മഞ്ഞുകാലം
Manjukalam A Malayalam Story BY Sunil Tharakan – www.kadhakal.com
മഞ്ഞുകാലം അതിന്റെ പാരമ്യത്തിലായിരുന്നു …..
വെണ്മയൂറുന്ന മഞ്ഞിൻശകലങ്ങൾ പ്ലാറ്റ് ഫോമിൽ അങ്ങിങ്ങായി ചിതറിക്കിടപ്പുണ്ട്.
‘തെന്നുന്ന പ്രതലം. സൂക്ഷിക്കുക.’ എന്ന ബോർഡ് ഓപ്പൺ പ്ലാറ്റ് ഫോമിന്റെ ഇരുതലകളിലായി മുൻകരുതലിനായി നാട്ടിയിരിക്കുന്നു.
ട്രെയിനിന്റെ വാതിലുകൾ തുറന്ന് യാത്രക്കാർ ഇറങ്ങുവാനായി ഞാൻ കാത്തുനിന്നു. ഇത് അവസാനത്തെ സ്റ്റേഷനാണ്. യാത്ര ഇവിടെ അവസാനിക്കുന്നു. അല്പസമയത്തിനുള്ളിൽ വീണ്ടും മടക്കയാത്ര ആരംഭിക്കും.
യാത്രക്ക് മുൻപുള്ള പരിശോധനകൾ ട്രെയിൻമാനേജർ എന്ന നിലയിൽ പൂർത്തിയാക്കി, പ്ലാറ്റ് ഫോമിലൂടെ മുന്നിലെ കാരിയേജിലേക്ക് നടന്നു. ലോക്കോമോട്ടീവ് എൻജിനീയർ ഇതിനകം തന്നെ അദ്ദേഹത്തിന്റെ കാബിനിൽ ഇരിപ്പുറപ്പിച്ചു കഴിഞ്ഞിരുന്നു.
പുറപ്പെടൽ സിഗ്നലിനുള്ള ബട്ടൺ അമർത്തുവാൻ ഇനിയും രണ്ടു മിനിറ്റു കൂടിയേ അവശേഷിക്കുന്നുള്ളൂ. ഞാൻ തിടുക്കപ്പെട്ടു നടന്നു. ഒരു നിമിഷം നോട്ടം പിന്നിലെ കാര്യേജിനുള്ളിലേക്ക് കടന്നുപോയി. ആളൊഴിഞ്ഞ കാര്യേജിൽ മൂലയിലെ ഒരു സീറ്റിൽ ഇപ്പോഴും ഒരു യാത്രക്കാരിയിരിക്കുന്നു. അവൾ എന്തു ചെയ്യുകയാണെന്ന് ഞാൻ അത്ഭുതപ്പെട്ടു. ട്രെയിൻ അവസാനത്തെ സ്റ്റേഷനിൽ എത്തിയ കാര്യം ഒരുപക്ഷേ അറിഞ്ഞുകാണുകയില്ലായിരിക്കും. ഉറങ്ങിപ്പോയതുമാകാം. എന്തായാലും ഇറങ്ങുവാൻ ഓർമിപ്പിക്കേണ്ട ചുമതല തനിക്കുണ്ട്. ട്രെയിനിൽ വീണ്ടും കയറി ആ യാത്രക്കാരിയുടെ അടുത്തേക്കു നടന്നു.
വളരെ തടിച്ച ദേഹപ്രകൃതിയുള്ള ആ സ്ത്രീയുടെ മുഖത്ത് നിഴലിക്കുന്ന ഭാവം നിഷ്കളങ്കതയാണ്. മുഖത്തെ സ്വച്ഛഭാവം ഉറങ്ങുകയായിരുന്നില്ലെന്ന് വിളിച്ചുപറഞ്ഞു. നടുവേ പകുത്ത മുടി ചുവന്ന റിബൺ കൊണ്ട് ഇരുവശത്തേക്കും കെട്ടി ഒതുക്കിയിരിക്കുന്നു. വിവിധ നിറങ്ങളിലുള്ള ഹെയർപിന്നുകൾ കേശാലങ്കാരത്തിനായി യഥേഷ്ടം ഉപയോഗിച്ചിട്ടുണ്ട്. കുറുനിരകൾക്കൊപ്പം നെറ്റിയിലേക്ക് കുറച്ചു മുടികൂടി നിര തെറ്റിച്ച് മുറിച്ചിട്ടിരിക്കുന്നു. അവിദഗ്ദ്ധ കാര്യങ്ങളാണ് ആ പ്രവൃത്തി ചെയ്തിരിക്കുന്നതെന്ന് ഒറ്റനോട്ടത്തിൽ വ്യക്തം. കണങ്കാൽ വരെ നീണ്ടുകിടക്കുന്ന പാവാടയും ഹുഡോടുകൂടിയ ജേഴ്സിയുമാണ് അണിഞ്ഞിരിക്കുന്ന വേഷം. ജേഴ്സിയുടെ പിന്നിൽ പ്രിന്റ് ചെയ്തിരിക്കുന്ന ട്രെയിനിന്റെ ചിത്രം ഭാഗികമായി കാണാം.
യാത്രക്കാരി എന്റെ സാന്നിധ്യം അറിഞ്ഞ മട്ടില്ല. പകല്ക്കിനാവിലാണോ? മുരടനക്കി പതിഞ്ഞ ശബ്ദത്തിൽ ഞാൻ പറഞ്ഞു, “ക്ഷമിക്കണം. ഇതാണ് അവസാനത്തെ സ്റ്റേഷൻ. ട്രെയിൻ മടങ്ങിപ്പോകുകയാണ്.” പുഞ്ചിരിയണിഞ്ഞ മുഖവുമായി മറുപടിക്കായി കാത്തുനിന്നു.
പെട്ടെന്നുള്ള ശബ്ദം അവളെ ഞെട്ടിച്ചുവെന്ന് തോന്നി. ചിന്തയുടെ ലോകത്ത് നിന്നും യാഥാർഥ്യത്തിലേക്കുള്ള ചുവടുമാറ്റം പെട്ടെന്നുള്ള ഞെട്ടിത്തിരിയലിൽ നിന്നും ഞാൻ ഊഹിച്ചെടുത്തു.
ക്ഷമാപണത്തോടെ വ്യക്തമായി വീണ്ടും പറഞ്ഞു, “ട്രെയിൻ പട്ടണത്തിലേക്ക് മടങ്ങിപ്പോകുകയാണ്. നിങ്ങൾക്ക് സ്ഥലം തെറ്റിയിട്ടില്ലെന്ന് വിചാരിക്കുന്നു. ഇതാണ് അവസാനത്തെ സ്റ്റേഷൻ”.
“ഇല്ല, തെറ്റിയിട്ടില്ല. ഞാനീ ട്രെയിനിൽത്തന്നെ മടങ്ങിപ്പോകുകയാണ്. ഓർമ്മിപ്പിച്ചതിന് നന്ദി”. കുട്ടികളുടെ ശബ്ദത്തിൽ പുഞ്ചിരിയോടെ അവർ പറഞ്ഞു.
