Malayalam Kambi Kathakal വൈദേഹി

വൈദേഹി
Vaidehi Author : അൻസാരി മുഹമ്മദ്‌ കെട്ടുങ്ങൽ
മനസ്സിൽ അസ്വസ്ഥയുടെ പെരുമ്പറ മുഴക്കം കൂടുതൽ ഉച്ചത്തിലായിരിക്കുന്നു..
ട്രെയിൻ എത്തിച്ചേരാൻ ഇനി അധികസമയമില്ല…
വരണ്ടുണങ്ങിയ ബജറ പാടത്തിന്റെ അകലെ നിന്നെങ്ങാനും “റാമിന്റെ” നിഴലാട്ടം കാണുന്നുണ്ടോയെന്നു നോക്കി ശ്രവൺഗോണ്ട റെയിൽവേ സ്റ്റേഷനിൽ പാതിമുഖം സാരിത്തലപ്പിനാൽ മറച്ചുപിടിച്ച് കാത്തുനിൽക്കുകയാണ് വൈദേഹി………..
മുന്നിൽ ജീവിതം പോലെ നോക്കെത്താദൂരം നീണ്ടുനിവർന്നു കിടക്കുന്ന റെയിൽപാളം…ഏതോ പുരാതന കാലത്തിന്റെ സ്മാരകം എന്നപോലെ ശ്രവണഗോണ്ട റെയിൽവേ സ്റ്റേഷനും……
ഭുവനേശ്വരിൽ നിന്നും സെക്കന്തരാബാദിലേക്ക് ആഴ്ചയിൽ മൂന്ന് ദിവസം മാത്രം കടന്നു പോകുന്ന ട്രെയിനിന്റെ ശ്രവണഗോണ്ടയിലെ ഏക സ്റ്റേഷൻ….
ആ ട്രെയിനിലാണ് തന്റെ പുതിയ ജീവിതത്തിന്റെ ഉദയവും ഇരുണ്ടജീവിതത്തിന്റെ അസ്തമയവും…
പരിചിതമായ ആരുടെയെങ്കിലും മുഖങ്ങൾ തന്നെ ശ്രദ്ധിക്കുന്നുണ്ടോ?…
ഉണ്ടാകാനിടയില്ല ആറുവർഷത്തെ ഇടവേളയിൽ തന്റെ മുഖം തിരിച്ചറിയുന്നവർ ചുരുക്കമായിരിക്കും…..
ഓർമിക്കാനും, ഓർത്തെടുക്കാനും ഇഷ്ടപ്പെടാത്ത
അഡിഗമഠത്തിന്റെ നാലുചുമരുകൾക്ക് ഇടയിൽ സ്വപ്നങ്ങളും മോഹങ്ങളും വികാരവും വിചാരവും എല്ലാം ഹോമിപ്പിക്കപ്പെട്ട ആറുവർഷത്തെ ഇരുളടഞ്ഞ ജീവിതത്തിനോട് വിടപറയാൻ ഇനി ഏതാനും നിമിഷങ്ങൾ മാത്രം……
സീമാന്ധ്രയിലെ
കിഴക്ക് ഗോദാവരി ജില്ലയിലെ ഐതരീയ അഡിഗ മഠം…..
വിദ്യാസമ്പന്നരും സമൂഹത്തിൽ ഉയർന്ന സ്ഥാനങ്ങൾ അലങ്കരിക്കുന്നവരുമായ അഡിഗ മഠത്തിലുള്ളവർ വിശ്വാസത്തിലും ആചാരങ്ങളിലും ഒരു കടുകുമണിക്ക് പോലും മാറ്റം ഉൾക്കൊള്ളാൻ കഴിയാത്ത കാർക്കശ്യം മുറുകെ പിടിക്കുന്ന യാഥാസ്ഥിതികരായിരുന്നു
ബ്രിട്ടീഷ്‌ ഇന്ത്യൻ പ്രസിഡൻസിയിലെ മദ്രാസ് ഹൈകോർട്ടിനെ വിറപ്പിച്ച ബാരിസ്റ്റർ “സീതാരാമനാരായണ അഡിഗയുടെ പേരമകൾ വൈദേഹി”…..
അഡിഗ സമുദായത്തിലെ സ്ത്രീകൾ സുമംഗലി ആയിരിക്കുമ്പോൾ ദേവതകളേക്കാൾ സ്ഥാനമാണ്
സമൂഹത്തിലും മഠത്തിലും.
