സഹയാത്രികൻ

ഇടവപ്പാതിക്കാലത്തെ ഒരു ശനിയാഴ്‌ച. നേരം വെളുത്തു വരുന്നതേയുള്ളൂ. ഹോസ്റ്റലിലെ മറ്റു കൂട്ടുകാർ ഉണർന്നിട്ടില്ല. ഇനി മൂന്നാലുദിവസം കോളജ് അവധിയാണ്. വീടിനടുത്തുള്ള ശിവന്റെ അമ്പലക്കുളത്തിൽ മുങ്ങിക്കുളിച്ച് അമ്പലത്തിൽ തൊഴുത് വീട്ടിലെത്തി അമ്മയുടെ കൈ കൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിച്ച് വീട്ടിലെ മെത്തയിൽ കിടന്നുറങ്ങാം. ഹായ് എന്തു രസം ഓർക്കുമ്പോൾത്തന്നെ. അമ്മയുണ്ടാക്കുന്ന മാമ്പഴപ്പുളിശ്ശേരിക്ക് എന്തൊരു സ്വാദാ…..
മുത്തശ്ശിയുടെ മടിയിൽ തല വച്ചുറങ്ങുമ്പോൾ ഒരുപാട് കഥകൾ കേൾക്കാം..
കുളിക്കാൻ കയറിയപ്പോഴേക്കും മഴ ചാറിത്തുടങ്ങി. 7.40നാണ് ട്രെയിൻ. ഉച്ചയാകുമ്പോൾ എറണാകുളത്തെത്താം. കുളി കഴിഞ്ഞ് ഇറങ്ങിയപ്പോഴും നല്ല ഇടിച്ചുകുത്തി മഴ. ഒരുങ്ങിയിറങ്ങിയപ്പോഴേക്കും മഴ ഒന്നു ശമിച്ചു.
നനഞ്ഞു കുതിർന്ന കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തുമ്പോൾ ഏഴര. പക്ഷേ, ഒരു ആറ് ആറര മണിയുടെ പ്രകൃതി. നല്ല മഴക്കാറുണ്ട്. ഇവിടെ നിന്ന് ഇനി എനിക്ക് ഒരു കൂട്ടുണ്ട്…? മൂന്നു വർഷം മുമ്പ് ഇതുപോലൊരു ഇടവപ്പാതിയിലാണ് ഞാൻ അവനെ ആദ്യം കണ്ടുമുട്ടിയത്. അന്നു സമയം പോയതു കൊണ്ട് ഞാൻ ഓടിയണച്ചു വരികയായിരുന്നു. പ്ലാറ്റ്ഫോമിലേക്കു കയറിയപ്പോൾ പായലിൽ കാൽതെറ്റി അടിച്ചുതല്ലി ഒരു വീഴ്ച. ആരൊക്കെയോ ചേർന്നു എന്നെ പൊക്കിയെടുത്തു. ഭാഗ്യത്തിന് ഒന്നും പറ്റിയില്ല. വസ്ത്രങ്ങൾ ചീത്തയായതു മാത്രം. അന്ന് ആ ആൾക്കൂട്ടത്തിനപ്പുറത്ത് അവൻ ഉണ്ടായിരുന്നു. അന്നു പരിചയപ്പെട്ടതാണ്. എറണാകുളം വരെ പാട്ടു പാടിയും കേട്ടും ഒരുമിച്ചു കാഴ്ചകൾ കണ്ടും ഇടയ്ക്ക് മഴ നനഞ്ഞും ഒരുമിച്ചു യാത്ര ചെയ്തു.
അന്നു മുതൽ ഇന്നുവരെ അവനോടൊപ്പമല്ലാതെ ഇവിടെ നിന്നു യാത്ര ചെയ്തിട്ടില്ല. രാമൻകുട്ടി എന്നാണ് ഞാനവനെ വിളിക്കാറ്. (“എന്റെ രാമൻകുട്ടീ ഞാനിവനോട് ഒരു നൂറു തവണ ചോദിച്ചു ചോറിടട്ടേന്ന് ” എന്നുള്ള ഇന്നസെന്റ് ചേട്ടന്റെ ഡയലോഗ് ഓർത്തോ?)
