നീര

Neera Author : Dhanya Shamjith
Image may contain: 1 person, text

ഭാരത് മാതാ കീ….. ജയ്… ഭാരത് മാതാ കീ… ജയ്…. ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി നിൽക്കുന്ന വലിയൊരു ജനാവലിയുടെ മുന്നിലൂടെ വലിച്ചിഴയ്ക്കുകയാണ് ആ പെൺകുട്ടിയെ….. ബെൽറ്റുകളുടെ തളരാത്ത ഉയർച്ചതാഴ്ചകൾക്കിടയിലും അമർത്തിയൊരു ശബ്ദം മാത്രം അവളിൽ നിന്ന് പുറത്തേക്ക് വന്നു…. “ഭാരത് മാതാ കീ … ജയ് “..

അവൾ, “നീര”.. പതിനെട്ടു കടന്ന മറ്റ് യുവതികളിൽ നിന്ന് വ്യത്യസ്തയായ പെൺകുട്ടി.. അണിഞ്ഞൊരുങ്ങി കണ്ണുകളിൽ ലാസ്യഭാവവുമായി നിൽക്കേണ്ടതിനു പകരം മുഷ്ടി ചുരുട്ടി ദേശീയപതാകയെ നെഞ്ചിലേറ്റി ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ തന്റെ സഹോദരനോടൊപ്പം ആഞ്ഞടിക്കുന്നവൾ.. “നീര”….

തൊലി വെളുപ്പിന്റെ സമൂഹം ഭാരതത്തെ കെട്ടി വരിഞ്ഞ സമയം.. നിറത്തിന്റേയും സംസ്കാരത്തിന്റേയും പേരിൽ എണ്ണമെത്താത്ത ജനതയെ അടിച്ചമർത്തി തന്റെ കാൽക്കീഴിൽ ചവിട്ടിമെതിച്ച ബ്രിട്ടീഷ് മേലാളൻമാരുടെ ഭരണത്തിൽ അമർത്തിയ വികാരവുമായി കഴിഞ്ഞുവെന്നല്ലാതെ പ്രതികരിക്കാൻ ഭയമായിരുന്നു ജനങ്ങൾക്ക്..കാരണം മറ്റൊന്നുമല്ല എതിർക്കുന്നവരെ പരസ്യമായി തോക്കിൻ തുമ്പാൽ ജീവനെടുക്കുന്ന ക്രൂരതയുടെ പര്യായമായവരെ അത്രമേൽ ഭയമായിരുന്നു..

തങ്ങളേക്കാൾ വ്യക്തിമുദ്ര പതിപ്പിച്ച ജനനേതാക്കളും, വിപ്ലവകാരികളുമെല്ലാം എതിർത്തിട്ടും അവരിൽ പലരേയും ചതിയിലൂടെയും കൽതുറുങ്കിലൂടെയും മരണമെന്ന സമ്മാനമേകി സ്വാതന്ത്ര്യം എന്ന അവകാശത്തെ അടിച്ചമർത്തി കൊണ്ടായിരുന്നു അവർ മറുപടി പറഞ്ഞത്… ആ സമയത്താണ് നീരയും സഹോദരൻ ജഗ്ജീവനും ഒരായുസ് മുഴുവൻ തന്റെ നാടിനായി സ്വയമർപ്പിച്ച് പ്രതിഷേധവുമായി ഇറങ്ങുന്നത്….

മാതാപിതാക്കളേയും ഉറ്റവരേയും ഭരണത്തിന്റെ ചങ്ങലക്കണ്ണികൾ വരിഞ്ഞുമുറുക്കി ജീവനെടുത്തപ്പോൾ ആദ്യം പകച്ച് നിന്നെങ്കിലും, ഉലയിൽ ഊതി കാച്ചിയ പോലെ പകയെരിയുകയായിരുന്നു അവളിൽ….

