രക്തരക്ഷസ്സ് 28

മനസ്സില്ലാ മനസ്സോടെ കൃഷ്ണ മേനോൻ അയാൾ പറഞ്ഞതനുസരിച്ചു കൊണ്ട് രക്ഷ ഊരി പൂജാമുറിയിൽ വച്ച ശേഷം പുറത്തേക്ക് നടന്നു.

പുറത്ത് ദേവദത്തന്റെ രൂപത്തിൽ നിന്ന ശ്രീപാർവ്വതി ഊറിച്ചിരിച്ചു. കൃഷ്ണ മേനോനേ നിന്റെ നെഞ്ച് പിളർന്ന് ചോര കുടിച്ചിട്ടേ ഞാൻ മടങ്ങൂ.അവൾ പല്ല് ഞെരിച്ചു കൊണ്ട് പിറുപിറുത്തു.

മരണം മറ്റൊരു വേഷത്തിൽ ആഗതമായതറിയാതെ അയാൾ ദേവദത്തന്റെ രൂപത്തിലുള്ള ശ്രീപാർവ്വതിക്കൊപ്പം യാത്ര തിരിച്ചു.

അതേ സമയം ക്ഷേത്രത്തിൽ ശങ്കര നാരായണ തന്ത്രി പഴയ വിഗ്രഹം ഇളക്കി മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചു തുടങ്ങിയിരുന്നു.

ബാലാർക്കനായി ഉദയം കൊണ്ട ആദിത്യൻ ഇളം വെയിലിന്റെ കുളിർമ്മയിൽ നിന്നും വ്യതിചലിച്ച് സർവ്വസംഹാരകനെപ്പോലെ ഉച്ചസ്ഥായിയിൽ കത്തി ജ്വലിച്ചു.

പക്ഷേ വിശപ്പും ദാഹവുമൊക്കെ മറന്ന വള്ളക്കടത്ത് ഗ്രാമവാസികൾ ആ ക്ഷേത്ര മണ്ണ് വിട്ട് പോയില്ല.

കാലങ്ങളായി കൊട്ടിയടയ്ക്കപ്പെട്ട ശ്രീകോവിൽ മാറാലയിലും പൊടിയിലും മുങ്ങി നിന്നു.

ശങ്കര നാരായണ തന്ത്രികൾ കൈയ്യിലെ ചെറിയ കല്ലുളി അഷ്ടബന്ധനം ചെയ്ത ദേവീ വിഗ്രഹത്തിന്റെ തായ് പീഢത്തിൽ ചേർത്ത് ആഞ്ഞടിച്ചു.

അടുത്ത നിമിഷം ക്ഷേത്രക്കുളത്തിലെ ഇരുണ്ട ജലമൊന്നിളകി.

അഷ്ടബന്ധനം കടുത്തതായതിനാൽ വിഗ്രഹമിളക്കുക പ്രയാസകരമായിരുന്നെങ്കിലും ഒടുവിൽ തന്ത്രി അതിൽ വിജയിക്കുക തന്നെ ചെയ്തു.

പീഢത്തിൽ നിന്നിളകിയ വിഗ്രഹം കൈകൾ കൊണ്ട് ഇളക്കി മാറ്റാനുള്ള ശ്രമമായി പിന്നീട്.

ദേവദത്തൻ നടക്കുകയല്ല ഓടുകയാണ് എന്ന് തോന്നിപ്പോയി കൃഷ്ണ മേനോന്.

ശ്രീപാർവ്വതി അപ്പോൾ മേനോനെ കൊല്ലാൻ പോകുന്നതിന്റെ ആനന്ദത്തിൽ ആയിരുന്നു.

പക്ഷേ ക്ഷേത്രത്തിൽ കണ്ടെത്തുന്ന വിഗ്രഹം തന്റെ ഉദ്യമത്തിന് തടസ്സമാവുമെന്ന് അവൾക്കറിയാമായിരുന്നു.

ദേവനൊപ്പം എത്താനുള്ള തിടുക്കത്തിൽ മുൻപോട്ട് കുതിച്ച കൃഷ്ണ മേനോൻ വളർന്ന് മുറ്റിയ ഒരു വടവൃക്ഷത്തിന്റെ വേരിൽ കാലുടക്കി വീണു.