“ക്ഷമിക്കണം, ഞാൻ തെറ്റിദ്ധരിച്ചു.” ശുഭയാത്ര നേർന്നുകൊണ്ട് തിരിച്ചുനടക്കാൻ തുടങ്ങുമ്പോൾ യാദൃശ്ചികമായി എന്റെ മിഴികൾ ആ സ്ത്രീയുടെ നഗ്നമായ കാല്പ്പാദങ്ങളിൽ പതിഞ്ഞു. എനിക്ക് കണ്ണുകളെ വിശ്വസിക്കാനായില്ല. ഇത്രമാത്രം പരുക്കനായ ഒരു കാലാവസ്ഥയിൽ നഗ്നപാദങ്ങളുമായി ഒരാളെ സങ്കല്പ്പിക്കാൻ പോലും കഴിയുമായിരുന്നില്ല. സിഗ്നൽ ബോക്സിലേക്ക് നടക്കുമ്പോൾ ഞാൻ ഒന്നുകൂടി പിന്നിലേക്ക് തിരിഞ്ഞുനോക്കി. പുറത്ത് ആഞ്ഞടിച്ചു കൊണ്ടിരിക്കുന്ന തണുത്ത തെക്കൻകാറ്റിൽ ഇരുവായ്ത്തലയുള്ള വാൾ പോലെ തലങ്ങും വിലങ്ങും വീശിക്കൊണ്ടിരിക്കുന്ന ‘കാബേജ് മര’ങ്ങളുടെ നീണ്ട ഇലകളിലായിരുന്നു ഇപ്പോൾ അവളുടെ നോട്ടം.
രോമകൂപങ്ങളിൽ തുളച്ചുകയറുന്ന തണുപ്പ് അസഹനീയമായിരുന്നു. സിഗ്നൽ ബട്ടണിൽ വിരലമർത്തി. ചുവപ്പ് ലൈറ്റ് പച്ചക്ക് വഴിമാറി. പ്ലാറ്റ് ഫോമിൽ യാത്രക്കാരായി ആരും തന്നെയില്ലായിരുന്നു. ഡോർ കീ അതിന്റെ പഴുതിലിട്ട് വലത്തേക്കൊന്ന് തിരിച്ചു. എല്ലാ ഡോറുകളും അടഞ്ഞു. ഡ്രൈവർക്ക് പുറപ്പെടാനുള്ള ബസറും നൽകിക്കഴിഞ്ഞു. ഇരുമ്പു ചക്രങ്ങൾ പാളത്തിൽ ഞരക്കത്തോടെ ഉരുണ്ടുനീങ്ങി. വീണ്ടും മറ്റൊരു ലക്ഷ്യത്തിലേക്ക്.
ട്രെയിനിന്റെ കടകട ശബ്ദത്തിനിടയിലും ഫോണിന്റെ മണിനാദം കേട്ടു. പെട്ടെന്നു നിലച്ച ശബ്ദം അതൊരു മിസ്ഡ് കോൾ ആണെന്ന് ഓർമപ്പെടുത്തി. ഭാര്യയുടേതാകണം, മനസ്സിൽ ചിന്തിച്ചു. കാര്യമില്ലാതെ ഇടയ്ക്കിടെ ‘നഷ്ടപ്പെടുന്ന കോളുകൾ’ ചെയ്യുന്നത് അവളുടെ ശീലമായി മാറിയിട്ടുണ്ട്. ഇതൊരുപക്ഷേ സ്നേഹത്തിന്റെ ഓർമ്മപ്പെടുത്തലുകളാകും. തിരിച്ചു വിളിച്ചു.
“ഹലോ” മറുതലക്കൽ നിന്നും പതിഞ്ഞ ശബ്ദത്തിൽ മറുപടി വന്നു, “ഇന്ന് നേരത്തെ വരുമോ?”. ഭാര്യയുടെ ശബ്ദം തികച്ചും സ്ത്രൈണമാണ്. കൊച്ചുകുട്ടികളുടേത് പോലെ. ഞാൻ പറഞ്ഞു, “ഇന്ന് താമസിച്ചേ ജോലി തീരുകയുള്ളു. ഉറക്കം കളഞ്ഞ് കാത്തിരിക്കേണ്ട”.
ഏകാന്തനിമിഷങ്ങൾ അവളെ അലോസരപ്പെടുത്തുന്നുണ്ടാകും. ധാരാളമായി ശ്വാസമെടുത്തുകൊണ്ടുള്ള ഒരു മൂളൽ കേട്ടു.
‘ഉ’കാരത്തിൽ തുടങ്ങുന്ന ആ ശബ്ദത്തിന് അപാരമായ ആവാഹന ശേഷിയുണ്ട്. നിർവചനമില്ലാത്ത വെറുമൊരു ശബ്ദം എന്നതിലുപരി ആഴവും വ്യാപ്തിയും ഏറെയുള്ള ഒരു വാചാല ഭാഷണമാണത്.
ഒരുനിമിഷം വാത്സല്യത്തിൽ പൊതിഞ്ഞ അനുരാഗം അവളോട് തോന്നിപ്പോയി. അടുത്തായിരുന്നെങ്കിൽ ചേർത്തണച്ച് നിറുകയിൽ ചുംബിച്ചു പോകുമായിരുന്നു.
വീണ്ടും പറഞ്ഞു, “കഴിയുന്നതും നേരത്തെ വരാം.”
പതിനൊന്ന് മണിക്ക് യാത്ര പൂർത്തിയാക്കേണ്ടുന്ന ട്രെയിൻ പതിനഞ്ച് മിനിറ്റ് വൈകിയാണ് സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചേർന്നത്. കാറ്റത്ത് കൊഴിഞ്ഞുവീണ ഇലകൾ പാളങ്ങളിൽ ചതഞ്ഞരഞ്ഞ് വഴുതലുണ്ടാക്കിയിരുന്നു. ചിലയിടങ്ങളിൽ ട്രെയിനിന്റെ വേഗത വളരെ കുറക്കേണ്ടിവന്നു. സ്ലിപ്പറി ട്രാക്കിലൂടെ ഓടുമ്പോഴുള്ള ട്രെയിനിന്റെ ശബ്ദം കാറ്റിന്റെ സീല്ക്കാരത്തിന് സമാനമായിരുന്നു. ട്രെയിനിൽ നിന്ന് പുറത്തിറങ്ങി സ്റ്റേഷൻ ഓഫീസിലേക്ക് തിടുക്കത്തിൽ നടന്നു. ജാക്കറ്റും, ടിക്കറ്റ് വാലറ്റും ലോക്കറിൽ വെച്ച് പൂട്ടി. പാർക്കിംഗ് ഏരിയയിൽ കൈവിരലിലെണ്ണാവുന്ന വാഹനങ്ങൾ മാത്രമേയുള്ളു. എല്ലാവരും കൂടണഞ്ഞു കഴിഞ്ഞു.
ദക്ഷിണ ധ്രുവത്തിൽ നിന്നും വീശിവരുന്ന തണുത്ത കാറ്റിന് ശക്തിയല്പ്പം കുറഞ്ഞിട്ടുണ്ട്. കാറിന്റെ ഡോർ തുറന്ന് അകത്ത് കയറി. നല്ല തണുപ്പ്. ഹീറ്റർ പ്രവർത്തിപ്പിച്ചു. പ്രധാന റോഡിലേക്ക് പ്രവേശിക്കുന്നിടത്ത് തുറമുഖത്തിന്റെ വ്യക്തമായ കാഴ്ച കാണാം. ബഹുനിലക്കെട്ടിടങ്ങളുടെ വലിപ്പത്തെ ഓർമ്മിപ്പിക്കുന്ന ഒരു യാത്രാക്കപ്പൽ രാത്രിയിലെപ്പോഴോ തുറമുഖത്ത് നങ്കൂരമിട്ടിട്ടുണ്ട്. സമുദ്രത്തിന്റെ വിശാലതയിൽ നിന്നും തുറമുഖത്തേക്കുള്ള പ്രകൃതിദത്ത കവാടത്തിൽ പൊട്ടുപോലെ വെളിച്ചം കണ്ടു. തീരം തേടുന്ന മറ്റൊരു യാനപാത്രത്തിന്റെ പ്രതീക്ഷയുടെ വെളിച്ചമാണത്.
