ജന്നത്തിലെ മുഹബ്ബത്ത് 2

ജന്നത്തിലെ മുഹബ്ബത്ത് 2
Jannathikle Muhabath Part 2 രചന : റഷീദ് എം ആർ ക്കെ

അന്നവൾ എനിക്കയച്ച എസ് എം എസിൽ
” സാർ… നാളെ ഞാൻ സ്കൂൾ ബസ്സിൽ പോകാതെ ബസ് സ്റ്റാൻഡിൽ സാറിനെ കാത്തു നിൽക്കും. എനിക്ക് സാറിനോട് കുറച്ച് സംസാരിക്കണം. സാർ ഒഴിഞ്ഞു മാറിയാൽ ഞാൻ വീട്ടിലെത്താൻ വൈകുമെന്നും കാത്തു നിൽക്കുമെന്നൊക്കെ” പറഞ്ഞുള്ള ഒരു എസ് എം എസ് . എനിക്കെന്തോ അത് വായിച്ചത് മുതൽ നല്ലോണം അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടായിരുന്നു കാരണം എന്റെ വിവാഹക്കാര്യം ആലോചിക്കുന്ന ആ സമയത്ത് അവൾ ഒന്നുമറിയാതെ ആത്മാർത്ഥമായാണ് എന്നെ സ്നേഹിക്കുന്നത് . എനിക്കാണെങ്കിൽ അന്നൊന്നും അവളോട്‌ ഒരു ‌ സ്റ്റുഡന്റ് എന്നതിനപ്പുറത്തേക്ക് ഒരു ബന്ധവും മനസ്സിലുണ്ടായിരുന്നില്ല . എന്ത് ചെയ്യണം എന്നറിയാതെ ഞാനന്നൽപ്പം വൈകിയാണ് കിടന്നത്.

പിറ്റേന്ന് സ്കൂളിലെത്തിയപ്പോൾ വരാന്തയിൽ വെച്ച് എന്നെ കണ്ടതും അടുത്തേക്ക് വന്ന് സ്വകാര്യത്തിലവൾ
” സാറേ ഞാൻ കാത്തു നിൽക്കുമെന്നും കൂടുതൽ സംസാരിച്ച് ബുദ്ധിമുട്ടിപ്പിക്കില്ല പ്ലീസ് ” എന്നൊക്കെ പറഞ്ഞ് ഒരിക്കൽ കൂടി അവൾ ഓർമ്മിപ്പിച്ചു .

സീരിയസ്സായി പറഞ്ഞതല്ലേ എന്തിനായിരിക്കുമെന്ന് നോക്കാൻ ഞാൻ സ്കൂൾ വിട്ട ശേഷം ബസ്സ്റ്റാൻഡിൽ കാത്തു നിൽക്കാൻ തീരുമാനിച്ചു. പറ്റുകയാണെങ്കിൽ എന്റെ നിക്കാഹിന്റെ കാര്യം അവളെ അവിടെ വെച്ച് അറിയിക്കണം എന്നുമുണ്ടായിരുന്നു.

വൈകുന്നേരം ക്ലാസ് കഴിഞ്ഞ ശേഷം ബസ്സ്റ്റാൻഡിൽ അവളെയും പ്രതീക്ഷിച്ച് നിൽക്കുമ്പോൾ അവൾ സ്കൂൾ യൂണീഫോമിൽ നടന്നുവരുന്നത് ഞാൻ ദൂരെ നിന്നും കണ്ടു. അന്നവൾ ഒറ്റക്ക് വന്നപ്പോഴാണ് അവളുടെ ഹൃദയത്തിൽ എന്നോടുള്ള ഇഷ്ടത്തിന്റെ ആഴം ആദ്യമായി ഞാൻ കാണുന്നത് . ആൾ കൂട്ടത്തിൽ മറഞ്ഞു നിൽക്കുന്ന എന്നെ വളരെ പെട്ടെന്ന് കണ്ടു പിടിച്ച് ചിരിച്ച് കൊണ്ട് മുന്നിലേക്ക് വന്ന അവൾ സ്കൂളിൽ വെച്ച് കാണിക്കുന്നത് പോലെ എന്നെ ദേഷ്യം പിടിപ്പിക്കുന്ന കാര്യങ്ങളൊന്നും ചെയ്തില്ല..