വിവാഹത്തിന്റെ നിറഭേദങ്ങൾ ആസ്വദിക്കും മുൻപ് വിധവയായി അഗ്രഹാരത്തിന്റെ ഇരുട്ടറയിലേക്ക്‌ നടതള്ളുമ്പോൾ കേവലം
പത്തൊമ്പത് വയസ്സയിരുന്നു തന്റെ പ്രായം..

ഈശ്വരന്റെ ആയുസ്സിന്റെ കണക്കുപുസ്തകത്തിലെ പ്രാണന്റെ അക്കങ്ങൾക്ക് ഒരു ചെറിയ തെറ്റുപറ്റി പ്രിയതമൻ നഷ്ട്ടപെട്ടു പോകുന്ന അഡിഗ സ്ത്രീ തലമുണ്ഡനം ചെയ്ത് ചന്ദന നിറമുള്ള പഴയ വസ്ത്രം ധരിച്ചും വികാരങ്ങളെയും വിചാരങ്ങളെയും അടക്കി നിർത്താൻ എന്ന പേരിൽ ഇഷ്ടപ്പെട്ട പലതിനെയും നിർബന്ധപൂർവ്വം ഉപേക്ഷിപ്പിച്ചും.. ഉപ്പില്ലാത്ത ഭക്ഷണം കഴിച്ചും. ഒരു പുതപ്പ് പോലും ഇല്ലാതെ വെറും തറയിൽ കിടന്നുള്ള ഉറക്കവും..മരം കോച്ചുന്ന പുലർകാലങ്ങളിൽ പോലും സൂര്യോദയത്തിന് നാഴികക്കൾക്ക് മുമ്പേ ഉണർന്നു തണുത്ത ജലത്തിൽ കുളിച്ചു കൊണ്ട് ശരീരത്തെ വികാരങ്ങളിൽ നിന്നും മോചിപ്പിച്ചിരിക്കണം.
അതായിരുന്നു സമുദായത്തിന്റെ കൽപന…
ആഘോഷനാളുകളിൽ അപശകുനമായി മാത്രം കണ്ട്‌ ഒറ്റപ്പെടുത്തുന്ന മനുഷ്യജന്മങ്ങൾ…
മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ മരണം എന്ന ശാപമോക്ഷവും കാത്തിരിക്കുന്ന ജീവച്ഛയം..അതായിരുന്നു അഡിഗ സ്ത്രീ….
“യാഥാസ്ഥിതികതയുടെ മാമൂലുകൾ കെട്ടിപ്പിടിച്ചിരിക്കുന്ന എല്ലാ സമൂഹങ്ങളും. അന്ധവിശ്വാസവും അനാചാരങ്ങളും നടപ്പിലാകാൻ ബലിയാടാകുന്നത് എപ്പോഴും സ്ത്രീ ജന്മങ്ങളിൽ മാത്രം ആയിരിക്കും”…..
സ്ത്രീയെ ദേവതയായി കാണുന്ന സമൂഹങ്ങൾ തന്നെ അവൾ വിധവയും നിരാലംബയുമായി മാറുമ്പോൾ.അവളുടെ സ്വപ്നങ്ങൾക്കോ വികാരങ്ങൾക്കോ ചിന്തകൾക്കോ ആ സമൂഹത്തിൽ യാതൊരു വിലയും കൽപ്പിക്കുന്നില്ല …….
ഉയർന്ന വിദ്യാഭ്യാസം നേടുക എന്ന തന്റെ ചിരകാല അഭിലാഷത്തിന്റെ മുകളിൽ കരിനിഴൽ പോലെ വൈധവ്യം എന്ന നാമം അടിച്ചേല്പിച്ചിരിക്കുന്നു……
ഈ നാലുചുമരിന്റെ ഉള്ളിൽ കത്തിത്തീരാനുള്ളതാണ് തന്റെ ജീവിതം എന്നു മനസ്സ് കൊണ്ട് ഉറപ്പിച്ചിരിക്കുമ്പോഴാണ് പ്രതീക്ഷയുടെ തിരിനാളവുമായി ശ്രവണഗോണ്ടയിലെ അഡിഗ മഠത്തിലേക്ക് അവൻ കടന്നുവരുന്നത്……
തലയിൽ വിപ്ലവചിന്തയും. ഹൃദയം നിറയെ നെരൂദയുടെ കവിതകളും ആരെയും ആകർഷിക്കുന്ന വ്യക്തിപ്രഭാവത്തിന്റെ ഉടമയുമായ.
