അങ്ങനെ എന്റെ ബാച്ചിലുള്ള എല്ലാവന്മാർക്കും ലൈൻ ആയി.. ഞാൻ മാത്രം ഏകലവ്യനായി നടന്നു.
അങ്ങനെ ഒരുദിവസം ലേഖ എന്നോട് ചോദിച്ചു.. “ഏട്ടന് അർച്ചനയുടെ ശേഷം ആരുടേയും പുറകെ പോയില്ലേ..??” ഞാൻ പുരികം വളച്ചു അവളെ ഒന്ന് നോക്കി… “എന്താടീ നീയെന്നെ പ്രേമിപ്പിക്കാനായിട്ടു തുനിഞ്ഞിറങ്ങിയേക്കുവാണോ??”
“അല്ല എന്റെ പൊന്നേ വല്ല പൊട്ടിക്കാളികളും വലയിൽ വീണോ എന്നറിയാനാ.. എന്നാൽപ്പിന്നെ ആ ചേച്ചിയോട് ഒരുത്തരം പറയാരുന്നു”
ഏതു ചേച്ചി..?? എന്തുത്തരം..?? ചോദ്യഭാവത്തിൽ ഞാനവളെ ഒന്ന് നോക്കി….
അല്ല നന്ദേച്ചിയോട്…..
ഞാൻ ഞെട്ടിത്തരിച്ചു അവളെ നോക്കി…. നീയെന്താ പറഞ്ഞത്..??? ആര് ശ്രീനന്ദയോ..???
എന്റെ ഞെട്ടലിൽ അവൾക്കെന്തോ വളരെ സന്തോഷമുള്ളതുപോലെ തോന്നി… അവൾ പറഞ്ഞു..”അതെ.. നന്ദേച്ചിക്ക് ഏട്ടനെ ഭയങ്കര ഇഷ്ടമാത്രേ… ഏഴാം ക്ളാസുമുതൽ തുടങ്ങിയതാ പോലും. ഏട്ടനെ കാണാനാണ് ഇടയ്ക്ക് ഇവിടെ എന്നെ കാണാനെന്ന വ്യാജേന വരുന്നത്….. ഏട്ടൻ ഇന്നുവരെ ഒരു പെണ്ണിന്റെയും പുറകെ നടക്കുന്നത് ചേച്ചി കണ്ടിട്ടില്ലത്രെ.. ആള് ഇത്തിരി തരികിടയാണെങ്കിലും ഒരു പാവമാണെന്നു തോന്നുന്നു എന്നൊക്കെയാ ചേച്ചി ഏട്ടനെക്കുറിച്ച് പറഞ്ഞത്. നല്ല ചേച്ചിയാ അല്ലെ ഏട്ടാ…..”
ഞാനപ്പോഴും പന്തം കണ്ട പെരുച്ചാഴിയെപ്പോലെ വായും പൊളിച്ചിരുന്നു… “എന്റെ ദൈവമേ ഇവളുടെ കൂട്ടുകാരിയാണല്ലോ എന്നറിഞ്ഞിട്ടാണ് ഞാൻ അവളെ വായിനോക്കാൻ പോകാഞ്ഞത്… അതേതായാലും നന്നായി…”
“ഹും നല്ല ചേച്ചിയാ…. നിനക്കിഷ്ടപെട്ടോ..??” ഞാൻ വെറുതെ ചോദിച്ചു….
“പിന്നില്ലേ…. അതുകൊണ്ടല്ലേ ഏട്ടനോട് ഞാൻ തന്നെ ഇത് പറഞ്ഞത്.” അവൾ എന്നോട് പറഞ്ഞു….
“പക്ഷെ ഏട്ടൻ ചേച്ചിയോട് പറയണം ഇഷ്ടമാണെന്നു, എങ്കിലേ ചേച്ചി ഏട്ടനോട് പറയുള്ളൂ… ആ മനസ്”.
“ഓഹോ.. എന്നാൽ വേണ്ടമോളെ… അവൾക്കൊരു ആങ്ങളയുണ്ട്… ആറടിപ്പൊക്കത്തിലും ഒത്തവണ്ണത്തിലും.. എന്നെ പഞ്ഞിക്കിടും…”
“ധൈര്യമില്ലെങ്കിൽ…പിന്നെ പറഞ്ഞിട്ടുകാര്യമില്ല….. പ്രേമിക്കാൻ നടക്കുന്നു… ആ നബൂതിരിമാരെല്ലാംകൂടെ എടുത്തിട്ട് ചളുക്കിയേനെ…. ഇതിപ്പോ നല്ല നായന്മാരല്ലേ..”
