ചെളിക്കുണ്ടിലെ താമര

“അമ്മെ..ദിലീപേട്ടന്റെ കൂടെ എന്റെ കല്യാണം നിങ്ങള് നടത്തിയില്ലെങ്കില്‍ ഞാന്‍ സത്യമായിട്ടും ചത്തുകളയും..എനിക്ക് നിങ്ങള്‍ ഒന്നും തരണ്ട…പണവും സ്വര്‍ണ്ണവും ഒന്നും…ദിലീപേട്ടന്‍ അച്ഛന്റെ പണം നോക്കിയല്ല എന്നെ ഇഷ്ടപ്പെട്ടത്…”
മകനും മകളുമായി തങ്ങള്‍ക്കുള്ള ഏക പുത്രിയായ അരുന്ധതി വാശിയോടെ നല്‍കിയ മറുപടി രാധമ്മയെ ഞെട്ടിച്ചു.

“പെണ്ണെ നീ അനാവശ്യം പറയരുത്..ചത്തു കളയുമത്രേ. സ്വന്തം ജീവനേക്കാളും വലുതാണോ നിനക്ക് അവനുമായിട്ടുള്ള കല്യാണം” അവരുടെ ആധി ശാസനാരൂപത്തില്‍ പുറത്തേക്ക് പ്രവഹിച്ചു.

“അതെ..എനിക്ക് ദിലീപേട്ടനെക്കാളും വലുതല്ല വേറൊന്നും..” തീര്‍ത്ത് പറഞ്ഞിട്ട് അരുന്ധതി മുഖം വെട്ടിച്ച് ദൂരേക്ക് നോക്കി.

“എടി ബോധമില്ലാത്തവളെ, അച്ഛന്‍ പറഞ്ഞത് നീ കേട്ടതല്ലേ? എന്നിട്ടും നിനക്ക് തീരെ ബോധമില്ലേടീ ഇങ്ങനെ പറയാന്‍”

“അച്ഛന്‍ നുണ പറയുന്നതാ..എനിക്കറിയാം..എങ്ങനെയും എന്നെ ഈ കല്യാണത്തില്‍ നിന്നും മാറ്റാനുള്ള കുതന്ത്രം..എനിക്കെന്റെ ദിലീപേട്ടനെ നന്നായി അറിയാം..ഹും ”

മകള്‍ കരയാന്‍ തുടങ്ങിയത് ഉമ്മറത്ത് ഇരുന്നുകൊണ്ട് അവളുടെ അച്ഛന്‍ സുരേന്ദ്രന്‍ കേട്ടു. അവളുടെ പിടിവാശി നിറഞ്ഞ സ്വഭാവം അയാളെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. ആണും പെണ്ണുമായി ഉള്ള ഏക പെണ്‍തരിയാണ്; അതും വിവാഹം കഴിഞ്ഞ് കുട്ടികള്‍ ഉണ്ടാകില്ല എന്നുള്ള ഒരു സാഹചര്യത്തില്‍ ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഉണ്ടായ മകള്‍. അതുകൊണ്ടുതന്നെ അവളെ വളരെയധികം താലോലിച്ചാണ് വളര്‍ത്തിയത്. അവളുടെ ഏത് ആഗ്രഹവും പറയുന്നതിന് മുന്‍പേ താനും രാധയും സാധിച്ചു കൊടുക്കും. പക്ഷെ ഇത് അതുപോലെയാണോ? അയാള്‍ അസ്വസ്ഥതയോടെ കസേരയിലേക്ക് ചാരിക്കിടന്നു.

