സ്നേഹഭൂമി

സ്നേഹഭൂമി
Snehabhoomi Malayalam Story BY Sunil Tharakan – www.kadhakal.com

‘പാഠം മൂന്ന്‌, ഓണം.
ഓണം കേരളീയരുടെ ദേശീയ ഉത്സവമാണ്‌.
ഓണം ചിങ്ങ മാസത്തിലെ തിരുവോണ നാളിലാണ്‌ ആഘോഷിക്കപ്പെടുന്നത്‌.’
മുൻവശത്തെ അഴിയിട്ട വരാന്തയുടെ അറ്റത്തായി കുറുകെ ഇട്ടിരിക്കുന്ന പഴയ മേശയുടെ പുറത്ത്‌ ചമ്രം പടിഞ്ഞിരുന്ന്‌ മാത്തുക്കുട്ടി മലയാളപാഠം വായിക്കുകയായിരുന്നു. അപ്പോഴാണ്‌ അപ്പുറത്തെ വീട്ടിലെ ഹാജിറുമ്മായുടെ താറാവിന്റേതുപോലുള്ള പരുക്കൻശബ്ദം സാധാരണയിലും ഉച്ചത്തിൽ അവരുടെ മുറ്റത്തു നിന്നും അവൻ കേട്ടത്‌. പുസ്തകത്തിൽ നിന്നും ശ്രദ്ധ തിരിച്ച്‌ മാത്തുക്കുട്ടി തല ഉയർത്തി നോക്കി. ഹാജിറുമ്മ അവരുടെ മുറ്റത്തു നിന്നും തന്റെ വീട്ടിലെ കോഴികളെ ആട്ടിപ്പായിക്കുന്നതിന്റെ ഒച്ചപ്പാടാണ്‌ .

“അയ്യയ്യോ… ഈ ഹറാംപിറന്ന കോഴികളെക്കൊണ്ട്‌ ഞാൻ തോറ്റല്ലോ എന്റെ പടച്ചോനെ. നിർമ്മലേ.. നിർമ്മലേ.. ദാ നോക്ക്‌, മുറ്റമടിച്ചു വാരിയിട്ടു അഞ്ചു നിമിഷം പോലുമായിട്ടില്ല. അപ്പോഴേക്കും കോഴീം കുട്ട്യോളും അവിടെയെല്ലാം തൂറി വൃത്തികേടാക്കിയല്ലോ.. ഇവറ്റകളെ ഞാനിന്നു കൊത്തിയരിഞ്ഞു സൂപ്പുണ്ടാക്കും.”
പുരയുടെ മൂലയിൽ ചാരിവെച്ചിരുന്ന കുറ്റിച്ചൂൽ കൈയ്യിലെടുത്ത്‌ ഹാജിറാത്ത കോഴികളുടെ പിന്നാലെ പാഞ്ഞു.
“പോ..പോ.. ആശ്രീകരങ്ങള്‌ .. തൂറാൻ മാത്രമായി മുറ്റത്തേക്ക്‌ ഓടി വരും..”
ഹാജിറാത്തയുടെ ഹാലിളക്കത്തിൽ അന്തംവിട്ട തള്ളക്കോഴി കൊത്തിപ്പിരിക്കാറായ കുഞ്ഞുങ്ങളേം കൊണ്ട്‌ ‘ഈ ആയമ്മക്ക്‌ ഇതെന്തിന്റെ കേടാ’ എന്ന ഭാവേന കോ.. കൊക്കോ.. കോ എന്ന്‌ അനിഷ്ടം പ്രകടിപ്പിച്ചു കൊണ്ട്‌ അടുത്ത പറമ്പിലേക്ക്‌ ഓടിയും പറന്നും രക്ഷപെട്ടു.

“അമ്മേ…അമ്മേ…”
മാത്തുക്കുട്ടി അടുക്കളയിലേക്കു നോക്കി നീട്ടിവിളിച്ചു. മാത്തുക്കുട്ടിയെ സ്കൂളിൽ അയക്കുവാനുള്ള തിരക്കുകളുമായി അടുക്കളയിലായിരുന്ന അമ്മ നിർമ്മല അവന്റെ വിളി കേട്ട്‌ ഉമ്മറത്തേക്ക്‌ വന്നു.
“എന്താടാ ഒച്ച വെക്കണത്‌ ?”.
