സ്ത്രീധനം

അളിയന്റെ പൂരപ്പാട്ട് കേട്ടാണ് രാവിലെ ഉണർന്നത്. ഇയാളിതെപ്പോ എത്തി തല വഴി മൂടിയ പുതപ്പ് മെല്ലെ മാറ്റി നോക്കി.

ഹൊ! അളിയൻ ഇന്ന് രണ്ടും കൽപ്പിച്ചാണല്ലോ? അല്ലാ എപ്പോഴും അങ്ങനാണല്ലോ?
ഞാൻ പുറത്തിറങ്ങി മുറ്റത്ത് നിന്ന് അളിയൻ എന്തൊക്കെയോ പറയുന്നുണ്ട്.
അച്ഛൻ ഒരു ചായ ഗ്ലാസും കടിച്ചു പിടിച്ച് ഉമ്മറത്തും. അൽപ്പം ഉമിക്കരിയെടുത്ത് ഞാൻ കിണറ്റിൻകരയിൽ സ്ഥാനം പിടിച്ചു.

നിങ്ങളെന്തു കോപ്പിലെ അമ്മായിഅപ്പനാ..
ഞാൻ വന്നപ്പോ വച്ചതാണല്ലോ ആ ചായ ഗ്ലാസ്.
അയ്യോ ഞാൻ മറന്നു മോനെ നിനക്ക് ചായ വേണോ? എന്റെ വായീന്നു നിങ്ങൾ കേൾക്കും.
നീ എന്ത് വേണേൽ പറഞ്ഞോ എന്റേൽ ഒരു നയാ പൈസ ഇനിയില്ല.
എനിക്കാണേൽ ഇനി ഒരു പണിക്കും പോകാൻ മേലാ. വാതത്തിന്റെ പ്രശ്നം ഇപ്പോൾ ഇച്ചിരി കൂടുതലാ.. വൈദ്യൻ ഇന്നലെ എഴുതിയ കഷായം വരെ വാങ്ങിച്ചിട്ടില്ല…
അതൊന്നും പറഞ്ഞാ പറ്റില്ല. എനിക്ക് കാശു കിട്ടണം അല്ലേൽ വീടു വിറ്റോ…
ദേ നിക്കുന്നു നിങ്ങടെ പുന്നാരമോൻ എന്റെ അളിയൻ. അവനോട് മേലനങ്ങി വല്ല പണിക്കും പോകാൻ പറ…
മെല്ലെ സ്ഥലം കാലിയാക്കിയാലോ? അല്ലേൽ എല്ലാം കൂടി ഇനി എന്റെ നെഞ്ചതാവും മുളകരക്കൽ…

മോനേ നിന്റെൽ വല്ലതും ഉണ്ടോ?

ഊരുതെണ്ടിയുടെ ഓട്ട കീശയിൽ എന്തുണ്ടാവും?…
ആ !! തട്ടി കൂട്ടിയാൽ ഇരുപത് രൂപ കാണും.

എന്നാൽ അത് നീ അളിയന് കൊടുത്ത് പിന്നീട് വരാൻ പറ. അളിയൻ അതു വാങ്ങാതെ തിരിച്ചു പോയി.

നീ അവിടെ നിന്നേ എന്താ നിന്റെ പ്ലാൻ ഒരു ജോലിക്കും പോകാതെ ഇങ്ങനെ എത്ര നാൾ എന്നേയും നോക്കി ഇവിടെ ഇങ്ങനെ.
അല്ലാതെ ഈ വയ്യാത്ത അച്ഛനേയും ഇട്ട് ഞാനെങ്ങനെ പണിക്കു പോകും….

അമ്മ ഇല്ലാത്ത ഒരു കുറവും അറിയിക്കാതെ ആണ് അച്ഛൻ എന്നേയും ചേച്ചിയേയും നോക്കിയത്. നാട്ടിൽ എന്തുപണിക്കും അച്ഛൻ ഓടി എത്തു. പാടത്തും പറമ്പിലും നിന്ന് അച്ഛൻ കൊണ്ട വെയിലൊക്കെ ഞാനൊക്കെ കൊണ്ടാൽ എപ്പോൾ കരിഞ്ഞു പോയി എന്നു ചോദിച്ചാ മതി.
അച്ഛൻ കൊണ്ട മഴക്ക് കണക്കില്ല ഒരിക്കൽ പോലും ഒരു ജലദോഷം പോലും വന്ന് വീട്ടിൽ ഇരുന്ന അച്ഛനെ ഞാൻ കണ്ടിട്ടില്ല.
ആരു ചോദിച്ചാലും പറയും മക്കളെ നല്ല നിലക്ക് വളർത്തണം ഞാനോ ഇങ്ങനെ ആയി. അവരെ എങ്കിലും നന്നായി പഠിപ്പിക്കണം…

പഠനശേഷം എനിക്കൊരു ചെറിയ ജോലി കിട്ടി. ചേച്ചിയുടെ വിവാഹവും കഴിഞ്ഞു. അപ്പോൾ എനിക്കൊന്നു തോന്നി ഇനി അച്ഛനെ ജോലിക്കൊന്നും പറഞ്ഞയക്കണ്ടാ എന്ന്.
ഞാൻ തന്നെ നിർബന്ധിച്ച് വീട്ടിൽ ഇരുത്തി.