എന്തൊക്കെയോ പറയാൻ വന്നതാണെങ്കിലും ഒറ്റക്ക് എന്നെ കണ്ടപ്പോൾ ഒന്നും കിട്ടാതെ ചമ്മിയ മുഖവുമായി കൈകെട്ടി നിന്ന് എന്റെ മുഖത്തേക്കും നിലത്തേക്കും മാറി മാറി നോക്കിയവൾ നിൽക്കുമ്പോൾ “എന്താ പറയാനുണ്ടെന്ന് പറഞ്ഞത്..? നേരം വൈകുന്നു വീട്ടിലറിഞ്ഞാൽ കുഴപ്പാവും സ്കൂൾ ബസ്സിലല്ലേ പോവാറ് പറ .. ? ” എന്ന് ഞാൻ ചോദിച്ചതിന്

മറുപടിയായി സ്റ്റാൻഡിലെ ആളുകളുടെയും വാഹനങ്ങളുടെയും ശബ്ദങ്ങൾക്കിടയിൽ നിന്നും അവൾ വിഷമം നിറഞ്ഞ മുഖവുമായി പറഞ്ഞൊപ്പിച്ചു
” സാർ.. സാറെന്നോട് ദേഷ്യപ്പെടരുത് .. എനിക്ക് സാറിനെ മറക്കാൻ കഴിയില്ല.. എന്താണെന്നും എന്ത് കൊണ്ടാണെന്നും ഞാൻ പറയാം.. എന്നെ വേണ്ടെന്നു മാത്രം പറയരുത്.. ഞാനൊരാളുടെ കൂടെ ജീവിക്കുകയാണെങ്കിൽ അത് സാറിന്റെ കൂടെ മാത്രമായിരിക്കും …!”

കൂടുതലൊന്നും എന്നോട് പറയാതെയും എന്റെ മറുപടിക്ക് കാത്തു നിൽക്കാതെയും അവൾ പെട്ടെന്ന് ബാഗ് തുറന്ന് ഒരു നോട്ട് ബുക്ക് എടുത്ത് എനിക്ക് തന്നു എന്നിട്ട് പറഞ്ഞു ” ഞാനെല്ലാം ഇതിലെഴുതിയിട്ടുണ്ട്… പോട്ടെ..! ” എന്നും പറഞ്ഞ് അവൾ വീട്ടിലേക്ക് പോകാനുള്ള ബസ്സ് നിർത്തിയിട്ട ഭാഗത്തേക്ക് നടന്നു.

പ്രതീക്ഷിക്കാതെ അവൾ പറഞ്ഞ കാര്യങ്ങളും മറ്റും കണ്ട്‌
ഞാനാകെ എന്താ ചെയ്യേണ്ടത് എന്നറിയാതെ ആ സ്റ്റാൻഡിൽ അവൾ തന്ന നോട്ട്ബുക്കുമായി കുറെ നേരം അങ്ങനെ നിന്നു. വീട്ടിലേക്ക് പോകുവാൻ ഒരുങ്ങിയപ്പോൾ തിരക്ക് നല്ലോണമുള്ള നാട്ടിലേക്കുള്ള ബസ്സ് കണ്ടതും ഈ മാനസികാവസ്ഥയിൽ അങ്ങനെയൊരു യാത്ര ശെരിയാവില്ലന്ന് തോന്നിയപ്പോൾ ഒരു ഓട്ടോ വിളിച്ച് വീട്ടിലേക്ക് തിരിച്ചു.

മനസ്സിൽ മുഴുവനും അവൾ പറഞ്ഞ വാക്കുകളായിരുന്നു. എന്തോ വല്ലാത്തൊരു ആത്മാർത്ഥത ആ മുഖത്ത് ഞാനപ്പോൾ കണ്ടു. ഇത്രയും മിടുക്കിയായ ഒരു പെൺകുട്ടിക്ക് എന്നോട് തോന്നിയ ചെറിയൊരു കുസൃതി മാത്രമായിരിക്കും ആ പ്രണയം എന്ന് ചിന്തിച്ചിരുന്ന എനിക്ക് അന്നുമുതലാണ് ആ ഇഷ്ടത്തിന്റെ തീവ്രത മനസ്സിലായി തുടങ്ങുന്നത്.

