ഇവരോട് ക്ഷമിക്കേണമേ

അനന്തരം അവർ അവന്റെ വസ്ത്രങ്ങൾ അഴിച്ച് ചുവന്ന മേലങ്കിയണിയിച്ചു. കൈയിൽ ഒരു കോൽ പിടിപ്പിച്ച് തലയിൽ മുൾക്കിരീടം ധരിപ്പിച്ചു…

ക്രൂശിക്കുവാനുള്ള മരക്കുരിശ് ഏന്തി അവൻ ഗോൽഗോഥായിലേക്കു മുടന്തി നീങ്ങി.. ശരീരത്തിലേറ്റ പീഡനങ്ങൾ അവനെ തളർത്തിയിരുന്നു. അവൻ പലപ്പോഴും കുഴഞ്ഞു വീണു… തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ഒരു കുറ്റവാളിയെപ്പോലെ അവന്റെ എതിരാളികൾ അവനെ കൂക്കി വിളിച്ചു… നിന്ദിച്ചു. അവന്റെ മേൽ തുപ്പുകയും കോലുകൊണ്ട് അവനെ അടിക്കുകയും ചെയ്തു. അവന്റെ ജീവനുവേണ്ടിയുള്ള ആർപ്പുവിളികൾ ഉച്ചത്തിലുച്ചത്തിൽ അന്തരീക്ഷത്തിൽ തുടർച്ചയായി മുഴങ്ങിക്കൊണ്ടിരുന്നു… ഒടുവിൽ അവൻ ജീവൻ വെടിയുന്നതിനു മുൻപും ഇത്രമാത്രം ഉരുവിട്ടു. “പിതാവേ ഇവർ ചെയ്യുന്നത് എന്തെന്ന് അറിയായ്കയാൽ ഇവരോട് ക്ഷമിക്കേണമേ.”

*********

വിചാരണക്കാരുടെ മുൻപിൽ അവൻ നിഷ്കളങ്കമായ ചിരിയോടെ നിന്നു.

“നീ മോഷ്ടിച്ചുവോ?”

മുൻപിൽ നിന്നയാൾ അവനോടു ചോദിച്ചു.

“എന്ന് നിങ്ങൾ തന്നെ പറയുന്നു. ”

“തൊണ്ടി മുതലുകൾ സൂക്ഷിച്ചിരിക്കുന്നതെവിടെ?”

ഞാനെപ്പോഴും നിങ്ങളുടെ നടുവിൽ തന്നെയുണ്ടായിരുന്നു. എന്നാൽ ഒരു കൊടും കുറ്റവാളിയെ തേടി വരുന്നതുപോലെ വടിയും കോലുമായി, എനിക്കവകാശപ്പെട്ട ഈ മണ്ണിലേക്കുതന്നെ നിങ്ങളെന്നെ തേടിവരികയും തൊണ്ടിമുതൽ അന്വേഷിക്കുകയും ചെയ്യുന്നു. എന്റെ കൂടെയുണ്ടായിരുന്നവർ, എന്റെ തോട്ടം സംരക്ഷിക്കേണ്ടവർ തന്നെ എന്നെ നിങ്ങൾക്ക് ഒറ്റു തന്നിരിക്കുന്നു… പ്രവേശിക്കുവാൻ അനുമതിയില്ലാത്തിടത്തേക്ക്‌ അതിക്രമികളെ പോലെ നിങ്ങൾ കടന്നു കയറിയിരിക്കുന്നു.

എന്താണ് നിങ്ങൾക്ക് കാണേണ്ടത് ? ഞാൻ മോഷ്ടിച്ച വസ്തുക്കളോ? അപഹരിച്ചു സൂക്ഷിച്ചിരിക്കുന്ന നിധിശേഖരങ്ങളോ? വരിൻ. ഈ പാറയിടുക്കിലാണ് ഞാൻ അവയെല്ലാം ഒളിപ്പിച്ചു വെച്ചിരിക്കുന്നത്. നിങ്ങളുടെ ന്യായത്തിന്റെ ടോർച്ചു ലൈറ്റുകൾ ഇരുട്ടിന്റെ മറനീക്കി അവയെല്ലാം പരിശോധിച്ചു കണ്ടുപിടിക്കട്ടെ…

അവർ അവിടെ ആകമാനം പരിശോധിച്ചു. വിലപിടിപ്പുള്ളതൊന്നും കണ്ടെത്തുവാൻ അവർക്കു കഴിഞ്ഞില്ല, ഒരു പഴയ പ്ലാസ്റ്റിക് സഞ്ചിയല്ലാതെ. അവരുടെ കഴുകൻ കണ്ണുകൾ, കുടഞ്ഞിട്ട ഓരോ വസ്തുക്കളിലും സൂക്ഷ്‌മ പരിശോധന നടത്തി. ഒരു നാഴി അരി. അല്പം മല്ലി…

അവർ തൊണ്ടി മുതൽ കണ്ടെത്തിയ സന്തോഷത്തിൽ ചോദിച്ചു :

“ഇവയെല്ലാം നിനക്ക് എവിടുന്ന് കിട്ടി? ”

“ഈ അരിയും മല്ലിയുമൊ?”

