“ഏയ്… നിക്ക്… പോകല്ലേ…”
ബൈക്ക് സ്റ്റാർട്ടാക്കാൻ തുടങ്ങിയ ഞാൻ തിരിഞ്ഞുനോക്കി. ഒരു തോളിൽ ബാഗുമിട്ട് ഒരു കൈകൊണ്ട് രണ്ടുമൂന്ന് ബുക്കുകളും മാറോടടുക്കിപ്പിടിച്ച് അവളെന്റെ അടുക്കലേക്ക് ഓടിവന്നു. കൈ എളിയിൽ കുത്തിനിന്നവൾ അല്പനേരം അണച്ചു.
“എന്തിനാടീ ഇങ്ങനെ കെടന്നോടുന്നത്..?”
അവൾ മറുപടി പറയാതെ ഒന്ന് ചിരിച്ചിട്ട് ബൈക്കിന്റെ പിന്നിലേക്ക് ആയാസപ്പെട്ട് കയറി.
“ങും. പോകാം.”
ബാഗെടുത്ത് മടിയിൽ വെച്ചിട്ട് പുസ്തകങ്ങൾ ഒന്നൂടെ അവൾ നെഞ്ചോടടുക്കിപ്പിടിച്ചു.
“എങ്ങോട്ട്..?”
ഞാൻ അമ്പരപ്പോടെ ചോദിച്ചു.
“ഇയാളെങ്ങോട്ടാ പോകുന്നത്… അങ്ങോട്ട്.”
പെട്ടെന്ന് തന്നെ ഉത്തരവും വന്നു.
“അങ്ങോട്ടെറങ്ങെടീ. ഞാൻ പോകുന്നിടത്തോട്ട് നീയിപ്പം വരണ്ട.”
“അതെന്താ… പെൺകുട്ടികൾക്ക് വരാൻ പറ്റാത്തിടത്തോട്ടാണോ ഇയാൾ പോകുന്നത്.”
മിഴികൾ കൂർപ്പിച്ച്കൊണ്ടുള്ള ചോദ്യം.
“ഇവളെന്റെ കയ്യീന്ന് മേടിക്കും. എറങ്ങടീ വണ്ടിയേന്ന്.”
“ങൂഹൂം… ഇല്ല മോനേ. ഇന്ന് ഞാനിയാൾടെ വീട്ടിലേക്ക് വരാൻ തീരുമാനിച്ച് തന്നാ ഇറങ്ങിയത്.”
“നിനക്കിതെന്നാത്തിന്റെ കേടാ… നിന്റെ അപ്പനും അമ്മേം ഒന്നും പറയത്തില്ലിയോ..?
“അവരോടൊക്കെ ഞാൻ പറഞ്ഞ് സമ്മതോം വാങ്ങിച്ചിട്ടാ വന്നത്.”
“ആഹാ നല്ല ബെസ്റ്റ് തന്തേം തള്ളേം. ഒരു പരിചയവുമില്ലാത്തവന്റെ കൂടെ മോള് പോവാന്ന് പറഞ്ഞപ്പോ സമ്മതോം കൊടുത്തിങ്ങ് വിട്ട്. സബാഷ്..!”
“അതേ… ഞാനൊളിച്ചോടിയൊന്നും പോവല്ലല്ലോ. പിന്നെ ഇയാളവരെ കണ്ടിട്ടില്ലെന്നേയുള്ളൂ. അവർക്കിയാളെ നല്ലപോലെ അറിയാം. ഞാനെല്ലാം പറഞ്ഞിട്ടുണ്ട്.”
അവളെന്റെ പുറത്തൊരു നുള്ള് തന്നു.
“എന്ത് പറഞ്ഞിട്ടുണ്ടെന്ന്?”
“അതൊക്കെ ഞാൻ പറയാം. സമയം പോകുന്നു, വണ്ടിയെടുക്ക്.”
“എടീ ഞാൻ പോയാൽ രണ്ടുദിവസം കഴിഞ്ഞേ വരൂ. അത് വരെ നീയെവിടെ താമസിക്കും..?”
ഞാൻ അവസാനത്തെ അടവെടുത്തു.
“ഇയാൾടെ വീട്ടില്. അല്ലാതെവിടാ.”
വീണ്ടും സഡൻ മറുപടി.
“എന്റെ വീട്ടിലോ..? അതൊന്നും ശരിയാവത്തില്ല.”
“അതെന്താ. അവിടെ ഇയാൾടെ അപ്പനും അമ്മേം ഒന്നുമില്ലേ..?”
