കരയിപ്പിച്ച മൊഹബത്ത് – 1

മെയ് മാസത്തിലെ ഒരു ദിവസം.
ചേട്ടന്റെ കല്യാണ പാർട്ടിയിൽ ഇരിക്കുമ്പോഴാണ് വല്യമ്മയുടെ ചോദ്യം…..
“നിന്റെ പ്രേമമൊക്കെ എവിടെവരെയെത്തി..??”
“കഴിക്കാൻ സമ്മതിക്കൂല്ല അല്ലെ..?? പ്രേമം അവളെന്നെ വേണ്ടാന്ന് പറഞ്ഞു പോയി” എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ എന്റെ ശബ്ദം ഇത്തിരി ഇടറിയിരുന്നോ…. സങ്കടം പുറത്തുകാണിക്കാതെ ബാക്കിയുള്ളവരുടെ ചോദ്യശരങ്ങളെക്കൂടി നേരിട്ടപ്പോഴേക്കും എന്റെ പഴയ കളിക്കൂട്ടുകാരിക്ക് (അപ്പച്ചിയുടെ മകൾ ആണ്) ഒരു സംശയം… നിനക്ക് പ്രേമിക്കാനൊക്കെ അറിയാമോടാ….

വിഷമവും ദേഷ്യവും എല്ലാകൊണ്ട് ദഹിപ്പിക്കുന്ന ഒരു നോട്ടം അവളെ നോക്കിയപ്പോഴേക്കും അവൾ അപ്പച്ചിയുടെ അടുത്തെത്തിയിരുന്നു…

അങ്ങനെ ഒരു പ്രേമം തകർന്ന ഞാൻ ആദ്യമൊക്കെ ഇത്തിരി കള്ളുകുടി ഉണ്ടായിരുന്നിട്ടും പതിയെ അതിനെ തരണം ചെയ്തു പഴയ ഉന്മേഷത്തിലേക്കും തിരിച്ചുവന്നു…. ആയിടയ്ക്കാണ് ഓർക്കുട്ട് എന്ന ഒരു പുതിയ സോഷ്യൽ വെബ്സൈറ്റ് ഗൂഗിൾ തുടങ്ങുന്നത്…. പഴയ ഫ്രണ്ട്സിന്റെയെല്ലാം ഫോൺ നമ്പറുകൾ അതിൽ നിന്നും തപ്പിയെടുത്തു തച്ചിനിരുന്നു വിളി തുടങ്ങി…. അങ്ങനെ ഞാൻ എന്റെ കൂടെ പഠിച്ചിരുന്ന സനീഷയെയും വിളിച്ചു.. അവൾ ഡൽഹിയിൽ ഒരു വലിയ ഹോസ്പിറ്റലിൽ നേഴ്സ് ആയിരുന്നു…. ഞങ്ങൾ എന്നും വിളിച്ചു സംസാരിക്കാൻ തുടങ്ങി… രാത്രിയിൽ അത്താഴത്തിനും ഉറക്കത്തിനുമിടയിലുള്ള സമയം ഞങ്ങളുടെ ഫോണിങ് പ്രോഗ്രാമിനുള്ളതായിരുന്നു. പട്ടു പാടുക, കഥ പറയുക, കൊതിയും നുണയും (മറ്റുള്ളവരുടെ കുറ്റം) പറയുക തുടങ്ങിയ വലിയ വലിയ കാര്യങ്ങളായിരുന്നു ഞങ്ങളുടെ സംസാര വിഷയങ്ങൾ.. കൂട്ടുകാരിയാണെങ്കിലും എന്റെ പ്രായത്തിലുള്ള ഒരു പെങ്ങളായിരുന്നു അവൾ എനിക്ക്….

ദിവസങ്ങൾ കഴിഞ്ഞു പോയി… ഒരു ദിവസം എനിക്ക് ഒരു മിസ്ഡ് കാൾ വന്നു.. നമ്പർ സേവ് ചെയ്തിട്ടുണ്ടായിരുന്നില്ല..