“പ്രജാപതി രഘുറാം”
അടിയന്തരാവസ്ഥ കാലത്ത് ഒസ്മാനിയ യൂണിവേഴ്സിറ്റിയിലെ വിപ്ലവ വിദ്യാർത്ഥിപ്രസ്ഥാനങ്ങളുടെ അമരക്കാരൻ…
തന്റെ ചിറ്റപ്പന്റെ മകൻ വെങ്കിടേശ്വരിന്റെ സുഹൃത്തുക്കളായ റാമും
കേശവദേവും അഡിഗ സമുദായത്തിന്റെ കുലദേവതയുടെ ചാർഥ് ഉൽസവത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു……………………………………………..
“സ്വാതന്ത്ര്യം”..
ആറുവർഷത്തെ തുറന്ന ജയിൽ ജീവിതത്തിൽ അപൂർവ്വമായി പരോൾ ലഭിക്കുന്ന ചില നിമിഷങ്ങൾ..
“കുലദേവതയുടെ ചാർഥ് ഉൽസവം”………
ഈ വലിയ മഠവും താനും തനിച്ചാകുന്ന ദിവസം …

ഒന്ന് ഉച്ചത്തിൽ പൊട്ടിച്ചിരിക്കാൻ…. പൊട്ടിക്കരയാൻ…. അട്ടഹസിക്കാൻ… ഉച്ചത്തിൽ സംസാരിക്കാൻ ശുദ്ധവായു ശ്വസിക്കാൻ…..ആരും കാണാതെ ഇഷ്ടപ്പെട്ട മധുരപലഹാരങ്ങൾ കൊതിയോടെ കട്ടുതിന്നാൻ……
എല്ലാം ആസ്വദിക്കാൻ ലഭിക്കുന്ന അപൂർവ്വ നിമിഷങ്ങൾ…….
ഈ പകലിനെ വിട്ടുപിരിയാതെ സൂര്യാസ്തമയം സംഭവിക്കാതിരുന്നെകിൽ എന്ന്‌ ആശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ദിവസം……
പെട്ടന്ന് വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് വൈദേഹി ഞെട്ടിത്തരിച്ചു….
തന്റെ സ്വാതന്ത്രത്തിന്റെ സീമകളെ ലംഘിച്ചു കൊണ്ട് ആരായിരിക്കും ഇപ്പോൾ വന്നിരിക്കുന്നത്…
മനസ്സാ ശപിച്ചു കൊണ്ട് വൈദേഹി ജനൽപ്പാളിയുടെ ഒരു ജാലകം തുറന്നു…
പാതിമുഖം പോലും പുറത്തു കാണിക്കാതെ സാരിത്തലപ്പ് കൊണ്ട് മുഖവും തലയും മറച്ചു ജനൽപാളിയുടെ ഇടയിൽ നിന്നും വിളിച്ചു ചോദിച്ചു…
“ആരാ?..എന്തു വേണം”….
“ഞാൻ റാം വെങ്കിടിയുടെ സുഹൃത്താണ്‌ “…
“ഇവിടെ ആരുമില്ല.. എല്ലാവരും ചാർഥ് ഉൽസവത്തിൽ പങ്കെടുക്കാൻ പോയിരിക്കയാണ്‌”…..
“എനിക്ക് അറിയാം…..
ഞാൻ ചാർഥ് ഉത്‌സവം കാണാൻ വേണ്ടി വന്നതല്ല…….ഞാൻ വൈദേഹിയെ കണ്ടു സംസാരിക്കാൻ വേണ്ടി മാത്രം വന്നതാണ്”….
ഒരു നിമിഷം വൈദേഹി സ്തംഭിച്ചു പോയി…
“എന്നെ കാണുന്നതിനോ!”…
“അറിയാം എനിക്കെല്ലാം…. ഇരുളടഞ്ഞ ഈ അഗ്രഹാരത്തിന്റെ നാലുചുമരിന്റെ അകത്തളങ്ങളിൽ ഒടുങ്ങേണ്ടതല്ല വൈദേഹിയുടെ ജീവിതം”….
