നക്ഷത്രക്കുപ്പായം അവസാന ഭാഗം

നക്ഷത്രക്കുപ്പായം അവസാന ഭാഗം ⭐
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
Nakshathrakkuppayam | Author : _shas_ | All Parts
എന്താാണ് സംഭവിച്ചതെന്നറിയാതെ പകച്ചു നിൽക്കുമ്പോഴായിരുന്നു..പുറത്ത് വാതിലിന്നടുത്ത് നിന്നൊരു ബഹളം കേട്ടത്..ഒരു ഞെട്ടലോടെയാണവരാ ഭാാഗത്തേക്ക് നോക്കിയത്…
“ഷംസുക്കാ .. എന്താ..എന്തായിത്..?”
“അ..അറിയില്ല മോളേ..”
ആരവങ്ങളുടെ അകമ്പടിയോടെ അവർക്കുമുന്നിൽ ആ വാതിൽ തുറക്കപ്പെട്ടു..
പന്തൽ പണിക്കാർ മുഴുവനും ഉണ്ട്..പോരാത്തതിന് കുറച്ച് അയൽ വാസികളും..
“ഓ..രണ്ടുപേർക്കും എന്നതാണാവോ ഇതിന്റെ ഉള്ളിൽ പണി..”
“ചുമ്മാ വർത്താനം പറഞ്ഞിരിക്കാൻ കേറിയതാവും ..പാവങ്ങൾ..”
“ഹും..ചങ്ങായിന്റെ പെരേൽ അടിഞ്ഞുകൂടി നിക്ക്ണത് ഇതിനാവും ലേ..നല്ല പീസ് സാധനാണല്ലോ..”
ഓരോരുത്തരുടെ വാക്കുകളും ഒന്നിനൊന്ന് മുന്തിയ തരത്തിലുള്ളതായിരുന്നു..എല്ലാം കേട്ടിട്ട് തരിച്ചു നിൽക്കായിരുന്നു ഇരുവരും..നിശ്ചലമായ പാദങ്ങൾ അനങ്ങുന്നില്ലാ..രക്തയോട്ടം നിർത്തിവെച്ച് അവ തന്നോട് പ്രതികാരം ചെയ്യുവാണോ എന്ന് തോന്നി ഷംസുന്..
ആ പിറുപിറുക്കൽ കേട്ടു കൊണ്ടാണ് ഖൈറുത്താ ഓടി വരുന്നതത്..
“എടീ ഷമീലാ…ഇയ്യ് പറീപ്പിച്ചു കളഞ്ഞല്ലോ ..കുരുത്തം കെട്ടവളേ..”
“ഉമ്മാ ..ഞാനൊരുതെറ്റും… ”
പറഞ്ഞു തീരും മുന്നേ ഉമ്മാന്റെ അടി അവൾക്ക് മേൽ തലങ്ങും വിലങ്ങും വീണിരുന്നു..
“ഉമ്മാ..ഞങ്ങളൊന്നു പറയട്ടേ..ഷമിനെ തല്ലല്ലി..”
അപ്പോഴേക്കും അജ്മലും ഷൈജലും അങ്ങെത്തി..
യാഥാർത്യങ്ങളെ കണ്ണുകൾ കൊണ്ടൊരു നിമിഷം വായിച്ചെടുത്ത അജ്മലിന്റെ കോപത്തിനാക്കം കൂട്ടാൻ മറ്റുള്ളവരുടെ വാക്കുകളും സഹായിച്ചു…അജ്മലിനെ കണ്ടത് ഷംസു ഓടിച്ചെന്നവന്റെ കൈകളിൽ പിടിച്ചു സത്യം അവനു മുന്നിൽ നിരത്താൻ ശ്രമിച്ചു..
“അജോ..ഞാനൊന്നു പറയ്ണത് കേൾക്ക്..സത്യമെന്താന്ന് വെച്ചാൽ…”
മുഴുമിക്കാത്ത വാക്കുകൾക്ക് മറുപടിയായി നൽകിയത് കരുത്തുറ്റ അജ്മലിന്റെ കരങ്ങളായിരുന്നു…
“പ്ഠേ..’
പ്രതീക്ഷിക്കാത്ത ആ അടിയുടെ വേദന മനസ്സിന്റെ ആഴങ്ങളിലെവിടെയോ പോയി പതിച്ചു..മുഖത്ത് വീണ പാടുകളേക്കാൾ അവനു നൊന്തുപോയത് തന്റെ പ്രിയ സ്നേഹിതൻ നൽകിയ സമ്മാനമായിരുന്നു…
ഷംസുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി..അത് കണ്ടതും ഷമി ഉറക്കെ പൊട്ടിക്കരഞ്ഞു..
“പടച്ചോൻ പൊറുക്കൂല ഇക്കാക്കാ..ഈ ചെയ്തയിന്..”
അവളുടെ വാക്കുകൾക്ക് വില കൽപ്പിക്കാനവിടെയാരും ഉണ്ടായിരുന്നില്ലാ..ഖൈറുത്താ അവിടെയിരുന്നു തലക്ക് കൈയ്യും കൊടുത്ത് കരയുന്നുണ്ട്..
ദേഷ്യം കൊണ്ട് ചുവന്ന മുഖവുമായി അജ്മൽ ഷംസുവിന്റെ അടുത്തേക്ക് ചീറിയടുത്തു..
“ഒരു ചങ്ങായി ആയിട്ടല്ല..സ്വന്തം കൂടെപ്പിറപ്പായിട്ടാ ഞാൻ അന്നെ ന്റെ മനസ്സിൽ കയറ്റിയിരുത്തിയേ..ന്നിട്ടും നീ..വേണ്ടിയിരുന്നില്ല ഷംസുദ്ദീനെ..അനക്ക് ഇവളേ വേണമെന്ന് പറഞ്ഞീനേൽ അന്തസായി ഞങ്ങൾ കെട്ടിച്ചു തരേയ്നു….”
ദേഷ്യംകൊണ്ട് തീപാറുന്ന അജ്മലിന്റെ മുഖത്തപ്പോ ദയയുടെ ഒരംശം പോലും കാണാനായില്ല..
“ഛെ…ഇതൊരുമാതിരി മറ്റേ പരിപാടിയായിപ്പോയി ട്ടോ..എന്തിന് നിക്കാ..ഇവിടെ ഇനീം ഉളുപ്പില്ലാതെ..വേഗം സ്ഥലം കാലിയാക്കാൻ നോക്ക്..”
ഷൈജൽ അവന്റെ ചെവിയോടോരം ചെന്ന് സ്വകാര്യമായി പറഞ്ഞു..
“ഉമ്മാ..പ്ലീസ്..എന്താ ഉണ്ടായെ എന്നൊന്നു പറയാനെന്നെയൊന്നനുവദിക്ക്..”
ഷംസു ഖൈറുത്തായുടെ മുന്നിലിരുന്ന് യാചിച്ചു..
പക്ഷേ അതിനുത്തരം നൽകിയത്..ഷൈജലിന്റെ വാക്കുകളായിരുന്നു..
“ഇറങ്ങിപ്പോടാ ചെറ്റേ..കൈക്ക് പണി ണ്ടാക്കാതെ..”
ദയനീയതയോടെ അജ്മലിനെ നോക്കിയെങ്കിലും ഒരു കൂസലുമില്ലാതെയവൻ ഷൈജലിന്റെ വാക്കുകളെ അംഗീകരിക്കുകയായിരുന്നു..
മുറിവേറ്റ മനസ്സുമായി അവൻ പതിയേ അവിടെ നിന്നും പടിയിറങ്ങുമ്പോഴായിരുന്നു പിന്നിൽ നിന്നും ഷമീലയുടെ വിളി..