പക്ഷെ സനീഷയുടെ നമ്പറും ഈ നമ്പറും തമ്മിൽ ഒരു ഡിജിറ് വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ…

ഞാൻ തിരിച്ചു വിളിച്ചു… മറുതലക്കൽ വളരെ മധുരമുള്ള ഒരു സ്ത്രീശബ്ദം….. പതിഞ്ഞ സ്വരത്തിൽ ഹലോ പറയുന്നു… മനസ്സിൽ എന്തോ ഒരു കുളിരുപോലെ തോന്നി… ഇത്രയും സുന്ദരമായ സ്വരം…. പക്ഷെ ഞാൻ പതറാതെ വളരെ വിനയത്തോടെ ചോദിച്ചു…. “ഹലോ… ഇതാരാണ് സംസാരിക്കുന്നതു..??”
“എന്റെ ഫോണിലേക്കു വിളിച്ചിട്ടു ആരാണെന്നു ചോദിക്കുന്നോ…???” തിരിച്ചുകിട്ടിയ ഉത്തരം എന്നെ അത്ഭുതപ്പെടുത്തി… എന്നെ അറിയാവുന്ന ആരോ ആണെന്ന് എനിക്ക് മനസിലായി…
“അതെ… താങ്കളുടെ നമ്പറിൽ നിന്നും എനിക്ക് ഒരു മിസ്ഡ് കാൾ ഉണ്ടായിരുന്നു… അതാണ് ഞാൻ തിരിച്ചു വിളിച്ചത്…” ഞാൻ വളരെ വിനയത്തോടെ വീണ്ടും പറഞ്ഞു…
അപ്പൊ അതാ വരുന്നു ഉരുളക്കുപ്പേരി പോലെയുള്ള മറുപടി… “ആര് മിസ്കാൾ അടിച്ചാലും അവരെയെല്ലാം തിരിച്ചു വിളിക്കുമോ..??”

തർക്കുത്തരം കേട്ടെനിക്ക് ദേഷ്യം വന്നു… പൂരപ്പാട്ട് തുടങ്ങാനാലോചിച്ചപ്പോഴേ അവൾ പറഞ്ഞു… “ഞാൻ ജിസി, സനീഷയുടെ കൂട്ടുകാരിയാണ്.. അവളുടെ മൊബൈലിൽ ബാലൻസ് ഇല്ലാത്തതുകൊണ്ട് വിളിച്ചതാ… പേടിച്ചുപോയോ…??”
“ഇപ്പോഴെങ്കിലും സത്യം പറഞ്ഞത് നന്നായി.. അല്ലെങ്കിൽ എന്റെ പൂരപ്പാട്ട് കേട്ട് താൻ പേടിച്ചേനെ…” ഞാൻ പറഞ്ഞു…. അതുകേട്ടു അവൾ പൊട്ടിച്ചിരിച്ചു.. കൂടെ ഞാനും…

അങ്ങനെ ഞങ്ങൾ നല്ല കൂട്ടുകാരായി… എന്നും ഫോൺ വിളിക്കും. സനീഷയുടെയും എന്റെയും സൗഹൃദലോകത്തിലേക്ക് അവളും കടന്നുവന്നു. സനീഷക്ക് നൈറ്റ് ഡ്യൂട്ടി ഉള്ളപ്പോളും ജിസി എന്നെ വിളിക്കാൻ തുടങ്ങി. ഞങ്ങൾ തമ്മിൽ വളരെ വിശാലമായ ഒരു സൗഹൃദം ഉടലെടുത്തു.

