നേരമേറെ വൈകിയിരിക്കുന്നു. അച്ഛനെയും കൂട്ടി വീട്ടില്‍ നിന്ന് രാവിലെ ഇറങ്ങിയതാണ്. എവിടെക്കാണ് പോകേണ്ടത് എന്നതിനെക്കുറിച്ച് ഇതു വരെ നിശ്ചയമായിട്ടില്ല. ഇതിനിടയില്‍ വീട്ടില്‍ നിന്ന് പാറു ഒരുപാടു തവണ വിളിച്ചു.. ചോദ്യം ആവര്‍ത്തനമായപ്പോൾ ഉത്തരം മൗനം കീഴടക്കി. പീന്നീടവള്‍ വിളിച്ചില്ല.
എനിക്ക് രണ്ട് വയസ്സായപ്പോൾ അമ്മ കാന്‍സര്‍ വന്നു മരിച്ചു. പിന്നീടെന്‍റെ അച്ഛനും അമ്മയുമെല്ലാം അച്ഛനായിരുന്നു. അച്ഛന്‍റെ പിന്നീടുള്ള ജീവിതത്തില്‍ ബന്ധങ്ങള്‍ കുറഞ്ഞു വന്നു. അന്നുമിന്നും എനിക്കെല്ലാം അച്ഛന്‍ തന്നെ. അമ്മ നോക്കുന്നതുപോലെ എന്നെ അണിയിച്ചൊരുക്കി സ്ക്കൂളില്‍ പറഞ്ഞു വിടുന്ന അച്ഛനെ എന്നും ഞാന്‍ കൗതുകത്തോടെ നോക്കിയിരുന്നു. ജോലി തിരക്കിനിടയിലും അച്ഛ ന്‍ എനിക്കായി സമയം മാറ്റി വച്ചു. പഠനത്തില്‍ എനിക്കു ലഭിക്കുന്ന എല്ലാ വിജയത്തിലും അച്ഛന്‍ അഭിമാനിച്ചു. അച്ഛന്‍ എന്ന മഹാത്യാഗത്തിനു മുന്നില്‍ ഞാനെന്നും നമസ്ക്കരിച്ചു. ഒരിക്കലും അച്ഛനെ പിരിയാതിരിക്കാന്‍ വേണ്ടി വിദേശത്തു നിന്നു വന്ന ഓരോ ജോലി വാഗ്ദാനവും ഞാന്‍ അച്ഛനറിയാതെ വലിച്ചെറിഞ്ഞു. പ്രായമാവുമ്പോള്‍ അച്ഛന്‍റെ കണ്ണന്‍ അച്ഛനൊപ്പം വേണം എന്ന അച്ഛന്‍റെ വാക്കുകള്‍ എന്നെ കരയിച്ചു. അമ്മ എന്ന സ്നേഹത്തെ അറിയാത്ത എനിക്ക് അച്ഛന്‍ വാക്കുകളില്‍ വര്‍ണ്ണിക്കാന്‍ കഴിയാത്ത ഒന്നായി.
അച്ഛന്‍ ജോലിയില്‍ നിന്നു വിരമിച്ചു. നല്ല കാലത്തു എനിക്കു വേണ്ടി ശ്രദ്ധിക്കാതെ പോയ ആ ശരീരത്തില്‍ കൂടെക്കൂടെ അസുഖങ്ങള്‍ വിരുന്നിനു വന്നു.
“അച്ഛന്‍റെ കാലം കഴിഞ്ഞാല്‍ എന്‍റെ മോന് ഒരു കൂട്ടു വേണം നീ ഒരു വിവാഹം കഴിക്കണം”
ഭയമായിരുന്നെനിക്ക്. വരുന്നവള്‍ ഏതു തരക്കാരിയായിരിക്കും? അച്ഛനെന്ന പിവത്രമായ സ്നേഹത്തെ മനസ്സിലാക്കാതെ വരുന്നവളായാല്‍ ..