ഗാന്ധിയേക്കാളും, നെഹ്റുവിനേക്കാളുമൊക്കെ നീരയെ സ്വാധീനിച്ചത് സുഭാഷ് ചന്ദ്ര ബോസുംഭഗത് സിംഗുമൊക്കെയായിരുന്നു… രക്തത്തിൽ വിപ്ലവം നിറച്ച, വാക്കുകളാൽ വെടിയുണ്ടകൾ ഉതിർക്കുന്ന അവരുടെ അനുയായിയാവാൻ ഒട്ടും താമസവും അവൾക്കുണ്ടായില്ല…

ആദ്യമൊക്കെ നീര അവർക്കൊരു അത്ഭുതമായിരുന്നു… സ്ത്രീ എന്ന വിവേചനം അവളും നേരിട്ടു, സംഘർഷങ്ങളിലും പ്രതിഷേധ പ്രകടനങ്ങളിലുമൊക്കെ അവൾ പിന്നിലേക്ക് തഴയപ്പെട്ടു.. അത്അവളിൽ പോരാട്ട വീര്യത്തെ ഉണർത്തുകയാണ് ചെയ്തത്.. ‘നീര’യെന്ന വിപ്ലവകാരിയെ അറിയാൻ ഏറെ കാത്തിരിക്കേണ്ടി വന്നില്ല..

മീററ്റിൽ പൊട്ടിപ്പുറപ്പെട്ട ലഹളയെ തുടർന്ന് ഭഗത് സിംഗിനെ തൂക്കിലേറ്റി…. അതറിഞ്ഞ ജനസമൂഹം ഞെട്ടിത്തരിച്ചു, അവിശ്വസനീയമായ ഒന്ന് സംഭവിച്ചതറിഞ്ഞ്.. നീരയ്ക്കായിരുന്നു അത്കൂടുതൽ നടുക്കമുണ്ടാക്കിയത്, ആ വാർത്ത അവളിലേൽപ്പിച്ച മുറിവ് അത്രയും ആഴത്തിലായിരുന്നു ..

എങ്ങനെയും തിരിച്ചടിക്കണം, തങ്ങളിൽ വീണ ഓരോ തുള്ളി ചോരയ്ക്കും പകരം വെളുത്ത നിറവും രക്തപങ്കിലമാവണം….. എന്ന ചിന്ത ഊണിലും ഉറക്കത്തിലും അവളെ അസ്വസ്ഥയാക്കി ..

ബ്രിട്ടീഷ് ഭരണാധികാരിയുടെ വിശ്വസ്തനായ ഉദ്യോഗസ്തൻ നഗരത്തിലെത്തുന്നതറിഞ്ഞ് അയാളെ തടയാൻ പാർട്ടികളും സംഘടനകളും മുന്നിട്ടിറങ്ങി ഒപ്പം മനസ്സിൽ കരുതിയുറപ്പിച്ച പദ്ധതിയുമായി നീരയും… നഗരം പട്ടാളത്താലും പ്രക്ഷോഭകാരികളാലും നിറഞ്ഞു അവരെ എതിരിടാൻ ഒരു വാക്കിനായി കാത്ത് വെള്ളപ്പട്ടാളം കരുതിയിരുന്നു .. പ്രതിഷേധവും ഗോബാക്ക് വിളികളും മുഴങ്ങി.. പ്രതീക്ഷിച്ചു പോലെ ഒരാൾ അധികാരിയ്ക്ക് മുന്നിലേക്ക് ഇരച്ചെത്തി കാത്തു നിന്ന അവസരം പാഴാക്കാതെ വെളളപ്പട്ടാളവും…..

പതിയെ അവർക്കിടയിലൂടെ നൂഴ്ന്നു കയറി കൈയ്യിലൊളിപ്പിച്ച കഠാരയുമായി…. ആക്രോശങ്ങളും രോദനങ്ങളും കണ്ട് ആർത്തു ചിരിക്കുന്ന അധികാരിക്ക് മുന്നിലെത്തി അവൾ നിന്നു..