ഒരുദിവസം ഞാൻ സനീഷയോടു പറഞ്ഞു…”എടീ… ജിസി നല്ല പെണ്കുട്ടിയല്ലേ..?? ഞാനൊന്ന് വളച്ചുനോക്കിയാലോ..?” . “പോടാ പട്ടീ.. അവൾ അത്യാവശ്യം ദൈവഭയമുള്ള ഒരു കുട്ടിയാണ്. നിന്നെപ്പോലെ കൂറകളെയൊന്നും അവൾ മൈൻഡ്

ചെയ്യില്ല… അങ്ങനെ ഒരു കാര്യം അവൾ ചിന്തിച്ചുകൂടി ഉണ്ടാവില്ല. പാവം കൊച്ചാ… നീ അതിനെ വെറുതെ വിട്ടേക്ക്… അവള് വളയൂല്ല മോനേ….”

“ഞാൻ വളച്ചാലോ….?? വളച്ചാൽ നീ എനിക്ക് എന്ത് തരും..??” ഞാൻ ചോദിച്ചു. “അതപ്പോഴല്ലേ, നീ ശ്രമിച്ചു നോക്ക്” എന്നവൾ പറഞ്ഞത് എന്നെ വാശിപിടിപ്പിച്ചു. “അവൾ നിന്നോട് പറയും അവൾക്കു ഈ അമലിനെ ഇഷ്ടമാണെന്ന്, അപ്പോൾ നീ എന്തുതരും..??”. ഞാൻ ചോദിച്ചു. “നിങ്ങളുടെ കല്യാണം ഞാൻ അവരുടെ വീട്ടിൽ സംസാരിച്ചു നടത്തിത്തരാം” എന്നവൾ പറയുമ്പോൾ ഒരിക്കലും എന്നോട് അവൾക്കു ഇഷ്ടമുണ്ടാകില്ല എന്ന് അവൾക്കു ഉറപ്പുണ്ടായിരുന്നു… എനിക്കും. കാരണം ഞങ്ങൾ പരസ്പരം കണ്ടിട്ടില്ല… മാത്രമല്ല രണ്ടു സമുദായങ്ങളിലുള്ളവർ അടുത്താൽ അതെന്നുമൊരു തീരാനഷ്ടമായിട്ടു മാറാനാണ് സാധ്യത.

അങ്ങനെ ഞാൻ എന്റെ പണി തുടങ്ങി. ഒരിക്കൽ പനിച്ചു വിറച്ചുകിടന്ന അവളെ ഹോസ്പിറ്റലിൽ പോകാൻ ഞാൻ നിർബന്ധിച്ചു. പോകാം എന്ന് പറഞ്ഞതല്ലാതെ ആ മടിച്ചി പോയില്ല എന്ന സത്യം അറിയുന്നത് മുംബയിൽ കൂട്ടുകാർക്കൊപ്പം രണ്ടെണ്ണം അടിച്ചുകൊണ്ടിരിക്കുമ്പോൾ. മദ്യത്തിന്റെ ലഹരിയോ അവളോടുള്ള ഇഷ്ടക്കൂടുതലോ അന്ന് വിളിച്ചു “അ” മുതൽ “ക്ഷ” വരെയുള്ള ചീത്തവിളിക്കുമ്പോൾ അപ്പുറത്ത് അടക്കിപ്പിടിച്ച അവളുടെ ഏങ്ങലടി കേൾക്കാമായിരുന്നു. എന്നിട്ടും അരിശം തീരാതെ “നിന്റെ ഇഷ്ടപോലെ ചെയ്യ്, ഇനി എന്നെ വിളിക്കരുത്” എന്നുപറഞ്ഞു ഫോണും കട്ട് ചെയ്തു പോക്കറ്റിലിട്ടു.

