അച്ഛേടെ മുത്ത്
Achede Muthu A Malayalam Short Story BY Sunil Tharakan
ആശുപത്രിയുടെ മൂന്നാം നിലയിലുള്ള കുട്ടികളുടെ വാർഡിലെ ഐസൊലേഷൻ റൂമിലെ ജാലകത്തിനോട് ചേർത്തിട്ടിരിക്കുന്ന ബെഡിൽ, ഉയർത്തിവച്ചിരിക്കുന്ന തലയിണകളിൽ ചാരി കിടന്നുകൊണ്ട് അയാൾ പുറത്തേക്കു നോക്കി. രാത്രി മുഴുവനും തോരാതെ പെയ്ത മഴ ശമിച്ചിരിക്കുന്നു. പക്ഷെ ആകാശം ഇപ്പോഴും ഭാഗീകമായി മൂടിക്കെട്ടിയ അവസ്ഥയിൽ തന്നെയാണ്. സമുദ്രത്തിന്റെ തെക്കു കിഴക്കു വശത്തെ ഉയർന്ന കുന്നിൻ നിരകളുടെ മടക്കുകളിൽ കാർമേഘങ്ങളുടെ ചലനങ്ങൾക്കനുസരിച്ച് നിഴലും വെളിച്ചവും ഒളിച്ചുകളിക്കുന്നു. ചെമ്മൺ പാതകളെ ഓർമിപ്പിച്ചു കുന്നുകളുടെ നിറുകയിലേക്കു കയറി പോകുന്ന ഫയർ ബ്രേക്കുകളും എതിർവശത്തെ കെട്ടിടത്തിന്റെ മേൽക്കൂരയിൽ ഉയർന്നു നിൽക്കുന്ന പുകക്കുഴലിൽ ഇരുന്നു കരയുന്ന കടൽക്കാക്കയും അയാളിൽ പുതുമയുള്ള കൗതുകത്തെ ഉണർത്തി.
മറ്റൊരു സന്ദർഭത്തിലായിരുന്നെങ്കിൽ ഇത്തരം കാഴ്ച്ചകൾ അയാളെ ഒട്ടും ആകർഷിക്കുമായിരുന്നില്ല. ആശുപത്രി മുറിക്കുള്ളിലെ മടുപ്പിക്കുന്ന നിമിഷങ്ങളിൽ മറ്റൊന്നും ചെയ്യുവാനില്ലാത്തതുകൊണ്ടാവണം മുന്നിൽ കണ്ട കാഴ്ചകളെ അയാൾ കൗതുകപൂർവ്വം വീക്ഷിച്ചത്. ചിന്തകളിൽ അലയുന്ന ശീലം ഇല്ലാതിരുന്നിട്ടു കൂടി വ്യത്യസ്തമായ കാഴ്ചകളും അവയുടെ ചലനാത്മകതയുംആ നിമിഷങ്ങളിൽ ഒരു ദാർശനികനെ പോലെ ചിന്തിക്കുവാൻ അയാളെ പ്രേരിപ്പിച്ചു. കാഴ്ചകളിൽ നിന്ന് കാഴ്ചകളിലേക്ക് തെന്നി നീങ്ങുന്ന ദൃഷ്ടികളെയും, അതിനെ പിന്തുടരുന്ന മനസ്സിനെയും മകളുടെ ശബ്ദം മടക്കി വിളിക്കുന്നത് വരെയും അയാൾ അങ്ങനെ അലയുവാൻ വിട്ടു.
‘നിച്ചു വീട്ടിൽ പോണം അച്ഛാ’. കണ്ടുകൊണ്ടിരുന്ന കാർട്ടൂണിൽ നിന്നും നോട്ടം അയാളിലേക്ക് മാറ്റി മകൾ പറഞ്ഞു.
തോളറ്റം വരെ വളർന്ന ഇടതൂർന്ന തലമുടി ചീകാതെ ജഡ പിടിച്ചു കോലം കെട്ടിരിക്കുന്നു. വലിയ മിഴികളിലെ തിളക്കവും പാടെ നഷ്ടപ്പെട്ടിരിക്കുന്നു. ഹൃദയത്തിൽ പിടയുന്ന വേദനയോടെ അയാൾ മകളെ നോക്കി. ഒറ്റ രാത്രികൊണ്ട് മകൾ ഒരുപാട് മാറിപ്പോയത് പോലെ അയാൾക്ക് തോന്നി.
‘പോകാം, ഡോക്ടർ വരട്ടെ’.
അയാൾ വാത്സല്യത്തോടെ പറഞ്ഞു.