അൽപ സമയത്തേക്ക് മേനോന് ഒന്നും മനസ്സിലായില്ല.വീഴ്ച്ചയുടെ ആഘാതത്തിൽ തല എവിടെയോ തട്ടിയിരിക്കുന്നു.

വേദന അനുഭവപ്പെട്ട നെറ്റി തിരുമ്മിക്കൊണ്ട് മേനോൻ പതിയെ എഴുന്നേറ്റ് ചുറ്റും നോക്കി.

ദേവദത്തനെ അവിടെയെങ്ങും കാണാനില്ല.ഒരു നിമിഷം അയാൾക്കുള്ളിൽ ഭയം കൂട് കൂട്ടി.

ദേവദത്തൻ..അയാൾ ഉറക്കെ വിളിച്ചു കൊണ്ട് ചുറ്റുമൊന്ന് കറങ്ങി.ഇല്ലാ മറുപടിയില്ല.

എങ്ങും കനത്ത നിശബ്ദത തളം കെട്ടി.ഇട തിങ്ങി വളർന്ന മരങ്ങൾ കൂരിരുട്ടിന്റെ പ്രതീതി സൃഷ്ടിച്ചു.

സമീപത്തെ മരക്കൊമ്പിലിരുന്നൊരു മൂങ്ങ തന്നെ തുറിച്ചു നോക്കുന്നതയാൾ കണ്ടു.

സ്വപ്നത്തിൽ കണ്ട മൂങ്ങയെയാണ് മേനോന് ഓർമ്മ വന്നത്.അയാളെ അടിമുടി വിറയ്ക്കാൻ തുടങ്ങി.

കഴുത്തിൽ കിടന്ന രക്ഷ ഊരി വയ്ക്കാൻ തോന്നിയ നിമിഷത്തെ പഴിച്ചു കൊണ്ടയാൾ വേഗത്തിൽ തിരിഞ്ഞു നടന്നു.

രണ്ട് ചുവട് മുൻപോട്ട് വച്ചപ്പോഴാണ് ആ സത്യം മനസ്സിലാക്കുന്നത് ഇത്ര നേരം താൻ നടന്നത് വള്ളക്കടത്ത് ക്ഷേത്രത്തിലേക്കുള്ള വഴിയേയല്ല.

ചതി പറ്റിയെന്ന് ഉറപ്പായതും മേനോൻ നടപ്പിന്റെ വേഗത കൂട്ടി.ക്രമേണ നടത്തം വിട്ടയാൾ ഓടാൻ തുടങ്ങി.

എത്ര ദൂരം ഓടിയെന്ന് നിശ്ചയമുണ്ടായില്ല.പക്ഷേ ആകെ തളർന്നിരിക്കുന്നു.

നീണ്ട് പോകുന്ന തീവണ്ടിപ്പാത പോലെയുള്ള വഴി അയാൾക്ക്‌ മുൻപിൽ ഒരു ചോദ്യച്ചിഹ്നമായി.

ദാഹം കൊണ്ട് തൊണ്ട വരളുന്നത് അയാളറിഞ്ഞു.വഴിയരികിലെ മരച്ചുവട്ടിൽ തളർന്നിരുന്ന മേനോൻ മുണ്ടിന്റെ തലപ്പ് കൊണ്ട് മുഖത്തെ വിയർപ്പ് തുടച്ച് ചുറ്റും നോക്കി.

അക്ഷരാർത്ഥത്തിൽ അപ്പോഴാണ് അയാളാ സത്യം മനസ്സിലാക്കിയത് താൻ എവിടെ നിന്നാണോ രക്ഷപെട്ടോടിയത് അവിടെ തന്നെയാണ് ഇപ്പോഴും ഇരിക്കുന്നത്.

കത്തിക്കാളിയ ഭയവും കഠിനമായ ദാഹവും കൊണ്ടയാൾ നടുങ്ങി വിറച്ചു.