വീണ്ടും വീണ്ടും വന്ന അവളുടെ ഫോൺ കാൾസ് കാരണം മൊബൈൽ സൈലന്റ് ചെയ്തു വച്ച് കൂട്ടുകാരുടെ കൂടെ ഞാൻ ആഘോഷിച്ചു. പെട്ടെന്നാണ് സനീഷയുടെ ഫോൺ എന്റെ കൂട്ടുകാരൻ അജ്മലിന്റെ ഫോണിൽ വരുന്നത്. “ഡാ അജു… ആ തെണ്ടിയുണ്ടോടാ അവിടെ… അല്ലു…??” എന്ന ചോദ്യം കേട്ട് അവനു ഒന്ന് പകച്ചു. സംഗതി വശപ്പിശകില്ലെന്നു മനസിലാക്കി ഫോൺ എന്നെ ഏൽപ്പിച്ചു അവൻ ബാത്റൂമിലേക്കു മുങ്ങി.

ഞാൻ പതിയെ ഫോൺ ചെവിയോട് ചേർത്തതും നല്ല നാല് തെറിയാണ് കിട്ടിയത്. സഭയിൽ പറയാൻ കൊള്ളാത്തതുകൊണ്ട് ഞാൻ ഇവിടെപ്പറയുന്നില്ല… പിന്നെയങ്ങു തുടങ്ങിയില്ലേ അവൾ “ഡാ ആ കൊച്ചിനെ നീയെന്തിനാ ചീത്ത വിളിച്ചത്.?? കഴിച്ചുകൊണ്ടിരുന്ന കൊച്ചാ, നീ ചീത്തവിളിച്ചു വിഷമത്തിൽ അവൾ ഭക്ഷണം പോലും കഴിച്ചില്ല.. ഇവിടെയിരുന്ന് കരച്ചിലാ.. നീ അവളോടൊന്നു സംസാരിക്കെടാ… അവള് വിളിച്ചിട്ടു നീയെന്താ ഫോൺ എടുക്കാത്തത്..??” അവൾ ഫോൺ ജിസിക്ക്

കൊടുത്തു. ഞാൻ ഒന്നും മിണ്ടാതെ അവൾ പറയുന്നത് കേൾക്കാനായി നിന്നു “അമാലേട്ടാ…. ഐ ആം സോറി… ഏട്ടൻ പറഞ്ഞിട്ട് പോകാത്തതുകൊണ്ടല്ലേ എന്നെ ഇത്രയും ചീത്തപറഞ്ഞത്. ഏട്ടനെന്നോടുള്ള ഇഷ്ടംകൊണ്ടല്ലേ അത്… ഇപ്പൊ കുറച്ചു കുറവുണ്ട് അതാ ഞാൻ പോകാഞ്ഞത്, എന്തായാലും ഞാൻ നാളെ ഡോക്ടറെ കാണാം… ഇപ്പൊ എന്റെ ഏട്ടന് സന്തോഷമായോ..??” സത്യത്തിൽ ഞാൻ ഒന്ന് കിടുങ്ങി… പടച്ചോനെ ഇതുവരെയില്ലാത്ത ഒരു സ്നേഹം ഇവൾക്ക് ചീത്തകേട്ട് കഴിഞ്ഞപ്പോൾ…. “ശരി മോളേ.. നീ കഴിക്ക്. നീ ഡോക്ടറെ കാണാൻപോയില്ല എന്നിട്ടു പോയി എന്നോട് കള്ളംപറഞ്ഞപ്പോൾ എനിക്ക് ദേഷ്യവും സങ്കടവും വന്നു അതാ അങ്ങനെയൊക്കെ പറഞ്ഞത്.. നീ അങ്ങ് ക്ഷമിച്ചുകള. ഞാൻ പിന്നെ വിളിക്കാം..” ഞാൻ ഫോൺ കട്ട് ചെയ്തു റൂമിലേക്ക് നടന്നു. അവിടെ കൂട്ടുകാരെല്ലാം ഭക്ഷണം വിളമ്പി എന്നെ പ്രതീക്ഷിച്ചു ഇരിപ്പുണ്ടായിരുന്നു.

