Kambi Malayalam Kathakal പ്രണയം

പ്രണയം
Pranayam by : സാംജി, മാന്നാര്‍

ആ കണ്ണുകളുടെ മാസ്മരികത..അതിന്റെ വശ്യത..! ഇത്ര അഴകുള്ള കണ്ണുകള്‍ ലോകത്ത് വേറൊരു പെണ്‍കുട്ടിക്കും കാണില്ല; ഉറപ്പാണ്. അവ ആ ബസിന്റെ ജനാലയിലൂടെ തന്നെ നോക്കിയ നോട്ടം! ആ ചെഞ്ചുണ്ടുകളില്‍ വിരിഞ്ഞ തൂമന്ദഹാസം! ഓര്‍ക്കുന്തോറും അരുണിന്റെ രോമകൂപങ്ങള്‍ എഴുന്നു നിന്നു. നാളിതുവരെ തന്നെ ഒരു പെണ്ണും പ്രേമിച്ചിട്ടില്ല. താന്‍ ഒരുപാടു പേരെ അങ്ങോട്ട്‌ മോഹിച്ചിട്ടുണ്ട് എങ്കിലും, അവര്‍ ആരും തന്നെ തിരിച്ച് ഒരു നോട്ടം പോലും പകരം തന്നിട്ടില്ല. പക്ഷെ ഇവിടെ താന്‍ അറിയാതെ തന്നെ ഒരു സുന്ദരി തന്നെ നോക്കിയിരിക്കുന്നു. അപ്രതീക്ഷിതമായി ബസിറങ്ങി വെറുതെ ഉള്ളിലേക്കൊന്നു നോക്കിയപ്പോഴാണ് ആ നീണ്ട കരിമിഴികള്‍ തന്റെ കണ്ണുകളുമായി ഇടഞ്ഞത്. ആദ്യം തനിക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല; പക്ഷെ ആ ചുണ്ടുകളില്‍ വിരിഞ്ഞ പുഞ്ചിരി കണ്ടതോടെ താന്‍ ഏഴാം സ്വര്‍ഗത്തിലേക്ക് ഒറ്റയടിക്ക് ഉയര്‍ന്നു. അങ്ങനെ അവസാനം ഒരു പെണ്‍കുട്ടി തന്നെ ഇഷ്ടപ്പെട്ടിരിക്കുന്നു! അതും അതിസുന്ദരിയായ ആരും മോഹിച്ചു പോകുന്ന സ്ത്രൈണ സൌന്ദര്യത്തിന്റെ മൂര്‍ത്തീഭാവമെന്നു വിളിക്കാവുന്ന ഒരു പെണ്ണ്.

എത്ര പേരെ, എത്ര പെണ്‍കുട്ടികളെ താന്‍ പ്രണയിച്ചിരിക്കുന്നു. പക്ഷെ ഒരാളും തന്നെ പ്രണയിച്ചിട്ടില്ല. പ്രണയം പോയിട്ട് നല്ലൊരു സൗഹൃദം പോലും തനിക്കാരും നല്‍കിയിട്ടില്ല. മരുഭൂമിയിലെ വേഴാമ്പല്‍ പോലെ തന്റെ മനസ് പ്രണയത്തിനായി എന്നും ദാഹിക്കുന്നുണ്ടായിരുന്നു. ആരോടായിരുന്നു ആദ്യാനുരാഗം മനസ്സില്‍ മൊട്ടിട്ടത്? മനസ് പിന്നിലേക്ക് സഞ്ചരിക്കുന്നത് അരുണ്‍ അറിഞ്ഞു. അത് അങ്ങ് സ്കൂള്‍ കാലഘട്ടത്തിലെ ഒരു സുന്ദരിയുടെ തുടുത്ത് സുന്ദരമായ മുഖത്തെത്തി നിന്നു.