ഉരുണ്ട് കൂടിയ വിയർപ്പ് തുള്ളികൾ കണ്ണിലേക്കിറ്റ് വീണതും മേനോന്റെ കാഴ്ച്ച മങ്ങി.

ഇരുണ്ട വെളിച്ചത്തിൽ തനിക്ക് മുൻപിലാരോ നിൽക്കുന്നുണ്ടെന്ന് വ്യക്തമായി.

ഒരാശ്രയത്തിനെന്നോണം അയാൾ ആ രൂപത്തിന് നേർക്ക് തന്റെ കൈ ഉയർത്തി.

ആഗതൻ മേനോന്റെ കരം ഗ്രഹിച്ചു. പതിയെ ആ കൈയ്യുടെ ശക്തി കൂടി വന്നു.

മേനോന് കൈ വേദനിക്കാൻ തുടങ്ങി. അയാൾ ശക്തിയായി കൈ പിൻവലിക്കാൻ നോക്കി.

ഇല്ലാ പറ്റുന്നില്ല.പ്രതിയോഗിയുടെ കരബലം വർദ്ധിച്ചിരിക്കുന്നു. കൈയ്യിൽ നിന്നും അസ്ഥി തുളയ്ക്കുന്ന തണുപ്പ് അരിച്ചു കയറുന്നത് മേനോൻ അറിഞ്ഞു.

ഇടം കൈ കൊണ്ട് കണ്ണ് തുടച്ച് മുൻപോട്ട് നോക്കി.മുൻപിൽ നിൽക്കുന്ന ആളിന്റെ രൂപം കണ്ടതും മേനോന്റെ കണ്ണുകൾ മിഴിഞ്ഞു.

ചോര കിനിയുന്ന ചുണ്ടുകളും ചതഞ്ഞു പൊട്ടിയ മുഖവും കൂർത്ത നഖങ്ങളുമായി അവൾ.ശ്രീപാർവ്വതി.

കണ്ടത് സത്യമാണോ എന്നറിയാൻ കണ്ണ് ചിമ്മി ഒന്ന് കൂടി നോക്കി.

അല്ല സ്വപ്നമല്ല.പകൽ പോലെ യാഥാർഥ്യം.തന്റെ കൈ അവളുടെ കൈയ്യിലാണ് എന്നത് കൂടി ചിന്തയിൽ വന്നതോടെ മേനോന്റെ ഭയം ഇരട്ടിച്ചു.

മരണം ശ്രീപാർവ്വതിയുടെ രൂപത്തിൽ തന്നെ നോക്കി ചിരിക്കുന്നതയാൾ കണ്ടു.

തന്റെ കുടുംബത്തെയും തന്നെയും ഇല്ലാതാക്കിയ കൃഷ്ണ മേനോനെ ഒരിക്കൽ കൂടി തറച്ചു നോക്കിക്കൊണ്ട് ശ്രീപാർവ്വതി അയാളെ കൈയ്യിൽ തൂക്കി വലിച്ചെറിഞ്ഞു.

ഒരാത്ത നാദത്തോടെ അയാൾ മരങ്ങൾക്കിടയിലേക്ക് തെറിച്ച് വീണു.അവിടെ നിന്നും പിടഞ്ഞെഴുന്നേറ്റ മേനോൻ അലറി വിളിച്ചു.

മരങ്ങളിൽ ചേക്കേറിയ പക്ഷികൾ ഉറക്കെ കരഞ്ഞു കൊണ്ട് പറന്നകന്നു.

വാനരന്മാർ അപശബ്ദം പുറപ്പെടുവിച്ചു കൊണ്ട് മരങ്ങൾ തോറും ചാടി നടന്നു.

മുടിയഴിച്ചിട്ട് കത്തി ജ്വലിക്കുന്ന കണ്ണുകളുമായി ഒരു രണ ദുർഗ്ഗയെപ്പോലെ തനിക്ക് നേരെ നടന്നടുക്കുന്ന ശ്രീപാർവ്വതി.

അയാൾ വീഴ്ച്ചയുടെ വേദന മറന്ന് ചാടിയെഴുന്നേറ്റ് സമീപത്ത് നിന്ന ഉണങ്ങിയ മരക്കൊമ്പ് വലിച്ചൊടിച്ച് അവൾക്ക് നേരെ എറിഞ്ഞു.