അവരുടെ ഒപ്പം ഭക്ഷണം കഴിച്ചു പായയും തലയിണയും എടുത്തു ഞാൻ ടെറസിലേക്ക് നടന്നു.. “എടാ കൊതുകുണ്ടാകും, മുംബൈയിൽ ഏറ്റവും കൊതുകുളത്തിവിടെയാണ്” എന്ന് അജു വിളിച്ചുപറഞ്ഞത് കാര്യമാക്കാതെ മുകളിലെത്തി. ഒരു മൂലയ്ക്ക് പായയും വിരിച്ചു അങ്ങനെ മാനത്തെ നക്ഷത്രങ്ങളെയും നോക്കി കിടന്നു.

അങ്ങനെ കിടക്കുമ്പോൾ എന്റെ മൊബൈലിലേക്ക് ഒരു മിസ്സ്ഡ് കാൾ. ആരാണെന്നറിയാനായി ഞാൻ ഫോൺ എടുത്തു ഡിസ്‌പ്ലേയിലേക്കു നോക്കി.

അതവളായിരുന്നു ജിസി…

ഞാൻ അവളെ തിരിച്ചുവിളിച്ചു. ഒറ്റ റിങിൽ ഫോൺ എടുത്തു പതിഞ്ഞ ശബ്ദത്തിൽ അവൾ ചോദിച്ചു “ഏട്ടൻ കഴിച്ചോ..??, ഞാൻ കഴിച്ചൂട്ടോ…” “ഹും… ഞാനും കഴിച്ചു. ഉറങ്ങാനായി കിടക്കാൻ തുടങ്ങിയപ്പോഴാ നിന്റെ മിസ്സ്ഡ് കാൾ..” ഞാൻ പറഞ്ഞു… “ഇന്നുറങ്ങണോ ..??” എന്ന അവളുടെ മറുചോദ്യം എന്നെ അത്ഭുദപ്പെടുത്തി.

“ശരി.. ഉറങ്ങേണ്ട…” ഞാൻ തുടർന്നു “അച്ഛന്റെയും അമ്മയുടെയും രണ്ടുമക്കളിൽ മൂത്തവൻ, അമൽ രാഘവ്. സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. അച്ഛൻ രാഘവൻ, അമ്മ അംബിക രണ്ടുപേരും ഷിപ്പിംഗ് കമ്പനിയിൽ ജോലിചെയ്യുന്നു. അനുജൻ വിമൽ രാഘവ് അവനും എന്നെപ്പോലെ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. പക്ഷെ അവനിഷ്ടം ഓഫീസിൽ വർക്ക് ആണത്രേ അതുകൊണ്ടു ഇപ്പോൾ ജോലി ചെയ്തുകൊണ്ട് പഠിക്കുന്നു.. MBA in HR. ഞങ്ങൾ എല്ലാവരും ബാംഗ്ലൂരിൽ

ആണ് താമസിക്കുന്നത്. നാട് കോട്ടയം ഏറ്റുമാനൂർ. ഇപ്പോൾ മാസം അമ്പതിനായിരം രൂപ ശമ്പളം ഉണ്ട്. ഇതൊക്കെയാണ് എന്റെ വിശദശാംശങ്ങൾ. എനിക്ക് നിന്നെ ഇഷ്ടമാണ് ജിസി…. ഒരു നേരമ്പോക്കല്ലട്ടോ… ശരിക്കും ഇഷ്ടമാണ്.. നിൻറെ മറുപടി എന്തായാലും അത് തുറന്നു പറയുക….”

