ഏകാകികളുടെ വഴികൾ

രാത്രിയുടെ അന്ത്യയാമത്തിലെപ്പോഴോ മൈഥിലിയുടെ ഉറക്കം നഷ്ടമായിരുന്നു.
നിദ്രാവിഹീനമായ ഓരോ രാവും, പകലുകൾക്ക് വഴിമാറുമ്പോൾ, തന്റെ ഏകാന്തതയുടെ ഭൗമഗർഭത്തിലേക്ക് സ്വയം താണുപോകുമായിരുന്നു മൈഥിലി …….
ദിനാന്ത്യങ്ങളുടെ ആവർത്തനങ്ങളിൽ കൺമുന്നിൽ വീണ്ടും ഒരു തണുത്ത പ്രഭാതം!
ഉദയസൂര്യന്റെ ആദ്യ വെളിച്ചം എത്തി നോക്കുന്ന ഈ ജാലകച്ചതുരത്തിനപ്പുറത്ത് പ്രകൃതി സ്വതന്ത്രമാക്കപ്പെടുന്ന കാഴ്ച….!
പക്ഷേ, ജരാനരകളിൽ അള്ളിപ്പിടിച്ചിരിക്കുന്ന തന്റെ മങ്ങിയ കാഴ്ചവട്ടത്തിന്റെ എല്ലാ തെളിമയും അവസാനിക്കുന്നത് ഈ ജനൽച്ചതുരത്തിന്റെ അതിർവരമ്പിലാണ് ….. നാലുചുമരുകൾക്കുളളിലെഏകാന്തമായ നിസ്സഹായാവസ്ഥയിൽ മൈഥിലി, ഇന്ന് നിരാലംബയാണ്………..
കാലത്തിന് നികത്താനാകാത്ത നോവു കൾ വിങ്ങിയ ഓർമ്മകളുടെ അന്ത്യശകലമാണ് മൈഥിലി എന്ന മൈഥിലിടീച്ചറുടെ അവശേഷിക്കുന്ന ജീവിതം…..
ഇരുൾ മൂടിയ ഈ ജീവിതത്തിന്റെ ശേഷിപ്പുകളിൽ ഒരു ജീവച്ഛവമായി മൈഥിലി ടീച്ചർ,എന്ന മേൽവിലാസത്തിനപ്പുറം, സ്വത്വത്തിന്റെ അടിവേരുകൾ തിരഞ്ഞ മൈഥിലി എന്ന സ്ത്രീ ആയിരുന്നു അവർ…………
സ്വന്തംഅസ്തിത്വം തന്നെ അറുത്തുമാറ്റപ്പെട്ട ഒരു പൂർവ്വകാല ചിത്രമുണ്ട് മൈഥിലിക്ക് ……!
മഞ്ഞുപാളികൾക്കപ്പുറത്തു നിന്ന് ഒരു നിഴൽച്ചിത്രമായി തെളിഞ്ഞു വരുന്ന പഴയ ഓർമ്മകൾ ഇടയ്ക്ക് മൈഥിലിയെ ആകെ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിക്കാറുണ്ട്…….
പാതി തളർന്നഉടലാകെ ഒരുനീറ്റൽപടർന്നു കയറി കണ്ണിലെ കാഴ്ചകൾ മായ്ച്ചു കളയാറുണ്ട്……..!
സ്മൃതി പഥത്തിൽ നിഴലായ് വന്ന് ഭയപ്പെടു ത്തുന്ന ഗതകാലത്തിന്റെ ചോരയൊലിക്കുന്ന മുറിപ്പാടുകൾ …… തലച്ചോറിലേക്ക് മിന്നൽ
പ്രവാഹം പോലെ ഒരാഘാതം …..! മറവി ബാധിച്ചു തുടങ്ങിയ മനസ്സിൽ അവശേഷിക്കുന്ന നോവിന്റെ ഓർമ്മകൾ… …
നാട്ടുവഴികളും കാട്ടു പൊന്തകളും നാമാവശേഷമാക്കപ്പെട്ടവർത്തമാനകാലത്തിലേക്ക് ചിതറി വീഴുന്ന ഓർമ്മച്ചിത്രങ്ങൾ……!
ഒരുനാട്ടുമ്പുറത്തുകാരിയുടെവിഹ്വലതകളിൽ അകാലത്തിൽനഷ്ടമായമാതാപിതാക്കളുടെ ഓർമ്മകളുണ്ടായിരുന്നു……..
ഒറ്റപ്പെട്ട ജീവിതത്തിലേക്ക് എപ്പോഴോ കടന്നു വന്ന് കൈ പിടിച്ചു നടന്ന ഒരു പുരുഷനുണ്ടായിരുന്നു…. പിന്നെദുസ്സഹമായജീവിതാവസ്ഥയിൽ ഒരു സാന്ത്വനമായിരുന്നമകനുമുണ്ടായിരുന്നു മൈഥിലി ടീച്ചറിന് ……! എന്നിട്ടും മൈഥിലി
ഏകയായി…… മരങ്ങളെയും മണ്ണിനെയും പ്രകൃതിയെയും സ്നേഹിച്ച കുറ്റത്തിന് മൈഥിലിയും, മൈഥിലിയിലെ ടീച്ചറും ഒരിക്കൽ
ബലിയാടാക്കപ്പെട്ടു….. അതാണ് സത്യം!

തന്റെ സ്നേഹവഴികളിൽ പ്രകൃതിയോടുള്ള പ്രണയം ഒരു ജീവിത വ്രതമാക്കിയ നാട്ടുമ്പുറത്തെ പെണ്ണിന് മൈഥിലി ടീച്ചറിലേക്കുള്ള
ദൂരം വളരെ കഠിനമായിരുന്നു …..ഇല്ലായ്മകളും വല്ലായ്മകളും പകർന്ന പാഠങ്ങൾ ഉരുവിട്ട് പഠിച്ച് സാവധാനം മൈഥിലി എന്ന പെണ്ണ്
മൈഥിലി ടീച്ചറിലേക്ക് വേഷപ്പകർച്ച നേടി………