പക്ഷെ നാട്ടിലേക്ക് പോയി കൊണ്ടിരിക്കുന്ന ഓട്ടോയിൽ നിന്നും
പുറത്തേക്ക് നോക്കിയിരിക്കുമ്പോൾ വീട്ടുകാർ കണ്ടെത്തിയ പെണ്ണും, ഇവളുടെ പ്രണയവും, എന്റെ അവസ്ഥയും എല്ലാം കൂടി എന്നെ വല്ലാതെ ചോദ്യം ചെയ്യുകയായിരുന്നു . എന്തായിരിക്കും ആ നോട്ട് ബുക്കിൽ എന്നറിയാൻ ആകാംക്ഷ ഉണ്ടായിരുന്നെങ്കിലും ബുക്കിലേക്ക് നോക്കുമ്പോൾ നെഞ്ചിടിപ്പ് കൂടി കൊണ്ടിരുന്നു. വണ്ടിയിലിരുന്ന് പതുക്കെ ബുക്കൊന്ന് മറിച്ചു നോക്കിയപ്പോൾ ഒരുപാട് പേജുകളിൽ എന്തൊക്കെയോ നിറച്ചെഴുതിയിരിക്കുന്നു.
റൂമിലെത്തിയിട്ട് വായിക്കാം എന്നും ചിന്തിച്ച് ഒരു നെടുവീർപ്പോടെ ഞാൻ ബുക്ക് അടച്ചു വെച്ചു. വീടിന് മുന്നിൽ നിർത്തിയ ഓട്ടോയിൽ നിന്നുമിറങ്ങി ഞാൻ പതുക്കെ വീട്ടിലേക്ക് നടന്നു.

വീട്ടിലെത്തി എന്റെ ജോലികളെല്ലാം പെട്ടെന്ന് തീർത്ത ശേഷം റൂമിൽ കയറി അവൾ തന്ന ആ നോട്ട് ബുക്ക്‌ തുറന്ന് വായിക്കാൻ തുടങ്ങി.

നോട്ട്ബുക്കിലെ വരയുള്ള പേജുകളിൽ സ്കൂളിൽ ആർക്കുമറിയാത്ത അവളുടെ കനലാളി കത്തുന്ന യഥാർത്ഥ ജീവിതം കുറെയൊക്കെ എഴുതിയിട്ടുണ്ടായിരുന്നു.

ഉമ്മയില്ലാത്ത കുട്ടിയായിരുന്നു. അവളുടെ നാലാം വയസ്സിലാണ് ഉമ്മ മരണപ്പെടുന്നത് ശേഷം ഉപ്പ വേറെ കല്ല്യാണം കഴിച്ചു. അതോടെ തുടങ്ങുകയായിരുന്നു ഉമ്മയില്ലാത്ത വേദനകളുടെയും, ദു:ഖങ്ങളുടെയും ഭാരം.

ഉപ്പയുടെ രണ്ടാം ഭാര്യക്ക് ഇവളെ തീരെ ഇഷ്ട്ടമുണ്ടായിരുന്നില്ല എന്ന് മാത്രമല്ല ഒരുപാട് ഉപദ്രവിക്കുകയും, വേദനിപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്ന് തുടങ്ങുന്ന കാര്യങ്ങൾ. ഇപ്പോഴും അവളവർക്ക് ഒരു ഭാരമാണെന്നും. ഇവൾ വീട്ടിൽ ഉണ്ടായത് കാരണം അവരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാൻ കഴിയാത്തതിനാലും, ഉപ്പ ഒരു പാവമായത് കൊണ്ട് പ്ലസ്ടു കഴിഞ്ഞയുടനെ എന്നെ ഏതെങ്കിലും ആളെകൊണ്ട് കല്ല്യാണം കഴിപ്പിക്കാൻ ആ സ്ത്രീ നിർബന്ധിക്കുകയും എന്റെ ജീവിതം നശിപ്പിക്കുകയും ചെയ്യുമെന്നുറപ്പാണ്.