തലേന്ന് അർദ്ധരാത്രിക്ക് ശേഷം കടുത്ത പനിയും ശ്വാസതടസ്സവുമായിട്ടാണ് മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പകർച്ചപ്പനി ആയതുകൊണ്ടാവാം ഐസൊലേഷനിലാണ് കുട്ടിയെ കിടത്തിയത്. മെഡിക്കൽ ഉപകരണങ്ങളുടെ വിചിത്ര രൂപങ്ങളും ഐസൊലേഷൻ മുറിയുടെ മൂകമായ അന്തരീക്ഷവും കുഞ്ഞുമനസിന്റെ പൊരുത്തപ്പെടുവാനുള്ള പരിധിക്കും അപ്പുറമായിരുന്നു. ശീലമില്ലാത്ത ചുറ്റുപാടുകൾ കുട്ടിയെ ആകപ്പാടെ അസ്വസ്ഥയാക്കിയിരിക്കുന്നു. ഇഷ്ട്ടമുള്ള കാർട്ടൂണുകൾ പോലും അവളെ രസിപ്പിക്കുന്നില്ല.
‘ഡോട്ടറെന്തേ വരാത്തെ അച്ഛാ? നിക്കിവിടെ ഇഷ്ട്ടൂല്ല. നിക്ക് അമ്മേടേം അച്യുന്റേം അടുത്ത് പോണം’. മകൾ ചിണുങ്ങിക്കൊണ്ട് പറഞ്ഞു.
അയാൾ കിടക്കയിൽ നിന്നെഴുന്നേറ്റ് മകളുടെ ബെഡിനരികിലേക്കു നീങ്ങി അവളുടെ അടുക്കലിരിന്നു. പിന്നെ വാത്സല്യവും അലിവും നിറഞ്ഞ ഭാവത്തോടെ പറഞ്ഞു ‘പോകാലോ മുത്തേ. പക്ഷെ അസുഖം മാറണ്ടേ?’
‘പച്ചേ വാവു മാരീലോ അച്ഛാ’
‘ആര് പറഞ്ഞു മാറീന്ന്?’
‘ദേ തൊട്ടു നോക്കിക്കേ, പ്പൊ പനീല്ലാലോ’. കുട്ടി നെഞ്ചിൽ കൈവച്ചു നിഷ്കളങ്കതയോടെ പറഞ്ഞു.
‘ആണോ അച്ഛനൊന്നു തൊട്ടുനോക്കട്ടെ. അയാൾ മകളുടെ നെറ്റിയിലും പിന്നെ നെഞ്ചിലും കൈവച്ചു.
‘ഉണ്ടല്ലോ രുക്കൂ, ഇപ്പോഴും കുറച്ചു പനിയുണ്ടല്ലോ’.
‘ഉവ്വോ!’
മകളുടെ മുഖം മ്ലാനമായതു ശ്രദ്ധിച്ച അയാൾ കൈവിരലുകളുടെ ആംഗ്യത്തോടെ പറഞ്ഞു, ‘ഇച്ചിരി, ഒരു ഉറുമ്പിന്റെയത്ര’.
ഹോസ്പിറ്റൽ കിച്ചണിൽ നിന്നും കൊണ്ടുവന്ന പ്ലാസ്റ്റിക് ട്രേയിലെ ആഹാരം തൊടാതെ, കൊണ്ടുവന്ന പരുവത്തിൽ സൈഡ് ടേബിളിൽത്തന്നെയിരിക്കുന്നത് അയാൾ ബെഡിൽ മകളുടെ അടുത്തേക്ക് എടുത്തുവച്ചു. ടോസ്റ്റഡ് സാൻഡ് വിച്ചും, സിറപ്പിലിട്ട ആപ്രിക്കോട്ടും, സ്ട്രോബെറി ഫ്ളേവേർഡ് യോഗർട്ടും ചൂണ്ടിക്കാട്ടി അയാൾ പറഞ്ഞു, ‘നോക്കൂ രുക്കൂ, രാവിലെ കൊണ്ടുവന്ന പാൽ തൊട്ടതേയില്ല. ബ്രെഡിൽ പുരട്ടാൻ തന്ന ബട്ടർ അതുപോലെ തന്നെ അപ്പുറത്തിരിക്കുന്നു. ദാ ഇപ്പൊ ഈ കൊണ്ട് വന്നു വച്ചിരിക്കണതും. ഒന്നും കഴിക്കാഞ്ഞാൽ അസുഖം മാറില്ല. അസുഖം മാറാഞ്ഞാൽ വീട്ടിൽപോകാനും പറ്റില്ല’.
സംസാരത്തിൽ കുറച്ചു നാടകീയതയും കൃത്രിമമായ പരിഭവവും കൂട്ടിച്ചേർത്തുകൊണ്ടാണ് അയാൾ അങ്ങനെ പറഞ്ഞത്.