പ്രധാന വീഥിയിലേക്ക് വാഹനം പ്രവേശിച്ചുകഴിഞ്ഞു. തെരുവുവിളക്കുകളുടെ പ്രകാശത്തിൽ വാഹനത്തിന്റെ വെളിച്ചം അലിഞ്ഞില്ലാതായി. ചില തെരുവുകൾ ഇപ്പോഴും സജീവമാണ്. രാത്രിയുടെ യാമങ്ങളെ ഉറങ്ങിത്തീർക്കുവാൻ ഇഷ്ടപ്പെടാത്ത യൗവ്വനത്തിന്റെ നാമ്പുകൾ കൈയിൽ നുരയുന്ന ലഹരിയും, കാലിൽ ത്രസിപ്പിക്കുന്ന സംഗീതത്തിന്റെ ചുവടുകളുമായി ഇപ്പോഴും ആടിത്തിമിർക്കുന്നു.
നവമിഥുനങ്ങളെപ്പോലെ ആലിംഗനബദ്ധരായി നില്ക്കുന്ന സ്ത്രീപുരുഷന്മാർ ലോകം അവരിലേക്ക് മാത്രം ചുരുക്കി അതിൽ ലയിച്ചുനില്ക്കുന്നു. ഒരു സിഗ്നൽ ജംഗ്ഷനിൽ പച്ചലൈറ്റിനായി കാത്തുകിടക്കുമ്പോൾ ഞാനാ യാത്രക്കാരിയെ വീണ്ടും ഓർത്തുപോയി. ഒരു പ്രഹേളിക പോലെ അവളെന്റെ മനസ്സിൽ ഇടം പിടിച്ചുവോ എന്നു ഞാൻ സംശയിച്ചു. ഒരുപക്ഷേ ഇനിയൊരിക്കലും ഞാൻ ആ യാത്രക്കാരിയെ കണ്ടുമുട്ടുകയില്ലായിരിക്കും. എങ്കിലും ചെറുതായി നീരുവെച്ച ആ നഗ്നപാദങ്ങൾ കുറച്ചു കാലമെങ്കിലും മനസ്സിന്റെ കോണിൽ മായാതെ നില്ക്കും.
വീടിരിക്കുന്ന തെരുവിലേക്ക് പ്രവേശിക്കുമ്പോൾത്തന്നെ ജനാലയിലൂടെ ഒഴുകിവരുന്ന വെളിച്ചം കണ്ടു. ഭാര്യ ഇനിയും ഉറങ്ങിയിട്ടില്ല. വാതിൽ തുറക്കുവാനുള്ള താക്കോൽ കൈയിലുണ്ടെങ്കിലും തുറന്നില്ല. താളത്തിൽ രണ്ടുതവണ വാതിലിൽ മുട്ടി. രണ്ടു നിമിഷങ്ങൾക്കു ശേഷം അകത്തുനിന്ന് പതിവുചോദ്യം കേട്ടു. അതിന് പതിവു മറുപടിയും പറഞ്ഞു. തുറന്ന വാതിലിലൂടെ അകത്തേക്കു പ്രവേശിക്കുമ്പോൾ ഭാര്യയുടെ മുഖം ശ്രദ്ധിച്ചു. കരഞ്ഞുവീർത്ത കൺപോളകൾ മനസ്സിൽ വേപഥുവുണർത്തി. അവൾ ഗർഭിണിയാണ്. വയ്യായ്കയെന്തെങ്കിലും? മനസ്സിലെ സന്ദേഹം ചെറിയ പരിഭ്രമത്തോടെ പുറത്തുവന്നു.
“എന്തുപറ്റി? മുഖം കരഞ്ഞ മട്ടുണ്ടല്ലോ?”
ഒന്നുമില്ലെന്ന് അവൾ തലയാട്ടി.
വീണ്ടും ചോദിച്ചു, “വയ്യായ്കയെന്തെങ്കിലും”?
വിളറിയ ചിരിയോടെ അവൾ വീണ്ടും നിഷേധിച്ചു. പിന്നെ പറഞ്ഞു.
“ചെറിയൊരു തലവേദന. ഇപ്പോൾ കുറവുണ്ട്.”
ഉറങ്ങാൻ കിടക്കുമ്പോൾ ആത്മഗതം പോലെ ഭാര്യ പറഞ്ഞു, “മാർഗരറ്റ് മരിച്ചുപോയി.”
“മാർഗരറ്റോ?, ആരാണത് ?”
റെസ്‌റ് ഹോമിലെ അന്തേവാസിയഅയ സ്ത്രീയാണവർ എന്ന് പെട്ടെന്നുതന്നെ ഞാൻ ഓർത്തെടുത്തു. ഇവരെക്കുറിച്ച് പലപ്പോഴും അവൾ മമതയോടെ സംസാരിച്ചു കേട്ടിട്ടുണ്ട്. കരച്ചിലിന്റെയും തലവേദനയുടെയും കാരണം ഇപ്പോൾ പിടികിട്ടി.
“ഞാൻ പറയാറില്ലേ…?” ഭാര്യ വിശദീകരിക്കാൻ മുതിരുമ്പോഴേക്കും ഇടയിൽ പറഞ്ഞു, “മനസ്സിലായി.”
“ഒത്തിരി വയസ്സായതല്ലേ? മരിച്ചത് നന്നായി എന്നുവിചാരിക്കൂ.” ഞാൻ അവളോടായി പറഞ്ഞു. തേങ്ങലിന്റെ ധ്വനിയുള്ള മൂളലിൽ അവൾ മറുപടിയൊതുക്കി. വാർദ്ധക്യത്തിൽ ഡിമൻഷ്യ കൂടി ബാധിച്ച അവരുടെ അനാഥത്വത്തിന് തന്റെ ഭാര്യയുടെ പരിചരണം താങ്ങായിരുന്നിരിക്കണം. അനേകം അന്തേവാസികളിൽ ഒരാളോടു മാത്രം കൂടുതൽ മമത തോന്നാനുള്ള കാരണം ഞാനവളോട് ചോദിച്ചില്ല. മാർഗരറ്റ് എന്ന സ്ത്രീയിൽ അവൾ ഒരു മുത്തശ്ശിയെ കണ്ടെത്തിയിരുന്നിരിക്കാം. വീർത്തുവരുന്ന അവളുടെ വയറിൽ ചെവി ചേർത്ത് കുഞ്ഞിനോട് മാർഗരറ്റ് കിന്നാരം പറഞ്ഞിരുന്ന കഥ അവൾ പറഞ്ഞു കേട്ടിട്ടുണ്ട്. കമ്പിളിനൂൽ കൊണ്ട് തുന്നിത്തുടങ്ങിയ കുഞ്ഞുടുപ്പ് ഇപ്പോഴും അപൂർണ്ണതയിലാണോ?. അവൾ പറഞ്ഞുകേട്ട കഥകളിൽ നിന്നും ഇതുവരെ കാണാത്ത മാർഗരറ്റിന്റെ രൂപം ഞാനൊന്നു സങ്കല്പ്പിച്ചു നോക്കി. തോളറ്റം മുറിച്ചിട്ട പഞ്ഞിപോലുള്ള വെളുത്ത മുടി. ദുർബലമായ ശരീരത്തിലെ ചുളിവുള്ള തൊലിയിൽ തവിട്ടു നിറത്തിലുള്ള പുള്ളിക്കുത്തുകൾ. കൈയിൽ തെരുപ്പിടിച്ച ജപമാല. മന്ത്രം ഉരുവിടുന്ന പോലെയുള്ള ജല്പനം ചുണ്ടിൽ നിന്നും ഊർന്നു വീഴുന്നു. ഓർമ്മകളെ ഇരുട്ടിലേക്ക് മാറ്റിനിർത്തുന്ന മറവിരോഗത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ വാക്കുകൾ വാക്യങ്ങളായി രൂപം പ്രാപിക്കുന്നു.
