കനല്‍ പൂക്കള്‍

കനല്‍ പൂക്കള്‍
Story : Kanalppokkal Author : വിശ്വനാഥൻ ഷൊർണ്ണൂർ

ഒഴിവു ദിവസത്തിന്റെ ആലസ്യത്തില്‍ കിടക്ക വിട്ടെഴുന്നേൽക്കാൻ മടിച്ച് അന്തേരിയിലെ ഇരുപത്തിനാലാം നമ്പര്‍ ഫ്ലാറ്റില്‍ കിടക്കുമ്പോഴാണ് അടുത്ത് കിടന്ന മൊബൈല്‍ ശബ്ദിച്ചത് . ആരായിരിക്കും ഇപ്പോള്‍ ഭാര്യയാവില്ല അവള്‍ക്ക് കൃത്യമായി അറിയാം ഉറങ്ങി എഴുന്നേൽക്കുന്ന സമയം .

ഉറക്കം വിട്ടുമാറാത്ത കണ്ണുകള്‍ കൊണ്ട് തപ്പി പിടിച്ചെടുത്ത മൊബൈലിലേക്ക് നോക്കുമ്പോള്‍ പരിചയമില്ലാത്ത ഒരു നമ്പറാണ് ഡിസ്പ്ലയിൽ തെളിഞ്ഞു കാണുന്നത് . കിടന്നുകൊണ്ട് തന്നെ ഫോണ്‍ എടുത്ത് ചെവിയോട് ചേര്‍ത്ത് പിടിച്ച്
ഹലോ എന്ന് പറഞ്ഞു അപ്പോള്‍ അപ്പുറത്ത് നിന്നും മുത്തുകൾ വീണു ചിതറുന്ന ശബ്ദത്തില്‍

“ഹലോ , വിശ്വേട്ടനല്ലേ ?

“അതേ വിശ്വനാണ് , കുട്ടി ആരാണ് ?

“ഞാൻ സംഗീതയാണ് വിശ്വേട്ടാ “

” ഹോ …നീയായിരുന്നോ ?

അപ്പോഴാണ്‌ ഓർത്തത് ഇന്നലെ രാത്രി ചാറ്റിൽ വന്നപ്പോള്‍ നമ്പര്‍ കൊടുത്തകാര്യം

“അതേ വിശ്വേട്ടാ ഞാന്‍ തന്നെയാണ് ഇതാണ് എന്റെ നമ്പര്‍ , വിശ്വേട്ടൻ ഇന്ന് ഫ്രീയാണോ?

“പ്രത്യേകിച്ച് ഇന്ന് പറയത്തക്ക തിരക്കൊന്നും ഇല്ല “

“എങ്കിൽ വൈകീട്ട് ഒന്ന് നേരിട്ട് കാണാമോ എനിക്ക് വിശ്വേട്ടനോട് ചിലകാര്യങ്ങൾ പറയാനുണ്ട് “

“അതിനെന്താ വൈകീട്ട് അന്തേരിയിലെ പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ മുൻവശത്തുള്ള തമിഴന്റെ കോഫി ഷോപ്പില്‍ ഞാനുണ്ടാവും അവിടെ വന്നാല്‍ മതി”

ശരി എന്ന് പറഞ്ഞു ഫോണ്‍ വെച്ചപ്പോൾ മനസ്സില്‍ ചിന്ത മുഴുവന്‍ എന്തിനായിരിക്കും സംഗീത കാണണം എന്ന് പറഞ്ഞത് എന്നായിരുന്നു.

‍ സംഗീതക്ക് പറയുവാനുള്ളത് എന്തായിരിക്കും എന്ന ചിന്തയില്‍ മനസ്സ് ഉടക്കി നിന്നു

“സംഗീത”

പുതിയ നോവല്‍ എഴുതി കൊണ്ടിരിക്കുമ്പോഴാണ് അവിചാരിതമായി സംഗീതയെ പരിചയപ്പെടുന്നത്. പതിവ് പോലെ ചില പോസ്റ്റുകള്‍ വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് ചാറ്റ് ബോക്സിൽ പുതിയ നോവലിന് അഭിനന്ദനങ്ങള്‍ അറിയിച്ചു കൊണ്ട് ഒരു മെസേജ് കണ്ണില്‍ പെട്ടത് . നന്ദി വാക്കുകളില്‍ ഒതുക്കി പിന്തിരിയാൻ നോക്കുമ്പോഴാണ് സാറിനെ ഒന്ന് പരിചയപ്പെടുന്നതിൽ ബുദ്ധിമുട്ടുണ്ടോ എന്ന് ചോദിച്ച് അടുത്ത മെസേജ് വരുന്നത് .