‘നിച്ചു വിസക്കണില്ലച്ഛാ’
‘അത് പറ്റില്ല, ഇനിയും കഴിക്കാഞ്ഞാൽ അച്ഛൻ പിണങ്ങും’. അയാൾ പറഞ്ഞു
‘പിണങ്ങല്ലേ അച്ഛാ, രുക്കൂ പാവല്ലേ’. മകൾ സങ്കടപെട്ടു.
‘ശരി, പിണങ്ങേണ്ടെങ്കിൽ ഇതെല്ലാം കഴിക്കണം. ഇത് മുഴുവനും കഴിച്ചാൽ ഈ കുഞ്ഞു പനി പമ്പകടക്കും. പിന്നെ നമുക്ക് വീട്ടിൽ പോകാം’. അയാൾ ഒരു കെണിവച്ച് കുഞ്ഞിക്കവിളിൽ മൃദുവായി ഒരു മുത്തം കൊടുത്തു.
മുൻപിൽ തുറന്നു വച്ചിരിക്കുന്ന ട്രേയിലെ ആഹാര പദാർത്ഥങ്ങൾ കുട്ടി ഒന്ന് എത്തിനോക്കി.
‘സിറപ്പിലിട്ട ഫ്രൂട്സ് എനിക്കിസ്റ്റൂല്ലച്ഛാ’. മകൾ തലവെട്ടിച്ചു കൊണ്ട് ആദ്യമേ മൊഴിഞ്ഞു.
‘എന്നാൽ സാൻഡ് വിച് തിന്നാം. പിന്നെ ഇത്തിരി യോഗാർട്ടും?’ അയാൾ നിർദേശിച്ചു.
‘ഉം…’ മകൾ മനസ്സില്ലാമനസ്സോടെ മൂളി .
സാന്റ് വിച്ചിനെ നോവിക്കാതെ, അരികിൽ നിന്നും അൽപാൽപ്പമായി കടിച്ചെടുത്തു ചവച്ചിറക്കുന്ന മകളെ അയാൾ അരികിലിരുന്ന് വെറുതെ നോക്കികൊണ്ടിരുന്നു . ഭക്ഷണത്തിന്റെ രുചി ആസ്വദിക്കാതെയുള്ള വെറും ഒരു ചടങ്ങായിട്ടാണ്, ആ പ്രക്രിയ അയാൾക്ക് തോന്നിയത്. ഭക്ഷണത്തോടുള്ളമകളുടെ വിരക്തി അയാൾക്കും ഭാര്യക്കും കുറച്ചു നാളുകളായി വലിയ വിഷമത്തിന് തന്നെ ഹേതുവായിരിക്കുന്നു എന്ന കാര്യം സാന്ദർഭീകമായി അയാൾ ഓർത്തുപോയി.
കുട്ടികൾ രണ്ടാണ് അയാൾക്ക്. ആദ്യത്തെ കുട്ടിയാണ് രുക്കു എന്നുവിളിക്കുന്ന അഞ്ചു വയസ്സുള്ള മകൾ രുക്മിണി. ഇളയകുഞ്ഞിന് ആറു മാസം മാത്രമേ പ്രായമായിട്ടുള്ളൂ. കൂനിന്മേൽ കുരു എന്ന പോലെ ആ കുഞ്ഞിനാണെങ്കിൽ ചിക്കൻ പോക്സും പിടിപ്പെട്ടിരിക്കണൂ. കുഞ്ഞിന്റെ കാര്യങ്ങളുമായി വീട്ടിൽത്തന്നെ തളച്ചിട്ട അവസ്ഥയിലാണ് ഭാര്യ. അമ്മയെ കാണാൻ കഴിയാത്തതാണ് മകളുടെ അസ്വസ്ഥതയുടെ പ്രധാന കാരണമെന്ന് അയാൾക്ക് നന്നായറിയാം.
അഞ്ചു വർഷങ്ങൾക്ക് മുൻപുള്ള മകൾ ജനിച്ച ആ ദിവസം അയാളുടെ ഓർമയിൽ ഒരിക്കൽ കൂടി ഓടിയെത്തി. ഓപ്പറേഷൻ തീയേറ്ററിൽ
അമ്മയുടെ ഉദരത്തിൽ നിന്നും മകളെ പുറത്തെടുത്തു കാണിച്ച ധന്യനിമിഷത്തിന്റെ ഓർമയിൽ നിർവൃതിയുടെ ഒരു കുളിർക്കാറ്റ് അയാളെ തഴുകി കടന്നുപോയി. പച്ചമാംസത്തെ കീറിമുറിക്കുന്ന ഭീകരമായ ഒരു രംഗം നേരിട്ട് കണ്ട നടുക്കത്തിൽ നിന്നും ള്ളേ… എന്ന നിലവിളി അപ്പോൾ അയാൾക്ക് പെട്ടെന്നൊരു വിടുതൽ നൽകിയിരുന്നു. താനെന്ന വൃക്ഷത്തിൽ നിന്നും മുളപൊട്ടിയ പുതിയ ശാഖയുടെ മുഖത്തേക്ക് അയാൾ അതീവ വാത്സല്യത്തോടെ നോക്കി.
