൂറായുസ്സാ… അവൻ ചിരിച്ചു കൊണ്ട് മനസ്സിൽ പറഞ്ഞു…

“ചേട്ടാ നേരെ പോട്ടെ ടൗണിലേക്ക്.. ”
***

“എത്രയായി…?”
” 40 രൂപ”
“ആ ഇതാ …
“അയ്യോ ചേട്ടാ ആദ്യത്തെ ഓട്ടമാണ്… ചില്ലറയുണ്ടോ?
“ബാക്കി താൻ വച്ചോ… ഇന്നെനിക്ക് സന്തോഷത്തിന്റെ ദിവസമാണ് താനും സന്തോഷിക്ക് “

ഒരു കള്ളചിരിയോടെ അവൻ അടുത്തു കണ്ട മെഡിക്കൽ സ്റ്റോറിലേക്ക് കേറി..

“ഒരു പാക്കറ്റ് കോണ്ടം.. ലാർജ് സൈസ് ഉണ്ടാവോ?”

ഷോപ്പിൽ നിന്ന പെൺകുട്ടി ചിരിച്ചു കൊണ്ട് മുഖത്ത് പോലും നോക്കാതെ സാധനം കൈമാറി..!

ദേ കുട്ടനാട് റെസ്റ്റോറന്റ്…!
ചേട്ടാ.. 2 ബിരിയാണി …. വിശന്നാൽ ഊർജം പോയാല്ലോ… ഏട്ടാ ചിക്കൻ ബിരിയാണി തന്നെ ആയ്ക്കോട്ടേ…. അവിടെയും 10 രൂപ ടിപ്പ് കൊടുക്കാൻ അവൻ മറന്നില്ല.
ഇനി എണ്ണ കൂടി വാങ്ങാനുണ്ട് ,അതും കൂടി ആയാൽ മെനു ഓക്കെ…

എണ്ണയും വാങ്ങി ഇറങ്ങിയപ്പോഴാണ് അടുത്തുള്ള പൂക്കട അവൻ കണ്ടത്. 3 മുഴം മുല്ലപ്പൂവും വാങ്ങി അവൻ റെയിൽവേ സ്റ്റേഷനിലേക്കുള്ള ബസ്സ് പിടിച്ചു…

9.50 AM

അവന്റെ ഹൃദയമിടിപ്പ് കൂടി വന്നു….
5 മിനുട്ടായിട്ടും ഇത് വരെ ആരും വന്നില്ല… പറ്റിപ്പായിരിക്കോ…
ടിംഗ്…..
ദേ വന്നു മെസേജ്

KL 01 AL 5734, വെള്ള Swift ….

ആഹാ ദേ കുറച്ച് ദൂരെ മാറി ഒരു വണ്ടി കിടക്കുന്നു…..

ചുറ്റും പരിചയമുള്ള ആരും ഇല്ല എന്നുറപ്പു വരുത്തി അവൻ നടന്നു.. കാറിന്റ ഡോറ് തുറന്ന് അകത്ത് കേറി…

മോനെ മനസ്സില് ലഡു പൊട്ടി

മുന്നിലും പിന്നിലുമായി 4 പെണ്ണുങ്ങൾ..തന്നേം കൂട്ടി ആകെ 5 പേര്… എന്റെ പൊന്നെ ഇത് അടിപൊളി ഓഫർ തന്നെ…!

സർ പോയാലോ?

എസ്…! ശരിക്കും ഇപ്പൊഴാണ് സമാധാനമായത്… ഇനി എങ്ങിനെയാ വണ്ടിയിൽ തന്നെയാണോ അതോ ലോഡ്ജ്.!?

അതൊക്കെ പറയാം ധൃതി വക്കാതെ… ഞങ്ങൾ നേരത്തെ അറിയിച്ച പോലെ ഇത് ഒരു വ്യത്യസ്തമായ രീതിയാണ് ,ഞങ്ങളുടെ സ്ഥലത്തേക്കാണ് കൊണ്ടുപോവുക. പറഞ്ഞ സാധനങ്ങളൊക്കെ കൊണ്ടു വന്നിട്ടുണ്ടല്ലോ ല്ലേ?