“അതിനെന്താ പരിചയപ്പെടാലോ . പിന്നെ ഈ സാര്‍ എന്ന വിളി അതൊരു തരം അരോചകമാണ് അർഹിക്കാത്തത് സ്വീകരിക്കുന്ന തരത്തിലുള്ള ഒരുതരം നിസഗ്ഗത .”

“പിന്നെ എന്ത് വിളിക്കണം “

“വിശ്വൻ എന്നു വിളിച്ചോളൂ”

“എങ്കിൽ ഞാന്‍ വിശ്വേട്ടൻ എന്ന് വിളിക്കട്ടേ, എനിക്ക് സഹോദരൻമാരില്ല ഞാന്‍ ഏട്ടാ എന്ന് വിളിച്ചോട്ടെ “

“അതിനെന്താ കുട്ടി വിളിച്ചോളു”

എല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ പറഞ്ഞു അവളുടെ പേര് സംഗീത എന്നാണെന്നും നാട് കോട്ടയത്താണെന്നും മുബൈ ഈസ്റ്റ് അന്തേരിയിലെ സെവൻ ഹിൽസ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നേഴ്സായി ജോലി നോക്കുന്നു എന്നും പറഞ്ഞപ്പോള്‍ ഞാനും അന്തേരിയിലുണ്ടല്ലോ എന്ന് പറഞ്ഞു .

അതിനു ശേഷം ഇന്നലെയാണ് അവള്‍ വീണ്ടും ചാറ്റിൽ വരുന്നത് വിശേഷങ്ങളും പുതിയ നോവലിനെ പറ്റിയുള്ള അഭിപ്രായങ്ങളും സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവള്‍ നമ്പര്‍ വാങ്ങിയത് .

വീണ്ടും ഉറക്കിലേക്ക് വഴുതി മാറുമ്പോഴും എന്തായിരിക്കും സംഗീതക്ക് എന്നോട് സംസാരിക്കാനുള്ളത് എന്നത് ചിന്തയില്‍ കിടന്ന് തിളച്ചു മറിയുന്നുണ്ടായിരുന്നു..

ഉച്ച ഭക്ഷണം കഴിഞ്ഞുള്ള ഉറക്കം എഴുന്നേറ്റ് കുളിച്ച് വസ്ത്രം ധരിച്ച് പുറത്തേക്കിറങ്ങി . ആദ്യം കിട്ടിയ ടാക്സിയിൽ ഈസ്റ്റ് അന്തേരിയിലെ പാസ്പോർട്ട് സേവാ കേന്ദ്രത്തിനു മുന്നിലെ തമിഴന്‍ സ്വാമിയുടെ കോഫി ഷോപ്പിലേക്ക് യാത്ര തിരിച്ചു .

ടാക്സി നിറുത്തി കാഷ് കൊടുത്തു കോഫി ഷോപ്പിലേക്ക് കയറുമ്പോൾ കാഷ്കൗണ്ടറിൽ ഇരുന്ന സ്വാമിയണ്ണൻ പറഞ്ഞു

“വിശ്വാ … ഉന്നെ കേട്ട് അന്ത പാപ്പ വന്തിറ്ക്ക്”

“എങ്കെ സ്വാമിയണ്ണാ ….?

“അങ്കെ ഉക്കാന്തിട്ടാ , യാര് അന്ത പാപ്പാ ഊര്കാരിയാ “

അതെ എന്ന് മറുപടി കൊടുത്ത് സ്വാമി ചൂണ്ടി കാണിച്ച കോഫി ഷോപ്പിന്റെ കോണിലേക്ക് നോക്കുമ്പോള്‍ പുറത്തേക്ക് നോക്കി സംഗീത ഇരിക്കുന്നു ..

അടുത്ത് ചെന്ന് സംഗീത എന്ന് വിളിച്ചതും അവള്‍ പെട്ടെന്ന് തല തിരിച്ച് എന്നെ നോക്കി

“ഹാ… വിശ്വേട്ടാ “

“എന്തിനാണ് എന്നെ കാണണം എന്ന് പറഞ്ഞത് “

അവൾക്കെതിരേയുള്ള കസേരയില്‍ ഇരിക്കുമ്പോള്‍ ചോദിച്ചു .ആദ്യമായി കാണുകയാണെങ്കിലും അവളുടെ മുഖത്ത് അപരിചിതത്തം തീരെ ഉണ്ടായിരുന്നില്ല .