“ഷംസുക്കാ..നിക്കി..ഞാനും വര്ണ്..
എന്നെ മനസ്സിലാക്കാത്തവരുടെ വീട്ടിൽ ഞാനും ഇനി നിക്ക്ണില്ലാ..”
“ഷമീലാ..ഇയ്യ് എന്താപ്പോ പറഞ്ഞേ..”
ഒരു അന്ധാളിപ്പോടെ ഖൈറുത്താ ഷമീലയെ നോക്കി.. അവളുടെ വാക്കുകൾക്കെന്തുത്തരം പറയണമെന്നറിയാതെ ഷംസു നിസ്സഹായനായി..
“ഞാൻ വിളിച്ചിട്ടാ ഷംസുക്കാ റൂമിലേക്ക് വന്നത്..അപ്പോ ഞാനും ഇവിടന്ന് എറങ്ങണ്ടേ ഉമ്മാ.‌..”
തലതല്ലി കരയുന്ന ഖൈറുത്താക്ക് മുന്നിൽ എന്തുചെയ്യണമെന്നറിയാതെ ഷംസുവും കനലെരിയുന്ന ഹൃദയത്തിൽ നിറയെ പകയുടെ വിത്തു വിതക്കപ്പെട്ടവനായി അജ്മലും‌…അപ്പോഴാണ് കൂട്ടത്തിൽ മുതിർന്ന ഹമീദ്ക്കാ അവർക്കിടയിലേക്ക് വന്നത്..
“അജോ..ഇത് നാലാളറിയ്ണ മുന്നേ ഓൻ ക്ക് ഓളെ കെട്ടിച്ചു കൊടുക്കാ നല്ലത്..”
അമർഷത്തോടെ എന്തൊക്കെയോ പുലമ്പികൊണ്ട് ഞെരിപിരികൊള്ളുന്ന അജ്മലിന് അതും കൂടി കേട്ടപ്പോ ദേഷ്യം ഇരച്ചു കയറി..അവൻ വീണ്ടും ഷംസുന് നേരേ ചാടിക്കയറാനൊരുങ്ങിയതും ഷൈജൽ തടഞ്ഞു..
“വിട്ടേക്ക് അജ്മലേ…
എവിടാച്ചാ പോയി തൊലയട്ടെ..”അതു പറയുമ്പോൾ ഷൈജലിന്റെ മുഖത്തൊരു ഗൂഢമായ മന്ദസ്മിതം തെളിഞ്ഞു നിന്നിരുന്നു..നന്ദി സൂചകമായി ഉടൻ തന്നെയാ ചിരി പണിക്കാരൻ വാസുവിനു കൈമാറുവാനും അവൻ മറന്നില്ല..ഏൽപ്പിച്ച ജോലി ഭംഗിയായി നിർവ്വഹിച്ചതിനുള്ള പാരിതോഷികം ഉടൻ തന്നെ പ്രതീക്ഷിക്കാമെന്ന് ആ മുഖഭാവത്തിലൂടെയവൻ വ്യക്തമാക്കി…
അപ്പോഴേക്കും ഹമീദ്ക്കാ വീണ്ടും അവർക്കിടയിൽ മദ്ധ്യസ്ഥത പിടിക്കാൻ വന്നു..
“ഖൈറോ..ഇങ്ങനെ കരഞ്ഞിട്ടെന്താ..രണ്ടിനേം കെട്ടിച്ചുവിടല്ലാതെ..ടാ ഷംസോ..
അനക്ക് അവളെ കെട്ടുന്നതിനെതിർപ്പൊന്നും ഇല്ലാലോ ലേ…”
“ഹമീദ്ക്കാ..യാഥാർത്യമെന്താന്ന് പറയാൻ ന്റെ അജു പോലും എനിക്കൊരവസരം തര്ണില്ലാലോ..ന്നാലും ഞാൻ കാരണം ന്റെ ചങ്കായ ചെങ്ങായിടെ പെങ്ങൾക്കൊരു ദോഷം വരുന്നുണ്ടെങ്കിൽ അതിനേതു വിധേനയും പ്രായശ്ചിത്തം ചെയ്യാൻ ഈ ഷംസുദ്ദീൻ ഒരുക്കാാ..”
മുഖം തിരിഞ്ഞു നിൽക്കുന്ന അജ്മലിന്റെ സമ്മതം കിട്ടിയില്ലേലും ആ സംഭവത്തിനൊരന്ത്യം കുറിക്കാൻ ഖൈറുത്താക്ക് മുമ്പിൽ മറ്റൊരു പോംവഴിയൂം ഉണ്ടായിരുന്നില്ലാ…
ഒരു കൂട്ടക്കരച്ചിലോടെ ആ രംഗം അവസാനിച്ചു..
അങ്ങനെ രണ്ട് നവ മിഥുനങ്ങളെ വരവേൽക്കാനായി ആ വിവാഹ പന്തൽ സാക്ഷ്യം വഹിച്ചു..പെങ്ങളുട്ടിയുടെ കല്യാണം എന്ന ആ ഒത്തിരി പ്രതീക്ഷകളും മോഹങ്ങളേയും തകർത്തു കളഞ്ഞ ഷംസുവും ഷമീലയും അജ്മലിന്റെ ഏറ്റവും വലിയ ശത്രുക്കളാായി..
സങ്കടക്കടലിന്റെ അലകൾ തീർത്ത ആ കല്യാണരാവും പകലും അങ്ങനെ അവസാനിച്ചു..ഷമീല ഷംസുവിന്റെ മണവാാട്ടിയായി അവന്റെ വീട്ടിലേക്ക് പോയി..ഒരുപാട് തവണ ഷംസു..അജുവിന്റെ മുന്നിൽ തന്റെ നിരപരാധിത്വം തെളിയ്ക്കാനായ് ശ്രമിച്ചെങ്കിലും വെറുപ്പോടെ മുഖം തിരിക്കുകയാണവൻ ചെയ്തത്..
ഖൈറുത്തായും പല തവണ അവനോട് അതിനെ കുറിച്ച് സംസാരിക്കാൻ ശ്രമിച്ചെങ്കിലും കേൾക്കാൻ അജ്മൽ തയ്യാറായില്ലാ..കല്യാണം കഴിഞ്ഞിട്ടും തെളിയാത്ത മുഖവുമായാണവരെ കാണപ്പെട്ടത്..സോഫിയുടെ സ്വാന്തന വാക്കുകളാണല്പമെങ്കിലും അവർക്കാശ്വാസമായത്..

“ഉമ്മാ..ഇങ്ങൾ വിഷമിക്കാതിരിക്കി..എല്ലാം നമ്മക്ക് പറഞ്ഞു ശരിയാക്കാം‌.ഷംസുക്കാന്റെയും ഷമീന്റെയും ഭാഗത്ത് ഒരിക്കലും അങ്ങനൊരു തെറ്റ് സംഭവിക്കുമെന്ന് വിശ്വസിക്കാൻ പറ്റ്ണില്ലാ..യാഥാർത്യം എന്നായാലും പുറത്തു വരാണ്ടിരിക്കില്ല..അതുവരേ നമ്മക്ക് കാത്തിരിക്കാം..”
സോഫി ഉമ്മാനെ സമാധാനിപ്പിച്ചുകൊണ്ടേയിരുന്നു..
“ന്നാലും മോളേ..എങ്ങനെ കഴിഞ്ഞിരുന്ന കുട്ട്യേളാ..അതോർക്കുമ്പോ….”
ഖൈറുത്താ ഒരു നെടുവീർപ്പോടെ തുടർന്നു..