“ദാ അങ്ങോട്ട്‌ നോക്ക്‌”.
ഹാജിറാത്ത നിന്ന ദിക്കിലേക്കായി വിരൽ ചൂണ്ടിക്കൊണ്ട്‌ അവൻ പറഞ്ഞു. കൈയ്യിൽ ചൂലുമായി കലിതുള്ളി നില്ക്കുന്ന ഹാജിറാത്തയെ കണ്ടപ്പോൾത്തന്നെ നിർമ്മലക്കു കാര്യം പിടികിട്ടി. ചുണ്ടിൽ അമളി പറ്റിയ ഒരു ചിരിയുമായി അവൾ മുറ്റത്തേക്കിറങ്ങി. നിർമ്മലയെ കണ്ട മാത്രയിൽ ഹാജിറാത്ത പരാതിയുടെ കെട്ടഴിച്ചു.
“നോക്ക്‌ നിർമ്മലെ, നിന്റെ കോഴികളെല്ലാം കൂടി എന്റെ മുറ്റം എത്ര വൃത്തികേടാക്കീന്ന്‌. അടിച്ചു വാരീട്ടു പത്തു നിമിഷം പോലും ആയിട്ടില്ല. തൂത്തുവാരിയ മുറ്റത്ത്‌ മാത്രമേ അവറ്റകൾ തൂറൂന്ന്‌ നോമ്പ്‌ നോറ്റ മട്ടാ”. ഒറ്റശ്വാസത്തിൽ ഇത്രേം പറഞ്ഞുകൊണ്ട്‌ വാക്യത്തിന്‌ അവർ ധൃതിയിൽ ഒരു പൂർണവിരാമമിട്ടു.
“ഞാനിവറ്റകളെ ഇപ്പൊ കൂടഴിച്ചു വിട്ടതേയുള്ളല്ലോ എന്റെ കർത്താവേ. എല്ലാം കൂടി അങ്ങോട്ടാ പാഞ്ഞു വന്നത്‌?. ആ ഉസൈൻകുട്ടിക്കാക്ക ഈ വഴിയെങ്ങാനും വന്നിരുന്നെങ്കിൽ ഒക്കെത്തിനേം പിടിച്ചു കൊടുത്തേക്കാമാരുന്നു”.
നിർമ്മല സ്വയം പതം പറഞ്ഞു. കോഴിക്കാഷ്ടം കോരിക്കളയുന്നതിനായി തൊടിയിൽ നിന്നും രണ്ടുമൂന്നു പഴുത്ത പ്ലാവിലകൾ പെറുക്കിയെടുത്തുകൊണ്ടവൾ ഹാജിറാത്തയുടെ മുറ്റത്തേക്ക്‌ നടന്നു.
“കോഴിച്ചെടി ഞാൻ കോരിക്കളയാം ഹാജിറാത്ത”. അവൾ പറഞ്ഞു. കോഴികളോടുള്ള കലി കുറച്ചൊന്നടങ്ങിയ ഹാജിറാത്ത മൂക്കിൻതുമ്പത്തെ വലിയ കറുത്ത മറുകിൽ ചൂണ്ടാണി വിരൽ കൊണ്ട്‌ ചെറുതായൊന്നു ചൊറിഞ്ഞുകൊണ്ട്‌ മേനി പറഞ്ഞു.
“വേണ്ട നിർമ്മലേ ഞാൻ തന്നെ കോരിക്കളഞ്ഞോളാം”. നിർമ്മല പക്ഷെ സമ്മതിച്ചില്ല. ഇലകളിൽ തോണ്ടിയെടുത്ത കോഴിക്കാഷ്ടം പറമ്പിൽ നില്ക്കുന്ന വാഴയുടെ ചുവട്ടിൽ നിക്ഷേപിക്കാനായി അവൾ തിരിഞ്ഞു നടക്കുമ്പോൾ ഹാജിറാത്ത ചോദിച്ചു,
“ജെയിംസ്‌ ഇന്നലേം കുടിച്ചിട്ടാണ്‌ വന്നത്‌ അല്ലേ നിർമ്മലേ? ആ മാപ്പിള നന്നാവൂന്നു തോന്നണില്ല.” ചോദ്യത്തോടൊപ്പം ഒരു പ്രസ്താവന കൂടി മേമ്പൊടിയായി ഇരിക്കട്ടെ എന്ന്‌ കരുതി അവർ പറഞ്ഞു.