വിവാഹം കഴിക്കുന്ന പെണ്ണിന് പൊന്നും പണവും വേണ്ടച്ഛാ പിന്നെ വലിയ പഠിപ്പും വേണ്ട.. ഇവിടിരുന്ന് അച്ഛന്‍റെ കാര്യം നോക്കുന്ന ഒരു പാവം പെണ്ണു മതി എന്നായിരുന്നു എന്‍റെ മനസ്ലില്‍ ..
“നല്ല കഥയായി ദേവാ നിന്നെ ഞാന്‍ പഠിപ്പിച്ച് ഇവിടെ വരെയെത്തിച്ചത് എട്ടും പൊട്ടും അറിയാത്ത ഒരു പെണ്ണിന്‍റെ വിഡ്ഢിത്തരങ്ങള്‍ക്ക് താളം ചവിട്ടാനല്ല .നാളെ നിങ്ങളുടെ ജീവിതത്തില്‍ അച്ഛനുണ്ടാവില്ല .അന്നു നീയും അവളും സന്തോഷത്തോടെ ജിവിക്കണം നിങ്ങള്‍ക്കുണ്ടാവുന്ന മക്കളുടെ ഭാവി സുരക്ഷിതമാവണമെങ്കില്‍ രണ്ടാളും സ്വന്തം നിലയില്‍ ജീവിക്കുന്നവരായിരിക്കണം” ഇതായിരുന്നു അച്ഛന്റെ മറുപടി.
ഒടുവില്‍ അച്ഛന്‍റെ വാക്കുകളില്‍ ഞാനവളെ വിവാഹം കഴിച്ചു.
‘പാര്‍വതി”
ആവശ്യത്തിലേറെ പഠിച്ച എനിക്ക് അച്ഛന്‍ കണ്ടെത്തി തന്നതും പഠിച്ചു ജോലി വാങ്ങിയ ഒരു പത്രാസു കാരിയെത്തന്നെ .. അച്ഛനെന്ന സ്നേഹത്തെ ആദ്യം അവള്‍ സ്നേഹിച്ചു ബഹുമാനിച്ചു .ദിനങ്ങള്‍ മാസങ്ങള്‍ വര്‍ഷങ്ങള്‍. വാര്‍ദ്ധക്യത്തിന്‍റെ വഴിപിഴച്ച വഴികളില്‍ അച്ഛന്‍ തളര്‍ന്നു .എനിക്കു കൈതാങ്ങായ അച്ഛന്‍ മുറിയില്‍ ഒതുങ്ങി നിന്നു. അച്ഛന്‍റെ എല്ലാ കര്‍മ്മങ്ങളും ആ മുറിയില്‍ തളം കെട്ടി തുടങ്ങി. അച്ഛനു വേണ്ടി ഞാന്‍ ജോലി വേണ്ടാന്നു വെക്കാനൊരുങ്ങി…. വര്‍ഷങ്ങള്‍ കൊഴിഞ്ഞ വിവാഹ ജീവിതത്തില്‍ പാര്‍വതി അച്ഛനെ മറന്നു ജോലി തിരക്കും സൗന്ദര്യ സംരക്ഷണവും പേറി ഞങ്ങളിലേക്കു വന്ന കുഞ്ഞിനെ പോലും വേണ്ടാന്നുവച്ചു .അച്ഛനെന്ന ബന്ധം അവള്‍ പുച്ഛിച്ചു തള്ളി .അച്ഛനു വേണ്ടി ഞാന്‍ മാറ്റി വെക്കുന്ന സമയത്തിനെ അവള്‍ വാക്കുകള്‍ കൊണ്ട് ആട്ടിയോടിച്ചു…
“കുടുംബം മുന്നോട്ടു പോകണമെങ്കില്‍ അച്ഛനെ ശരണാലയത്തിന്‍റെ പടികള്‍ കയറ്റുക. എന്‍റെ ശബളത്തിന്‍റെ പങ്കും ഞാന്‍ തരാം. എനിക്കു വയ്യ ഇവിടെ ജീവിക്കാന്‍. ഇതിലും നല്ലത് ഓടയാണ്..”