“അതൊക്കെ പോട്ടെ..മോളേ..അന്റെ ഒപ്പം വന്നിനത് ആരൊക്കെയ്നു..”
“ആ..അതോ…നിക്കാഹ് ചെയ്ത് തന്നില്ലേയ്നോ അതാണ് അസീസ് ഉസ്താദ്..എ‌നിക്കെന്റെ ഉപ്പാനെ പോലെയാ..പിന്നെ ആയമ്മയും എന്റെ അവടത്തെ ഫ്രണ്ട്സും..”
വാ തോരാതെ സംസാരിക്കുന്ന സോഫി എന്ന അനാഥ പെൺകുട്ടിയെ ഒരു വാത്സല്യം നിറഞ്ഞ കണ്ണുകളോടെ നോക്കി കാണുകയായിരുന്നു..
“മോളേ..ഇയ്യ് പോയി കിടന്നോ ഇനി.. ഓനിപ്പോ അവിടെ കാത്തിരുന്നു ഉറങ്ങിട്ടുണ്ടാവും..”
കയ്യിൽ ഒരു ഗ്ലാസ് പാലുമായി മരുമോളേ മണിയറയിലേക്ക് പറഞ്ഞു വിടുമ്പോഴും ആ മാതൃഹൃദയം സ്വന്തം മോളെ ഓർത്തു വിതുമ്പുന്നുണ്ടായിരുന്നു..

അന്ന് എല്ലാ പ്രതീക്ഷകൾക്കും തിരികൊളുത്തി മണിയറയിലേക്ക് കാലെടുത്തു വെച്ച സോഫി… പക്ഷേ..ഒട്ടു പ്രതീക്ഷിക്കാത്തൊരു നോവിനു സാക്ഷിയാവേണ്ടി വന്നു…
അതും പറഞ്ഞ് ആതിര ഒന്നു നിർത്തി..
ഒരു കഥയുടെ ആലസ്യത്തിൽ അവളെ മാത്രം ഉറ്റു നോക്കിക്കൊണ്ടിരിക്കുന്ന അനസിനു ബാക്കി അറിയാനുള്ള ജിജ്ഞാസയായിരുന്നു…
“പറ ആതിരാ..പിന്നെയെന്താ അവരുടെ ജീവിതത്തിൽ സംഭവിച്ചേ…”
“അത്…..”
ആതിര കഥ പാതിവെച്ചു നിർത്തിയത് മറ്റൊന്നുമല്ല..
അകലെ നിന്നും വരുന്ന സോഫിയുടെ നിഴൽ അവൾക്ക് കാണാമായിരുന്നു..
“അനൂ..സോഫി വരുന്നുണ്ട്..തൽക്കാലം നമുക്കിതിവടെ നിർത്താം..ഇല്ലെങ്കിൽ ഇതിന്റെ പേരിലാവും ഇവിടെ പുകില്..”
അനസ് തല ചെരിച്ചൊന്നു നോക്കി..വാടിത്തളർന്ന മുഖവുമായി ഉമ്മറപ്പടി കയറി വരുന്ന സോഫിയെ കണ്ടപ്പോൾ ഇടനെഞ്ചിലെന്തോ ഒരു വിങ്ങലനുഭവപ്പെട്ടു..
ആ മുഖത്തേക്കൊന്നു നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ ശ്രമം വിഫലമാവുകയായിരുന്നു…
തിരിച്ചൊരു പുഞ്ചിരി പ്രതീക്ഷിച്ചെങ്കിലും ആ മുഖത്തേക്കൊരു നിമിഷം നോക്കി നിന്ന ശേഷം അവനെ നിരാശപ്പെടുത്തിക്കൊണ്ട് ധൃതിയിൽ അവൾടെ മുറിയിലേക്ക് നടന്നു..
“അനൂ..നീ ഇപ്പോ പൊയ്ക്കോ.. അവിടെ എന്തോ പ്രശ്നമുണ്ടായിണ്..അല്ലാതെ ഈ സമയത്തിങ്ങനെ കണ്ണും ചുവപ്പിച്ചോണ്ടവൾ വരൂലാ..”
“ഉം..ശരി ആതിരാ..ഞാൻ ഇറങ്ങുവാ..നീ ചോദിച്ചറിയ് അവളുടെ പ്രശ്നങ്ങളൊക്കെ..”
ആതിരയുടെ ഫോൺ നമ്പറും വാങ്ങി അവിടെ നിന്നിറങ്ങുമ്പോഴും ഉത്തരം കിട്ടാത്തൊരുപാട് ചോദ്യങ്ങൾ കൊണ്ടവൻ അലയുകയായിരുന്നു..
അപ്പോഴും കമിഴ്ന്ന് കിടന്നു തേങ്ങിക്കരയുന്ന സോഫിയുടെ ശബ്ദം ആതിരക്ക് കേൾക്കാമായിരുന്നു..
“സോഫീ..”
പിറകിൽ വന്നു ചുമലിൽ തട്ടി വിളിച്ചപ്പോൾ പതിയെ എഴുന്നേറ്റവൾ ആതിരക്ക് അഭിമുഖമായിരുന്നു..
കണ്ണിൽ നിന്നുതിർന്നു വീഴുന്ന കണ്ണുനീർ മുത്തുകളെ കൈകൾ കൊണ്ട് തുടച്ചുമാറ്റിയവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു..
“എന്താടാ..എന്തുപറ്റി..”
വിറപൂണ്ടു നിൽക്കുന്ന താടിയെല്ലുകളെ വിരലുകളാാൽ താങ്ങി നിർത്തികൊണ്ട് ആതിര കാര്യമന്വേഷിച്ചു..
“ഇന്നും..അയാൾ വല്ലതും…?”
“ഊം..”
.കാര്യം വിശദീകരിച്ചപ്പോൾ ആതിരയിലും ഒരു ഞെട്ടലുണ്ടായി..
കാമം മൂത്ത് ആവേശം കൊണ്ട് കയറിപ്പിടിച്ച കാസിം മുതലാളിയുടെ മുഖത്ത് രണ്ടെണ്ണം പൊട്ടിച്ചോണ്ടാ ഇവൾ ഓടി പോന്നത്..പണം കൊണ്ട് എന്തും നേരിടാൻ കഴിവുള്ള അയാളിനി അടങ്ങിയിരിക്കുമെന്ന് തോന്നുന്നില്ലാ..
“സോഫീ..എന്തായിനി ചെയ്യാ..”
“അറിയില്ല ടാ എനിക്കൊന്നും..ഞാൻ കാരണം നീയും കുഞ്ഞും….”
“എന്റെ കാര്യം …..അതോർത്ത് നീ വെഷമിക്കണ്ട മോളേ..നിന്നെ സുരക്ഷിതമായൊരിടത്തെത്തിക്കുന്നവരെ ഈ ആതിര കൈവിടൂലാ..അതൊന്നുമല്ലല്ലോയിപ്പോ പ്രോബ്ലം..ആ കാസിം മുതലാളി…”
ആലോചനകൾക്കൊരറ്റമില്ലാാതെ ഇരുവരും എത്രനേരമങ്ങനെയിരുന്നെന്ന് നിശ്ചയമില്ലാ…ആ ചിന്തകൾക്കൊരു തടസ്സം സൃഷ്ടിച്ചുകൊണ്ടായിരുന്നു അനസിന്റെ ഫോൺ വന്നത്…
“ഹലോ..ആതിരാ വിവരങ്ങളൊക്കെ ഞാനറിഞ്ഞു..കാസിം മുതലാളി വിളിച്ചിരുന്നു…”
കാസിം മുതലാളിയുടെ ബിസിനസ് പാർട്ട്ണറാണ് അനസ് എന്നത് ആതിരാക്കൊരു പുതിയ അറിവായിരുന്നു..