“അയാം നോട്ട് ആസ് ഗുഡ് ആസ് പോപ്പ്…. അയാം നോട്ട് ആസ് ഗുഡ് ആസ് പോപ്പ് ”. (ഞാൻ പോപ്പിനോളം നല്ലവളല്ല…ഞാൻ പോപ്പിനോളം നല്ലവളല്ല…)
ആ വൃദ്ധസ്ത്രീയോട് സഹതാപം തോന്നി. ഉറക്കത്തിലേക്ക് വഴുതിവീഴും മുൻപ് ഞാൻ ഭാര്യയെ കുറച്ചുകൂടി ചേർത്തണച്ചു.
കാലചക്രത്തിന്റെ തിരിച്ചിലിൽ ഋതുക്കൾ ഒന്നൊന്നായി കടന്നുപോയി. വീണ്ടും ഒരിക്കല്ക്കൂടി കാണുകയില്ലെന്ന് ഞാൻ കരുതിയ ആ യാത്രക്കാരിയെ എത്രയോ തവണ ഞാൻ പിന്നെയും പിന്നെയും കണ്ടുമുട്ടി. ശൈത്യത്തിന്റെ കുളിരിലും വസന്തത്തിന്റെ ഊഷ്മളതയിലും അവളെന്റെ ട്രെയിനുകളിൽ മുടക്കം വരുത്താത്ത യാത്രക്കാരിയായിരുന്നു. ഋതുക്കൾ അവളിൽ യാതൊരു മാറ്റവും വരുത്തിയില്ല. പ്രകൃതിപോലും തന്റെ ഉടയാടകൾ മാറ്റി മാറ്റി ചുറ്റിയപ്പോഴും അവൾ തന്റെ ചുവന്ന ജംബറിനെയും നീല പാവാടയെയും സ്നേഹിച്ചു. ഭൂതകാലത്തിന്റെ ഓർമ്മക്കായി സൃഷ്ടിക്കപ്പെട്ട ഒരു സ്ഥിരബിംബം പോലെ ആ യാത്രക്കാരി എന്റെ കൺമുൻപിൽ എപ്പോഴും പ്രത്യക്ഷപ്പെട്ടു.
അവിചാരിതമല്ലാത്ത കണ്ടുമുട്ടലുകൾ പുഞ്ചിരിയിൽ നിന്നും ചെറിയ കുശലാന്വേഷണങ്ങളിലേക്കും പിന്നെ സൗഹൃദത്തിലേക്കും വളർന്നിരുന്നു. സന്തതസഹചാരിയായ ഷോപ്പിംഗ് ബാഗുകളിലെ അമൂല്യവസ്തുക്കൾ ട്രെയിനുകളുടെ വിവിധ തരത്തിലുള്ള ചിത്രങ്ങളായിരുന്നു എന്നു ഞാൻ പിന്നീട് മനസ്സിലാക്കി.
ട്രെയിനിലെ ഒരു കാരിയേജിൽ നിന്നും മറ്റൊന്നിലേക്കുള്ള എന്റെ പ്രയാണത്തിനിടയിൽ, ട്രെയിനിന്റെ ചിത്രങ്ങൾ മടിയിൽ വെച്ച് അതിൽത്തന്നെ കണ്ണുകൾ നട്ടിരിക്കുന്ന എയ്ഞ്ചലിൻ എന്നുപേരുള്ള എന്റെ യാത്രക്കാരിയെ ഞാൻ പലപ്പോഴും കണ്ടു. പരിചയത്തിന്റെ ആദ്യനാളുകളിൽ അവളുടെ സ്വകാര്യനിമിഷങ്ങളെ അലോസരപ്പെടുത്തുവാൻ ഇഷ്ടപ്പെടാതെ “ടിക്കറ്റ് പ്ലീസ്” എന്ന് കരുതലോടെ ഉരുവിട്ട് ഞാൻ മറ്റു യാത്രക്കാരുടെ അടുക്കലേക്ക് നടന്നുനീങ്ങി.
വിചിത്ര സ്വഭാവക്കാരിയായ ഈ യാത്രക്കാരിയോട് അപൂർവമായ ഒരടുപ്പം എന്റെയുള്ളിൽ തോന്നുവാൻ കാരണമെന്തെന്ന് ഞാൻ ആലോചിച്ചിട്ടുണ്ടെങ്കിലും അതിനൊരു വ്യാഖ്യാനം നല്കാൻ ബുദ്ധിമുട്ടായിരുന്നു. സഹജീവിയുടെ നിസ്സഹായാവസ്ഥയിൽ സ്വാഭാവികമായി തോന്നുന്ന അനുകമ്പയിൽ നിന്നും ഊറിക്കൂടുന്ന കരുതലോ സഹാനുഭൂതിയോ ആയിരുന്നില്ല അത്. വഴിയരികിൽ ഭിക്ഷ യാചിക്കുന്ന വികലാംഗനായ മനുഷ്യജീവിയോട് തോന്നുന്ന വികാരം ഒരുപക്ഷേ അതാകാം. എന്നാൽ എയ്ഞ്ചലിനോടുള്ള എന്റെ മനസ്സിന്റെ വൈകാരികഭാവം ആ തലത്തിൽ നിന്നും ഉയരത്തിലായിരുന്നു.
ജീവനില്ലാത്ത ഒരു വസ്തുവിനെ കാമുകനെപ്പോലെ പ്രണയിക്കുന്ന തീവ്രമായ അവളുടെ ചേതോഭാവം എന്നെ അത്ഭുതപ്പെടുത്തി. ട്രെയിൻ അവൾക്ക് നിർജ്ജീവമായ ഒരു വസ്തുവായിരുന്നില്ല. മജ്ജയും, മാംസവും, ഓജസ്സും, തേജസ്സുമുള്ള ഒരു പൂർണ്ണവ്യക്തിയെപ്പോലെ അവൾ അതിനെ ചിന്തകളിൽ പേറുകയും ഓർമ്മകളിൽ സൂക്ഷിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ തന്റെ ‘കാമുകന്റെ’ മിഴികളിൽ കണ്ണുനട്ടുകൊണ്ടുള്ള യാത്രകൾ അവൾക്ക് വിരസമായിരുന്നില്ല. ഓരോ യാത്രയും അവൾക്ക് ക്ഷീണത്തേക്കാൾ ഉന്മേഷത്തെയാണ് പകർന്നുനല്കിയത്.
ഒരിക്കൽ കുസൃതിയുടെ മറയുള്ള ആകാംക്ഷയോടെ ഞാൻ ചോദിച്ചു, “എയ്ഞ്ചലിൻ, നിനക്ക് ട്രെയിനിനോട് പ്രണയമാണോ? എന്താണ് എപ്പോഴുമിങ്ങനെ ട്രെയിനിന്റെ ചിത്രങ്ങളെ നോക്കിയിരിക്കുന്നത്.?”
