വേണ്ടപ്പെട്ടൊരു പേപ്പര്‍ തിരയുന്നതിനിടയിലാണ് അലമാരയില്‍ നിന്നും സുമിയുടെ ഡയറി ബിജുവിന്റെ കയ്യില്‍ കിട്ടുന്നത്..
പലപ്പോഴും മേശപ്പുറത്തലസമായിക്കിടക്കാറുള്ള ആ ഡയറിലെങ്ങാനും തന്റെ സ്ളിപ്പുണ്ടൊ എന്നറിയാന്‍ അവനതിലെ പേജുകളില്‍ വിരലു ചലിപ്പിച്ചു…
തികച്ചും വ്യക്തിപരമായൊരു സംഗതിയാണ് ഡയറിയെന്നതിനാല്‍ അതിലെയൊരു വരിപോലും ബിജു ഇതുവരെ വായിച്ചിട്ടുണ്ടായിരുന്നില്ല…
പക്ഷേ വരവ് ചിലവെന്ന തലക്കെട്ടോടുകൂടി അവളെഴുതിയ ഉരുണ്ട അക്ഷരങ്ങളില്‍ ഒരു രസത്തിനെന്നപോലെ അവന്റെ കണ്ണു തടഞ്ഞു ..
അതിലിങ്ങനെ എഴുതിയിരുന്നു…
ഇപ്രാവശ്യം കെമിക്കല്‍ കമ്പനിയിലെ എന്റെ മുതലാളി അഞ്ഞൂറ് രുപ കൂട്ടിത്തന്നിട്ടുണ്ട് …
ആദ്യമേ അദ്ദേഹത്തിന് നന്ദി പറയുന്നു….
അങ്ങിനെ എന്റെശമ്പളം എട്ടാാാായിരം രൂപയായി ഉയര്‍ന്നിരിയ്ക്കുന്നു…
അതില്‍ ബിജുവേട്ടന്റേയും എന്റേയും അച്ഛനമ്മമാര്‍ക്ക് അഞ്ഞൂറ് രൂപ വീതം കൊടുത്തു…
സാമ്പത്തികമായി നോക്കുകയാണെങ്കില്‍ ബിജുവേട്ടന്റെ കുടുംബത്തില്‍ എന്റെ ശമ്പളത്തിന്റെ ആവശ്യമില്ലെങ്കിലും ഞാന്‍ കൊടുക്കുന്ന അഞ്ഞൂറ് രൂപയ്ക്ക് അവര്‍ അയ്യായിരത്തിന്റെ മൂല്യം കാണുന്നുണ്ട്..
അത്രയേറെ അവര്‍ക്കെന്നെയിഷ്ടമാണ്.
അതുപോലെ അലവിക്കയുടെ പച്ചക്കറിക്കടയില്‍ ഒരു മുന്നൂറ്റിനാല്‍പ്പത് രൂപ കൊടുത്തു ..
ബിജുവേട്ടന്‍ മറന്നുപോകുന്ന ചില സാധനങ്ങള്‍ വീട്ടിലേയ്ക്ക് നടക്കുമ്പോള്‍ ഞാനവിടുന്നാണ് വാങ്ങാറ്….
പിന്നെ ഞങ്ങളുടെ കമ്പനിയില്‍ പണിയെടുക്കുന്ന വനജേച്ചിയുടെ മോളുടെ കല്ല്യാണത്തിലേയ്ക്ക് മറ്റുള്ളവര്‍ക്കൊപ്പം ഞാനുമൊരായിരം കൊടുത്തു …
അച്ഛനില്ലാത്ത കുട്ട്യല്ലേ….
ആ മോളുടെ ജീവിതം സന്തോഷകരമാവട്ടെ…
നഴ്സറിയില്‍ പോണ എന്റെ മോള് ഗംഗയ്ക്ക് ഒരു വാട്ടര്‍ ബോട്ടിലും ഉടുപ്പും അഞ്ചില്‍ പഠിയ്ക്കുന്ന ബ്രഹ്മയ്ക്കും എനിയ്ക്കും കുറച്ച് ഇന്നര്‍വെയറുമൊക്കെയായി ബിജുവേട്ടനൊരു മുണ്ടും കൂടി വാങ്ങിയപ്പോള്‍ തുണിക്കടയില്‍ ഏകദേശം ആയിരത്തിമുന്നൂറ് രൂപയോളമായി….
ബ്രഹ്മമോളുടെ പേരില്‍ വിവാഹസമയത്തേയ്ക്കൊരു രണ്ടുലക്ഷം കിട്ടുന്ന രീതിയില്‍ മാസം ആയിരത്തിയഞ്ഞൂറിനടുത്ത് വരുന്ന പോളിസിയെടുത്തിട്ടുണ്ട്….
നൂറ് പവന്‍കൊടുക്കാനുള്ള ആസ്തി ബിജുവേട്ടനുണ്ടെങ്കിലും അമ്മയുടെ വക ഒരു പത്തുപവനെങ്കിലും കൊടുക്കുകയെന്നത് എന്റെയൊരുത്തരവാദിത്വബോധം കൂടിയല്ലെ…
ആ.. ഒരു കാര്യം പറയാന്‍ മറന്നു…
കഴിഞ്ഞമാസത്തേക്കാള്‍ ഏതാണ്ടൊരെണ്ണൂറ് രൂപ എനിയ്ക്കിപ്പൊ മിച്ചം വരുത്താനായിട്ടുണ്ട് …
ബസ്സിറങ്ങി കമ്പനിയിലേയ്ക്ക് ഓട്ടോയില്‍ പോവുന്ന രണ്ടു കിലോമീറ്റര്‍ ദൂരം ഞാനിപ്പോള്‍ നടക്കാന്‍ തുടങ്ങി…..
അതുകൊണ്ടെന്താ ഓഫീസിലെ കമ്പ്യൂട്ടറിനു മുന്നിലിരിയ്ക്കണതിന്റെ നീര്‍ക്കെട്ടൊക്കെ അങ്ങട് മാറിക്കിട്ടും….
അല്ലാതെ ഞാനൊരു പിശുക്ക്യൊന്നും അല്ലാട്ടോ…