അതെ..സുഷമ! അതായിരുന്നു അവളുടെ പേര്. തന്റെയൊപ്പം ഒമ്പതാം ക്ലാസില്‍ പഠിച്ചിരുന്ന വെളുത്ത് മെലിഞ്ഞ ശാലീന സുന്ദരിയായ പെണ്‍കുട്ടി. നെറ്റിയില്‍ ഒരു ചന്ദനക്കുറിയും കുങ്കുമപ്പൊട്ടും തൊട്ട് ഈറന്‍ മുടിയില്‍ തുളസിക്കതിരും ചൂടി വരുന്ന സുഷമ തന്റെ സ്വപ്നറാണിയായി മാറിയത് നൊടിയിടയിലാണ്. ആ നിമിഷം മുതല്‍ അവളെ താന്‍ സ്വന്തം ജീവനേക്കാള്‍ അധികം പ്രണയിച്ചു. അവളുടെ ചിരിയും കളിയും സംസാരവും എല്ലാം എത്ര കണ്ടാലും തനിക്ക് മതിവരുമായിരുന്നില്ല. ചിരിക്കുമ്പോള്‍ അവളുടെ മുഖത്ത് വിരിയുന്ന ആ നുണക്കുഴികള്‍; ആ കണ്ണുകളിലെ നിഷ്കളങ്കത. സുഷമ, നീ എന്റെ സ്വന്തമാണ്. നിന്നെ ഞാന്‍ വിവാഹം ചെയ്യും എന്നിട്ട് നമ്മള്‍ ഒരുമിച്ചു ജീവിക്കും. മനസ്സില്‍ പലതവണ സ്വയം പറഞ്ഞ് അരക്കിട്ടുറപ്പിച്ചു നിര്‍ത്തിയിരുന്ന തന്റെയാ തീരുമാനം പക്ഷെ താന്‍ മാത്രമല്ലാതെ അവളോ മറ്റാരെങ്കിലുമോ അറിഞ്ഞിരുന്നില്ല.

തന്റെ അനുരാഗലോലമായ മനസ്സ് സദാ അവളുടെയൊപ്പം വര്‍ണ്ണമനോഹരങ്ങളായ പൂക്കള്‍ വളര്‍ന്നിരുന്ന ഉദ്യാനങ്ങളില്‍ സഞ്ചരിച്ചു. തങ്ങള്‍ ഗാനങ്ങള്‍ ആലപിച്ചു പാറിപ്പറന്നു നടന്നു. രാത്രി സ്വപ്നങ്ങളില്‍ അവളൊരു മാലാഖയെപ്പോലെ ചിറകുകള്‍ വിരിച്ച് വരുന്നത് താന്‍ എത്രയോ തവണ കണ്ടിരിക്കുന്നു. ചിറകുകള്‍ ഉള്ള പക്ഷികളായി താനും അവളും വാനവിഹായസ്സിലൂടെ എവിടേക്കെല്ലാം സഞ്ചരിച്ചിരിക്കുന്നു. ക്ലാസിലെത്തി അവളുടെ ദര്‍ശനമാത്രയില്‍ത്തന്നെ തന്റെ ഹൃദയമിടിപ്പ്‌ വര്‍ദ്ധിക്കും. അവളോട്‌ പറയണം പറയണം എന്ന് പലവുരു മനസ്സില്‍ ഉറപ്പിച്ചെടുത്ത തീരുമാനം പക്ഷെ ഒരിക്കലും പ്രാവര്‍ത്തികമാക്കാന്‍ തനിക്ക് സാധിച്ചില്ല. അപകര്‍ഷതാബോധം കൂടെപ്പിറപ്പായ തനിക്ക് അവളോട്‌ ഒരിക്കലും മനസ് തുറക്കാനുള്ള ധൈര്യം ലഭിച്ചില്ല. അന്നും രാവിലെ സുഷമ ക്ലാസിലേക്ക് വരുമ്പോള്‍ അല്‍പ്പം പിന്നാലെ അവളെ മാത്രം നോക്കിക്കൊണ്ട് താനും ഉണ്ടായിരുന്നു. അവളെ കണ്ടു സംസാരിക്കാന്‍ മനസിന്‌ ശക്തി സ്വരൂപിച്ചു കൊണ്ട് താന്‍ നടക്കുന്നതിനിടെയാണ് ആ ശബ്ദം തന്റെ ചെവിയിലെത്തിയത്.

