വിയർപ്പിന്‍റെ ഗന്ധമുള്ള ചുരിദാർ
Viyarppinte Gandhamulla Churidar Author : Vinu Vineesh
Image may contain: 2 people, text
“ഏട്ടാ….. , വിനുവേട്ടാ….”
എന്റെ നെഞ്ചിലേക്ക് ചേർന്നുകിടന്നുകൊണ്ട് ലച്ചു വിളിച്ചു.
“മ്, എന്തെടി….”
വലതുകൈ അവളുടെ മുടിയിഴകളിലൂടെ തലോടികൊണ്ട് ഞാൻ ചോദിച്ചു.
“എനിക്കൊരു ചുരിദാർ വാങ്ങിത്തരോ..?”
“ദൈവമേ…പെട്ടോ..?”
അവളുടെ ചോദ്യംകേട്ട ഞാൻ കറങ്ങുന്ന സീലിംഗ് ഫാനിനെ ഒന്നു നോക്കി
ഒന്നും സംഭവിക്കാത്തപ്പോലെ അത് കറങ്ങിക്കൊണ്ടിരിക്കുകയാണ്.
അല്ല.. അവളെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല, കാരണം വർഷം മൂന്നായി കല്യാണംകഴിഞ്ഞിട്ട്. ഇതുവരെ എന്നോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല,
ദിവസം 800 രൂപക്ക് ആശാരിപ്പണിയെടുക്കുന്ന എന്റെ കൈയിൽ സമ്പാദ്യമൊന്നുമില്ലെന്ന് അവൾക്ക് നന്നായി അറിയാം, അതുകൊണ്ടാകും ഇത്രേം കാലം എന്നോടൊന്നും ചോദിക്കാതെ സ്വപ്നങ്ങളും, ആഗ്രഹങ്ങളും ഉള്ളിലൊതുക്കി കഴിഞ്ഞത്.
“രണ്ടീസം കഴിയട്ടെ മോളൂ… ബാവഹാജിയുടെ വീടിന്റെ തള്ളപ്പുര പൊളിച്ചുമേയാനുണ്ട്, അതുകഴിഞ്ഞ് നമുക്കൊരുമിച്ചു പോയിയെടുക്കാം.”
എന്റെ മറുപടികേട്ടതും കിടന്നുകൊണ്ട് അവൾ എന്റെ മുഖത്തേക്ക് നോക്കി.
“സത്യം…”
ലോട്ടറി അടിച്ചപ്പോലുള്ള അവളുടെ മുഖത്തിന് നൂറ്റിപ്പത്ത് വോൾട്ടിൽ കത്തുന്ന ബൾബിന്റെ തെളിച്ചമുണ്ടായിരുന്നു.
“സത്യം,”
പുഞ്ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു
ബെഡിൽ നിന്നും അവളെഴുന്നേറ്റ് അലമാരയിൽ അടക്കിവച്ച വസ്ത്രങ്ങളുടെ
മുകളിൽ നിന്ന് ഇളംപച്ചനിറത്തിലുള്ള ഒരു ചുരിദാറെടുത്ത് എന്റെ നേരെ നീട്ടി.
“ദേ , ഇതുകണ്ടോ ഏട്ടാ, സ്റ്റിച്ചെല്ലാം പിന്നിത്തുടങ്ങി, ഒരു വർഷമായി ഇതിട്ടോണ്ട് നടക്കുന്നു. അടുത്ത ഞായറാഴ്ച്ച ദീപടെ കല്ല്യാണമാ..”
വാടിയ അവളുടെ മുഖം ഞാൻ കൈകൊണ്ട് പതിയെ ഉയർത്തി.
അജ്ഞനമെഴുതിയ കണ്ണുകൾ കലങ്ങിയിരിക്കുന്നു.
“അയ്യേ… ന്തിനാ ലച്ചു കരയണെ…?”
തുളുമ്പിനിൽക്കുന്ന അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് ഞാൻ ചോദിച്ചതേ കണക്ക്.
പിന്നെ കണ്ണീരിന്റെ പ്രവാഹമായിരുന്നു.
ഒരുപാടുനാള് ഉള്ളിലൊതുക്കിവച്ച ഗദ്ഗദം ഒരു പേമാരിപോലെ പെയ്തിറങ്ങി.
ഒന്നും പറയാതെ ഞാൻ അവളെ എന്നിലേക്ക് ചേർത്തുപിടിച്ചു.
പറഞ്ഞതുപോലെ ബാവഹാജിയുടെ വീടിന്റെ പണികഴിഞ്ഞ് ഞാനും ലച്ചുവും പുത്തനത്താണിയിലെ ഗൈഡ് കോളേജിന്റെ മുൻപിലുള്ള ‘കനക’ സിൽക്ക്ലേക്ക് ചുരിദാറെടുക്കാൻ പോയി.
വസ്ത്രങ്ങൾകൊണ്ട് വർണ്ണവിസ്മയം തീർത്ത കനകയിൽ ചെന്നപ്പോൾ
അക്ഷരാർത്ഥത്തിൽ ഞാനും സ്തംഭിച്ചുപോയി.