“ചിലപ്പോൾ ഞാൻ ഇരന്നു വാങ്ങി… കിട്ടാതെ വന്നപ്പോൾ… വിശപ്പു സഹിക്കാതെ വന്നപ്പോൾ ചിലപ്പോഴൊക്കെ ചോദിക്കാതെയും…”

“കള്ളൻ… കള്ളൻ…” അവർ ആർത്തു വിളിച്ചു. അവന്റെ കുറ്റം അവൻ തന്നെ ഏറ്റുപറഞ്ഞിരിക്കുന്നു… ഇനിയും മറ്റൊരു തെളിവെന്തിന് ?

“പകൽ മുഴുവൻ ഈ കാട്ടിലെ ഗുഹയിൽ നീ ഒളിച്ചിരിക്കുന്നതെന്തിനാണ്..?”

അവർ ചോദ്യത്തോടൊപ്പം ഭേദ്യവും കൂടി തുടങ്ങിയിരുന്നു.

അടുത്ത നിമിഷം അവന്റെ ചേഷ്ടകളിൽ പെട്ടെന്ന് വ്യത്യാസം വന്നു… കണ്ണുകൾ ആൾക്കൂട്ടത്തെ ഭയത്തോടെ നോക്കി… അപ്പോൾ അവനൊരു ചിത്തരോഗിയെ പോലെ കാണപ്പെട്ടു.

“എനിക്ക് പേടിയാണ്…”

അവനെ ഒറ്റിക്കൊടുത്ത, മുതൽ സൂക്ഷിപ്പുകാരെ അവനൊന്നു ദയനീയമായി നോക്കി…

“എനിക്ക് പേടിയാണ് നിങ്ങളെ… പരിഷ്‌ക്കാരികളായ നാട്ടുമനുഷ്യരെ… എനിക്ക് പേടിയാണ്… അവർ ഒരിക്കൽ എന്നെ…”

ആ ഓർമ്മയിൽ അവൻ വിറയലോടെ തന്നിലേക്ക് തന്നെ ചുരുണ്ടു കൂടി..

“ഹഹഹ…”

ആ മറുപടിയിൽ അവർ അവാച്യമായ ആനന്ദം കണ്ടെത്തി. അതവർക്കിഷ്ടമായി. ഇവൻ കാട്ടുവാസി… പരിഷ്‌ക്കാരമില്ലാത്തവൻ.. ഇരുണ്ട തൊലി നിറമുള്ളവൻ… മൃഗ തുല്യൻ… മൃഗങ്ങളെപ്പോലെ തന്നെ കരുതേണ്ടവൻ..

“അപ്പോൾ കാട്ടുമൃഗങ്ങളെ നിനക്ക് പേടിയില്ലേ?” മറ്റൊരുവൻ ചോദിച്ചു.

“ഇല്ല.”

അവൻ നിഷ്കളങ്കമായി മറുപടി പറഞ്ഞു.

“ഹഹഹ…”

അവർ അവനെ വീണ്ടും കളിയാക്കി. “നീയും അവരിലൊരാൾ, പിന്നെന്തിനു പേടിക്കണം അല്ലേ?…”

ചിലർ പിന്നിൽ നിന്നും അവനെ ചവിട്ടി. മറ്റു ചിലർ അവന്റെ മേൽ അസഭ്യം ചൊരിഞ്ഞു… മുഖത്തേറ്റ ഒരടിയിൽ അവന് ബോധം നഷ്ടപ്പെടുന്നത് പോലെ തോന്നി.