നാണം നിറഞ്ഞ ചിരിയോടെയുള്ള മറുപടി വാചാലവും ആത്മാർത്ഥവും വിചിത്രവുമായിരുന്നു. “അതെ, ഞാൻ ട്രെയിനുമായി പ്രണയത്തിലാണ്. എന്റെ ഓരോ ചിന്തയിലും അത് നിറഞ്ഞുനില്ക്കുന്നു. ട്രെയിനിൽ യാത്ര ചെയ്യാത്ത ഒരു ദിവസത്തെപ്പറ്റി എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല.”
എനിക്കത്ഭുതം തോന്നി. ഈ വിചിത്ര സ്വഭാവം മാറ്റിനിർത്തിയാൽ എയ്ഞ്ചലിൻ ഒരു സാധാരണ വ്യക്തി തന്നെയായിരുന്നു.
“പക്ഷേ ഇതൊരു വാഹനമല്ലേ എയ്ഞ്ചലിൻ, യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാത്ത ചിന്തയല്ലേ അത്.?” ഞാൻ വീണ്ടും കുസൃതിയോടെ പറഞ്ഞു. പെട്ടെന്ന് അവളുടെ മുഖം ംലാനമായി. “അറിയാം ഇതൊരു ജീവനില്ലാത്ത യന്ത്രം മാത്രമാണെന്ന്. പക്ഷേ എന്റെ മനസ്സിന്റെ ഈ വിഭ്രാന്തി ഇഴപിരിക്കാനാവാത്ത വിധം എന്റെ ജീവിതത്തോട് കെട്ടുപിണഞ്ഞുപോയിരിക്കുന്നു.”
ഞാൻ എന്നെത്തന്നെ ശാസിച്ചു. എയ്ഞ്ചലിനോട് അങ്ങനെ ചോദിച്ചതിൽ എനിക്കു ഖേദം തോന്നി. ഒരു ക്ഷമാപണം മനസ്സിനെ കൂടുതൽ വേദനിപ്പിക്കുമെന്ന് തോന്നിയതിനാൽ ഞാനതിന് മുതിർന്നില്ല. ഒരു വിഷയമാറ്റത്തിനായി ഞാൻ പറഞ്ഞു, “ക്രിസ്തുമസ് അടുത്തുവരികയല്ലേ? ഇത്തവണ ക്രിസ്തുമസിന് ഞാനൊരു ‘സർപ്രൈസ്’ നിനക്കായി കരുതിവെച്ചിട്ടുണ്ട്. പെട്ടെന്നുള്ള ചുവടുമാറ്റത്തിൽ അവളുടെ മുഖം വീണ്ടും പ്രസന്നമായി. ”എന്താണത്?“ ആകാംക്ഷാഭരിതയായി അവൾ ചോദിച്ചു. ”ഞാൻ പറഞ്ഞല്ലോ, അതൊരു സർപ്രൈസ് ആയിരിക്കുമെന്ന്. കാത്തിരിക്കുക…“ ഞാൻ വീണ്ടും പറഞ്ഞു. കുട്ടിത്തം നിറഞ്ഞ ഒരു ചിരി എയ്ഞ്ചലിന്റെ മുഖത്ത് വിരിഞ്ഞു. ”ഞാനിപ്പോൾത്തന്നെ ദിവസങ്ങൾ എണ്ണിത്തുടങ്ങാം.“ കുസൃതിയോടെ അവൾ പറഞ്ഞു. അവളുടെ ചിന്തകളെ വഴിതിരിച്ചുവിട്ട് വീണ്ടും സന്തോഷിപ്പിക്കാൻ കഴിഞ്ഞതിൽ എനിക്കാശ്വാസം തോന്നി.
”ശരി, ഇന്നുമുതൽ അമ്പത്തിമൂന്ന് ദിവസം.
നിമിഷങ്ങളുടെ കണക്കുകൂട്ടലുകൾക്കൊടുവിൽ ഞാൻ ഉറക്കെയുള്ള ചിരിയോടെ പറഞ്ഞു. എന്റെ ചിരിയിൽ അവളും പങ്കുചേർന്നു. കലർപ്പില്ലാത്ത ഒരാത്മബന്ധത്തിന്റെ അലകളായി ഞങ്ങളുടെ ചിരി അന്തരീക്ഷത്തിൽ ചെറിയ പ്രതിധ്വനികൾ തീർത്ത് അകന്നുപോയി.
ഇഴ തിരിച്ചെടുക്കാനാവാത്തതായി ഒരു കെട്ടുമില്ല, ക്ഷമയും, ഇച്ഛാശക്തിയും, ശുഭാപ്തിവിശ്വാസവും ഉണ്ടെങ്കിൽ. കാഴ്ചയിൽ ഒരിക്കലും കുരുക്കഴിയില്ലെന്ന് തോന്നിക്കുന്നത് പോലും ക്രമേണ ഇഴ തിരിഞ്ഞ് കെട്ടഴിഞ്ഞ് വരും. കെട്ടിലേക്കുള്ള വഴികൾ വീണ്ടും പിന്നോട്ട് ആവർത്തിക്കണമെന്ന് മാത്രം.
ഇന്ന് അവധിദിവസമാണ്. ഡയറിയിൽ വെറുതെ ചിന്തകൾ കുത്തിക്കുറിക്കുകയായിരുന്നു. അവയെ അനുദിന കുറിപ്പുകൾ എന്നുപറയാനാവില്ല. വല്ലപ്പോഴുമൊരിക്കൽ ചിന്തകളും അനുഭവങ്ങളും തിയതിവെച്ച് കുറിച്ചിടും. അത്രമാത്രം.
മാർഗരറ്റിന്റെ ചിത്രം മനസ്സിലെപ്പോഴോ കടന്നുവന്നു. അനാഥത്വം പേറിയ ജീവിതത്തോട് അവർ വിട പറഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞു. ക്രിസ്തുവിന്റെ വലതുഭാഗത്ത് പോപ്പിനോടൊപ്പം അവർക്ക് ഇരിപ്പിടം ലഭിച്ചിട്ടുണ്ടാകുമോ?. അബ്രഹാമിന്റെ മടിയിൽ ലാസറെന്ന പോലെ? ഉണ്ടാകണം!. സാത്വികമായിരുന്ന അവരുടെ ജീവിതത്തിൽ അവർ ആർക്കും തിന്മ ചെയ്തിട്ടില്ലല്ലോ.
പിങ്ക് നിറത്തിലുള്ള കുഞ്ഞു കമ്പിളിയുടുപ്പണിഞ്ഞ് എന്റെ മകൾ തൊട്ടിലിൽ കിടന്ന് കൈകാലുകൾ ഇളക്കുന്നു. ആ ഉടുപ്പിൽ അവൾ കൂടുതൽ ഓമനയാണെന്ന് എനിക്കുതോന്നി. ഒരു മാലാഖയെപ്പോലെ! കുഞ്ഞുമിഴികൾ വിടർത്തിയും കൈകാലുകൾ ഇളക്കിയുമുള്ള അവളുടെ കൊഞ്ചലിൽ ഞാൻ മാർഗരറ്റിന്റെ ത്യാഗ മനോഭാവത്തെ ഓർത്തു. വയ്യായ്മകൾക്കിടയിൽ എത്ര ദിവസങ്ങൾ എടുത്തുകാണും അവർ ആ കൊച്ചു കമ്പിളിയുടുപ്പ് നെയ്തു പൂർത്തിയാക്കാൻ ?. അവർക്കത് തീർച്ചയായും ഒരു ഭഗീരഥപ്രയത്നം ആയിരുന്നിരിക്കണം.