അനസിന്റെയും ആതിരയുടേയും സംഭാഷണത്തിൽ നിന്നൊന്നും വ്യക്തമാവാാത്ത സോഫി അവളെ തന്നെ ഉറ്റു നോക്കുന്നുണ്ടായിരിന്നു..
അല്പം ഭീതി കലർന്ന സ്വരത്തോടെയായിരുന്നു ആതിരയുടെ ഓരോ മറുപടിയും
വറ്റി വരണ്ടുണങ്ങുന്ന തൊണ്ടയിലേക്ക് ഉമിനീർ ചാലിച്ചിറക്കി വ്യക്തമാവാത്ത സംഭാഷണത്തിനു വേണ്ടിയവളും കാതോർത്തിരുന്നു..
അരമണിക്കൂർ നീണ്ടു നിന്ന ആ സംഭാഷണത്തിനവൾ വിരാമമിട്ടത് ആശ്വാസത്തിന്റെയൊരു നെടുവീർപ്പുമായിട്ടായിരുന്നു..
“എന്താടാ..എന്താ അനസ്ക്കാ പറഞ്ഞേ..”
“ആ.. നീ വേഗം റെഡിയാവ്..നാളെ രാവിലെ അനസ് നിന്നെ കൊണ്ടോവാൻ വരും..”
“എങ്ങട്..?”
കണ്ണും മിഴിച്ച് നിൽക്കുന്ന സോഫിയെ കണ്ടപ്പോ ഒരു പുഞ്ചിരിയോടെ ആതിര മറുപടി നൽകി..
“എടീ പെണ്ണേ..നിനക്കൊരു ജോലി ശരിയായിട്ട്ണ്ട് അത്രമാത്രം അറിഞ്ഞാ മതി..അവിടെ നീ സുരക്ഷിതയായിരിക്കുമെന്നെനിക്കുറപ്പുണ്ട്..അങ്ങനെയല്ലാത്തൊരിടത്തേക്ക് നിന്നെ ഞാൻ പറഞ്ഞയക്കോ..”
രാവിലെ അനസ് വന്നു കൂട്ടി കൊണ്ടോവുമ്പോ ചോദിച്ചില്ല.
എങ്ങോട്ടാണെന്ന്..അറിയണമെന്നുമുണ്ടായിരുന്നില്ല..കാരണം ആതിരയുടെ വീട്ടിൽ നിന്നെങ്ങനേലും ഒന്നു മാറി നിന്നാ മതിയായിരുന്നു അവൾക്കും..താൻ കാരണം ആരും ബുദ്ധിമുട്ടാവരുത്..
കാറിന്റെ പിൻസീറ്റിലിരുന്നു പുറത്തെ കാഴ്ചകളെ അലസതയോടെ നോക്കി കാണുകയായിരുന്നു സോഫി..
“എന്താ സോഫീ..ന്നെ വെറും ഡ്രൈവറാക്കിയിരുത്തിയിരിക്കാണോ..എന്തേലുമൊന്ന് പറയടോ..”
അതിനു മറുപടിയെന്നോണം ശബ്ദമില്ലാത്തൊരു ചിരി അവനു സമർപ്പിച്ചു കൊണ്ട് വീണ്ടുമവൾ മൗനത്തെ കൂട്ടുപിടിച്ച് അകലെ‌ സൂര്യൻ മേഘങ്ങൾക്കിടയിലൂടങ്ങനെ ഒളിച്ചുകളിക്കുന്നയാാ കാഴ്ചകളിലേക്ക് മിഴികളും നട്ടിരുന്നു..
“ഇയാൾക്ക് വിരോധമില്ലെങ്കിൽ പറയാമോ.. ഇയാൾടേം അജ്മലിന്റേയും ജീവിതത്തെ കുറിച്ച്…”
പ്രതീക്ഷയോടെയാ മുഖത്തേക്കൊന്നു നോക്കിയെങ്കിലും നിരാശയുളവാക്കുന്ന മറുപടിയായിരുന്നവളുടെ ഭാഗത്ത് നിന്നുമുണ്ടായത്..
“പ്ലീസ് അനസ്ക്കാ..ഞാനിന്ന് ഓർക്കാനിഷ്ടപ്പെടാത്തൊരു അധ്യായമാ അത്..”
“ഓ..സോറി സോഫീ..ഇഷ്ടമില്ലാച്ചാൽ പറയണ്ടാ..ഞാൻ വെറുതേ..”
ഛെ..ചോദിക്കേണ്ടിയിരുന്നില്ലാ..സങ്കടം നിഴലിക്കുന്നയാ മുഖത്ത് വീണ്ടും കാർമേഘം മൂടിക്കെട്ടാൻ താൻ കാരണമായല്ലോയെന്നോർത്തവനു കുറ്റബോധം തോന്നി..
ഓർക്കാനിഷ്ടപ്പെടാത്തതായിരുന്നിട്ടും ഓർമ്മകളെ പിടിച്ച് ബന്ധിക്കാനവൾക്കാവുമായിരുന്നില്ലാ..
എങ്ങനോർക്കാതിരിക്കും സ്വന്തമായാരുമില്ലാതിരുന്നെ സോഫിക്ക് സ്വന്തമായൊരു വീടുണ്ടായിരുന്നു..അജ്മലിക്കാന്റെ വീട്..
പക്ഷേ കയറി വന്ന ആ ദിവസത്തിന്റെ തുടക്കം തന്നെ പ്രശ്നങ്ങളുമായിട്ടായിരുന്നു..ഓർമ്മകളെ അയവിറക്കി കൊണ്ടവളാ ആദ്യരാത്രിയുടെ മണിയറയിലേക്കൊന്നെത്തിനോക്കി..
ഒരു മണവാട്ടിയുടെ നാണവും മുഖത്ത് പൂശി മണിയറ വാതിൽ വിടവിലൂളൊന്നൊളിഞ്ഞു നോക്കിയപ്പോൾ കൂർക്കം വലിച്ചുറങ്ങുന്ന അജ്മലിനെയായിരുന്നു സോഫി കണ്ടത്..
ഇത്ര പെട്ടെന്ന് ഉറങ്ങിയോ..
“ഇക്കാ..അജുക്കാ..ഇങ്ങളുറങ്ങിയോ..ഇക്കാ..”
ഗാഢനിദ്രയിലാണ്ടിരിക്കുന്ന അജ്മലിനെ ഒത്തിരി കുലുക്കി വിളിച്ചെങ്കിലും ഒരു അനക്കവുമില്ലാ..
സങ്കടമോ നിരാശയോ എന്തൊക്കെയോ അവളുടെ മുഖത്ത് മിന്നി മറഞ്ഞെങ്കിലും സാരമില്ലെന്ന വാക്കിനാൽ മനസ്സിനെ തടഞ്ഞു നിർത്തി..
ബന്ധനത്തിലമർന്നു കിടക്കുന്ന സമ്മാനങ്ങൾ അവൾക്ക് മുന്നിൽ നിരന്നു നിൽക്കുന്നുണ്ടായിരുന്നു..ഓരോന്നും നോക്കുന്നതിനിടയിൽ അവസാനം അവളുടെ നോട്ടം അവളന്നു സമ്മാനിച്ച ആ പളുങ്കു ശില്പത്തിൽ ഉടക്കി നിന്നു..കയ്യിലെടുത്ത് എന്തോ ചിന്തയിലാണ്ടിരിക്കവേ..പെട്ടെന്നായിരുന്നു പിറകിലൊടൊരു കൈ അവളുടെ തോളിലമർന്നത്..ഞെട്ടിത്തരിച്ചുകൊണ്ട് പുറകിലേക്ക് നോക്കിയപ്പോ അജ്മൽ..