“ഒണ്ട്. അതല്ലേ പ്രശ്നം. അവരില്ലാരുന്നേൽ കൊണ്ടുപോകാരുന്ന്.”
ഞാൻ കള്ളച്ചിരിയോടെ അവളെ നോക്കി.
“അയ്യടാ… ഇളി കണ്ടില്ലേ…”
അവളെന്റെ പുറത്തൊരിടി തന്നു.
“എടീ ഒള്ള കാര്യം പറയാം. ഞാനിതുവരെ വീട്ടിൽ പെൺകുട്ടികളെയൊന്നും കൊണ്ടുപോയിട്ടില്ല. എന്റെ അപ്പനും അമ്മേം ഒക്കെ കുറച്ച് പഴയ മനസുള്ള ആൾക്കാരാ. നിന്നേം കൊണ്ട് ഞാൻ വീട്ടീലോട്ട് ചെന്നാൽ അവരുടെ പ്രതികരണം എന്തായിരിക്കുമെന്ന് പറയാൻ കഴിയില്ല.”
“ങാ അതെന്തായാലും നന്നായി. അങ്ങനെ കണ്ട പെണ്ണുങ്ങളെയൊന്നും കൊണ്ടുപോകണ്ട. എന്നെ മാത്രം കൊണ്ടുപോയാ മതി. അമ്മയോടൊക്കെ ഞാൻ പറഞ്ഞോളാം.”
“അപ്പോ വരാൻ തന്നെ തീരുമാനിച്ചു. അല്ലേ..?”
“എത്ര പ്രാവശ്യം പറയണം… ഇയാൾ മര്യാദയ്ക്ക് വണ്ടി വിട്.”
“ഓ ഉത്തരവ് പോലെ.”
ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി. പതിയെ ബൈക്ക് കോളേജ് ഗേറ്റ് കടന്ന് മെയിൻ റോഡിലേക്കിറങ്ങി.
ഒരു ഉൾനാടൻ ഗ്രാമത്തിലാണെന്റെ വീട്. കോളേജ് പഠനത്തിന് വേണ്ടിയാണീ മെട്രോനഗരത്തിലേക്ക് വന്നത്. താമസവും ഇവിടെ കോളേജ് ഹോസ്റ്റലിലാണ്. മാസത്തിലൊരിക്കൽ ഞാൻ വീട്ടിൽ പോകാറുണ്ട്. ഇപ്പോൾ ബൈക്കിന്റെ പുറകിലിരിക്കുന്നതാണ് നായിക. ആദ്യത്തെ ദിവസം കോളേജിൽ വന്നപ്പോൾ ലിഫ്റ്റ് ചോദിച്ച് തുടങ്ങിയ പരിചയമാണ് ഇവളുമായിട്ട്. ഈ നഗരത്തിൽത്തന്നെ അത്യാവശ്യം നല്ലൊരു കുടുംബത്തിൽ ജനിച്ചെങ്കിലും പണത്തിന്റെയോ മറ്റ് യാതൊന്നിന്റെയോ ജാഡയോ അഹങ്കാരമോ ഇല്ലാത്ത ഒരു പെണ്ണ്. അതായിരുന്നു അവൾ. സംസാരിച്ച് തുടങ്ങി രണ്ടുമൂന്നാഴ്ച്ചയ്ക്കുള്ളിൽ എന്നോട് ഇഷ്ടമാണെന്ന് അവൾ ഇൻഡയറക്ടായി പറഞ്ഞു. ഞാൻ തിരിച്ച് വ്യക്തമായി ഒരു മറുപടി പറയാതെ നടക്കുകയാണ്.
ഒരേ കോളേജിലാണെങ്കിലും വേറെ ഡിപ്പാർട്ട്മെന്റാണ്. ഞാൻ വീട്ടിൽ പോകുന്ന കാര്യമൊക്കെ അവൾക്കറിയാം. എന്റെ നാടിനെക്കുറിച്ചും വീടിനെക്കുറിച്ചുമൊക്കെ ഞാൻ പറഞ്ഞ് അവൾക്ക് പരിചയമുണ്ട്. കേട്ടറിഞ്ഞതൊക്കെ നേരിട്ട് കണ്ട് മനസിലാക്കാൻ വേണ്ടിയാണ് ഇപ്പോൾ എന്റെ കൂടെ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.