കോഴിക്കാഷ്ടം വാഴച്ചുവട്ടിലേക്ക്‌ എറിഞ്ഞുകൊണ്ട്‌ വിളറിയ ഒരു ചിരി മാത്രം മറുപടിയായി നൽകി നിർമ്മല ആ ചോദ്യത്തിൽ നിന്നും ഒഴിഞ്ഞുമാറി. “മാത്തൂട്ടിക്കു സ്കൂളിൽ പോകാൻ സമയമായിത്താ, ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ”. ധൃതിയിൽ വീട്ടിലേക്കു നടക്കുന്ന നിർമ്മലയോടായി ഹജിരാത്ത പിന്നെയും പിന്നിൽ നിന്ന്‌ പറഞ്ഞു,
“ഇന്നലെ കുത്തിച്ച നെല്ലിന്റെ തവിട്‌ തണ്ടികയിൽ ഇരിപ്പുണ്ട്‌. നീ അതെടുത്തു കുറച്ചാ കോഴികൾക്ക്‌ കുഴച്ചുവെച്ച്‌ കൊടുക്ക്‌. അവറ്റകളുടെ വയറ്റിലെ കത്തലൊന്നു കുറയട്ടെ.“

ടൗണിന്റെ തിരക്കിൽ നിന്നും വേറിട്ടു നില്ക്കുന്ന, എന്നാൽ മുനിസിപ്പാലിറ്റിയുടെ തന്നെ ഭാഗമായ പ്രകൃതിരമണീയമായ ഒരു പ്രദേശമായിരുന്നു അത്‌. ഹാജിറാത്ത യുടെ ഭർത്താവ്‌ സുലൈമാൻ സാഹിബ്‌ വാടകയ്ക്ക്‌ കൊടുക്കുവാനായി പണിത ഒറ്റമുറി വീട്ടിലാണ്‌ മാത്തുക്കുട്ടിയും അപ്പയും അമ്മയും താമസിച്ചുപോന്നത്‌. സാഹിബിന്റെ വീടും ഈ വാടകവീടിനോട്‌ ചേർന്നുതന്നെയായിരുന്നു. പ്രധാന റോഡിൽ നിന്നും ശാഖയായി പിരിയുന്ന മറ്റൊരു ടാറിട്ട റോഡായിരുന്നു ഈ രണ്ടു വീടുകളുടെയും മുറ്റത്തിന്റെ അതിർത്തി. റോഡിന്റെ ഇരുവശങ്ങളിലുമായി വേറെയും ധാരാളം വീടുകൾ ഒറ്റയും തെറ്റയുമായി ഇടം പിടിച്ചിരുന്നു.
സുലൈമാൻ സാഹിബിനെ ‘സായിപ്പ്‌’ എന്നാണ്‌ നാട്ടുകാർ എല്ലാവരും വിളിച്ചിരുന്നത്‌. കാലപ്പഴക്കത്തിൽ സാഹിബ്‌ സായിപ്പായി മാറുകയാണ്‌ ചെയ്തത്‌. അദ്ദേഹത്തിന്റെ മുൻതലമുറക്കാർ വടക്കേഇന്ത്യയിൽ നിന്നും കേരളത്തിലേക്ക്‌ കച്ചവട സംബന്ധമായി കുടിയേറിപ്പാർത്ത പട്ടാണികളായിരുന്നു. ഉറുദു കലർന്ന ഹിന്ദിയാണ്‌ അവർ വീട്ടിൽ സംസാരിച്ചിരുന്നത്‌. മലയാളം ഒരു തരത്തിൽ അവർക്കു രണ്ടാം ഭാഷയായിരുന്നു എന്നുവേണം പറയാൻ. പുറത്തുള്ളവരോട്‌ സംസാരിക്കാൻ മാത്രമാണ്‌ അവർ മലയാള ഭാഷ ഉപയോഗിച്ചത്‌ .

