നായാട്ട്

പഴയ ചാരുകസേരയില്‍ കിടന്ന്, ചിതലെടുത്ത് ദ്രവിച്ചു തുടങ്ങിയ മച്ചിലേക്ക് ഒരു നെടുവീര്‍പ്പോടെ ഭാര്‍ഗ്ഗവന്‍ പിള്ള നോക്കി. തന്റെ മനസും ശരീരവും പോലെ ഈ വീടും ദ്രവിച്ചും നശിച്ചും തുടങ്ങിയിരിക്കുന്നു. ചുളിവുകള്‍ വീണ മുഖത്ത് ശുഷ്കിച്ച വിരലുകള്‍ കൊണ്ട് തടവി മങ്ങിത്തുടങ്ങിയ കണ്ണുകളില്‍ വിരുന്നെത്തിയ രണ്ടു തുള്ളി കണ്ണീര്‍ അയാള്‍ ഒപ്പിയെടുത്തു. മച്ചില്‍ അവിടവിടെ ചിലന്തികള്‍ മാറാലകള്‍ കെട്ടി ഇരയെയും കാത്ത് ഇരിപ്പുണ്ട്. താനിവിടെ ഇരയായി സ്വയം മാറി മരണത്തെയും കാത്തിരിക്കുന്നു; അന്നും എന്നും എല്ലാറ്റിനും സാക്ഷിയായി ഒരു നൂറ്റാണ്ട് പഴക്കമുള്ള ഈ വീടും.

ദ്രവിച്ച ജനലഴികളിലൂടെ അയാളുടെ കണ്ണുകള്‍ തൊടിയിലേക്ക്‌ നീണ്ടു. ഒരിക്കല്‍ മരച്ചീനിയും മറ്റു കിഴങ്ങുവര്‍ഗ്ഗങ്ങളും ഫലവൃക്ഷങ്ങളും ഇടതൂര്‍ന്നു വളര്‍ന്നു നിന്നിരുന്ന തൊടിയാണ്. ഇന്നത് പാഴ്ച്ചെടികളുടെ വനമായി മാറിയിരിക്കുന്നു. അവിടെ വെട്ടിക്കിളച്ചു ജോലി ചെയ്യാന്‍ ആരുമില്ല. ആരോഗ്യം ക്ഷയിച്ച് രോഗത്തിന്റെ പിടിയിലായി മരണം കാത്തിരിക്കുന്ന വൃദ്ധനായ തനിക്ക് ഇനി ഒന്നും ചെയ്യാനുള്ള ഓജസ്സില്ല. ജീവനുള്ള കാലത്തോളം ജീവിക്കുക എന്നതിനപ്പുറം ഇനിയൊന്നുമില്ല. ഏകാന്തതയുടെ വന്യത, അതിന്റെ ഭീകരത താനിപ്പോള്‍ മനസിലാക്കുന്നു. പിള്ളയുടെ മനസ്സ് കലുഷിതമായ കടല്‍പോലെ ഇരമ്പി; എന്തിനെന്നറിയാതെ.

സിംഹഗര്‍ജ്ജനം പോലെയുള്ള തന്റെ ശബ്ദവീചികള്‍ കാലങ്ങള്‍ക്ക് അപ്പുറത്ത് നിന്നും എത്തി തന്നെ അസഹ്യമാക്കുന്നത് അയാള്‍ അറിയുന്നുണ്ടായിരുന്നു. ഓര്‍മ്മകള്‍ ചെന്നായ്ക്കളെപ്പോലെ തന്നെ നിരന്തരം വേട്ടയാടുകയാണ്. അവയുടെ ആക്രമണത്തില്‍ നിന്നും തനിക്കുള്ള മോചനം മരണം മാത്രമാണ്. പ്രതാപിയായ ഭാര്‍ഗ്ഗവന്‍ പിള്ള; അയാളുടെ ചേതനയറ്റ പ്രതിരൂപം മാത്രമാണ് ഇന്ന് താന്‍.

ഭാര്യയും അഞ്ചുമക്കളും, എന്തിന് തന്റെ മാതാപിതാക്കള്‍ പോലും തന്നെ ഭയന്നും അനുസരിച്ചും ജീവിച്ചിരുന്ന ആ കാലഘട്ടം. നാട്ടിലെ തലയെടുപ്പുള്ള ആണുങ്ങളില്‍ പ്രമുഖന്‍. ആരെയും കൂസാത്തവന്‍. എവിടെയും സ്വന്തം നിയമം നടപ്പിലാക്കാന്‍ ശക്തിയും കഴിവുമുള്ള ഭാര്‍ഗ്ഗവന്‍ പിള്ള വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഒരേപോലെ പേടിസ്വപ്നം ആയിരുന്നു.

“ഇന്ദിരെ…”

ഗര്‍ജ്ജനം പോലെയുള്ള തന്റെ വിളി കേട്ടാലുടന്‍ മുന്‍പില്‍ ഹാജരാകുന്ന ഭാര്യ. ഒരു നിമിഷം വരാന്‍ അവള്‍ വൈകിയാല്‍ തന്റെ മട്ടുമാറും. പ്രഭാതം മുതല്‍ പ്രദോഷം വരെ നീളുന്ന തന്റെ മാറ്റമില്ലാത്ത ദിനചര്യകള്‍ അണുവിട തെറ്റിക്കാതെ നടപ്പില്‍ വരുത്താന്‍ നിയുക്തയായ ഒരു സ്ത്രീ എന്ന പരിഗണനയാണ് താന്‍ അവള്‍ക്ക് നല്‍കിയിരുന്നത്. തന്റെ സാന്നിധ്യത്തില്‍ ഉറക്കെ ശ്വാസം വിടാന്‍ പോലും ഭയന്നിരുന്ന അവളും മക്കളും ഈ വീടിന്റെ ചുവരുകള്‍ക്കുള്ളില്‍ തന്റെ ആജ്ഞാനുവര്‍ത്തികളായി അടിമകളെപ്പോലെ ജീവിച്ചു. എല്ലാം തന്റെ ഹിതപ്രകാരം, തന്റെ ആജ്ഞാനുസരണം മാത്രം നടന്നു. അനുസരിക്കുകയല്ലാതെ അഭിപ്രായ പ്രകടനങ്ങള്‍ മറ്റുള്ളവര്‍ക്ക് അനുവദനീയമായിരുന്നില്ല.