“ഇക്കാ..ഇങ്ങളുറങ്ങില്ലെയ്നോ..”
“അയ്യടാ അങ്ങനങ്ങുറങ്ങാനോ..ഇന്ന് നമ്മളെ ആദ്യരാത്രിയല്ലേ..ഇന്നല്ലേ ഞാനെന്റെ രാജകുമാരിയെ സ്വന്തമാക്കിയ ദിനം..സ്വപ്നത്തിന്റെ തേരിലേറി സ്വർഗത്തിലേക്കൊരുമിച്ച് കൈപിടിക്കേണ്ടേ നമുക്ക്..”
“ഉം..”
പ്രണയാർദ്ദമാായൊരു പുഞ്ചിരി അവനു നൽകിക്കൊണ്ട് നവ ജീവിതത്തിന്റെ യവനിക തുറന്നു..അമ്പിളി വാനിൽ നിന്നും മേഘക്കീറുകൾക്കിടയിൽ പോയൊളിച്ചു..നക്ഷത്രക്കൂട്ടങ്ങൾ നാണത്താൽ കൺ ചിമ്മി..
പ്രണയഗീതങ്ങൾ പാടികൊണ്ട് രാപ്പാടിക്കിളികൾ ചില്ലയിൽ കൂട്ടുകൂടി..
“സോഫീ.,”
അരക്കെട്ടിലൂടെ കൈകൾ ചേർത്തവൻ സോഫിയെ തന്നിലേക്കടുപ്പിച്ചു..
നാണത്താൽ കുനിഞ്ഞു നിൽക്കുന്ന ശിരസ്സുയർത്തി ആ വദനം കൈക്കുമ്പിളിൽ കോരിയെടെത്തു മാന്മിഴി കണക്കെ കൂമ്പിയടഞ്ഞ മിഴികളിൽ പതിയേ ചുണ്ടുകളമർത്തി..ഹർഷപുളകിതയായി നിൽക്കുന്ന അവളുടെ കാതിൽ മെല്ലെ മൊഴിഞ്ഞു…
“എന്തായെന്റെ പൊന്നുമോളൊന്നും മിണ്ടാത്തേ..എന്തെങ്കിലും പറയ് മുത്തേ..”
വാക്കുകൾക്ക് വേണ്ടി പരതിനടന്നോപ്പോ പെട്ടെന്ന് നാവിൽ തടഞ്ഞത് ഷംസുവിന്റെയും ഷമീലയുടേയും നാമങ്ങളായിരുന്നു..
“അജുക്കാ..ഷംസുക്കാ ഒരു തെറ്റും ചെയ്തിട്ടില്ലാന്നാ ന്റെ മനസ്സ് പറയ്ണേ..”
അതു കേട്ടതും അജ്മലിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു..കെട്ടിപ്പിടിച്ച കരങ്ങൾ കൊണ്ട് അവൻ സോഫിയെ തള്ളിമാറ്റി..
“സോഫീ…അനക്കിതല്ലാതെ വേറെ ഒന്നും ന്നോട് പറയാനില്ലേ..ഒരുത്തനുവേണ്ടിയവൾ വക്കാലത്ത് പറയാൻ വന്നിരിക്കുന്നു..മറക്കാൻ ശ്രമിക്കാ ആ എരണം കെട്ടോന്റെ മോന്ത..അതിന്റെ എടയിലാ ഓളൊരു ഒലക്കമ്മേലെ……എന്റെ കൂടെ നിക്കാണേൽ അതെന്റെ ഇഷ്ടാനിഷ്ടങ്ങൾ നോക്കിയാവണം അല്ലാതെ വല്ലോർക്കും വേണ്ടിയാവരുത്..”
സോഫിയാകെ വിറച്ചുപോയി..ആദ്യാമായാണത്ര കനത്ത ശബ്ദം അവനിൽ നിന്നും നേരിടുന്നത്..അവളുടെ കണ്ണീൽ നിന്നും കണ്ണുനീർ ചാലിട്ടൊഴുകി..അരുതാത്തതെന്തോ പറഞ്ഞുപോയ പോലെയവൾ ഒരക്ഷരം ഉരിയാടാതെ മുഖം കുനിച്ചു നിന്നു..
“ഒരുപാട് തവണ എന്നോട് പറഞ്ഞതാ ഷൈജൽ… അവരെ രണ്ടുപേരേയും ചേർത്ത്..അന്നൊന്നും ഈ അജ്മൽ അത് വിശ്വസിച്ചില്ലാ..നെഞ്ചിലേറ്റി നടന്നവനൊടുവിൽ ഹൃദയം പറിച്ചോണ്ട് പോയി..ചതിയൻ..കൂടെ നടന്നിട്ടൊടുവിൽ..ന്നെ പറ്റിച്ചോണ്ട്.. ആകെ സമ്പാദ്യമുണ്ടായീനത് കുറച്ച് അഭിമാനായിരുന്നു..അതും ഇല്ലാണ്ടാക്കി…പുറത്തെറങ്ങി നടക്കാൻ വയ്യ നിക്കിപ്പോ..അറിയോടീ…അറിയോന്ന്..”

അജ്മലിന്റെ ആ ഗർജനം കേട്ട് മിഴിച്ചു നിൽക്കായിരുന്ന് സോഫി..
എന്തൊക്കെയോ പുലമ്പിക്കൊണ്ടവൻ ബെഡിലേക്ക് മറിഞ്ഞു വീണു…
ആ സൗഹൃദത്തിനു അന്ത്യം കുറിക്കാൻ കാരണക്കാരനാരാണെന്ന് മനസ്സിലാക്കാൻ സോഫിക്കധികം സമയം വേണ്ടി വന്നില്ലാ..
ഷൈജൽ..!!പക്ഷേ..എന്തിന്…??അജ്മലിക്കാാന്റെ മനസ്സിൽ പകയുടെ വിഷം പുരട്ടി ഇത്രേം മാറ്റിയെടുക്കാനെങ്ങനെ കഴിഞ്ഞെന്നോർത്തപ്പോഴവൾക്ക് അത്ഭുദം തോന്നി.തുടരെത്തുടരെയുള്ള ഷൈജലിന്റെ വിലയിരുത്തലിനു മുമ്പിൽ കീഴടങ്ങേണ്ടി വന്നതാവാംഅജ്മലിക്കാ..അല്ലാതൊരിക്കലും . ഇങ്ങനൊരു മനം മാറ്റത്തിനു വഴിയില്ലാ..