“ഭ വേടക്കെ.. ജാതിപറഞ്ഞു കളിക്കുന്നോ…” എന്നുപറഞ്ഞു ഞാൻ തല്ക്കാലം തടിയൂരി…. പക്ഷെ അവൾക്കെന്താ എന്നോടിത്ര സ്നേഹം എന്ന് ഞാൻ എത്രയാലോചിച്ചിട്ടും മനസിലായതേ ഇല്ല. അപ്പോഴാണ് അന്ന് പ്രിൻസിപ്പൽ പറഞ്ഞത് ഈ കേസ് ആണല്ലേ എന്നോര്മ വന്നത്… “വല്ല നായന്മാരുടേയും കയ്യിൽനിന്നു നീ അടികൊണ്ടു ചാകും.” അപ്പൊ ആ നായരാണ് ഈ നായർ..
അടുത്ത കൂട്ടുകാരോടൊക്കെ പറഞ്ഞപ്പോഴാണ് അവളുടെ ആത്മാർത്ഥ കൂട്ടുകാരിയോട് ഒന്ന് ചോദിക്കാമെന്ന് അവർ പറഞ്ഞത്.. അങ്ങനെ അവളോട് അന്വേഷിക്കാൻ തന്നെ തീരുമാനിച്ചു… ഇന്നെന്തായാലും സമയമില്ല.. നാളെ ചോദിക്കാം…… സ്കൂൾ വിട്ടപ്പോൾ ഞാൻ വീട്ടിലേക്കു നടന്നു… അന്ന് രാത്രി അവിടെ അടുത്തൊരു പള്ളിയിൽ പെരുന്നാളാണ്.. അവളുടെ ചേട്ടന്റെ മിമിക്രി ഉണ്ടായിരുന്നു… ഞാനും കൂട്ടുകാരും അതുകാണാനായി പോയി….
അതുവരെ ശ്രദ്ധിക്കാതിരുന്ന അവളെ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ ഒരു കാര്യം എന്നെ അത്ഭുദപ്പെടുത്തി. എല്ലാ ബുധനാഴ്ചയും ഞങ്ങൾക്ക് കളർ ഡ്രസ്സ് ഇടാം. എല്ലാ ആഴ്ചയും ഞാനിടുന്ന അതെ കളർ ആയിരിക്കും അവളും ഇടുന്നത്, ഇതിന്റെ ഗുട്ടൻസ് മാത്രം എനിക്ക് ഇന്നും പിടി കിട്ടിയിട്ടില്ല…. ഇനി മനപ്പൊരുത്തം ആവുമോ ആവോ….
എന്തായാലും അന്നും ഞാനിട്ട ക്രീം കളർ ഷർട്ട്നു മാച്ച് ആയ ഡ്രസ്സ് ആയിരുന്നു അവളും ഇട്ടതു…. ഞാൻ പക്ഷെ പരിപാടികൾ വളരെ കുറച്ചേ ശ്രദ്ധിച്ചുള്ളൂ… ഞാൻ അറിയാതെ എന്നെ സ്നേഹിക്കുന്നവളുടെ സൗന്ദര്യം ആസ്വദിക്കുകയായിരുന്നു ഞാൻ.
അങ്ങനെ ആ അധ്യയനവർഷവും കഴിയാറായി… ലേഖ പറഞ്ഞതുപോലെ ഞാൻ അവളോട് എന്റെ ഇഷ്ടം പറയാനുള്ള അവസരങ്ങളും നോക്കി നടന്നു… ഒന്നും ഒത്തുവന്നില്ല…
അങ്ങനെ ഞങ്ങളുടെ മോഡൽ എക്സാം അടുത്തു. എല്ലാവരും തകൃതിയായി പഠിക്കാൻ തുടങ്ങി… ഞാനും…
മോഡൽ എക്സാമിന്റെ ആദ്യദിവസം ഉച്ചയ്ക്ക് കഴിക്കാൻ വീട്ടിലേക്കു പോകുന്ന അവളെ വഴിയിൽ വച്ച് കണ്ടു എന്റെ ഇഷ്ടം പറയാൻ ഞാനും കൂട്ടുകാരും തീരുമാനിച്ചു. അങ്ങനെ ഉച്ചക്ക് അവൾ പോകുന്ന നേരം കൂട്ടുകാരെല്ലാംകൂടെ എന്നെ ഉന്തി തള്ളി വിട്ടു…
ഇത്രനാളും മറ്റുള്ളവർക്ക് ഹംസമായി നടന്ന ഞാൻ ആദ്യമായി ഒരു പെണ്ണിനോട് എന്റെ ഇഷ്ടം പറയാൻ പോകുന്നു… മനസ്സിലെന്തോ ഒരു കടലിരമ്പല്.. കാലുകളൊക്കെ വിറയ്ക്കുന്നതുപോലെ…. അവൾ തിരിഞ്ഞു നോക്കാതെ നടക്കുകയാണ്…. ഞാൻ പിന്നാലെ ചെന്ന് വിളിച്ചു…”ഹലോ നന്ദാ…. ഒന്ന് നിൽക്കുമോ..??”. അവൾ പതിയെ തിരിഞ്ഞു ചോദ്യഭാവത്തിൽ എന്നെ നോക്കി…, പക്ഷെ എന്റെ കയ്യും കാലും വിറയ്ക്കുന്നു എനിക്കെ അറിയാമായിരുന്നുള്ളു… “എന്തെ… എന്തുപറ്റി..??” അവളുടെ ചോദ്യം ഒരല്പം ആശ്വാസം പകർന്നു കാരണം ആദ്യമായിട്ടാണവൾ എന്നോട് സംസാരിക്കുന്നത്.
