ദേ…. അയാൾ നിന്നെ തന്നെ നോക്കുന്നു. വിജി ശക്തമായി സ്വപ്നയുടെ കൈയിൽ തോണ്ടി. ആ ഭാഗത്തേക്ക് നോക്കേണ്ട എന്ന് മനസ് കരുതിയെങ്കിലും സ്വപ്നയുടെ കണ്ണുകൾ അങ്ങോട്ട് തന്നെ പോയി. ഇതു മൂന്നു നാലു ദിവസമായി തുടങ്ങിയിട്ട്. കൂടെ കഴിക്കാൻ ഇരിക്കുന്നവരും ഇതു ശ്രദ്ധിക്കുന്നുണ്ട് എന്ന വിവരം സ്വപ്നയെ അലോസരപ്പെടുത്തി. സ്വപ്ന ചെന്നൈയിലെ ഒരു ഐ ടി കമ്പനിയുടെ യാത്ര വകുപ്പിലെ ജോലിക്കാരി ആണ്. ഇരുനിറക്കാരിയായ സ്വപ്ന ഒരു സുന്ദരി തന്നെ ആണ്. തമിഴ് ചിത്രകാരൻ “ജെ” യുടെ ചിത്രീകരണങ്ങളിൽ കാണുന്ന പെണ്ണുങ്ങളെ പോലെ ആകർഷകമായ ശരീര വടിവും ഇടതൂർന്ന കറുത്ത മുടിയും ഉള്ള ഒരു നാടൻ മലയാളി സുന്ദരി! മൂന്ന്നാറിൽ അമ്മയുടെ വിഹിതമായി കിട്ടിയ ഇരുപതു സെന്റ് ഭൂമിയും ഒരു ചെറിയ കോട്ടേജും അല്ലാതെ വേറെ കേരളം ബന്ധം ഒന്നും തന്നെ സ്വപ്നക്കില്ല. തമിഴ് നാട്ടിൽ ജനിച്ചു വളർന്നതാണെങ്കിലും മലയാള തനിമ ഒട്ടും തന്നെ വിട്ടുപോയിട്ടുമില്ല. സ്വപ്നയുടെ വസ്ത്രധാരണവും അവളെ ആ ടെക് പാർക്കിലെ മറ്റു സ്ത്രീകളിൽ നിന്നും വ്യത്യസ്ത ആക്കി. സാരിയിൽ അല്ലാതെ സ്വപ്നയെ കാണാൻ പറ്റില്ല. അതും നല്ല കൈത്തറി സാരികളിൽ. ജോലി സ്ഥലത്തും സ്വപ്നക്കു വളരെ അധികം ആരാധകരുണ്ട്. ആരെയും അധികം അടുപ്പിക്കാതെ ഒരു ദൂരത്തിൽ നിർത്താനുള്ള മിടുക്കും സ്വപ്നക്കുണ്ട്.
തന്നെ നാണമില്ലാതെ തുറിച്ചു നോക്കുന്ന ആളെ അല്പം ദേഷ്യത്തോടെ തന്നെ സ്വപ്ന നോക്കി. കക്ഷി പുതിയതായി അടുത്ത ഓഫീസിൽ ചേർന്ന ആൾ ആണെന്ന് തോന്നുന്നു. മുൻപ് ഇവിടെ കണ്ടിട്ടില്ല. തമിഴ്ന്നാട്ടുകാരൻ അല്ല. കാണാൻ സുമുഖൻ! വടക്കനാണോ എന്തോ? പ്രായം ഒരു നാല്പത്തിഅഞ്ചിനടുത്തു തോന്നിക്കും. നല്ല ഭംഗിയുള്ള മൂക്കും, കറുത്ത കട്ടി മീശ ഭാഗികമായി മറയ്ക്കുന്ന നേരിയ ചുവപ്പു കലർന്ന മാംസളമായ ചുണ്ടുകളും. നര കയറി തുടങ്ങിയ ഇടതൂർന്ന മുടി. വസ്ത്രധാരണത്തിൽ നിന്നും ഏതോ കമ്പനിയുടെ തലപ്പത്തുള്ള ആൾ ആണെന്ന് തോന്നും. ബട്ടൺ
ഡൗൺഡ് ഷർട്ടും, സ്ലാക്കും, ഷർട്ടിനോട് പൊരുത്തപ്പെടുന്ന സോക്‌സും ഷൂസും. വളരെ ആകർഷകമായ ഡ്രസിങ് സെൻസ്! സ്വപ്നയുടെ നോട്ടത്തിൽ ഒട്ടും പതറാതെ ഒരു കൂസലും ഇല്ലാതെ അയാൾ തുടർച്ചയായി സ്വപ്നയെ തന്നെ നോക്കി ഇരുന്നു . ആ കണ്ണുകളിൽ കുസൃതി ചിരിയുടെ ഓളങ്ങൾ. സ്വപ്ന തൻ്റെ കണ്ണുകൾ അയാളിൽ നിന്നും പിൻവലിച്ചു ഭക്ഷണത്തിൽ ശ്രദ്ധിക്കാൻ തുടങ്ങി. ആ കണ്ണുകൾ എല്ലാ ദിവസവും ഉച്ചക്ക് പതിവായി തന്നെ പിന്തുടരുന്നത് സ്വപ്നയെ അസ്വസ്ഥയാക്കി.
സഹപ്രവർത്തകർ അയാളെ ചേർത്ത് സ്വപ്നയെ കളിയാക്കുന്നത് തമാശക്കാണെങ്കിലും സ്വപ്നയിൽ ഒരു അസ്വസ്ഥത ഉളവാക്കി.