“മുകുന്ദേട്ടാ…”
മുണ്ടിന്റെ സെക്ഷനിലുള്ള എന്റെ സഹപാഠി വൃന്ദയുടെ അച്ഛനെ വിളിച്ചു.
മുകുന്ദേട്ടൻ ഒരുപാടുനാളായി കനകയിൽ ജോലിചെയ്യുന്നു.
“എന്താ ഇവിടെ…”
തോളിൽത്തട്ടി എന്നോട് കുശലം ചോദിച്ചു.
“ദേ ഇവൾക്കൊരു ചുരിദാർ വാങ്ങിക്കാനാ..”
ആവശ്യം പറഞ്ഞപ്പോൾ സഹായത്തിനായി ഒരുപയ്യനെ ഏർപ്പാടു ചെയ്ത് മുകുന്ദേട്ടൻ ജോലിയിലേർപ്പെട്ടു.
അമ്പതോളം ചുരിദാർ വലിച്ചിട്ട് അതിൽനിന്നുമവൾ ഒന്ന് സെലക്റ്റ് ചെയ്‌തു.
“ഏട്ടാ ഇതുമതി…”
അവൾ ഡിസൈനാണ് നോക്കുന്നതെങ്കിലും എന്റെ കണ്ണുപാഞ്ഞത് പ്രൈസ് ടാഗിനു മുകളിലേക്കായിരുന്നു.
“4,699 രൂപ. ഭഗവാനെ, ഇത്രേം വിലയുണ്ടോ..?”
മൂത്രമൊഴിക്കാനെന്ന വ്യാജേനെ
ഞാൻ പുറത്തുകടന്ന് പേഴ്‌സ് എടുത്തുനോക്കി.
മൂന്ന് അഞ്ഞൂറിന്റെ നോട്ടും, പിന്നെ കുറച്ചു ചില്ലറപൈസയും.
ഞാൻ തിരിച്ചു ചെന്നപ്പോഴേക്കും അവളാ ചുരിദാറും പിടിച്ച് എന്നേം കാത്തുനിൽക്കുന്നുണ്ടായിരുന്നു.
“ബില്ലടക്കാൻ എന്തുചെയ്യും ന്റെ കൃഷ്ണാ…”
ഞാനലോചിച്ചു നിൽക്കുമ്പോഴാണ് മുകുന്ദേട്ടൻ അതുവഴി കടന്നുപോയത്.
“മുകുന്ദേട്ടാ…. ദേ, ഈ ചുരിദാർ ഒന്നിവിടെ മാറ്റിവക്കണം, ബില്ലടക്കുന്നില്ല,ഞാൻ വൈകുന്നേരം വന്നുവാങ്ങിച്ചോളാം”
“ഓ..,അതിനെന്താ, ഇവിടെ വച്ചോ “
മുകുന്ദേട്ടന്റെ കൈയിൽ ചുരിദാർ ഏൽപ്പിച്ച് ലച്ചുവുമായി ഞാൻ വീട്ടിലേക്ക് തിരിച്ചു.
“ഉണ്ണിയേട്ടന്റെ കൂടെ സൈറ്റ് നോക്കാൻ പോണം ന്ന് പറഞ്ഞിരുന്നു ലച്ചൂ…
അയാൾ വന്നിട്ടുണ്ട്. അതാ ഞാൻ പെട്ടെന്ന്….”
ബൈക്ക് ഓടിക്കുന്നുണ്ടെങ്കിലും ശ്രദ്ധ മുഴുവനും കണ്ണാടിയിൽ തെളിഞ്ഞു നിൽക്കുന്ന ലച്ചുവിന്റെ മുഖത്തായിരുന്നു.
വഴിയിലുടനീളം ചുരിദാർ വാങ്ങിക്കാതെപോന്നതിന്റെ ദേഷ്യം അവൾ മൗനമായിരുന്നുകൊണ്ട് തീർത്തു.
വീട്ടിൽ വന്നുകയറിയതും ബെഡ്റൂമിൽ കയറി അവൾ വാതിൽ കൊട്ടിയടച്ചു.
അതെന്നെ വല്ലാതെ അസ്വസ്ഥനാക്കി.
ഭാര്യക്ക് ഇഷ്ടമുള്ളതൊന്നും വാങ്ങികൊടുക്കാൻ കഴിയാതെപോയ ഒരു ഭർത്തായിരുന്നോ ഞാൻ?.
കുളികഴിഞ്ഞ് ബൈക്കെടുത്തു ഉണ്ണിയേട്ടനെ കാണാൻ പോയിട്ട് അരമണിക്കൂറിനുള്ളിൽ തിരിച്ചു വീട്ടിൽ വന്നുകയറിയപ്പോഴും ലച്ചു മുറിയടച്ചിരിക്കുകതന്നെയായിരുന്നു.
അയ്യായിരം രൂപ ഞാനവൾക്ക് കൊടുത്തിട്ട് കനകയിൽ നിന്നും ചുരിദാർ വാങ്ങിക്കൊണ്ടുവരാൻ പറഞ്ഞു.