“പറയാം വിശ്വേട്ടാ “

“നമുക്ക് ഓരോ മസാല ദോശ പറഞ്ഞാലോ ?
ഇവിടുത്തെ മസാല ദോശ നല്ല ടേസ്റ്റിയാണ്”

“വിശ്വേട്ടന്റെ ഇഷ്ടം പോലെ “

“എങ്കിൽ നമുക്ക് ഫാമിലി റൂമിലേക്ക് മാറിയിരിക്കാം . ഇവിടെ ഇന്ന് വലിയ തിരക്കാവും”

അവളേയും കൂട്ടി ഫാമിലി റൂമിലേക്ക് നടക്കുമ്പോള്‍ സ്വാമിയോട് രണ്ട് സ്പെഷ്യല്‍ മസാല ദോശയും ഓർഡർ ചെയ്തിരുന്നു .

അവള്‍ക്കെതിർ വശത്തായി ഇരിക്കുന്നതിനിടെയാണ് അവള്‍ ചോദിച്ചത്

“വിശ്വേട്ടന് ഞാനൊരു കഥ പറഞ്ഞു തന്നാല്‍ എനിക്ക് വേണ്ടി എഴുതുമോ?

പെട്ടെന്ന് മനസ്സിലേക്ക് ഓടിയെത്തിയത് മാസങ്ങള്‍ക്കു മുമ്പ്‌ ഇതുപോലെ ഫോണ്‍ വിളിച്ച് എന്റെ കഥ എഴുതുമോന്ന് ചോദിച്ച ലൈലയേയാണ്.

“ഇത് പറയാനാണോ സംഗീത എന്നെ കാണണം എന്ന് പറഞ്ഞത് “

“ഞാന്‍ പറയാം വിശ്വേട്ടാ പക്ഷേ അതിന് മുന്‍പ് വിശ്വേട്ടൻ ഞാന്‍ പറയുന്ന കഥ എഴുതാം എന്നെനിക്ക് വാക്ക് തരണം “

“ആദ്യം സംഗീതക്ക് എന്താണ് എന്നോട് പറയാനുള്ളത് എന്ന് പറ എന്നിട്ട് നമുക്ക് തീരുമാനിച്ചാൽ പോരെ ?

“ഞാന്‍ വിശ്വേട്ടനെ കാണണം എന്ന് പറഞ്ഞത് ഇതു പറയാനാണ് . ഇതൊരു പെൺകുട്ടിയുടെ കഥയാണ് . അവളുടെ കണ്ണുനീരിന്റെ കഥ അവളുടെ ജീവിത കഥ”

ഈ സമയം ഓർഡർ ചെയ്ത മസാല ദോശ കൊണ്ട് വന്ന് ഞങ്ങള്‍ക്ക് മുന്നില്‍ വെച്ചു .

“കഴിക്ക് എന്നിട്ട് പറയാം “

മസാല ദോശയുടെ ഒരു കഷ്ണം മുറിച്ചെടുത്ത് ചട്ടിനിയിൽ മുക്കി വായിലേക്കിട്ട് അവള്‍ വീണ്ടും തുടര്‍ന്നു . ഞാന്‍ അപ്പോള്‍ അവളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു.

കഥയ്ക്ക് വേണ്ടി നമുക്കവരെ വാസു എന്നും സെലിൻ എന്നും വിളിക്കാം .

നന്നായി പാട്ടു പാടിയിരുന്ന വാസു സെലിന്റെ നാട്ടിലെ ഒരോണ പ്രോഗ്രമാനിടക്ക് പാടി കൊണ്ടിരിക്കുമ്പോഴാണ് സുന്ദരിയായ സെലിനെ കാണുന്നത് . വാസുവിന്റെ സഹോദരിയുടെ വീടിനടുത്താണ് സെലിന്റെ വീട് .