“ഹാപ്പി ബെര്‍ത്ത്‌ ഡേ സുഷമ..”

ചിരപരിചിതമായ ആ ശബ്ദം കേട്ട് ഞെട്ടലോടെ താന്‍ നോക്കുമ്പോള്‍ പത്തില്‍ പഠിക്കുന്ന റോഷന്‍ അവള്‍ക്ക് ഒരു റോസപ്പൂവ് നല്‍കുന്നു! നിറഞ്ഞ പുഞ്ചിരിയോടെ അവളത് വാങ്ങുന്നു! അവളുടെ പിറന്നാള്‍ ഇന്നാണ് എന്ന് ഇവനെങ്ങനെ അറിഞ്ഞു? തനിക്ക് പോലും അറിയില്ലയിരുന്നല്ലോ തന്റെ പ്രിയതമയുടെ ജന്മദിനം ഇന്നാണെന്ന്! എന്നിട്ടും മറ്റൊരു ക്ലാസില്‍ പഠിക്കുന്ന ഇവനെങ്ങനെ അതറിഞ്ഞു? റോഷന്‍! കാണാന്‍ സുന്ദരനും, സ്കൂളിലെ അറിയപ്പെടുന്ന കായിക കലാതാരവും ആയ അവന്‍ മിക്ക പെണ്‍കുട്ടികളുയും രഹസ്യ കാമുകനാണ്. തന്നെപ്പോലെ ഇരുനിറമല്ല, നല്ല സ്വര്‍ണ്ണ നിറമാണ്‌ അവന്. സുഷമയുടെ മുഖത്തെ നാണവും തുടുപ്പും അവളവനെ നോക്കുന്ന നോട്ടവും കണ്ടപ്പോള്‍ തന്റെ ശരീരം ദുര്‍ബ്ബലമാകുന്നതും കാലുകളുടെ ബലം നഷ്ടപ്പെടുന്നത് പോലെയും തനിക്ക് തോന്നി. അവള്‍ക്ക് അവനെ ഇഷ്ടമാണ് എന്ന് ആ മുഖഭാവം ഉച്ചത്തില്‍ വിളിച്ചു പറയുന്നു. ഇല്ല..തനിക്കിത് കാണണോ താങ്ങാനോ ഉള്ള കരുത്തില്ല. കണ്ണില്‍ ഇരുട്ട് കയറുന്നോ?

“താങ്ക് യു..താങ്ക് യു വെരി മച്ച്. റോഷന്‍ എങ്ങനെ അറിഞ്ഞു ഇന്നെന്റെ പിറന്നാള്‍ ആണെന്ന്?”

എത്ര കേട്ടാലും കൊതി തീരാത്ത തന്റെ സുഷമയുടെ മധുരമനോഹരമായ ശബ്ദം കാതുകളില്‍ വന്നലയ്ക്കുന്നു.

“ഇഷ്ടമുള്ളവരുടെ വിവരങ്ങള്‍ അറിയാനാണോ പ്രയാസം..വൈകിട്ട് കാണാം..കാണണം.” റോഷന്റെ മന്ത്രണം.

