മേഘസന്ദേശം

ബസ് യാത്രയ്ക്കിടയില്‍ അടുത്തിരിയ്ക്കുന്ന പെണ്‍കുട്ടിയോട് മേഘ പരിചിതഭാവത്തോടെ ഇങ്ങിനെ ചോദിച്ചു

മോള്‍ക്ക് ഞാനൊരു കഥ പറഞ്ഞു തരട്ടെ…

പതിനെട്ടു വയസ്സിനടുത്ത് പ്രായമുള്ള അവള്‍ മേഘയെ തുറിച്ചുനോക്കി …

ഒരു പക്ഷേ മോള് ബാലരമയിലൊക്കെ വായിച്ചിട്ടുണ്ടാവാം…

അല്ലെങ്കിലാരേലും പറഞ്ഞു തന്നിട്ടുണ്ടാവാം….

എന്തായാലും അതൊന്നുകൂടെ ഓര്‍മ്മപ്പെടുത്താന്‍ മാത്രം ഈ ചേച്ചി ആ കഥ പറയട്ടെ ?

പറഞ്ഞോളൂ…..

മൊബെെല്‍ ബാഗിലേയ്ക്ക് വയ്ക്കുമ്പോള്‍ അവളറിയാതെ സമ്മതം കൊടുത്തുപോയി…

അത്രയ്ക്കാത്മാര്‍ത്ഥതയും വശീകരണതയും
മേഘയുടെ വാക്കുകളില്‍ ആ കുട്ടിയ്ക്കനുഭവപ്പെട്ടിരുന്നു…

എനിയ്ക്കിടയ്ക്ക് വിളിയ്ക്കാന്‍ മാത്രം കുട്ടി ഒരു പേര് പറഞ്ഞോളൂ…

അതെന്താ ചേച്ചീ അങ്ങിനെ ?

എന്റെ പേര് പറഞ്ഞാല്‍ പോരെ…?

ശില്‍പാന്ന് വിളിച്ചോളൂ…

ശില്‍പക്കുട്ടീ…
സ്വന്തം പേര് പറയാന്‍ പലരും അതൃപ്തിപ്പെടുന്നത് കണ്ടിട്ടുള്ളതുകൊണ്ടാണ് ഞാനങ്ങിനെ പറഞ്ഞത്….

ഓകേ …നമുക്ക് കഥയിലേയ്ക്ക് വരാം….

ഒരാള് ചൂണ്ടയില്‍ മണ്ണിരയെ കോര്‍ത്ത് മീന്‍ പിടിയ്ക്കാന്‍ കുളത്തിലേയ്ക്കിട്ടു…

ഇതു കണ്ട തവള കരയില്‍ നിന്നും വെള്ളത്തിലേയ്ക്ക് ചാടി…

ഈ സമയം മണ്ണിരയുടെ അടുത്തേയ്ക്ക് ഓടിവന്നൊരു മീനിനോട് തവള പറഞ്ഞു…

കാര്യമറിയാതെ അതുപോയി നുണയല്ലേ..
നിന്റെ ജീവന്‍ അപകടത്തിലാവും…

ഇതുകേട്ട മീനെന്താ പറഞ്ഞതെന്നറിയോ ?

മറ്റൊരാള്‍ക്കെന്തെങ്കിലും കിട്ടുന്നുവെങ്കില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്?

അല്ലാതെയിങ്ങനെ അസൂയപ്പെടാവോ ?

തവള വീണ്ടും പറഞ്ഞു ..

അല്ലയോ പൊന്നുമീനേ…
എനിയ്ക്ക് കരയിലേയും വെള്ളത്തിലേയും കാര്യങ്ങള്‍ ഒരുപോലെയറിയാം ..

നിന്റെ ജീവന്‍ അപകടത്തിലാണ് …
നിന്നെയവര്‍ കൊന്ന് ചട്ടിയിലാക്കും…

ഒന്നു പോയാട്ടെ…
വെറുതെയല്ല നിങ്ങടെ വര്‍ഗ്ഗത്തെ കിണറ്റിലെ തവളയെന്ന് കൊച്ചാക്കുന്നത് …

അതും പറഞ്ഞ് ചൂണ്ടയിലെ ഇര വിഴുങ്ങിയ മീനീനെ, നിമിഷങ്ങള്‍ക്കകം ചൂണ്ടക്കാരന്‍ വലിച്ച് കരയിലിട്ട് ശ്വാസം മുട്ടിച്ച് കൊന്നു….