“ദേഹി നഷ്ട്ടപെട്ട വെറുമൊരു ദേഹം മാത്രമാണ് റാം ഞാൻ ഇപ്പോൾ…. നാളെയെന്ന പ്രതിക്ഷയോടെ ജീവിക്കുന്ന അഹല്യ പോലുമല്ല…മരണം എന്ന ശാപമോക്ഷം അല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല”………
“അതിരുകളില്ലാത്ത ഭൂമികയിൽ സ്ത്രീയെന്ന അവകാശത്തോടെ ജീവിക്കാൻ….നഷ്ട്ടപ്പെട്ടു എന്നു കരുതുന്ന സ്വപ്നം വീണ്ടെടുത്ത് സ്വയംപര്യപ്‌ത നേടിയ സ്ത്രീയായി വൈദേഹിക്ക് മാറാൻ കഴിഞ്ഞാൽ………
അഡിഗ സ്ത്രീയുടെ വിധിയെന്ന് സ്വയം വിലപിച്ചു കഴിയുന്ന മറ്റു വിധവകൾക്കും വൈദേഹിയിലൂടെ എഴുതപ്പെടുന്ന പുതിയചരിത്രത്തിലൂടെ ഒരു മാറ്റത്തിന് നിമിത്തമായാൽ!”….റാം പറഞ്ഞു നിർത്തി…
ഒരു നിമിഷത്തെ മൗനം ഭേധിച്ചു കൊണ്ട് വൈദേഹി പറഞ്ഞു……
“മതത്തിൻെറയും സമുദായത്തിന്റെയും ആചാരങ്ങളുടെ അതിർവരമ്പുകൾക്ക് അപ്പുറം ഒരു ലോകം അഡിഗ വിധവയുടെ സങ്കൽപ്പത്തിൽ പോലുമില്ല…ഈ ലോകവും ഇവിടത്തെ ഇരുട്ടുമായി ഞാൻ പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു റാം”…..
വൈദേഹിയുടെ മറുപടി കേട്ട് റാം ഒന്ന് ചിരിച്ചു…
“അബലയായ സ്ത്രീയെ സമൂഹത്തിന്റെ ഇരുട്ടറയിൽ തളച്ചിടാൻ പൗരുഷത്തിന്റെ വക്താക്കളാണ് തങ്ങൾ എന്ന് സ്വയം കരുതുന്നവർ പൗരോഹിത്യത്തെ കൂട്ടുപിടിച്ച് മൃഗത്തെ മനുഷ്യൻ ചാട്ട കൊണ്ട് ഭയപ്പെടുത്തുന്നത് പോലെ. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും മതം എന്ന ചാട്ട ഉപയോഗിച്ച് സ്ത്രീയിൽ അടിച്ചേൽപ്പിച്ച് അടിമയാക്കുന്ന സാമൂഹിക വ്യവസ്ഥിതിയെയാണ് ആദ്യം തൂത്തെറിയേണ്ടത്……
വൈദേഹി..നിങ്ങളായിരിക്കണം ആ മാറ്റത്തിന്റെ ആദ്യ തിരിനാളം തെളിയിക്കേണ്ടത് “…

“രക്ഷപ്പെടാൻ ഇതിലും നല്ല അവസരം ഇനിയില്ല…. എന്നിൽ വിശ്വാസം ഉണ്ടങ്കിൽ ശ്രവണഗോണ്ടയിൽ നിന്നും പുറപ്പെടുന്ന ട്രെയിനിൽ മൂന്നാമതൊരാൾ അത് വൈദേഹി ആയിരിക്കും”….
