കറുമ്പൻ

പതിവുപോലെയാ അൺ നൌൺ നമ്പറിൽ നിന്നും ഇൻബോക്സ് മെസ്സേജ് വീണ്ടും വന്നു എനിക്കേറ്റവും പ്രിയപ്പെട്ട ആ വരികൾ വീണ്ടും ഞാൻ വായിച്ചു

“കാരിരുമ്പു കടഞ്ഞ മേനിക്കറുപ്പിന് കർമ്മുകിൽ വർണ്ണന്റെ മെയ്യഴക് അലയുമീ ജന്മമിന്നവനു വേണ്ടി അവനെന്റെ തോഴൻ അവനെന്റെ പ്രാണൻ”

എന്റെ സെക്രട്ടറിയായ ചന്ദ്രേട്ടന്റെ മുഖത്തൊരു കള്ളച്ചിരി വിടരുന്നുണ്ടായിരുന്നു അപ്പോൾ ഇത്രയും നാളെന്നെ ശല്യം ചെയ്തു കൊണ്ടിരുന്നവളെ അറിയാൻ എന്നേക്കാൾ തിടുക്കം ചന്ദ്രേട്ടനായിരുന്നു, മെസ്സേജ് വിട്ടവളെ പുഷ്പം പോലെ പിടിക്കാനുള്ള ശേഷി ഇന്നുണ്ടായിട്ടും എന്തേ അത് ചെയ്യാത്തെ എന്നുള്ള ചന്ദ്രേട്ടന്റെ ചോദ്യത്തിന് ഒരു പുഞ്ചിരി മാത്രമാണ് ഞാൻ മറുപടി നൽകിയത് , കോളേജിലെ ഓഡിറ്റോറിയത്തിലിരിക്കുമ്പോൾ എന്റെ ചിന്തകൾ ആറു വർഷം പിറകിലേക്കോടി

കോളേജിൽ നിന്നും പടിയിറങ്ങുന്ന അവസാന ദിനം. കാണാതെ പോയ എക്കണോമിക്സ് ബുക്ക് തിരിയുന്ന നന്ദനയുടെ അരികിലേക്ക് ഞാൻ നടന്നടുക്കുമ്പോഴും മനസ്സിൽ ഉറച്ച തീരുമാനമെടുത്തു കഴിഞ്ഞിരുന്നു.

ഒരുപക്ഷെയിത് ഞങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ച്ചയായിരിക്കും, മൂന്നു വർഷം മനസ്സിലിട്ട് താലോലിച്ച എന്റെ പ്രണയം അന്നാണ് തുറന്നു പറയാൻ ധൈര്യം കിട്ടിയതും.

എങ്കിലും മനസ്സിലൊരു ഭയമായിരുന്നു അവളുടെ പ്രതികരണത്തേയോർത്ത്, എന്നിൽ നിന്നുമൊരു പ്രണയാഭ്യർത്ഥന ഒരിക്കലും പ്രതീച്ചിട്ടുണ്ടാകില്ല അവൾ .

കാരണം ഫസ്റ്റ് ഇയർ മുതലെ ഞങ്ങൾ ആത്മാർത്ഥ സുഹൃത്തുക്കളായി മാറിയിരുന്നു, പലപ്പോഴും എന്റെ നോട്ടത്തിലും ഭാവത്തിലും അവളിൽ സംശയങ്ങളുളവാക്കിയിരുന്നോ എന്നും എനിക്ക് തോന്നിയിട്ടുണ്ട്.

കൂട്ടുകാരികൾക്കിടയിൽ നിന്നും ഞാനവളെ പുറത്തേക്ക് വിളിച്ചു, കാര്യം തിരക്കിയ അവളുടെ മുൻപിൽ നിന്നു ഞാൻ കിടുകിടാ വിറക്കുകയാണുണ്ടായത്.

ഉപ്പുറ്റി മുതൽ ഉച്ചി വരെ എന്തോ ഒരുതരം തിരപ്പനുഭവപ്പെട്ടിരുന്നു. അന്നവൾ മുൻപിൽ വന്നു നിന്നപ്പോൾ അച്ഛനോടു പോലും എനിക്കിന്നേ വരെ തോന്നാത്തൊരു തരം ഭയം ഉള്ളിൽ തളം കെട്ടി നിന്നു.

ധൈര്യം സംഭരിക്കാനായി പണ്ടെന്നോ അച്ഛൻ പഠിപ്പിച്ചു തന്ന വാചങ്ങൾ മനസ്സിലൊരു മന്ത്രം പോലുരുവിട്ടു കൊണ്ടിരുന്നു

” തെറ്റുചെയ്യാത്തവന്റെ കൈമുതൽ ആത്മധൈര്യം എന്നൊന്നു മാത്രമാണ് അങ്ങനെയെങ്കിൽ ആ ശരിയെ ദൈവം പോലും ചോദ്യം ചെയ്യില്ല”

ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്നെനിക്ക് അറിയില്ലായിരുന്നു എങ്കിലും ഒറ്റ ശ്വാസത്തിലവളോടെന്റെയിഷ്ട്ടം പറഞ്ഞു തീർത്തപ്പോൾ മനസ്സിൽ നിന്നെന്തോ വലിയൊരു ഭാരം ഇറക്കി വെച്ച പോലെ തോന്നി

മറുപടി ആലോചിച്ചു പറഞ്ഞാൽ മതി എന്നു പറയും മുൻപേ അവളുടെ സുഹൃത്തുകൾ ഞങ്ങളെ വളഞ്ഞു

ഒരുളുപ്പുമില്ലാതെ നിനക്കെങ്ങനെയിവളോടിങ്ങനെ പറയാൻ തോന്നി എന്ന അവളുടെ കൂട്ടുകാരിയുടെ ചോദ്യത്തിന് തല കുനിച്ചു നിൽക്കുക മാത്രമാണ് ഞാൻ ചെയ്തത്

വട്ടം കൂടി നിന്നവരിൽ ആരോ ഒരാൾ വീണ്ടുo പറഞ്ഞു

”കണ്ണാടി നോക്കാറില്ല അല്ലേ ” എന്നു

അവരുടെ കളിയാക്കലുകളൊന്നുമെന്നെ തളർത്തിയില്ല, മറിച്ച് അവരോടൊപ്പം കൂട്ടുനിന്നു മൗനം പൂണ്ടു പുഞ്ചിരിച്ചു നിന്ന അവളുടെ മുഖo മാത്രമായിരുന്നു മനസ്സിനെ വല്ലാതെയാഴത്തിൽ മുറിവേൽപ്പിച്ചത്

ചുവരിൽ തൂക്കിയിട്ട കണ്ണാടി ഞാൻ കയ്യിലെടുത്തു ഞാനെന്റെ പ്രതിബിംബത്തേ തന്നെ നോക്കി നിന്നു. കണ്ണാടി നോക്കി മുഖത്തെ അതിനൊപ്പം ചലിപ്പിച്ചു കൊണ്ടിരുന്നു , അതെ മാറ്റമൊന്നുമില്ല കറുപ്പു തന്നെയാണ് നല്ല കണ്ടിച്ചേമ്പിന്റെ കറുപ്പ്

അവളോ?

നല്ല വെണ്ണക്കല്ലിന്റെ നിറവും, അഞ്ജനമിഴികൾ മാൻപേടയെ വെല്ലുന്നതും, അവളുടെ പവിഴാധരങ്ങൾ തൊണ്ടിപ്പഴം പോലെ തുടുത്തതുo

അവർ പറഞ്ഞത് ശരിയാണ്, നന്ദുവിനെപ്പോലൊരു പെൺകുട്ടിയെ മോഹിക്കാൻ പോലും അർഹതയില്ലാത്തവനാണു താൻ

കണ്ണാടിയിലേക്ക് വിഷാദം പൂണ്ട് നോക്കി നിൽക്കുന്ന എന്റെയരികിലേക്ക് നടന്നടുത്ത് മുഖം മനസ്സിന്റെ കണ്ണാടിയെന്നോണം അച്ഛനെന്റെ മനസ്സിലുള്ളതു മുഴുവൻ വായിച്ചെടുത്തിരുന്നു

എന്റെ കൈകളിൽ പരന്നു കിടന്ന കണ്ണാടിക്കു മുകളിൽ അച്ഛൻ ഒരു നൂറിന്റെ നോട്ട് വിരിച്ചിട്ടിട്ടു ചോദിച്ചു

” ഈ നൂറിന്റെ നോട്ടിൽ കണ്ണട വെച്ച ഗാന്ധിജിയുടെ നിറം എന്താന്ന് നിനക്കറിയുമോ നിനക്ക്?”

ഒരു പക്ഷെ ഈ ചിരിക്കുന്ന ഗാന്ധിയുടെ പടമുള്ള ഈ കടലാസു കഷ്ണത്തിനേ അപേക്ഷിച്ചായിരിക്കും മുൻപോട്ടുള്ള ജീവിതവും, അതിന് നിന്റെയീ നിറം ഒരു തടസ്സമല്ല, ഇന്നു നിന്നെ തള്ളിപ്പറഞ്ഞവർ ഈ നോട്ടിന്റെ ബലത്തിൽ പിന്നാലെ വരണം, അതിനു വേണ്ടിയായിരിക്കണം നിന്റെ അദ്ധ്വാനവും.പക്ഷെ അങ്ങനെയൊരു കാലമുണ്ടായാൽ നിന്റേയാ ഉയർച്ചയിൽ ഒരിക്കലും നീ അഹങ്കരിക്കരുത് “

” ഈ ലോകം തന്നെ കറുത്തവരുടെ കാൽക്കീഴിലാടാ നീ നിന്റെ നിറത്തേ ഒരപമാനമായി കാണരുത് , ഈ കറുപ്പിന്റെ ഏഴഴകിൽ അഭിമാനിക്കണം നീ “

നീണ്ട ആറു വർഷങ്ങൾക്കു മുൻപ് അച്ഛന്റെയാ വാക്കുകളാണ് എന്നെ ഈ നിലയിലെത്തിച്ചത് .