രണ്ടരമണിക്കൂറത്തെ നീണ്ട യാത്രയ്ക്കുശേഷം ഞങ്ങൾ എന്റെ നാട്ടിലെത്തി. സന്ധ്യ മയങ്ങിയ സമയത്ത് ഞാനൊരു പെണ്ണിനെയും കൊണ്ട് വരുന്നത് കണ്ട് അമ്മയും അനിയത്തിയും അമ്പരന്നു. ഞാൻ അവളെ അമ്മയ്ക്ക് പരിചയപ്പെടുത്തുന്നതിന് മുമ്പ് അവളങ്ങോട്ട് ചാടിക്കേറി പരിചയപ്പെട്ടു. അപ്പൻ വരുന്ന സമയമായപ്പോഴേക്കും അവര് മൂന്നുപേരും കൂട്ടായി. ഞാൻ പോസ്റ്റായിട്ട് ചുമ്മാ കവല വരെ പോയി.
പിറ്റേന്ന് രാവിലെ അവളെ നാട്കാണിക്കാനിറങ്ങി. പുഞ്ചയും തെങ്ങിൻതോപ്പും അമ്പലക്കുളവും ആറ്റുതീരവുമൊക്കെ കണ്ട് വന്നപ്പോഴേക്കും ഉച്ച കഴിഞ്ഞിരുന്നു. ഉച്ചയൂണും കഴിഞ്ഞ് മടക്കയാത്രയ്ക്കൊരുങ്ങുമ്പോൾ തിരിച്ചുപോകാൻ ഒട്ടും
താല്പര്യമില്ലയെന്ന് അവളുടെ കണ്ണുകൾ പറയുന്നുണ്ടായിരുന്നു. എല്ലാവരോടും യാത്രപറഞ്ഞ് അവിടെനിന്നിറങ്ങി.
“രണ്ടുമൂന്ന് ദിവസം കഴിഞ്ഞേ വരുള്ളൂയെന്ന് പറഞ്ഞിട്ട് പിറ്റേന്ന് തന്നെയിങ്ങ് പോന്നതെന്താ..?”
ബൈക്കിലിരിക്കുമ്പോൾ അവളെന്നോട് ചോദിച്ചു.
“നിന്നെയവിടെ കൂടുതൽ നിർത്താൻ പറ്റത്തില്ല. നീ തിരിച്ചുവരുന്നില്ലെന്നെങ്ങാനും പറഞ്ഞാൽ കുടുങ്ങിപ്പോയില്ലേ..!”
“അത് ശരിയാ. കുറച്ച് ദിവസം നിന്നിരുന്നേൽ ഞാൻ ചിലപ്പോ വരില്ലായിരുന്നു. എനിക്കവിടെയെല്ലാം ശരിക്ക് ഇഷ്ടപ്പെട്ടു.”
“അത് നിനക്ക് മാത്രമല്ല എല്ലാവർക്കും ഇഷ്ടപ്പെടും.”
“ഇയാൾടെ അമ്മേം എനിക്കിഷ്ടപ്പെട്ടു കേട്ടോ. പാവം ഒരമ്മ. പിന്നേ അമ്മയോട് ഞാനൊരു കാര്യം പറഞ്ഞിട്ടുണ്ട്…”
“എന്തുവാ നീ പറഞ്ഞത്..?”
“അതേ… ഞാനിനി ഇങ്ങോട്ട് വരുന്നത് അമ്മയുടെ മോന്റെ കയ്യും പിടിച്ച് അയാൾടെ പെണ്ണായിട്ടായിരിക്കും എന്ന്.”
“അതെന്തായാലും കാര്യവായി. അപ്പോ കല്യാണത്തിന് ഒരഞ്ചാറ് വർഷം സമയമെടുക്കും. അതുവരെ നീയങ്ങോട്ട് വരത്തില്ലല്ലോ. സന്തോഷം.”
“ആഹാ… അങ്ങനിപ്പം സന്തോഷിക്കുവൊന്നും വേണ്ട. വേഗം പഠിച്ചൊരു ജോലി വാങ്ങിക്കാൻ നോക്ക്. അഞ്ചാറ് വർഷമൊന്നും എനിക്ക് വെയ്റ്റ് ചെയ്യാൻ പറ്റില്ല. ഇയാൾക്ക് ജോലി കിട്ടിയാ ഞാനെറങ്ങിയങ്ങ് വരും. എനിക്കിനി അവിടെ ജീവിച്ചാ മതി. നാട്ടുംപുറത്ത്. ഇയാൾടെ കൂടെ…”
ഞാൻ പതിയെ അവളെ തലതിരിച്ചുനോക്കി.
അവളെന്നെ രണ്ടുകൈകൊണ്ടും കെട്ടിപ്പിടിച്ച് എന്റെ ചുമലിൽ തല ചായ്ച്ചു.