മൗനത്തിൽ നിൽക്കുന്ന വൈദേഹിയുടെ മനസ്സിൽ തന്നെക്കുറിച്ചുള്ള സംശയവും മറ്റുമാണെന്ന് ആ മുഖത്ത് നിന്നും വായിച്ചെടുക്കാൻ റാമിന് അധിക സമയം വേണ്ടിവന്നില്ല …
“പതിനേഴാം വയസ്സിൽ വൈധവ്യപരിവേഷം നൽകി ഇരുട്ടിന്റെ ആത്മാവിനെ നിർബന്ധപൂർവ്വം തന്റെ സഹോദരിയിൽ സമുദായം അടിച്ചേല്പിക്കുമ്പോൾ നരകതുല്യമായ ആ ജീവിതം അന്ന് കണ്ടു നിൽകാൻ മാത്രമേ ഹതഭാഗ്യനായ എനിക്ക് കഴിഞ്ഞിരുന്നുള്ളൂ”…
തന്റെ മനസ്സിൽ റാമിനെ കുറിച്ചുള്ള നൂറായിരം സംശയങ്ങൾക്കും ചോദ്യങ്ങൾക്കുമുള്ള ഉത്തരമായിരുന്നു ആ വാക്കുകളിലൂടെ വൈദേഹിക്ക് ലഭിച്ചത്…
തന്റെ സ്വപ്നങ്ങൾക്ക് ചിറക് വിടർത്തി പറക്കാൻ സമയം ആയിരിക്കുന്നു…
“പിറകെ വരുന്ന പക്ഷിക്കൂട്ടങ്ങൾക്ക് വഴിയൊരുക്കാൻ മുന്നേ പറക്കേണ്ട ഉത്തരവാദിത്വം താൻ ഏറ്റെടുക്കേണ്ടിയിരിക്കുന്നു”…
“ഈ ഉദ്യമത്തിൽ ചിലപ്പോൾ ഞാൻ ചിറകറ്റു വീണിരിക്കാം… എന്നിരുന്നാലും മാറ്റത്തിന്റെ കാഹളം അഡിഗ സമുദായത്തിന്റെ യഥാസ്ഥികതയുടെ ദന്തഗോപുരങ്ങളിൽ ഒരു ചെറിയ പ്രതിധ്വനി സൃഷ്ടിക്കാൻ കഴിഞ്ഞാൽ അതിന്റെ പരിണിത ഫലമായി ഒരു അഡിഗ സ്ത്രീയെങ്കിലും അനാചാരത്തിന്റെയും അന്ധവിശ്വാസത്തിന്റെയും മതിൽക്കെട്ടുകൾ തകർത്തു കൊണ്ട് പുതുലോകത്തേക്ക് എത്തിച്ചേർന്നാൽ താൻ ധന്യയായി”…..
വൈദേഹിയിൽ നിന്നും കേട്ടവാക്കുക്കൾ റാമിനെ കൂടുതൽ ആവേശഭരിതനാക്കി…..
“എങ്കിൽ പുറപ്പെടാൻ തയ്യാറായിക്കൊള്ളൂ….
ചാർഥ് ഉത്സവത്തിന്റെ മൂന്നാംനാൾ നമ്മൾ ശ്രവണഗോണ്ടയോട് വിടപറയും”…….
എല്ലാം നമ്മൾ ആസൂത്രണം ചെയ്യ്ത പോലെ തന്നെ നടക്കും…. ഒന്നും വെങ്കിടി അറിഞ്ഞിട്ടില്ല.. അറിയിക്കുകയും വേണ്ട”………………………………………………………
ചാർഥ് ഉത്സവത്തിന് എല്ലാവരും പോയതുകൊണ്ട് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല മഠത്തിന്റെ പുറത്തേക്ക് ഇറങ്ങുന്നതിന്…
ആറുവർഷത്തെ ഇടവേളക്ക് ശേഷം തന്റെ വർണ്ണനിറങ്ങൾ ചാലിച്ച സാരി ഉടുത്തപ്പോൾ ഒരു നിമിഷം അറിയാതെ ആ കണ്ണാടിക്ക് മുന്നിൽ നിന്നു പോയി….അറിയാതെ ആ കണ്ണുകൾ നിറഞ്ഞു തുളുമ്പി
“കാലത്തിന് നിർബന്ധപൂർവ്വം ദാനം നൽകിയ ആറുവർഷങ്ങൾ”………
നഷ്ടപ്പെടുത്താൻ തന്റെ കൈയിൽ സമയമില്ല ട്രെയിൻ വരുന്നതിന് മുൻപ് സ്റ്റേഷനിൽ എത്തിച്ചേരണം…………………………………………………
അകലെ നിന്നും ചിന്നം വിളിച്ചു മദമിളകി മദിച്ചു വരുന്ന ഒറ്റയാനെ പോലെ ട്രെയിനിന്റെ ചൂളംവിളി കേട്ടപ്പോൾ നിറമില്ലാത്ത ഓർമകളിൽ നിന്നും വൈദേഹി ഞെട്ടിയുണർന്നു……..
റാം… അവനെ കാണുന്നില്ലല്ലോ..
പെരുമ്പറ പോലെ നെഞ്ചിടിക്കുന്നു…