ഒരു ദീർഘ നിശ്വാസം എടുത്തുകൊണ്ടു ഞാൻ പറഞ്ഞു… “നന്ദ…. എനിക്ക് നിന്നെ ഇഷ്ടമാണ്… നിനക്ക് എന്നെ ഇഷ്ടമാണെങ്കിലും അല്ലെങ്കിലും തുറന്നു പറയണം… സമയമെടുത്ത് ആലോചിച്ചു പറഞ്ഞാൽ മതി…”..
ആഗ്രഹിച്ചിരുന്ന ഒരു കാര്യം കേട്ട ഭാവമാണോ അതോ പ്രതീക്ഷിക്കാത്ത കാര്യം കേട്ട ഭാവമായിരുന്നോ അവളുടെ മുഖത്ത് എന്ന് പോലും ശ്രദ്ധിക്കാതെ എന്റെ കർത്തവ്യം തീർത്തു ഞാൻ തിരിഞ്ഞു നടന്നു… പക്ഷെ അന്ന് ഉച്ചകഴിഞ്ഞപ്പോൾ മുതൽ അവളിൽ അതുവരെ ഇല്ലാതിരുന്ന ഒരു ഭാവം… എന്നെ കാണുമ്പോൾ ആ തുടുത്ത കവിളുകൾ ചുവക്കുന്നു….. കണ്ണുകളിൽ എന്തോ ഒരു തിളക്കം…. മുഖം കുനിച്ചു നാണത്തോടെ നോക്കുന്ന അവളെ കണ്ടപ്പോൾ ഒന്നെനിക്കു ബോധ്യമായി… അവൾ ആഗ്രഹിച്ചിരുന്ന കാര്യം തന്നെയാണ് ഞാൻ പറഞ്ഞതെന്ന്…
എല്ലാ പരീക്ഷയും കഴിഞ്ഞു രണ്ടു മൂന്നു ദിവസത്തെ അവധിക്കു ശേഷം ക്ലാസ്സുകൾ വീണ്ടും തുറന്നു….
മോഡൽ എക്സാം മാർക്കുകളും അതിലെ പരിമിതികളും പിഴവുകളും ചൂണ്ടിക്കാണിച്ചു അധ്യാപകരും ഞങ്ങളെ ബോർഡ് എക്സാമിനായി സന്നദ്ധരാക്കി. കൂട്ടത്തിൽ അവളുടെ സ്നേഹം കലർന്ന സംസാരവും.