പ്രേമബന്ധത്തില്‍ മകള്‍ കുടുങ്ങരുതെ എന്ന് ഓരോ ദിവസത്തെയും പത്രവാര്‍ത്തകള്‍ വായിക്കുമ്പോള്‍ അയാള്‍ പ്രാര്‍ഥിക്കുമായിരുന്നു. എത്ര ഒളിച്ചോട്ടങ്ങള്‍ ആണ് ഓരോ ദിവസവും നടക്കുന്നത്. വിവാഹം ചെയ്തവര്‍ വരെ ഒളിച്ചോടുന്നു! അത്തരം വാര്‍ത്തകള്‍ സ്വന്തം മകളുടെ കാര്യത്തില്‍ അത്യല്‍പ്പമായ ആശങ്ക അയാളില്‍ സൃഷ്ടിച്ചിരുന്നു. ഡിഗ്രി പാസായ അവള്‍ക്ക് ഉടന്‍തന്നെ വിവാഹാലോചനകള്‍ തുടങ്ങിയപ്പോള്‍ ആണ് തനിക്കൊരാളെ ഇഷ്ടമുണ്ട് എന്നവള്‍ പറയുന്നത്. ചെറുപ്പം മുതല്‍തന്നെ എന്തും തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം അവള്‍ക്ക് കൊടുത്തത് കൊണ്ടാകാം, യാതൊരു മടിയോ ഭയമോ ഇല്ലാതെയാണ് അവളതു പറഞ്ഞത്. ഒരു കണക്കിന് അത് വളരെ നന്നായി എന്നയാള്‍ക്ക് തോന്നി. കാരണം ചില കുട്ടികള്‍ ചെയ്യുന്നതുപോലെ മനസ്സില്‍ കൊണ്ടുനടന്ന് അവസാനം ഒളിച്ചോടിപ്പോകുന്ന രീതി അവള്‍ കാണിച്ചില്ലല്ലോ?

അതെപ്പറ്റി അവളോട്‌ സംസാരിച്ചപ്പോള്‍, അവനുമായി പിരിയാനാകാത്ത വിധം അവള്‍ അടുപ്പത്തിലായി എന്ന് അയാള്‍ക്ക് മനസിലായി. മനസ്സില്‍ ആശിച്ചത് നേടാതെ പിന്മാറുന്ന ശീലമില്ലാത്ത അവളെ, ആ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സാധ്യമല്ല എന്നയാള്‍ക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ട്, അവളുടെ ഇഷ്ടം അതാണെങ്കില്‍, അത് നടന്നോട്ടെ എന്ന് അവസാനം അയാള്‍ തീരുമാനിച്ചു.

തുടര്‍ന്ന് അയാള്‍ അവനെപ്പറ്റി രഹസ്യമായി ഒരു പ്രൈവറ്റ് ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിച്ചു; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആണ് അവരില്‍ നിന്നും അയാള്‍ക്ക് ലഭിച്ചത്. പണക്കാരനായ അച്ഛന്റെ രണ്ടു മക്കളില്‍ ഇളയവനായ അവന്റെ ഹോബി പെണ്‍കുട്ടികളെ വല വീശിപ്പിടിക്കലാണത്രേ! മയക്കുമരുന്നിന് അടിമയായ അവന്‍ കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളെ കിട്ടാന്‍ വേണ്ടി ഏതറ്റം വരെയും പോകും. അവരുടെ മുന്‍പില്‍ പൊട്ടനും ധീരനും കോമാളിയും പാവവും, അങ്ങനെ പെണ്‍കുട്ടിയുടെ മനസ് അനുസരിച്ച് എന്തുവേണമോ അതെല്ലാം അവനാകും. കാണാന്‍ സുമുഖനും, ധാരാളം പണവും ഉള്ള അവന്റെ വലയില്‍ മനസ്സിളക്കമുള്ള പെണ്‍കുട്ടികള്‍ നിസ്സാരമായിട്ടാണ് വീഴുന്നത്. അവരെ സ്വന്തം തൃഷ്ണ ശമിപ്പിക്കാന്‍ ഉപയോഗിക്കുന്നത് വരെ അവരെയല്ലാതെ ആരെയും വിവാഹം ചെയ്യില്ല എന്നായിരിക്കും അവന്റെ നാട്യം. അതില്‍ വിശ്വസിച്ച് അവന്റെ കിടപ്പറ പങ്കിട്ടു ചാരിത്ര്യം കളഞ്ഞ പല പെണ്‍കുട്ടികളുമുണ്ടത്രേ. അപമാനം ഭയന്ന് ആരും അത് പുറത്ത് വിടില്ല.