കണ്ണില്‍ ഇരുട്ട് കയറിയ താന്‍ നോക്കുമ്പോള്‍ അവന്റെ കണ്ണുകളിലേക്ക് ആഴത്തില്‍ നോക്കിക്കൊണ്ട് നാണത്തോടെ തലയാട്ടുകയാണ് സുഷമ. നെഞ്ചിനുള്ളില്‍ ഒരു വലിയ കരിങ്കല്ല് ഇറക്കി വച്ചാല്‍ തനിക്കിത്ര ഭാരം തോന്നില്ലായിരുന്നു. തന്നെ അടിമുടി ഗ്രസിച്ച വീര്‍പ്പുമുട്ടല്‍ ശ്വാസം മുട്ടിച്ചു കൊല്ലുന്നത് പോലെ. താന്‍ ജീവനുതുല്യം സ്നേഹിക്കുന്ന പെണ്ണിനെ ഇതാ വേറൊരുവന്‍ വലവീശിപ്പിടിച്ചിരിക്കുന്നു; നിസ്സാരമായി; അതും തന്റെ കണ്മുന്നില്‍ വച്ച്. വൈകിട്ട് കാണാമെന്ന് അവന്‍ പറഞ്ഞപ്പോള്‍ അവളുടെ മുഖത്തുണ്ടായ ആ തുടുപ്പ്! ഹൃദയം തകര്‍ന്നു തരിപ്പണമാക്കിയിരിക്കുന്നു ആ മുഖഭാവം.

ഒരു യന്ത്രത്തെപ്പോലെയാണ് അന്ന് താന്‍ ക്ലാസില്‍ ഇരുന്നത്. എങ്ങനെയും വൈകുന്നേരം ആകണം..സ്കൂള്‍ വിടണം എന്ന ഏകചിന്ത മാത്രമായിരുന്നു മനസ്സില്‍. തനിക്കറിയണം സുഷമ അവനെ കാണാന്‍ പോകുമോ എന്ന്. താന്‍ ജീവനുതുല്യം സ്നേഹിച്ച തന്റെ പെണ്ണ് മറ്റൊരുവന്റെ പ്രലോഭനത്തില്‍ മയങ്ങി പോകുന്ന കാര്യം ഓര്‍ക്കുമ്പോള്‍ത്തന്നെ ചങ്ക് തകരുകയാണ്. എങ്ങനെയൊക്കെയോ ക്ലാസ് തീര്‍ന്നു കുട്ടികള്‍ ആരവത്തോടെ പുറത്തേക്കിറങ്ങി. തന്റെ കണ്ണുകള്‍ പക്ഷെ സുഷമയെ മാത്രം ചുറ്റിപ്പറ്റി സഞ്ചരിക്കുകയായിരുന്നു. എല്ലാവര്‍ക്കും ഒടുവിലായി അവള്‍ ഇറങ്ങിയപ്പോള്‍ അല്‍പ്പം മാറി ഒളിഞ്ഞു നിന്നിരുന്ന താന്‍ ഒരകലം വിട്ട് അവളെ പിന്തുടര്‍ന്നു.

കടുത്ത മനോവ്യഥയോടെ പതുങ്ങിപ്പതുങ്ങിയാണ് താനവളെ പിന്തുടര്‍ന്നത്. സാധാരാണ കൂട്ടുകാരികളുടെ കൂടെ പോകുന്ന അവള്‍ അന്ന് തനിച്ചു പോകുന്നതും, അവളുടെ പിടയ്ക്കുന്ന കണ്ണുകള്‍ ആരെയോ കൂടെക്കൂടെ തിരയുന്നതും കണ്ടപ്പോള്‍ തന്റെ മനസ് കൂടുതല്‍ തകരുകയായിരുന്നു. അല്‍പ്പം ചെന്നപ്പോള്‍ അതാ ഒരു മൃദുസ്മിതവുമായി അവളെ സമീപിക്കുന്ന റോഷന്‍. തുടുത്ത ചെന്താമര വിടരുന്നത് പോലെ സുഷമയുടെ വദനത്തില്‍ ഒരു പുഞ്ചിരി വിരിയുന്നു. അവന്‍ അവളോട്‌ എന്തൊക്കെയോ പറയുന്നു. അവള്‍ നാണിച്ച് ചിരിക്കുകയും കൂടെക്കൂടെ അവനെ നോക്കുകയും ചെയ്യുന്നു. നിന്നനില്‍പ്പില്‍ ഭൂമി വാ പിളര്‍ന്നു തന്നെ വിഴുങ്ങിയെങ്കില്‍ എന്ന് താന്‍ ആശിച്ചുപോയ നിമിഷം. ജീവിക്കാനുള്ള എല്ലാ മോഹങ്ങളും ഇല്ലാതായിരിക്കുന്നു. ഇനി എന്തിന് ജീവിക്കണം? ആര്‍ക്കുവേണ്ടി? അവന്‍റെ കൂടെ കളിച്ചു ചിരിച്ചു പോകുന്നത്,

