അച്ഛൻ നട്ടുനനച്ച മുല്ലച്ചെടികൾ

പുറത്തു മഴ തിമർത്തു പെയ്യുകയാണ്. ഓടിട്ട വീടിനു മുകളിൽ പതിക്കുന്ന മഴത്തുള്ളികളുടെയും , കാറ്റും മഴയും ഇരമ്പുന്ന ശബ്ദവും എല്ലാം കേട്ടുകൊണ്ട് പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി കിടക്കുവാൻ നല്ല രസം. ജനൽ പാളികൾ ചേർത്ത് അടച്ചിട്ടും ചെറിയ വിടവുകൾക്കിടയിലൂടെ മഴവെള്ളം അരിച്ചിറങ്ങുന്നുണ്ട്. ഓടിനിടയിലെ വിടവിൽ നിന്നും വീഴുന്ന മഴവെള്ളം പിടിക്കാൻ ‘അമ്മ ഒരു വലിയ പത്രം കൊണ്ട് വെച്ചിരിക്കുന്നു. മഴ പെയ്തു തുടങ്ങിയപ്പോൾ തന്നെ അച്ഛൻ ഓടുകൾ നീണ്ട വടി കൊണ്ട് ചെറുതായി തട്ടി ശെരിയാക്കിയതാണ്. പോരാത്തതിന് പച്ച ഓല മുറിച്ചു രണ്ടു ഓടുകൾക്കിടയിൽ വരുന്ന വിടവിൽ വെള്ളം താഴേക്ക് വരാത്ത രീതിയിൽ ഒരു പാത്തി പോലെ വെച്ചിട്ടുമുണ്ട്.

മഴയും നല്ല ഇരുട്ടുമായതിനാൽ മുറിയിലെ ചിമ്മിനി വിളക്ക് തിരി താഴ്ത്തി കെടുത്താതെ വെച്ചിട്ടുണ്ട്. അനിയത്തി കിടന്നു നല്ല ഉറക്കമാണ്. മേശപുറത്തു ഇരിക്കുന്ന ചില്ല് പാത്രത്തിൽ വെള്ളം ഒഴിച്ച് നിറയെ മുല്ലപ്പൂക്കൾ ഇട്ടു വെച്ചിട്ടുണ്ട്. അതിന്റെ സുഗന്ധം ഒരു രസമാണ്. മഴയില്ലാത്തപ്പോൾ ജനാല തുറന്നിട്ട് അരികത്തു നിൽക്കുന്ന മുല്ല ചെടികൾ കാണാൻ എന്ത് ഭംഗിയാണ്. കാറ്റ് വീശുമ്പോൾ കാറ്റത്തു മുല്ല ചെടിത്തുമ്പുകൾ തലയാട്ടുന്നതും നോക്കി ഇരിക്കും. ഈ മഴയിൽ മുല്ല ചെടികളെല്ലാം നന്നായി നനഞ്ഞു കാണും. വീടിന്റെ കൊച്ചു മുറ്റത്തു കുറെ മുല്ല ചെടികൾ നട്ടു പിടിപ്പിച്ചിട്ടുണ്ട്.

ആലോചിച്ചു കിടന്നു ഉറങ്ങിപ്പോയി. രാവിലെ അമ്മ വന്നു വിളിക്കുമ്പോഴാണ് ഉണരുന്നത്. നല്ല ഉറക്കമായിരുന്നു. കോളേജിൽ പോവാൻ പെട്ടെന്ന് തന്നെ കുളിച്ചു കണ്ണ് എഴുതി പൊട്ടും തൊട്ടു ചുരിദാറും അണിഞ്ഞു തയ്യാറായി. ‘അമ്മ തന്ന പൊതിച്ചോറും എടുത്തു രാവിലെ എന്തെങ്കിലും കഴിച്ചു എന്ന് വരുത്തി ഇറങ്ങാൻ തുടങ്ങി. അനിയത്തിയേയും കൂട്ടി ഇറങ്ങുമ്പോൾ കുറച്ചു മുല്ല പൂക്കൾ ഇറുത്തു തലയിൽ വെക്കാൻ മറന്നില്ല. ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ പതിവുപോലെ നാട്ടിലെ ചെക്കന്മാർ വായിൽ നോക്കി നില്പുണ്ടായിരുന്നു.

വൈകിട്ട് കോളേജ് കഴിഞ്ഞു വീട്ടിലേക്കു നടന്നു. അനിയത്തി വാതോരാതെ ഓരോന്ന് പറഞ്ഞു കൊണ്ട്‌ കൂടെ നടക്കുന്നു. അവൾ അങ്ങനെയാണ് എപ്പോഴും എന്തേലും പറഞ്ഞോണ്ടിരിക്കും.