അറിഞ്ഞ വിവരങ്ങള്‍ അയാള്‍ സൌമ്യമായി മകളെ അറിയിച്ചു. ആദ്യം നിസംഗതയോടെ അതെല്ലാം കേട്ടു നിന്ന അവള്‍ അവസാനം അയാളെ പരിഹാസം കലര്‍ന്ന ഭാവത്തോടെ നോക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു:

“സ്വന്തം മോളെ കള്ളം പറഞ്ഞു ചതിക്കാന്‍ നോക്കുന്ന അച്ഛന്‍..ഹും..നാണമില്ലല്ലോ അച്ഛന് ഇങ്ങനെ കള്ളക്കഥകള്‍ ഉണ്ടാക്കാന്‍? ദിലീപേട്ടനെ എനിക്കറിയാവുന്നത് പോലെ ലോകത്താര്‍ക്കും അറിയില്ല. എനിക്കൊരു ജീവിതമുണ്ടെങ്കില്‍ അത് ദിലീപേട്ടന്റെ ഒപ്പം മാത്രമായിരിക്കും..” പറഞ്ഞിട്ട് വെട്ടിത്തിരിഞ്ഞ് അവള്‍ പൊയ്ക്കളഞ്ഞു.

കൈവെള്ളയില്‍ വച്ച് ഓമനിച്ച് താന്‍ വളര്‍ത്തിയ മകളുടെ ധിക്കാരം കണ്ട് അയാളുടെ മനസ് തകര്‍ന്നു പോയെങ്കിലും, അവളെ വേദനിപ്പിക്കാന്‍ അയാള്‍ക്ക് കഴിയുമായിരുന്നില്ല. തന്റെ എല്ലാമെല്ലാം അവളാണ്. അധമനായ ഒരുവന് വേണ്ടി ജീവിതം കളയാന്‍ ഒരുങ്ങുകയാണ് അവള്‍. അവന്‍ ചതിച്ച ശേഷം ഉപേക്ഷിച്ചാല്‍, ഒരിക്കലും തന്റെ മകള്‍ക്കത് താങ്ങാനാകില്ല; അവള്‍ എന്തെങ്കിലും കടുംകൈ ചെയ്തുകളയും. അത്രയ്ക്ക് ദുര്‍ബ്ബലമാണ്‌ അവളുടെ മനസ്സ്.

തന്റെ വാക്ക് അവള്‍ കേള്‍ക്കാതെ വന്നതോടെ ഭാര്യയോട്‌ അവളെ കാര്യം പറഞ്ഞു മനസിലാക്കാന്‍ അയാള്‍ ഉപദേശിച്ചു. അവള്‍ കഴിവത് ശ്രമിച്ചിട്ടും, അരുന്ധതിക്ക് അത് ഉള്‍ക്കൊള്ളാനോ അംഗീകരിക്കാനോ കഴിയുന്നില്ല എന്ന് ഞെട്ടലോടെ അയാള്‍ മനസ്സിലാക്കി. അവള്‍ അവനെ അന്ധമായി വിശ്വസിക്കുന്നു! എങ്ങനെയും തന്റെ മകളെ ആ ചതിയനില്‍ നിന്നും രക്ഷിക്കണം. ബലമായി ഒന്നും ചെയ്യുക സാധ്യമല്ല. അതവളെ മാനസികമായി തകര്‍ക്കും. അവള്‍ സ്വമേധയാ ഇതില്‍ നിന്നും പിന്മാറണം! അതിനെന്താണ് വഴി? അയാള്‍ മാര്‍ഗ്ഗം തേടി ദിനരാത്രങ്ങള്‍ ആലോചനയ്ക്ക് വേണ്ടി മാറ്റിവച്ചു. വഴികള്‍ ഒന്നും തെളിയാതെ ദിവസങ്ങള്‍ നീങ്ങി. അവസാനം അയാളുടെ മനസ്സില്‍ ഒരു ആശയം നാമ്പിട്ടു. പുതിയ ഒരു ഊര്‍ജ്ജം സിരകളില്‍ നിറഞ്ഞ അയാള്‍ മകളെ വിളിച്ചു.