അവർ അവന്റെ ഉടുവസ്ത്രമുരിഞ്ഞു, കൈകൾ തമ്മിൽ പിണച്ചുകെട്ടി… ഉന്തിലും തള്ളിലും ബട്ടണുകൾ നഷ്ടപ്പെട്ട മേൽക്കുപ്പായം എല്ലുന്തിയ നെഞ്ചിൻ കൂടിനെ തുറന്നു കാണിച്ചു. ശക്തമായ ഒരു ചവിട്ടിൽ അവൻ മുന്നോട്ടു തെറിച്ചുവീണു… അവന്റെ വാരിയെല്ലുകൾ നുറുങ്ങി… അതീവ വേദനയോടെ അവൻ ഞരങ്ങി. അവർ അവനെ താങ്ങി എഴുന്നേൽപ്പിച്ചു… പിന്നെ ഭാരമേറിയ ഒരു ഭാണ്ഡം അവന്റെ മുതുകിൽ വച്ച് നടക്കുവാനാജ്ഞാപിച്ചു…

“നടക്ക് ന്യായാധിപന്റെ മുൻപിലേക്ക്.” അവൻ ദയനീയമായ മുഖത്തോടെ അവരെ നോക്കി കൈകൾ കൂപ്പി. ഒന്നും ചെയ്യരുതെന്ന് യാചിച്ചു.

തലയ്ക്കു പിന്നിൽ ശക്തമായ ഒരടിയായിരുന്നു അതിന് മറുപടി. അവന്റെ തലയിൽ പൊന്നീച്ച മൂളി… മുതുകിലേറ്റിയ ഭാരത്തോടെ അവൻ താഴേക്കു വീണു.

“എഴുന്നേൽക്ക്.” അവർ വീണ്ടും കല്പിച്ചു. ആരോ അവനെ താങ്ങി. വീണ്ടും ഭാരം മുതുകിലേറ്റി അവൻ ഏന്തി ഏന്തി നടന്നു..

കുഴഞ്ഞു വീണപ്പോഴൊക്കെയും അവർ അവനെ താങ്ങി എഴുന്നേൽപ്പിച്ച് വീണ്ടും വീണ്ടും ഭാരം മുതുകിൽ കയറ്റിവെച്ചു…

“വെള്ളം… വെള്ളം…” എന്ന് കരഞ്ഞപ്പോൾ നാവിന് എത്തിപ്പിടിക്കാൻ കഴിയാത്ത അകലത്തിൽ വെള്ളം നിലത്തേക്ക് വീഴ്‌ത്തി പൊട്ടിച്ചിരിച്ചു. പിന്നെയത് തലയിലേക്ക് കമഴ്‌ത്തി ആനന്ദ നൃത്തം ചെയ്തു.

കാതങ്ങൾ അകലെ, ന്യായാധിപന്റെ അടുക്കലോളം അവർ അവനെ മുതുകിൽ ഭാണ്ഡമേറ്റിയ, മുറിവേറ്റ കഴുതയെ പോലെ ആട്ടിത്തെളിച്ചു.

ഒടുവിൽ…

ന്യായാധിപന്റെ മുൻപിൽ എത്തുമ്പോൾ അവൻ മരണത്തിന്റെ വാതിൽക്കലോളം എത്തിക്കഴിഞ്ഞിരുന്നു. അവന് നിവർന്ന് നിൽക്കുവാൻ കഴിയുമായിരുന്നില്ല. പട്ടിണി പകർന്ന ബലഹീനതക്കൊപ്പം, നുറുങ്ങിയ എല്ലുകളും ക്ഷതമേറ്റ തലച്ചോറും അവന്റെ പ്രജ്ഞയെ ഒട്ടുമിക്കവാറും കെടുത്തിക്കഴിഞ്ഞിരുന്നു… ന്യായാധിപന്റെ ചോദ്യങ്ങൾക്ക് അവൻ കുഴയുന്ന നാവോടെ ഒരേ മറുപടി പറഞ്ഞു. “എനിക്ക് വിശപ്പായിരുന്നു… എനിക്കു വിശപ്പായിരുന്നു…”

അധികം താമസിയാതെ രണ്ടുകവിൾ ഛർദ്ദിച്ച് ന്യായാധിപന്റെ മുൻപിൽ അവൻ മരിച്ചു വീണു… മരിച്ചിട്ടും അടയാത്ത കണ്ണുകൾ അവന്റെ മേൽ കുറ്റമാരോപിക്കുന്ന പരിഷ്‌ക്കാരികളെ ദയനീയമായി നോക്കിക്കൊണ്ടിരുന്നു… അവർ പറയുന്നത് പക്ഷേ അവൻ കേൾക്കുന്നുണ്ടായിയുന്നില്ല . കേട്ടാലും അവനത് മനസ്സിലാകുമായിരുന്നുമില്ല…

“നീ മോഷ്ട്ടാവാണ്… നീ കാട്ടുവാസിയാണ്… നീ കറുത്തവനാണ്… നീ മരണയോഗ്യനായ വെറുമൊരു കറുത്ത അപരിഷ്കൃത മൃഗം മാത്രമാണ്.