രക്തരക്ഷസ്സ് 6

രക്തരക്ഷസ്സ് 6
Raktharakshassu Part 6 bY അഖിലേഷ് പരമേശ്വർ
previous Parts

ചോദ്യത്തിന് ഉത്തരമെന്നോണം ഒരു ചിരി ഉയർന്നു. പിന്നെ അതൊരു പൊട്ടിച്ചിരിയായി മാറി.

അഭി ഞെട്ടി പിന്നോട്ട് മാറി. എന്താണ് സംഭവിക്കുന്നതെന്ന് അയാൾക്ക്‌ വ്യക്തമായില്ല. അഭി വിയർത്തു കുളിച്ചു.

പെട്ടന്ന് പിടിച്ചു നിർത്തിയത് പോലെ ചിരി നിന്നു. അയാൾ തിരിഞ്ഞു നോക്കി. പിന്നിൽ തീഷ്ണതയേറിയ കണ്ണുകളുമായി ശങ്കര നാരായണ തന്ത്രി.

ഉണ്ണീ നിന്നോട് ഞാൻ പറഞ്ഞിട്ടില്ല്യെ ഇടനാഴിയുടെ അകത്തു കടന്നുള്ള കുസൃതികൾ വേണ്ട എന്ന്.

അഭിക്ക് ഒന്നും വ്യക്തമായില്ല, അൽപ്പം പകപ്പോടെ അയാൾ തിരിഞ്ഞു നോക്കി. പിന്നിൽ ഒരു കുട്ടി ചിരിച്ചു കൊണ്ട് നിൽക്കുന്നു. അവന്റെ കൈയ്യിൽ കുടം പോലെ എന്തോ ഒന്ന്.

ന്താ താൻ ഭയന്നു ല്ലേ, തന്ത്രി അഭിയെ നോക്കി. അനുജന്റെ പുത്രനാണ്. കുസൃതി ശ്ശി കൂടുതലാ. ഇല്ലത്ത് ആദ്യമായി വരുന്നവരെ ഇങ്ങനെ ഭയപ്പെടുത്തുകയാണ് പ്രധാന പണി.

അഭിക്ക് നല്ല ദേഷ്യം വന്നു. ചെക്കന്റെ മോന്തയ്ക്ക് ഒന്ന് കൊടുക്കണം. അയാൾ മനസ്സിൽ പറഞ്ഞു.

മ്മ്, താൻ വന്നോളൂ. അവർ അറയിൽ കാത്തിരിക്കുന്നു. അഭി തന്ത്രികൾക്കൊപ്പം നടന്നു. പോകും വഴി ഉണ്ണി നമ്പൂതിരിയെ നോക്കി പേടിപ്പിക്കാനും അയാൾ മറന്നില്ല.

ഇരുവരും അറയിലേക്ക് കടന്നു. അഭി ചുറ്റും ഒന്ന് കണ്ണോടിച്ചു. അറയുടെ മധ്യത്തിൽ അഗ്നി എരിയുന്ന ഒരു ഹോമകുണ്ഡം, ചുറ്റും കത്തിച്ചു വച്ചിരിക്കുന്ന നില വിളക്കുകൾ. എന്തൊക്കെയോ കളങ്ങളും രൂപങ്ങളും തറയിൽ വരച്ചിരിക്കുന്നു.

പിന്നിൽ ദുർഗ്ഗാ ദേവിയുടെ വലിയ വിഗ്രഹം. സമീപം വിരിച്ച പായിൽ കൃഷ്ണ മേനോനും കാര്യസ്ഥനും ഇരിക്കുന്നു.

അഭി അവർക്കൊപ്പം ഇരുന്നു. തന്ത്രി ഹോമകുണ്ഡത്തിന് പിന്നിലുള്ള ആവണിപ്പലകയിൽ ഇരുന്ന് സമീപത്തെ വിളക്കിലേക്ക് അൽപ്പം എണ്ണ പകർന്നു. ശേഷം അതിന്റെ തിരിയിലേക്ക് സൂക്ഷിച്ചു നോക്കി.

കൃഷ്ണ മേനോൻ തന്ത്രിയെ തന്നെ ശ്രെദ്ധിക്കുകയായിരുന്നു. എന്തൊക്കെയോ വ്യക്തമായ ശങ്കര നാരായണ തന്ത്രി അഭിയുടെ മുഖത്തേക്ക് നോക്കി, താൻ എന്തെങ്കിലും അസാധാരണമായ കാഴ്ചകൾ കാണുകയോ, എന്തെങ്കിലും കേൾക്കുകയോ ചെയ്തോ.

അഭി അൽപ്പം ആലോചനയോട് കൂടി പൂജയും വിളക്ക് വയ്പ്പും ഇല്ല എന്ന് എല്ലാവരും പറയുന്ന വള്ളക്കടത്ത് ഗ്രാമത്തിലെ ദേവീ ക്ഷേത്രത്തിൽ കണ്ട സംഭവം തന്ത്രിയെ അറിയിച്ചു.

ശ്രീപാർവ്വതിയുടെ കാര്യം അയാൾ ബോധപൂർവം മറച്ചു വച്ചു. മറ്റൊന്നും അനുഭവപ്പെട്ടില്ല?? തന്ത്രി അഭിയെ സൂക്ഷിച്ചു നോക്കി.

തന്ത്രികളുടെ കണ്ണുകളിലെ തീഷ്ണത മൂലം അഭിക്ക് ആ മുഖത്തേക്ക് നോക്കാൻ സാധിച്ചില്ല. അയാൾ തല കുനിച്ചു.