എത്ര നേരമങ്ങനെ തരിച്ചു നിന്നുപോയതെന്നോർമ്മയില്ലാ..അപ്പോഴേക്കും അജ്മൽ നിദ്രകളിലഭയം പ്രാപിച്ചിരുന്നു
അനുസരണയില്ലാതൊഴുകിയിറങ്ങുന്ന കണ്ണുനീരിനു മുന്നിൽ പരാജയം സമ്മതിച്ചവൾ കട്ടിലിന്റെ ഒരറ്റത്ത് അവന്റെ കാലിൻ ചുവട്ടിലാായി തറയിലിരുന്നു കൊണ്ട് തല ബെഡിൽ ചായ്ച്ച് അങ്ങനെ മഴങ്ങിപ്പോയി.. ആദ്യരാത്രിയുടെ ഓർമ്മകളെ നോവുകളുടെ ഏടുകളിലേക്കെഴുതിവെച്ച് അന്നത്തെ രാത്രിക്ക് സമാപ്തിയായി..സോഫിയുടെ സങ്കടത്തിൽ പങ്കുചേരാൻ വിളിക്കാതെ വന്ന അതിഥിയെ പോലെ നല്ലൊരു മഴ രാത്രിയുടെ യാമങ്ങളിലെപ്പോഴോ വിരുന്നെത്തി…
തോരാതെ പെയ്ത മഴക്ക് ശക്തികൂടിയതോടെ ജനലരികിൽ കിടന്ന അജ്മലിന്റെ മുഖത്തേക്ക് ജലകണങ്ങൾ ചീറ്റിയടിച്ചു ..നേർത്തൊരു സുഖമുള്ള കുളിരായി മഴത്തുള്ളികൾ മിഴികളിൽ പതിച്ചപ്പോഴവൻ പതിയെ കണ്ണുകൾ തുറന്നു..സുബ് ഹി ബാങ്കിന്റെ അലയൊലികൾ അകലെ പള്ളി മിനാരങ്ങളിൽ നിന്ന് നേർത്തൊരു ശബ്ദവീചികളുമായവന്റെയരികിലേക്കൊഴുകിയെത്തിയിരുന്നു.. യാഥാർത്ത്യങ്ങളെ ഓർമ്മകളിൽ നിന്നും ചികഞ്ഞെടുത്തപ്പോൾ ഇന്നലെയുണ്ടായ സംഭവങ്ങൾ അവനിൽ ഓടിയെത്തി..തീർത്തുമൊരു കുറ്റബോധ മനസ്സുമായി അവന്റെ കണ്ണുകൾ സോഫിക്ക് വേണ്ടി പരതി നടന്നെങ്കിലും അവിടെയെങ്ങും അവളെ കണ്ടെത്താനായില്ലാ..ചെയ്തുപോയ തെറ്റിനെ മനസ്സാ ശപിച്ചുകൊണ്ടവനോരോ ചുവടു വെക്കുമ്പോഴും അവളുടെ നാമം ഉരുവിടുന്നുണ്ടായിരുന്നു..

സോഫിയേയും തിരഞ്ഞും കൊണ്ടവൻ .ചാരിയിട്ട വാതിൽ മലർക്കേ തുറന്നുകൊണ്ട് റൂമിന്റെ വെളിയിലേക്കിറങ്ങി..എല്ലായിടത്തും തിരയുന്നതിനിടയിലാണ് നിസ്ക്കാരറൂമിന്റെ അരണ്ട വെളിച്ചത്തിൽ നിന്നൊരു തേങ്ങൽ കേട്ടത്..അത് സോഫിയുടേതാണെന്ന് തിരിച്ചറിയാനവനധിക സമയം വേണ്ടി വന്നില്ല..സങ്കടവും കുറ്റബോധവും കൂടിക്കലർന്ന മനസ്സുമായി അവൻ അവളുടെയരികിലേക്ക് ചെന്നു..
ഇലാഹായ റബ്ബിനോട് മനം നൊന്ത് പ്രാർത്ഥനയിൽ മുഴുകിയിരിക്കുകയായിരുന്നവൾ..കരച്ചിലിന്റെ ശബ്ദം ഇടക്കിടെ കേൾക്കാം..
“സോഫീ…ന്നോട് ദേഷ്യാണോ നിനക്ക്”
മങ്ങിയ വെളിച്ചത്തിലും സോഫി കണ്ടു..നിറഞ്ഞു നിൽക്കുന്ന പ്രാണേശ്വരന്റെ മിഴികളെ..അല്പസമയം അവൾ മൗനം പാലിച്ചു.പ്രതികരണം ലഭിക്കാത്തതവന്റ്റെ മനസ്സിൽ കൂടുതൽ സങ്കടത്തിനു കാരണമായി..മുട്ടുകുത്തി അവൾക്കു മുന്നിലിരിന്നു ഒരായിരം ക്ഷമയുടെ പൂച്ചെണ്ടുകൾ അവൾക്കു സമ്മാനിച്ചു…
“മോളേ..ക്ഷമിക്ക്..ഇക്ക ഇങ്ങനെയായിപ്പോയി ..പെട്ടെന്ന് ദേഷ്യപ്പെടും..വേറെ ഒന്നും ചിന്തിക്കാൻ കഴിയൂല അപ്പോ..അതോണ്ടാ അപ്പോ ഞാനങ്ങനെ…ആ കുമ്പസാരം അവൾക്ക് മുന്നിലൊരു സഹതാപത്തിന്റെ കോട്ട പണിതു..”
“സാരല്യ ഇക്കാ..പെട്ടെന്നങ്ങനൊക്കെ കേട്ടപ്പോ എനിക്ക് സഹിക്കാൻ പറ്റീലാ..എന്റിക്കാക്ക് സങ്കടാായോ..”
സങ്കടങ്ങൾ പരസ്പരം ഏറ്റുപറഞ്ഞവിടെ ഇരുവരും ഒരു കണ്ണീർപുഴ ഒഴുക്കി..
“ആഹാ..രണ്ടുപേരുമെന്തായിവിടെ വല്ല കരച്ചിൽ മത്സരവും നടത്ത്ണ്ടോ… ”
അതും പറഞ്ഞോണ്ടായിരുന്നു ഖൈറുത്താ അങ്ങോട്ട് കടന്നുവന്നത്..
“ന്തേയ്..ന്നിം കൂടെ കൂട്ടോ..”
“അതില്ലാ..ഇതു ഞങ്ങൾ ഭാര്യേം ഭർത്താവും തമ്മിലുള്ള കാര്യാ..”
അജ്മലങ്ങനെ പറയുമ്പോഴും കരഞ്ഞു കലങ്ങിയ കണ്ണുകളെ ഉമ്മായിൽ നി‌ന്നൊളിപ്പിക്കാനായി മുഖത്തൊരു പുഞ്ചിരി വിടർത്തി അവൾ തലയും കുനിച്ചു നിന്നതേയുള്ളു..
“മോളേ..അന്നോട് പറയാൻ വിട്ടതാ..ഇവനൊരു മുൻശുണ്ഠിക്കാരനാ..ദേഷ്യം വന്നാ എന്താ പറയാന്ന് ഓനെന്നെ നിശ്ചയണ്ടാവൂലാ..അതോണ്ട് ന്റെ മോളതൊന്നും കാര്യാക്കരുത് ട്ടോ..”
“ഉം..”ഒന്നു മൂളിക്കൊണ്ടവൾ മനസ്സുകൊണ്ട് പടച്ചവനോട് നന്ദി പറയുന്നുണ്ടായിരുന്നു..
“അജോ..അന്നോടും കൂടിയാ പറഞ്ഞേ..ന്റെ സോഫി മോളെ ഇനി വെറ്തനെ കണ്ണീര് കുടിപ്പിക്കരുതെന്ന്..”
പറഞ്ഞു കഴിഞ്ഞപ്പോയേക്കും ഖൈറുത്താന്റെയും കണ്ണുകൾ നിറഞ്ഞിരുന്നു.
“അത് പറഞ്ഞാപോരേ ഉമ്മാ ഇങ്ങളെന്തിനാ കരയ്ണേ…”
“പോ കുട്ട്യേ..ഞാൻ കരഞ്ഞിട്ടൊന്നും ല്ലാ..”
അതും പറഞ്ഞു മൂവരും ചിരിച്ചു..ചിരിയുടെ മറവിൽ കണ്ണീർകണങ്ങളെ ഒളിപ്പിച്ചുകൊണ്ട്..