മറ്റുള്ള ഇണക്കിളികളെപ്പോലെ ഞങ്ങൾ ഇപ്പോഴും കുറുകി നടക്കാറില്ലായിരുന്നു… ക്ലാസ്സിനുള്ളിൽ തന്നെ ഞങ്ങളുടെ കണ്ണുകൾ പല കാര്യങ്ങളും കൈമാറി…
അങ്ങനെ ആദിവസങ്ങളും കൊഴിഞ്ഞു തീരാറായി. സ്കൂൾ വാർഷികം വരികയായി… സ്കൂൾ ലീഡർ ആയ എനിക്ക് ഭാരിച്ച ഉത്തരവാദിത്തങ്ങൾ ഒരുപാടുണ്ടായിരുന്നു… അതുകൊണ്ടു തന്നെ കുറുകി നടക്കാൻ സമയം തീരെയില്ലായിരുന്നു. വാർഷികദിവസം എന്റെ ഒരു സൂപ്പർ പ്രസംഗവും ഉണ്ടായിരുന്നു….. സ്ത്രീകളുടെ അവസ്ഥയെക്കുറിച്ചു അന്ന് ഞാൻ പറഞ്ഞത് ഇന്ന് അന്വർത്ഥമായി. സ്ത്രീകൾക്കെതിരെ എന്തൊക്കെ ആക്രമണങ്ങളാണ് നടക്കുന്നത്… ഇന്നത്തെ തലമുറ സ്ത്രീയെ ഒരു ഉപഭോഗ വസ്തുവായി മാത്രമല്ലേ കാണുന്നുള്ളൂ… അന്നിതൊക്കെ പറഞ്ഞപ്പോൾ പലരും എന്നെ വഴക്കു പറഞ്ഞു. എനിക്ക് സങ്കടവും തോന്നി. പക്ഷെ ഇന്ന് അത് സത്യമായില്ലേ…
എന്തായാലും വാർഷികം കൂടി കഴിഞ്ഞതോടെ ഞങ്ങളുടെ സ്റ്റഡി ലീവ് തുടങ്ങി… ഇടയ്ക്കു അവൾ എന്റെ വീട്ടിലെ ലാൻഡ്ലൈൻ ഫോണിലേക്ക് വിളിച്ചിരുന്നു… പലപ്പോഴും വല്യമ്മയോ ലേഖയോ ആവും ഫോൺ എടുക്കുക. ഐഡന്റിറ്റി പറയാതെ എന്നെ അന്വേഷിച്ചു ഫോൺ വയ്ക്കും….. ഇതൊരു സ്ഥിരം പരിപാടിയാണെന്ന് ലേഖ ഇടയ്ക്കെന്നോട് പറഞ്ഞിരുന്നു.
ഒരു ദിവസം വിളിച്ചപ്പോൾ ഞാൻ ആണെടുത്തത്… നന്ദ ആയിരുന്നു… “അന്ന് പറഞ്ഞ കാര്യമില്ലേ…..” ഫോൺ കട്ടായി… മനസ്സിലെന്തോ ഒരു പേടി എനിക്ക് തോന്നി… എന്താണ് ഫോൺ കട്ടായതു…. ഏതായാലും അവൾക്കും എന്നെ ഇഷ്ടമാണെന്നാവും പറയാൻ വന്നത്…..
പിന്നെ പല പല പ്രാവശ്യം അവളുടെ വീട്ടുപടിക്കൽ കൂടെ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ പോയിട്ടും അവളെ കാണാൻ കഴിഞ്ഞില്ല… വേറെ ഒരു വിവരവുമില്ല….
അവസാനം പരീക്ഷയുടെ തലേദിവസം ഞാൻ കൂലംകഷമായ പഠിത്തത്തിൽ മുഴുകി ഇരിക്കുമ്പോൾ ഒരു ഫോൺ വന്നു… എടുത്തത് ഞാൻ തന്നെയായിരുന്നു…. അതിൽനിന്നു വന്ന വാക്കുകൾ കേട്ട് ഞാൻ അന്ധിച്ചിരുന്നു… “ഞാൻ ശ്രീനന്ദയാണ്, എനിക്ക് നിന്നെ ഇഷ്ടമല്ല” ഇത്രയും പറഞ്ഞു ഫോൺ കട്ട് ചെയ്തു…
പിന്നീട് പരീക്ഷ ചൂടിൽ ഞാൻ ഈ കാര്യങ്ങളൊക്കെ മനപ്പൂർവം മറന്നു…. നന്നായിട്ടു പരീക്ഷയെഴുതി… അവസാനദിവസം അവളെ ഒന്ന് കാണാൻ ഞാൻ തീരുമാനിച്ചു.. പക്ഷെ എന്നെ ഇഷ്ടമല്ല എന്നുപറഞ്ഞ ഒരാളുടെ മുൻപിൽ പോയി നില്ക്കാൻ എനിക്ക് എന്തോ മനസ് വന്നില്ല… പരീക്ഷ കഴിഞ്ഞു കുടയും ചൂടി പോകുന്ന അവളെ കണ്ണുനീർ പാതികാഴ്ച മറച്ച എന്റെ കണ്ണുകൾ അനുഗമിച്ചു.. മുകളിലെ വളവു തിരിഞ്ഞു അവൾ മറയുന്നതുവരെ….