ജോലിയുടെ തിരക്കുകൾക്കിടയിലും ഞാൻ എയ്ഞ്ചലിനെ ഇടയ്ക്കിടെ ട്രെയിനിൽ കണ്ടുമുട്ടി. കൊച്ചു കുശലങ്ങളിലും, വാചാലമായ മൗനഹാസങ്ങളിലും ഞങ്ങളുടെ സംഭാഷണം പലപ്പോഴും ഒതുങ്ങിനിന്നു. എങ്കിലും കാലപ്പഴക്കത്താൽ രൂഢമൂലമായ ഒരാത്മബന്ധം ഞങ്ങളുടെയിടയിൽ നിലനിന്നു പോന്നിരുന്നു.
ഡിസംബർ അടുത്തുവരികയായിരുന്നു. എയ്ഞ്ചലിനോടുള്ള എന്റെ വാഗ്ദാനം ഞാൻ ഓർമ്മിച്ചു. ട്രെയിനിന്റെ മനോഹരമായ ഒരു ചിത്രം അലങ്കാരപ്പണികളുള്ള ചട്ടക്കൂട്ടിൽ ക്രിസ്തുമസിന് മുൻപേ ഞാൻ തയ്യാറാക്കിവെച്ചു. തീർച്ചയായും അവൾ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ക്രിസ്തുമസ് സമ്മാനം ഇതുതന്നെ ആയിരിക്കുമെന്ന് മനസ്സു പറഞ്ഞു.
ക്രിസ്തുമസ്സിന്റെ തലേദിവസം ഞാൻ എയ്ഞ്ചലിനെ പതിവുട്രെയിനിൽ അന്വേഷിച്ചു. മുന്നിലുള്ള കമ്പാർട്ടുമെന്റിൽ അവളുടെ സ്ഥിരം സീറ്റിൽ മറ്റൊരു യാത്രക്കാരി ഇരിക്കുന്നത് എന്റെ ശ്രദ്ധയില്പ്പെട്ടു. അവശേഷിക്കുന്ന ബോഗികളിലും ഞാൻ അവളുടെ സാന്നിധ്യം അന്വേഷിച്ചു. നിരാശയായിരുന്നു ഫലം. മനസ്സിൽ നൊമ്പരം അനുഭവപ്പെട്ടു. ഉറ്റസുഹൃത്തിനോടുള്ള വാഗ്ദാനം അറിഞ്ഞുകൊണ്ടല്ലെങ്കിലും പാലിക്കാതെ പോയതിലുള്ള കുറ്റബോധം നിറഞ്ഞ നീറ്റൽ. വീണ്ടും മറ്റുചില ട്രെയിനുകളില്ക്കൂടി ഞാൻ എയ്ഞ്ചലിനെ തിരഞ്ഞു. അവസാനം നിരാശയോടെ മടങ്ങി. അവളുടെ മേൽവിലാസം നേരത്തെ ചോദിച്ചറിഞ്ഞു വെക്കാത്തതിൽ എനിക്ക് ആത്മനിന്ദ തോന്നി.
ക്രിസ്തുമസ്സിന്റെയന്ന് വീണ്ടും ഞാൻ എയ്ഞ്ചലിനെ ട്രെയിനുകളിൽ അന്വേഷിച്ചു. ഏതെങ്കിലും ഒരു ട്രെയിനിൽ അവൾ ഉണ്ടാകാതിരിക്കില്ലെന്ന് എന്റെ ഉപബോധമനസ്സ് ഉരുവിട്ടുകൊണ്ടിരുന്നു. ട്രെയിനുകൾ പലതും വരികയും പോകുകയും ചെയ്തു. അതിലൊന്നിലും എയ്ഞ്ചലിൻ മാത്രമുണ്ടായിരുന്നില്ല. മടങ്ങുവാൻ ഞാൻ മനസ്സിൽ തീരുമാനിച്ചു. നിർവികാരമായ ഒരു ംലാനഭാവം എന്നിൽ നിറയുന്നതായി തോന്നി. അപ്പോൾ മാത്രം സ്റ്റേഷനിൽ എത്തിച്ചേർന്ന ഒരു ട്രെയിനിൽ നിന്നും യാത്രക്കാർ ഇറങ്ങുന്നതു കണ്ടു. പ്രതീക്ഷകൾക്ക് വീണ്ടും ചിറകുമുളച്ചു. ഉള്ളം പറഞ്ഞു, ഇതിലവൾ ഉണ്ട്. ട്രെയിനിൽ നിന്നുമിറങ്ങുന്ന ഓരോ യാത്രക്കാരന്റെയും മുഖത്തേക്ക് ഞാൻ ആകാംക്ഷയോടെ നോക്കി. അവസാനത്തെ യാത്രക്കാരനും ഇറങ്ങിക്കഴിഞ്ഞു. ഇല്ല… എയ്ഞ്ചലിൻ മാത്രമില്ല.
കുനിഞ്ഞ ശിരസ്സോടെ ഞാൻ തിരിഞ്ഞുനടക്കാൻ തുടങ്ങി. പിറകിൽ നിന്നൊരു വിളിശബ്ദം കേട്ടുവോ എന്ന് സംശയിച്ച് തിരിഞ്ഞുനോക്കി. പരിചിതമായ ആ ശബ്ദത്തിന്റെ ഉടമ സാവധാനം ട്രെയിനിൽ നിന്നും ഇറങ്ങിവരുന്ന കാഴ്ച കൊടും വേനലിലെ മഴ പോലെ കുളിരുള്ളതായിരുന്നു. ആഹ്ലാദത്തോടെയും തിടുക്കത്തോടെയും ഞാനവളുടെ അടുക്കലേക്കു നടന്നു. ആൾക്കൂട്ടത്തിൽ നഷ്ടപ്പെട്ട കുഞ്ഞിനെ കണ്ടെത്തിയ അമ്മയുടെ ആശ്വാസമായിരുന്നു എന്റെ ഹൃദയത്തിലപ്പോൾ.
എയ്ഞ്ചലിൻ ആളാകെ മാറിയിരിക്കുന്നു. സ്ഥൂലിച്ച അവളുടെ ശരീരം വല്ലാതെ ചടച്ചുപോയിരിക്കുന്നു. ചുവന്ന ജംബറിനു പകരം വെള്ളനിറത്തിലുള്ള ഒരു ടോപ്പാണ് അവൾ ധരിച്ചിരുന്നത്. വർണ്ണപ്പകിട്ടാർന്ന നീളൻപാവാട നല്ല ചേർച്ചയുള്ളതായി തോന്നി. മുഖം വീണ്ടും കുട്ടിത്തം പ്രാപിച്ചപോലെ. പിച്ചവെക്കുന്ന കുട്ടികളെപ്പോലെയാണ് അവൾ നടന്നത്. കൈയിലെ ഭാരങ്ങളെല്ലാം ലഘൂകരിച്ചിരിക്കുന്നു. പഴയ ഷോപ്പിംഗ് ബാഗുകളിൽ ഒന്നുമാത്രമേ ഇപ്പോൾ കൈയിൽ കാണാനുള്ളു. എയ്ഞ്ചലിനിൽ വന്ന മാറ്റം എന്നെ അത്ഭുതപ്പെടുത്തി. അത്രമാത്രമുണ്ടായിരുന്നു ആ രൂപമാറ്റം.
