ജന്നത്തിലെ മുഹബ്ബത്ത് 4

ജന്നത്തിലെ മുഹബ്ബത്ത് 4
Jannathikle Muhabath Part 4 രചന : റഷീദ് എം ആർ ക്കെ
Click here to read Previous Parts

ഗൾഫിലേക്ക് യാത്ര തിരിക്കുന്നതിന് മുൻപ് അവളെ കുറിച്ച് ഒന്ന് അന്വേഷിക്കണം എന്നുണ്ടായിരുന്നു പക്ഷെ മുസ്തഫയോട് കാര്യങ്ങൾ പറഞ്ഞപ്പോൾ അവൻ പറഞ്ഞു ” വേണ്ട ഇനി അന്വേഷിക്കണ്ട കാരണം അവൾ ചിലപ്പോൾ നിന്നെ മറക്കാൻ ശ്രമിച്ചു തുടങ്ങിയിട്ടുണ്ടാവും ഇപ്പോൾ നിങ്ങൾ വീണ്ടും കണ്ടാൽ നീയും അവളും ഇനിയും വേദനിക്കും. അവള്ക്ക് നല്ലൊരു ബന്ധമൊക്കെ കിട്ടുമ്പൊ എല്ലാം ശെരിയായിക്കോളും.. വിധിയില്ലെങ്കിൽ നമുക്കെന്താ ചെയ്യാൻ കഴിയുക..
നീ ക്ഷമിക്ക്.. നമ്മൾ ഇവിടുന്നൊന്ന് മാറി നിൽകുമ്പോൾ എല്ലാം ശെരിയായിക്കോളും.. അല്ലാതെ നമുക്കിപ്പോൾ ഒന്നും ചെയ്യാനില്ല … ” എന്ന് പറഞ്ഞപ്പോൾ അവൻ പറഞ്ഞതാണ് ശെരി എന്ന് എനിക്കും തോന്നി കാരണം കിട്ടില്ലെന്ന് ഉറപ്പായിട്ടെന്തിനാ ആ പാവത്തിനെ മോഹിപ്പിച്ച് ഇനിയും വേദനിപ്പിക്കുന്നത് എന്ന് ചിന്തിച്ചപ്പോൾ വേദനയോടെയാണെങ്കിലും അതിൽ നിന്ന് ഞാനും പിന്തിരിഞ്ഞു.
അങ്ങനെ കൂടുതൽ വൈകാതെ ഞാനും മുസ്തഫയും ഖത്തറിലേക്ക് വിമാനം കയറി . എന്റെ വീട്ടുകാർക്കും കൂടെയുള്ള സ്റ്റാഫിനുമെല്ലാം വളരെ അതിശയമായിരുന്നു ഞാൻ സ്കൂളിലെ ആ നല്ലൊരു ജോലി ഒഴിവാക്കി ഗൾഫിലേക്ക് പോവുകയാണ് എന്നറിഞ്ഞപ്പോൾ . എന്ത് ചെയ്യാനാ ഈ ആയുസ്സ് തന്നെ വേണ്ടാന്ന് വെക്കാൻ കെൽപ്പുള്ള വല്ലാത്തൊരു അനുഭവമാണ് പ്രണയമെന്ന് അവരോട് പറയാൻ എനിക്ക് കഴിയില്ലല്ലോ…
ഖത്തറിൽ എത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും നജ്മയുടെ ഓർമ്മകൾ ഖബറടക്കാനും, അവളുടെ മുഖം മറക്കാനും സമ്മതിക്കാതെ മടിച്ചു നിൽക്കുന്ന മരുഭൂമിയെയാണ് പിന്നീട് ഞാൻ കണ്ടത് . എന്താണ് അവളുടെ ഇപ്പോഴത്തെ അവസ്ഥ എന്നറിയാൻ കഴിയാതെ ഉറക്കം നഷ്ടപ്പെട്ട് കുറെ വിഷമിച്ചു നടന്നു. അവസാനം ജോലിയുടെ കാര്യങ്ങളിൽ ശ്രദ്ധ തിരിഞ്ഞപ്പോൾ അവളെ കുറിച്ചുള്ള ഓർമ്മകൾ നെടുവീർപ്പുകളായി മാറി കൊണ്ടിരുന്നു.
വർഷങ്ങൾ പോയതറിഞ്ഞില്ല. ഖത്തറിൽ നല്ലൊരു കമ്പനിയിൽ ആയിരുന്നു ഞാനും മുസ്തഫയും ജോലി ചെയ്തിരുന്നത്. ഞങ്ങൾ രണ്ടാളും ഒരേ ജോലിയിൽ ഒരേ റൂമിൽ എല്ലാം കൊണ്ടും
സുഖമായിരുന്നു . മുസ്തഫ കൂടെ ഉണ്ടായിരുന്നത് കൊണ്ട് ദുഃഖങ്ങൾ പറഞ്ഞിരിക്കാൻ ഒരാളെ ആവശ്യമായി വന്നില്ല. കുട്ടികാലം മുതൽ എന്റെ കൂടെയുള്ള കൂട്ടുകാരനാണ് മുസ്തഫ. പഠിച്ചതും, കളിച്ചതും, വളർന്നതും എല്ലാം ഒരുമിച്ചായിരുന്നു. എന്തിനും കൂടെ നിൽക്കും. ഒരു ദിവസമെങ്ങാനും കാണാതിരുന്നാൽ രണ്ടുപേർക്കും പരിഭവം തോന്നുന്ന ബന്ധം. നാട്ടിൽ ഞങ്ങൾ അറിയപ്പെട്ടിരുന്നത് തന്നെ ഇരട്ടകൾ എന്ന പേരിലായിരുന്നു .
“ഈ ലോകം മനോഹരമാക്കാൻ നമുക്ക് പണം കൊണ്ട് മാത്രം കഴിയില്ലെന്നാണ് എന്റെ വിശ്വാസം അതിന് കഴിയണമെങ്കിൽ ജീവനെ പോലെ കൂടെ നിൽക്കുന്ന ഒരൊറ്റ സുഹൃത്ത് കുട്ടികാലം മുതൽ മരണപ്പെടുന്നത് വരെ നമുക്കുണ്ടായിരിക്കണം.”