” വെള്ളക്കാരൻനായേ….. പ്രാണൻ പിടയുന്ന വേദനയും, കിനിഞ്ഞിറങ്ങുന്ന സ്വന്തം ചോരയുടെ ഗന്ധവും നീയുമൊന്നറിയെടാ”….. ആക്രോശിച്ചു കൊണ്ടവൾ തിളങ്ങുന്ന കത്തിമുന അയാളുടെ നെഞ്ചിലേക്കാഞ്ഞുകുത്തി….. അലറി കൊണ്ടയാൾ താഴെ വീണു പിടഞ്ഞു … ഓടിയെത്തിയ പട്ടാളത്തെ പിന്നിലാക്കി തിരക്കിനിടയിലൂടെ നീരമുന്നോട്ട് കുതിച്ചു, തങ്ങളുടെ ഒളിത്താവളം ലക്ഷ്യമാക്കി…

” നീരു,നീയെന്താണീ ചെയ്തത്, പിടിക്കപ്പെട്ടിരുന്നെങ്കിൽ എന്താണുണ്ടാവുകയെന്ന് നിനക്കറിയാഞ്ഞിട്ടാണോ “..ജഗ് ജീവൻ പരിഭ്രാന്തിയോടെ അവളെ നോക്കി….
” എന്തുണ്ടാവാൻ, നാടിന് മറ്റൊരു രക്ത സാക്ഷി കൂടി ലഭിക്കും”.. കൂസലില്ലാതെ സഹോദരനെ നോക്കി ചിരിച്ചു അവൾ….

“നമ്മൾ രണ്ടാൾ വിചാരിച്ചാൽ നാടിനെ രക്ഷിക്കാൻ കഴിയില്ല നീരു “….

” ആ ചിന്തയാണ് തെറ്റ്, ഇതു പോലെ ചിന്തിക്കുന്ന രണ്ടു പേർ ഈ നാട്ടിൽ ഒരുപാടുണ്ടാകും, അവർക്ക് മുന്നോട്ടിറങ്ങാൻ നമ്മൾ പ്രചോദനമാകുന്നുവെങ്കിൽ അത് നല്ലതല്ലേ… ഭയ്യാ…. “നീരയുടെ ചോദ്യത്തിനു മുന്നിൽ ജഗ്ജീവന് ശബ്ദമില്ലാതെയായി….

ഉദ്യോഗസ്തന്റെ കൊലപാതകത്തിൽ നീര ഒളിവിൽ തന്നെ തങ്ങേണ്ടി വന്നു, അവൾക്കായി പട്ടാളം തിരച്ചിൽ തുടങ്ങി… പക്ഷേ അവളെ സംരക്ഷിക്കാൻ അനേകം കരങ്ങൾ ഉണ്ടായിരുന്നു…. ഒരൊറ്റ പ്രവൃത്തിയിലൂടെ അവൾ തെളിയിച്ചത് ഒരു സ്ത്രീയ്ക്കും പ്രതിഷേധത്തെ അണയാതെ ജ്വലിപ്പിക്കാൻ കഴിയുമെന്നതായിരുന്നു.

ബ്രിട്ടീഷ് ഗവൺമെന്റ് സമാധാന ചർച്ചയ്ക്കായി “വില്യം ഹാരോൾഡ് ഷോൺ ” എന്ന പട്ടാള മേധാവിയെ നിയോഗിച്ചു.. തീരുമാനിച്ചുറപ്പിച്ച സ്ഥലത്ത് നീരയ്ക്കും മറ്റ് നേതാക്കൾക്കും മുന്നിലെത്തിയ വില്യം ഗവൺമെന്റിന്റെ ഉത്തരവ് കൈമാറി…..
” നീര, സ്വമേധയാ കീഴടങ്ങുക, അങ്ങനെ ചെയ്താൽ ശിക്ഷയിൽ ഇളവ് ചെയ്യാൻ ഭരണകൂടം ഒരുക്കമാണ്, അല്ലാത്തപക്ഷം പൊതുജനമധ്യത്തിൽ തോക്കിനിരയാകേണ്ടി വരും.. “.