“ഉണ്ട് പറഞ്ഞതും പറയാത്തതും കൊണ്ടു വന്നിട്ടുണ്ട്… ”

ഓക്കെ… ശരി എന്നാൽ കണ്ണടച്ചോളു.. കണ്ണുകൾ കെട്ടാൻ പോവുകയാണ്. പിന്നേ സമൂഹത്തിൽ ഉന്നത ശ്രേണിയിലുള്ള ആളുകൾ വരും.. അതുപോലെ തന്നെ ഞങ്ങളുടെ സുരക്ഷയും ഞങ്ങൾക്ക് പ്രധാനമാണ് അതുകൊണ്ട് ഈ കൺകൾ ഞങ്ങൾ കെട്ടിയാൽ ഞങ്ങൾ പറയാതെ അത് അഴിക്കാൻ താങ്കൾക്ക് അനുവാദമില്ല..!”

“ശരി… എന്നാ കെട്ടിക്കോ…വേഗം വണ്ടി എടുത്തോ.. കൊതിയായി ….!”

കൂട്ടത്തിലൊരുവൾ അവന്റെ കണ്ണുകൾ അടച്ചു… തുണിക്ക് മുകളിലൂടെ പ്ലാസ്റ്റിക് ടേപ്പു ചുറ്റി…

അവന് ചുറ്റും ഇരുട്ടും വണ്ടികളുടെ ഇരമ്പൽ മാത്രം. ഒരു സഡൺ ബ്രൈക്കോട് കൂടി വണ്ടി നിന്നു. 2 പേര് അവന്റെ കൈ പിടിച്ച് അകത്തേക്കാനയിച്ചു.. നല്ല സാമ്പ്രാണി മണം.. വല്ല അമ്പലമായിരിക്കുമോ അവൻ സംശയിച്ചു.

“നിങ്ങൾ ഇവിടെ ഇരിക്കൂ.. അവൾ ഇപ്പോൾ വരും… ” ഒരു സ്ത്രീ പറഞ്ഞു.

“ഞാനീ കെട്ടഴിക്കട്ടെ..?”

“അരുത് സമയമായിട്ടില്ല. ഞങ്ങളുടെ രീതികൾ വ്യത്യസ്തമാണ്. പുതുമയുള്ളതാണ്..!”

“ഹാ… ശരി”

കുറച്ചകലേ നിന്ന് ഒരു പാദസരത്തിന്റെ ശബ്ദം അടുത്തടുത്തേക്ക് വരുന്നതായി അവന് അനുഭവപ്പെട്ടു. വാതിലിന്റെ കുറ്റി വീഴുന്ന ശബ്ദം… അവന് ആകാംഷ കൂടി വന്നു. അവൻ മുണ്ടൊക്കെ തുട വരെ കയറ്റിവച്ചു ബെഡിലിരുന്നു… പെട്ടന്നാണ് പതിയെ ഒരു മാറിടം അവന്റെ മുഖത്തേക്കമർന്നത്… അവൻ പതിയേ കൈയൊണ്ട് അവളുടെ കൈകൾക്കിടയിലൂടെ മുതുകിൽ കൈകളമർത്തി കെട്ടിപ്പിടിച്ചു….

ആലിംഗനത്താൽ വീർപ്പു മുട്ടിയ അവൾ പറഞ്ഞു… ” ഈ പകലും രാത്രിയും നമ്മുക്കുള്ളതാണ് ധൃതിവക്കണ്ട.. എനിക്ക് വിശക്കുന്നു. ഭക്ഷണമെവിടെ?”

“ദേ ഈ കവറിലുണ്ട്… ഞാനീ കൺതുറക്കട്ടെ…?

” ഇല്ല സമയമാവട്ടെ.. എന്നേ കാണാൻ സമയമായാൽ ഞാൻ തന്നെ തുറന്ന് തരാം… “

അവൾ ആ പൊതി അഴിച്ച് ഭക്ഷണം പുറത്തെടുത്തു…

“എനിക്ക് ഭക്ഷണം വാരിത്തരണം” അതാണ് ആദ്യ ടാസ്ക്… കെട്ടഴിക്കണമെങ്കിൽ…!

“അതിനെന്താ മോൾക്ക് ഞാൻ വാരിത്തരാലോ…”

പതിയെ ഓരോ ഉരുള വാരി കൊടുക്കുമ്പോഴും അവന്റെ മനസ്സില് കാമത്തിന്റെ അടിവേരുകൾ ആഴ്ന്നിറങ്ങുകയായിരുന്നു…

മതി,വാ കൈ കഴുകാം…!
അവളവനേം കൊണ്ട് ബാത്ത് റൂമിൽ കയറി കൈ കഴുകി …
അവൾ അവന്റെ കൈവിരലുകൾ കോർത്ത് പിടിച്ചു…

എവിടെ എണ്ണ?