പിന്നീട് അവൾ അവളുടെ കാര്യങ്ങൾ പറഞ്ഞു. “അച്ഛനമ്മമാരുടെ മൂത്ത മകൾ ജിസി ജേക്കബ്. B.Sc. നേഴ്സ് ആണ്. ഡൽഹിയിൽ അപ്പോളോ ഹോസ്പിറ്റലിൽ ആണ് ജോലി. ഒരു അനുജനുണ്ട് ജിസോ ജേക്കബ്. അച്ഛൻ ജേക്കബ് സ്കറിയ, സ്വന്തമായി ബേക്കറി നടത്തുന്നു. ‘അമ്മ ലിജി ജേക്കബ് വീട്ടമ്മയാണ്. മലങ്കര കാതോലിക്കാ കുടുംബം. പത്തനംതിട്ടയിലെ കോന്നിയിൽ ആണ് വീട്. അച്ഛന്റെ വീട്ടുകാരിലധികവും വിദേശത്താണ്. അമ്മയുടെയും. അമ്മയുടെ മൂത്ത ആങ്ങളയുടെ മകൻ സ്റ്റീഫൻ അച്ചാച്ചൻ ആണിപ്പോഴത്തെ കോന്നി SI. പിന്നെ അച്ഛന്റെ അനുജൻ കോന്നിയിൽ തന്നെ കരാട്ടെ ക്ലാസും നടത്തുന്നുണ്ട്.” അവൾ പറഞ്ഞു നിർത്തി…

” മാതാവേ പ്രേമിക്കാൻ പറ്റിയ പശ്ചാത്തലം ഉള്ള കൊച്ചാണല്ലോ… ഇവളുടെ കുടുംബക്കാരൊക്കെ അറിഞ്ഞാൽ ജെസിബി കയറിയിറങ്ങിയ മൂന്നാറുപോലെയാവും ഞാൻ.. അമ്മേ… അച്ഛാ…. നിങ്ങൾ കരയരുത്… അവരെന്നെ ബാക്കി വച്ചാൽ ഞാൻ വരും.. ഡാ വില്ലീ… അച്ഛനെയും അമ്മയെയും നോക്കിക്കൊണ്ട്…” എന്റെ ശവമടക്ക് സ്വപ്നം കണ്ടു കിളിപറന്നതുപോലെ ഞാൻ മിണ്ടാതിരുന്നു.

“എന്താ ഏട്ടാ അനക്കമൊന്നുമില്ലല്ലോ..??? ഉറങ്ങിയോ..???” അവളുടെ ചോദ്യമാണ് എന്നെ ചിന്തയിൽനിന്നുമുണർത്തിയത്.

“ഹേയ്…. എന്റെ ഭാവി ഭാര്യാബന്ധുക്കളെ ഞാൻ ഭാവനയിൽ കാണുകയായിരുന്നു..” എന്റെ ജാള്യതയൊതുക്കാനായി ഞാൻ പറഞ്ഞു. പിന്നെയും എന്തൊക്കയോ പറഞ്ഞുകൊണ്ടിരുന്നു ഞങ്ങൾ. ഇടയ്ക്കു അവൾക്കായി കുറച്ചു പാട്ടുകൾ പാടിയപ്പോൾ അവൾ എനിക്കയും ഒരുപാട്ട് പാടി “കാൽവരിക്കുന്നിലെ കാരുണ്യമേ”…. എന്തായാലും അന്ന് രാത്രി പുലർന്നു വന്ന ആ പ്രഭാതത്തിൽ അവളെന്നേയും ഇഷ്ടമാണെന്നു പറഞ്ഞു.

പിന്നീടുള്ള ദിവസങ്ങളിൽ അത്താഴം കഴിഞ്ഞു ഉറക്കത്തിനിടയിലുള്ള സമയം എന്റെയും ജിസിയുടേയും പ്രണയാതുരമായ സംസാരങ്ങൾക്കും ഭാവിജീവിതചർച്ചകൾക്കുമായി മാറിത്തുടങ്ങി… തമ്മിൽ കാണണമെന്ന മോഹം ഉള്ളിലൊതുക്കി ഞങ്ങളുടെ പ്രണയം വളർന്നു. ഇതൊന്നുമറിയാതെ സനീഷ ഞങ്ങൾക്കിടയിൽ ചിരിച്ചും കലഹിച്ചും നടന്നു.