നീരയുടെ തീരുമാനമാണ് ഇതിന് മറുപടി നേതാക്കളുടെ തീരുമാനമതായിരുന്നു… മറുപടിയ്ക്കായി ഉറ്റുനോക്കിയ വില്യം കണ്ടത് കണ്ണുകളിൽ അഗ്നി ചീളുകളുമായി നിൽക്കുന്ന നീരയെയാണ്…

“ഒരു ജനതയെ മുഴുവൻ കാൽക്കീഴിൽ ചവിട്ടിയരച്ച് നടത്തുന്ന തേർവാഴ്ചയ്ക്കെതിരെ എന്റെ മരണം വരെ ഞാൻ പോരാടും, അവരുടെ ഉത്തരവിനെ അനുസരിക്കാൻ ഞാൻ അവർ നൽകുന്ന അവശിഷ്ടം ഭക്ഷിക്കുന്ന നായ് അല്ല… പിറന്ന നാടിനേയും, ത്രിവർണ്ണത്തേയും ദൈവത്തെപ്പോലെ ഹൃദയത്തിലും സിരകളിലും നിറച്ച ഒരു ഭാരത സ്ത്രീയാണ്…….. പറ്റുമെങ്കിൽ നേർക്കുനേർ വന്ന് എന്നെ കൽതുറുങ്കിലടക്ക്, ചങ്കൂറ്റത്തോടെ പോരാടി ഞാൻ നിന്നു തരാം… അല്ലാതെ നട്ടെല്ലില്ലാതെ അഭിമാനം ആരുടേയും മുന്നിൽ അടിയറവ് വയ്ക്കാൻ മാത്രം ഞാൻ ചെയ്തത് തെറ്റല്ല വലിയൊരു ശരിയാണ്….” ഒറ്റ ശ്വാസത്തിൽ നീരയുടെ വാക്കുകൾ ചിതറി തെറിച്ചു ….

“As You like Sister…. ഇതെന്റെ ഡ്യൂട്ടിയാണ്, അത് ഞാൻ നിർവഹിച്ചു നിങ്ങളുടെ വികാരത്തെ ഞാൻ മാനിക്കുന്നു…. ” വില്യം തിരികെ മടങ്ങി ..

നീരയും കൂട്ടരും കാത്തിരുന്നു, ഏത് നിമിഷവും തങ്ങളെ വളയുന്ന വെള്ളപ്പടയെ നേരിടാൻ….. രാത്രിയുടെ നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് തീ ക്കണ്ണുകളുമായി പട്ടാളമെത്തി…

” നീര…. സറണ്ടർ അസ്….. “.. ഉച്ചത്തിലുള്ള ശബ്ദത്തിന് മറുപടിയായെത്തിയത് കരിങ്കൽ ചീളുകളായിരുന്നു.

പിന്നീടവിടെ നടന്നത് അഭിമാനത്തിന്റെ രക്ഷയ്ക്കായുള്ള പോരാട്ടമായിരുന്നു, നീരയെ അടിയറവ് പറയിക്കാൻ വെള്ളപ്പടയും, അവളെ വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത ഒരു കൂട്ടം വിപ്ലവകാരികളും…. പോരാട്ടത്തിൽ രക്ത തുള്ളികളും, വെടിയുണ്ടകളും ചിതറി തെറിച്ചു. തനിക്ക് വേണ്ടി നഷ്ടപ്പെടുന്ന ജീവൻ കണ്ട് നീര ഒരു നിമിഷം തരിച്ചുനിന്നു.പിന്നെയെന്തോ തീരുമാനിച്ചുറച്ച് മറനീക്കി പുറത്തേക്ക് നടന്നു.

“ഒരു ജീവന് പകരം ഒരായിരം ജീവൻ നഷ്ടപ്പെടാൻ പാടില്ല ” തടയാൻ ശ്രമിച്ച ജഗ്ജീവന്റെ കൈകളെ തട്ടിമാറ്റിയവൾ പറഞ്ഞു… പിന്നെ ഉറച്ച കാൽവെപ്പോടെ വെള്ളപ്പടയ്ക്കു മുന്നിലെത്തി.. ” ഞാനിതാ കീഴടങ്ങിയിരിക്കുന്നു.”..

