രക്തരക്ഷസ്സ് 27

നഷ്ട്ടമായ സിദ്ധികളുടെ പുന:രാഗിരണം താങ്ങാൻ സാധിക്കാതെ തന്റെ ബോധമണ്ഡലം മറയുന്നത് അവനറിഞ്ഞു.

അർദ്ധബോധാവസ്ഥയിലും കൈയ്യിലിരുന്ന താളിയോല ഗ്രന്ഥം മുറുകെ പിടിച്ചു കൊണ്ട് കണ്ണുകൾ വലിച്ചു തുറന്നു.

അതെ സമയം തന്റെ മുൻപിൽ തെളിഞ്ഞു വരുന്ന ദേവിയുടെ വിശ്വരൂപത്തെ കൺനിറഞ്ഞു കണ്ടു.

തിളങ്ങുന്ന കണ്ണുകളും കൂർത്ത നഖങ്ങളും വജ്ര സമാനമായ ദംഷ്ട്രകളുമുള്ള സിംഹ വാഹനം.

വലത് കൈകളിൽ വാളും, ത്രിശൂലവും,ചക്രവും ഐശ്വര്യ ശ്രീചക്ര ലേഖിതവും.

ഇടം കൈകളിൽ ശത്രുവിന്റെ നെഞ്ച് തകർക്കുന്ന ഗദയും,വലംപിരി ശംഖും സാക്ഷാൽ കൈലാസവാസൻ നൽകിയ ഢമരുവും പിന്നെയാ അഗ്നിവമിക്കും താലവുമേന്തി മഹിഷാസുര മർദ്ധിനിയായ മഹാമായ മൃഗരാജ കേസരിയുടെ പുറത്ത് വിരാജിക്കുന്നു.

കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവലയത്തിൽ സൂര്യ തേജസ്സോടെ വിളങ്ങുന്ന ആദിശക്തിയുടെ മുഖം നോക്കി അപ്പോൾ ഭൂജാതനായ ശിശുവിനെപ്പോലെ കിടന്നു രുദ്ര ശങ്കരൻ.

അപ്സരസുകൾ പോലും നാണിച്ചു തല താഴ്ത്തിയ,പ്രകൃതിയിലെ സർവ്വ സൗന്ദര്യവും സംഗമിച്ച,പൂനിലാവിന്റെ തെളിമയുള്ള മോഹന രൂപത്താൽ മഹിഷാസുരന്റെ മാറ് പിളർത്തിയ സത്യത്തെ അന്നാദ്യമായി രുദ്രൻ കൺ നിറഞ്ഞു കണ്ടു.

കൈകാലുകൾ അനക്കാൻ സാധിക്കാത്ത അപൂർവ്വ ദർശന നിമിഷത്തിലും അടഞ്ഞു പോകുന്ന മിഴികൾ വലിച്ചു തുറന്ന് വിറയ്ക്കുന്ന ചുണ്ടുകളാലവൻ ലളിതാ സഹസ്ര നാമ ധ്യാനം ഉരുവിട്ടു.

“സിന്ദുരാരുണവിഗ്രഹാംത്രിണയനാംമാണിക്യമൗലിസ്‌ഫുരത്‌-
താരാനായകശേഖരാംസ്മിതമുഖീമാപീനവക്ഷോരുഹാം,പാണിഭ്യാമളിപൂർണ്ണരത്നചഷകംരക്തോത്‌പലംബിഭ്രതീം,സൗമ്യാംരത്നഘടസ്ഥരക്തചരണാംധ്യായേത്‌പരാമംബികാം.

ധ്യായേത്‌പദ്‌മാസനസ്‌ഥാംവികസിതവദനാംപദ്‌മപത്രായതാക്ഷീം
ഹേമാഭാംപീതവസ്ത്രാംകരകലിതലസത്‌ഹേമപദ്‌മാംവരാംഗീം
സർവ്വാലങ്കാരയുക്താംസതതമഭയദാംഭക്തനമ്രാംഭവാനീം ശ്രീവിദ്യാംശാന്തമുർത്തിംസകലസുരനുതാംസർവ്വസമ്പദ്‌പ്രദാത്രീം.

സകുങ്കുമവിലേപനാമളികചുംബികസ്തൂരികാം സമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം
അശേഷജനമോഹിനീമരുണമാല്യഭൂഷോജ്ജ്വലാം ജപാകുസുമഭാസുരാം ജപവിധൗ സ്മരേദംബികാം.

അരുണാം കരുണാതരംഗിതാക്ഷീം
ധൃതപാശാങ്കുശ പുഷ്പബാണചാപാം
അണിമാദിഭിരാവൃതാം മയൂഖൈ-
രഹമിത്യേവ വിഭാവയേ ഭവാനിം.”

അഷ്ട ദിക്കും വിറപ്പിക്കുന്ന ഗർജ്ജനത്തോടെ ദേവിയുടെ വാഹന ശ്രേഷ്ഠൻ തന്റെ വലത് കൈ ആ മഹാമാന്ത്രികന്റെ ഇടം നെഞ്ചിലേക്ക് അമർത്തി.