തലേദിവസത്തെ അന്വേഷണത്തെക്കുറിച്ച് പറയുന്നതിനോടൊപ്പം തന്നെ ഞാൻ കൂട്ടിച്ചേർത്തു, “നീ വല്ലാതെ മെലിഞ്ഞുപോയിരിക്കുന്നു.” അവൾ നിഷ്കളങ്കതയോടെ ചിരിച്ചു. പിന്നെ ചോദിച്ചു, “മെലിഞ്ഞിരിക്കുന്നതല്ലേ നല്ലത്.?”
“അതെ”. ഞാൻ പ്രതിവചിച്ചു. “പക്ഷെ മെലിച്ചിൽ ആരോഗ്യകരമായിരിക്കണം. ഇത് വായു പോയ ബലൂൺ പോലുണ്ട്.” അതുകേട്ട അവളുടെ ചിരിയിൽ ദുഃഖം ഖനീഭവിച്ചിരുന്നു.
കൈയിൽ കരുതിയിരുന്ന ക്രിസ്തുമസ്സ് സമ്മാനം ആശംസകളോടെ ഞാനവൾക്ക് നീട്ടി. പിന്നീടു മാത്രമേ തുറന്നുനോക്കാവൂ എന്നാവശ്യപ്പെട്ടു. അവൾ നന്ദിപറഞ്ഞു. പിരിയുവാൻ നേരം ഞാൻ പറഞ്ഞു, “ആരോഗ്യം സൂക്ഷിക്കണം.”
മടക്കയാത്രയിൽ ഞാൻ എന്നോടുതന്നെ ചോദിച്ചു, ഈ സ്ത്രീ തനിക്കാരാണ് ?… ഭാഷ, തൊലി, നിറം, സംസ്ക്കാരം എല്ലാം വ്യത്യസ്തമായ അന്യരാജ്യക്കാരിയായ ഒരു സ്ത്രീയോട് എനിക്കെന്തേ ഇതുപോലൊരു വൈകാരികഭാവം?. നീണ്ട ഒരു കാലയളവിൽ ഞാനവളെ കണ്ടുകൊണ്ടേയിരിക്കുന്നു. സഹയാത്രികരിൽ ആരും തന്നെ അവളെ ശ്രദ്ധിക്കുന്നതായി പോലും തോന്നിയിട്ടില്ല. അലസമായ തിരപോലെ ഒഴുകിവരികയും അപ്രത്യക്ഷമാകുകയും ചെയ്യുന്ന ആൾക്കൂട്ടത്തിനിടയിൽ അവളും ഒരു കണിക മാത്രം !.
പരിഷ്കൃതവേഷങ്ങളുടെ കാപട്യം നിറഞ്ഞ പുഞ്ചിരിയും, ഉപ്പൂറ്റി ഉയർത്തിയ ആധുനിക മെതിയടികളുടെ കുളമ്പടി ശബ്ദവും നിറഞ്ഞ ഈ ലോകത്തിൽ പുറംപൂച്ചിന്റെ പെരുപ്പിക്കലുകൾക്കപ്പുറം സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും കാതൽ ഞാനെങ്ങും കണ്ടെത്തിയിരുന്നില്ല.
എന്നിൽ ഊറിക്കൂടിയിരിക്കുന്ന വികാരം സഹതാപമാണോയെന്ന് ഞാൻ വീണ്ടും ആരാഞ്ഞുനോക്കി. സഹതാപം സ്നേഹത്തിൽ നിന്നും ത്യാഗത്തിൽ നിന്ന്ഉം ധ്രുവങ്ങൾ അകലെയാണെന്ന് ഞാൻ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു.
എന്റെ മനസ്സ് എന്നോടു ചോദിച്ചു, അവൾ നിന്റെ സഹജീവിയല്ലേ?….നിന്റെ സഹോദരിയല്ലേ? അവളുടെയും നിന്റെയും സിരകളിലൂടെയൊഴുകുന്ന രക്തം വ്യത്യസ്തമാണോ? ഒരേ നിറവും ഒരേ ചേരുവകളുമല്ലേ അതിൽ അടങ്ങിയിരിക്കുന്നത്? അവളുടെ ചിന്തയും നിന്റെ ചിന്തയും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഒരേ മൂലവസ്തു കൊണ്ടല്ലേ? പിന്നെ എവിടെയാണ് വ്യത്യാസം? വാമൊഴിയിലും നിറത്തിലുമോ?? മനുഷ്യകുലത്തിന്റെ ആദിമുത്തശ്ശനും മുത്തശ്ശിയും ആദവും ഹവ്വയുമാണെന്നിരിക്കെ നീയും അവളും വംശവൃക്ഷത്തിന്റെ ഉപശാഖകളിലെ പുതുനാമ്പുകൾ മാത്രമല്ലേ?
കുലവർദ്ധനവിന്റെ ബാഹുല്യത്തിൽ അകന്നുപോയ തലമുറകൾ കാലാന്തരത്തിൽ ഭൂമിക്കു കീഴെയും മുകളിലുമായി പിറവികൊണ്ടു. സൂര്യതാപനത്തിന്റെ ഏറ്റക്കുറച്ചിലിൽ തൊലിയുടെ നിറം വെളുപ്പും, തവിട്ടും, കറുപ്പുമായി രൂപാന്തരപ്പെട്ട് നവീനഭാവങ്ങൾ ആർജിച്ചു. എല്ലാം ഒരേ ബിന്ദുവിൽ നിന്നാരംഭിച്ച് അതേ ബിന്ദുവിൽ അവസാനിക്കുന്നു. തുടക്കവും ഒടുക്കവും എല്ലാം ഒരിടത്തുതന്നെ. വ്യത്യാസം ഉണ്ടെന്നത് തോന്നൽ മാത്രം. ‘അഹം’ ബോധത്തിന്റ മൂലവസ്തുവായ ‘തോന്നൽ’!.
കാടുകയറുന്ന ചിന്തകൾക്ക് മനഃപൂർവമായി വിരാമമിട്ടു. സ്വാർത്ഥത നിറഞ്ഞ ഈ ലോകത്തിൽ ഇത്തരം ചിന്തകൾ ഭോഷ്ക്കാണെന്നു മാത്രമേ വ്യാഖ്യാനിക്കപ്പെടൂ. ഡയറിയിൽ കുറിച്ചുവെക്കാൻ കൊള്ളാം. ഒഴുകുക… ജീവിതത്തിന്റെ താളത്തിനും താളഭംഗങ്ങൾക്കും ശ്രുതി ചേർത്ത് പാടിക്കൊണ്ട്…..
ആഴ്ചകളും മാസങ്ങളും പിന്നെയും കടന്നുപോയി. എയ്ഞ്ചലിനെ ട്രെയിനുകളിൽ ഇടയ്ക്കിടെ മാത്രമേ ഞാൻ കാണാറുള്ളു. കണ്ടുമുട്ടലിന്റെ ആവർത്തികൾ പിന്നെയും കുറഞ്ഞുകൊണ്ടേയിരുന്നു. ഒരിക്കൽ സ്ഥൂലിച്ചിരുന്ന അവളുടെ ശരീരം പിന്നെയൊരിക്കലും പഴയ രൂപം കൈക്കൊണ്ടില്ല.