റിസൾട്ട് വന്നപ്പോൾ എനിക്ക് ഫസ്റ്റ് ക്ലാസ് ഉണ്ടായിരുന്നു… ഇത്തിരികൂടെ നന്നായി പഠിച്ചിരുന്നെങ്കിൽ ഡിസ്റ്റിംക്ഷൻ കിട്ടിയേനെ എന്നെ അധ്യാപകരുടെ കുറ്റപ്പെടുത്തലിൽ എനിക്ക് സന്തോഷം തോന്നി കാരണം അവർ എന്നെക്കാളും കൂടുതൽ എന്നിൽ വിശ്വസിച്ചിരുന്നു എന്നോർത്തപ്പോൾ.
പന്ത്രണ്ടാം ക്ലാസ് പഠിക്കാൻ ഞാൻ കുറച്ചകളായാണ് പോയത്…. ഹോസ്റ്റലിൽ താമസിച്ചുള്ള പഠിത്തം. ഒരു ദിവസം കവലയിൽ വച്ച് കൂട്ടുകാരോട് സൊറ പറഞ്ഞിരിക്കുമ്പോൾ ശ്രീനന്ദയെ കണ്ടു.. എന്റെ ദിശയിലേക്കു നോക്കി ചിരിക്കുന്നത് കണ്ടപ്പോൾ എന്റെ മനസ് എന്തിനോ പിടഞ്ഞു.. തിരിച്ചു ഒന്ന് ചിരിക്കാൻ ഞാനും മറന്നു…
വർഷങ്ങൾ കൊഴിഞ്ഞു, പഠിത്തം കഴിഞ്ഞു ജോലികിട്ടി മുംബൈയിലേക്ക് വന്നപ്പോൾ എന്റെ മനസിലെ അവളെന്നെ വിങ്ങൽ കുറേശ്ശേ കുറഞ്ഞിരുന്നു.
അതുകഴിഞ്ഞു മുഖപുസ്തകം ഒക്കെ വന്നപ്പോൾ അവളുടെ ചേട്ടനുമായി ചങ്ങാത്തം കൂടി…. അങ്ങനെ അറിഞ്ഞു അവളുടെ വിവാഹം ഒന്നുമായില്ല എന്ന്… അവനോടു ചോദിയ്ക്കാൻ പലവട്ടം ഒരുങ്ങിയതാണ് നിന്റെ പെങ്ങളെ എനിക്ക് തരുമോ എന്ന്…. പക്ഷെ അതിനെന്തോ മനസിന് ധൈര്യം പോരായിരുന്നു…. കാരണം ഒരിക്കൽ എന്നെ വേണ്ടെന്നു പറഞ്ഞവളാണ്… നമ്മളെ ഇഷ്ടമല്ലാത്തവർക്കു നമ്മൾ എന്തുനല്ല കാര്യം ചെയ്താലും അതൊരു ശല്യമായി തോന്നും… ആ തിരിച്ചറിവിൽ അവളെന്നെ മോഹം ഞാൻ എന്റെ മനസ്സിൽ കുഴികുത്തി മൂടി…
പിന്നീട് ഞാൻ അറിഞ്ഞു അവളുടെ വിവാഹം കഴിഞ്ഞു എന്ന്… അപ്പോഴേക്കും ഞാനും ഒരാളുടെ സ്വന്തമായിരുന്നു… ആഗ്രഹിച്ചതിനേക്കാൾ എന്നെ സ്നേഹിച്ചു വീർപ്പുമുട്ടിക്കുന്ന ഭാര്യയുടെ സാമീപ്യം അവളെ എന്നിൽനിന്നും തുടച്ചു നീക്കാൻ സഹായിച്ചു… ഒരിക്കൽ ഈ കഥകളെല്ലാം അവളോട് പറഞ്ഞു… “ഇഷ്ടമല്ലെന്നും പറയാൻ എന്തായിരുന്നു ശ്രീയേട്ടാ കാര്യം..?? അത് ചോദിച്ചില്ലേ..?”
സത്യത്തിൽ അതിനു ശേഷം പലപ്രാവശ്യം അവളെ കണ്ടിട്ടും അതുമാത്രം ചോദിച്ചില്ല…”എന്നെ ഇഷ്ടമല്ലെന്ന് പറയാൻ എന്താ കാരണം..??”
ഇന്നും ഈ ചോദ്യം ഞാൻ എന്നോട് തന്നെ ചോദിക്കാറുണ്ട്…. അപ്പോഴൊക്കെ ഈ നഷ്ടപ്രണയം ഒരു വിങ്ങലായി തീരാറുണ്ട്.