ആരോഗ്യത്തിളപ്പും ജന്മസഹജമായ താന്തോന്നിത്തവും ഭാവിയിലേക്ക് നോക്കാനുള്ള ഉള്‍ക്കാഴ്ച അന്ന് തനിക്ക് നല്‍കിയില്ല. ജീവിതം സ്വാര്‍ത്ഥതയോടെ ആസ്വദിച്ച്, ആഘോഷിച്ച് ഒരു വന്യമൃഗത്തെപ്പോലെ ജീവിക്കുകയായിരുന്നു താന്‍. ആജ്ഞാനുവര്‍ത്തികള്‍ ചുറ്റും നില്‍ക്കുന്നത്, അവരെ ഭത്സിക്കുന്നത്, അവരെ പീഡിപ്പിക്കുന്നത്, ഒക്കെ തനിക്കൊരു ഹരമായിരുന്നു.

അനുസരിക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍ എന്ന് വിധിയെഴുതിയിരുന്ന അവര്‍ ഒരിക്കല്‍ സ്വന്തം ചിറകുകള്‍ വിടര്‍ത്തി പറന്നുപോകും എന്ന് വിഡ്ഢിയായ താന്‍ അന്ന് മനസിലാക്കിയില്ല. അവരെന്നും തന്റെ കാല്‍ച്ചുവട്ടില്‍ ഉണ്ടായിരിക്കും എന്നായിരുന്നില്ലേ തന്റെ ധാരണ? അതോ ജീവിതത്തിന്റെ കാണാപ്പുറങ്ങള്‍ അറിയാന്‍ തനിക്ക് പക്വത ഇല്ലാതെ പോയതിന്റെ കുഴപ്പമോ?
മക്കള്‍ ഒന്നൊന്നായി ഈ തടവറയില്‍ നിന്നും മോചനം പ്രാപിച്ച് ഓരോരോയിടങ്ങളില്‍ ജീവിതം ആരംഭിച്ചപ്പോള്‍ ഇന്ദിരയും താനും തനിച്ചായി.

വാര്‍ധക്യത്തിലും തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ കടുകിട തെറ്റാതെ ചുറുചുറുക്കോടെ അവള്‍ പാലിച്ചു. അവളുടെ ജീവിതത്തിന് പ്രത്യേകിച്ച് വേറെ ലക്ഷ്യങ്ങളോ അര്‍ത്ഥങ്ങളോ ഉണ്ടായിരുന്നില്ല. ഭര്‍ത്താവിന്റെയും മക്കളുടെയും സേവികയായി അവള്‍ ദിനരാത്രങ്ങള്‍ തള്ളിനീക്കി. മനസ്സ് തുറന്നൊന്ന് ചിരിക്കാന്‍ പോലും അനുമതി ഇല്ലാതെ, താന്‍ പുറത്ത് പോകുമ്പോള്‍ മാത്രം സ്വാതന്ത്ര്യത്തോടെ ശ്വസനം ചെയ്തിരുന്ന തന്റെ ഇന്ദിര. അവള്‍, അവള്‍ അതെപ്പറ്റി ചിന്തിച്ചിരിക്കില്ലേ? മനസാക്ഷി ഇല്ലാത്ത തന്നോട് അതെപ്പറ്റി പറയാന്‍ അവള്‍ ആഗ്രഹിച്ചിട്ടുണ്ടാകില്ലേ?

ഭാര്‍ഗ്ഗവന്‍പിള്ളയുടെ കണ്ണുകളില്‍ നിന്നും ചുളുങ്ങിയ കവിളുകളിലൂടെ കണ്ണുനീര്‍ ഒഴുകിയിറങ്ങി. തന്റെ ആജ്ഞാനുവര്‍ത്തിയായി ജന്മജന്മാന്തരങ്ങളോളം അവളുണ്ടാകും എന്ന് വിഡ്ഢിയായ താന്‍ അന്ന് ധരിച്ചു വച്ചിരുന്നോ?
അന്ന്, പതിവുപോലെ സന്ധ്യക്ക് ശിവരാമന്‍ പിള്ളയുടെയൊപ്പം ഷാപ്പില്‍ പോയിട്ട് താന്‍ മടങ്ങിയെത്തി. വീട്ടിലെത്തിയാലുടന്‍ ഇന്ദിര കാലു കഴുകാനുള്ള വെള്ളവുമായി ഉമ്മറത്ത് ഉണ്ടാകണം എന്നുള്ളത് തന്റെ അലംഘിതമായ കല്‍പ്പനയാണ്. കിണ്ടിയിലെ വെള്ളത്തില്‍ പാദങ്ങള്‍ കഴുകിയ ശേഷമേ താന്‍ ഉള്ളില്‍ കയറൂ. അന്ന്, പക്ഷെ ഇന്ദിര ഉമ്മറത്തേക്ക് വന്നില്ല. തുറന്ന് കിടന്നിരുന്ന കതകിന്റെ ഉള്ളിലൂടെ താന്‍ കോപം കത്തുന്ന കണ്ണുകളോടെ ഉള്ളിലേക്ക് നോക്കി.

“ഇന്ദിരെ…”