വീര്‍ത്ത മുഖഭാവത്തോടെ അവള്‍ ചോദിച്ചു. ദിലീപിനെയും അവളെയും അയാള്‍ അകറ്റാന്‍ ശ്രമിക്കുന്നു എന്നറിഞ്ഞത് മുതല്‍ അവള്‍ക്ക് അയാളോട് മാനസികമായ ഒരു അകല്‍ച്ച സംഭവിച്ചിരുന്നു.

“അച്ഛന്‍ കുറെ ആലോചിച്ചു; അവസാനം മോളുടെ ഇഷ്ടംപോലെ തന്നെ ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. നിന്റെ ആഗ്രഹം പോലെ നീ ദിലീപിനെ തന്നെ വിവാഹം ചെയ്തു കൊള്ളുക”

അയാള്‍ പറഞ്ഞു. അരുന്ധതിക്ക് തന്റെ കാതുകളെ വിശ്വസിക്കാന്‍ സാധിച്ചില്ല. അവളുടെ മുഖം തുടുത്ത ചെന്താമര പോലെ വിടര്‍ന്നു.

“സത്യമാണോ അച്ഛാ? അച്ഛന്‍ ശരിക്കും അങ്ങനെ തീരുമാനിച്ചോ?” അവിശ്വസനീയതയോടെ അവള്‍ ചോദിച്ചു.

“നിന്റെ സന്തോഷമാണ് എനിക്ക് വലുത്..നിനക്കിഷ്ടമുള്ളയാളെത്തന്നെയാണ് നീ വിവാഹം ചെയ്യേണ്ടത് എന്ന് കുറെ ആലോചിച്ചപ്പോള്‍ എനിക്ക് മനസിലായി..” അയാള്‍ പുഞ്ചിരിച്ചു.

അരുന്ധതി അയാളുടെ നെഞ്ചിലേക്ക് ഒരു വീഴ്ചയായിരുന്നു. അയാളുടെ കഴുത്തിലൂടെ കൈ ചുറ്റി അവള്‍ ഏങ്ങലടിച്ചു കരഞ്ഞു. തന്റെ മകള്‍ എത്ര പാവമാണ് എന്ന് മനസ്സില്‍ ഓര്‍ത്തുകൊണ്ട് അയാള്‍ അവളുടെ ശിരസില്‍ തലോടി.

അതോടെ അരുന്ധതി പഴയത് പോലെ പ്രസരിപ്പും ഉത്സാഹവും നിറഞ്ഞ പെണ്‍കുട്ടിയായി മാറി. അച്ഛനോട് അവള്‍ക്ക് പഴയതിനേക്കാള്‍ സ്നേഹവും വര്‍ദ്ധിച്ചു.

ഏതാണ്ട് രണ്ടാഴ്ച കഴിഞ്ഞ ഒരു വാരാന്ത്യദിനത്തില്‍, അയാള്‍ ഭാര്യയെയും മകളെയും കൂട്ടി അല്‍പ്പം അകലെയുള്ള നഗരത്തില്‍ രാത്രി കഴിച്ച്, അവധി ചിലവഴിക്കാന്‍ തീരുമാനിച്ചു. രണ്ടു ദിവസത്തെ വാരാന്ത്യ അവധിയുടെ ഒപ്പം ഒരു ദിവസം കൂടി ചേര്‍ത്ത് മൂന്നു ദിവസത്തെ പരിപാടിയാണ് അയാള്‍ ആസൂത്രണം ചെയ്തത്.