വീട് അടുക്കാറായി. വീടിനു മുൻപിൽ ഒരു ചെറിയ ആൾകൂട്ടം. അത് കണ്ടു മനസ്സ് വല്ലാതെ ഒന്ന് കാളി. അനിയത്തിയേയും കൂടി വീട്ടിലേക്കു ഓടി. അവിടെ ചെന്നപ്പോൾ അച്ഛൻ ഒരു വടിയും പിടിച്ചു നില്പുണ്ട്. ആൾക്കാർ ഓരോന്ന് പിറുപിറുക്കുന്നു.

മുത്തശ്ശിയുടെ ശബ്ദം “എടാ നീയത് വെട്ടികളഞ്ഞേക്ക്. കുട്ട്യോള് നട്ടു വളർത്തിയെന്നും പറഞ്ഞു നോക്കിയിട്ടെന്തിനാ. അവർക്കു വേണ്ടിയിട്ടല്ലേ….. അല്ലേൽ ഇതേപോലെ വല്ല ഇഴ ജന്തുക്കളും വന്നു കടിച്ചാൽ എന്താ ചെയ്ക’”.

അപ്പോഴാണ് കാര്യം മനസ്സിലായത്. മുറ്റത്തു ഒരു മൂർഖൻ പാമ്പ് ചത്ത് കിടക്കുന്നു. എല്ലാരും കൂടെ തല്ലി കൊന്നതാണ്. മുല്ല ചെടികളുടെ ഇടയിൽ പതുങ്ങി ഇരുന്നതാണത്രേ. മഴയത്തു ഇറങ്ങി വന്നതാവും. ഭാഗ്യത്തിന് അച്ഛൻ കണ്ടു. എല്ലാരും പറയുന്നു മുല്ലച്ചെടികൾ ഉള്ളത് കൊണ്ടാണ് പാമ്പു വരുന്നത് എന്ന്. അത് വെട്ടിക്കളയാൻ. ആകെപ്പാടെ സങ്കടം വന്നു. ഓരോ ചെടിയും വെള്ളം ഒഴിച്ച് വളർത്തിക്കൊണ്ടു വന്നതാണ്. എത്ര നിസാരമായാണ് അത് വെട്ടിക്കളയാൻ പറയുന്നത്. അച്ഛൻ ഒരു വല്ലായ്മയോടെ നോക്കി. അച്ഛനറിയാം തനിക്കു അത് വിഷമം ആണെന്ന്. മറ്റുള്ളവർ പറയുന്നത് തള്ളി കളയാനും പറ്റില്ല. വീണ്ടും ഇങ്ങനെ സംഭവിച്ചാൽ അതുമതി പിന്നെ എല്ലാര്ക്കും പറയാൻ. ഒന്നും മിണ്ടാതെ അകത്തേക്ക് കയറി കട്ടിലിലേക്ക് കിടന്നു.

പുറത്തു ചെടികൾ വെട്ടുന്ന ശബ്ദം. അവിടേക്കു ചെല്ലാൻ മനസ്സ് വന്നില്ല. അതുകാണാൻ വയ്യ. സങ്കടം ഉള്ളിൽ ഒതുക്കി കുറച്ചു നേരം കിടന്നു.

***** ******* ******

നഗരത്തിലെ പുതിയ ഫ്ലാറ്റിലേക്ക് ഇന്ന് താമസം മാറുകയാണ്. വർഷങ്ങൾ കടന്നുപോയത് എത്രപെട്ടെന്നാണ്. പഠനം കഴിഞ്ഞു നഗരത്തിലെ ഒരു വലിയ കമ്പനിയിൽ ഉയർന്ന ജോലി കിട്ടി. കമ്പനി തന്നെ അനുവദിച്ചു തന്നതാണ് ഈ ഫ്‌ളാറ്റ്. എല്ലാ സൗകര്യങ്ങളും ഉണ്ട്. ഫുൾ ഫർണിഷഡ്. മൂന്നാം നിലയിലുള്ള ഫ്‌ളാറ്റിന്റെ ജനൽ തുറന്നിട്ടാൽ നഗരത്തിലെ കാഴ്ചകൾ കാണാം. അനിയത്തിക്കും സൗകര്യമായി കോളേജിലേക്ക് പോകാൻ. അച്ഛനെയും അമ്മയെയും മുത്തശ്ശിയേയും നിര്ബന്ധിക്കേണ്ടി വന്നു ഇവിടെ വന്നു താമസിക്കാൻ. നാട്ടിലെ വീട് പൂട്ടി ഇറങ്ങുമ്പോൾ അമ്മയുടെയും മുത്തശ്ശിയുടെയും കണ്ണുകൾ നിറഞ്ഞു.