ഉദയ സൂര്യന്റെ പൊൻ കിരണങ്ങൾ പാരിലെ സൗന്ദര്യ ലഹരികളിൽ പൊന്നാടയണിയ്ച്ചങ്ങനെ പുഞ്ചിരി തൂകി നിന്നു.. ഖൈറുത്താനെ വീട്ടുജോലികളിൽ സഹായിച്ചും മറ്റും അങ്ങനെ സമയത്തോടവൾ ഏറ്റുമുട്ടി..
കളിയും ചിരിയുമായങ്ങനെയങ്ങനെ അവരുടെ ദാമ്പത്യജീവിതം ഒരു മാസം പിന്നിട്ടു..അജു ഹമീദ്ക്കാന്റെ സൂപ്പർമാർക്കറ്റിൽ ജോലിക്ക് പോയി തുടങ്ങി..ഉത്തരവാദിത്തത്തോടെയും ഭംഗിയായും ജോലിചെയ്തുകൊണ്ടിരുന്ന അവനെ കാഷ്യറായി പിന്നീട് നിയമിച്ചു‌..അങ്ങനെയിറരിക്കെയാണ് ഹമീദ്ക്കായുടെ മകൻ ഫസലുന്റെ ദുബായിലെ ഒരു ഷോപ്പിലേക്കൊരാളെ ആവശ്യമായി വരുന്നത്..
“അജോ..ന്റെ മോൻ ഫസലുന്റെ ഷോപ്പിലേക്ക് ഒരാളെ ആവശ്യണ്ടെന്ന്..ഓനത് പറഞ്ഞപ്പോ നിക്ക് പെട്ടെന്ന് ഓർമ്മ വന്നത് അന്റെ മുഖാ..ന്താ ഇയ്യ് ഒരു കൈ നോക്ക്ണോ..ഇതുപോലെത്തെ ജോലിയൊക്കെ തന്നെയാ അവിടേം.‌” മറുപടിക്കായി അജ്മലിന്റെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കികൊണ്ടിരിക്കുന്ന ഹമീദ്ക്കാനോടെന്തുത്തരം പറയണമെന്നവനറിയില്ലായിരുന്നു..
“അത് പിന്നെ..നിക്ക് ആഗ്രഹൊക്കെ ഉണ്ട് ഹമീദ്ക്കാ ന്നാലും പെരക്കാരോട് കൂടി ഒന്നാലോചിക്കട്ടെ..”
“ആ ..അയിക്കോട്ടേ..നല്ലോണം ആലോചിച്ചിട്ട് ഒരു തീരുമാനം പറാഞ്ഞാ മതി..”
സോഫിക്കും ഖൈറുത്താക്കും ഒട്ടും ആഗ്രഹമില്ലേലും വീടിന്റെ കടങ്ങളും കല്യാണം വഴി ഉണ്ടായ കടങ്ങളും അതിനു മുമ്പേ ഉണ്ടായ അപകടങ്ങളിൽ നിന്നും ഉണ്ടായ വണ്ടീടെ നഷ്ടങ്ങളുംഅതൊന്നും നാട്ടിൽ കിട്ടുന്ന നക്കാപിച്ച കൊണ്ട് തീരൂലാ എന്നാ അജ്മലിന്റെ വാദത്തിനു മുന്നിലവർക്ക് സമ്മതം മൂളേണ്ടി വന്നു..
അങ്ങനെ ഒടുവിൽ അജ്മൽ ഇരുവരുടേയും അനുവാദത്തോടെ വിദേശത്തേക്ക് പോവാൻ തയ്യാറായി..
“അജോ..ഇയ്യ് പോയി വരുമ്പോ ഉമ്മ ഇനി ഉണ്ടാവോന്ന് പറയാൻ പറ്റൂലാ..അന്റെ ചോരയല്ലേ ഷമീല ..അനക്ക് ഓളോടെങ്കിലും ഒന്നു മിണ്ടിയാലെന്താ..കല്യാണം കഴിഞ്ഞിത്രേം ആയിട്ട് ഓല് വന്ന് പോവാ അല്ലാണ്ട് ഒരു സത്കാരം ഇതുവരേ നമ്മൾ കഴിച്ചീണോ..ന്റെ കുട്ടിക്ക് എത്രമാത്രം ഉള്ളിൽ സങ്കടണ്ടാവും..”
അതും പറഞ്ഞ് ഖൈറുത്താ നിന്ന് വിതുമ്പാൻ തുടങ്ങി..അജ്മൽ സോഫിയുടെ മുഖത്ത് നോക്കിയപ്പോഴുണ്ട് ആംഗ്യഭാഷയിൽ അവളുടെ യാചന..
“ഇക്കാ..പ്ലീസ്..സമ്മയിക്ക്..”
എല്ലാം കൂടിയായപ്പോ അജ്മൽ സമ്മതം മൂളി..
സത്ക്കാരത്തിന് ഷമീയും ഷംസുവിനേയും കൂടാതെ ഷൈജലും ഓർഫനേജിലുള്ള സോഫിയുടെ അംഗങ്ങളേയും എല്ലാം ക്ഷണിക്കപ്പെട്ടു..എല്ലാവരോടും വേണ്ട വിധത്തിൽ ആതിഥേയ മര്യാദ കാണിച്ച അജ്മൽ ഷംസുവിൽ നിന്നു മാത്രം ഒരകലം പാലിച്ചിരുന്നു. ഒരു കാലത്ത് ആ വീടിന്റെ മുക്കിലും മൂലയിലും വരേ സ്വാതന്ത്ര്യം ലഭിച്ചിച്ചിരുന്ന ഷംസുവിന് ഭാര്യവീടായിട്ടും തീർത്തും ഒരന്യനെപ്പോലെ തോന്നി..ഓരോ നിമിഷവും ഇറങ്ങിയോടാനുള്ള അനുഭവങ്ങൾ നേരിട്ടിട്ടും സ്നേഹം വറ്റാത്ത ആ മനസ്സ് എല്ലാം കണ്ടിട്ടും കേട്ടിട്ടും ഒരു പാവയെപ്പോലെ നിന്നു..ഷൈജലിന്റേയും അജ്മലിന്റേയും പൊട്ടിച്ചിരിയാൽ ആ വീട് ശബ്ദമുഖരിതമായിരുന്നു..കഴിഞ്ഞുപോയ കാലത്തെ ഓർമ്മകളെ അയവിറക്കിയപ്പോൾ കണ്ണിൽ നിന്നൊരിറ്റ് കണ്ണുനീർ തുള്ളികൾ പുറത്തേക്ക് ഓളം തള്ളിയിരുന്നു..
“ഷംസോ..”
നിറഞ്ഞു വന്ന കണ്ണുകൾ തുടച്ച് പിന്തിരിഞ്ഞപ്പോൾ ഖൈറുത്താ..
“ഇയ്യ് ഒന്നോണ്ടും വിഷമിക്കണ്ട മോനേ..ഒക്കെ ശരിയാവും..ഓനെ അനക്കറിയ്ണപോലെ മറ്റാർക്കാ അറിയാ..” ആശ്വാസവാക്കുകൾ അവർക്കു മുന്നിൽ ചൊരിയുമ്പോഴും അതിനെത്ര കാലത്തെ കാത്തിരിപ്പ് വേണ്ടി വരുമെന്ന് പറയാൻ ഖൈറുത്താക്ക് കഴിയുമായിരുന്നില്ലാ..
“സാരല്യ ഉമ്മാ..ന്റെ അജു എന്നെങ്കിലും ന്നെ മനസ്സിലാക്കും അതുവരേ കാത്തിരിക്കാൻ ഈ ഷംസു തയ്യാറാ..”
“ഇക്കാ ..നമുക്കിറങ്ങാം..”
ഷമീല വന്ന് ഷംസുനോട് പറഞ്ഞു..