പിന്നെയൊരു നിമിഷം പോലും വേണ്ടി വന്നില്ല..ചെന്നയ്ക്കൂട്ടത്തിനു മുന്നിലെത്തിയ മാൻകുട്ടിയെന്ന പോലെ “നീര” തെരുവിലൂടെ വലിച്ചിഴക്കപ്പെട്ടു…. ബെൽറ്റുകളുടെ സീൽക്കാരങ്ങളും ബൂട്ടുകളുടെ കനവും അവളെ തളർത്തിയില്ല, ഒരൊറ്റ വാക്ക് മാത്രം അവൾ ഉരുവിട്ടു കൊണ്ടേ യിരുന്നു…. “ഭാരത് മാതാ കീ…. ജയ്.. “..

തളർന്ന് വീഴാൻ തുടങ്ങുമ്പോഴൊക്കെ ചുരുട്ടി പിടിച്ച ദേശീയപതാകയിൽ അവൾ ഒന്നുകൂടി കൈകൾ ചുരുട്ടി…. ചോരയൊലിച്ചിറങ്ങുന്ന ഒരു ശരീരമായി അവളാ ജനക്കൂട്ടത്തിന് നടുവിലേക്ക് വലിച്ചെറിയപ്പെട്ടു…. മുട്ടുകുത്തി എഴുന്നേൽക്കാൻ ശ്രമിച്ച അവളെ തലമുടിക്കെട്ടിൽ ചുഴറ്റിപ്പിടിച്ച് അട്ടഹസിച്ചു നേതൃനിരയിലെ പട്ടാള ഉദ്യോഗസ്ഥൻ… “വില്യം” അയാളോട് എന്തോ പറഞ്ഞെങ്കിലും തിരികെയുള്ള ആക്രോശത്തിൽ വില്യം പിൻതിരിഞ്ഞു കാരണം അയാൾക്കറിയാമായിരുന്നു പട്ടാള വിധി എന്താണെന്ന്.

” നിന്റെ സമയം അവസാനിച്ചു, തെരുവ് നായയെപ്പോലെ മരിക്കാനാണ് നിന്റെയും വിധി… ഞങ്ങൾക്കെതിരെ പ്രതികരിക്കുന്ന എല്ലാവരും ഇനി ഭയക്കണം…. ക്രൂരമായ ചിരിയോടെ ആ വെള്ളക്കാരൻ തോക്കുയർത്തി ..

“ജനിച്ചാലൊരിക്കൽ മരിയ്ക്കണം, ഈ മണ്ണിൽ പിറന്ന എനിക്കതിന് ഒട്ടും ഭയമില്ല, ഞാൻ എറിഞ്ഞിട്ടത് തീപ്പൊരിയാണ്.. അതിനെ ഊതിക്കത്തിക്കാൻ ഭാരതീയനെന്ന വികാരത്തെ നെഞ്ചിലേറ്റിയ ഒരു കൂട്ടം ജനത ഇനിയും ബാക്കിയുണ്ട്…..

ഒരിയ്ക്കൽ അവർക്കു മുന്നിൽ നിങ്ങൾക്ക് മുട്ടുകുത്തി നാണംകെട്ട് മടങ്ങേണ്ട കാലം വിദൂരമല്ല, അന്നീ പതാക നിങ്ങളുടെ തലയ്ക്കു മുകളിൽ പാറും, തലകുനിച്ച് അതിനു കീഴെ നിൽക്കേണ്ടി വരും…. കാരണം ഭാരതമെന്നത് ഒരു രാജ്യമല്ല…. ഒരേ മനസ്സും, ഒരേ ചിന്തയുമായി ജീവിക്കുന്ന ജനസമൂഹമാണ്…..