ഫ്‌ളാറ്റിൽ പുറത്തേക്കു ജനാലയുള്ള ഒരു മുറി ഞങ്ങൾ രണ്ടുപേരും എടുത്തു. അവിടെ പുറത്തേക്ക് ഇറങ്ങി നില്ക്കാൻ ഒരു ചെറിയ ബാൽക്കണി ഉണ്ട്. അച്ഛനും അമ്മയ്കും മുത്തശ്ശിയ്കും മറ്റുള്ള രണ്ടു മുറികളിലായി സൗകര്യപ്പെടുത്തി.

അച്ഛൻ ഇപ്പോൾ വരാം എന്നും പറഞ്ഞു പുറത്തേക്കു ഇറങ്ങി. ഈ നഗരത്തിൽ അച്ഛന് പരിചയമുള്ള ആരും ഉണ്ടാവില്ല. പിന്നെ എവിടേക്കാവും പോയത്. എല്ലാരും ചേർന്ന് വീട്ടിൽ നിന്ന് കൊണ്ട് വന്ന സാധനങ്ങൾ അടുക്കിവെച്ചു. അമ്മ അടുക്കളയിൽ പ്രാതലിനുള്ള ഒരുക്കങ്ങൾ നടത്തി. ഉച്ച ആയപ്പോൾ അച്ഛൻ വിയർത്തു കുളിച്ചു കയറി വന്നു. എവിടെ പോയതാണെന്ന് ‘അമ്മ തിരക്കിയപ്പോൾ ഒരു സുഹൃത്തിനെ കാണാൻ പോയി എന്ന് മാത്രം ഉത്തരം പറഞ്ഞു. കുറെ നേരം എല്ലാരും വർത്തമാനം പറഞ്ഞു ഇരുന്നു. നേരം ഇരുട്ടി. നല്ല ക്ഷീണം ഉണ്ടായിരുന്നതിനാൽ നേരത്തെ എല്ലാരും ഉറങ്ങാൻ കിടന്നു.

രാവിലെ അനിയത്തിയുടെ ശബ്ദം കേട്ടാണ് ഉണർന്നത്., ” ചേച്ചി…ചേച്ചി ഒന്ന് എഴുന്നേറ്റു വാ…ഇത് കണ്ടോ….” ബാല്കണിയിൽ നിന്നും ആണ് ശബ്ദം.

എഴുന്നേറ്റു അവളുടെ അടുത്തേക്ക് ചെന്നു. എന്താണ് കാഴ്ച എന്ന് ഉദ്വെഗത്തോടെ നോക്കി. കണ്ണുകൾ അത്ഭുദം കൊണ്ട് വിടർന്നു. വിടർന്നു നിൽക്കുന്ന മുല്ലപ്പൂവുകളാണ് കണ്ണിൽ ആദ്യം പതിഞ്ഞത്. ബാൽക്കണിയിൽ പൂച്ചട്ടികളിലായി കുറ്റിമുല്ല ചെടികൾ. എല്ലാം പൂവിട്ടു നില്കുന്നു. സന്തോഷം അടക്കാനായില്ല. ഇതെങ്ങനെ ഇവിടെ വന്നു. അപ്പോഴാണ് മനസ്സിലായത് ഇത് അച്ഛന്റെ പണിയാണെന്നു. പകൽ വെളിയിൽ പോയത് ഇതിനാവും. രാത്രിയിൽ ഉറങ്ങിയ നേരത്തു കൊണ്ട് വെച്ചതാവും. ‘അച്ഛാ’ എന്ന് സന്തോഷത്തോടെ ഉറക്കെ വിളിക്കാൻ വാ തുറന്നു.

അച്ഛന്റെ ശബ്ദം, “മോൾക്ക് സന്തോഷമായോ. എന്റെ കുട്ടീടെ മുല്ല ചെടികൾ വെട്ടി കളഞ്ഞതിനു പരിഹാരമല്ല. ഇവിടെ പിന്നെ ഇത്രേം ഉയരത്തിൽ ഇഴ ജന്തുക്കൾ വരുമെന്ന് പേടിക്കണ്ടല്ലോ….”.

അച്ഛനെ സന്തോഷത്തോടെ കെട്ടിപിടിച്ചു. അമ്മയും മുത്തശ്ശിയും പുഞ്ചിരിച്ചു കൊണ്ട് വാതിൽക്കൽ നില്പുണ്ടായിരുന്നു.