നഷ്ടപ്രണയത്തിന്റെ ഓർമയ്ക്ക് 1

നഷ്ടപ്രണയത്തിന്റെ ഓർമയ്ക്ക് 1
Nashtta pranayathinte oormakku Part 1 | Writter by Admirer

ഏഴാം ക്ലാസ്സിലേക്കാണ് ഞാൻ ആ പള്ളിക്കൂടത്തിൽ ആദ്യം വന്നുചേർന്നത്. അതിനുമുൻപ്‌ വരെ തലസ്ഥാനനഗരിയിലെ ഏറ്റവും പേരുള്ള പള്ളിക്കൂടത്തിൽ ആണ് പഠിച്ചത്. അച്ഛന്റെയും അമ്മയുടേയും ജോലിത്തിരക്കുകളിൽ നാട് എന്നും എനിക്ക് അന്യമായിരുന്നു.

അച്ഛന്റെയും അമ്മയുടെയും അകാല വിയോഗം കൂടി ആയപ്പോൾ ഞാനും എന്റെ പേര് ശ്രീരാഗ്, അനുജത്തി ശ്രീലേഖയും വല്യച്ഛന്റെ വീട്ടിലെ അന്തേവാസികളായി.

റാന്നി എന്ന കൊച്ചു സുന്ദരിയായിരുന്നു വല്യച്ഛന്റെ നാട്. അവിടുത്തെ പുതിയ ജീവിതം ഞങ്ങൾക്ക് ഏറെ ആശ്വാസമേകുന്നതായിരുന്നു. വല്യച്ചന്റെയും വല്യമ്മയുടെയും സ്നേഹത്തിൽ ഞങ്ങളുടെ മാതാപിതാക്കളുടെ വിയോഗ ദുഃഖം ഞങ്ങൾ മറന്നു. വല്യച്ഛന് രണ്ടു മക്കൾ, രതീഷ് ചേട്ടനും രമച്ചേച്ചിയും. രണ്ടുപേർക്കും ഞങ്ങളെ വലിയ കാര്യമാണ്.

അങ്ങനെ ഞങ്ങളുടെ സ്കൂൾ ജീവിതം ആരംഭിച്ചു. പുതിയ പള്ളിക്കൂടം, പുതിയ കൂട്ടുകാർ തലസ്ഥാനനഗരിയിൽ പത്രാസുള്ള പള്ളിക്കൂടങ്ങളിലേക്കാളും സ്നേഹം നിറഞ്ഞ അധ്യാപികാധ്യാപകർ. എന്തോ മനസിന് ഒരുപാടു സന്തോഷം തോന്നി. അനുജത്തി അഞ്ചാം ക്ലാസ്സിലാണ്, ഞാൻ ഏഴിലും. രണ്ടു വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ എങ്കിലും അവൾ എനിക്കെന്റെ മകളെപ്പോലെയാണ്.

അങ്ങനെ ആദ്യനാളുകൾ അടിപൊളിയായി കടന്നുപോയി. പഠിത്തവും കളിയുമായി നാളുകൾ കടന്നുപോയി. ഒരു ദിവസം കള്ളനും പോലീസും കളിക്കുന്നതിനിടയിലുള്ള ഓട്ടത്തിലാണ് ഞാൻ ഒരു പെൺകുട്ടിയെ ഇടിച്ചിടുന്നത്. എന്റെ അതെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ് മോനിഷ. ആള് നല്ലൊരു കലാകാരിയാണ് കേട്ടോ… അങ്ങനെ അവളുടെ പേര് ചേർത്ത് കൂട്ടുകാർ കളിയാക്കാനും തുടങ്ങി പക്ഷെ എനിക്ക് പ്രേമം പഞ്ചാരയടി അങ്ങനെ ഒരു വികാരവും ഇല്ലായിരുന്നു. പക്ഷെ മറ്റുള്ളവർക്കുവേണ്ടി ഹംസത്തിന്റെ പണി ഒരുപാടു ചെയ്തിട്ടുമുണ്ട്.

അങ്ങനെ കലോത്സവം ഞങളുടെ സ്കൂളിൽ തുടങ്ങുന്നതായി അറിയിപ്പ് വന്നു. രണ്ടുദിവസത്തെ പരിപാടിയാണ് ഉദ്ദേശിക്കുന്നത്. കുട്ടികളുടെ പങ്കെടുക്കുന്നതനുസരിച്ചു സമയം നീളുകയോ ചുരുങ്ങുകയോ ചെയ്യും.

ഞങ്ങളുടെ ക്ലാസ്സ്‌ടീച്ചർ സുഷമ ടീച്ചർ ഒരു നിബന്ധന വച്ചു. 32 കുട്ടികളുള്ള ഞങ്ങളുടെ ക്ലാസ്സിൽ നിന്നും കുറഞ്ഞത് 12 പേരെങ്കിലും പങ്കെടുക്കണം.അങ്ങനെ ഞാനും നിർബന്ധിതനായി. മിമിക്രിയും പാട്ടും കഥാപ്രസംഗവും പദ്യപാരായണവും എന്നുവേണ്ട സകലമാനപരിപാടിക്കും എന്റെ പേരും എഴുതപ്പെട്ടു. ഭാഗ്യം ഡാൻസ് കളിക്കാനറിയാത്തതുകൊണ്ടു അതിൽ നിന്ന് ഒഴിവാക്കപ്പെട്ടു. അതിനും പരമാവധി ടീച്ചർ പരിശ്രമിച്ചു നോക്കി… പക്ഷെ ഞാനൊരു മമ്മൂട്ടീ ആരാധകനാണേയ്….