സെലിനെ കാണുക എന്ന ലക്ഷ്യത്തോടെ വാസു ഇടക്കിടെ സഹോദരിയുടെ വീട്ടിലേക്ക് പോയിക്കൊണ്ടിരുന്നു . അവര്‍ പരസ്പരം കണ്ടുമുട്ടി . വാസുവിന്റെ സ്വരമാധുര്യത്തിൽ സെലിൻ ആദ്യകാഴ്ച്ചയിൽ തന്നെ അവനെ സ്വപ്നം കാണാന്‍ തുടങ്ങിയിരുന്നു .

ഒരു ദിവസം വാസു സഹോദരിയുടെ വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ സെലിൻ എതിരെ നടന്നു വരുന്നത് കണ്ടു .. വാസുവിനെ കണ്ടതും സെലിന്റെ മുഖം നാണത്താൽ ചുവന്നു നോട്ടം കാൽക്കിഴിലാക്കി സെലിൻ വാസുവിനെ കടന്നു പോയി.

“സെലിൻ ”
ആ വിളി പ്രതീക്ഷിച്ച പോലെ സെലിൻ തിരിഞ്ഞു നിന്നു .

“എനിക്ക് സെലിനോട് ഒരു കാര്യം പറയാനുണ്ട് “

“എന്താണ് വാസുവേട്ടാ “

താഴേക്ക് നോക്കിയാണ് സെലിൻ ചോദിച്ചത് .

“എനിക്ക് സെലിനെ ഇഷ്ടമാണ് ? സെലിന് എന്നെ ഇഷ്ടമാണോ ?

നാണത്താൽ പൂത്തുലഞ്ഞ സെലിൻ സമ്മതം പറഞ്ഞു കൊണ്ട് തലയും താഴ്ത്തി നടന്നു പോയി

ജാതിയുടേയും മതത്തിന്റേയും അതിരുകൾ ഭേദിച്ച് അവര്‍ ഇണക്കുരുവികളെ പോലെ അവരുടെ പ്രണയലോകത്ത് പാറി നടന്നു.

അവരുടെ പ്രണയം വീട്ടില്‍ സെലിന്റെ വീട്ടില്‍ അറിഞ്ഞു . സെലിന് വിവാഹാലോചനകൾ വന്നുകൊണ്ടിരുന്നു . ഒടുവില്‍ അവര്‍ രണ്ട് പേരും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ച് നാടുവിട്ടു….

സംഗീത ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു .

“സംഗീതക്ക് ചായയോ കോഫിയോ ?

“വിശ്വേട്ടന്റെ ഇഷ്ടം പോലെ “

രണ്ട് കോഫി ഓർഡർ ചെയ്തു സംഗീതയുടെ കണ്ണുകളിലേക്ക് നോക്കുമ്പോള്‍ അവിടെ വീണു ചിതറാൻ വെമ്പൽ കൊള്ളുന്ന രണ്ട് സ്ഫടിക ഗോളങ്ങൾ രൂപാന്തരപ്പെട്ടിരുന്നു …!!

സപ്ലെയർ കൊണ്ട് വന്ന കോഫി ഒരിറക്ക് കുടിച്ചതിന് ശേഷം സംഗീത തുടർന്നു.

“ചാച്ചനും മമ്മയും ഒളിച്ചോടി കല്യാണം കഴിച്ച് ഒരുമിച്ച് താമസവും തുടങ്ങി . അപ്പോഴും അവര്‍ ഇണപ്രാവുകളെ പോലെ പ്രണയിച്ചിരുന്നു “

വസന്തവും ഗ്രീഷ്മവും മാറി വന്നു . അന്നും പതിവ് പോലെ കാലത്ത് ജോലിക്ക് പോകുമ്പോള്‍ വാസു സെലിനെ നോക്കി ചോദിച്ചു .

“എന്തുപറ്റി സെലിൻ നിനക്കൊരു ക്ഷീണം പോലെ . ആകെ വിളറിയിരിക്കുന്നല്ലോ”

“എന്താണെന്നറിയില്ല വാസുവേട്ടാ എനിക്കെന്തോ ക്ഷീണം പോലെ “

“എന്നാൽ നീ വേഗം വസ്ത്രം മാറി വാ നമുക്ക് ഡോക്ടറുടെ അടുത്ത് പോകാം”

“വേണ്ട ഏട്ടാ , ഏട്ടൻ ജോലി മുടക്കണ്ട ഞാന്‍ തനിച്ച് പൊയ്ക്കോളാം”