പെട്ടെന്ന് ശ്രീപാർവ്വതി അപ്രത്യക്ഷമായി.അവസരം വീണ് കിട്ടിയത് പോലെ മേനോൻ രക്ഷപെടാൻ ശ്രമിച്ചതും കാതടപ്പിക്കുന്ന പൊട്ടിച്ചിരിയോടെ അവൾ അയാളുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടു.

അസഹ്യമായ ആ കൊലച്ചിരിയുടെ പ്രകമ്പനം കൊണ്ട് മണ്ണ് പോലും വിറച്ചു.

നീചാ ഒടുവിൽ നീ എന്റെ കൈയ്യിൽ എത്തി.ഇനി ഏത് മാന്ത്രികൻ വിചാരിച്ചാലും നിനക്ക് രക്ഷയില്ല.

ശ്രീപാർവ്വതി ഉന്മാദാവസ്ഥയിൽ പൊട്ടിച്ചിരിച്ചു.ചെയ്തു കൂട്ടിയ തെറ്റുകളുടെ ഫലങ്ങൾ നീ അനുഭവിക്കണം.

ഇഞ്ചിഞ്ചായി നിന്നെ ഞാൻ കൊല്ലും. അവൾ പതിയെ മുൻപോട്ട് നടന്നു.അതിനനുസരിച്ച് മേനോൻ പിന്നോട്ട് കാൽ വച്ചു.

അടുത്ത നിമിഷം പ്രകൃതിയുടെ ഭാവം മാറി.തെളിഞ്ഞു നിന്ന ആകാശം മേഘാവൃതമായി.ഇടിയും മിന്നലും മണ്ണിലേക്ക് മത്സരിച്ചിറങ്ങി.

ഗജവീരന്റെ തുമ്പിക്കൈ വണ്ണമൊക്കുന്ന മഴത്തുള്ളികൾ മണ്ണിൽ വീണ് ചിതറി.

മരണത്തെ മുഖാമുഖം കണ്ട കൃഷ്ണ മേനോൻ അറിയാവുന്ന മന്ത്രങ്ങളൊക്കെ ചൊല്ലാൻ തുടങ്ങി.എന്നാൽ ഒന്നും പൂർണ്ണമായില്ല.

കടുത്ത ദാഹം കൊണ്ട് തൊണ്ട വരണ്ടതും അയാൾ മഴത്തുള്ളികൾക്കായി നാവ് നീട്ടി.

ഇലച്ചാർത്തിൽ നിന്നും ഒരിറ്റ് വെള്ളം നാവിൽ പതിക്കാനായി ഒഴുകിയെത്തിയെങ്കിലും ആരോ പിടിച്ചു നിർത്തും പോലെ അത് അന്തരീക്ഷത്തിൽ തങ്ങി നിന്നു.

നിമിഷങ്ങളുടെ വേഗതയിൽ മേനോന്റെ കഴുത്തിന് നേരെ രക്തദാഹിയായ ആ രക്ഷസ്സിന്റെ കൈകൾ നീണ്ടു.

മരണത്തിന്റെ ശംഖനാദം മുഴക്കി കഴുകന്മാർ അവിടെയാകെ വട്ടമിട്ട് പറന്നു.

ന്നെയൊന്നും ചെയ്യല്ലേ.തെറ്റ് പറ്റിപ്പോയി ക്ഷമിക്കണം.ന്നെ കൊല്ലാതെ വേറെ എന്ത് ശിക്ഷ വേണമെങ്കിലും തന്നോളൂ.
അയാൾ കൈകൾ കൂപ്പി യാചിച്ചു.

“മേനോനെ നിനക്ക് മരണത്തിൽ കവിഞ്ഞൊരു ശിക്ഷ വേറെയില്ല. ഇവിടെ നിന്നെ രക്ഷിക്കാൻ ആരും വരില്ല്യ.

എന്റെ കുടുംബം നീ തകർത്തു. ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത ന്റെ അച്ഛനെ കള്ളനാക്കി.