“അച്ഛന് ഇതെന്ത് പറ്റി? കാക്ക വല്ലതും മലര്‍ന്നു പറക്കുമോ ആവോ?” അവധി ആഘോഷിക്കാന്‍ അയാളെടുത്ത തീരുമാനം കേട്ടപ്പോള്‍ അത്ഭുതത്തോടെ അരുന്ധതി ചോദിച്ചു.

“മോള് കല്യാണം കഴിച്ചു പോയാല്‍പ്പിന്നെ നിന്നെയും കൂട്ടി ഞങ്ങള്‍ക്ക് പോകാന്‍ പറ്റുമോ? ഇനി നിന്റെ കല്യാണദിനം വരെ നമ്മള്‍ ആഘോഷിച്ചു തന്നെ ജീവിക്കുന്നു..നീ പോയാലും ഈ നല്ല ഓര്‍മ്മകള്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടാകുമല്ലോ…”

“അച്ഛാ..ഐ ലവ് യു..” അരുന്ധതി അയാളുടെ നെഞ്ചില്‍ മുഖം ചേര്‍ത്ത് വികാരഭരിതയായി.

നഗരത്തിലെ മുന്തിയ ഹോട്ടലില്‍ മുറിയെടുത്ത സുരേന്ദ്രന്‍ മൂന്നാം ദിവസവും പകല്‍ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ഭാര്യയെയും മകളെയും കൂട്ടിക്കൊണ്ട് പോയി. അരുന്ധതി വലിയ ഉത്സാഹത്തിലായിരുന്നു. നഗരക്കാഴ്ചകള്‍ ആവോളം ആസ്വദിച്ച് സന്ധ്യയോടെ അവര്‍ ഹോട്ടലില്‍ തിരികെയെത്തി.

“രാത്രി റൂഫ് ഗാര്‍ഡനിലാണ് ഡിന്നര്‍” അവളുടെ അച്ഛന്‍ പറഞ്ഞു.

“അച്ഛന്‍ പഴയ അച്ഛനെ അല്ല..ഫുള്‍ യോയോ ആയി അല്ലെ അമ്മെ” അരുന്ധതി ചിരിച്ചുകൊണ്ട് അമ്മയെ നോക്കി.

“എല്ലാം നിനക്ക് വേണ്ടിയല്ലേ മോളെ” അമ്മ അവളുടെ ശിരസില്‍ തഴുകിക്കൊണ്ട് പറഞ്ഞു.

പുതിയ വേഷം ധരിച്ച് അരുന്ധതി ഡിന്നര്‍ കഴിക്കാന്‍ അച്ഛന്റെയും അമ്മയുടെയും ഒപ്പം നേരത്തെ തന്നെ ബുക്ക് ചെയ്തിരുന്ന ഗാര്‍ഡന്‍ കഫേയില്‍ എത്തി. വിശാലമായ ഗാര്‍ഡനില്‍ ധാരാളം ആളുകള്‍ ഉണ്ടായിരുന്നു. അരണ്ടവെളിച്ചത്തില്‍ അലയടിക്കുന്ന മാസ്മരിക സംഗീതത്തിന്റെ താളം ആസ്വദിച്ച് അരുന്ധതി ഉത്സാഹത്തോടെ ഇരുന്നു. അച്ഛനും അമ്മയും അവള്‍ക്കെതിരെ അഭിമുഖമായി ഇരുന്നു.

“മോള്‍ക്ക് ഇഷ്ടമുള്ളത് ഓര്‍ഡര്‍ ചെയ്തോ..” മെനു അവളുടെ നേരെ നീട്ടി സുരേന്ദ്രന്‍ പറഞ്ഞു. അരുന്ധതി മെനു കാര്‍ഡ് എടുത്ത് വിഭവങ്ങള്‍ നോക്കാന്‍ തുടങ്ങി. അതില്‍ നിന്നും ചിലത് തിരഞ്ഞെടുത്ത ശേഷം അവള്‍ തലയുയര്‍ത്തി അച്ഛനെ നോക്കി.