എവിടെ നിന്നോ ഉയർന്ന ശംഖൊലിയും മണിയൊച്ചയും അറയുടെ ചുവരുകളിൽ തട്ടി പ്രതിധ്വനിച്ചു.

തന്റെ ഇടം നെഞ്ചിലമർന്ന കേസരി വീരന്റെ കൂർത്ത നഖങ്ങൾ ശരീരത്തിൽ ആഴ്ന്നിറങ്ങുന്നത് രുദ്രനറിഞ്ഞു.

വേദനയുടെ ചെറു ലാഞ്ചന പോലുമില്ലാതെ താൻ സുഖലോലുപതയുടെ മറ്റൊരു ലോകത്തിലേക്ക് സഞ്ചരിക്കും പോലെയാണ് രുദ്രന് അനുഭവപ്പെട്ടത്.

ആഴ്ന്നിറങ്ങിയ നഖങ്ങൾക്കിടയിലൂടെ പുറത്തേക്ക് ചാലിട്ടൊഴുകിയ ചുടു നിണം ആ മൃഗേന്ദ്രൻ നാവ് നീട്ടി നുണഞ്ഞപ്പോൾ രുദ്രന്റെ ഉള്ളിലടങ്ങിയ അഹന്തയുടെ അവസാന കണികയുടെ നാശം സംഭവിക്കുകയായിരുന്നു.

നിമിഷങ്ങളുടെ ഇടവേളയിൽ എപ്പഴോ രുദ്രന്റെ കണ്ണുകൾ അടഞ്ഞു.

അതേ സമയം വള്ളക്കടത്ത് ദേവീ ക്ഷേത്രത്തിൽ ഗ്രാമവാസികൾ അന്നേ ദിവസത്തെ ശുചീകരണത്തിന് തുടക്കം കുറിച്ചു തുടങ്ങിയിരുന്നു.

കാടും പടലും വെട്ടി നീക്കുമ്പോഴാണ് വെളിച്ചപ്പാട് ആ കാഴ്ച്ച കാണുന്നത്.കാട്ടിൽ ഒളിപ്പിച്ച നിലയിൽ ഒരു മുന്തിയ ഇനം കാർ കിടക്കുന്നു.

പരിഭ്രാന്തിയോടെ അയാൾ ആളുകളെ വിളിച്ചു കൂട്ടി.കൂട്ടത്തിൽ ഒരാൾ കാർ തിരിച്ചറിഞ്ഞു.വിവരം മംഗലത്ത് കൃഷ്ണ മേനോന്റെ ചെവിയിലുമെത്തി.

കേട്ടത് സത്യമാവല്ലേ എന്ന പ്രാർത്ഥനയോടെ അയാൾ അങ്ങോട്ടേക്ക് കുതിച്ചു.

കൂട്ടം കൂടി നിൽക്കുന്ന ആളുകളെ വകഞ്ഞു മാറ്റി മുൻപോട്ട് നോക്കിയതും മേനോൻ നെഞ്ചിൽ കൈ വച്ചു.

എല്ലാത്തിനും സാക്ഷിയായ കാളകെട്ടിയിലെ ശങ്കര നാരായണ തന്ത്രികൾ അയാളുടെ ചുമലിൽ കൈ അമർത്തി.

മേനോന് കാര്യങ്ങൾ വ്യക്തമായെന്ന് നമുക്കറിയാം.തന്നോട് ബോധപൂർവം ഞാനത് മറച്ചു വയ്ക്കുകയായിരുന്നു.

കൃഷ്ണ മേനോനെ വെട്ടി വിറയ്ക്കാൻ തുടങ്ങി. ശ്രീപാർവ്വതിയുടെ പ്രതികാരം ഇനി തന്നോട് മാത്രമെന്ന സത്യം അയാളെ തളർത്തി.

എന്റെ വലത് കൈയ്യാണ് അവളെടുത്തത്.ഒരു നോക്ക് കാണാൻ പോലും എന്റെ കുമാരനെ അവളെനിക്ക് തന്നില്ലല്ലോ.

ഒരു കൊച്ചു കുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞുകൊണ്ട്‌ മേനോൻ തലകുനിച്ച് നടന്നകന്നു.

ആദിത്യ കിരണങ്ങൾക്ക് കടുപ്പമേറിയപ്പോഴാണ് ശങ്കര നാരായണ തന്ത്രികൾ തപം പൂർത്തിയാക്കി പുറത്ത് വരുന്ന മകനെക്കുറിച്ചോർത്തത്.

ക്ഷേത്രത്തിൽ ബാക്കിയുള്ള കാര്യങ്ങൾ സഹായ തന്ത്രിമാരെ ഏൽപ്പിച്ച് അദ്ദേഹം ഇല്ലത്തേക്ക് ഗമിച്ചു.