താന്‍ മാണിക്യം പോലെ നെഞ്ചിലേറ്റി നടന്ന തന്റെ പെണ്ണാണ്‌. അവളുടെ മേല്‍ താന്‍ കെട്ടിപ്പൊക്കിയ എല്ലാ സ്വപ്നസൌധങ്ങളും തന്റെ കണ്മുന്നില്‍ തകര്‍ന്നു വീണിരിക്കുന്നു. കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ തോന്നിയ താന്‍ അവിടെ ആ വഴിവക്കില്‍, ആരും കാണാത്ത ഒരിടത്ത് കുറെ നേരം ഇരുന്നു. ജീവിതത്തില്‍ താനിത്രയധികം മാനസികമായി തളര്‍ന്നു പോയ ഒരു ദിവസം വേറെ ഉണ്ടായിട്ടില്ല. സ്വര്‍ഗ്ഗോദ്യാനങ്ങളിലൂടെ ഒരു മാലാഖയായി തന്റെയൊപ്പം പാറിപ്പറന്നു നടന്ന സുഷമയെ തന്നില്‍ നിന്നും ഒരു രാക്ഷസന്‍ തട്ടിക്കൊണ്ടു പോയിരിക്കുന്നു.

അതൊരു തുടക്കം മാത്രമായിരുന്നു. സുഷമയില്‍ തുടങ്ങി ഇങ്ങോട്ട് ഇതുപോലെ എത്രയെത്ര പെണ്‍കുട്ടികള്‍ തന്നെ നിഷ്കരുണം ഉപേക്ഷിച്ചിട്ട് പോയിരിക്കുന്നു! ഒരാളോട് പോലും മനസിലെ അനുരാഗം തുറന്ന് പറയാതെ അപകര്‍ഷതാബോധത്തിന്റെ നിറുകയില്‍ നിന്നുകൊണ്ട് അവരെ നിശബ്ദമായി മാത്രം താന്‍ പ്രണയിച്ചു. പക്ഷെ തന്റെ പ്രണയം സത്യമായിരുന്നു; നിഷ്കളങ്കമായിരുന്നു; മാറ്റമില്ലാത്തതായിരുന്നു. എങ്കിലും ഒരാള്‍ പോലും തന്നെ അറിഞ്ഞില്ല; തന്റെ മനസു കണ്ടില്ല. തന്നെ നോക്കി ഒരു മൃദുസ്മിതം പോലും നല്‍കിയുമില്ല.

എന്നാല്‍ ഇപ്പോള്‍ അത് ജീവിതത്തില്‍ ആദ്യമായി സംഭവിച്ചിരിക്കുന്നു. ഒരു റോസാപുഷ്പം പോലെ മനോഹരിയായ ആ അജ്ഞാത സുന്ദരി തന്റെ കണ്ണുകളിലേക്ക് പ്രേമത്തോടെ നോക്കിയിരിക്കുന്നു. എന്നും താന്‍ കയറുന്ന അതെ ബസില്‍ ഏതോ ഓഫീസിലേക്ക് ജോലിക്ക് പോകുന്നവള്‍ ആണ് അവളെന്ന് മാത്രമേ തനിക്കറിയാവൂ. എത്ര സുന്ദരിയാണ്‌ അവള്‍! സുഷമ മുതല്‍ താനിങ്ങോട്ടു പ്രണയിച്ച ഒരു പെണ്ണും അവളുടെ മുന്‍പില്‍ ഒന്നുമല്ല. ഇത്രയും നാള്‍ തന്നില്‍ നിന്നും താന്‍ മോഹിച്ച സകല പെണ്‍കുട്ടികളെയും ദൈവം മാറ്റിക്കൊണ്ടിരുന്നത് അവസാനം ഇത്ര അമൂല്യമായ ഒരു സമ്മാനം തനിക്ക് നല്‍കാന്‍ വേണ്ടി ആയിരുന്നിരിക്കണം! അല്ലെങ്കില്‍ യാതൊരു മുന്‍പരിചയവും ഇല്ലാത്ത തന്നെ അവള്‍ നോക്കുമോ? നോക്കി പുഞ്ചിരിക്കുമോ?