സ്വപ്ന പിന്നെ അയാളെ കണ്ടത് തൻ്റെ മാനേജരുടെ ക്യാബിനിൽ ഇരിക്കുന്നതാണ്. കറുവപ്പട്ടയുടെയും വാനില്ലയുടെയും സൗരഭ്യം കലർന്ന ക്ലാസിക് ഓൾഡ് സ്പൈസിന്റെ മണം അയാളിൽ നിന്നും വമിക്കുന്നുണ്ടായിരുന്നു. ഏതോ ആവശ്യത്തിന് ക്യാബിനിൽ ചെന്ന സ്വപ്നയെ പരിചയപ്പെടുത്താനും മാനേജർ മറന്നില്ല. സുധ മാഡത്തിന്റെ ക്ലാസ്സ്‌മേറ്റ് ആണത്രേ. അടുത്ത ഒരു കമ്പനിയിൽ സീനിയർ ഓഫീസർ ആയി ചുമതല എടുത്തിരിക്കുന്നു. മലയാളി ആണ്. ഒരു വിധത്തിൽ ഈ പരിചയപ്പെടുത്തൽ നന്നായി എന്ന് സ്വപ്നക്കു തോന്നി. ഉച്ചക്ക് ഇനി നേരെ നോക്കി ചിരിക്കാമല്ലോ! അസുഖകരമായ സാഹചര്യത്തിൽ നിന്നും ഒരു മോചനം! ഫുഡ് കോര്ടിലെയും ലിഫ്റ്റിലെയും കോംപ്ലെക്സിന്റെ ലോബ്ബിയിലെയും കണ്ടുമുട്ടലുകൾ ചിരിയിൽ കുതിർന്നതായി. മുപ്പത്തിയഞ്ചു വയസു കഴിഞ്ഞ സ്വപ്നയെ എങ്ങിനെയെങ്കിലും കല്യാണം കഴിപ്പിക്കണം എന്ന് ദൃഢനിശ്ചയം എടുത്തിരുന്ന അടുത്ത കൂട്ടുകാരി വിജി അയാളെ പറ്റി കൂടുതൽ വിവരങ്ങൾ ചികന്നെടുത്തു. വളരെ ബുദ്ധിമുട്ടി പഠിച്ചു ഔദ്യോഗിക ജീവിതത്തിൽ മുന്നേറിയ ആൾ, ലളിതമായ ജീവിത ശൈയ്‌ലിയോട് ഒത്തു പോകാൻ കഴിയാതെ വിവാഹമോചനം നേടിയ പണകാരി ആയ ഭാര്യ, പതിമൂന്നു വയസുള്ള മിടുക്കിയും അയാളുടെ ഓമനയുമായ മകൾ ചിന്നു. ചിന്നു അവളുടെ അമ്മയുടെ കൂടെ കോഴിക്കോട്ടാണ് സ്ഥിരതാമസമെങ്കിലും ഇടയ്ക്കു ഇടയ്ക്കു അച്ഛന്റെ കൂടെ താമസിക്കാൻ ചെന്നൈയിലേക്ക് വരാറുണ്ട്.
അറിയപ്പെടുന്ന ഒരു ചിത്രകാരൻ കൂടി ആണ് അയാൾ. വിജിയുടെ അഭിപ്രായത്തിൽ മാതാപിതാക്കളോ, സഹോദരങ്ങളോ ഇല്ലാത്ത, കണ്ടാൽ രണ്ടാമതൊന്നു നോക്കിപോകുന്ന ഒറ്റ തടി ആയ സ്വപ്നക്കു നല്ല പൊരുത്തം. താമസിക്കാതെ തന്നെ സുധ മാഡം വഴി അയാളുടെ കല്യാണ ആലോചന സ്വപ്നയുടെ അടുത്തു എത്തി. അവരുടെ അടുത്ത് നിന്നും സ്വപ്നയുടെ പഴയ കഥകളും അയാൾ മനസിലാക്കിയിരിക്കണം. വര്ഷങ്ങളോളം പ്രണയിച്ചതിനു ശേഷം കതിർമണ്ഡപത്തിൽ സ്വപ്നയെ തനിച്ചാക്കി നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ നാണം കെടുത്തി അവസാന നിമിഷം കാലുമറിയ പ്രതിശ്രുത വരന്റെ കഥയും! പതിനാലു വർഷത്തിന് മുൻപത്തെ കാര്യമാണെങ്കിലും ഇന്നും സ്വപ്നയെ വേദനിപ്പിക്കുന്ന ഓർമ്മകൾ! ആ
സംഭവത്തിന് ശേഷം നീണ്ട അവധി എടുത്തു സ്വപ്ന കുറച്ചു നാളത്തേക്ക് മൂന്നാറിൽ ചേക്കേറിയിരുന്നു. തൻ്റെ അമ്മയും അച്ഛനും ഉറങ്ങുന്ന മണ്ണിൽ, മനസിനേറ്റ മുറിവുകൾ ഉണക്കാനുള്ള ശ്രമത്തിൽ! എന്നാൽ ഒരു കൂട്ടു വേണമെന്ന് സ്വപ്നക്കും ഇപ്പോൾ തോന്നി തുടങ്ങിയിരുന്നു. ആളെ നന്നായി അറിഞ്ഞതിനു ശേഷം മാത്രമേ വിവാഹത്തിന് താല്പര്യമുള്ളൂ എന്ന സ്വപ്നയുടെ നിബന്ധന അയാൾക്കും സ്വീകാര്യമായിരുന്നു. മകളെ മാനസികമായി ഒരുക്കാൻ ആ സമയം ഉതകും എന്ന് അയാളും കണക്കുകൂട്ടി.