മനസ്സില്ലാ മനസ്സോടെയാണ് അന്ന് വാസു ജോലിക്ക് പോയത് . വാസു പോയി കുറച്ചു സമയം കഴിഞ്ഞപ്പോള്‍ സെലിൻ വസ്ത്രം മാറി അടുത്തുള്ള ഒരു ക്ലിനിക്കിലേക്ക് പോയി . അവിടെ ഉണ്ടായിരുന്ന വനിതാ ഡോക്ടര്‍ വിശദമായി പരിശോധിച്ച് സെലിനോട് പറഞ്ഞു

“നിങ്ങള്‍ ഒരമ്മയാകാൻ പോകുന്നു അതിന്റെയാണ് ഈ ക്ഷീണവും തളർച്ചയും “

സെലിന്റെ മുഖം സൂര്യ പ്രകാശമേറ്റ താമര പൂപോലെ വിടർന്നു കണ്ണുകളില്‍ സന്തോഷ പൂത്തിരി വിടർന്നു. അവള്‍ക്ക് അപ്പോള്‍ വാസു അടത്തുണ്ടായിരുന്നെങ്കിലെന്ന് തോന്നി .

ആശുപത്രിയില്‍ നിന്നും ഇറങ്ങിയ സെലിൻ വീട്ടില്‍ വന്ന് വാസുവിന് ഇഷ്ടമുള്ള വിഭവങ്ങള്‍ തെയ്യാറാക്കി ഭംഗിയുള്ള വസ്ത്രം ധരിച്ച് കണ്ണുകളില്‍ ഭംഗിയായി കരിമഷി എഴുതി വാസുവിനെ കാത്തു നിന്നു.

വാസു ജോലികഴിഞ്ഞ് തിരികെ വരുമ്പോള്‍ ദൂരെ നിന്ന് തന്നെ കണ്ടു സെലിൻ വഴിയിലേക്ക് നോക്കി നിൽക്കുന്നത് . വീട്ടിലേക്ക് കയറുമ്പോൾ വാസു അവളോട് പറഞ്ഞു .

“എന്റെ പെണ്ണ് ഇന്ന് പതിവിലും സുന്ദരിയായണല്ലോ നിൽപ്പ് . എന്തു പറ്റി ഇന്ന് ?
നീ ഡോക്ടറേ കണ്ടോ ?

“പറയാം ഏട്ടൻ പോയി കുളിച്ചു വരൂ . ഏട്ടന്റെ ഇഷ്ട വിഭവങ്ങള്‍ എല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ട്”

അത് പറയുമ്പോഴും അവളുടെ കവിളുകൾ നാണത്താൽ ചുവന്നു തുടുത്തിരുന്നു . കണ്ണുകളില്‍ പ്രണയത്തിന്റെ ഒരായിരം നെയ്ത്തിരികൾ ഒന്നിച്ച് കത്തി .

കുളികഴിഞ്ഞു വന്ന് അവര്‍ ഒരുമിച്ച് ഭക്ഷണം കഴിച്ച് . നിലാവ് പെയ്യുന്ന മാനത്തേ നോക്കി പുറത്തേ തിണ്ണയില്‍ സെലിന്റെ മടിയിലേക്ക് തല വെച്ച് വാസു കിടന്നു . വാസു സെലിനോട് ചോദിച്ചു

“സെലിൻ ഡോക്ടര്‍ എന്തു പറഞ്ഞു ?

“അതേയ് ഡോക്ടര്‍ എന്റെ വയറ്റില്‍ ഒരു കൊച്ചു വാസുവേട്ടൻ പിറവി എടുക്കാന്‍ തയ്യാറായിരിക്കുന്നു എന്ന് പറഞ്ഞു “

“സത്യമാണോ സെലിൻ “

“ഉം …. അവള്‍ പ്രണയാർദ്രമായി മൂളി

വാസു എഴുന്നേറ്റ് അവളുടെ മുഖം തന്റെ കൈകളില്‍ കോരിയെടുത്ത് അവളുടെ തുടുത്ത കവിളണകളിൽ തന്റെ ചുണ്ടുകളമർത്തി.
അവരുടെ പ്രണയം കണ്ട് നക്ഷത്രങ്ങള്‍ നാണിച്ചു മിഴികളടച്ചു . എങ്ങു നിന്നോ പാറി വന്ന ഒരു മിന്നാ മിനുങ്ങ് അസൂയ പൂണ്ട് സെലിന്റെ മുടിയിഴകളിൽ വന്നിരുന്നു .