ശില്‍പക്കുട്ടീ…….

ഇത്രയേയുള്ളൂ കഥ …കൊള്ളാവോ ?

കൊള്ളാം…

ഓകേ….ഇനി ഞാനിറങ്ങിപ്പോയാല്‍ മോള് ചിന്തിയ്ക്കേണ്ടൊരു കാര്യമുണ്ട്…

ശില്‍പയുടെ ഇപ്പൊഴത്തെ പ്രായത്തില്‍ ആ മീനിന്റെ സ്വഭാവമാണുണ്ടാവുക..

അച്ഛനമ്മമാരും ഗുരുക്കന്‍മാരും ബന്ധുജനങ്ങളുമെല്ലാം ഏറെക്കുറെ തവളകളും….

മോഹിപ്പിയ്ക്കുന്ന ഇരകളുമായി ഒരു പാട് ചൂണ്ടയിടലുകാര്‍ വഴിനീളെയുണ്ടാവും ..

ഒന്നിലും ചതിപ്പെട്ട് പോവരുത്….

ഈ ചേച്ചിയ്ക്ക് ഇത്രമാത്രമേ മോളോട് പറയാനുള്ളൂൂ…

ഓകേ….
എനിയ്ക്കിറങ്ങേണ്ട സ്റ്റോപ്പെത്തി..
ഞാന്‍ പോവുകയാണ്…

മേഘയിറങ്ങി അടുത്ത ബസ്സില്‍ അതുപോലൊരു പെണ്‍കുട്ടിയെ കഥ പറയാന്‍ തേടി….

ദിവസവുമിങ്ങനെ പത്തൊ പതിനഞ്ചോ പേര്‍ക്ക് അവള്‍ കഥ പറഞ്ഞു കൊടുക്കും…

വര്‍ഷങ്ങള്‍ക്ക് മുമ്പ് ശില്‍പയുടെ പ്രായത്തില്‍ അച്ഛന്‍ പറഞ്ഞ കഥ കേള്‍ക്കാതെ ആരുടെയോ കൂടെ ഒളിച്ചോടിയതായിരുന്നു…

മൂന്നു മാസത്തോളം വേണ്ടപോലെ നുണഞ്ഞ് അവന്‍ മറ്റൊരിരയെ കിട്ടിയപ്പോള്‍ കരിമ്പിന്‍ ചണ്ടിപോലെ വലിച്ചെറിഞ്ഞു …

നിരാശയോടെ വീട്ടിലേയ്ക്ക് തിരിച്ച മേഘ
അച്ഛന്റെ കാലില്‍ തൊട്ട് മാപ്പ് പറഞ്ഞ് മരിയ്ക്കാമെന്ന് കരുതിയെങ്കിലും അതിനുമുമ്പേ ആ സാധുമനുഷ്യന്‍ ഹൃദയംപിടഞ്ഞ് ‍മണ്ണായിരുന്നു….

ശേഷം മേഘയുടെ നിലതെറ്റി…

ഇപ്പോഴിതാണ് സ്ഥിതി….

അന്ന് രാത്രി വീട്ടില്‍ നിന്നിറങ്ങുന്നതിനുമുമ്പേ എന്തൊക്കെയോ പന്തികേട് തോന്നി അച്ഛന്‍ വീണ്ടുമോര്‍മ്മിപ്പിച്ച ആ കഥയുമായി,മറ്റു ഭാവമാറ്റങ്ങളൊന്നുമില്ലാതെ എന്നും രാവിലെ അവള്‍ വീട്ടില്‍ നിന്ന് നഗരങ്ങളിലേയ്ക്ക് ……

പ്രായപൂര്‍ത്തിയായ ഓരോ കുട്ടികളുടേയുമിടയിലേയ്ക്ക് …

സ്വന്തം അച്ഛനെ വെറുമൊരു തവളയായ് കണ്ടതിന്റെ പാപ പ്രായശ്ചിത്തത്തിലേയ്ക്ക്……