കാറ്റിന്റെ വേഗതയിൽ ഇല്ലത്തെത്തിയ തന്ത്രികൾ അറവാതിൽ അടഞ്ഞു കിടക്കുന്നത് കണ്ട് നടുമുറ്റത്ത് അക്ഷമനായി കാത്ത് നിന്നു.

അറയിലപ്പോഴും ബോധരഹിതനായി കിടക്കുകയായിരുന്നു രുദ്ര ശങ്കരൻ.

അതിശക്തമായ സിദ്ധിവൈഭവങ്ങളുടെ പുന:രാഗിരണം ആ യുവാവിന്റെ ശരീരത്തെ കൂടുതൽ തേജസ്സുള്ളതാക്കിയിരുന്നു.

ദേവീ വിഗ്രഹത്തിൽ നിന്നും മഞ്ഞു തുള്ളിയുടെ നൈർമല്യമുള്ള ഒരു ജലകണം അടർന്ന് രുദ്രന്റെ മുഖത്ത് പതിച്ചു.

കണ്ണ് തുറന്നെഴുന്നേറ്റപ്പോൾ എല്ലാം പഴയ പോലെ തന്നെ.നിമിഷങ്ങൾ പാഴാക്കാതെ അറ തുറന്ന് പുറത്തേക്ക് കാൽ നീട്ടുമ്പോൾ സംഭവ്യമായതൊക്കെയും യാഥാത്ഥ്യമെന്നതിന് തെളിവായി ദേവി സമ്മാനിച്ച താളിയോല ഗ്രന്ഥവും ഇടം നെഞ്ചിലെ സിംഹ പാദ മുദ്രയും അവശേഷിച്ചു.

വലിയൊരു ശബ്ദത്തോടെ അറവാതിൽ തുറക്കപ്പെട്ടത് കണ്ട് മകനെ സ്വീകരിക്കാൻ ശങ്കര നാരായണ തന്ത്രികൾ ഒരുങ്ങി നിന്നു.

നീണ്ട് വളർന്ന ദീക്ഷയും തിളങ്ങുന്ന കണ്ണുകളും ബലിഷ്ഠവും തേജസ്സുറ്റതുമായ ശരീരവുമായി സൃഷ്ടിയുടെ മറ്റൊരു കലാവിരുത്തിൽ രൂപ കൊണ്ട മനുഷ്യനെപ്പോലെ അവൻ പുറത്തേക്ക് കടന്നു.

ഏഴ് നാളത്തെ നിലവറവാസം തന്റെ മകനിൽ വരുത്തിയ മാറ്റങ്ങൾ ഒരച്ഛനെന്ന നിലയിൽ ശങ്കര നാരായണ തന്ത്രിയെ ആകുലപ്പെടുത്തിയെങ്കിലും രുദ്രനിൽ നിന്നുമറിഞ്ഞ പുതുവൃത്താന്തങ്ങൾ ആ മഹാമാന്ത്രികനെ പുളകം കൊള്ളിച്ചു.

അച്ഛാ സമയമിനിയും പാഴാക്കാനില്ല.എത്രയും പെട്ടന്ന് നമുക്ക് ക്ഷേത്രത്തിലെത്തണം. അവളെ ബന്ധിക്കുക എന്നത് ഇന്നെന്റെ ആവശ്യം കൂടിയായിരിക്കുന്നു.

രുദ്രനിൽ തെളിഞ്ഞ ആവേശം പക്ഷേ ശങ്കര നാരായണ തന്ത്രിയെ കൂടുതൽ വിഷമിപ്പിച്ചു.

ഇടറിയ സ്വരത്തോടെ മകനോട് ആ അച്ഛൻ പുലർകാലേ രാശിയിൽ തെളിഞ്ഞ കാര്യമവതരിപ്പിച്ചു.

പക്ഷേ രുദ്രന്റെ മുഖത്ത് അപ്പോഴും മൗനം തിങ്ങിയില്ല.ആശങ്കകൾക്ക് സ്ഥാനമില്ല എന്ന് മാത്രം പറഞ്ഞു കൊണ്ട് ദേവിയിൽ നിന്നും ലഭ്യമായ വര പ്രസാദത്തെ നെഞ്ചോടടക്കി അവൻ ക്ഷേത്രത്തിലേക്ക് യാത്രയാവാൻ തിരക്ക് കൂട്ടി.

ഇരുവരും തിരികെ എത്തുമ്പോഴേക്കും ക്ഷേത്രത്തിൽ പണികൾ പൂർത്തിയായിരുന്നു.

പാതി പൊളിഞ്ഞ ചുറ്റു മതിലും നിറം മങ്ങിയ ബലിക്കല്ലും,പായലും ക്ലാവും വാശിയോടെ വിഴുങ്ങിയ കൽവിളക്കുമൊഴിച്ചാൽ പഴയ കാല പ്രൗഢിയൊട്ടും നശിക്കാതെ ആ മഹാക്ഷേത്രം തലയുയർത്തി നിൽക്കുന്നു.