എനിക്കൊരുപാട് സ്വപ്‌നങ്ങൾ ഒന്നുമില്ല സാർ… ഉമ്മയുടെ സ്നേഹം കിട്ടാതെയും, രണ്ടാം ഭാര്യ കാണാതെ സ്വന്തം മകളെ സ്നേഹിക്കാൻ പ്രയാസപ്പെടുന്ന എന്റെ ഉപ്പയെ കണ്ടും , വിഷമങ്ങൾ ആരോടും പറയാനില്ലാതെ കരഞ്ഞ് കണ്ണീര് കുടിച്ചും വളർന്ന ഒരു കുട്ടിയാണ് ഞാൻ എനിക്ക് ഞാനിഷ്ടപ്പെടുന്ന ഒരാൾ കൂട്ടിന് വേണമെന്നുള്ള മോഹം മാത്രമേ ഇനി സ്വപ്നമായി ബാക്കിയൊള്ളൂ..
എനിക്ക് സാറിനെ ഒരുപാട് ഇഷ്ടമാണ്… സാറിനെന്നെ ഇഷ്ടമാണോ എന്ന് പോലും ചോദിക്കാതെയാണ് ഞാൻ സാറിനെ ഇഷ്ട്ടപ്പെട്ടതും തുറന്ന് പറഞ്ഞതും.. ഭാഗ്യമില്ലാത്തവളാ ഞാൻ… സാറും എന്നെ വേണ്ടാന്ന് പറഞ്ഞ് ഒഴിവാക്കുമോ എന്ന പേടി കൊണ്ടായിരുന്നു അന്നന്നെ ഇഷ്ടമാണോ എന്ന് ചോദിക്കാഞ്ഞത് . ഞാനൊരുപാട് സ്നേഹിക്കുന്ന സാറും എന്നെ വേണ്ടാന്ന് പറഞ്ഞാൽ എന്നെ മനസ്സിലാക്കാൻ കഴിയുന്ന, സ്നേഹിക്കാൻ കഴിയുന്ന മറ്റൊരാളെ കണ്ടെത്താൻ എനിക്കിനി കഴിയുകയില്ലന്നുറപ്പാണ് . ഈ നോട്ട് ബുക്കിൽ ഒഴിച്ചിട്ട അവസാനത്തെ ഏതെങ്കിലും പേജിൽ എനിക്കുള്ള മറുപടി സാർ എഴുതണം ഞാൻ കാത്തിരിക്കും. “

ഇതായിരുന്നു ആ നോട്ട് ബുക്കിൽ അവളെഴുതിയ കാര്യങ്ങളുടെ ചുരുക്കം. ബുക്കും നെഞ്ചത്ത് വെച്ച് ഞാൻ കട്ടിലിൽ അന്ന് കുറെ നേരം കിടന്നു. ആ ബുക്കിലെഴുതിയ വരികളിലൂടെ വീണ്ടും വീണ്ടും സഞ്ചരിക്കുമ്പോൾ അവളെന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന് ബോധ്യപ്പെടുകയായിരുന്നു പക്ഷെ ഞാനാകെ ധർമ്മസങ്കടത്തിലായിരുന്നു പക്വതയും, പഠിപ്പും, ജീവിതമെന്താണന്നറിഞ്ഞവളും അതിനേക്കാൾ ഉപരി എന്നെ ജീവനായി കാണുന്ന നജ്മ ഒരു ഭാഗത്ത് മറു ഭാഗത്ത് എന്റെ ഉപ്പ സ്നേഹിതന്റെ മകളാണെന്നും പറഞ്ഞ് ഒരുപാട് പ്രതീക്ഷകളോടെ കൊണ്ടുവന്ന വിവാഹാലോചനക്ക് പിറ്റേന്ന് രാവിലെ വാക്ക് കൊടുക്കാൻ എന്റെ മറുപടിക്കായി വീട്ടുകാർ കാത്തുനിൽക്കുന്നു . എന്ത് ചെയ്യണം എന്നറിയാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴാണ് ഭക്ഷണം കഴിക്കാൻ ഉമ്മ വന്ന് വിളിക്കുന്നത്.

കൂടുതൽ വൈകാതെ

കൈ കഴുകി ടേബിളിൽ ചെന്നിരുന്ന് ഭക്ഷണം കഴിച്ചു തുടങ്ങിയതും ഉപ്പ
” നവാസേ നീ ആ കാര്യത്തിൽ ഒരു തീരുമാനം പറ നാളെ അവർക്ക് വാക്ക് കൊടുക്കണം പിന്നെ എല്ലാം പെട്ടെന്ന് നടത്താം. അവരെ എനിക്ക് അറിയാവുന്ന കൂട്ടരായത് കൊണ്ട് കൂടുതൽ അന്വേഷിക്കാനൊന്നും ഇല്ലല്ലോ .. ” എന്നൊക്കെ പറഞ്ഞ് ഉപ്പ നിർത്തിയിട്ടും മറുപടിയായി ഞാനൊന്നും പറഞ്ഞില്ല.