ഈ ചോദ്യം കേട്ടപ്പോൾ അവന്റ ഉള്ളിൽ പ്രതീക്ഷയുടെ തീജ്വാലകൾ ആളി കത്തി. ക്ഷമകെട്ട് അവൻ ചോദിച്ചു…. ” ഞാനീ കെട്ടൊന്നഴിക്കട്ടെ.. മുണ്ടും ?”

” കെട്ടും മുണ്ടും അഴിച്ച് എന്താ പുഴയിൽ ചാടാൻ പോവാണോ? അടങ്ങി ഇരിക്കവിടെ.. “

അവൾ കട്ടിലിന്റെ താഴെ നിലത്ത് ഇരുന്നു..
“ഇനി ആ എണ്ണ എടുത്ത് എന്റെ തലയിലൊക്കെ തേച്ച് തന്നേ… “

“ഓഹോ എണ്ണ തേച്ച്, ഞാൻ തന്നെ കുളിപ്പിച്ച് ,അതിന് ശേഷം പരിപാടി തുടങ്ങാനായിരിക്കും ല്ലേ? കൊച്ചു കള്ളി….” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

അവൻ കൈക്കുമ്പിൽ എണ്ണ എടുത്ത് അവളുടെ ശിരസ്സിൽ കൈതടവാൻ തുടങ്ങി… താഴത്തേക്ക്… ചെവിക്കു പിന്നിലായി അവൻ ചുംബിച്ചു പതിയേ നെറ്റിയിലും മുക്കിനു താഴേക്കും കൈകൾ വന്നു… ചുണ്ടുകൾ അമർത്തി എണ്ണ കൈകൾ പിന്നേയും താഴോട്ട് പോകുമ്പോൾ…..

“വിനു ഏട്ടാ…..!”

ഒരു നിമിഷം അവൻ ഞെട്ടി കൈകൾ പിന്നോട്ടെടുത്ത്… വെപ്രാളത്തോടെ കണ്ണുകളിൽ കെട്ടഴിച്ചു…! അവന് വിശ്വസിക്കാൻ പറ്റിയില്ല…. ദിവസവും ഉറങ്ങുന്ന തന്റെ മുറിയും തന്റെ ഭാര്യയും ദേ കൺമുന്നിൽ.

“നീ….. നീ എന്നെ പറ്റിക്കുകയായിരുന്നല്ലേ?….”

“പറ്റിക്കുകയോ? ഞാനോ..? ശരിക്കും ഏട്ടൻ ഒന്ന് ആലോചിച്ച് നോക്കൂ ആര് ആരെയാണ് പറ്റിക്കുന്നത്… നിങ്ങൾ ഇപ്പൊ ഈ വേഷത്തിൽ ഈ സാഹചര്യത്തിൽ ഈ നേരത്ത് എന്റെ മുൻപിൽ ഇങ്ങനെ കോമാളിയേപ്പോലെ നിൽക്കുന്നത് കാണുമ്പോ പുച്ഛമാണ് എനിക്ക് നിങ്ങളോട് തോന്നുന്നത്…” വിതുമ്പിക്കൊണ്ട് അവൾ പറഞ്ഞു…

“എടീ പന്ന….. ” അവൻ ആക്രോശിച്ചു..