നീണ്ടു നിവർന്ന്‌, വലിയ ബാഹുക്കളോടു കൂടിയ സായിപ്പിനെ അയൽവാസികൾക്കും നാട്ടുകാർക്കും ഒരുപോലെ ആദരവും ബഹുമാനവുമായിരുന്നു. ആരുടേയും ഏതാവശ്യങ്ങളുടെയും മുഖത്ത്‌ സായിപ്പിന്റെ സാന്നിധ്യവും സഹായവും ആവശ്യപ്പെടാതെ തന്നെ ലഭിച്ചിരുന്നു. നിർമ്മലയും ഭർത്താവും സായിപ്പിന്റെ വീട്ടിൽ താമസം തുടങ്ങിയതിനു ശേഷമാണ്‌ അവർക്ക്‌ മാത്തുക്കുട്ടി ജനിച്ചത്‌. അതുകൊണ്ടു തന്നെ സ്വന്തം കുട്ടികളോടെന്നപോലെ സായിപ്പിന്‌ അവനോടു വാത്സല്യമായിരുന്നു. ഉമ്മറത്തെ മേശപ്പുറത്തിരുന്നു ഗൃഹപാഠം ചെയ്യൂന്ന മാത്തുക്കുട്ടിയെ കാണുമ്പോഴൊക്കെയും അവന്റെ കൊഞ്ചിയുള്ള മറുപടി കേൾക്കുവാൻ വേണ്ടി സായിപ്പ്‌ അവനോട്‌ എന്തെങ്കിലും കുശലം ചോദിക്കും, അതൊരുപക്ഷെ ഇങ്ങനെയാകും.
”മാത്തൂട്ടി എന്തൊക്കെയുണ്ട്‌ വിശേഷങ്ങൾ? മോൻ നന്നായി പഠിക്കുന്നുണ്ടോ?“
”ഉവ്വ്‌ അബ്ബാ, ഞാനാണ്‌ ക്ലാസില്‌ ഫസ്റ്റ്‌“. മാത്തുക്കുട്ടി സായിപ്പിനെ അദ്ദേഹത്തിന്റെ കുട്ടികൾ വിളിക്കുന്ന പോലെ അബ്ബാ എന്നാണ്‌ വിളിച്ചിരുന്നത്‌.
”കൊള്ളാം, മോൻ നന്നായി പഠിച്ചു വല്ല്യ കളക്ടറാവണം കേട്ടോ“.
”നിക്ക്‌ ഡോട്രാവാനാണിഷ്ടം അബ്ബാ. അമ്മയ്ക്കും ഞാൻ ഡോട്ട്രാവുന്നതാ ഇഷ്ടം.“
”ആങ്ൻഘ! അതും കൊള്ളാം. മാത്തൂട്ടി ഡോട്ടറാവുമ്പം അബ്ബായുടെ നെഞ്ചിലൊക്കെ കുഴലുവെച്ചു പരിശോധിക്ക്വോ “ ?.
”ഉം, അബ്ബാനേം ഹാജിറുമ്മാനേം എല്ലാവരേം ഞാൻ കുഴല്‌ വെച്ച്‌ പരിശോധിക്കും. പക്ഷേങ്കി സുബൈറിക്കാക്കയെ ഞാൻ ഊരേല്‌ വല്ല്യ സൂചി കൊണ്ട്‌ കുത്തിവെക്കും“. മുഖത്ത്‌ ഊറിവന്ന ചിരി മറച്ചുപിടിച്ചുകൊണ്ട്‌ സായിപ്പ്‌ ചോദിക്കും.
”അതെന്താ ഇക്കാക്ക മോനെ പോരുകുത്തിയോ?“.
”പോരുകുത്തിയില്ല. പക്ഷെ ഇക്കാക്ക എന്റെ ചായപ്പെൻസിലിന്റെ മൊന ഒടിച്ചുകളഞ്ഞു“.
”അത്‌ ഇക്കാക്ക അറിയാണ്ട്‌ പറ്റീതാരിക്കും. അബ്ബാ മോന്‌ രണ്ടു ചായപ്പെൻസിൽ വാങ്ങിത്തരാട്ടോ“.
സായിപ്പ്‌ അവനെ ആശ്വസിപ്പിക്കും. ആദ്യം മാത്തുക്കുട്ടി സന്തോഷത്തോടെ ഒന്ന്‌ മൂളും. പിന്നെ ചെറിയ ആലോചനയോടെ പറയും.
”അല്ലെങ്കിൽ വേണ്ട അബ്ബാ, അമ്മ അറിഞ്ഞാൽ എന്നെ വഴക്കുപറയും“. മാത്തുക്കുട്ടിയോട്‌ വർത്തമാനം പറഞ്ഞു കഴിയുമ്പോഴൊക്കെയും സായിപ്പിന്റെ മുഖത്ത്‌ ഊറിക്കൂടുന്ന ഒരു ചിരിയുണ്ടാകും. അംഗീകാരത്തിന്റെയും അഭിനന്ദനത്തിന്റെയും ചിരി.