പെട്ടെന്ന് അവളുടെ നോട്ടം അച്ഛന്റെയും അമ്മയുടെയും അപ്പുറത്തേക്ക് നീണ്ടു. അവളുടെ മുഖത്തെ ഭാവമാറ്റം സുരേന്ദ്രന്‍ ശ്രദ്ധിച്ചു. അയാളുടെ ചുണ്ടില്‍ ചെറിയ ഒരു മന്ദഹാസം വിടര്‍ന്നത് അരുന്ധതി കണ്ടില്ല. അവള്‍ ചങ്കിടിപ്പോടെ, അവര്‍ ഇരുന്നിരുന്നതിന്റെ നേരെ പിന്നിലുള്ള സീറ്റിലേക്ക് തന്നെ നോക്കുകയായിരുന്നു.

“ദിലീപേട്ടന്‍” അവളുടെ ചുണ്ടുകള്‍ മന്ത്രിച്ചു. അവളുടെ കാമുകന്‍ ദിലീപ് സുന്ദരിയായ ഒരു പെണ്ണിന്റെ കൂടെ ചിരിച്ചുകളിച്ച്, പരസ്പരം മുട്ടിയുരുമ്മി ഇരിക്കുന്ന കാഴ്ച അവളെ ഞെട്ടിച്ചു. ആരാണ് ആ പെണ്ണ്? ദിലീപേട്ടന് സഹോദരിമാര്‍ ഇല്ല. അപ്പോള്‍പ്പിന്നെ?

“എന്താ മോളെ..നീ എന്താ വല്ലാതിരിക്കുന്നത്?” സുരേന്ദ്രന്‍ ചോദിച്ചു.

“ഒ..ഒന്നുമില്ല അച്ഛാ..” കണ്ണുകള്‍ നിറയാതിരിക്കാന്‍ പണിപ്പെട്ടുകൊണ്ട് അവള്‍ പറഞ്ഞു.

“മോള്‍ ഐറ്റംസ് സെലെക്റ്റ് ചെയ്തോ?”

“ഇല്ല..അച്ഛന്‍ ചെയ്തോ” അവള്‍ മെനു അയാളുടെ നേരെ നീട്ടി. വീണ്ടും അവളുടെ കണ്ണുകള്‍ ഇതുവരെയും തന്നെ കാണാതെ അവളുമൊത്ത് കൊഞ്ചിക്കുഴയുന്ന ദിലീപിന്റെ മുഖത്ത് പതിഞ്ഞു.
മകളുടെ ഭാവമാറ്റത്തിന്റെ കാരണം മനസിലാക്കി എങ്കിലും സുരേന്ദ്രന്‍ അത് അറിഞ്ഞതായി നടിക്കാതെ മെനുവില്‍ കണ്ണോടിച്ചു. അയാള്‍ എന്തൊക്കയോ വിഭവങ്ങള്‍ തിരഞ്ഞെടുത്ത് ഓര്‍ഡര്‍ നല്‍കി. ദിലീപും ആ സുന്ദരിയും തമ്മിലുള്ള സംസാരവും പരസ്പരം മുട്ടിയുരുമ്മിയുള്ള ഇരുപ്പും ഇടയ്ക്ക് അവള്‍ അവനെ ചുംബിച്ചതും എല്ലാം കണ്ടുകൊണ്ടിരുന്ന അരുന്ധതിയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി അവള്‍ക്ക് കാഴ്ച മങ്ങിയിരുന്നു.

“അച്ഛാ..ഞാന്‍ ഒന്ന് വാഷ് റൂമില്‍ പോയിട്ട് വരാം” അവള്‍ സ്വരം പരമാവധി സാധാരണ മട്ടിലാക്കി പറഞ്ഞു.