” മിണ്ടിപ്പോകരുത്…. സത്യത്തിൽ രാവിലെ മുണ്ടുടുത്തു പുറപ്പെടുന്നത് കണ്ടപ്പോഴേ എന്റെ മനസ്സ് തകർന്നതാ.. പക്ഷേ ഞാനെന്റെ കൂട്ടുകാരികളേ വിളിച്ച് ഇങ്ങനെ ഒരു കളി പ്ലാൻ ചെയ്തപ്പോൾ നിങ്ങൾ ഇവിടെ വരെ എത്തുമെന്ന് പ്രതീക്ഷിച്ചില്ല. അതും ഈ കോണ്ടവും മുല്ലപ്പൂവുമടക്കം…!
എപ്പോഴെങ്കിലും നിങ്ങൾ എന്നെ സ്നേഹത്തോടെ ഒന്നു നോക്കുക പോലും ചെയ്യ്തിട്ടുണ്ടോ? ഇപ്പൊ നിങ്ങൾ എനിക്ക് ചോറുവാരി തന്നപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. എന്റെ ശബ്ദമെങ്കിലും നിങ്ങൾ തിരിച്ചറിയുമെന്ന് കരുതി… ആദ്യം തന്നെ എന്റെ മാറിടം നിങ്ങളുടെ മുഖത്ത് അമർത്തിയപ്പോൾ എന്റെ ഗന്ധത്തിലെങ്കിലും നിങ്ങൾ എന്നെ മനസ്സിലാക്കുമെന്ന് കരുതി…. അതെ ഞാൻ വിഡ്ഡി…. മനസ്സിലായിരം വട്ടം ഞാൻ പ്രാർഥിക്കുകയായിരുന്നു. നിങ്ങൾ ഇവിടെ ഈ കോലത്തിൽ വരരുതെന്ന്.
ഓർമ്മയുണ്ടോ നിങ്ങൾക്ക് നമ്മുടെ ആദ്യരാത്രി എന്റെ കന്യാചർമ്മം പൊട്ടി രക്തം വന്നപ്പോൾ നിങ്ങൾ പറഞ്ഞത്? ഹാവു ഇപ്പോഴാണ് നീ കന്യക ആണെന്ന് എനിക്ക് സമാധാനമായതെന്ന്… അറിയോ അന്ന് വരെയുള്ള എന്റെ കുടുംബ സങ്കൽപ്പങ്ങൾക്ക് വീണ ആദ്യ വിള്ളലായിരുന്നു അത്. അന്ന് എങ്ങാനും രക്തം പൊടിഞ്ഞില്ലായിരുന്നെങ്കില് നിങ്ങടെ കണ്ണില് എന്റെ സ്ഥാനം എന്താകുമായിരുന്നെന്ന് ഞാൻ ഒരു പാട് ഓർത്തിട്ടുണ്ട്. വിവാഹം കഴിഞ്ഞ് 3 വർഷമായിട്ടും കുട്ടികളില്ലാഞ്ഞ് പരിശോധനക്ക് വിധേയമാക്കിയപ്പോൾ പ്രശ്നം എനിക്കാണെന്ന് അറിഞ്ഞപ്പോൾ ചികിത്സയ്ക്ക് തയ്യാറാവാതെ എന്നെ കല്ലാണം കഴിച്ചതാണ് ഏറ്റവും വലിയ തെറ്റായതെന്ന് നിങ്ങൾ എന്നെ കുറ്റപ്പെടുത്തി എന്നെ ജീവിതത്തിൽ നിന്നും മാറ്റി നിർത്തുകയായിരുന്നില്ലേ.. എത്രയോ പെണ്ണുങ്ങൾ അതിനു ശേഷം നിങ്ങടെ ജീവിതത്തിലും ശരീരത്തിലും ഇഴഞ്ഞ് പോയിരിക്കുന്നു… മച്ചിയെന്നു മുദ്രകുത്തി നിങ്ങളുടെ വീട്ടിലെ വേലക്കാരിയായി മാത്രം തളക്കപ്പെട്ടവളായില്ലെ ഞാൻ?” – മൂക്കിൽ നിന്നും ഒലിച്ചിറങ്ങിയ രക്തം കൈ കൊണ്ട് തുടച്ചു കൊണ്ട് തുടർന്നു..

” നാടകമല്ല… രക്തം തന്നെയാണ്.. കണ്ണുകെട്ടി വാരിതന്നതുകൊണ്ട് ഭക്ഷണത്തിൽ വിഷം കലർത്തിയത് നിങ്ങൾ കണ്ടു കാണില്ല. പിന്നേ നിങ്ങൾക്കൊരു പിടി പോലും തരാതെ മുഴുവൻ ഞാൻ കഴിച്ചത് എന്റെ ചിതക്ക് തീ കൊളുത്താൻ നിങ്ങൾ ജീവനോടെ വേണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു… ”
,
സ്മിതേ….” നിറകണ്ണുകളോടെ അന്ധാളിച്ച് അവൻ അവളേ ചേർത്തു പിടിച്ചു…

രക്തസ്രാവത്തിന്റെ അളവ് അപ്പോഴേക്കും കൂടിയിരുന്നു..
“ഈ ഒരു സ്നേഹത്തോടെയുള്ള സ്പർശനം.. ഒരു വിളി അത് മാത്രമാണ് ഞാൻ ആഗ്രഹിച്ചിരുന്നത്… ഞാൻ അത്രമേലധികം നിങ്ങളേ’….
മുഴുമിപ്പിക്കുന്ന മുൻപേ രക്തം ചർദ്ധിച്ച് അവൾ നിലത്ത് വീണിരുന്നു….

ശുഭം…..!