നനഞ്ഞ ഒരു പക്ഷിക്കുഞ്ഞ്! അയാൾ ഓർമിച്ചെടുത്തു.
ള്ളേ… തൊള്ള കീറിയുള്ള കരച്ചിലിനിടയിൽ പക്ഷിക്കുഞ്ഞിന്റെ മുഖം തിയേറ്ററിലെ നേഴ്‌സ് അടുത്ത് കാണിച്ചു. ഇടതൂർന്ന കറുത്ത മുടിയും വലിയ കണ്ണുകളും. ആദ്യ നോട്ടത്തിൽ തന്നെ അവൾക്കു ഭാര്യയുടെ മുഖച്ഛായയാണെന്നു തിരിച്ചറിഞ്ഞു. പക്ഷെ ഒറ്റക്കവിളിലെ നുണക്കുഴി? അയാൾഅഭിമാനത്തോടെ, ശ്മശ്രുക്കൾ വളർന്നുതുടങ്ങിയ തന്റെ കവിളിൽ ഒന്നുകൂടി തടവി നോക്കി.
‘രണ്ട് നാന്നൂറ്’ നേഴ്സ് തൂക്കം പറയുമ്പോൾ, അച്ഛനെന്ന പദവിയിലേക്ക് ഉദ്ധരിക്കപ്പെട്ട തന്റെ പുതിയ പദവിയുടെ സുഖസ്മൃതിയിലായിരുന്നു അയാൾ.
ഭാര്യയുടെ പിളർന്ന വയർ തുന്നിക്കൂട്ടുന്ന കാഴ്ചയിൽ നിന്നും കണ്ണുകൾ പിൻവലിച്ചു കഴിഞ്ഞിരുന്നു അയാൾ. അത്തരം കാഴ്ചകൾ അയാളെപ്പോലെ ഒരാൾക്ക് താങ്ങുവാൻ കഴിയുമായിരുന്നില്ല. മയങ്ങിക്കിടക്കുന്ന ഭാര്യയുടെ വിളറിയ മുഖത്തേക്ക് നോക്കി അയാൾ പ്രേമപൂർവം മനസ്സിൽപിറുപിറുത്തു. ‘നന്ദി… ഈ പുരുഷായുസ്സിനെ ധന്യമാക്കിയതിൽ’. പ്രിയതമയുടെ ഇടതു കൺകോണിലൂടെ പൊടിഞ്ഞിറങ്ങിയ നീർക്കണം ചൂണ്ടു വിരൽ കൊണ്ട് തുടച്ചു മാറ്റി, നെറ്റിയിൽ സ്നേഹത്തോടെ ചുംബിക്കുമ്പോൾ, മാതൃത്വം എന്ന വാക്കിന്റെ ആഴമേറിയ അർത്ഥം, ഒഴുകുവാൻ വെമ്പിനിന്ന ആ നീർക്കണം വിസ്തരിച്ചു വിവരിക്കുന്നതായി അയാൾക്ക് തോന്നി.
കൺമുൻപിൽ കണ്ട ത്യാഗത്തിന്റെ വലിപ്പം തന്റെ ഇഷ്ടത്തെ ഒന്നുകൂടി പുഷ്ടിപ്പെടുത്തിയിട്ടെന്ന പോലെ പ്രേമപൂർവം ഭാര്യയുടെ
തലമുടിച്ചുരുളുകൾക്കുള്ളിലൂടെ അയാൾ വിരലുകൾ ഓടിച്ചു കൊണ്ടിരുന്നു.
പാതി തിന്ന സാന്റ് വിച്ചിലേക്കു നോക്കി മകൾ പറഞ്ഞു, ‘നിച്ചു മതിയച്ചാ, വയറു വേദനിക്കണൂ’.
‘അത് നുണ, രുക്കു ഒട്ടും തിന്നേയില്ലലോ, വയറു വേദനിക്കാൻ’.
‘വയറ് നറഞ്ഞു അച്ഛാ, നിക്കിനി തിന്നാൻ പറ്റൂല്ല’.
‘എന്നാൽ ഈ യോഗാർട്ട് കൂടി കഴിച്ചു നിർത്താം’.
‘ഉം…’ വൈമനസ്സ്യത്തോടു കൂടിയുള്ള മൂളൽ. രണ്ടു സ്പൂൺ പോലും കഴിക്കുന്നതിനു മുൻപേ മകൾ പറഞ്ഞു, നിച്ച് ഈ യോഗാർട്ടിഷ്ടൂല്ല’.