“നീ കൂടി ചെല്ല് രാധേ”
അയാള്‍ ഭാര്യയോട്‌ പറഞ്ഞു. മകളെയും കൂട്ടി അവര്‍ ലേഡീസ് വാഷ് റൂമിലേക്ക് പോയി. അരുന്ധതി അവയില്‍ ഒന്നിലേക്ക് കയറി നിശബ്ദം കരഞ്ഞു. ഉറക്കെ അലറിക്കരയാന്‍ അവള്‍ക്ക് തോന്നിയെങ്കിലും അമ്മ പുറത്തുണ്ട് എന്ന ചിന്ത കാരണം അവള്‍ സ്വയം നിയന്ത്രിച്ച് മനസ്സിലെ ദുഃഖം ഒരളവു വരെ കരഞ്ഞു തീര്‍ത്തു. അച്ഛന്‍ പറഞ്ഞത് ശരിയാണ് എന്ന് താന്‍ നേരില്‍ കണ്ടിരിക്കുന്നു. ചതിയന്‍..ചതിയനാണ് അയാള്‍. അവള്‍ കണ്ണാടിയില്‍ നോക്കി സ്വന്ത മുഖത്തെ ദൈന്യത കണ്ടു.

മുഖം നന്നായി കഴുകിത്തുടച്ച് മനസ്സ് വരുതിയിലാക്കി പ്രസന്നത വീണ്ടെടുക്കാന്‍ അല്‍പനേരം അവളവിടെ നിന്നു. പിന്നെ പുറത്തിറങ്ങി അമ്മയുടെയൊപ്പം അച്ഛന്റെ അരികിലേക്ക് ചെന്നു. ദിലീപും ഒപ്പമുണ്ടായിരുന്ന പെണ്ണും പരസ്പരം കെട്ടിപ്പിടിച്ച് പുറത്തേക്ക് പോകുന്നത് കണ്ടെങ്കിലും അവളില്‍ അത് പഴയത്ര ആഘാതം ഉണ്ടാക്കിയില്ല. ആഹാരം കഴിച്ച ശേഷം മുറിയില്‍ എത്തിയ അരുന്ധതി വേഷം മാറി വന്ന് ഇരുന്നപ്പോള്‍ സുരേന്ദ്രന്‍ ഭാര്യയോടെന്നപോലെ ഇങ്ങനെ പറഞ്ഞു:

“അങ്ങനെ നാളെ നമ്മള് തിരികെ പോകുന്നു.. ഇനി എത്രയും വേഗം മോള്‍ടെ കല്യാണം നടത്തണം. അടുത്താഴ്ച നമുക്ക് രണ്ടുപേര്‍ക്കും കൂടി ദിലീപിന്റെ വീട് വരെ ഒന്ന് പോകണം”

“ബന്ധുക്കളെ ആരെയെങ്കിലും കൂട്ടണ്ടേ?” രാധമ്മ ചോദിച്ചു.

“അച്ഛനും അമ്മയും പോണ്ട” പെട്ടെന്ന് അരുന്ധതി ഇടയില്‍ക്കയറി പറഞ്ഞു. അയാള്‍ ഒന്നുമറിയാത്ത മട്ടില്‍ അവളെ നോക്കി.

“എനിക്ക് ആ കല്യാണം വേണ്ട. അച്ഛന്‍ ആലോചിക്കുന്ന വിവാഹം മതി എനിക്ക്” അവള്‍ ആരെയും നോക്കാതെ അങ്ങനെ പറഞ്ഞപ്പോള്‍ സുരേന്ദ്രന്റെ മനസ്സ് ആഹ്ലാദം കൊണ്ട് വീര്‍പ്പുമുട്ടി.

“പെട്ടെന്ന് നിനക്കെന്താ ഒരു മനംമാറ്റം” കാര്യം ഒന്നും അറിയാത്ത രാധമ്മ ചോദിച്ചു.