പാവം ന്റെ “അമ്മ” പിച്ചി ചീന്തി കൊന്നില്ലേ നീ.ഒടുവിൽ ഈ എന്നെയും.

വിടില്ല നിന്നെ ഞാൻ.പെണ്ണിന്റെ മേനി കാണുമ്പോൾ കാമം കത്തുന്ന നിന്റെയീ കണ്ണുകൾ ഞാൻ കുത്തിയെടുക്കും.

മടിക്കുത്തഴിച്ച കൈകൾ ഞാൻ പിഴുതെടുക്കും.അങ്ങനെ ഓരോ അംഗങ്ങളായി ഛേദിച്ച് ചിത്രവധം ചെയ്തിട്ടേ ഞാൻ അടങ്ങൂ.

അവളുടെ കണ്ണുകളിൽ നിന്നും രക്തം ഒഴുകിയിറങ്ങി.മുഖം അഗ്നിക്ക് സമാനമായി ജ്വലിച്ചു. അത് കണ്ട് നിൽക്കാനാവാതെ മേനോൻ തല താഴ്ത്തി.

ശ്രീകോവിലിൽ നിന്നും വിഗ്രഹം ഇളകി മാറാൻ തുടങ്ങുന്നതിനനുസരിച്ച് കുളത്തിൽ ജലം ഇളകി മറിഞ്ഞു.

ആളുകൾ പുതിയ അത്ഭുതം കാണാൻ തിക്കി തിരക്കി.പെട്ടെന്ന് ജലപ്പരപ്പിൽ ഒരു കിരീടത്തിന്റെ തലപ്പ് തെളിഞ്ഞു.

നിമിഷങ്ങൾക്കുള്ളിൽ ഒരു ദേവീ വിഗ്രഹം ഉയർന്ന് വരാൻ തുടങ്ങി.
വലത് കരത്തിൽ ത്രിശൂലവും ഇടത് കരത്തിൽ അനുഗ്രഹ പൂർണ്ണമായ ശ്രീചക്രവും.

ശ്രീകോവിലിൽ പഴയ വിഗ്രഹം പൂർണ്ണമായും പീഢത്തിൽ നിന്നിളകി മാറിയതും ജലോപരിതലത്തിൽ സിംഹ വിരാചിതയായ ആദിപരാശക്തിയുടെ പൂർണ്ണകായ വിഗ്രഹം ഉയർന്ന് നിന്നു.

സ്വർണ്ണ കിരീടത്തിലെ വൈഡൂര്യം സൂര്യ പ്രകാശത്തിൽ വെട്ടിത്തിളങ്ങി.

“അമ്മേ നാരായണ”
“ദേവീ നാരായണ”

“ലക്ഷ്മീ നാരായണ”
“ഭദ്രേ നാരായണ” എന്ന മന്ത്രം വെളിച്ചപ്പാട് ഉരുവിട്ടതും വള്ളക്കടത്ത് ഗ്രാമം ഒന്നടങ്കം ഭക്തിയിൽ മുങ്ങി.

അതേ സമയം കൃഷ്ണ മേനോന് നേരെ ചീറിയടുത്ത ശ്രീപാർവ്വതി എടുത്തെറിഞ്ഞത് പോലെ പിന്നോട്ട് തെറിച്ചു വീണു.

പുതിയ ദേവീ വിഗ്രഹത്തിന്റെ ആവിർഭാവം മനസ്സിലാക്കിയ അവൾ തോറ്റ് കൊടുക്കാൻ തയ്യാറാവാതെ വീണ്ടുമയാൾക്ക് നേരെ അടുത്തു.

മേനോനെ കൊല്ലുക എന്ന ഒറ്റ ലക്ഷ്യത്തിൽ ശ്രദ്ധ പതിപ്പിച്ച ആ രക്ഷസ്സ് പൂർവ്വാധികം ശക്തിയോടെ അയാളുടെ കഴുത്തിൽ പിടി മുറുക്കി.

ശ്വാസം തൊണ്ടയിൽ കുരുങ്ങി നിന്നതോടെ അയാൾ വായുവിൽ ചുര മാന്താൻ തുടങ്ങി.