”മാത്തൂട്ടി കുളിക്കാൻ വരൂ, സ്ക്കൂളിൽ പോകാൻ സമയമായി“. നിർമ്മല അടുക്കളയിൽ നിന്നും മാത്തുക്കുട്ടിയെ ഓർമ്മിപ്പിച്ചു. ”ദാ വരുന്നു അമ്മേ“. പുസ്തകം മടക്കി ബാഗിൽ വെച്ചുകൊണ്ട്‌ അവൻ പറഞ്ഞു. കൈകൾ പിന്നിൽ കുത്തി മേശപ്പുറത്ത്‌ നിന്നും ഊർന്നിറങ്ങി കിടപ്പുമുറിയിലൂടെ അടുക്കളയിൽ അമ്മയുടെ അടുക്കളയിലേക്കു നീങ്ങുമ്പോൾ പുതച്ചുമൂടി കൂർക്കം വലിച്ചുറങ്ങുന്ന പിതാവിനെ അവൻ വശത്തേക്ക്‌ ഒളികണ്ണിട്ടു നോക്കി. എന്നും രാത്രിയിൽ കുടിച്ചു പൂസായി വരുന്ന അപ്പയെ അവനു സ്നേഹമായിരുന്നോ ഭയമായിരുന്നോ എന്ന്‌ അവനു തന്നെ അറിയില്ലായിരുന്നു. അടുപ്പത്തേക്കാൾ അപരിചിതത്വം ആയിരുന്നു അവനു സ്വന്തം പിതാവിനോട്‌ തോന്നിയിരുന്ന വികാരം. അവന്‌ എല്ലാം തന്റെ അമ്മയായിരുന്നു .

മാത്തുക്കുട്ടിയുടെ ജനനം നിർമ്മലയുടെ ജീവിതത്തിലും വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു. ഭർത്താവിന്റെ മദ്യപാനശീലം നിമിത്തം കുടുംബവീട്ടിൽ നിന്നും വാടകവീട്ടിലേക്ക്‌ മാറിത്താമസിക്കേണ്ടി വന്നപ്പോൾ അവളാകെ നിരാശയും ദുഖിതയുമായിരുന്നു. മാത്തുക്കുട്ടി പിറന്നുവീണ്‌ അവന്റെ മുഖം ആദ്യം കണ്ട മാത്രയിൽത്തന്നെ അവൾ എല്ലാ ദുഖവും നിരാശയും താല്ക്കാലികമായിട്ടെങ്കിലും മറന്നു പോയിരുന്നു. ഇപ്പോൾ അവൻ വളർന്ന്‌ സ്കൂളിൽ പോയിത്തുടങ്ങിയിരിക്കുന്നു. അവൻ ജനിച്ച്‌ ആദ്യനാളിൽ അയൽപക്കത്തെ രമണിയേടത്തി കുട്ടിയെ കാണാൻ വന്ന സന്ദർഭം അവൾ ഇടയ്ക്കിടെ ഓർക്കും ,
“കുട്ടിയുടെ നാള്‌ നോക്കിയോ നിർമ്മലെ?” അവർ ചോദിച്ചു.
“ഇല്ല രമണിയേടത്തി. എന്തോ, നാളിലും നക്ഷത്രത്തിലുമൊന്നും എനിക്കത്ര വിശ്വാസം പോര.”
“എല്ലാത്തിലും കാര്യമുണ്ട്‌ നിർമ്മലെ. ജ്യോതിഷോം ഒരു ശാസ്ത്രല്ലേ. ഞങ്ങൾ ഹിന്ദുക്കൾക്ക്‌ ഇതിലൊക്കെ കുറച്ചു വിശ്വാസോം കാര്യങ്ങളുമുണ്ട്‌. കുറച്ചനുഭവങ്ങളും ഉണ്ടെന്നു കൂട്ടിക്കോളൂ. വീട്ടില്‌ കോകിലേടെ നാൾ പൂരാടമാ. കുട്ടി ജനിച്ചു ജാതകം പരിശോധിച്ചപ്പോഴേ അറിഞ്ഞു കുടുംബത്തിൽ കഷ്ടകാലമാണെന്ന്‌.