ഒരുപടി മാത്രം താഴെയുള്ള പ്ലാറ്റ് ഫോമിലേക്ക് ഇറങ്ങാൻ ബദ്ധപ്പെടുന്ന എയ്ഞ്ചലിനെ ഒരുദിവസം ഞാൻ കണ്ടു. സഹായം നൽകാനായി നീട്ടിയ എന്റെ കരങ്ങളിൽ കൃതജ്ഞതയോടെ അവൾ പിടിച്ചു. നീരുവീങ്ങിയ കാലുകളിൽ ഇപ്പോഴും പാദരക്ഷകളില്ല. ക്ഷണിക്കപ്പെടാത്ത അതിഥിയെപ്പോലെ കടന്നുവന്ന ചുമ ഇടയ്ക്കിടെ അവളെ അസ്വസ്ഥയാക്കി. ഞാൻ ചോദിച്ചു, “നിനക്ക് അസുഖം എന്തെങ്കിലും?” വിളറിയ ചിരിയോടൊപ്പമുള്ള മറുപടി പെട്ടെന്നുവന്ന ചുമയിൽ മുറിഞ്ഞുപോയി. ഞാനവളെ എന്റെ കരങ്ങളിൽ താങ്ങി, അടുത്തുകണ്ട ചാരുബെഞ്ചിൽ ഇരുത്തി. അവളെ എങ്ങനെ സഹായിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. കുടിക്കാൻ എന്തെങ്കിലും വേണോ എന്ന് ഞാനവളോട് ചോദിച്ചു. അവൾ നിഷേധത്തോടെ തല കുലുക്കുക മാത്രം ചെയ്തു.
എനിക്ക് അടുത്ത ട്രെയിനിലേക്ക് പോകാൻ സമയമായിരുന്നു. ഉപചാരവാക്കുകൾ പറഞ്ഞ് നടന്നകലുമ്പോൾ കഠിനമായ ചുമയുടെ ശബ്ദം അലകൾ പോലെ എന്റെ ചെവിയിൽ വീണ്ടും വന്നുപതിച്ചു.
ഹേമന്തത്തിലെ തെളിവുള്ള ഒരു ദിവസം. കുന്നിൻചെരുവിലുള്ള വീടിന്റെ മുറ്റത്തിരുന്നാൽ താഴ്വരയും എതിർവശത്തുള്ള മലനിരകളും കാണാം. പിച്ചവെച്ചു തുടങ്ങിയ മകളെയുമെടുത്ത് പുറത്തേക്കിറങ്ങി. കുളിർമയുള്ള കാറ്റിനോടൊപ്പം സ്വർണവർണ്ണമുള്ള അരുണകിരണങ്ങൾ മനസ്സിനും ശരീരത്തിനും ഊഷ്മളത പകർന്നു. മകളുടെ കൊഞ്ചൽ ആസ്വദിച്ചിരിക്കുമ്പോൾ തന്നെ മനസ്സ് ശീതകാലത്തിലെ പഴയ ട്രെയിൻ യാത്രയിലേക്ക് വീണ്ടും മടങ്ങിപ്പോയി. എയ്ഞ്ചലിൻ എന്ന സ്ത്രീയെ ആദ്യം കണ്ടതുമുതൽ പിന്നീടുള്ള ഓരോ സംഭവങ്ങളും ഒരു നാടകത്തിലെന്ന പോലെ അകക്കണ്ണിനു മുൻപിലൂടെ കടന്നുപൊയ്ക്കൊണ്ടിരുന്നു. അവളെ അവസാനമായി കണ്ട നിമിഷം ഓർത്തെടുക്കുവാൻ ശ്രമിച്ചു. അത് മാസങ്ങൾക്ക് മുൻപായിരുന്നു. സമ്മാനമായി കൊടുത്ത ട്രെയിനിന്റെ ചിത്രം മാറോടടുക്കിപ്പിടിച്ച് പ്ലാറ്റ്ഫോമിലൂടെ ട്രെയിനിനരികിലേക്ക് നടക്കുകയായിരുന്നു അവൾ. കുറച്ചുകൂടി മെലിഞ്ഞുപോയിരിക്കുന്നു അവൾ, പരിക്ഷീണയും. അന്ന് എയ്ഞ്ചലിനോട് സംസാരിക്കുവാൻ കഴിഞ്ഞില്ല.
പിന്നീടുള്ള ദിവസങ്ങളിൽ എന്റെ ഓരോ ട്രെയിനുകളിലും ഞാൻ എയ്ഞ്ചലിന്റെ സാന്നിധ്യം തിരഞ്ഞു. പക്ഷേ നിഷ്കളങ്കമായ ചിരിയോടു കൂടിയ ആ മുഖം വീണ്ടും ഒരിക്കല്ക്കൂടി എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടില്ല. ആ യാത്രക്കാരിക്ക് എന്തു സംഭവിച്ചു എന്ന് ഞാൻ പലപ്പോഴും വേപഥു പൂണ്ടു. അവളുടെ കാമുകനെ പിരിഞ്ഞിരിക്കുവാൻ ഒരിക്കലും അവൾക്കാവില്ലായിരുന്നല്ലോ. ഒരുപക്ഷെ പെട്ടെന്നൊരു നിമിഷത്തിൽ തന്റെ ബലഹീനതയെ തിരിച്ചറിഞ്ഞ് ട്രെയിൻയാത്ര അവൾ അവസാനിപ്പിച്ചിരിക്കുമോ? അതോ ശരീരത്തെ ചടപ്പിച്ച രോഗത്തിന്റെ തീവ്രത……? ഇല്ല, അത് സംഭവിക്കില്ല. അങ്ങനെ ചിന്തിക്കുവാൻ മനസ്സനുവദിച്ചില്ല. പതിവുപോലെ തന്റെ നിറചിരിയുമായി കൈയിൽ തൂക്കിയ ബാഗുകളുമായി അവൾ വീണ്ടും എന്റെ മുൻപിൽ പ്രത്യക്ഷപ്പെടുമെന്നു തന്നെ ഞാൻ ഇപ്പോഴും പ്രത്യാശിക്കുന്നു.
ആകാശം ചെറുതായി മേഘാവൃതമായി കഴിഞ്ഞിരിക്കുന്നു. ഘടികാരത്തിന്റെ സൂചി ഒരു മണിക്കൂർ മുന്നോട്ട് പോയത് അറിഞ്ഞതേയില്ല. അന്തരീക്ഷത്തിൽ നേരിയ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി. മകൾ കൈകളിലിരുന്ന് ഉറങ്ങിക്കഴിഞ്ഞു. താഴ്വരയിലേക്ക് വെറുതെ കണ്ണോടിച്ചു. ശൈത്യത്തിന്റെ വരവിനെ എതിരേല്ക്കാൻ ഇലകൾ പൊഴിച്ച് ദിഗംബരകളായി പാതയോരത്ത് നിരന്നുനില്ക്കുന്ന പോപ്ലാർ മരങ്ങളുടെ ചില്ലകളിൽ നിന്നും പെരുമ്പാമ്പിനെപ്പോലെ മലമുകളിലേക്ക് ഇഴഞ്ഞു കയറിപ്പോകുന്ന ഫയർ ബ്രേക്കുകളിൽ മിഴികൾ ഉടക്കിനിന്നു. ഗൂഢമായ ഒരു വിഷാദഭാവം മനസ്സിന്റെ കോണിലെവിടെയോ ഉറപൊട്ടിയൊഴുകി. ചാരുബെഞ്ചിൽ നിന്നും എഴുന്നേറ്റ് വീടിന്റെ മുൻവാതിലിനരികിലേക്ക് നടന്നു. ദൂരെ മരച്ചില്ലയിൽ നിന്നും ട്യൂയിയുടെ മധുരനാദം കേട്ടുവോ? ആകാംക്ഷയോടെ തിരിഞ്ഞു നോക്കി. പക്ഷേ ആ ഗാനം നിലച്ചുകഴിഞ്ഞിരുന്നു….