രക്ഷിക്കണേ.ന്നെ കൊല്ലുന്നേ. രക്ഷിക്കണേ.അവസാന ശ്രമമെന്നവണ്ണം മേനോൻ അലറിക്കരഞ്ഞു.

പക്ഷേ കഴുത്തിൽ മുറുകിയിരിക്കുന്ന ബലിഷ്ഠമായ കരങ്ങളുടെ ശക്തിയിൽ അയാളുടെ ശബ്ദം നേർത്ത് പോയി.

കരയെടാ,ഉറക്കെ കരയൂ.പക്ഷേ ആരും നിന്റെ രക്ഷയ്ക്കെത്തില്ല്യ.
നിന്റെ കാര്യസ്ഥനും കൂട്ടുകാരനും പോയ അതേ വഴിക്ക് നിനക്കും പോകാം.ശ്രീപാർവ്വതി ആർത്ത് ചിരിച്ചു.

ഞാൻ,ഞാൻ എന്ത് വേണമെങ്കിലും തരാം.പകരം,പകരമെന്നെ കൊല്ലാതെ വിട്ടാൽ മതി.മേനോന്റെ കണ്ണുകൾ ഭയം കൊണ്ട് പുറത്തേക്ക് തള്ളി.

ഭയം തോന്നുന്നുണ്ട് ല്ല്യേ. ജീവിക്കാൻ കൊതിയുണ്ടോ.ഇത് പോലൊക്കെ ഞാനും കെഞ്ചിക്കരഞ്ഞില്ലേ.കാല് പിടിച്ചില്ലേ.ഒരിറ്റ് ദയ കാട്ടിയോ?.

എന്തും തരാന്ന് ല്ല്യേ.ന്നാൽ താ.ന്റെ അച്ഛനെയും അമ്മയേയും താ. നീയൊക്കെ പിച്ചിച്ചീന്തിയ എന്റെ മാനവും ജീവനും താ.

അവൾ കലി കൊണ്ട് വിറച്ചു. കണ്ണുകൾ കനൽക്കട്ട പോലെ ജ്വലിച്ചു.

മറുപടി പറയാൻ സാധിക്കാതെ മേനോൻ നിന്ന് വിയർത്തു. ജീവിതത്തിലാദ്യമായി ചെയ്തു പോയ തെറ്റുകളെയോർത്ത് അയാളുടെ കണ്ണുകൾ നിറഞ്ഞു.

ശ്രീപാർവ്വതിയുടെ കൂർത്ത നഖങ്ങൾ അയാളുടെ കഴുത്തിലേക്ക് ആഴ്ന്നിറങ്ങാൻ തുടങ്ങി.

ശത്രുവിന്റെ മരണം ആനന്ദകരമാക്കാൻ അവളയാളെ ഒരിക്കൽ കൂടി വലിച്ചെറിഞ്ഞു.

മഴ പെയ്തു കൂടിയ ചെളിയിലൂടെ അയാളുടെ ശരീരം തെന്നി നീങ്ങി. തടിച്ച വേരുകളിലും പാറകളിലും തട്ടി ശരീരം മുറിഞ്ഞ് ചോര കിനിഞ്ഞു.

ചതഞ്ഞു തൂങ്ങിയ കണ്ണുകൾ വലിച്ചു തുറന്ന മേനോൻ ശ്രീപാർവ്വതിയെ നോക്കി ജീവന് വേണ്ടി യാചിച്ചു കൊണ്ടിരുന്നു.

പക്ഷേ അതൊക്കെയും കാതിന് കുളിർത്തെന്നലെന്ന പോലെ ആസ്വദിച്ചു ചിരിച്ചു കൊണ്ടവൾ അയാൾക്ക്‌ നേരെ നടന്നു.

ആ ആനന്ദത്തിന് അധികം ദൈർഘ്യമുണ്ടായില്ല.മേനോനും അവൾക്കുമിടയിൽ തടസ്സമായി എങ്ങ് നിന്നോ പാഞ്ഞെത്തിയ ഒരു ത്രിശൂലം തറഞ്ഞു നിന്നു.