“മോളേ ഇങ്ങൾ രണ്ടാളും അജൂനോടെന്തേലും രണ്ട് വാക്ക് മിണ്ട്..ഇങ്ങളും ഓനെപ്പോലാാവാണോ..”
“വേണ്ട ഉമ്മാ..ഇത്രേം ആൾക്കാരെ വിളിച്ചിട്ടും ഞങ്ങളോടൊന്നു മിണ്ടാനോ ചിരിക്കാനോ ഇക്കാക്ക മറന്നുപോയിക്ക്ണ്..അജ്മൽക്കാന്റെ ചോര തന്നെയല്ലേ ഞാനും..നിക്കുംണ്ട് വാശിയൊക്കെ..”
രണ്ടു മക്കളുടെയും മത്സരത്തിനു മുന്നിൽ ആ ഉമ്മ ഒരു നിസ്സഹായയായി നിന്നു..
എന്തു ചെയ്യാനാ..അക്കാര്യം പറഞ്ഞങ്ങോട്ട് ചെന്നാ മതി ..കുരച്ച് ചാടിക്കൊണ്ടായിരിക്കും അജുന്റെ മറുപടി..
അതെങ്ങനാ..ഓന്റെ ഉപ്പാന്റെ സ്വഭാവാ ഓനിക്ക് ..ഒരാളെ വെറുത്താ പിന്നെ വെറുത്തതാ..അതിനി ആരു പറഞ്ഞിട്ടും കാര്യല്ലാ..പടച്ചോൻ തന്നെ ആ മനസ്സില് മറവിയുടെ ഒരു മൂടുപടമിടണം..
ഒരിക്കല് ചോദിക്കാൻ പോയ സോഫിക്ക് തന്നെ കിട്ടി വേണ്ടുവോളം…ഇത്രയധികം എന്റെ കുട്ടീടെ മനസ്സ് മാറിപ്പോയല്ലോ.. പടച്ചോനേ..വീണ്ടും ന്റെ കുട്ട്യോളെ ഒന്നാാക്കണേ..
“ഒക്കെ ശരിയാവും മ്മാ…”
ഉമ്മാന്റെ ആ ആവലാതി കേട്ടോണ്ടാായിരുന്നു സോഫി അങ്ങോട്ട് വന്നത്..
ഒരു നെടുവീർപ്പോടെ ഖൈറുത്താ ആ സങ്കടങ്ങൾക്ക് മീതെ ഒരു തിരശ്ശീലയിട്ടു..
അപ്പോഴും അജ്മൽ പകൽകിനാവിന്റെ ലോകത്തൂടൊരു യാത്രയിലായിരുന്നു..
ഒടിഞ്ഞു തൂങ്ങിയ ഒരു ചാരു കസേരയിൽ തിരികെട്ടുപോയ സൗഹൃദത്തിന്റെ മങ്ങലേൽക്കാത്ത ഓർമ്മകളെ ഒരിക്കൽ കൂടിയവൻ പൊടിതട്ടിയെടുക്കുന്നുണ്ടായിരുന്നു..അതേ …കൂടെയാടിത്തീർത്ത ജിവിതമെന്ന നാടകത്തിലെ മുഖ്യ വേഷധാാരിയായ ഷംസു..അവനെക്കുറിച്ചായിരുന്നു ആ ഓർമ്മകൾ..
..എത്ര മറക്കാൻ ശ്രമിച്ചിട്ടും വീണ്ടും വീണ്ടും അവനോടൊരുമിച്ചുള്ള ആ നിമിഷങ്ങൾ ഓളം തള്ളി മനതാരിലേക്ക് അലയടിച്ചു കൊണ്ട് കടന്നു വരികയായിരുന്നു….പലപ്പോഴും ഒറ്റക്കിരുന്നു കൊണ്ടുള്ള ആലോചനകളും ചിരികളും അതിനുള്ള തെളിവായിരുന്നു..അതു പക്ഷേ മനസ്സിലാാക്കാൻ സോഫിക്കോ ഉമ്മാക്കോ കഴിഞ്ഞിരുന്നില്ലാന്ന് മാത്രം..
ഓരോ ദിനങ്ങളും അവന്റെ മനസ്സിലൊരു നീറ്റൽ സൃഷ്ടിച്ചുകൊണ്ട് കടന്നു പോവുന്നുണ്ടായിരുന്നു..എല്ലാം മറക്കാനൊരോളിച്ചോട്ടമെന്ന പോലെയവൻ അധിക സമയവും സോഫിയുടേയോ ഷൈജലിന്റേയോ കൂടെ ചിലവഴിക്കുമായിരുന്നു..ഉള്ളിലടിഞ്ഞു കൂടിയ നൊമ്പരമെന്താന്നാരേയും അറീക്കാതിരിക്കാൻ വേണ്ടിയായിരുന്നു അത്..
“സോഫീ..വേഗം റെഡിയാവ്..നമ്മൾക്ക് പുറത്ത് വരേ ഒന്നു പോയിട്ട് വരാ..കൊണ്ടോവാൻ കുറച്ച് ഡ്രസ്സും സാധനങ്ങളൊക്കെ വാങ്ങിക്കാനുണ്ട്..”
അജ്മലിനു പോവാനിനി ഏതാനും ദിവസങ്ങളേ ബാാക്കിയുള്ളു..സങ്കടമുണ്ടേലും സോഫിക്കു മുമ്പിലത് പ്രകടിപ്പിക്കാതെയവൻ കഷ്ടപെടുന്നുണ്ടായിരുന്നു….പക്ഷേ സോഫിയുടെ മനസ്സിൽ ആകെ ഒരു സങ്കടം..
“ഇയ്യ് എന്താ പെണ്ണേ ആലോചിക്ക്ണേ..വേഗം ഡ്രസ്സ് മാറിട്ട് വാ..”
സൗന്ദര്യത്തിനു മാറ്റു കൂട്ടുന്ന ഒരു സൽ വാറായിരുന്നു വേഷം…വെളുത്ത ചുരിദാറിൽ ചുമന്ന പൂക്കൾ കൊണ്ട് തുന്നിയൈരുന്ന ഒരു പുടവയായിരുന്നു അത്..
പ്രണയാർദ്ദമായ മിഴികളോടെ അവൻ അവളെ നോക്കി
“സോഫീ…”
“ഊം..”
“ഈ വേഷത്തിൽ ന്റെ മോളൊരുപാട് സുന്ദരിയാാട്ടോ..
പച്ച പട്ടണിഞ്ഞ പ്രകൃതിയും നിലാവിൽ പുഞ്ചിരി തൂകി നിൽക്കുന്ന പൂർണ്ണേന്ദുവുമെല്ലാം‌ എന്റെ ഈ സോഫിയുടെ വദനം കണ്ടാൽ മുട്ടു മടക്കി പരാജയം സമ്മതിക്കും..”
സോഫിയുടെ ആ തുടുത്ത കവിൾത്തടം കൈക്കുമ്പിളിൽ കോരിയെടുത്തവൻ തന്റെ പ്രേമഭാജനത്തെ ചേർത്തു നിർത്തി..
“ഒന്നു പോ ഇക്കാ..സുഖിപ്പിക്കാതെ..”
അജ്മലിന്റെ ആ വർണ്ണന കേട്ട് അവൾ ചിരിച്ചുപോയി..
“സത്യമായിട്ടും മുത്തേ..”
“ഓ..ആയിക്കോട്ടെ സമ്മതിച്ചു‌..ന്നാ പോവാം ലേ..”
ഉമ്മാനോട് സലാം പറഞ്ഞിറങ്ങി ഇരുവരും