ഓരോ ഭാരതീയനും ഈ മണ്ണിനെ നെറ്റിയിലെ തിലകക്കുറിയായാണ് വില കൽപ്പിക്കുന്നത്… എന്റെ മാത്രമല്ല, ഈ നിൽക്കുന്ന ഓരോരുത്തർക്കും അമ്മയാണീ നാട്…. “മേരീ ഭാരത് മാതാ…”.. “ഭാരത് മാതാ കീ… ജയ് “… നീരയുടെ തീപ്പൊരിപോലുള്ള സ്വരം അവിടമാകെ മുഴങ്ങി, അത് മറ്റുള്ളവരിലും പടർന്നു…

ചുറ്റും നിറഞ്ഞ ജയ് വിളികൾക്ക് നടുവിൽ ” നീര അചഞ്ചലയായി ഒരു ചുവട് മുന്നോട്ട് വെച്ചു തന്റെ നേർക്ക് ചൂണ്ടിയ തോക്കിൻ കുഴലിലേക്കൊന്ന് നോക്കി പുച്ഛത്തിൽ ചിരിച്ചു കൊണ്ട് അവൾ നിന്നു.. അപ്പോഴും അവളുടെ കണ്ണിൽ നിന്ന് പാറിയത് മരണഭയമായിരുന്നില്ല, മറിച്ച് സ്വന്തം നാടിന് വേണ്ടി പ്രാണൻ നൽകുന്ന അഭിമാനവും കറകളഞ്ഞ ദേശഭക്തിയുമായിരുന്നു …..

കാഞ്ചിയിൽ വിരലമർത്തുന്ന വെള്ളക്കാരനെ നോക്കി അവൾ ഉച്ചത്തിൽ വിളിച്ചു…. “വന്ദേ മാതരം….. വന്ദേ മാതരം…..” ,നെഞ്ചിൽ പാഞ്ഞുകയറിയ വെടിയുണ്ടയെ നിറഞ്ഞ പുഞ്ചിരിയോടെ അവൾഏറ്റുവാങ്ങി…

ഒരിയ്ക്കൽ കൂടിയവൾ മുഷ്ടിയുയർത്തി വിളിച്ചു.. “ഭാരത് മാതാ കീ .. ജയ്.. “. കുഴഞ്ഞ് വീണ അവളോടൊപ്പം കൈയ്യിലെ പതാകയും താഴേക്ക് പതിച്ചു…. പക്ഷേ ആ ത്രിവർണ്ണം മണ്ണിൽ തൊടും മുൻപ് മറ്റൊരു കൈകൾ താങ്ങി….” വില്യം” എന്ന ബ്രിട്ടീഷുകാരൻ….

” ഈ പതാക….. മണ്ണിൽ വീഴാനുള്ളതല്ല… ഇതിലൊരു ജനതയുടെ മുഴുവൻ വികാരവും വിയർപ്പും ജീവശ്വാസവുമുണ്ട്…. നീരാ….. നിനക്ക് വേണ്ടി ഞാനിത് കൈയ്യിലേന്തുന്നു”….. ജനക്കൂട്ടത്തിന് നേരെ ത്രിവർണ്ണ പതാക നിവർത്തി വീശി വില്യമെന്ന ആ ബ്രിട്ടീഷ് മേധാവി അത് പറയുമ്പോൾ…. വീണ്ടും മുഴങ്ങുകയായിരുന്നു… ഒരേ സ്വരത്തിൽ ഒരേ വികാരത്തിൽ ആ ഒരൊറ്റ നാമം……..
“ഭാരത് മാതാ… കീ … ജയ്….”..

[കഥയിലെ സന്ദർഭങ്ങളും കഥാപാത്രങ്ങളും തികച്ചും എന്റെ സങ്കൽപ്പത്തിലുള്ളവരാണ്… ചരിത്രവുമായി ബന്ധപ്പെട്ട ഒന്നിനുമായി ഈ കഥയ്ക്കോ കഥാപാത്രങ്ങൾക്കോ യാതൊരു ബന്ധവുമില്ല…….. നന്ദി..]