അപ്പോഴാണ് എന്റെ മനസ്സ് വായിച്ചത് പോലെ ഉമ്മ ” നീ നിന്റെ മനസ്സിൽ എന്തുണ്ടെങ്കിലും പറ. ഞങ്ങളുടെ അഭിപ്രായം മാത്രം നോക്കണ്ട.. നീയാണ് കല്ല്യാണം കഴിക്കുന്ന ആള്.. നിനക്ക് പറ്റിയെങ്കിൽ മാത്രം സമ്മതം മൂളിയാൽ മതി..” എന്നുമ്മ പറഞ്ഞതും ഞാൻ പറഞ്ഞു
” ഉപ്പ എന്നോട് കൂടുതൽ ഒന്നും ഇപ്പോൾ ചോദിക്കരുത് എനിക്കാ ആലോചന ശെരിയാവില്ല..!! ” കേട്ടതും എന്നെ നല്ലോണം അറിയാവുന്ന ഉപ്പ കൂടുതലൊന്നും ചോദിക്കാതെ ” ന്നാ നിനക്കത് പറഞ്ഞൂടെ.. ഏതായാലും ഞാൻ നാളെ അവരോട് വിവരം പറയാം ” എന്ന് പറഞ്ഞപ്പോഴാണ് എനിക്കൊരാശ്വാസം തോന്നിയത്.

അങ്ങനെ പറയുകയല്ലാതെ അപ്പോൾ വേറെ നിവർത്തിയില്ലായിരുന്നു കാരണം മറ്റുള്ള കാര്യങ്ങൾ പോലെയല്ലല്ലോ വിവാഹം മനസ്സ് ഉറപ്പിച്ചൊരു തീരുമാനം പറയാതെ വിവാഹത്തിന് നമ്മൾ സമ്മതം മൂളിയാൽ അത് പിന്നീട് ഒരുപാട് ദോഷം ചെയ്‌തേക്കും എന്ന തോന്നൽ എനിക്കുണ്ടായിരുന്നു.

റൂമിലെത്തി അവളുടെ അവസ്ഥകൾ ഓരോന്നാലോചിച്ച് കിടക്കുമ്പോൾ പ്രണയമാണെന്ന് വിളിക്കാൻ കഴിയുമോ എന്നറിയില്ലെങ്കിലും വല്ലാത്തൊരു ഇഷ്ടം ആ കുട്ടിയോട് എനിക്ക് തോന്നി തുടങ്ങിയിരുന്നു.

ഇത്രയും വിഷമങ്ങൾ മനസ്സിലൊളിപ്പിച്ച് ആരെയും അറിയിക്കാൻ നിൽക്കാതെ നന്നായി പഠിക്കുന്നവൾ. ഞാനും അത്തരത്തിൽ ജീവിതം എന്താണെന്നറിഞ്ഞ ഒരു കുട്ടിയെയായിരുന്നു ജീവിതപങ്കാളിയായി ലഭിക്കാൻ സ്വപ്നം കണ്ടിരുന്നതും .

മനസ്സ് കൊണ്ട് അവളിലേക്ക് അടുക്കുംതോറും ഇതെല്ലാം കൂടെയുള്ള സ്റ്റാഫ് അറിഞ്ഞാലുണ്ടാകുന്ന അവസ്ഥകൾ വല്ലാത്തൊരു ചോദ്യചിഹ്നമായി എന്നെ നോക്കി കൊണ്ടിരുന്നു. എന്തെങ്കിലും ഞങ്ങൾക്കിടയിലുണ്ടെന്ന് ആരെങ്കിലും അറിഞ്ഞാൽ പിന്നെ അവരുടെയൊക്കെ മുഖത്തേക്ക് എങ്ങനെ നോക്കുമെന്ന് മനസ്സ് ചോദിച്ചപ്പോൾ എനിക്ക് ഉത്തരമുണ്ടായിരുന്നില്ല.