ഇന്നെന്താ അവനെ കാണുന്നില്ലല്ലോ എന്നു ചിന്തിച്ചപ്പോഴേക്കും അവൻ ഓടിയെത്തി. വൈകിയതിന്റെ ഈർഷ്യ എന്റെ മുഖത്തുണ്ടായിരുന്നു.
അങ്ങനെ ഞങ്ങൾ കണ്ണൂർ വിട്ടു. ജനാലച്ചില്ലിലൂടെ കാണുന്ന മഴയ്ക്ക് ഭംഗി കൂടുതലായിരുന്നു. ഇടയ്ക്കു മഴ തോർന്നപ്പോൾ ചില്ല് പൊക്കി വച്ചു. ദൂരെ പച്ചപ്പാടങ്ങളിൽ മഞ്ഞിൻകണങ്ങൾ നിറഞ്ഞു മൂടിക്കിടക്കുന്നു. അവന് ഈ കാഴ്ചകളിലൊന്നും ഒരു താൽപര്യവുമില്ല. അരസികൻ. ‘ഇതൊക്കെയെന്ത്?’ എന്ന ഭാവമായിരുന്നു അവന്. എന്താ അവന്റെയൊരു പുച്ഛം. നമ്മളിതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന ഭാവം.

ഞാനും കാണിച്ചു തരാം. എനിക്കും അറിയാം ജാഡയെടുക്കാൻ…
ഞാൻ ഹെഡ് ഫോൺ വച്ച് പാട്ടു കേട്ടിരുന്ന് ഇടയ്ക്കെപ്പോഴോ മയങ്ങിപ്പോയി. അവൻ വിളിച്ചപ്പോഴാണ് ണാനുണർന്നത്. ഇത്ര പെട്ടെന്ന് എറണാകുളം ആയോ? കള്ളാ പറ്റിക്കാൻ വിളിച്ചതാണല്ലോ. തൃശൂർ കഴിഞ്ഞതേയുള്ളൂ.
എവിടെയെത്തി എന്നു ചോദിച്ചു കൊണ്ട് അമ്മയുടെ ഫോൺ. റേഞ്ച് ശരിക്കു കിട്ടാത്തതു കൊണ്ട് ഞാൻ പറഞ്ഞത് അമ്മ കേട്ടില്ല.
അൽപം കഴിഞ്ഞപ്പോൾ അവൻ വീണ്ടും മയക്കത്തിൽ നിന്നെന്നെ വിളിച്ചുണർത്തി. എന്റെ സ്വന്തം എറണാകുളത്തിന്റെ മണ്ണിൽ ഞാൻ വീണ്ടും കാൽകുത്തി. അവനെ യാത്രയാക്കിയിട്ടു പോകാം. ഇനി ഞാനില്ലാതെ അവൻ നാഗർകോവിൽ വരെ സഞ്ചരിക്കട്ടെ. സോറി. നിങ്ങളോടു ഞാൻ ഇതുവരെ അവനെ കുറിച്ച് ഒന്നും വ്യക്തമായി പറഞ്ഞില്ലല്ലോ. അവൻ മംഗലാപുരത്തു നിന്നു വരികയാണ്. നാഗർകോവിലിലേക്കാണ് യാത്ര… ഞാൻ രാമൻകുട്ടി എന്നു വിളിക്കുന്ന അവന്റെ യഥാർത്ഥ പേര് പരശുറാം. എല്ലാവരുമറിയുന്ന മ്മ്‌ടെ പരശുറാം എക്സ്പ്രസ്സ്… ഇതിൽ കൂടുതൽ പറയാൻ എനിക്കറിയില്ല ട്ടോ… അപ്പോഴേക്കും അവൻ പുറപ്പെടാനുള്ള ഹോൺ മുഴക്കി.. പതിയെ നിരങ്ങിനീങ്ങിത്തുടങ്ങി…മ്മ്‌ടെ രാമൻകുട്ടിയേ….