“അച്ഛനെ ധിക്കരിച്ച് എനിക്ക് ആരെയും കെട്ടണ്ട; ഇനി അച്ഛന് ഇഷ്ടപ്പെട്ടാല്‍ പോലും അയാളെ എനിക്കിനി വേണ്ട…” പറഞ്ഞിട്ട് അവള്‍ വേഗം എഴുന്നേറ്റ് അവളുടെ മുറിയിലേക്ക് പൊയ്ക്കളഞ്ഞു. സുരേന്ദ്രന്‍ ആശ്വാസത്തോടെ ഭാര്യയെ നോക്കിയപ്പോള്‍ അവര്‍ കാര്യം മനസിലാകാതെ സ്വയം ചിരിച്ചു.

അടുത്ത ദിവസം രാവിലെ, ഭാര്യയ്ക്കും മകള്‍ക്കും ഒപ്പം വീട്ടിലേക്ക് പോകുന്നതിനു മുന്‍പ് സുരേന്ദ്രന്‍ തനിയെ ചെന്ന് അവളെ കണ്ടു; ദിലീപിന്റെ ഒപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടിയെ.

“വളരെ നന്ദിയുണ്ട് മോളേ..ഇത് പറഞ്ഞതില്‍ കൂടുതലുണ്ട്…എന്റെ മോള്‍ അവനെ വെറുത്തു കഴിഞ്ഞു…മോളോട് എങ്ങനെ നന്ദി പറയണം എന്നെനിക്ക് അറിയില്ല” അത് പറയുമ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

“എനിക്ക് പണം വേണ്ട സര്‍. ജീവിതത്തില്‍ വല്ലപ്പോഴും മാത്രമാണ് ഒരു സദ്‌കര്‍മ്മം ചെയ്യാന്‍ എന്നെപ്പോലെ ഉള്ളവര്‍ക്ക് അവസരം കിട്ടുന്നത്. എന്നെയും ഒരുത്തന്‍ ഇതേപോലെ ചതിച്ച് നശിപ്പിച്ചതിനാല്‍ ആണ് ഞാന്‍ ഈ അധമമായ തൊഴില്‍ ചെയ്യുന്നത്. സാറ് എന്നെ മോളെ എന്ന് വിളിച്ചില്ലേ..അതിലും വലുതല്ല ഈ പണം..” അവളുടെയും കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയത് അയാള്‍ കണ്ടു.

“എങ്കിലും എന്റെ ഒരു സന്തോഷത്തിന്..” അയാള്‍ വീണ്ടും പണം നീട്ടി.

“ഇല്ല സര്‍. ഒരു ഉപകാരം ചെയ്തിട്ട് പ്രതിഫലം പറ്റാന്‍ മാത്രം അധപതിച്ചവള്‍ അല്ല ഞാന്‍. ഗതികേട് കൊണ്ട് ശരീരം വില്‍ക്കുന്നു. ഞാന്‍ പറഞ്ഞ കള്ളങ്ങള്‍ എല്ലാം അവന്‍ വിശ്വസിച്ചു..അതുകൊണ്ടാണ് അനാഘ്രാത കുസുമമായ എന്നെ പ്രാപിക്കാന്‍ ഈ മുന്തിയ ഹോട്ടല്‍ അവന്‍ തിരഞ്ഞെടുത്തത്..പണം വാങ്ങാതെ എന്റെ ശരീരം ആദ്യമായി ഞാന്‍ ഒരാള്‍ക്ക് നല്‍കി..ഒരു പെണ്‍കുട്ടി രക്ഷപെടാന്‍ വേണ്ടി..എനിക്ക് ആ ഒരു തൃപ്തി മതി സര്‍..വളരെ നന്ദി”

അയാളെ നോക്കി കൈ കൂപ്പിയിട്ട് അവള്‍ തിടുക്കത്തില്‍ നടന്നകന്നു. സുരേന്ദ്രന്‍ പണം നീട്ടിയ കൈ അതേപടി വച്ച്, അവളെ നോക്കി നിന്നുപോയി….