അടുത്ത ദിവസവും അതിനടുത്ത ദിവസവും, അങ്ങനെ എല്ലാ ദിവസങ്ങളിലും അവളുടെ നോട്ടവും പുഞ്ചിരിയും ഒരു മാറ്റവും ഇല്ലാതെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ബസില്‍ താന്‍ കയറുമ്പോള്‍ത്തന്നെ അവള്‍ മുന്‍പില്‍ നിന്നും പിന്നിലേക്ക് തന്നെ നോക്കും. അത് കാണുമ്പൊള്‍ ഹര്‍ഷോന്മാദത്തിന്റെ ഉത്തുംഗശൃംഗത്തിലായിരിക്കും താന്‍. തന്നെ മാത്രം നോക്കുന്ന അതിസുന്ദരിയായ പെണ്‍കുട്ടി. മറ്റുള്ള ആണുങ്ങള്‍ ഒക്കെ തന്നെ അസൂയയോടെ നോക്കുന്നത് കാണുമ്പോള്‍ മനസിനുണ്ടാകുന്ന ആ കുളിര്‍മ്മ പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ല! വെളുത്ത് ഉയരം കൂടി, നീണ്ട മുടിയുള്ള, നെറ്റിയില്‍ ചന്ദനക്കുറിയും കണ്ണുകളില്‍ കരിമഷിയും എഴുതിയ ആ സുന്ദരിയെ ശ്രദ്ധിക്കാത്ത ഒരൊറ്റ വ്യക്തി പോലും ആ വണ്ടിയില്‍ ഉണ്ടായിരുന്നില്ല. അവള്‍ പക്ഷെ തന്നെ മാത്രമേ നോക്കിയുള്ളൂ; തനിക്ക് മാത്രമേ ആ തൂമന്ദഹാസം നല്‍കിയുള്ളൂ. ബസില്‍ നിന്നും ഇറങ്ങുമ്പോഴും അവളുടെ കണ്ണുകള്‍ തന്നെ പിന്തുടരും. തന്റെ ദിനങ്ങള്‍ക്ക് മുന്‍പൊരിക്കലും കൈവന്നിട്ടില്ലാത്ത ഉത്സാഹവും മധുരവും!

“എടാ അരുണേ.. പണ്ട് നിനക്ക് പറ്റിയിട്ടുള്ള അബദ്ധങ്ങള്‍ ആവര്‍ത്തിക്കാന്‍ ആണോ നീ അന്നത്തെപ്പോലെ തന്നെ ഇപ്പോഴും പെരുമാറുന്നത്? എടാ ഒരു പെണ്ണ് നോക്കി പുഞ്ചിരിച്ചാലെങ്കിലും നിനക്ക് അവളോടൊന്ന് സംസാരിച്ചു കൂടെ? അതോ ഇവളെയും വേറെ ആരെങ്കിലും സ്വന്തമാക്കുന്നതുവരെ നീ ഇങ്ങനെ ഒന്നും മിണ്ടാതെ അവളെ സ്വപ്നവും കണ്ടു നടക്കുമോ? നോക്ക്..നിനക്ക് അവളെ വേണമെന്നുണ്ടെങ്കില്‍, നാളെത്തന്നെ അവളോട്‌ സംസാരിക്കുക…”